അമ്മേന്റെ കല്യാണം
(രചന: ശ്യാം കല്ലുകുഴിയിൽ)
ഞായറാഴ്ച രാവിലെ പാണ്ടി ലോറി കയറിയ തവളയെ പോലെ കട്ടിലിൽ കമഴ്ന്നടിച്ചു കിടക്കുമ്പോൾ ആണ് മുതുകിന് ആരുടെയോ കൈ പതിഞ്ഞത്.
പുറം തടവിക്കൊണ്ട് എഴുന്നേറ്റ് നോക്കുമ്പോൾ നടുവിന് കയ്യും കൊടുത്ത് അമ്മ നിൽപ്പുണ്ട്…
” എന്താ അമ്മേ, ഇന്ന് ഞായറാഴ്ച അല്ലെ ഒന്ന് കിടന്നോട്ടെ…” മുതുകിന് തടിവിക്കൊണ്ട് ദയനീയമായി അമ്മയോട് പറഞ്ഞു…
” പുന്നരമോൻ എഴുന്നേൽക്കുമ്പോൾ എന്തേലും അകത്തേക്ക് തള്ളണമെങ്കിൽ എഴുന്നേറ്റ് വിറക് കീറി താ…” അമ്മ ഒരു ഭാവ മാറ്റവും കാണിക്കാതെ നടുവിന് കയ്യും താങ്ങി നിന്നുതന്നെ അത് പറഞ്ഞു….
” ഇന്ന് നമുക്ക് പുറത്ത് പോയി കഴിക്കാം..”അത് പറഞ്ഞ് തല വഴിയേ ഷീറ്റും മൂടി വീണ്ടും കമഴന്ന് കിടന്നു. പിന്നെ ഉറക്കം കഴിഞ്ഞ് കണ്ണ് തുറന്ന് കുറെ നേരം മൊബൈലും തോണ്ടി ഇരുന്ന ശേഷം ഏതാണ്ട് പതിനൊന്ന് മണി കഴിഞ്ഞപ്പോൾ ആണ് എഴുന്നേറ്റ് പുറത്തേക്ക് വരുന്നത്…
” അമ്മേ……”പല്ലും തേച്ച് വന്ന് ടീവിയും ഓൺ ആക്കി അതിനുമുന്നിൽ ഇരുന്ന് കൊണ്ടാണ് അമ്മയെ നീട്ടി വിളിച്ചത്. അല്പം കഴിഞ്ഞപ്പോൾ ഒരു ഗ്ലാസ് തണുത്ത ചായയും ആയി അമ്മ എത്തി..
” ങേ, ഈ തണുത്ത ചായ മാത്രേ ഉള്ളോ, ഇവിടെ തിന്നാൻ ഒന്നുമില്ലേ….”ചായ വാങ്ങി കൊണ്ട് അത് ചോദിക്കുമ്പോൾ അമ്മ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി…
” വല്ലതും അകത്തേക്ക് തള്ളണം എങ്കിൽ വിറക് കീറി തരാൻ മോനോട് അമ്മ പറഞ്ഞായിരുന്നോ….”
” അതിനിവിടെ ഗ്യാസ് ഇല്ലേ അതിൽ വച്ചൂടെ…”” അതിനൊക്കെ ദിവസവും വില കൂട്ടി കളിക്കുകയല്ലേ, അത് കൊണ്ട് അത് അത്യാവശ്യഘട്ടത്തിലെ എടുക്കുള്ളൂ….”
അമ്മ അതും പറഞ്ഞ് അരികിൽ ഇരുന്ന് ടീവിയിൽ ന്യൂസ് വച്ചപ്പോൾ ദേ ബ്രേക്കിങ് ന്യൂസ് കാണിക്കുന്നു പാചക വാതക സിലിണ്ടറിന് വിലകൂട്ടി എന്ന്,
അത് വായിച്ചമ്മ എന്റെ മുഖത്തേക്ക് നോക്കുമ്പോൾ കയ്യിൽ ഇരിക്കുന്ന തണുത്ത ചായ ഒറ്റ വലിക്ക് അകത്താക്കി, ടീവിയിലേക്കും അമ്മയേയും ഞാൻ ദയനീയമായി മാറി മാറി നോക്കി….
