(രചന: മിഴി മോഹന)
ഉമ്മറ പടിയും കടന്ന് ഗേറ്റിന് മുൻപിൽ എത്തിയപ്പോൾ ഒന്ന് കൂടി പുറകോട്ട് തിരിഞ്ഞു നോക്കി….ആജീവനാന്ത കാലം വളയം പിടിച്ചു കെട്ടി പടുത്ത ഓടിട്ട ചെറിയ വീടിന്റെ സ്ഥാനത് വലിയ ഇരുനില മാളിക….
അത് തനിക്ക് അന്യമായി തീരുന്ന നിമിഷം…. ചുവരുകൾ അപരിചിതത്വ ഭാവം കാണിച്ചു തുടങ്ങിയ നിമിഷം മനസ് പറഞ്ഞു ഇറങ്ങണം….
ഒരു തുള്ളി കണ്ണുനീർ പൊഴിഞ്ഞു വീഴുമ്പോൾ ആണ് ചുള്ങ്ങിയ കൈയിലേക് ഒരു നനവ് പടർന്നത്……
ചുണ്ടുകൾ ചിരിയോടെ കണ്ണുകൾ കൊതിയോടെ ആ നനവിലേക് നോക്കി.. “” അന്യമാകാത്ത ഏക സമ്പാദ്യം എന്റെ ഇടം കൈയിൽ മുറുകെ പിടിചിരിക്കുന്നു…..
നാല്പത് കൊല്ലം മുൻപ് എന്റെ ഇടം കൈയിൽ ചേർന്ന അതെ തണുപ്പ്.. എന്റെ നല്ല പാതി… “”അന്ന് ആ തണുപ്പിന് ചൂട് പകർന്നു കൊടുക്കുമ്പോൾ കൈകൾ വിറച്ചില്ല കണ്ണുകൾ കലങ്ങിയില്ല…
ഇന്ന് അറിയാതെ എന്റെ കണ്ണുകൾ കലങ്ങുമ്പോൾ കൂടെയുണ്ട് ഞാൻ എന്ന ഓർമ്മപെടുത്തലോടെ ആ മുഖത്ത് മായാതെ നിൽക്കുന്ന അന്നത്തെ പുഞ്ചിരി ആയിരുന്നു വീണ്ടും എന്റെ പാദങ്ങൾക് വേഗത നൽകിയത്….
നീണ്ടു കിടക്കുന്ന റോഡിലൂടെ അവളുടെ കൈ പിടിച്ചു മുൻപോട്ട് പോകുമ്പോൾ ഓർമ്മകൾ ഒരു വട്ടം കൂടി പുറകോട്ടു പോയി…..
നാല്പത് വർഷം മുൻപ് അവളുടെ തണുത്ത കൈ പിടിച്ചു തിരിഞ്ഞു നടക്കുമ്പോൾ കൂടെ ഒരുപാട് പേരുണ്ടായിരുന്നു ബന്ധുക്കളും കൂട്ടുകാരും വാദ്യ മേളങ്ങളും…
അന്ന് അവൾ സുന്ദരി ആയിരുന്നു… ചുളിവുകൾ അവളെ മൂടിയിരുന്നില്ല… നര അവളെ ബാധിച്ചിരുന്നില്ല ക്ഷീണം ആയിരുന്നില്ല മുഖത്ത് പകരം നാണം ആയിരുന്നു..”””
ഈ പാതയുടെ അവസാനം ഞാൻ കെട്ടി പടുത്ത ചെറിയ വീട്ടിൽ ജീവിതം തുടങ്ങുമ്പോൾ മിച്ചം ഒന്നും ഇല്ലായിരുന്നു….
