നാഗവെറ്റില
(രചന: Nisha Pillai)
കുറിപ്പ് : ഏതു കഥക്കും ഭാവനയെ ഉത്തേജിപ്പിക്കാനുള്ള കഴിവുണ്ട്.കാദംബരി കുളിച്ചു കഴിഞ്ഞു വന്നിട്ടും ശരണ്യ ജനലിന്റെ അടുത്ത് അതേയിരുപ്പ് തന്നെയായിരുന്നു. ഈയിടെയായി അവൾ അസ്വസ്ഥയാണ്.
ഒന്നിലുമൊരു ശ്രദ്ധയില്ല.അവൾക്കേറ്റവും ഇഷ്ടമുള്ള ഫിൽറ്റർ കോഫിയുമായി അടുത്ത് ചെന്നിരുന്നു . കോഫീ കപ്പ് അവളെ ഏൽപ്പിക്കുമ്പോൾ കാദംബരി ഇങ്ങനെ പറഞ്ഞു.
“ഷാരു നിനക്ക് എന്ത് പറ്റി,ഒന്നിലുമൊരു ശ്രദ്ധയുമില്ല.ഇന്നലെ ലൈബ്രറിയിൽ നിന്റെ തൊട്ടടുത്തിരുന്ന എന്നെ നീ കണ്ടത് പോലുമില്ല.എന്താ പറ്റിയെ ?.
എന്തായാലും എന്നോട് പറഞ്ഞു കൂടെ .ഡിഗ്രി മുതൽ ഒരേ അപാർട്മെൻറ് പങ്കു വയ്ക്കുന്ന നമ്മള് തമ്മിൽ ഇത്രേം രഹസ്യം വേണോ.അതോ ഇനി പ്രേമമെങ്ങാനും തലയ്ക്കു പിടിച്ചോ?ആരാ നിന്റെ മനസ്സിൽ?”
പെട്ടെന്ന് കണ്ണ് നിറഞ്ഞ ശരണ്യ അവളുടെ തല കാദംബരിയുടെ മടിയിലേക്കു ചായ്ച്ചു.
“നിന്നോട് എങ്ങനെ പറയുമെന്നോർത്താ.നിന്നോട് ഞാനൊന്നും ഒളിക്കാറില്ലല്ലോ.ഞാനൊരു തെറ്റ് ചെയ്തു കുറ്റബോധം എന്നെ വേട്ടയാടുന്നു.അതിലുപരി അതേ അബദ്ധം നിനക്ക് പറ്റാതിരിക്കാനുള്ള മുൻകരുതലാണ് .”
“മതി മതി.നീ ഒന്ന് റെഡി ആയി വാ ,ഒരു നൈറ്റ് ഡ്രൈവ് ,പിന്നെ കടൽ കാറ്റേറ്റുകൊണ്ടു ബീച്ച് ഹോട്ടലിൽ നിന്നും ഫുഡ് ,പിന്നെ നമുക്ക് തുറന്നു സംസാരിക്കാം.”ഇതും പറഞ്ഞു കാദംബരി റെഡിയാകാനായി മുറിയിലേക്ക് നടന്നു.
കാദംബരിയും ശരണ്യയും ഗവേഷണ വിദ്യാർത്ഥികളാണ് .നഗരത്തിലെ പ്രശസ്ത സർവകലാശാലയിലെ പ്രൊഫസർ മുകുന്ദൻ ആണവരുടെ ഗൈഡ് .
പരിസ്ഥിതിയും മനുഷ്യനും അവന്റെ ചിന്താഗതികളും എന്ന വിഷയത്തിലാണ് ശരണ്യയുടെ ഗവേഷണം.എന്നാൽ പരിസ്ഥിതിയും കേരളത്തിലെ കാവുകളും എന്ന വിഷയമാണ് കാദംബരി തെരെഞ്ഞെടുത്തത്.
പലരും ഈ വിഷയത്തിൽ മുൻപ് ഗവേഷണം ചെയ്തിട്ടുള്ളതിനാൽ അതിന്റെ സൂക്ഷ്മ തലമായ ആത്മീയ തലത്തിലേക്കാണ് പ്രൊഫസർ മുകുന്ദൻ അവരെ നയിച്ചത്.