” എവിടെ വിറക് ഞാൻ ഇപ്പോൾ കീറി തരാം…”അത് പറഞ്ഞു ഞാൻ ചാടി എഴുന്നേറ്റു…” വിറക് അവിടെ ചായ്പ്പിൽ കിടപ്പുണ്ട്, ഇനി മക്കള് വിറക് കീറിയാലും ഇനി ഒന്നും ഉണ്ടാക്കാൻ വയ്യ എന്റെ മൂഡ് പോയി…”
അത് പറഞ്ഞമ്മ എന്റെ കയ്യിൽ ഇരുന്ന ഗ്ലാസും വാങ്ങി അടുക്കളയിലേക്ക് നടക്കുമ്പോൾ ഞാൻ താടിക് കയ്യും കൊടുത്തിരുന്നു പോയി…
” സ്വപ്‌നം കണ്ടിരിക്കാതെ കുളിച്ചു വാ എനിക്ക് വിശക്കുന്നു…”അടുക്കളയിൽ നിന്ന് പുറത്തേക്ക് അതും പറഞ്ഞു വന്നിട്ട് അമ്മ നേരെ മുറിയിലേക്ക് കയറി.
ഇനിയിപ്പോ നോക്കി ഇരുന്നിട്ട് കാര്യമില്ല, വെറുതെ പട്ടിണി കിടക്കാനെ പറ്റുള്ളൂ, അതുകൊണ്ട് കുളിച്ച് റെഡിയായി വന്നപ്പോഴേക്കും അമ്മയും റെഡിയായി ഇറങ്ങി…
” ഇതെന്താ വല്ല ചെക്കന്മാരെയും കാണാൻ വിളിച്ചിട്ടുണ്ടോ പതിവില്ലാതെ ചുരിദാറോക്കെ ആണല്ലോ…” പതിവില്ലാതെ അമ്മ ചുരിദാർ ഇട്ട് ഇറങ്ങിയപ്പോൾ ഞാൻ ചോദിച്ചുപോയി…
” അതേടാ ബീച്ചിലൊക്കെ നല്ല സ്റ്റൈലൻ ആൺപിള്ളേര് കാണും….”അത് പറഞ്ഞമ്മ ഒന്ന് കൂടി ഷാളും മുടിയും ഒതുക്കി വച്ചു…
” ങേ ബീച്ചിലോ…. അപ്പൊ നമ്മൾ ഹോട്ടലിലേക്ക് അല്ലെ പോകുന്നത്…” ഞാൻ ആശ്ചര്യത്തോടെ വീണ്ടും ചോദിച്ചു…
” പിന്നെ വല്ലപ്പോഴും ആണ് ഒന്ന് പുറത്തേക്ക് ഇറങ്ങുന്നത്, അപ്പോ ഒന്ന് ചുറ്റി അടിച്ചില്ലേ പിന്നെ എന്ത് ജീവിതം ചെറുക്കാ….”
അത് പറഞ്ഞ് എന്റെ കവിളിന് ഒരു കുത്തും തന്ന് അമ്മ ഇറങ്ങുമ്പോൾ, അമ്മ ഇതുപോലെ മുൻപൊന്നും സന്തോഷിച്ചു ഞാനും കണ്ടിട്ടില്ലായിരുന്നു….
ബൈക്കിന്റെ പുറകിൽ അമ്മയെയും ഇരുത്തി പോകുമ്പോൾ ഇടയ്ക്കിടയ്ക്ക് ഞാൻ കണ്ണാടിയിൽ കൂടി ആ മുഖം ശ്രദ്ധിച്ചിരുന്നു, അമ്മ ഇന്ന് വളരെ സന്തോഷവതിയാണ്, ഇനി ഇടയ്‌ക്കൊക്കെ ഇതുപോലെ അമ്മയെയും കൊണ്ട് പുറത്തേക്ക് പോണമെന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നു…
ബീച്ചിൽ എത്തി ബൈക്കിൽ നിന്ന് ഇറങ്ങിയ ഉടനെ അമ്മ സൺ ഗ്ലാസ് എടുത്ത് വച്ചെന്നെ ഒരിക്കൽ കൂടി ഞെട്ടിച്ചിരുന്നു…
” വാ നമുക്ക് ആ മണൽ തിട്ടയിൽ പോയി ഇരിക്കാം…”” പിന്നെ ഈ പൊള്ളുന്ന വെയിലിൽ അവിടെ പോയി ഇരുന്നാൽ കരിഞ്ഞു പോകും, നമുക്ക് ദേ അവിടെ ഇരിക്കാം….”
കുറച്ച് തണലുള്ള ഭാഗത്തേക്ക് കൈ ചൂണ്ടിയാണ് ഞാൻ പറഞ്ഞത്. ഞാൻ അവിടേക്ക് നടക്കുമ്പോൾ എനിക്ക് പിന്നാലെ അമ്മയും അവിടേക്ക് വന്നിരുന്നു…
” ആ പെണ്ണ് കൊള്ളാം അല്ലേടാ…”നമുക്ക് മുന്നിൽ കൂടി നടന്ന് പോകുന്ന പെണ്ണിനെ നോക്കി ഇരിക്കുമ്പോൾ ആണ് അമ്മ എന്റെ തോളിൽ തട്ടി അത് പറഞ്ഞത്,,,,
” ഏത് പെണ്ണ് …”ഞാൻ അറിയാത്ത ഭാവത്തിൽ ആണ് അത് ചോദിച്ചത്, അതിന് അമ്മ തലയാട്ടി ഒന്ന് ചിരിച്ചു കൊണ്ട് ബാഗിൽ നിന്ന് മൊബൈൽ എടുത്ത് നോക്കി ഇരുന്നു..
