ഒരു അട്രാക്ഷനും ആരതിക്ക് തോന്നിയിട്ടില്ല കാണാൻ വലിയ ലുക്കും ഇല്ല… അയാൾ തന്നെ കഴുത്തിൽ താലികെട്ടാൻ

(രചന: J. K)

വിശ്വേട്ടാ “”

ഗീതയുടെ ഉറക്കെയുള്ള നിലവിളി കേട്ടാണ് വിശ്വൻ അകത്തേക്ക് ഓടിച്ചെന്നത് അപ്പോൾ കണ്ടു മകളുടെ മുറിയിൽ ബാത്റൂമിൽ ചോരയിൽ കുളിച്ചു കിടക്കുന്ന മകളെ…

വേഗം അവളെ എടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയി കയ്യിന്റെ ഞരമ്പ് മുറിച്ചതാണ് അയാൾക്ക് ഓർക്കുംതോറും ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി..

അത്രയും സ്നേഹം കൊടുത്ത് വളർത്തിയതാണ് അവളെ മൂത്തമകളല്ലേ എന്ന് കരുതി ഇളയതിനേക്കാൾ കൊഞ്ചിച്ചു…

എല്ലാത്തിനും അവൾക്കായിരുന്നു വാശി അവൾ പറഞ്ഞത് പോലെയേ അവിടെ നടക്കു ഇളയവൾ പോലും എല്ലാം അവൾക്ക് വിട്ടുകൊടുക്കും സാധാരണ നേരെ തിരിച്ചാണ് എല്ലാ കുടുംബത്തിലും നടക്കാറ് പക്ഷേ ഇവിടെ നേരെ മറിച്ചായിരുന്നു…

അതുകൊണ്ടുതന്നെയാണ് ഇപ്പോൾ ഇങ്ങനെ അനുഭവിക്കേണ്ടിവന്നത് എന്ന് ഓർത്തു വിശ്വൻ…

സൂയിസൈഡ് ആറ്റെംട് ആണ് പോലീസിൽ അറിയിക്കണം എന്ന് ആശുപത്രിയിൽ ഉള്ളവർ പറഞ്ഞപ്പോൾ അയാളുടെ പിടിപാടുള്ള സുഹൃത്തുക്കളുടെ സഹായത്തോടെ അത്

പരിഹരിച്ചു അയാൾ ഒന്നുമില്ലെങ്കിലും പ്രായപൂർത്തിയായ ഒരു പെൺകുട്ടിയല്ലേ ഇങ്ങനെയെല്ലാം പുറത്തറിഞ്ഞാൽ അത് അവളുടെ ഭാവിയെ ബാധിക്കും എന്ന് അയാൾക്ക് ഭയം ഉണ്ടായിരുന്നു..

കുറച്ചധികം ബ്ലഡ് പോയിട്ടുണ്ട് എന്നല്ലാതെ വേറെ പ്രശ്നമൊന്നും ഇല്ലായിരുന്നു അവളെ വേഗം റൂമിലേക്ക് മാറ്റി..

അവളുടെ അരികിൽ പോയിരുന്നു ആരുടെയും മുഖത്തേക്ക് പോലും നോക്കാൻ വയ്യാതെ തല താഴ്ത്തി ഇരിക്കുന്നുണ്ട്…

“” ഞങ്ങളെ എല്ലാവരെയും ശിക്ഷിച്ചു കഴിഞേങ്കിൽ നിനക്കൊന്നു നിർത്തിക്കൂടെ ഇനിയെങ്കിലും “”

എന്ന് പറഞ്ഞപ്പോൾ നിറഞ്ഞ മിഴിയോടെ അവൾ അമ്മയെ നോക്കി ഗീതേ വേണ്ട എന്ന് പറഞ്ഞ് വിശ്വൻ ഗീതയെ തടഞ്ഞു..
അയാൾ ഗീതയെയും വിളിച്ച് പുറത്തേക്കിറങ്ങി…

ആരതി കുറച്ച് നേരം തനിച്ചിരിക്കട്ടെ എന്ന് പറഞ്ഞായിരുന്നു അത്..ആരതിക്ക് സ്വയം നഷ്ടപ്പെടുന്നത് പോലെ തോന്നി…

കോളേജിൽ എത്തിയപ്പോൾ വളരെ സന്തോഷമായിരുന്നു… പുതിയ കൂട്ടുകാർ… നല്ല ക്യാമ്പസ് പിന്നെ നിലത്തൊന്നുമല്ലായിരുന്നു ഇതിനിടയിലാണ് എപ്പോഴോ അവൻ ശ്രദ്ധയിൽപ്പെടുന്നത്…