വളരെ മിടുക്കനായ മുകുന്ദന്റെ കീഴിൽ പത്തിരുപതോളം കുട്ടികൾ ഗവേഷണം നടത്തുന്നുണ്ട്. അയാൾ വിദ്യാർത്ഥികൾക്ക് മികച്ചൊരു സുഹൃത്തും വഴികാട്ടിയുമാണ്. ഒരേയൊരു പ്രശ്നം അയാളുടെ സ്ത്രീകളോടുള്ള അമിതമായ ആരാധനയും അടുപ്പമാണ്.
ആരെയും അയാൾ ഒഴിവാക്കാറില്ല , വിദ്യാർത്ഥികളെയും സഹപ്രവർത്തകരെയും വീട്ടമ്മമാരെയും ഒക്കെ അയാൾ ഈ രീതിയിൽ സമീപിക്കാറുണ്ട്.
പ്രത്യേകിച്ച് ഗവേഷണ വിദ്യാർത്ഥിനികളെ. അയാൾക്കെതിരെ പലരും യൂണിവേഴ്സിറ്റിയിൽ പരാതി നൽകിയിട്ടുണ്ട്. അയാളുടെ സ്വഭാവത്തിന് മാറ്റവുമില്ല.
മുകുന്ദൻ മാഷിനെ കുറിച്ചോർത്തു കൊണ്ടാണ് ശരണ്യ റൂമിൽ നിന്നും പുറത്തിറങ്ങിയത്. കാറിന്റെ കീ ചൂണ്ടു വിരലിൽ ഇട്ടു കറക്കി കൊണ്ട് കാദംബരിയും മുറിയുടെ പുറത്തേയ്ക്കു വന്നു.
പെട്ടെന്ന് ഫോണിൽ മെസ്സേജിന്റെ ശബ്ദം കേട്ട് അവൾ ജീൻസിന്റെ പോക്കറ്റിൽ നിന്നും ഫോണെടുത്തു.മെസ്സേജ് നോക്കി അവൾ ഫോൺ തിരികെ പോക്കറ്റിൽ തിരുകി.”മുകുന്ദൻ മാഷാണോ “അല്ലെന്നു കാദംബരി തലയാട്ടി.
അവളുടെ തോളിൽ തടവി അവളെ ആശ്വസിപ്പിച്ചു കൊണ്ട് കാദംബരി കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ ശരണ്യയെ കാത്തിരുന്നു.
ഗേറ്റും പൂട്ടി അവൾ വരുമ്പോൾ അവളെ ആദ്യമായി കണ്ട ദിനം അവൾ ഓർക്കുകയായിരുന്നു. നിറം മങ്ങിയ ചുരിദാറും ധരിച്ചു അച്ഛനോടൊപ്പം സർവകലാശാലയുടെ ഗേറ്റിൽ വച്ചു കണ്ടു മുട്ടിയ ശരണ്യ.
ഒറ്റ നോട്ടത്തിൽ തന്നെ അവളെ സുഹൃത്താക്കിയ മാറ്റിയവളാണ് കാദംബരി.ഒരേ നാട്ടുകാരി. പഠിക്കാൻ അതീവ സമർത്ഥ.പണത്തിന്റെ കുറവ് കാദംബരിയുടെ കുടുംബം മാസാമാസം നികത്തി കൊടുത്തു.
അങ്ങനെ കാദംബരിയുടെ അച്ഛന്റെ ദത്തു പുത്രിയായി മാറി. ഇപ്പോൾ അവളെ കാണാൻ എന്ത് ഭംഗിയാണ്. ആകാശനീല സാരിയും കറുത്ത സ്ലീവ്ലെസ് ലോ നെക്ക് ബ്ലൗസും ധരിച്ചു അവൾ മുന്നിലെ സീറ്റിൽ ഇരുന്നപ്പോൾ അവിടമാകെ ഒരു മാദക ഗന്ധം പരന്നു.
“എന്താ നീയിങ്ങനെ നോക്കുന്നത് കാത്തൂ.””നിന്നെ കാണാൻ എന്ത് ഭംഗിയാ ഷാരു.”
