(രചന: J. K)
“” നല്ല ഇടത്തേക്കാ വലതുകാൽ വച്ച് വന്ന് കേറിയത്.. ഇനി നിന്റെ കഷ്ടകാലം മാത്രമേ ഇവിടെ ഉണ്ടാവു മോളെ… “”
വിവാഹം കഴിഞ്ഞ് വന്ന എന്നോട് ഏടത്തിയമ്മ പറഞ്ഞു തന്ന വാക്കുകളാണ് ഇത്… ഭർത്താവിന്റെ അമ്മയെ പറ്റി… അത് കേട്ടതും എന്തോ എനിക്കൊരു ഭയം പോലെ തോന്നി.
എല്ലാ ആഗ്രഹങ്ങളോടും മോഹങ്ങളോടും കൂടി ഈ വീട്ടിലേക്ക് വലതുകാൽ വച്ച് കയറി വന്നതാണ് പുതിയൊരു ജീവിതം തുടങ്ങാൻ വേണ്ടി..
ഒരേ ഒരു പ്രാർത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളൂ കണ്ണ് നിറയാൻ ഇടയാക്കരുതേ എന്ന് കാരണം ഒരായുസ്സിന് കരയാനുള്ളത് മുഴുവൻ ഈ പ്രായത്തിനിടയ്ക്ക് ഞാൻ കരഞ്ഞുതീർത്തിട്ടുണ്ട്…
ഒരു പാവം ആയിരുന്നു അമ്മ വിവാഹം കഴിഞ്ഞ് ഞാൻ ആ വയറ്റിൽ മൂന്നുമാസം പ്രായം ആയപ്പോഴാണ് അച്ഛന് രഹസ്യമായി വേറെ ഭാര്യയുണ്ട് എന്ന് അറിയുന്നത് തകർന്നു പോയിരുന്നു ആ പാവം..
പക്ഷേ പിന്നെയും അയാളുടെ വീട്ടിൽ നിന്ന് ആത്മാഭിമാനം പണയം വയ്ക്കാൻ അമ്മ തയ്യാറായിരുന്നില്ല..
ഗർഭിണിയായിരുന്ന അവർ ആ പടിയിറങ്ങി സ്വന്തം വീട്ടിലേക്ക് പോയി അവിടെയും വലിയ സ്വീകരണം ഒന്നും ഉണ്ടായിരുന്നില്ല എങ്കിലും അമ്മ തന്നെ ജോലിക്ക് പോയി എന്നെ വളർത്തി…
പെൺകുട്ടികൾ സ്വന്തം കാലിൽ നിൽക്കണം എന്ന് തന്നെയായിരുന്നു അമ്മയുടെ നിലപാട്… അതിനായി എന്നെ എന്ത് വിലകൊടുത്തു എത്ര വേണമെങ്കിലും പഠിപ്പിക്കാൻ അമ്മ തയ്യാറായിരുന്നു..
അമ്മയുടെ ആശയ്ക്കൊത്ത് അത്യാവശ്യം തരക്കേടില്ലാതെ ഞാനും പഠിച്ചു പോന്നു..
അമ്മ വളരെയധികം കഷ്ടപ്പെട്ടിരുന്നു എന്നെ പഠിപ്പിക്കാനും പിന്നെ വീട്ടിലെ ചിലവിനും എല്ലാം കൂടി….
അമ്മ അച്ഛനെ ഉപേക്ഷിച്ച് അങ്ങോട്ട് ചെന്നതോടുകൂടി അമ്മാവന്മാർ എല്ലാരും വേറെ വീട് വെച്ച് മാറിയിരുന്നു…
അതോടെ അച്ഛച്ചനെയും അമ്മൂമ്മയെയും നോക്കാനുള്ള ഉത്തരവാദിത്വം അമ്മയ്ക്കായിരുന്നു അമ്മയ്ക്ക് അതിൽ സന്തോഷവും ആയിരുന്നു വയസ്സായപ്പോൾ അവരുടെ ചികിത്സ ചെലവും വീട്ടുകാര്യവും എന്റെ പഠിപ്പും എല്ലാംകൊണ്ടും ആ പാവം വളരെയധികം കഷ്ടപ്പെട്ടു..
എങ്കിലും അമ്മ ഒന്നിനും ഒരു കുറവും വരുത്തിയിരുന്നില്ല.. ഒടുവിൽ വിധിയും ഞങ്ങൾക്കെതിരായി..