“”എങ്കിലും ഞങ്ങളുടെ സന്തോഷത്തിന് അതിരുകൾ ഇല്ലായിരുന്നു….. പക്ഷെ കാലം മുന്പോട്ട് പോകുമ്പോൾ ചുറ്റുപാടും നിന്നും ഉയർന്നു വരുന്ന ചോദ്യ ശരങ്ങൾ ഞങ്ങളെ ചുട്ട് പൊള്ളിച്ചു തുടങ്ങി…
അമ്മയാകാൻ തുടിക്കുന്ന അവളുടെ ഹൃദയത്തെ കീറി മുറിച്ചു കൊണ്ടുള്ള ചോദ്യങ്ങൾ ഏറ്റ പത്തു വർഷം…… എങ്കിലും രസ്പരം തണൽ ആയി ഞങ്ൾ…നിനക്ക് ഞാനും എനിക്ക് അവളും പോരെ നാട്ടുകാരുടെ വാ അടപ്പിക്കാൻ..
പക്ഷെ ദൈവം ഞങ്ങളെ കൈ വിട്ടില്ല….ജീവിതത്തിന്റെ ഇരട്ടി മധുരം പോലെ ഒരു മോൻ ജീവിതത്തിലേക്ക് വരുമ്പോൾ എല്ലാം മറന്നു സന്തോഷിച്ചു ഞങ്ങൾ ….
പിന്നെ അവന് വേണ്ടി ആയിരുന്നു ജീവിതം.. “”പഴയ ചുവരിൽ കരികളാൽ അവൻ തീർക്കുന്ന ചെറിയ വരകൾ പോലും ഞങ്ങള്ക് കൗതുകം ആയിരുന്നു…. അവന്റെ കാലിൽ ഒരു മുള്ള് കൊണ്ടാൽ നൊന്തത് ഞങ്ങള്ക് ആയിരുന്നു…””
സമ്പാദ്യം ഒന്നും ഇല്ലങ്കിലും അവനെ പഠിപ്പിക്കാൻ വേണ്ടി രാവുകൾ പോലും പകൽ ആക്കി വണ്ടി ഓടിക്കുമ്പോൾ കൈ വെള്ളയിൽ പതിയുന്ന തഴമ്പ് പോലും എനിക്ക് ഒരു ഹരം ആയിരുന്നു.. “”
ആദ്യമായ് എന്നെ എതിർത്തവൻ സംസാരിക്കുമ്പോൾ പോലും വെറുപ്പ് ആയിരുന്നില്ല മകനോടുള്ള വാത്സല്യം കണ്ണ് മൂടി കെട്ടിയ അച്ഛന്റ്റെ നിമിഷങ്ങൾ ആയിരുന്നു അത്…. എങ്കിലും തന്നെക്കാൾ വളർന്നവനെ അഭിമാനത്തോടെ നോക്കി.. ”
ഞാൻ പ്രതീക്ഷിച്ചതിലും ഉയരത്തിൽ അവൻ പറക്കുമ്പോൾ ആ അഭിമാനം ആണ് ഇരട്ടിച്ചത്.. പക്ഷെ അതിന് പിന്നിൽ ഇരുൾ വീണു തുടങ്ങിയ ഞങ്ങളുടെ ജീവിതം തിരിച്ചറിഞ്ഞില്ല.. “”
ഉയർന്ന കുടുംബത്തിലെ പെൺകുട്ടിയെ സ്നേഹിക്കുന്നു എന്ന് അവൻ പറയുമ്പോൾ പോലും എതിർത്തില്ല അവന്റെ ഇഷ്ടം അല്ലെ….
അവൾക് വേണ്ടി എന്റെ വിയർപ്പ് കുതിർന്ന വീട് പൊളിച്ചു മാറ്റി പകരം വലിയ വീട് വരുമ്പോഴും അവനോടുള്ള വാത്സല്യം കണ്ണ് മൂടി കെട്ടി..”
