(രചന: ശ്രേയ)
” എന്റെ പൊന്നു മക്കൾ… അവർ ഇപ്പോൾ എന്ത് ചെയ്യുകയാവും..? “മക്കളുടെ ഓർമ്മ തന്നെ തന്നെ കൊല്ലാതെ കൊല്ലുന്നതുപോലെ അവൾക്ക് തോന്നി. ആറും നാലും വയസ്സുള്ള ചെറിയ കുട്ടികളാണ്. ഇന്നുവരെ അമ്മയുടെ തണൽ വിട്ട് മാറി നിന്നിട്ടില്ലാത്ത മക്കൾ..!
അമ്മയോടൊപ്പം മാത്രം സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്ന മക്കളാണ് അവർ.വേറെ ആരൊക്കെ ഒപ്പമുണ്ട് എന്ന് പറഞ്ഞാലും ഒരിക്കലും സ്വന്തം അമ്മയുള്ളത് പോലെ ആകില്ലല്ലോ..!!
അത് ചിന്തിച്ചു കഴിഞ്ഞപ്പോൾ തന്നെ അവൾ അലമുറയിട്ടു കരഞ്ഞു.” എന്നാലും ഗിരിയേട്ടന് എങ്ങനെയാണ് ഇത്ര പെട്ടെന്ന് രണ്ടാമതൊരു വിവാഹത്തിന് തയ്യാറാകാൻ കഴിഞ്ഞത്..?
അപ്പോൾ തനിക്ക് അദ്ദേഹത്തിന്റെ ജീവിതത്തിൽ അത്ര സ്ഥാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ.. വന്നു കയറിയ പെണ്ണ് എന്റെ മക്കളെ ഒരു അപശകുനം പോലെ എങ്ങാനും കാണുമോ…? ”
ആ ചിന്ത തന്നെ അവളെ ഭയപ്പെടുത്തി കളഞ്ഞു. കാരണം പലപ്പോഴായി കണ്ടും കേട്ട് അറിഞ്ഞ രണ്ടാനമ്മ കഥകൾ തന്നെയായിരുന്നു അതിനു കാരണം..!
പക്ഷേ ഒരിക്കലും അവരെ ഓർത്ത് സങ്കടപ്പെടാനോ അവർക്ക് വേണ്ടി വേദനിക്കാനോ അർഹതയില്ലാത്ത ഒരു അമ്മയാണ് താൻ..!
കാരണം അവരെയും സ്വർഗം പോലുള്ള ഒരു ജീവിതവും എറിഞ്ഞുടച്ചു കൊണ്ട് ഇന്നലെ കണ്ട ഒരുത്തനു വേണ്ടി വീട് വിട്ട് ഇറങ്ങി വന്നതാണ് താൻ.. അങ്ങനെയുള്ള തനിക്ക് അവരുടെ ജീവിതത്തെ കുറിച്ച് ഓർത്ത് വേവലാതിപ്പെടാൻ എന്ത് അർഹതയാണ് ഉള്ളത്..?
പുച്ഛത്തോടെ അവൾ ഓർത്തു.അമലയുടെ ഓർമ്മകൾ കുറച്ചു നാളുകൾ പിന്നിലേക്ക് സഞ്ചരിക്കുകയായിരുന്നു. അമലയും അവളുടെ ഭർത്താവ് ഗിരിധറും രണ്ട് പൊന്നോമന മക്കളും അടങ്ങുന്ന സന്തുഷ്ട കുടുംബം ആയിരുന്നു അവളുടെത്.
ഗിരിക്ക് കൂലിപ്പണിയാണ്. വലിയ നീക്കിയിരിപ്പ് ഒന്നും അവകാശപ്പെടാൻ ഇല്ലെങ്കിലും വലിയ രീതിയിലുള്ള ബാധ്യതകൾ ഒന്നും അയാൾക്ക് ഉണ്ടായിരുന്നില്ല.
ഉള്ളതു കൊണ്ട് ഓണം പോലെ സന്തോഷമായി സന്തുഷ്ടമായി ജീവിച്ചിരുന്ന കുടുംബമായിരുന്നു അവരുടേത്.
ഗിരി ആദ്യമൊക്കെ ആരുടെയെങ്കിലും കീഴിലായിരുന്നു പണിക്ക് പോയിക്കൊണ്ടിരുന്നത്. പിന്നെ പിന്നെ കൂടുതൽ ലാഭം കിട്ടും എന്നൊരു ചിന്തയോടെ കോൺട്രാക്ട് പണികൾ ഏറ്റെടുത്ത് ചെയ്യാൻ തുടങ്ങി.