“ഉവ്വ ആരും കേൾക്കണ്ട,അല്ലെങ്കിൽ തന്നെ നീ പെണ്ണാണോയെന്നു എല്ലാവർക്കും സംശയമാണ്.”
പൊട്ടിച്ചിരിച്ചു കൊണ്ട് കാദംബരി വണ്ടി മുന്നോട്ടെടുത്തു.ശരണ്യക്കിഷ്ടപെട്ട ബെല്ലാരി ബീഫും കാശ്മീരി മുർഗ് മസാലയും കഴിഞ്ഞു ബീച്ചിന്റെ തിരക്കില്ലാത്ത വശത്തു കാർ പാർക്ക് ചെയ്തു.
അതിന്റെ താഴെയുള്ള ചൊരി മണലിൽ കാദംബരി ഇരുന്നു. അടുത്ത് തന്നെ ശരണ്യയും. രണ്ടു പേരുടെയും ഇടയിൽ നിശബ്ദത കനത്തപ്പോൾ ശരണ്യ സംസാരിച്ചു തുടങ്ങി.
“ഞാനും മാഷിന്റെ വലയിൽ വീണു,എല്ലാരേയും തന്നോട് അടുപ്പിക്കാൻ വല്ലാത്തൊരു കഴിവാണ് മാഷിന്.
എനിക്ക് ശരിക്കും അബദ്ധം പറ്റി.മാഷിന് എന്നോട് മാത്രമാണ് ഒരിത് എന്നാണ് ഞാൻ കരുതിയത്. പക്ഷെ …..പലപ്രാവശ്യം മാഷിനെ കാണാൻ ഫ്ലാറ്റിൽ പോയിട്ടുണ്ട്.ഞങ്ങളുടെ ഇടയിൽ പലതും സംഭവിച്ചിട്ടുണ്ട്.”
“ആഹ് ഇനിയിപ്പോൾ മി ടൂ ക്യാമ്പെയ്ൻ തുടങ്ങാം .അതാണല്ലോ ഇപ്പോൾ ട്രെൻഡ് .കൂടെ സപ്പോർട്ട് ചെയ്യാൻ ആരെയെങ്കിലും കിട്ടുമോന്നു നോക്ക്.നമ്മുടെ യൂണിവേഴ്സിറ്റിയിൽ അയാളുടെ സ്വഭാവം അറിയാത്ത ഒരു കുഞ്ഞും ഉണ്ടാകില്ല ഷാരു.”
കാദംബരി വലിയ ദേഷ്യത്തിലായിരുന്നു .”അതല്ല എന്റെ വിഷമം.അയാൾ വെറുമൊരു മനുഷ്യനല്ല ,പാമ്പിനെ പോലെ തോന്നും ചിലപ്പോൾ.
ഒരിക്കൽ ഞാൻ ഫ്ലാറ്റിൽ വച്ച് നിലക്കണ്ണാടിയിൽ നോക്കിയപ്പോൾ എന്റെ കൂടെ കിടക്കയിൽ കിടന്നിരുന്നത് ഒരു വലിയ പാമ്പ് ആയിരുന്നു.കണ്ണു തിരുമ്മി നോക്കിയപ്പോൾ അയാൾ പാമ്പിനെ പോലെ പുളയുകയാണ്.”
അവൾ അവളുടെ ഇടത്തെ ചെവിയുടെ പുറകിലുള്ള മുടി മാറ്റി കാദംബരിയെ കാണിച്ചു. അവിടെ വലിഞ്ഞു മുറുകിയിരുന്ന നീല ഞരമ്പുകൾ.
അതിലൂടെ പ്രവഹിച്ചിരുന്നത് നീല ചോരയാണെന്നു തോന്നും, അതോ പാമ്പിൻ വിഷം നീണ്ടിയ രക്തമോ?കാദംബരി അവളുടെ നീണ്ട ഭംഗിയുള്ള വിരലുകൾ വീർത്ത ഞരമ്പുകളുടെ തടിപ്പിലൂടെ ഓടിച്ചു .