അവൻ പണിത വീട്ടിലേക് അവൾ വരുമ്പോൾ എന്റെ നല്ല പാതിയുടെ സ്ഥാനം വില കൂടിയ അടുക്കളയിൽ നിന്നും ഞങ്ങള്ക് ആയി തീർത്ത കുഞ്ഞ് മുറിയിലേക് പറിച്ചു നടുന്നത് ഞാൻ അറിഞ്ഞു… എങ്കിലും പരിഭവം പറഞ്ഞില്ല അവൾ…
പുതിയ അടുക്കള അല്ലെ ഞാൻ എന്തെങ്കിലും എടുത്താൽ കേട് പറ്റിയാലോ..'”” പിള്ളേർക്ക് അല്ലെ അതിന്റ നഷ്ടം…. “” പറയുമ്പോൾ വാക്ക് ഇടറാതെ ഇരിക്കാൻ അവൾ പാട് പെടുന്നത് കണ്ടില്ലന്നു തന്നെ നടിച്ചു.. “”
അവന്റ വില കൂടിയ കാറുകൾ മുറ്റത് നിരന്ന് വരുമ്പോൾ എന്റെ കൈയിൽ തഴമ്പു തീർത്ത ആ പഴയ അംബാസിഡർ മുറ്റത്തെ ഒരു മൂലയിലേക് അവൻ തന്നെ തള്ളി മാറ്റി.. “”
മ്മ്ഹ..” എന്നും വൈകുന്നേരങ്ങളിൽ അവൻ കൊതിയോടെ ഒമാനിച്ച ആ പഴയവണ്ടിയെ ഇന്ന് നിഷ്കരുണം തള്ളി കളയുമ്പോൾ എന്റെ ചങ്ക് ഒന്ന് പിടച്ചോ… “” ആ നിരന്നു കിടക്കുന്ന വലിയ കാറുകൾ ആ പഴയ വണ്ടിയുടെ ഔദാര്യമല്ലേ…
ആഹ്ഹ..”ജീവിതം അങ്ങനെയാണ് പുതിയത് വരുമ്പോൾ പഴയത് ഒരു മൂലയിലേക്ക് തള്ളി മാറ്റപെടും ഇന്ന് ഞങ്ങളുടെ അവസ്ഥയും മറിച്ച് ആയിരുന്നില്ല.
.” ഒരു മൂലയിൽ അവന് ഒപ്പം ഞങ്ങളും തുരുമ്പിച്ചു തുടങ്ങിയിരുന്നു……ആർക്കും വേണ്ടാത്ത രണ്ട് ജന്മങ്ങൾ.. “””
ഇന്ന് ആ വീട്ടിൽ നിന്നും ഇന്ന് ഇറങ്ങി പോകുന്നത് ഒരിക്കലും അവനെ വേദനിപ്പിച്ചു കൊണ്ട് അല്ല.. “” വേദന ഉണ്ടാകുമോ എന്നും അറിയില്ല….
വിദേശത്തേക്ക് പോകാൻ രണ്ട് പേർക്കും ഫാമിലി വിസ കിട്ടിയപ്പോൾ തുടങ്ങിയ അലോഹ്യം ആണ് വീട്ടിൽ.. “” അച്ഛനും അമ്മയും ആയിരുന്നു സംസാര വിഷയം… ചർച്ചയുടെ അവസാനം വൃദ്ധസധനം വരെ എത്തി നിൽകുമ്പോൾ വീണ്ടും അവിടെ പിടിച്ചു നില്കാൻ തോന്നിയില്ല.
. “”ഞങ്ങൾ വളർത്തി വലുതാക്കിയവൻ തന്നെ അനാഥലായത്തിൽ കൊണ്ട് ചെന്നു തള്ളുന്നതിലും ഭേദം അല്ലെ സ്വയം ഒരു ഒഴിഞ്ഞു പോക്ക്..
വേണ്ട…”” ആ പാപം കൂടി അവന്റെ തലയിൽ പേറേണ്ട..” ഇവിടെയും അവനോടുള്ള വാത്സലുമാണോ എന്റെ കണ്ണ് മൂടി കെട്ടുന്നത് അറിയില്ല.. ആയിരിക്കും.. “”
പലതും ആലോചിച്ചു മുൻപോട്ട് നടക്കുമ്പോൾ ചുറ്റും ഒന്ന് കണ്ണുകൾ കൊണ്ട് പരതി..
നാല്പത് വർഷം ഒരു നീണ്ട കാലയളവ് തന്നെയാണ് ഒരുപാട് മാറ്റങ്ങൾ വന്നിരിക്കുന്നു വണ്ടി താവളത്തിൽ നിന്നും വന്നു കഴിഞ്ഞ് കൂട്ടുകാർക്കൊപ്പം സൊറ പറഞ്ഞിരുന്ന സായാഹ്നം ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത തരത്തിൽ അസ്‌തമിച്ചിരിക്കുന്നു…..
