അവൾ മനുവിന്റെ അടുത്ത് ചേർന്ന് കിടന്ന് അവനെ കെട്ടിപ്പിടിച്ചു…. എന്നാൽ മനു നല്ല ഉറക്കത്തിലായത് കണ്ട് അവൾക്ക് ദേഷ്യം വന്നു

(രചന: സൂര്യ ഗായത്രി)

 

എന്നുമിങ്ങനെ പണിക്കുപോകാതെ ഇവിടെ കയറി ഇരുന്നാൽ എങ്ങനെയാ..എത്ര ദിവസമായി നിങ്ങൾ പണിക്കുപോയിട്ടെന്നറിയാമോ….രാവിലെ തന്നെ ഗീതയുടെ പറച്ചിൽ കേട്ടാണ് മനു തിണ്ണയിലേക്ക് കയറിയിരുന്നത്…..

എടീ എനിക്ക് ഒട്ടും വയ്യാഞ്ഞിട്ടാണ് പണിക്ക് പോകാത്തത് അല്ലെങ്കിൽ ഞാൻ ഇവിടെ ഇങ്ങനെ കുത്തിയിരിക്കുന്നത് നീ കണ്ടിട്ടുണ്ടോ… സംസാരത്തിൽ മയം വരുത്തിക്കൊണ്ട് മനു മറുപടി പറഞ്ഞു…

അതൊന്നുമല്ല കഴിഞ്ഞ ഒരു മാസമായി മനുവേട്ടനു ജോലിക്ക് പോകാൻ വലിയ മടിയാണ്. ഞാനും ഇവിടത്തെ അമ്മയും അതിനെക്കുറിച്ച് സംസാരിച്ചു..

അപ്പോഴേക്കും മനുവിനെ പണിക്കു വിളിക്കുന്നതിനായി കുമാരൻ എത്തി.കുമാരൻ ഉമ്മറത്തേക്ക് കയറിയതും ഗീത പുറത്തേക്കിറങ്ങി വന്നു.

കുമാരേട്ടാ കഴിഞ്ഞ ഒരു മാസമായി മനുവേട്ടന്റെ സ്വഭാവത്തിൽ ആകെപ്പാടെ ഒരു വ്യത്യാസമുണ്ട്. അല്ലെങ്കിൽ ഒരു ദിവസം പോലും പണിക്കു പോകാതിരുന്ന മനുഷ്യനാണ് ഇപ്പോൾ ജോലിക്ക് പോകുന്നത് ഇഷ്ടമല്ല… അവിടെ പണി സൈറ്റിൽ എന്തെങ്കിലും പ്രശ്നമുണ്ടോ..

അവിടെ എന്ത് പ്രശ്നമാ ഗീതേ. അവിടെ ഒരു പ്രശ്നവുമില്ല.ഞാനും കുറച്ചു ദിവസമായി ശ്രദ്ധിക്കുന്നു ഇവന്റെ ഈ അലസതയും മടിയും.

കണ്ടോ കണ്ടോ കുമാരേട്ടന് വരെ തോന്നി..നീ നിന്റെ വായ അടക്കുന്നുണ്ടോ… ഞാനിപ്പോൾ പണിക്കു പോണം നിനക്ക് അത്രയല്ലേ ഉള്ളൂ..നമുക്ക് പോകാം കുമാരേട്ടാ ഇനി ഇവിടെ നിന്നാൽ ഇവൾ ഓരോന്ന് പറഞ്ഞു കൊണ്ടിരിക്കും….

വർക്ക് സൈറ്റിൽ ചെല്ലുമ്പോഴും മനുവിനു വല്ലാത്ത ക്ഷീണവും അവശതയും തോന്നി..അവൻ അല്പം വെള്ളം എടുത്ത് കുടിച്ചുകൊണ്ട് ബെഞ്ചിൽ ചാരിയിരുന്നു…..

എന്താടാ നിനക്ക് വല്ലായ്മ വല്ലതുമുണ്ടെങ്കിൽ നമുക്ക് ഹോസ്പിറ്റലിൽ പോകാം. നിനക്ക് പരവേഷവും ക്ഷീണവുമോക്കെ തോന്നുന്നുണ്ട്…

വേണ്ട കുമാരേട്ട എനിക്ക് അല്പം നേരം ഇവിടെ കിടന്നാൽ മതി എഴുന്നേൽക്കുമ്പോൾ ഞാൻ ഒക്കെ ആകും..

എന്നാൽ നീ കുറച്ചുനേരം ഇവിടെ കിടക്ക് അപ്പോഴേക്കും ഞാൻ ഈ ഡ്രസ്സ് മാറി വർക്കിംഗ് ഡ്രസ്സ് ഇട്ടിട്ട് വരാം.