അമല വീട്ടമ്മയാണെങ്കിലും ഗിരിയുടെയും മക്കളുടെയും കാര്യങ്ങൾ നോക്കി വീട്ടിലിരിക്കുന്നതിൽ അവൾ സന്തുഷ്ടയായിരുന്നു. അവളുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നടത്തിക്കൊടുക്കാൻ ഗിരിക്ക് വല്ലാത്ത താല്പര്യം ആയിരുന്നു.
താൻ കാരണം തന്റെ ഭാര്യ ഒരിക്കലും കഷ്ടപ്പെടേണ്ടി വരരുത് എന്നൊരു ചിന്ത എല്ലായിപ്പോഴും അയാൾക്ക് ഉണ്ടായിരുന്നു.
അങ്ങനെയായിരുന്നു കൂട്ടുകാരികൾക്കൊക്കെ മൊബൈൽ ഫോൺ ഉണ്ട് എന്ന് പറഞ്ഞ് അമല ഒരു നല്ല മൊബൈൽ ഫോൺ സ്വന്തമാക്കിയത്. അവൾക്ക് ആദ്യം ഒന്നും അതിൽ വലിയ താല്പര്യമൊന്നും ഉണ്ടായിരുന്നില്ല.
അങ്ങനെയിരിക്കെ ഒരിക്കൽ ഗിരിയോടൊപ്പം പണിക്ക് പുറത്തു നിന്ന് കുറെ ആളുകൾ വരാൻ തുടങ്ങി. അങ്ങനെ വരുന്നവരിൽ ചിലർക്കൊക്കെ ചില ദിവസങ്ങളിൽ ഗിരിയുടെ വീട്ടിൽ ആഹാരം ഒരുക്കി കൊടുക്കുന്ന പതിവുണ്ട്.
അങ്ങനെയാണ് രാജേഷ് അവരുടെ ജീവിതത്തിലേക്ക് കടന്നു വരുന്നത്.ദൂരെ ഒരു ഗ്രാമത്തിൽ ആയിരുന്നു രാജേഷിന്റെ വീട്. വീട്ടിൽ വലിയ സാമ്പത്തിക സ്ഥിതിയൊന്നും അവകാശപ്പെടാൻ ഇല്ലാത്ത കുടുംബമായിരുന്നു അയാളുടേത്.
ഗിരിയോടൊപ്പം ഒന്ന് രണ്ട് പണികൾക്ക് വന്നതിനുശേഷം അയാൾ സ്ഥിരമായി ഗിരിയോടൊപ്പം തന്നെ വരാൻ തുടങ്ങി. ഗിരിക്ക് അയാൾ ഒരു സഹോദരന്റെ സ്ഥാനത്തേക്ക് എത്തിപ്പെടാൻ അധികം സമയം വേണ്ടി വന്നില്ല.
വളരെ മാന്യമായ പെരുമാറ്റവും ഇടപെടലും ആയിരുന്നു അയാളുടേത്. അതുകൊണ്ടുതന്നെ എല്ലാവരെയും ആകർഷിക്കാൻ അയാൾക്ക് കഴിഞ്ഞു.
അമലയോട് സ്നേഹത്തിലും ബഹുമാനത്തിലും മാത്രമാണ് രാജേഷ് ഇടപെട്ടിട്ടുള്ളത്. ചേച്ചി എന്ന് തന്നെയാണ് അവളെ വിളിച്ചിരുന്നത്.
പക്ഷേ അതിൽ മാറ്റം വന്നു തുടങ്ങിയത് എപ്പോഴാണ് എന്ന് ആർക്കും അറിയില്ല. അമലയോട് രാജേഷ് കൂടുതൽ സ്വാതന്ത്ര്യത്തിൽ ഇടപെടാൻ തുടങ്ങി.
ആദ്യമൊക്കെ അമലയ്ക്ക് അത് വലിയൊരു അസ്വസ്ഥതയായിരുന്നു. പക്ഷേ പതുക്കെ പതുക്കെ അവളുടെ മനസ്സും രാജേഷിലേക്ക് ചായാൻ തുടങ്ങി.
അവരുടെ രണ്ടാളുടെയും മാറ്റങ്ങൾ ഗിരിയോ മക്കളോ അറിയാതെ പോയി. മറ്റുള്ളവരുടെ മുന്നിൽ വച്ച് അവർ സഹോദരി സഹോദരന്മാരായിരുന്നു.