അൽപ്പം കഴിഞ്ഞാണ് നീല ജീൻസും വെള്ള ഷർട്ടും ധരിച്ച ഒരു മനുഷ്യൻ നമുക്ക് അരികിലേക്ക് നടന്ന് വന്നത്, അയാളെ കണ്ടപ്പോൾ അമ്മ എഴുന്നേറ്റതും, അയാൾ അമ്മയെ നോക്കി ചിരിക്കുന്നതും കണ്ടപ്പോൾ ഞാനും എഴുന്നേറ്റു….
” ഹായ്….”അത് പറഞ്ഞയൾ അമ്മയ്ക്ക് ഷേക്ക് ഹാൻഡ് നൽകിയപ്പോൾ, വയും തുറന്ന് നിന്ന എനിക്കും തരാൻ മറന്നില്ല. ആ കൂട്ടത്തിൽ അമ്മ എന്നെ അയാൾക്ക് പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്തു…
പിന്നെയും എന്നോട് എന്തോ ചോദിക്കാൻ വന്നപ്പോഴാണ് പോക്കറ്റിൽ കിടന്ന എന്റെ മൊബൈൽ ശബ്ദിച്ചു തുടങ്ങിയത്..” ഒരു മിന്നിറ്റേ…”
അത് പറഞ്ഞ് അവർക്കിടയിൽ നിന്ന് അൽപ്പം മാറി ഞാൻ ഫോണിൽ സംസാരിച്ചു തുടങ്ങി, സംസാരിക്കുന്നതിന്റെ കൂടെ എന്റെ കണ്ണുകൾ ഇടയ്ക്ക് അമ്മയുടെ അരികിലേക്കും പൊയ്ക്കൊണ്ടേയിരുന്നു…
പ്രത്യേകിച്ച് ആണുങ്ങളോട്ട് തീരെ സംസാരിക്കാത്ത അമ്മ ആദ്യമായി ആണ് ഒരാളോട് എത്രയും സന്തോഷത്തോടെ സംസാരിക്കുന്നതായി ഞാൻ കാണുന്നത്,
സംസാരിക്കുമ്പോൾ രണ്ടാളുടെയും മുഖത്ത് നല്ല സന്തോഷം ഉണ്ട്, മറ്റുള്ളവരെ ശ്രദ്ധിക്കുന്നത് പോലുമില്ല. ഫോൺ വച്ച് കുറച്ചുകൂടി കഴിഞ്ഞിട്ടാണ് ഞാൻ അവരുടെ അരികിലേക്ക് നടന്നത്….
” വാ നമുക്ക് എന്തേലും കഴിക്കാം…”ഞാൻ അടുത്ത് എത്തിയപ്പോഴാണ് അയാൾ അത് പറഞ്ഞത്, പോകാം എന്ന അർത്ഥത്തോടെ അമ്മ എന്നെ നോക്കി മുന്നോട്ട് നടക്കുമ്പോൾ ഞാനും അവർക്കൊപ്പം നടന്നു.
ഹോട്ടലിൽ കയറി അയാൾ തന്നെയാണ് അമ്മയ്ക്ക് ഇഷ്ടപ്പെട്ട ആഹാരം ഓർഡർ കൊടുത്തത്, ഭക്ഷണം കഴിക്കുന്നതിനിടയിൽ അമ്മ മാത്രം വിളിക്കാറില്ല ” ഉണ്ണി…” എന്നെ പേരെടുത്ത് അയാൾ ഇടയ്ക്ക് എന്നോട് കാര്യങ്ങൾ ചോദിച്ചിരുന്നു…
പോകാൻ നേരം അമ്മയോട് യാത്ര പറയുമ്പോൾ അമ്മയുടെ മുഖത്ത് എന്തോ ഒരു സങ്കടം നിഴലിക്കുന്നത് പോലെ എനിക്ക് തോന്നിയിരുന്നു. പിന്നെ അതികം അവിടെ നിൽക്കാതെ ഞങ്ങളും വീട്ടിലേക്ക് തിരിച്ചു, പോയ ആ സന്തോഷം അമ്മയുടെ മുഖത്ത് ഞാൻ കണ്ടിരുന്നില്ല…
” എന്താ അമ്മ ഒരു വിഷമം പോലെ…”ബൈക്കിൽ ഇരിക്കുമ്പോൾ ആണ് ഞാൻ ചോദിച്ചത്..” ഒന്നുമില്ലടാ ചെറിയ ഒരു തലവേദന..”” ഞാൻ പറഞ്ഞില്ലേ വെയിൽ കൊള്ളേണ്ടന്ന്, അതിന്റെ ആകും…”
ഞാൻ അത് പറഞ്ഞിട്ടും അമ്മ ഒന്നും മിണ്ടിയിരുന്നില്ല. വീട്ടിൽ എത്തിയ ഉടനെ തന്നെ തലവേദന എന്നും പറഞ്ഞ് അമ്മ മുറിയിൽ കയറി കിടന്നു….