അമ്മയ്ക്ക് ദേഹത്ത് മുഴുവൻ നീരായിട്ടാണ് ആദ്യം വന്നത്.. അതൊന്നും അമ്മ അത്ര കാര്യമാക്കിയില്ല വീണ്ടും ജോലിക്ക് പോയി മുഖത്ത് അടക്കം നീര് വന്ന് വല്ലാതെ ആയപ്പോഴാണ് ഡോക്ടറുടെ അരികിൽ പോയത്…
അമ്മയുടെ കിഡ്നിക്ക് ആയിരുന്നു ചെറിയ പ്രശ്നം.. ഭാരമുള്ള ജോലികൾ ഒന്നും ഇനി ചെയ്യരുത് എന്ന് ഡോക്ടർമാർ പറഞ്ഞു..
തന്നെയുമല്ല അമ്മയുടെ ചികിത്സയ്ക്ക് ആവശ്യമുള്ള മരുന്നിനെല്ലാം നല്ല വിലയായിരുന്നു. എത്ര പറഞ്ഞാലും അമ്മ വാശിപിടിച്ച് മരുന്നൊന്നും വാങ്ങില്ല..
അങ്ങനെയാണ് എല്ലാവരും നിർദ്ദേശിച്ച പ്രകാരം എന്നെ പഠിപ്പിച്ചു ജോലി നേടി തരുക എന്ന ലക്ഷ്യം മറന്ന് അമ്മ എന്നെ വിവാഹം ചെയ്തു നൽകാമെന്ന് തീരുമാനിച്ചത് അമ്മയ്ക്ക് പേടി…
അമ്മ കൂടി ഇല്ലാതായാൽ ഞാൻ ഒറ്റപ്പെട്ടു പോകുമോ എന്ന് എനിക്ക് ആരും തുണയുണ്ടാവില്ലേ എന്ന്..
അങ്ങനെയാണ് ശ്രീജിത്തേട്ടന്റെ വിവാഹാലോചന വരുന്നത്… മൂന്നാൺ കുട്ടികളായിരുന്നു അവർക്ക്… രണ്ടാമത്തേത് ആയിരുന്നു ശ്രീജിത്തേട്ടൻ മൂത്തത് അജിത്തേട്ടൻ അവരുടെ കല്യാണം കഴിഞ്ഞ് അവർ വേറെ വീട് വെച്ച് മാറി… വീട്ടിൽ ശ്രീജിത്തേട്ടനും അനിയൻ സുജിത്തും മാത്രമാണ് ഉള്ളത്…
ചെറുപ്പം മുതലേ അമ്മ പറഞ്ഞു പറഞ്ഞ് ഒരു ജോലി നേടിയെടുക്കണം എന്ന ആഗ്രഹം മനസ്സിൽ വല്ലാതെ ഉണ്ടായിരുന്നു..
അതിനിടയിലാണ് വിധി എല്ലാം മറിച്ച് എഴുതിയത് ഈ വിവാഹം ഉൾക്കൊള്ളാൻ തന്നെ ആദ്യം പ്രയാസമായിരുന്നു എങ്കിലും ഏറെ പ്രതീക്ഷകളോടെയാണ് ഈ വീട്ടിലേക്ക് കാലെടുത്തുവച്ചത് അപ്പോഴാണ് ഏടത്തിയമ്മയുടെ വക ഉപദേശം..
ഇവിടെ അടുത്തുള്ളവരെല്ലാം പറഞ്ഞത് ശ്രീജിത്തിന്റെ അമ്മ ഒരു നല്ല സ്ത്രീയാണ് എന്നായിരുന്നു പക്ഷേ കൂടെ നിന്ന് ഏടത്തിയമ്മ ഇങ്ങനെയൊക്കെ പറയുമ്പോൾ എന്തോ ഒരു ഭയം കൂടെ നിൽക്കുന്ന ആൾക്കല്ലേ അമ്മയുടെ സ്വഭാവം കൂടുതൽ അറിയുക..