പതിയെ ആ ബന്ധം മറ്റൊരു തലത്തിലേക്ക് വളർന്നു. രാജേഷുമായി അമല പ്രണയത്തിലായി. പരിസരം മറന്നുള്ള ഫോൺവിളികളും കൊഞ്ചികുഴയലുകളും അവരുടെ പതിവായി.
എന്തിനേറെ പറയുന്നു രാത്രി കാലങ്ങളിൽ ഗിരിയും മക്കളും ഉറങ്ങി കഴിയുമ്പോൾ അമല രാജേഷിനോട് ഒപ്പം ഉറങ്ങുന്നത് പതിവായി.
പരസ്പരമുള്ള അവരുടെ അടുപ്പം കൂടുതൽ ആഴത്തിൽ ആയപ്പോൾ ഒരിക്കലും പിരിഞ്ഞിരിക്കാൻ പറ്റില്ല എന്നൊരു അവസ്ഥയിലേക്ക് അവർ ചെന്നെത്തി.
അങ്ങനെയാണ് ആ നാടും വീടും വീട്ടുകാരെയും ഒക്കെ ഉപേക്ഷിച്ച് മറ്റൊരു നാട്ടിലേക്ക് പോകാം എന്നൊരു തീരുമാനത്തിലേക്ക് അവരെത്തിയത്.
എന്നാൽ ആ നിമിഷങ്ങളിൽ ഒരിക്കലും അമല സ്വന്തം കുടുംബത്തെക്കുറിച്ച് ഓർത്തിരുന്നില്ല.
ഒരു ദിവസം രാത്രിയിൽ ഗിരിക്കും മക്കൾക്കും വേണ്ടി ഒരു കത്തും എഴുതിവെച്ച് അവർ ആ നാടു വിട്ടു.” ഗിരിയേട്ടനും മക്കളും അറിയാൻ..
എന്നെ അന്വേഷിച്ച് മെനക്കെടണ്ട. ഞാൻ പോവുകയാണ്. എനിക്കിഷ്ടപ്പെട്ട ആളിനോടൊപ്പം നല്ലൊരു ജീവിതത്തിന് വേണ്ടി..! അനുഗ്രഹിച്ചില്ലെങ്കിലും ശപിക്കരുത്..!!”
അതായിരുന്നു ആ കത്തിലെ ഉള്ളടക്കം.അന്ന് ആ നാടുവിട്ടു വരുമ്പോൾ ഗിരിയുടേതിനേക്കാൾ നല്ലൊരു ജീവിതം രാജേഷിനോട് ഒപ്പം അവൾക്ക് കിട്ടും എന്നൊരു പ്രതീക്ഷയായിരുന്നു അവൾക്കുണ്ടായിരുന്നത്.
രാജേഷിന്റെ നാട്ടിലേക്ക് തന്നെയായിരുന്നു അന്ന് അവർ വന്നത്.ഇവിടെ വന്നപ്പോഴാണ് അതിൽ ഒളിഞ്ഞിരുന്ന ചതികൾ മുഴുവൻ മനസ്സിലാക്കുന്നത്.
രാജേഷ് അവളോട് പറഞ്ഞത് പ്രകാരം അയാൾ അവിവാഹിതനായിരുന്നു. എന്നാൽ അയാൾ വിവാഹിതനും ഒരു കുഞ്ഞിന്റെ അച്ഛനുമായിരുന്നു എന്ന സത്യം പറഞ്ഞപ്പോൾ അവൾ ഞെട്ടിപ്പോയി.
പലരുമായും അയാൾക്കുള്ള വഴിവിട്ട ബന്ധങ്ങൾ കാരണം അയാളുടെ ഭാര്യ പിണങ്ങി പോയതാണ്.
കുഞ്ഞിനെ അവരോടൊപ്പം കൊണ്ടുപോകാൻ തീരുമാനിച്ചപ്പോൾ, അവർക്ക് മറ്റൊരു ജീവിതം ഉള്ളത് കൊണ്ട് അവളുടെ വീട്ടുകാർ സമ്മതിച്ചില്ല. അതുകൊണ്ട് കുഞ്ഞ് രാജേഷിനോട് ഒപ്പം തന്നെയാണ്.
അയാളുടെ അമ്മയാണ് കുഞ്ഞിനെ വളർത്തുന്നത്.ആ കുഞ്ഞിനെ ഒരു മനുഷ്യ ജീവിയായി പോലും രാജേഷ് പരിഗണിക്കാറില്ല.
അമലയേയും കൊണ്ട് വീട്ടിലേക്ക് കയറിച്ചെന്ന് രാജേഷിനും അമലയ്ക്കും നേരിടേണ്ടി വന്നത് അമ്മയുടെ വക ശകാരവർഷങ്ങൾ ആയിരുന്നു.