ജീവൻ ഒരു വർഷം സീനിയർ ആയിരുന്നു കോളേജിലെ എല്ലാവരുടെയും ആരാധന കഥാപാത്രം എല്ലാവർക്കും അവനെ ഒരുപാട് ഇഷ്ടമായിരുന്നു അവന് നല്ല വാക്ചാതുരി ആയിരുന്നു എല്ലാവരെയും സംസാരിച്ചു വീഴ്ത്തും പോരാത്തതിന് അത്യാവശ്യം നന്നായി പാടുകയും ചെയ്യും….

പിന്നെ എന്ത് വേണം കോളേജിലെ പെൺകുട്ടികൾക്കിടയിൽ ഹീറോ ചമയാൻ അവന് അവസരം കിട്ടി അവനത് നന്നായി പ്രയോഗിക്കുകയും ചെയ്തു..

ഒരിക്കൽ അവൻ വന്ന് ഇഷ്ടമാണ് എന്ന് പറയുമ്പോൾ സ്വർഗ്ഗം കീഴടക്കിയ മാതിരി ആയിരുന്നു എത്രയോ പെൺകുട്ടികൾ അവന്റെ പുറകെ ഒരു നോട്ടം കിട്ടാൻ വേണ്ടി നടക്കുകയാണ് ഇപ്പോൾ തന്നോട് ഇങ്ങോട്ട് വന്ന ഇഷ്ടമാണ് എന്ന് പറഞ്ഞിരിക്കുകയാണ്…

തന്നെ അസൂയയോടെ നോക്കുന്ന കൂട്ടുകാരികളെ കണ്ട് അവൾ കോരിത്തരിച്ചു തിരിച്ച് ഇഷ്ടമാണ് എന്ന് പറയാൻ അവൾക്കധികം താമസം ഇല്ലായിരുന്നു അങ്ങനെ ആ പ്രണയം മുന്നോട്ടുപോയി കോളേജിൽ അത്യാവിശ്യം തന്നെ എല്ലാവർക്കും അറിയാമായിരുന്നു അവരുടെ പ്രണയത്തെ പറ്റി…

അങ്ങനെയാണ് അതിനെപ്പറ്റി ആരോ പറഞ് വീട്ടിൽ അറിഞ്ഞത് അത് വലിയ പ്രശ്നമായി അച്ഛൻ അവളോട് ഇനി കോളേജിലേക്ക് പോകണ്ട എന്ന് വരെ പറഞ്ഞു അവൾക്കാകെ വിഷമമായി..

പോരാത്തതിന് അവളുടെ അച്ഛൻ അച്ഛന്റെ പെങ്ങളുടെ മകനുമായുള്ള അവളുടെ വിവാഹം നിശ്ചയിക്കാൻ പോവുകയാണ് എന്നുകൂടി അറിഞ്ഞപ്പോൾ അവൾക്ക് ആകെ ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി..

അയാൾക്ക് പറയത്തക്ക വിദ്യാഭ്യാസം പോലുമില്ല ഗൾഫിൽ ഒരു ജോലി ഉണ്ടെന്നു മാത്രം..സ്വന്തം പെങ്ങളെ അവന്റെ അധ്വാനം കൊണ്ട് കെട്ടിച്ചുവിട്ടതിന്റെ വീരകഥകൾ അച്ഛൻ എപ്പോഴും ഇരുന്നു പറയുമായിരുന്നു

അച്ഛന് അനന്തരവൻ എന്നുവച്ചാൽ ഭയങ്കര അഭിപ്രായമായിരുന്നു ആൺകുട്ടികളായാൽ അവന്റെ പോലെ വേണം എന്ന് എപ്പോഴും പറയും…

ഒരിക്കൽപോലും അയാളോട് ഒരു അട്രാക്ഷനും ആരതിക്ക് തോന്നിയിട്ടില്ല കാണാൻ വലിയ ലുക്കും ഇല്ല…
അയാൾ തന്നെ കഴുത്തിൽ താലികെട്ടാൻ പോവുകയാണ് എന്നറിഞ്ഞപ്പോൾ അവൾ ആകെ തകർന്നു..

അവൾ എങ്ങനെയൊക്കെയോ അവന്റെ നമ്പറിൽ വിളിച്ചു അവനോട് കാര്യം പറഞ്ഞു..