“” അമ്മ ഒന്നും ചെയ്യാൻ സമ്മതിക്കില്ല എല്ലാം അമ്മയുടെ നിർദ്ദേശപ്രകാരം മാത്രമേ ഇവിടെ നടക്കൂ… ഇവിടെ ഏകാധിപത്യമാണ് മോളെ അമ്മ പറയുന്നത് മാത്രമേ ഇവിടെ നടക്കു…
സ്വന്തം കാര്യം പോലും അമ്മയുടെ ഇഷ്ടത്തിന് ചെയ്യണം അത് സഹിക്കാൻ വയ്യാത്തതുകൊണ്ടാണ് ഏട്ടനെയും കുട്ടി ഞങ്ങൾ മാറി താമസിച്ചത്…
നീയും വിട്ടുകൊടുക്കരുത്… എത്രയും പെട്ടെന്ന് ശ്രീജിത്തിനെയും വിളിച്ച് വല്ല വാടക വീട്ടിലേക്ക് മാറിയാൽ നിനക്ക് കൊള്ളാം… “”
എന്നും ഉപദേശിച്ച ഏടത്തിയമ്മ പോയി എന്ത് ചെയ്യണം എന്നറിയാതെ ഞാൻ നിന്നു..ഏതായാലും നനഞ്ഞു ഇനി കുളിച്ചിറങ്ങാം എന്ന് കരുതി വേറെ വഴിയില്ലല്ലോ..അമ്മയെ കണ്ടപ്പോഴേ മനസ്സിലായിരുന്നു അമ്മ ആള് സ്ട്രിക്ട് ആണ് എന്ന്…
പക്ഷേ ഏടത്തിയമ്മയുടെ പറച്ചിലാണ് എന്നെ കൂടുതൽ കുഴപ്പത്തിലാക്കിയത് എങ്കിലും അങ്ങോട്ട് ഒരു പ്രശ്നത്തിലും പോകേണ്ട സ്വന്തം കാര്യം മാത്രം നോക്കി ഇവിടെ നിൽക്കാമെന്ന് കരുതി ശ്രീജിത്തേട്ടനോട് ഞാൻ ഇതിനെപ്പറ്റി സംസാരിച്ചില്ല…
നാളുകൾ പോകെ എനിക്ക് മനസ്സിലായി ഏടത്തി പറഞ്ഞതെല്ലാം കളവാണ് എന്ന്…ലീവെടുത്തത് മതി ഇനി കോളേജിലേക്ക് പോകാൻ പറഞ്ഞത് അമ്മയായിരുന്നു..
കേട്ടപ്പോൾ അത്ഭുതം ആയിരുന്നു ഏടത്തി പറഞ്ഞത് ഒന്നിനും ഇവിടെനിന്ന് ആരെയും എങ്ങോട്ടും വിടില്ല എന്നായിരുന്നു…
അതുകൊണ്ടുതന്നെ കോളേജിലേക്ക് എങ്ങനെ പോകും എന്ന് ആലോചിച്ച ഇരിക്കുകയായിരുന്നു.
ഇത് അമ്മ തന്നെയാണ് കോളേജിലേക്ക് നാളെ മുതൽ പൊയ്ക്കോളൂ എന്ന് പറഞ്ഞത് അവിടെയുള്ള ജോലികൾ എല്ലാം അമ്മ വേഗം ചെയ്യും എന്നെക്കൊണ്ട് ഒന്നും ചെയ്യിപ്പിക്കില്ല..
ചോദിക്കുമ്പോൾ പറയും ഇപ്പോൾ പഠിക്കാനുള്ള സമയമാണ് പോയിരുന്നു പഠിച്ചോളൂ എന്ന്..
പറഞ്ഞതുപോലെയല്ല അമ്മയുടെ സ്വഭാവം എന്നെനിക്ക് മനസ്സിലായിരുന്നു..പിന്നെ അറിയാൻ പറ്റിയത് ഏടത്തി അമ്മയുടെ സ്വഭാവം കൊണ്ടാണ് അവർക്ക് അവിടെ നിന്നും മാറേണ്ടി വന്നത് എന്ന്…
അജിത്തേട്ടനോട് ഓരോന്ന് പറഞ്ഞു കൊടുത്ത് വെറുതെ അമ്മയോട് പ്രശ്നമുണ്ടാക്കലായിരുന്നത്രെ ഏടത്തിയമ്മയുടെ മെയിൻ പണി അതുകൊണ്ട് തന്നെയാണ് അമ്മ അവിടെ നിന്ന് മാറിക്കോളാൻ പറഞ്ഞത്
അമ്മയ്ക്ക് ആരുമായും വഴക്കിടുന്നത് ഇഷ്ടമല്ലായിരുന്നു ദൂരെയാണെങ്കിലും എല്ലാവരും സന്തോഷത്തോടുകൂടി ഇരിക്കണം എന്നെ ഉണ്ടായിരുന്നുള്ളൂ…
പലപ്പോഴും എന്റെ അമ്മയുടെ പോലെ തോന്നി ആ അമ്മയെ..എന്റെ അമ്മയ്ക്ക് വയ്യാതാകുമ്പോഴേക്കും ശ്രീജിത്തേട്ടനെ പറഞ്ഞ് എന്റെ കൂടെ വീടും അമ്മയുടെ എല്ലാ കാര്യങ്ങളും നോക്കാൻ വേണ്ടി പറയും ഒരു മകന്റെ സ്ഥാനത്തുനിന്ന് ശ്രീജിത്തേട്ടൻ എല്ലാം നോക്കുകയും ചെയ്യും..