” അമ്മ എഴുന്നേൽക്ക്,…”നേരം സന്ധ്യ അയപ്പോഴാണ് വീണ്ടും ചെന്ന് അമ്മയെ വിളിച്ചത്…” നല്ല തലവേദന ഉണ്ടേൽ ആ ഗുളിക എടുത്ത് കഴിക്ക്….”
മിണ്ടാതെ കിടക്കുന്ന അമ്മയുടെ നെറ്റിയിൽ കൈ വച്ചു കൊണ്ട് പറയുമ്പോഴും അമ്മ കണ്ണടച്ച് കിടന്നതെയുള്ളൂ…
” എന്നാൽ ഞാൻ ഒരു കാപ്പി ഇട്ടുകൊണ്ട് വരാം, അപ്പോഴേക്കും എഴുന്നേൽക്കണെ…”ഞാൻ അത് പറഞ്ഞ് എഴുന്നേറ്റ് പോകുമ്പോൾ അമ്മ ഒന്ന് മൂളിയതേയുള്ളൂ..
ഞാൻ കാപ്പി ഇടുമ്പോഴേക്കും അമ്മ എഴുന്നേറ്റ് അടുക്കളയിലേക്ക് വന്നിരുന്നു…” കുറഞ്ഞില്ലേ തലവേദന…”
ഒരു ഗ്ലാസ് ചൂട് കാപ്പി അമ്മയ്ക്ക് നേരെ നീട്ടിക്കൊണ്ട് ചോദിക്കുമ്പോൾ കുറവുണ്ടെന്ന് തലയാട്ടി…” അതേ അകത്തേക്ക് തള്ളിയത് ദഹിച്ചു, ഇനി എന്തേലും ഉണ്ടാക്കണ്ടേ…”
അമ്മയുടെ മൂഡ് മാറാൻ വേണ്ടിയാണ് ഞാൻ അങ്ങനെ സംസാരിച്ചത്…”എനിക്കിനി ഒന്നിനും വയ്യ, നി കടയിൽ നിന്ന് എന്തേലും വാങ്ങ്…”
അമ്മ നെറ്റിയിൽ തടവിയാണ് അത് പറഞ്ഞത്…” അത് വേണ്ട നമുക്ക് ഒരുമിച്ച് ചപ്പാത്തി ഉണ്ടാക്കാം, അമ്മ ഒന്ന് കൂടെ നിന്നാൽ മതി…”
കൊഞ്ചിക്കൊണ്ട് അത് പറയുമ്പോൾ മനസ്സില്ല മനസ്സോടെ എങ്കിലും അമ്മ അത് സമ്മതിച്ചു…
ചപ്പാത്തിക്കുള്ള മാവ് കുഴയ്ക്കുമ്പോഴും, അത് പരത്തുമ്പോഴും അമ്മ ഒന്നും മിണ്ടിയിരുന്നില്ല…
” അല്ല ചോദിക്കാൻ മറന്നു, അത് ആരാ ബീച്ചിൽ കണ്ടയാൾ, ഞാൻ മുൻപ് ഒന്നും കണ്ടിട്ടില്ലലോ…”
” ആ അയാൾ വാങ്ങി തന്നത് തട്ടിവിട്ടിട്ട് ഇപ്പോൾ ആണോ ചോദിക്കുന്നെ…”അമ്മ ചിരിച്ചു കൊണ്ടാണ് അത് പറഞ്ഞത്….
” ഞാൻ കരുതി അമ്മയുടെ ഒപ്പം ഓഫീസിൽ ജോലി ചെയ്ത ആരോ ആണെന്ന്…”അതിന് അമ്മ ഒന്ന് മൂളിയതെ ഉള്ളു…
” പുള്ളി കല്യാണം കഴിച്ചത് അല്ലെ…”കറച്ചു നേരത്തെ മൗനത്തിന് ശേഷമാണ് അത് ചോദിച്ചത്..