പഴയ കലുങ്കുകൾ ഇന്നില്ല.. “” മണലിന്റെ തണുപ്പ് നിറഞ്ഞ പാതയ്ക്ക് പകരം കറുത്ത ടാറിന്റെ ചൂട് ദേഹത്തേക്ക് അരിച്ച് കയറുന്നു…
അന്ന് സൊറ പറഞ്ഞ് ഉറക്കെ ചിരിച്ചിരുന്ന കൂട്ടുകാരിൽ പലരും ഇന്നില്ല… ഉള്ളവർ ഞങ്ങളെ പോലെ തന്നെ വലിയ മതിലുകൾക്ക് ഉള്ളിൽ തുരുമ്പിച്ചു തുടങ്ങി കാണും..”’ ചില മതിലുകൾക്ക് ഉള്ളിലേക്കു കണ്ണുകൾ പോയി.. “” സൗഹൃദങ്ങളെ തേടി..
ഇല്ല ഇനി കാണില്ല ആ സൗഹൃദങ്ങൾ.. ” ഒരു വേലിക്ക് അപ്പുറം ഓടി വന്നിരുന്ന സൗഹൃദങ്ങൾ എന്നോ നഷ്ടം ആയി കഴിഞ്ഞിരിക്കുന്നു… ആരുടെയും കുറ്റം അല്ല…
കാലത്തിനനുസരിച്ചു ആജ്ഞകൾ മാറി വന്നു…. അനുസരിക്കാതെ ഇരിക്കാൻ ആർക്കും കഴിയില്ല.. “”
വേണ്ട ആരും അറിയണ്ട.. “” പിന്നിട്ട വഴികൾ ഇനി ഇല്ല എന്ന ഓർമ്മപ്പെടുത്താലോടെ അവളുടെ ആ വലം കൈയിൽ ഒന്ന് കൂടി പിടി മുറുക്കി ഞാൻ…
പണ്ട് ഒപ്പം നടക്കാൻ വിളിച്ച അതെ ആവേശത്തിൽ തന്നെയാണ് അവൾ ഇന്ന് എന്റെ കൂടെ ഇറങ്ങിയത്..”പക്ഷെ അറിയില്ല പാവത്തിന് എല്ലാം ഉപേക്ഷിച്ചു ആണ് പോകുന്നത് ഇനി ഒരു തിരിച്ചു വരവില്ല എന്ന്….
ജീവിക്കാൻ ഉള്ള തത്ര പാടിൽ പലപ്പോഴും അവകളുടെ ആഗ്രഹങ്ങൾക്ക് കൂച്ചു വിലങ് തീർത്തു ഞാൻ…. അവളുടെ മാത്രം ആഗ്രഹങ്ങൾക്ക് എന്ന് പറയുന്നത് ആകും അതിന്റെ ശരി…..
അവസാനനാളുകളിൽ കൈ പിടിക്കാൻ അവൾ മാത്രമേ കൂടെയുള്ളൂ എന്ന തിരിച്ചറിവിൽ ആണ് ആ പാവത്തിന്റെ ബാക്കി വച്ച സ്വപ്നങ്ങളെ കുറിച്ച് ഞാൻ ചിന്തിച്ചു തുടങ്ങിയത്… “” “”
പാതി വഴിയിൽ അവൾ ബാക്കി വെച്ച ഒരു ആഗ്രഹം….അല്ലങ്കിൽ പറഞ്ഞ് മടുത്തത്…..മൂകാംബിക ദേവിയുടെ സന്നിധി…അവിടേക്ക് ആണ് ഇന്ന് യാത്ര…..
ചിരിയോടെ ആ കൈയിൽ ഒന്നു കൂടി പിടി മുറുക്കുമ്പോൾ വളയം പിടിച്ചു തഴമ്പിച്ച എന്റെ കൈയിലേക് അവളിലെ ആ പഴയ തണുപ്പ് തന്നെ ആയിരുന്നു അരിച്ച് ഇറങ്ങിയത്……