പണികിടുന്ന വസ്ത്രവുമിട്ടുകൊണ്ട് നേരെ ജോലിയിൽ ഏർപ്പെട്ടു…എന്നാൽ മനു അവിടെ കിടന്നു ഉറങ്ങിപ്പോയി…..

ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ കുമാരൻ വന്ന് വിളിച്ച് എഴുന്നേൽപ്പിച്ചു.. മനു എഴുന്നേറ്റു കുമാരന്റെ ഒപ്പം ജോലിയിൽ ഏർപ്പെട്ടു….

വൈകുന്നേരം പണിക്കാശുമായി നേരെ വീട്ടിലേക്ക് ചെന്നു… ഗീത കൊടുത്ത ഭക്ഷണവും കഴിച്ചുകൊണ്ട് നേരത്തെ കേറിക്കിടന്നു

ഇത് എന്താ മനുവേട്ടാ ഈ കാണിക്കുന്നേ.. സാധാരണ പണി കഴിഞ്ഞു വന്നാൽ കുറച്ചുനേരം കുഞ്ഞിനോടൊപ്പം ഒക്കെ ചെലവഴിക്കുന്നതല്ലേ …..ഇപ്പോൾ കുറച്ചു ദിവസമായി ഏതുനേരവും ഉറക്കമാണല്ലോ.

ശരീരം ഒക്കെ വല്ലാത്ത വേദനയാടി ഇപ്പോൾ കുറച്ചുനാളായി. പണി കഴിഞ്ഞു വന്നാൽ എവിടെയെങ്കിലും ഒന്ന് കിടന്നാൽ മതി എന്നാണ്…

എന്നാൽ നിങ്ങൾ കിടന്നോ? എനിക്ക് കുറച്ച് ജോലി കൂടിയുണ്ട്…. ഗീത മുറിയിൽ നിന്നും പുറത്തേക്കിറങ്ങി പോയി…

ഗീത റൂമിൽ നിന്നും പുറത്തേക്കിറങ്ങി പോകുന്നത് കണ്ടതും മനുവിന്റെ മനസ്സിന് വല്ലാത്ത വേദന തോന്നി. ഇപ്പോൾ കുറെ നാളായി ഇങ്ങനെയാണ്. അവളെ ഒഴിവാക്കുകയാണ്… പക്ഷേ മനപ്പൂർവ്വമല്ല .. സാഹചര്യം അതായിപ്പോയി.

ജോലിയൊതുക്കി കഴിഞ്ഞു മേല് കഴുകി ഗീത റൂമിലേക്ക്‌ വരുമ്പോൾ മനു ചരിഞ്ഞു കിടക്കുന്നു….അവൾ മനുവിന്റെ അടുത്ത് ചേർന്ന് കിടന്ന് അവനെ കെട്ടിപ്പിടിച്ചു….

എന്നാൽ മനു നല്ല ഉറക്കത്തിലായത് കണ്ട് അവൾക്ക് ദേഷ്യം വന്നു. ഇപ്പോൾ കുറെ നാളായി ഇങ്ങനെയാണ്. എന്നും നേരത്തെ കേറിക്കിടന്ന് ഉറങ്ങിക്കളയും. മുൻപൊക്കെ അവൾ ജോലികൾ തീർത്ത് വരുന്നതും കാത്തിരിക്കും ആയിരുന്നു….

അതിനുശേഷം അവരുടേതായ ലോകത്തിൽ ചേക്കേറാൻ… അങ്ങനെയുള്ള ആളാണ് ഇപ്പോൾ രണ്ടുമാസമായി തന്നെ അവഗണിക്കുന്നത്… അതിന്റെ കാര്യം എന്താണെന്ന് മാത്രം എത്ര ആലോചിച്ചിട്ടും അവൾക്ക് മനസ്സിലായില്ല.,…

പിറ്റേന്ന് മനു ഉണർന്ന് എഴുന്നേൽക്കുമ്പോൾ തലേദിവസത്തെ പരിഭവം മുഴുവനും ഗീത അവളുടെ പെരുമാറ്റത്തിൽ കാണിച്ചു….

ഇന്നും പണിക്ക് പോകാതെ ഇവിടെ ചുറ്റി തിരിഞ്ഞ് ഇരിക്കാൻ ആണോ ഭാവം അതോ കുമാരേട്ടൻ വരണമോ നിങ്ങളെ ജോലിക്ക് കൊണ്ടുപോകാൻ….

