(രചന: അംബിക ശിവശങ്കരൻ)
മൂന്ന് ആൺമക്കൾ മാത്രമുള്ള കുടുംബത്തിൽ നിന്നും വിവാഹാലോചന വന്നപ്പോൾ എന്തോ വലിയ ആശങ്കയായിരുന്നു.
എന്നാൽ പെണ്ണുകാണൽ കഴിഞ്ഞപ്പോൾ തന്നെ വീട്ടുകാരും ബന്ധുക്കളും മാറിമാറി വന്ന് എനിക്ക് ആത്മവിശ്വാസം തന്നു.
” മോളെ… ആൺമക്കള് മാത്രമുള്ള കുടുംബത്തിലോട്ട് കേറി ചെല്ലുന്നത് തന്നെ ഒരു ഭാഗ്യമാണ്.
ഒരു പെൺകുഞ്ഞ് ഇല്ലാത്തതുകൊണ്ട് തന്നെ കേറി ചെല്ലുന്ന മരുമകളെ അവർ പൊന്നുപോലെ നോക്കും. ഇത്ര വർഷം ഒരു പെൺകുട്ടിയെ സ്നേഹിക്കാൻ കഴിയാത്ത കുറവൊക്കെ അവർ മോളെ സ്നേഹിച്ചു തീർക്കും. ”
അമ്മയും അച്ഛനും അടക്കം ചുറ്റും കൂടി നിന്നവരുടെ വാക്കുകേട്ട് ഞാൻ അങ്ങനെ ആ വിവാഹത്തിന് സമ്മതം മൂളി.
കേറിച്ചെല്ലുന്ന വീട്ടിൽ എന്റെ പ്രായക്കാരിയായ ഒരു നാത്തൂൻ വേണമെന്ന് കുറെ നാളുകളായുള്ള ആഗ്രഹമായിരുന്നു.
കാരണം ഒറ്റ മോളായി ജനിച്ച എനിക്ക് ഒരു ചേച്ചിയോടോ അനിയത്തിയോടോ ആണ് ഏറെ പ്രിയം. കല്യാണം കഴിഞ്ഞ് ചെല്ലുന്ന വീട്ടിൽ നാത്തൂൻ ഉണ്ടെങ്കിൽ ഇത്ര നാളത്തെ എന്റെ ഒറ്റപ്പെടൽ ഇല്ലാതാകുമെന്ന് ഞാൻ കൊതിച്ചിരുന്നു.
അങ്ങനെ ആ മോഹവും ഞാൻ ഉപേക്ഷിച്ചു.എങ്കിലും മൂത്ത മരുമകളായി കേറിച്ചെല്ലുന്ന വീട്ടിൽ രണ്ട് അനിയന്മാരെ കിട്ടുമല്ലോ എന്നോർത്ത് ഞാൻ സന്തോഷിച്ചു.
അവർ വിവാഹം കഴിച്ചു കൊണ്ടുവരുന്ന കുട്ടികളും തീർച്ചയായും എനിക്ക് അനുജത്തിമാർതന്നെയായിരിക്കും.
കല്യാണ നാളുകൾക്ക് മുൻപുള്ള ഫോൺവിളികളിലൂടെയും കണ്ടുമുട്ടുകല്ലുകളിലൂടെയും നിതിനേട്ടനെ കൂടുതൽ മനസ്സിലാക്കാനും അടുത്തറിയാനും പറ്റി.
നിതിനേട്ടൻ തന്ന കോൺഫിഡൻസിലൂടെ പുതിയ വീട്ടിലേക്ക് കയറി ചെല്ലാനുള്ള എന്റെ ഭയം കുറേശ്ശെയായി കുറഞ്ഞുവന്നു.
അങ്ങനെ എല്ലാ പ്രതീക്ഷയോടും കൂടി ഞങ്ങളുടെ വിവാഹം വളരെ മംഗളമായി തന്നെ നടന്നു.
വിവാഹ ചടങ്ങുകളും വിരുന്നുകളും കഴിയുന്നതുവരെ വീടിനുള്ളിൽ നിറയെ ആളുകൾ ആയിരുന്നു.അപ്പോഴൊക്കെ അടുക്കളയിൽ എന്തെങ്കിലുമൊക്കെ സഹായിക്കാൻ ചെല്ലുമ്പോൾ നിതിനേട്ടന്റെ അമ്മ എന്നെ സ്നേഹപൂർവ്വം തടയും.