ജീവൻ പറഞ്ഞത് കേട്ട് അവൾ ഞെട്ടിപ്പോയി. നീ ഇപ്പോൾ അച്ഛൻ പറയുന്നത് കേൾക്ക് ആരാ എന്ന് വെച്ചാൽ കഴുത്തിൽ താലികെട്ടിയിട്ട് പോകട്ടെ.. അവന്റെ പേരിൽ ഇനിയങ്ങോട്ട് നമുക്ക് സുഖിക്കാടി….

നിന്റെ കല്യാണം കൂടി കഴിഞ്ഞാൽ പിന്നെ എല്ലാം സേഫ് ആയി എന്ന് പറഞ്ഞ് അവൻ ഒരു വഷളൻ ചിരി ചിരിച്ചു…

ഇത്രകാലം മനസ്സിൽ കേറ്റിവെച്ച ആ വിഗ്രഹം ഒരൊറ്റ നിമിഷം കൊണ്ട് ഉടഞ്ഞു.. തന്നെ ഏതു രീതിയിലാണ് അവൻ കണക്കാക്കിയിരുന്നത് എന്ന് അവന്റെ ആ ഒരൊറ്റ വാക്കുകൊണ്ട് വ്യക്തമായിരുന്നു…

പലപ്പോഴും ചേർത്തുപിടിക്കാനും ഉമ്മ വെക്കാനും ഒക്കെ അവൻ കോളേജിൽ നിന്ന് ശ്രമിച്ചിട്ടുണ്ട് അതെല്ലാം പ്രണയത്തിന്റെ പേരിൽ ആവും എന്ന് കരുതി തള്ളിക്കളഞ്ഞതാണ് പക്ഷേ ഇപ്പോൾ അവന്റെ പേര് ഓർക്കുംതോറും വെറുപ്പ് തോന്നി ആരതിക്ക്..

ആകെ സ്വയം നഷ്ടപ്പെട്ട അവസ്ഥയായപ്പോഴാണ് ഇങ്ങനെ ഒരു കടുംകൈ ചെയ്തത്… അറിയാം ഇതുകൊണ്ട് തന്നെ അച്ഛനും അമ്മയ്ക്ക് മാത്രമേ വിഷമം ഉണ്ടാവുമെന്ന് പക്ഷേ അപ്പോൾ അതാണ് നല്ലത് എന്ന് തോന്നി…

അവിടെനിന്ന് ഡിസ്ചാർജ് ആയി വീട്ടിലേക്ക് വന്നു അച്ഛൻ പ്രത്യേകിച്ചൊന്നും സംസാരിക്കുന്നുണ്ടായിരുന്നില്ല അത് കൂടുതൽ വിഷമം ആയി..

കുറച്ചുനാൾ കഴിഞ്ഞപ്പോൾ അപ്പച്ചിയുടെ മകൻ ഗൾഫിൽ നിന്ന് നാട്ടിലെത്തി എന്നെ കാണാൻ വന്നിരുന്നു, സന്തോഷേട്ടൻ….

“”” എടോ തനിക്ക് എന്നെ വിവാഹം ചെയ്യാൻ ഇഷ്ടമല്ല എന്ന് തന്നെ നന്നായിട്ട് എനിക്കറിയാം അമ്മാവൻ അങ്ങനെയൊരു കാര്യം പറഞ്ഞപ്പോൾ എനിക്ക് തള്ളിക്കളയാൻ പറ്റാതിരുന്നതാണ്.. അറിയാലോ എനിക്കും അനിയത്തിക്കും ആരും ഉണ്ടായിരുന്നില്ല ഒരുപാട് കഷ്ടപ്പെട്ടാണ് അമ്മ ഞങ്ങളെ വളർത്തിയത്..

ആരും ഞങ്ങളെ സഹായിക്കാൻ ഉണ്ടായിരുന്നില്ല അമ്മാമൻ ഒഴികെ… അമ്മയെയും അവളെയും പൊന്നുപോലെ നോക്കുമെന്ന് ഞാൻ എന്നോ തീരുമാനിച്ചിരുന്നു…

അതിന് ചെറുപ്പം മുതൽ എനിക്ക് എല്ലാ സഹായവും ചെയ്തു തന്നത് നിന്റെ അച്ഛനാണ് അതെനിക്ക് മറക്കാൻ പറ്റില്ല….”””

അവൾ സന്തോഷിനെ നോക്കി അതുവരെ അയാളെ പറ്റി വിചാരിച്ചിരുന്നത് ഒന്നുമല്ല അയാൾ എന്ന് അവൾക്ക് മനസ്സിലായിരുന്നു… അച്ഛൻ പറയുന്നതിലും കാര്യമുണ്ടെന്ന്..