” ആള് ഡിവോഴ്സ് ആണ്…”” എന്നാ നമുക്ക് ഒന്ന് ആലോചിച്ചാലോ…”ഞാനത് പറയുമ്പോൾ അമ്മ എന്നെ ഒന്ന് രൂക്ഷമായി നോക്കി…
” എന്ത് ആലോചിക്കാൻ…”” അല്ല പുള്ളിയ്ക്കും ഒരു കൂട്ട് വേണം അമ്മയ്ക്കും ഒരു കൂട്ട് വേണം എന്നാ പിന്നെ….”
ഞാനത് മുഴുവിപ്പിക്കാതെ നിർത്തി..” എനിക് കൂട്ടിന് നീയുണ്ടാലോ, അതോ മക്കളും അമ്മയെ കളഞ്ഞിട്ട് പോവുകയാണോ..”
അമ്മയുടെ ആ ശബ്ദത്തിലെ സങ്കടം എനിക്ക് മനസ്സിലാകുമായിരുന്നു…” അങ്ങനെ അല്ല അമ്മ, അമ്മ ഇത്രയും നാൾ ജീവിച്ചത് നമുക്ക് വേണ്ടി ആയിരുന്നു, കഷ്ടപ്പെട്ട് തന്നെയാണ് ചേച്ചിയെ കെട്ടിച്ചു വിട്ടതും എന്നിട്ടോ, ആ പോയ വഴി പോയിട്ട് അമ്മയെ കുറിച്ച് അന്വേഷിക്കുന്നത് പോലുമില്ല,..”
അമ്മ അതിനൊന്ന് മൂളിയതെ ഉള്ളു…” ഒരു കുടുംബം ആകുമ്പോൾ എല്ലാവരുടെയും അവസ്‌ഥ ഇത് തന്നെ, അതാണ് പറഞ്ഞത് തനിച്ചായി പോകാതെ അമ്മയ്ക്കും ഒരു കൂട്ട് വേണമെന്ന്…
അമ്മയ്ക്ക് അത്ര അടുപ്പവും വിശ്വാസവും ഉള്ളത് കൊണ്ടല്ലേ പുള്ളിയോട് ഫ്രീ ആയി സംസാരിച്ചതും ഇടപെഴുകിയതും. നമ്മളെ മനസ്സിലാക്കുന്ന നമ്മൾക്ക് വിശ്വാസം ഉള്ള ആളല്ലേ എന്നും കൂട്ടിന് വേണ്ടത്…..”
ഞാൻ അത് പറയുമ്പോഴും അമ്മയിൽ മൗനം മാത്രമായിരുന്നു. അന്ന് പിന്നെ ഞങ്ങൾ അതിനെ കുറിച്ച് ഒന്നും സംസാരിച്ചില്ല…
രാത്രി കിടക്കുമ്പോഴും എന്റെ ചിന്ത പുള്ളിയെ കുറിച്ച് ആയിരുന്നു. പുള്ളിയുടെ സാനിധ്യത്തിൽ അമ്മ കൂടുതൽ സന്തോഷവതിയാണ് അത് കൊണ്ട് തന്നെയാണ് അമ്മയുടെ ഫെസ്ബൂക് അകൗണ്ടിൽ തപ്പി പുള്ളിയുടെ ഡീറ്റൈൽസ് എടുത്തത്.
അതിൽ കയറി ഒരു മെസ്സേജ് ഇട്ടയുടനെ തന്നെ മറുപടിയും വന്നു. നാളെ നേരിട്ട് കാണാം എന്ന വാക്കോടെ സംസാരം നിർത്തുമ്പോൾ നാട്ടുകാരും കുടുംബക്കാരും എങ്ങനെ ഇതിനെ കാണുമെന്നായിരുന്നു എന്റെ ചിന്തകൾ….