സത്യം പറഞ്ഞാൽ ഞങ്ങൾക്ക് കിട്ടിയ ഒരു അനുഗ്രഹമായിരുന്നു ഈ ബന്ധം..
കൂടുതലായി അവിടുത്തെ അമ്മ ഒന്നും സംസാരിക്കാറില്ല പക്ഷേ നമ്മളെ ചേർത്തുപിടിക്കണത് നമുക്ക് അറിയാം..
ഒരിക്കൽ മാത്രം ആ അമ്മ എന്റെ മുന്നിൽ മനസ്സ് തുറന്നു..പണ്ട് മൂന്ന് ചെറിയ മക്കളെ തന്റെ കയ്യിൽ ഏൽപ്പിച്ച് ഈ ലോകത്ത് നിന്നും പോയ സ്വന്തം ഭർത്താവിനെ പറ്റി അതുകഴിഞ്ഞ് ആ മൂന്നു മക്കളെ വളർത്താൻ പെടാപ്പാട് പെട്ട ഒരു അമ്മയെ പറ്റി….
അതുകഴിഞ്ഞ് ഇനി ചേർത്ത് പിടിച്ച് എന്നോട് പറഞ്ഞു എപ്പോഴാണ് സ്വന്തം കാലിൽ നിൽക്കേണ്ടി വരിക എന്നറിയില്ല നമുക്ക് ചുറ്റുമുള്ള ഈ താങ്ങിയെല്ലാം എപ്പോൾ വേണമെങ്കിലും നഷ്ടപ്പെടാം. അപ്പോഴും നമ്മൾ വീഴാതിരിക്കണം എങ്കിൽ സ്വന്തം കാലിൽ നിൽക്കുക തന്നെ വേണം…
അമ്മയത് മനസ്സിലാക്കിയത് അദ്ദേഹം പോയതിനുശേഷം മാത്രമാണ്.. അന്ന് ശരിക്കും കഷ്ടപ്പെട്ടു. ഈ മൂന്ന് മക്കളെയും ഇല്ലാതാക്കി ജീവനൊടുക്കിയാലോ എന്നു വരെ തോന്നി…
അത് തെറ്റാണെന്ന് തോന്നിയതും അതിനു മുതിരാതെ അവർക്ക് വേണ്ടി ജീവിച്ചു… കഷ്ടപ്പാട് എന്താണെന്ന് ശരിക്കും മനസ്സിലാക്കിയിട്ട് തന്നെ… പക്ഷേ ഇനിയും ഒരാൾക്ക് കൂടി അങ്ങനെ ഒരു അനുഭവം വരാൻ ഞാൻ സമ്മതിക്കില്ല.
അതുകൊണ്ട് മോള് പഠിച്ച ഒരു ജോലി നേടണം എന്നിട്ട് ഒരു കുഞ്ഞിനെ പറ്റിയൊക്കെ ചിന്തിക്കാൻ പോലും പാടുള്ളൂ..
അമ്മ പറയുന്നതിന്റെ ഉദ്ദേശശുദ്ധി എനിക്ക് നന്നായി മനസ്സിലായിരുന്നു.
എന്തോ എനിക്ക് വല്ലാത്തൊരു സ്നേഹം തോന്നിപ്പോയി ആ അമ്മയോട് ഒപ്പം ബഹുമാനവും…
ഇതൊന്നു മനസ്സിലാക്കാതെ അമ്മയുടെ നന്മ മനസ്സിലാക്കാതെ ഇവിടെ നിന്നും സ്വന്തം ഭർത്താവിന്റെ കയ്യും പിടിച്ച് ഇറങ്ങിപ്പോയ ഏടത്തിയമ്മയോട് എനിക്കപ്പോൾ സഹതാപം മാത്രമേ തോന്നിയുള്ളൂ….
അതും പോരാഞ്ഞ് എന്റെയും മനസ്സ് മാറ്റാൻ ശ്രമിച്ചവരോട് അല്പം ദേഷ്യവും..
പഠിച്ച ഒരു ജോലി കിട്ടുന്നത് വരേയ്ക്കും അമ്മ കൂടെത്തന്നെ ഉണ്ടായിരുന്നു..
ഞങ്ങളും എന്നിട്ട് ഒരു കുഞ്ഞിനെ പറ്റി ചിന്തിച്ചോളൂ ഇപ്പോൾ ജോലി സ്ഥിരമായി അത്യാവശ്യം നല്ല സാലറി..
ഇപ്പോ കൂടെ ഒരു കുറുമ്പി പാറു കൂടിയുണ്ട് അവളെ പകല് മുഴുവൻ അമ്മ നോക്കും…പൊന്ന് പോലെ…ഇതാണ് ഇനി എന്റെ സ്വർഗം എന്നെനിക്ക് മനസ്സിലായി…