“” എനിക്കറിയാം നീ എന്നെ അങ്ങനെയൊന്നും കണ്ടിട്ടില്ല എന്ന് … മനസ്സിന് ഇഷ്ടമില്ലാത്ത ഒരാളുടെ കൂടെ ഒരു ജീവിതം തുടങ്ങുക എന്ന് പറഞ്ഞാൽ വളരെ ബുദ്ധിമുട്ടാണ് എനിക്കത് മറ്റാരെക്കാളും മനസ്സിലാകും.. അമ്മാവനെ ഞാൻ പറഞ്ഞ മനസ്സിലാക്കിക്കൊളാം. ഇപ്പോൾ നീ കോളേജിൽ പോകാൻ നോക്ക്..”’

അത്രയും പറഞ്ഞ് സന്തോഷേട്ടൻ തീരികെ പോയി… വന്നത് എന്നെ നിർബന്ധിച്ചു വിവാഹത്തിന് സമ്മതിപ്പിക്കാനായിരിക്കും എന്ന് കരുതിയ എനിക്ക് അദ്ദേഹം പറഞ്ഞത് മുഴുവൻ ഒരു അത്ഭുതം ആയിരുന്നു..

എന്തു അപ്പോൾ മുതൽ എനിക്ക് അദ്ദേഹത്തോട് എന്തോ ഒരു ബഹുമാനം തോന്നിത്തുടങ്ങി…
അദ്ദേഹം പറഞ്ഞത് മുതൽ അച്ഛൻ സമ്മതിച്ചിരുന്നു എന്നെ കോളേജിൽ വീണ്ടും അയക്കാൻ വീണ്ടും കോളേജിൽ പോയപ്പോൾ എല്ലാവർക്കും ഞാനൊരു പരിഹാസ കഥാപാത്രം ആയിരുന്നു..

ജീവൻ വീണ്ടും സംസാരിക്കാനായി വന്നു. അയാളെ അർഹിക്കുന്ന അവഗണന കൊടുത്ത് ഞാൻ ഒഴിവാക്കി എന്റെ ജീവിതം ഇങ്ങനെയാവാൻ കാരണം അയാൾ തന്നെയാണ്…

എന്റെ പഠനത്തിൽ മാത്രം ഞാൻ കോൺസെൻട്രേറ്റ് ചെയ്തു പക്ഷേ അപ്പോഴും എല്ലാ കുട്ടികളുടെയും പരിഹാസം എന്നെ തളർത്തിയിരുന്നു…

ഇനി കോളേജിൽ പോകുന്നില്ല എന്ന് തീരുമാനിച്ചത് വിഷമത്തോടെയായിരുന്നു ഇനിയും ഇതൊന്നും കേൾക്കാൻ വയ്യ… അപ്പോഴും സന്തോഷേട്ടൻ തന്നെയായിരുന്നു എനിക്ക് പിടിച്ചുനിൽക്കാൻ ശക്തി തന്നത്….

സാവകാശത്തിൽ എന്തോ അദ്ദേഹത്തോട് ഒരു വികാരം എന്റെ ഉള്ളിൽ ഉടലെടുക്കുന്നത് ഞാൻ അറിഞ്ഞു…

വീണ്ടും അച്ഛൻ എന്റെയും സന്തോഷത്തിന്റെയും വിവാഹക്കാര്യം എടുത്തിട്ടു ഇത്തവണ ഞാൻ മുഖത്ത് നോക്കി തന്നെ പറഞ്ഞു എനിക്ക് സമ്മതമാണെന്ന്…
അതറിഞ്ഞ് സന്തോഷേട്ടൻ അത്ഭുതത്തോടെ എന്നെ കാണാൻ വന്നിരുന്നു..

“” മനസ്സറിഞ്ഞ് തന്നെയാണോ എന്ന് ചോദിക്കാൻ..
ഞാൻ മനസ്സറിഞ്ഞ് തന്നെയാ ഇയാൾക്ക് ഇഷ്ടമുണ്ടെങ്കിൽ മതി എന്ന് കുറുമ്പോടെ പറഞ്ഞു…
അന്നേരം എന്നെ ചേർത്തുനിർത്തി പറഞ്ഞിരുന്നു എനിക്ക് എന്നേ ഇഷ്ടമാണ് ഈ കുറുമ്പിയെ എന്ന്….

Leave a Reply

Your email address will not be published. Required fields are marked *