അയലത്തെ സോമൻ ചേട്ടനാണ്
എനിക്ക് ടൗണിലെ ഉപ്പും മുളകും ഹോട്ടലിൽ,സപ്ളയറായി
ജോലി വാങ്ങി തന്നത്.
പറക്കമുറ്റാത്ത രണ്ട് കുട്ടികളെയും രോഗിയായ അമ്മയെയും എന്നെ
ഏല്പിച്ച് ഒരു രാത്രി ജോലിക്കെന്നും
പറഞ്ഞ് ബാഗുമെടുത്ത് പോയ എൻ്റെ കെട്ട്യോൻ ,കാമുകിയോടൊപ്പം
കെട്ടിത്തൂങ്ങി മരിച്ചെന്ന വാർത്ത കേട്ട്
മരവിച്ച് പോയ ഞാൻ ,സാധാരണ നിലയിലേക്ക് എത്താൻ ദിവസങ്ങളെടുത്തു
അപ്പോഴേക്കും വീട്ടിലെ അരിയും സാധനങ്ങളുമൊക്കെ തീർന്നിരുന്നു
അതുവരെ സഹതാപത്തിൻ്റെ പേരിൽ ഞങ്ങളെ സഹായിച്ചു കൊണ്ടിരുന്ന ബന്ധുക്കളും മറ്റും അവരുടെ കാര്യം
നോക്കി പോയി .
അങ്ങനെയാണ് ഒരു ദിവസം സോമൻ ചേട്ടൻ എന്നെ ആ ഹോട്ടലിൽ കൊണ്ടാക്കുന്നത്
മുൻപ് വീട്ട് ചിലവിനുള്ളത്
അങ്ങേര് കൊണ്ട് തന്നിരുന്നത് കൊണ്ട് വീട്ടുജോലി മാത്രം ചെയ്ത് ശീലിച്ച
എനിക്ക്, പുതിയ ജോലിയുമായി പൊരുത്തപ്പെടാൻ കാല താമസമുണ്ടായി.
നല്ല തിരക്കുള്ള ഹോട്ടലായിരുന്നു
അത് ,ഉച്ചസമയത്തും സന്ധ്യക്ക് ശേഷവുമായിരുന്നു അവിടെ
ഏറ്റവുമധികം തിരക്കുണ്ടാകുന്നത്.
പൊതുവേ അപകർഷതാ ബോധമുണ്ടായിരുന്ന ഞാൻ, ആ
തിരക്കിനിടയിൽ ആകെ പകച്ചു പോയിരുന്നു, അതുകൊണ്ടുതന്നെ
ഭക്ഷണം വിളമ്പുമ്പോഴും മറ്റും എൻ്റെ
കൈ തട്ടി ചോറും കറികളുമൊക്കെ മറ്റുള്ളവരുടെ ദേഹത്ത് വീഴുമായിരുന്നു
പലരും ഞാൻ സോറി പറഞ്ഞത് കേട്ട് എന്നോട് ക്ഷമിച്ചെങ്കിലും ഒരു ചെറുപ്പക്കാരൻ മാത്രം പെട്ടെന്ന് ക്ഷോഭിച്ചുകൊണ്ട് എൻ്റെ കരണത്തടിച്ചു.
അപ്രതീക്ഷിതമായി അയാളുടെ ആക്രമണത്തിൽ പകച്ച് പോയ ഞാൻ അല്പനേരം സ്തബ്ധനായി നിന്ന് പോയി.
ഒരു സപ്പോർട്ടിനായി ഞാൻ ചുറ്റിനും നോക്കിയെങ്കിലും സഹപ്രവർത്തകരൊക്കെ ദയനീയമായൊന്ന് നോക്കുക മാത്രം ചെയ്തിട്ട് അവരുടെ ജോലികളിൽ വ്യാപൃതരായി
വേദനയും സങ്കടവും കൊണ്ട് കണ്ണ് നിറഞ്ഞ് പോയ എനിയ്ക്ക് ചുറ്റിലുള്ളതൊന്നും കാണാൻ പറ്റാതായി , എന്നെ തല്ലിയ ചെറുപ്പക്കാരൻ എഴുന്നേറ്റ് വാഷ് ബേസനിലേയ്ക്ക് പോയപ്പോൾ ,
ടേബിളിലും കസേരയിലുമായി തെറിച്ച്
വീണ കറികൾ നനഞ്ഞ തുണി കൊണ്ട് ഞാൻ ഒപ്പിയെടുത്ത് വൃത്തിയാക്കി .
അപ്പോഴാണ് മുതലാളി വിളിക്കുന്നെന്ന് സഹപ്രവർത്തക വന്ന് പറഞ്ഞത്
ആശങ്കയോടെ മുഖം തുടച്ച് ഞാൻ
വേഗം അങ്ങോട്ട് ചെന്നു.
