നന്ദികെട്ടവള് , കെട്ട്യോനെ മരിക്കാൻ വിട്ടിട്ട് ,യാതൊരു മനസ്താപവുമില്ലാതെ

അന്നേ ഞാൻ നിന്നോട് പറഞ്ഞതാണ്

ഉള്ള സ്വർണ്ണവും വിറ്റ് ,ബാക്കി ലോണുമെടുത്ത് പുതിയ വീട് പണിയാമെന്ന്, തെക്കേലെ മധു ചെയ്തപോലെ ,ആറടി ഉയരമുള്ള തൂണുകളിൽ ,പുതിയൊരു വീട് വച്ചിരുന്നെങ്കിൽ, ഈ വെള്ളപ്പൊക്കത്തിനെങ്കിലും

ക്യാമ്പിൽ പോകാതെ കഴിച്ച് കൂട്ടായിരുന്നു.

 

മോഹനൻ ഭാര്യ ഗീതയോട്

നീരസത്തോടെ പറഞ്ഞു.

 

ആകെപ്പാടെ പത്ത് പവൻ്റെ സ്വർണ്ണമാണുള്ളത്, പെങ്കൊച്ചിന് വയസ്സ് 23 ആയി ,ഇക്കൊല്ലം പഠിത്തം കഴിഞ്ഞാല്, അവളെ ആരുടെയെങ്കിലും കയ്യിൽ പിടിച്ച് കൊടുക്കണമെങ്കിൽ ,നീക്കിയിരുപ്പ് വല്ലതും വേണ്ടേ ?ഉള്ളതെടുത്ത് വിറ്റ് കഴിഞ്ഞാൽ, സമയമാകുമ്പോൾ ,എന്തോ ചെയ്യും മനുഷ്യാ,,,?

 

ഗീത അരിശത്തോടെ ചോദിച്ചു

 

എന്നാൽ നീയും കൊച്ചും കൂടെ

ക്യാമ്പിലോട്ട് ചെല്ല് , ഞാനെങ്ങും വരുന്നില്ല , വെള്ളത്തിൽ മുങ്ങിച്ചാകാനാണ് വിധിയെങ്കിൽ അങ്ങ് ചാകട്ടെ,,

 

മുക്കാലും വെള്ളത്തിൽ മുങ്ങിയ മേശപ്പുറത്ത്, തുവർത്ത് വിരിച്ച് കിടന്ന മോഹനൻ ,അമർഷത്തോടെ പറഞ്ഞു.

 

വെറുതെ വാശിപിടിക്കല്ലേ മനുഷ്യാ,, രാത്രിയിൽ മിന്നൽ പ്രളയമുണ്ടാകുമെന്ന് മെസ്സേജ് വന്നിട്ടുണ്ട് ,നിങ്ങള്

തുഴയെടുത്തോണ്ട് വന്ന് ,വള്ളത്തിൽ കയറ്,,

 

ഗീത, വീണ്ടും അയാളെ നിർബന്ധിച്ചു.

 

വള്ളം തുഴയാൻ അമ്മയ്ക്കും മോൾക്കും അറിയാമല്ലോ? തനിയെ അങ്ങ് തുഴഞ്ഞ് പോയാൽ മതി,,

 

അയാൾ ഒന്ന് കൂടെ തിരിഞ്ഞ് കിടന്നു.

 

നീ വാ മോളേ,, അങ്ങേര് വേണൽ വരട്ടെ,,

 

ഗീത , മകളെയും കൂട്ടി പുറത്തേയ്ക്കിറങ്ങി, കയ്യിൽ കരുതാവുന്നത്ര ഡ്രെസ്സുകളും, കൂടാതെ, പ്രധാനപ്പെട്ട രേഖകളും, മകളുടെ സർട്ടിഫിക്കറ്റുകളും, പ്ളാസ്റ്റിക് കവറിൽ പൊതിഞ്ഞെടുക്കാൻ, അവർ മറന്നില്ല.