പിറ്റേന്ന് രാവിലെ ഞാൻ ജോലിക്ക് ഇറങ്ങുമ്പോഴേക്കും പതിവ്പോലെ അമ്മ ആഹാരം എല്ലാം റെഡിയാക്കി കഴിഞ്ഞിരുന്നു…
” അതേ ഞാൻ ഇന്ന് പുള്ളിയെ കാണും കേട്ടോ….”ചോറും എടുത്ത് ഇറങ്ങുമ്പോഴാണ് തിരിഞ്ഞു നിന്ന് അമ്മയോട് പറഞ്ഞത്, അപ്പോൾ ആ മുഖത്ത് പ്രത്യേക ഭാവ മാറ്റങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല…
കഴിഞ്ഞ ദിവസം പറഞ്ഞത് വച്ച് ചോദിച്ചും പറഞ്ഞും പുള്ളിയുടെ വീട്ടിൽ എത്തി, ചെറിയ വീട് ആണേലും നല്ല വൃത്തിയായി സൂക്ഷിച്ചിട്ടുണ്ട്, മുറ്റത്ത് പല തരത്തിലുള്ള ചെടികളിൽ പൂവ് വിരിഞ്ഞു നിൽപ്പുണ്ട്, ഞാൻ കയറി ചെല്ലുമ്പോൾ മുറ്റത്ത് തന്നെ പുള്ളി നിൽപ്പുണ്ട്…
” കയറി വാ ഉണ്ണി…”ചിരിച്ചുകൊണ്ട് പുള്ളി ഉള്ളിലേക്ക് ക്ഷണിക്കുമ്പോൾ ഞാൻ ഉമ്മറത്തേക്ക് കയറി…” കുടിക്കാൻ ചായ വേണോ, അതോ തണുത്തത് എന്തേലും മതിയോ…”
” ഇപ്പൊ ഒന്നും വേണ്ട….”ഞാനത് പറയുമ്പോൾ പുള്ളി എന്റെ അരികിലായി കസേര വലിച്ചിട്ട് ഇരുന്നു….” എങ്ങനെ പറഞ്ഞു തുടങ്ങണം എന്നെനിക്ക് അറിയില്ല, ഞങ്ങളുടെ കുട്ടിക്കാലത്തെ അച്ഛൻ നഷ്ടപ്പെട്ടതാണ്, അമ്മ ഒരുപാട് ബുദ്ധിമുട്ടി തന്നെയാണ് ഞങ്ങളെ പഠിപ്പിച്ചതും, പലരും പറഞ്ഞു കല്യാണം കഴിക്കാൻ പക്ഷെ അമ്മ അതിന് തയ്യാറല്ലായിരുന്നു…
അമ്മയ്ക്ക് കൂട്ടിന് ഒരാൾ വേണമെന്ന് കുറെ ആയി ഞാൻ ചിന്തിക്കുന്നു, പക്ഷെ അത് അമ്മയോട് പറയാൻ എന്തോ ഒരു പേടിയായിരുന്നു,
കഴിഞ്ഞ ദിവസം നിങ്ങളെ ഒരുമിച്ച് കണ്ടപ്പോൾ ആണ് അമ്മ വീണ്ടും പഴയത് പോലെ സന്തോഷത്തോടെ ഇരിക്കുന്നത് ഞാൻ കണ്ടത്. അമ്മ അതുപോലെ ആരോടും അടുത്ത് ഇടപെഴുകി ഞാൻ കണ്ടിട്ടില്ല….
നിങ്ങൾ തമ്മിൽ എത്രമാത്രം അടുത്തറിയാം എന്നോ, നിങ്ങൾക്ക് ഒരുമിച്ചു ജീവിക്കൻ താല്പര്യം ഉണ്ടോ എന്നോ ഒന്നും എനിക്കറിയില്ല, എങ്കിലും അമ്മയുടെ സന്തോഷം കണ്ടപ്പോൾ ചോദിക്കണം എന്ന് തോന്നി, ഒരുപക്ഷേ ചോദിച്ചില്ലെങ്കിൽ അതൊരു നഷ്ടമായി മാറരുത് ആർക്കും….”
കാര്യങ്ങൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞ് നിർത്തുമ്പോൾ പുള്ളിയുടെ മുഖത്ത് ഒരു പുഞ്ചിരി മാത്രമേ ഉണ്ടായിരുന്നുള്ളു….
” ഇതേ കാര്യം ഉണ്ണിയുടെ അമ്മയോട് ഞാനും പലപ്പോഴായി പറഞ്ഞതാണ്, പക്ഷെ അവളുടെ ഉള്ളിൽ ഇഷ്ടം ഉണ്ടെങ്കിലും ഇപ്പോഴും സമൂഹത്തെ പേടിയാണ്, അവർ എന്ത് ചിന്തിക്കും, തന്നെ മോശമായി കാണുമോ അങ്ങനെ കുറെ ചിന്തകൾ….”
അല്പനേരത്തെ മൗനത്തിന് ശേഷമാണ് പുള്ളി സംസാരിച്ചു തുടങ്ങിയത്….” എനിക്കവളെ മനസ്സിലാകും, സത്യത്തിൽ എന്റെ നിർബന്ധത്തിന്റെ പുറത്ത് നമ്മൾ തമ്മിൽ കാണാൻ വേണ്ടി തന്നെയാണ് കഴിഞ്ഞ ദിവസം ബീച്ചിൽ വന്നത്,
ഒരുപക്ഷേ അമ്മയ്ക്ക് ഇതൊക്കെ സ്വന്തം മോനോട് പറയാൻ ബുദ്ധിമുട്ട് ഉണ്ടാകും… എത്ര കാലം വേണമെങ്കിലും അവൾക്ക് വേണ്ടി കാത്തിരിക്കാനും ഞാൻ തയ്യാറാണ്…”പുള്ളി അത് പറഞ്ഞു നിർത്തുമ്പോൾ അൽപ്പനേരം നമുക്കിടയിൽ മൗനം ഉടലെടുത്തു….
