അവൾ ബ്രായുടെ ഹുക്കഴിച്ചിട്ടാണ് രാത്രി കിടക്കാറുളളത് , അത് വർഷങ്ങളായുള്ള ശീലമായിരുന്നു , ബ്രെസ്റ്റ് കാൻസർ ഉണ്ടാകാനുള്ള സാധ്യത കുറയുമെന്ന ധാരണയിലാണ് അങ്ങനെ ചെയ്യുന്നത്
അത് പോലെ തന്നെ മാസത്തിൽ
ഒരു പ്രാവശ്യമെങ്കിലും ഇരു
മാറിടങ്ങളിലും എന്തേലും
തടിപ്പുകളുണ്ടോ എന്ന് ,എന്നെകൊണ്ട് പരിശോധിപ്പിക്കാറുമുണ്ടായിരുന്നു
പക്ഷേ ഈ അടുത്ത സമയത്ത് ബന്ധത്തിലുള്ള ഒരു യുവതിയ്ക്ക്
ബ്രെസ്റ്റ് ക്യാൻസർ തിരിച്ചറിയുന്നത് ഫൈനൽ സ്റ്റേജിലാണ്
അവർക്ക്, മേൽപറഞ്ഞത് പോലെയുള്ള തടിപ്പോ മറ്റ് മുന്നറിയിപ്പുകളോ ഒന്നുമുണ്ടായിരുന്നില്ല ,പക്ഷേ കുറച്ച് നാളുകളായി നിറവ്യത്യാസമുണ്ടായിരുന്നത്രേ
അതറിഞ്ഞത് മുതൽ അവൾ
എപ്പോഴും, മാറിടത്തിന് നിറവ്യത്യാസമുണ്ടോ? എന്ന് കൂടി നോക്കാറുണ്ടായിരുന്നു.
നാളുകളായുള്ള അവളുടെ ഈ ആശങ്ക കണ്ടിട്ടാണ് ഒരിക്കൽ ഞാൻ പറഞ്ഞു നമുക്കൊന്ന് മാമോഗ്രാം ചെയ്ത് നോക്കാമെന്ന് , ആദ്യമൊന്നും അവൾ സമ്മതിച്ചില്ല.
ടെസ്റ്റ് ചെയ്യുമ്പോൾ ഇനിയെങ്ങാനും ക്യാൻസറുണ്ടാവുമോ എന്ന് അവൾക്കൊരു പേടി ,ഉണ്ടെങ്കിൽ തുടക്കമാണെങ്കിൽ അത് ചികിത്സിച്ച് ഭേദമാക്കാമല്ലോ എന്ന് ഞാനവൾക്ക് ധൈര്യം കൊടുത്തപ്പോൾ ഒടുവിലവൾ പാതി മനസ്സോടെ സമ്മതിച്ചു.
അങ്ങനെയാണ് നഗരത്തിലെ പ്രശസ്തമായ ഒരു ഡോക്ടറെ കാണുന്നത് മാമോഗ്രാമിൽ ചില അസ്വാഭാവികതകൾ കണ്ടത് കൊണ്ട് ഒരു ബയോപ്സി ടെസ്റ്റ് കൂടെ ചെയ്യാമെന്ന് ഡോക്ടർ നിർദ്ദേശിച്ചു
അത് കേട്ടപ്പോൾ തന്നെ ഞാനും അവളും ഡൗണായി, അപ്പോൾ തന്നെ സാമ്പിളെടുത്തിട്ട് ,രണ്ട് ദിവസം കഴിഞ്ഞ് വന്നാൽ മതിയെന്ന് ഡോക്ടർ പറഞ്ഞത് കേട്ട് വിഷമത്തോടെയാണ് ഞങ്ങളിറങ്ങിയത്
വീണ്ടും മൂന്നാമത്തെ ദിവസം ഞങ്ങൾ ഹോസ്പിറ്റലിലിൽ ചെന്നു . ഒന്നുമുണ്ടായിരിക്കില്ലെന്ന് എൻ്റെ മനസ്സ് പറഞ്ഞെങ്കിലും, റിസൾട്ടറിയുന്നത് വരെ അവളുടെ മുഖത്തെ ആശങ്ക കണ്ട് എനിയ്ക്കും ടെൻഷനായി.
ഒടുവിൽ ഡോക്ടർ അകത്തേയ്ക്ക് വിളിച്ചപ്പോൾ സകല ദൈവങ്ങളെയും മനസ്സിൽ ധ്യാനിച്ച് കൊണ്ടാണ് റൂമിലേയ്ക്ക് കയറി ചെന്നത് .
നിങ്ങൾക്ക് ഇപ്പോഴെങ്കിലും ഇങ്ങനൊരു ചിന്തയുണ്ടായത് നന്നായി . മാമോഗ്രാമെന്ന് പറയുന്നത് അത്ര ചിലവുള്ള ടെസ്റ്റൊന്നുമല്ല പക്ഷേ അല്പ ലാഭത്തിനായി ,ആരെങ്കിലുമത് അവഗണിച്ചാൽ, ചിലപ്പോൾ അവരുടെ സമ്പാദ്യം മുഴുവൻ ചിലവാക്കിയാലും രക്ഷപെട്ടന്ന് വരില്ല
അപ്പോൾ എനിയ്ക്ക് രോഗമുണ്ടോ ഡോക്ടർ ?