ആ ചെറുപ്പക്കാരൻ അവിടെ നില്ക്കുന്നത് കണ്ടപ്പോൾ എനിയ്ക്ക് കാര്യം മനസ്സിലായി
എടോ തന്നോട് ഞാൻ പലപ്രാവശ്യം വാൺ ചെയ്തതാണ് ശ്രദ്ധിച്ച് വിളമ്പണമെന്ന് ഇവിടെ വന്നിട്ട് ആഴ്ച ഒന്നായില്ലേ ? ഈ സമയം കൊണ്ട് പഠിക്കാത്ത താൻ ഇനിയൊരിക്കലും പഠിക്കില്ലെന്ന് മനസ്സിലായി അത് കൊണ്ട് ,ദാ ഇന്നത്തെ പകുതി ശമ്പളമുണ്ട്, വേഗം ഇവിടം കാലിയാക്കിക്കോ,ഇത് വരെ ഒരു പരാതിയും ഇവിടുണ്ടായിട്ടില്ല, അത് കൊണ്ട് ഇനിയുള്ള കാലവും എനിക്കി സ്ഥാപനം
അന്തസ്സായി മുന്നോട്ട് കൊണ്ട് പോകണം
നൂറിൻ്റെ രണ്ട് നോട്ടുകൾ വച്ച് നീട്ടിയിട്ട്
മുതലാളി അത് പറയുമ്പോൾ ആ ചെറുപ്പക്കാരൻ്റെ മുഖത്തേയ്ക്ക് ഞാൻ
നിറ കണ്ണുകളോടെ നോക്കി അപ്പോഴും അയാളുടെ മുഖം വലിഞ്ഞ് മുറുകി ഇരിക്കുകയായിരുന്നു
നിസ്സഹായതയോടെയാണ് അന്ന് ഞാനവിടുന്നിറങ്ങിയത്.
കോരിച്ചൊരിയുന്ന മഴയത്ത്
വീട്ടിലേയ്ക്ക് നടക്കുമ്പോൾ എൻ്റെ മക്കളെയും പാവം അമ്മയെയും ഞാനിനി എങ്ങനെ നോക്കുമെന്ന ചിന്തയായിരുന്നു
എൻ്റെ മനസ്സ് നിറയെ
എന്താ മോളെ ഇന്ന് നേരത്തെ ആണല്ലോ ഉച്ചകഴിഞ്ഞ് കടയ്ക്ക് അവധിയാണോ?
പതിവില്ലാതെ ഞാൻ വീട്ടിലേക്ക് നേരത്തെ എത്തിയത് കണ്ട് അമ്മ എന്നോട് ചോദിച്ചു
നടന്ന കാര്യങ്ങളൊക്കെ അമ്മയോട് തുറന്നുപറയുമ്പോൾ ഞാൻ കരഞ്ഞു പോയിരുന്നു.
സാരമില്ല മോളെ നീ കരയേണ്ട നിന്റെ കണ്ണീരിന് ഉത്തരവാദി എൻ്റെ തലതെറിച്ച മോനാണ് ,അവൻ മരിച്ചു പോയതിലല്ല എനിക്ക് വിഷമം ,നിന്നെയും പിള്ളേരെയും പെരുവഴിയിലാക്കി അവൻ പോയല്ലോ എന്നോർത്തിട്ടാണ് , നീയെന്തിനാണ് വിഷമിക്കുന്നത് ?കണ്ടവൻ്റെ ആട്ടും തുപ്പും കേൾക്കാനായി നീയിനി ഒരിടത്തും ജോലിയ്ക്ക് പോകണ്ട , നിനക്ക് നന്നായി
വച്ച് വിളമ്പാനറിയില്ലേ? എനിയ്ക്ക് കഴിയുന്നത് പോലെ ഞാനും സഹായിക്കാം നാളെ മുതൽ നമുക്ക് ഈ വീട്ടിൽ തന്നെ കുറച്ച് പേർക്ക് ഭക്ഷണമുണ്ടാക്കി
കൊടുത്ത് നോക്കാം ,ദൈവം നമ്മളെ കൈവിട്ടിട്ടില്ലെങ്കിൽ അത് മതി ,
നമുക്ക് നാല് പേർക്ക് ജീവിക്കാൻ
അന്ന് ,അമ്മ എനിക്ക് തന്ന ആ മോട്ടിവേഷൻ ആയിരുന്നു എൻ്റെ ഇപ്പോഴത്തെ ഈ വിജയത്തിൻ്റെ ഒക്കെ കാരണം ,ഇന്ന് ടൗണിലെനിയ്ക്ക് രണ്ട് ഹോട്ടലുകളുണ്ട് അതത്ര പെട്ടെന്ന് ഉണ്ടായതല്ല,ഞാൻ
ചോര നീരാക്കി 6, 7 വർഷം കൊണ്ട് ഉണ്ടാക്കിയതാണ് ,
ഇന്നിപ്പോൾ ഉപ്പും മുളകും
ഹോട്ടലിനേക്കാൾ ആൾത്തിരക്ക്
എൻ്റെ ഹോട്ടലിലുണ്ട്,മറ്റൊരു പ്രത്യേകത എന്തെന്നുവെച്ചാൽ ,എല്ലാ ടേബിളുകളിലും ഫുഡ് സെർവ് ചെയ്യുന്നത് എന്നെപ്പോലെ അല്ലെങ്കിൽ എന്നെക്കാൾ പരാധീനതകളിൽ നിന്നും വന്ന നിസ്സഹായരായ കുറച്ച് സ്ത്രീകളാണ് ,എനിക്ക് എൻ്റെ മുതലാളിയിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും കിട്ടാതെ പോയ പിന്തുണ, ഇന്നിപ്പോൾ ഞാനവർക്ക് ഇഷ്ടംപോലെ കൊടുക്കുന്നുണ്ട് ,
ഇന്ന് ഞാനൊരു പാഠം പഠിച്ചു ,പൊള്ളുന്ന അനുഭവങ്ങളിൽ നിന്ന് മാത്രമേ ഒരാൾക്ക് കൂടുതൽ ഉയരങ്ങളിലെത്താൻ കഴിയു.
NB: അഭിപ്രായം പറയുക
തൈപ്പറമ്പൻ .