അവളുടെ ചോദ്യം കേട്ടപ്പോൾ മനു ചിരിച്ചു… നീ എന്തൊക്കെയാടി ഈ പറയുന്ന ഞാനിതാ ജോലിക്ക് പോകാൻ പോവുകയാണ്…

മനുവേട്ടാ നിങ്ങൾക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ നിങ്ങളുടെ കുറച്ചു ദിവസമായുള്ള പെരുമാറ്റം കാണുമ്പോൾ എനിക്ക് അങ്ങനെ തോന്നുന്നു….. നിങ്ങൾക്ക് എന്നോട് എന്തെങ്കിലും അകൽച്ച ഉണ്ടോ….

അവളുടെ ആ ചോദ്യം കേട്ടപ്പോൾ ശരിക്കും മനുവിനു വിഷമമായി…നീ എന്തൊക്കെയാണ് ഗീത ഈ ചോദിക്കുന്നത് എനിക്ക് നിന്നോട് എന്തിനാഅകൽച്ച….

പിന്നെ നിങ്ങൾ എന്താ………ഗീത പകുതിയിൽ നിർത്തി..മനുവിന് അവളുടെ ചോദ്യത്തിന്റെ അർത്ഥം മനസ്സിലായി….

ഒന്നുമില്ല ഇപ്പോഴത്തെ കാലാവസ്ഥയും ചൂടും, ശാരീരിക അവസ്ഥ ശരിയല്ല അതുകൊണ്ടാണ് ഞാൻ….

പിന്നെ നീയും ഈ ചൂടും പൊടിയും ജോലിയും എല്ലാം കഴിഞ്ഞ് നിനക്കും ഒരു റസ്റ്റ് വേണ്ടേ….

ഓ പിന്നെ എന്റെ റെസ്റ്റിനെകുറിച്ച് ചിന്തിക്കുന്ന ആൾ.. ഒരു ദിവസം പോലും മുടങ്ങാതെ ഉണ്ടായിരുന്നത്… ഇപ്പോൾ കുറച്ച് ദിവസമായിട്ടുള്ള പെരുമാറ്റം കണ്ടതുകൊണ്ട് ചോദിച്ചതാണ്….

ഇന്ന് നിന്റെ പരാതികൾ എല്ലാം ഞാൻ തീർത്തിരിക്കും…. അവളുടെ കവിളിൽ ഒന്ന് ചുംബിച്ച്… കുഞ്ഞിനെയും ഉമ്മ വച്ച് മനു ജോലിക്ക് പോയി…..

ഉച്ച ആയപ്പോൾ മനുവിന്റെ ജോലിസ്ഥലത്തു നിന്നും മുതലാളിയും കുമാരേട്ടനും മനുവിന്റെ വീട്ടിലേക്ക് വന്നു….

അകത്തു പണിയിലായിരുന്ന ഗീത പുറത്തേക്ക് വന്നു…എന്താ കുമാരേട്ടാ മനുവേട്ടൻ ജോലിക്ക് വന്നില്ലേ…ഇവിടെനിന്ന് രാവിലെ ജോലിക്ക് എന്ന് പറഞ്ഞ് ഇറങ്ങിയതാണല്ലോ….

അതൊന്നുമല്ല ഗീതേ, നീ പെട്ടെന്ന് ഡ്രസ്സ് മാറി ഞങ്ങളോടൊപ്പം വാ.. ജോലിസ്ഥലത്ത് വെച്ച് മനുവിനെ ചെറിയ ഒരു വയ്യായ്മ വന്നു ഹോസ്പിറ്റലിലാക്കിയിരിക്കുകയാണ്

ഗീതവേഗം അകത്തേക്ക് പോയി കുഞ്ഞുമായി തിരികെ വന്നു. അവർ കൊണ്ടുവന്ന വാഹനത്തിൽ കയറി നേരെ ഹോസ്പിറ്റലിലെത്തി…

ഹോസ്പിറ്റലിൽ കുമാരനും മുതലാളിക്കും ഒപ്പം നടന്നു നിന്നത് മോർച്ചറിക്ക് മുന്നിലായിരുന്നു…കുമാരേട്ടാ എന്താ ഇവിടെ നിൽക്കുന്നത് എവിടെ മനുവേട്ടൻ…..

ഗീതേ ഞാൻ പറയുന്നത് നീ സമാധാനത്തിൽ കേൾക്കണം…രാവിലെ മനു പതിവുപോലെ ജോലിക്ക് വന്നതാണ്.. അല്പനേരം ജോലി ചെയ്തുകൊണ്ട് നിൽക്കുമ്പോൾ പെട്ടെന്ന് അവന് ഒരു വല്ലായ്മ തോന്നി…..ബോധം മറഞ്ഞുവീണവനെ നേരെ ഇവിടെ ഹോസ്പിറ്റലിൽ എത്തിച്ചു….

അപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു..ഇവിടെ വന്നപ്പോഴാണ് അറിയുന്നത് മൂന്നുമാസമായി ഹൃദയസംബന്ധമായ അസുഖത്തിന് മനു ഇവിടെ ചികിത്സയിൽ ആണെന്ന്… എത്രയും പെട്ടെന്ന് ഒരു ഓപ്പറേഷൻ വേണമെന്ന് ഡോക്ടർ നിർദ്ദേശിച്ചിരുന്നതാണ്…

എന്നാൽ മനു ആ വിവരം ആരോടും പറയാതെ പണച്ചെലവിനെ കുറിച്ച് ഓർത്ത്… മിണ്ടാതെ നടക്കുകയായിരുന്നു…. അവൻ ചെയ്തുകൊണ്ടിരിക്കുന്ന ഈ കൽപ്പണി പോലും ചെയ്യരുതെന്ന് ഡോക്ടർ പ്രത്യേകം വിലക്കിയതാണ്…

പക്ഷേ വീട്ടിലെ അവസ്ഥയും ബുദ്ധിമുട്ടും കാരണമാണ് അവൻ ജോലിക്കുപോകുന്നത്….. ഇതെല്ലാം അവൻ നമ്മളോട് മറച്ചു വച്ചിരിക്കുകയായിരുന്നു…..

കേട്ട കാര്യങ്ങൾ ഒന്നും വിശ്വസിക്കാനാവാതെ കുഞ്ഞിനെയും കൊണ്ട് നിലത്തേക്കിരുന്നു….. ഓരോന്ന് പറഞ്ഞു എത്രമാത്രമാണ് താൻ മനുവിനെ വേദനിപ്പിച്ചതെന്ന് ഓർത്തപ്പോൾ അവളുടെ മനസ്സ് പിടഞ്ഞുപോയി…..

തന്നിൽ നിന്നും എല്ലാം മറച്ചുവെച്ച നേരത്തിന് പറഞ്ഞിരുന്നുവെങ്കിൽ പണച്ചെലവ് എങ്ങനെയെങ്കിലും പരിഹരിക്കാമായിരുന്നു……..

എല്ലാം ഒറ്റക്കുള്ളിൽ കൊണ്ട് നടന്ന് തന്നെയും കുഞ്ഞിനെയും പോലും ഓർക്കാതെ ഒറ്റയ്ക്ക് പോയിക്കളഞ്ഞ മനുവിനോട് അവൾക്കു ആദ്യമായി ദേഷ്യം തോന്നി…

സുഖവും ദുഃഖവും സന്തോഷവും സങ്കടവും ഒക്കെ പങ്കുവയ്ക്കാനാണ് ഭാര്യ എന്നുള്ളത് മനു മറന്നുപോയി ..

എല്ലാ കാര്യങ്ങളും ഉള്ളിലൊതുക്കി ഭാര്യയെയും മക്കളെയും ഒന്നുമറിയിക്കാതെ ത്യാഗിയാകുന്നവർ …………..ഇതൊക്കെ അറിഞ്ഞിരിക്കേണ്ടതാണ്..

ഒരു നിമിഷമെങ്കിലും കുഞ്ഞിനെയും അവളെയും കുറിച്ച് ഓർത്തിരുന്നെങ്കിൽ അവൻ ഈ പണി ചെയ്യില്ലായിരുന്നു. അല്ലെങ്കിൽ തന്നെ ഇപ്പോൾ സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരെ സഹായിക്കാൻ എന്തുമാത്രം സംഘടനകളാണ് മുന്നിലുള്ളത്.

അസുഖത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞിരുന്നെങ്കിൽ എല്ലാവരും കൂടി ചേർന്ന് അവനേ സഹായിക്കുമായിരുന്നില്ല…..ഇതിപ്പോൾ ആ പെണ്ണും കൊച്ചും ഒറ്റയ്ക്കായി……

ഇതുപോലുള്ള മനുമാർ നമുക്കിടയിൽ ഇപ്പോഴും കാണും… വിഷമങ്ങൾ ഒക്കെ ഉള്ളിൽ ഒതുക്കി.. ഭാര്യക്കും മക്കൾക്കും വേണ്ടി ജീവിക്കുന്ന ത്യാഗികൾ…..

Leave a Reply

Your email address will not be published. Required fields are marked *