” ഞാൻ നിങ്ങളുടെ കാര്യം പറയുമ്പോൾ അമ്മ മിണ്ടതേ ഇരിക്കുന്നത് അല്ലാതെ മറുത്തൊന്നും പറഞ്ഞില്ല അതിൽ നിന്ന് മനസ്സിലാകും ഈ ബന്ധത്തിൽ താല്പര്യ കുറവ് ഇല്ലെന്ന്. ഞാൻ ഒന്ന് കൂടി സംസാരിക്കാം അമ്മയോട്….”
അത് പറഞ്ഞ് അവിടെനിന്ന് ഇറങ്ങുമ്പോൾ ആദ്യം ചേച്ചിയെ ആണ് വിളിച്ചത്….” ഈ വയസ്സാം കാലത്ത് അമ്മയ്ക്ക് വേറെ ജോലിയില്ലേ ഇത് വെറുതെ നാട്ടുകാരെ കൊണ്ട് പറയിപ്പിക്കാൻ, നീയും അതിന് കൂട്ട് നിൽക്കുകയാണോ…”
ഞാൻ കാര്യങ്ങൾ പറഞ്ഞു തീരുംമുന്നെ മറുതലയിൽ അവളുടെ ശബ്ദം ഉയർന്നു…” എന്തൊക്കെ ആയാലും അമ്മ സമ്മതിച്ചൽ ഇത് നടക്കും…”
അത്രമാത്രം പറഞ്ഞ് ഞാൻ കാൾ കട്ട് ചെയ്തു. വൈകുന്നേരം വീട്ടിൽ എത്തുമ്പോൾ അമ്മ ടീവിയുടെ മുന്നിൽ ഇരിപ്പുണ്ട്. എന്നെ കണ്ടപ്പോൾ കയ്യിൽ ഇരുന്ന മൊബൈൽ താഴെ വച്ച് ടീവിയിൽ നോക്കിയിരുന്നു. ആ മുഖം കണ്ടപ്പോൾ മനസ്സിലായി പുള്ളി കാര്യങ്ങൾ എല്ലാം അമ്മയോട് പറഞ്ഞിട്ടുണ്ട് എന്ന്…
” എന്താണ് മുഖത്ത് ഒരു ഗൗരവം….”കുളി കഴിഞ്ഞ് വന്ന് അമ്മയുടെ അരികിൽ വന്നിരുന്നു കൊണ്ടാണ് അത് ചോദിച്ചത്…” എനിക്ക് എന്ത് ഗൗരവം പടാ…”
അത് പറഞ്ഞമ്മ വീണ്ടും ടീവിയിൽ ശ്രദ്ധിച്ചപ്പോൾ ഞാൻ ആ മടിയിൽ തല വച്ചു കിടന്നു…” ഞാൻ ഇന്ന് പുള്ളിയെ കണ്ടിരുന്നു…”
അമ്മയുടെ കൈ പിടിച്ച് തലയിൽ വച്ചുകൊണ്ടാണ് അത് പറഞ്ഞത്, അമ്മ ഒന്ന് മൂളിക്കൊണ്ട് തലയിൽ മസാജ് ചെയ്ത് കൊണ്ടിരുന്നു…
” എന്തിനാ അമ്മ നമ്മൾ നാട്ടുകാരെ നോക്കുന്നത്, ഇവരൊക്കെ നമ്മളെ ദ്രോഹിക്കുക അല്ലാതെ ഇവരെ കൊണ്ടൊന്നും നമുക്ക് ഒരു ഉപയോഗവുമില്ല, നമ്മുടെ സന്തോഷം നമ്മൾ തന്നെ കണ്ടെത്തണം….”
അതിനും അമ്മയ്ക്ക് മറുപടി മൂളൽ മാത്രം ആയിരുന്നു…” ഈ പ്രായത്തിൽ വിവാഹം കഴിക്കുന്നത് തനിച്ചകുമ്പോൾ നമുക്ക് ഒരു താങ്ങ് ആകാൻ അല്ലെ അല്ലാതെ നാട്ടുകാർ പറയുന്നത് പോലെ വയസ്സാം കാലത്ത് വേറെ ഒന്നിന്റേം സൂക്കേട് അല്ലല്ലോ, അല്ലെ തന്നെ നാട്ടുകാരെ നമ്മൾ എന്തിനാ ബോധിപ്പിക്കുന്നത് അമ്മേ…. അവളോട് ഞാൻ കാര്യം പറഞ്ഞിട്ടുണ്ട്…”
അപ്പോഴും അമ്മ വേറെ എന്തോ ചിന്തയിൽ ഒരു മൂളലിൽ മറുപടി ഒതുക്കി…അന്ന് അത്താഴം കഴിക്കുമ്പോഴും അമ്മ മറ്റെന്തോ ചിന്തയിൽ തന്നെ ആയിരുന്നു…” നീ ഉറങ്ങിയോ…”
അത്താഴം കഴിച്ച് കിടന്ന് കുറെ കഴിഞ്ഞപ്പോഴാണ് മുറിയിലേക്ക് അമ്മ വന്നത്. ലൈറ്റ് തെളിയിക്കാതെ കട്ടിലിൽ എന്റെ അരികിൽ വന്നിരുന്നു…” എന്താ അമ്മേ….”” നിനക്ക് എന്നോട് ദേഷ്യം ഉണ്ടോ….”