 

അമ്മേ,, അച്ഛനെ കൂട്ടാതെ പോന്നിട്ട് അമ്മയ്ക്ക് ഒട്ടും വിഷമമില്ലേ?

 

അരയ്ക്ക് മുകളിലെത്തിയ വെള്ളത്തിലൂടെ നടന്ന് നീങ്ങുമ്പോൾ ഗീതയോട് മകൾ അനുപമ ചോദിച്ചു.

 

എൻ്റെ മോളെ, നിൻ്റെ അച്ഛനെ ഞാൻ, ഇന്നോ ഇന്നലെയോ കാണാൻ തുടങ്ങിയതല്ല ,നീ നോക്കിക്കോ , അച്ഛൻ അരമണിക്കൂറിനകം അവിടെയെത്തും

 

ആത്മവിശ്വാസത്തോടെയാണ് അമ്മ പറഞ്ഞതെങ്കിലും അനുപമയ്ക്കെന്തോ അരുതായ്ക തോന്നി.

 

ഈ സമയം ,തന്നെ തനിച്ചാക്കി

അമ്മയും മകളും പോയോന്നറിയാനായി

മേശപ്പുറത്ത് നിന്നെഴുന്നേറ്റ മോഹനൻ ,

മുൻ വാതിലിൽ വന്ന് പുറത്തേയ്ക്ക് നോക്കി.

 

ഹും …. നന്ദികെട്ടവള് , കെട്ട്യോനെ മരിക്കാൻ വിട്ടിട്ട് ,യാതൊരു മനസ്താപവുമില്ലാതെ, സ്വന്തം കാര്യം നോക്കി പോയിരിക്കുന്നു,,

 

പിറുപിറുത്തു കൊണ്ട് , അടുക്കള ഭാഗത്ത് നില്ക്കുന്ന പൂവരശിൻ്റെ ചുവട്ടിലേയ്ക്കയാൾ ടോർച്ചടിച്ച് നോക്കി.

 

അത് ശരി , വള്ളമെടുക്കാതെ നീന്തിയാണവര് പോയിരിക്കുന്നത്,

അപ്പോൾ , താൻ എപ്പോഴത്തെയും പോലെ പുറകെ ചെല്ലുമെന്നാണ് അവളുടെ വിചാരം, ചെന്നത് തന്നെ, ഇതിലും വലിയ പ്രളയങ്ങൾ വന്നിട്ട് പോലും, ഈ വീട് പൂർണ്ണമായി മുങ്ങിയിട്ടില്ല , പഴയ വീടായത് കൊണ്ട് , നല്ല ഒന്നാന്തരം മച്ചിൻ പുറമുണ്ട് , അലമാരയ്ക്ക് മുകളിലാണെങ്കിൽ ,കഴിഞ്ഞയാഴച അവളുടെ ആങ്ങള കൊണ്ട് തന്ന , ഒരു ബോട്ടിൽ റമ്മുമിരിപ്പുണ്ട് ,അതിൽ രണ്ടെണ്ണമടിച്ചിട്ട് ,സുഖമായി മച്ചിൻ്റെ മുകളിൽ കിടന്നുറങ്ങാം , ഇന്നവൾ തന്നെ കാണാതെ ,കുറച്ച് വിഷമിക്കട്ടെ ,

 

ഭാര്യയോടുള്ള വാശി തീർക്കാൻ വേണ്ടി,

മുക്കാൽ ഭാഗവും വെള്ളത്തിൽ മുങ്ങിയ, തടി അലമാരയുടെ മുകളിൽ, ഒതുക്കി വച്ചിരിക്കുന്ന ,റമ്മിൻ്റെ കുപ്പി എടുക്കാനായി അയാൾ മേശപ്പുറത്തേയ്ക്ക് കയറി.

 

അപ്പൊഴാണയാൾ ബോട്ടിലിനരികിലിരിക്കുന്ന ,

ഭാര്യ സ്ഥിരമായി കഴിക്കുന്ന ഗുളികയുടെ കവറും , ശ്വാസം മുട്ടുമ്പോൾ ഉപയോഗിക്കുന്ന റിലീവർ ഇൻഹേലറും കണ്ടത്.