അത് കേട്ടപ്പോൾ അവൾ ആധിയോടെ ചോദിച്ചു.
ഉണ്ട് ,പക്ഷെ പേടിക്കേണ്ട കാര്യമില്ല, ഇതൊരു തുടക്കമേ ആയിട്ടുള്ളു ,
നിസ്സാരചികിത്സകൾ കൊണ്ട് , നമുക്കിത് വളരെ വേഗത്തിൽ മാറ്റിയെടുക്കാം
ഡോക്ടർ ഒരു പുഞ്ചിരിയോടെ പറഞ്ഞപ്പോൾ എനിയ്ക്ക് ആശ്വാസമായെങ്കിലും തിരിച്ച് വീട്ടിലേയ്ക്ക് മടങ്ങുമ്പോൾ അവൾ നിശബ്ദയായിരുന്നത് എന്നെ ആശങ്കപ്പെടുത്തി.
ഇനിയെന്തിനാ നീ വിഷമിക്കുന്നത്? ഡോക്ടർ പറഞ്ഞില്ലേ തുടക്കമായത് കൊണ്ട് നിസ്സാരമായി മാറ്റിയെടുക്കാമെന്ന്
ഞാനവളെ ചില്ലാക്കാൻ ശ്രമിച്ചു
പക്ഷേ , ജോ , ഞാനിത്രയൊക്കെ സൂക്ഷിച്ചിട്ടും എനിയ്ക്കിത് വന്നല്ലോ ?
അതാണെൻ്റെ വിഷമം
ഹേയ് കൂൾ , ,
നിഷാ,, നീയവിടെ ഉണ്ടായിരുന്ന മറ്റ് പേഷ്യൻ്റ്സിനെയൊക്കെ ശ്രദ്ധിച്ചോ ?
എത്ര ഗുരുതരമായ അവസ്ഥയിലാണ് ഓരോരുത്തരുമുള്ളത് ,പക്ഷേ അവരുടെയെല്ലാം മുഖത്ത് ഒരു തെളിച്ചമുണ്ട് അതവരുടെ പ്രത്യാശയാണ് , അസുഖം ബാധിക്കുന്നത് ശരീരത്തിനെയാണെങ്കിലും അത് മാറ്റുന്നത് മനസ്സിൻ്റെ ബലം കൊണ്ടാണ് എന്ത് വന്നാലും നമ്മളത് പൊരുതി തോല്പിച്ചിരിക്കും, നിനക്ക് ഞാനില്ലേടി നീയെന്തിന് ഭയക്കണം , നിനക്കോർമ്മയുണ്ടോ ?ആൽബിമോനെ നീ ഗർഭം ധരിച്ച സമയത്ത് ഡോക്ടർ പറഞ്ഞത്, ? സംഗതി കുറച്ച് കേംപ്ളിക്കേറ്റഡാണ് ,ഒരു പരീക്ഷണത്തിന് നിന്നാൽ, ഒരു പക്ഷേ അമ്മയ്ക്കത് ദോഷം ചെയ്യുമെന്നും ,അത് കൊണ്ട് വേണ്ടെന്ന് വയ്ക്കുന്നതാണ് നല്ലതെന്ന്, പക്ഷേ അന്ന് നീയൊരു നിലപാടെടുത്തു , ഞാനിത് നാലഞ്ച് വർഷം കാത്തിരുന്നിട്ട് കിട്ടിയ കുഞ്ഞാണെന്നും, ഇനിയെനിക്കൊരു കുഞ്ഞുണ്ടാകുമോന്ന് ഉറപ്പില്ലെന്നും, അത് കൊണ്ട് റിസ്ക്കെടുക്കാൻ തയ്യാറാണെന്നും ഉറച്ച മനസ്സോടെ നീയന്ന് പറഞ്ഞു ,അത് കൊണ്ടെന്താ? നീയാഗ്രഹിച്ചത് പോലെ കാര്യങ്ങൾ നടന്നു. ആൽബിമോനും നിനക്കും ഒന്നും സംഭവിച്ചില്ല ,അതെന്ത് കൊണ്ടാ ? അന്ന് നീ കാണിച്ച ആത്മവിശ്വാസവും, ധൈര്യവും കൊണ്ടായിരുന്നു , അന്ന് നിനക്ക് അതിജീവിക്കാൻ കഴിഞ്ഞത് ,
അതേ ധൈര്യമാണ് ഇവിടെയും വേണ്ടത് , take it easy,,,
അതോടെ അവളുടെ മുഖത്തൊരു
പുഞ്ചിരി വിടർന്നു.
ആ പുഞ്ചിരി, വർഷം 17 കഴിഞ്ഞിട്ടും അവളുടെ മുഖത്തുണ്ട് ,
NB:- അതേ, ചില അസുഖങ്ങളെ കുറിച്ച് വെറുതെ ആശങ്കപ്പെടാതെ, അതിനെ ഉറച്ച മനസ്സോടെയും ,ആത്മവിശ്വാസത്തോടെയും നേരിടുക , നമുക്കോ പങ്കാളിക്കോ അസുഖം വന്നാൽ ,പരസ്പരം കെയർ ചെയ്യുക, ഞാൻ കൂടെയുണ്ടെന്ന് എപ്പോഴും അവരെ വിശ്വസിപ്പിക്കുക ,
തൈപ്പറമ്പൻ .