“മോൾ എന്തിനാ ഇപ്പോൾ അടുക്കളയിലോട്ടൊക്കെ വന്നത്? ഇതൊക്കെ ചെയ്യാൻ ഇവിടെ ഞങ്ങളില്ലേ? ദേഹത്ത് കരിയും പൊടിയും ഒന്നും ആക്കാതെ മോൾ അവിടെ ചെന്നിരിക്ക്.”
സ്നേഹപൂർവ്വം അവരത് പറഞ്ഞപ്പോൾ വീട്ടുകാരും ബന്ധുക്കളും പറഞ്ഞത് സത്യമാണെന്നും ഈ വീട്ടിലെ മോളെ പോലെ എനിക്ക് ഇവിടെ കഴിയാമെന്നും ഞാൻ കരുതി.
പക്ഷേ എന്നാൽ അതെന്റെ തോന്നൽ മാത്രമായിരുന്നു എന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത്.ജീവിതകാലം മുഴുവൻ അനുഭവിക്കേണ്ടിവരുന്ന കഷ്ടപ്പാടുകൾക്ക് മുന്നോടിയായി നൽകുന്ന കുറച്ചു ദിവസത്തെ പരിഗണന മാത്രമായിരുന്നു ആ സ്നേഹം.
മൂത്ത മരുമകളായി കേറിച്ചെന്ന എനിക്ക് മകളോടുള്ള സ്നേഹം തരുന്നത് പോയിട്ട് മകനായ നിതിനേട്ടന് ആ വീട്ടിൽ കിട്ടിയിരുന്ന പരിഗണനയുടെ ഒരംശം പോലും കിട്ടിയിരുന്നില്ല എന്നതാണ് സത്യം.
കേറി ചെല്ലുന്ന മരുമക്കൾ എന്നും മരുമക്കൾ മാത്രമായിരിക്കുമെന്ന സത്യം ഞാൻ അന്ന് മനസ്സിലാക്കി.
ചിലപ്പോഴൊക്കെയുള്ള അവരുടെ പെരുമാറ്റം കാണുമ്പോൾ ആൺമക്കളെ മാത്രം വളർത്തിയ അവർക്ക് ഒരിക്കലും ഒരു പെൺകുട്ടിയുടെ മനസ്സ് അറിയാൻ കഴിയില്ലെന്ന് എനിക്ക് തോന്നിപ്പോയി.
ആൺകുട്ടികളെ അപേക്ഷിച്ചു പെൺകുട്ടികളെ വളർത്തിയെടുക്കാൻ പ്രയാസമാണ്..
അവരുടെ മനസ്സിൽ എന്താണെന്ന് വായിച്ചെടുക്കാൻ അത്ര പെട്ടെന്നൊന്നും ആരെക്കൊണ്ടും കഴിയില്ല. നിതിനേട്ടന്റെ അമ്മയ്ക്ക് ഒരുപക്ഷേ ആ കഴിവില്ലായിരിക്കാം….. ഞാൻ സ്വയം ആശ്വസിച്ചു.
അനിയന്മാർ രണ്ടാളും സ്നേഹത്തോടെയാണ് പെരുമാറാറുള്ളത്.എങ്കിലും ഞാൻ അവരോട് ഒരുപാട് അടുത്ത് ഇടപഴകുന്നതൊന്നും അമ്മയ്ക്ക് ഇഷ്ടമല്ലായിരുന്നു.
അപ്പോഴുള്ള ദഹിപ്പിക്കുന്ന നോട്ടം കണ്ടു മടുത്തപ്പോൾ ഞാൻ തന്നെ മനപ്പൂർവ്വം അവരിൽ നിന്ന് ഒരു അകലം പാലിച്ചു. കൂടപ്പിറപ്പുകൾ ഇല്ലാതെ വളർന്ന എനിക്ക് അവർ എന്റെ സ്വന്തം അനുജന്മാർ തന്നെയായിരുന്നു.
ആ സ്വാതന്ത്ര്യത്തോടുകൂടി തന്നെയാണ് ഞാൻ അവരോട് പെരുമാറിയിരുന്നതും.