 

ശ്ശെടാ,, ഇവള് ഇതൊന്നും എടുക്കാതെയാണോ പോയത് ?

ഇനിയെങ്ങാനും താൻ ചെല്ലാതിരുന്നാൽ, അവൾ പരിഭ്രമിക്കും , ടെൻഷൻ കൂടുമ്പോഴാണ്, സാധാരണ അവൾക്ക് ശ്വാസം മുട്ടലുണ്ടാകുന്നത്, മാത്രമല്ല, സ്ഥിരമായി കഴിക്കുന്ന BPയുടെ ഗുളികയും എടുത്തിട്ടില്ല, എന്നാലും, സ്വന്തം ജീവൻ രക്ഷിക്കാൻ ക്യാമ്പിലേയ്ക്ക് പോയവൾ, എന്ത് കൊണ്ടായിരിക്കും ഇതൊന്നുമെടുക്കാതെ പോയത്?

 

അയാൾ മൂക്കത്ത് വിരൽ വച്ചു.

 

##################

 

അല്ലമ്മേ ,,, അച്ഛൻ ഇങ്ങോട്ട് തന്നെ

വരുമെന്ന് ,അമ്മയ്ക്ക് എന്താ ഇത്ര ഉറപ്പ്?

 

അനുപമ, സന്ദേഹത്തോടെ ചോദിച്ചു.

 

എടീ, നിൻ്റെ അച്ഛൻ , ഞാനില്ലാത്ത സമയം നോക്കിയാണ് ,കള്ള് കുടിയ്ക്കുന്നതെന്ന് നിനക്കറിയാലോ? നമ്മളിങ്ങോട്ട് ഇറങ്ങിയ ഉടൻ ,അങ്ങേര് അലമാരയ്ക്ക് മുകളിൽ വച്ചിരിയ്ക്കുന്ന കുപ്പി എടുക്കാൻ നോക്കും , അത് കൊണ്ടാണ് ,ഞാനെൻ്റെ ഇൻഹേലറും ഗുളികകളുമൊക്കെ, അവിടെ തന്നെ വച്ചിട്ട് വന്നത് ,എന്തായാലും ,കുടിക്കുന്നതിന് മുമ്പ് അങ്ങേരെനിയ്ക്ക് അത് രണ്ടും കൊണ്ട് തരുമെന്ന് ,എനിയ്ക്ക് നല്ല ഉറപ്പുണ്ട് ,

 

അതെന്താ അമ്മയ്ക്ക് ഇത്ര ഉറപ്പ്?

 

മകൾ ജിജ്ഞാസയോടെ ചോദിച്ചു.

 

അത് മനസ്സിലാകണമെങ്കിൽ ,നിൻ്റെ കല്യാണം കഴിയണം, മാത്രമല്ല, കല്യാണം കഴിക്കുന്ന ചെക്കൻ ,നിൻ്റെ അച്ഛനെപ്പോലെയുള്ളൊരാളുമാകണം,

 

അമ്മയത് പറഞ്ഞപ്പോൾ , അവൾ പുറത്തേയ്ക്ക് നോക്കി, ദൂരെ നിന്നൊരു കൊതുമ്പ് വള്ളം ,പമ്പയാറ്റിലൂടെ മെല്ലെ ക്യാമ്പിന് നേരെ വരുന്നത് കണ്ടപ്പോൾ, അവൾ ചിരിയോടെ അമ്മയെ നോക്കി.

 

NB:- ഈ മഴക്കാലത്ത് ,കുട്ടനാട്ട്കാരുൾപ്പെടെ പലരും ദുരിതത്തിലാണ് , എത്രയും വേഗം മഴ ശമിക്കുമെന്ന് പ്രതീക്ഷിക്കുന്നു, എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു,

 

ഇത് കഥയാണ് ,ഇഷ്ടമായെങ്കിൽ പറയണേ , ,

 

തൈപ്പറമ്പൻ .

Leave a Reply

Your email address will not be published. Required fields are marked *