” എന്തിനാ അമ്മേ ദേഷ്യം….”എന്റെ ആ ചോദ്യത്തിന് അമ്മയിൽ നിന്ന് മറുപടി ഒന്നും ഉണ്ടായിരുന്നില്ല…” അച്ഛൻ മരിച്ചതിൽ പിന്നേ ഇത്രയും നാൾ അമ്മ ഞങ്ങൾക്ക് വേണ്ടിയല്ലേ ജീവിച്ചത്… എന്നെയും ചേച്ചിയെയും നല്ലത് പോലെ പഠിപ്പിച്ചു, അവളെ നല്ലനിലയിൽ കെട്ടിച്ചു വിട്ടു,
എനിക്കണേൽ ജോലിയും ആയി… ഇനി തനിച്ചയി പോകുന്നത് അമ്മ മാത്രമാണ്. എല്ലാ കടമകളും നിറവേറ്റിയല്ലോ ഇനി ആർക്കും കുറ്റംപറയാൻ ഒന്നുമില്ല….”
ഞാൻ അത് പറഞ്ഞ് ഏറെ നേരം കഴിഞ്ഞും അമ്മയുടെ ഭാഗത്ത് മൗനം മാത്രമായിരുന്നു….
” അതേ പോയെ പോയെ,,, എനിക്ക് ഉറങ്ങണം….”അത് പറഞ്ഞ് അമ്മയെ മുറിയിലേക്ക് വിട്ടത് പിന്നെയും ഓരോന്ന് ആലോചിച്ചിരിക്കതിരിക്കാൻ വേണ്ടിയായിരുന്നു….
പിന്നെ ആരുടെയും സമ്മതത്തിനോ, ഉപദേശത്തിനോ കാത്തു നിന്നില്ല, നാളും, സമയവും, ജാതകവും, പൊരുത്തവും ഒന്നും ഇല്ലാതെ രജിസ്റ്റർ ഓഫീസിൽ വച്ച് വിവാഹം രജിസ്റ്റർ ചെയ്യുമ്പോൾ അമ്മയുടെ സാക്ഷിക്കായി മകൻ തന്നെ ഒപ്പിട്ടു….
തിരികെ വീട്ടിൽ എത്തുമ്പോൾ മതിലുകൾക്ക് അപ്പുറം മൂക്കത്ത് വിരൽ വച്ച ചേച്ചിമാരേയും, പുച്ഛത്തോടെ നോക്കുന്ന ചേട്ടന്മാരുടെയും ഞങ്ങൾ കണ്ടില്ലെന്ന് നടിച്ചു, അല്ല അവരുടെ നോട്ടങ്ങളിൽ ആവിയായി പോകുന്നതല്ല ഞങ്ങളുടെ സന്തോഷങ്ങൾ എന്ന് ഞങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നു….
“എന്താടാ ചിരിക്കുന്നെ…”സന്തോഷം നിറഞ്ഞ, മനസ്സോടെ ചിരിക്കുന്ന അമ്മയുടെ മുഖത്ത് നോക്കി നിന്ന് പോകുമ്പോഴാണ് ആ ചോദ്യം അമ്മ ചോദിക്കുന്നത്…
” ഏയ് ഒന്നുമില്ല, ഇനിയിപ്പോ നാളെ മുതൽ ഞാനും ബീച്ചിൽ പോയി ഇരിക്കും വഴിതെറ്റിയെങ്കിലും ആരെങ്കിലും വന്നാലോ….”
” അത് സരമില്ല ഉണ്ണി കമ്പനിക്ക് ഞങ്ങളും വരാം, അഥവാ ബിരിയാണി നമുക്കും കിട്ടിയാലോ….” പുള്ളിക്കാരൻ അത് പറയുമ്പോൾ വീട്ടിൽ വീണ്ടും സന്തോഷത്തിന്റെ ഉച്ചത്തിലുള്ള ചിരികൾ അലയടിച്ചു…….