സ്വന്തം വീട്ടിൽ അച്ഛൻ പോലും കഴിച്ച പാത്രം കഴുകി വെച്ച് കണ്ടു വളർന്ന എനിക്ക് വീട് മുഴുവൻ നടന്ന് കുടിച്ചു വച്ച ചായ ക്ലാസുകൾ പെറുക്കി എടുക്കുക എന്നതായിരുന്നു ഏറ്റവും വലിയ ടാസ്ക്.
അച്ഛൻ ഒരുഭാഗത്ത്.. അനിയന്മാർ മറ്റൊരു ഭാഗത്ത്…. നിതിനേട്ടൻ വേറൊരു ഭാഗത്തും കുടിച്ച ക്ലാസുകൾ വെച്ചിട്ട് പോകുമ്പോൾ ഇതൊന്നു അടുക്കള വരെയെങ്കിലും കൊണ്ടുവെച്ച് തന്നിരുന്നെങ്കിൽ എന്ന് ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട്.
മരുമകൾ വന്നതോടെ അമ്മയ്ക്ക് കുറേശ്ശെയായി മടി വന്നതുപോലെ എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.
സ്വന്തം കാര്യങ്ങൾ പോലും ചെയ്യാതെ ഓർഡർ ഇട്ടുകൊണ്ടിരിക്കുമ്പോൾ ഇതിലും ഭേദം ഏതെങ്കിലും വീട്ടിൽ ജോലിക്ക് നിൽക്കുകയാണെന്ന് വരെ എനിക്ക് തോന്നി.
അതാവുമ്പോൾ എല്ലാ പണിയും തീർത്തു കഴിഞ്ഞാൽ ശമ്പളം എങ്കിലും കിട്ടുമല്ലോ….?എങ്കിലും ഞാൻ ഒന്നും മറുത്ത് പറഞ്ഞിരുന്നില്ല. അതു തന്നെയാണ് അവർക്ക് എല്ലാത്തിനും വളം വെച്ച് കൊടുത്തതും.
എന്റെ നിർബന്ധത്തിന് ജോലിക്ക് പോയി തുടങ്ങിയപ്പോഴും വീട്ടിലെ സകല ജോലികളും തീർത്തു വെച്ചാണ് ബസ്റ്റോപ്പിലേക്ക് ഓടിയിരുന്നത്.
പലപ്പോഴും ഭക്ഷണം പോലും കഴിക്കാൻ സമയം കിട്ടാതെ ഓടിയെത്തുമ്പോഴേക്കും ആകെ തളർന്നിട്ടുണ്ടാകും. അതിരാവിലെ എഴുന്നേൽക്കുന്ന ക്ഷീണം കൂടിയാകുമ്പോൾ ജോലി സമയം മുഴുവനും കോട്ടുവാ ഇടലാണ് പണി.
അങ്ങനെയിരിക്കെയാണ് രണ്ടാമത്തെ അനുജന്റെ വിവാഹമുറപ്പിച്ചത്. അപ്പോഴേക്കും ഞാൻ ഗർഭിണിയുമായി.
പ്രസവത്തിനു വേണ്ടി എന്നെ കൂട്ടിക്കൊണ്ടു പോകുന്നതിന് രണ്ടാഴ്ച മുന്നേയാണ് അനുജന്റെ വിവാഹം കഴിഞ്ഞത്.പുതുമോടിയിൽ ആ കുട്ടിയോടുള്ള അമ്മയുടെ സ്നേഹപ്രകടനം കണ്ട് ഒരു നിമിഷം ഞാൻ എന്നെ തന്നെ ഓർത്തുപോയി.
അന്ന് അനുഭവിച്ച സ്നേഹം പിന്നീട് ഒരിക്കലും ഞാൻ അനുഭവിച്ചിരുന്നില്ല. പിന്നെയും കുറച്ചെങ്കിലും സ്നേഹത്തോടെ പെരുമാറാൻ തുടങ്ങിയത് വിശേഷമുണ്ടെന്ന് അറിഞ്ഞപ്പോൾ മുതലാണ്.
ഏഴാം മാസം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന നാൾ മുതൽ എനിക്ക് എന്തോ സ്വർഗം ലഭിച്ചതുപോലെയായിരുന്നു.കുറെ നാളുകൾക്കു ശേഷം വീട്ടിലെ പഴയ രാജകുമാരി ആകാൻ എനിക്ക് സാധിച്ചു.