അവിടുത്തെ സാഹചര്യങ്ങളൊക്കെയും അറിഞ്ഞു കഴിഞ്ഞപ്പോൾ താൻ ജീവിച്ചത് നല്ലൊരു ചുറ്റുപാടിൽ ആയിരുന്നല്ലോ എന്നോർത്ത് അമലക്ക് കുറ്റബോധം തോന്നി.
പക്ഷേ ഇനി ഒരിക്കലും ഗിരിയുടെ അടുത്തേക്ക് തിരിച്ചു പോകില്ല എന്നും രാജേഷിനോട് ഒപ്പം തന്നെ ജീവിക്കാം എന്നും അവൾ മനസ്സിൽ ഉറപ്പിച്ചിരുന്നു.
രാജേഷിന്റെ അമ്മയ്ക്ക് അടിമപ്പണി ചെയ്യിക്കാനും രാജേഷിന്റെ ആവശ്യങ്ങൾ നടത്തിക്കൊടുക്കാനും വേണ്ടി മാത്രമായിരുന്നു അവിടെ അമല. വല്ലാത്തൊരു ഒറ്റപ്പെട്ട ജീവിതം.. രാത്രികാലങ്ങളിൽ അവന്റെ പരാക്രമങ്ങൾ സഹിക്കുക അസഹനീയമായിരുന്നു..
അവന്റെ കുഞ്ഞിനെ സ്വന്തമായി കണ്ടു ചേർത്തുപിടിക്കാൻ അവൾ ശ്രമിക്കുന്നുണ്ടായിരുന്നു. ആദ്യം ഒന്നും കുഞ്ഞ് അവളോട് അടുത്തില്ലെങ്കിലും പതിയെ പതിയെ കുഞ്ഞ് അവളുടെ സ്നേഹവും സാമീപ്യവും ഒക്കെ ആഗ്രഹിച്ചു തുടങ്ങി.
ആ കുഞ്ഞിനെ ചേർത്ത് പിടിക്കുമ്പോഴും അതിന് ആഹാരം കൊടുക്കുമ്പോഴും ഒക്കെ അവൾ ഓർത്തിരുന്നത് സ്വന്തം മക്കളെ ആയിരുന്നു.
ലാളിച്ച് സ്നേഹിച്ചു വളർത്തിയ മക്കളെയും സ്നേഹം കൊണ്ട് മൂടിയിരുന്ന ഭർത്താവിനെയും ഉപേക്ഷിച്ചാണ് താൻ ഇന്നലെ കണ്ട ഒരുത്തനോടൊപ്പം ഇറങ്ങിവന്നത് എന്ന കുറ്റബോധം അവളെ വല്ലാതെ വേദനിപ്പിക്കാൻ തുടങ്ങിയിരുന്നു.
എപ്പോഴെങ്കിലും ഗിരിയെയും മക്കളെയും കാണണമെന്നും അവരോട് മാപ്പ് ചോദിക്കണം എന്നും ഒക്കെ ആഗ്രഹം ഉണ്ടെങ്കിലും ഇനി ഒരിക്കൽ കൂടി അവരുടെ മുന്നിൽ ചെന്ന് നിൽക്കാനുള്ള ധൈര്യം അവൾക്കുണ്ടായിരുന്നില്ല.
അതിനിടയിലാണ് ഗിരി ഇന്ന് മറ്റൊരു വിവാഹം കഴിച്ചു എന്ന വാർത്ത രാജേഷിന്റെ നാവിൽ നിന്ന് തന്നെ അമല കേൾക്കുന്നത്.
എന്തുകൊണ്ടോ അവൾക്ക് അത് സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.. പക്ഷേ സഹിക്കുകയല്ലാതെ മറ്റു മാർഗ്ഗങ്ങൾ ഒന്നും ഇല്ലല്ലോ..!!
തന്റെ പ്രവർത്തി ദോഷം കൊണ്ട് താൻ എറിഞ്ഞുടച്ചു കളഞ്ഞ സ്വർഗ്ഗമായിരുന്നു ആ ജീവിതം എന്ന് അവൾക്കിപ്പോൾ നല്ല ബോധ്യമുണ്ട്. എങ്കിലും ഉള്ളിൽ എവിടെയോ ഒരു വേദനയാണ്..!! താനായി നശിപ്പിച്ചു കളഞ്ഞ തന്റെ സൗഭാഗ്യങ്ങളെ ഓർത്ത്…!!