പക്ഷേ അപ്പോഴും നിതിനേട്ടന്റെ പ്രസൻസ് എപ്പോഴും അറിയാൻ കഴിയുന്നില്ല എന്ന സങ്കടം ഉള്ളിൽ ഉണ്ടായിരുന്നു.
വീട്ടിലേക്ക് വന്നശേഷം നിതിനേട്ടന്റെ അമ്മ ഒന്ന് രണ്ട് വട്ടം വന്നു കണ്ടു പോയെങ്കിലും ഒമ്പതാം മാസത്തിന്റെ തുടക്കത്തിലാണ് കഴിക്കാൻ നിറയെ എനിക്കിഷ്ടപ്പെട്ട ഭക്ഷണ സാധനങ്ങളുമായി വന്നത്.
അത് കണ്ടപ്പോൾ എനിക്ക് തന്നെ ആശ്ചര്യം തോന്നി.അമ്മയ്ക്ക് ഇത് എന്ത് പറ്റി എന്ന് വരെ ഞാൻ ചിന്തിച്ചു.
എന്റെ അമ്മ അടുക്കളയിലേക്ക് ചായ എടുക്കാൻ പോയ നേരമാണ് നിതിനേട്ടന്റെ അമ്മ എന്നോട് സങ്കടം പറഞ്ഞത്.
“ശ്രുതി( അനിയന്റെ ഭാര്യ ) നിന്നെപ്പോലെ അല്ല മോളെ… എന്തുപറഞ്ഞാലും തർക്കുത്തരം മാത്രമാണ്. വീട്ടിൽ ഒരു പണിയും എടുക്കില്ല. അവളുടെയും ജിതിന്റെയും മാത്രം തുണികൾ കഴുകിയിടും.
എന്റെ മോൾ അങ്ങനെ ആയിരുന്നോ….? ഒരു തുണി എവിടെയെങ്കിലും കണ്ടാൽ അത് എടുത്തു കഴുകിയിടില്ലേ? ഞാൻ എന്തെങ്കിലും പറഞ്ഞാൽ അവൾ അത് അപ്പോൾ ചെന്ന് ഒന്നിന് രണ്ടായി അവനോട് പറഞ്ഞു കൊടുക്കും.പിന്നെ അവൻ എന്നോട് വഴക്കിനു വരും.
അതുകൊണ്ട് ഞാൻ ഇപ്പോൾ ഒന്നും മിണ്ടാറില്ല എല്ലാ പണികളും ഞാനിപ്പോൾ ഒറ്റയ്ക്ക ചെയ്യുന്നത്. മോൾ ഉണ്ടായപ്പോൾ ഞാൻ ഇതൊന്നും അറിഞ്ഞിരുന്നില്ല. ഇപ്പോൾ അവന്റെയും അവളുടെയും ആട്ടും തുപ്പും വരെ സഹിക്കേണ്ട അവസ്ഥയായി.”
കണ്ണുതുടച്ചുകൊണ്ട് അവർ പറയുമ്പോൾ അവൾ അവരെ സമാധാനിപ്പിച്ചു.”അമ്മ കരയേണ്ട ശ്രുതിക്ക് ഇതൊന്നും ശീലമില്ലാഞ്ഞിട്ടാകും… പതിയെ എല്ലാം പഠിച്ചോളും.. പിന്നെ ഞാനും വരില്ലേ അങ്ങോട്ട്.”
“എല്ലാ പണിയും ചെയ്യേണ്ട മോളെ… എന്നെ ഒന്ന് സഹായിക്കുക എങ്കിലും ചെയ്യാലോ… ഞാനെന്താ അവരുടെ വേലക്കാരി ആണോ?”
അവരത് പറയുമ്പോൾ ഇതാണ് താനും ഇത്രനാൾ ആഗ്രഹിച്ചത് എന്ന് അവൾ ഓർത്തു. എങ്കിലും പുറമെ പ്രകടമാക്കാതെ അവരെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു.
‘നമ്മൾ എന്ത് മറ്റുള്ളവരോട് പ്രവർത്തിക്കുന്നുവോ കാലമത് നമ്മിലേക്ക് തന്നെ തിരിച്ചു നൽകും.’