“അയാളുടെ ചുംബനത്തിനു ശേഷമാണു ഇങ്ങനെ സംഭവിച്ചത്. എന്റെ രക്തത്തിൽ അയാളുടെ വിഷം. എനിക്ക് പേടിയാകുന്നു . എന്താ പ്രതിവിധി.നിന്റെ തറവാട്ടിൽ നാഗത്താൻമാരും കാവും കുളവുമൊക്കെ ഉള്ളതല്ലേ.
പണ്ട് വിഷ ചികിത്സ നടത്തിയ തറവാടല്ലേ. എന്തെങ്കിലും പരിഹാരം.ഞാനും അങ്ങനെയാകുമോ?. മാഷ് എന്നെയും അഞ്ജലിയെയും പലപെൺകുട്ടികളെയും ഇങ്ങനെ ആക്കിയിട്ടുണ്ട്.”ഉം”
“മീനാക്ഷി ഒരു കഥ പറഞ്ഞു.മാഷിന്റെ കാമുകിയായ സോനം സക്സേന പറഞ്ഞു അറിഞ്ഞതാണ്.മാഷിന്റെ ഒരു വിദ്യാർത്ഥിനി ഉണ്ടായിരുന്നു .അതിസുന്ദരി.മലയാളി പെൺകുട്ടി.ബാക്കി എല്ലാവരും അയാളുടെ കെണിയിൽ പെട്ടിട്ടും അവൾ മാത്രം വീണില്ല.
അവളെ ചതിക്കുഴിയിൽ വീഴ്ത്താൻ അയാൾ പല മാർഗങ്ങളും പരീക്ഷിച്ചു.ഒടുവിൽ അവളെ അയാളുടെ റൂമിൽ കൊണ്ട് പോയി .അവിടെ വച്ച് അയാളവളെ ബലാൽക്കാരമായി പിടിക്കാൻ ശ്രമിച്ചു,അയാളുടെ ഇംഗിതങ്ങൾക്ക് പ്രേരിപ്പിച്ചു.
മിടുക്കിയായ അവളെ അയാൾ ബലം പ്രയോഗിച്ചു കിടക്കയിൽ കൂട്ടികൊണ്ടു പോയെങ്കിലും അവളുടെ വിവസ്ത്രമായ സൗന്ദര്യത്തിനും ചങ്കൂറ്റത്തിനും കൂസലില്ലായ്മയ്ക്കും മുന്നിൽ അയാൾ നിരായുധനായി നിന്നു.
ഒരു പെണ്ണിന്റെ മുന്നിൽ ജീവിതത്തിലേറ്റവും വലിയ പരാജയം ഏറ്റത് കൊണ്ടാകണം,പിന്നെ അയാളൊരിക്കലും സ്ത്രീകളുടെ ഇഷ്ടത്തിന് വിപരീതമായി ഒരിക്കലും അയാളവരെ സമീപിച്ചില്ല.
അയാളുടെ പഴയ സ്വഭാവം മാറിയതുമില്ല.പകരം അയാളവരെ പ്രേമത്തിന്റെ കെണിയിൽ പെടുത്തി ജീവിത വാഗ്ദാനം കൊടുത്തു ചതിയിൽ പെടുത്തും.””പിന്നെ അയാൾക്ക് എന്ത് സംഭവിച്ചു.”
അന്ന് ആ മുറിയിൽ വച്ച് ആ പെൺകുട്ടി മടങ്ങിയതിനു ശേഷം ,ജനലിലൂടെ വന്ന ഒരു സർപ്പം ദംശിച്ചത്രേ.”
“ഹഹ ,ഇതൊക്കെ വിശ്വസിക്കാമോ,അതും ഈ നൂറ്റാണ്ടിൽ .അതുമാത്രമല്ല,അയാളെ പോലൊരു മനുഷ്യൻ ഒരു പെണ്ണിന്റെ മുന്നിൽ പരാജിതയായ കാര്യം കാമുകിമാരോട് വിളമ്പുമോ. അവിശ്വസനീയം.”
“നീ വിശ്വസിക്കില്ലെന്നു എനിക്കറിയാം .പക്ഷെ നീ അയാളുടെ കെണിയിൽ പെടരുത്.എന്നെ രക്ഷപെടുത്താൻ എന്തേലും മാർഗ്ഗമുണ്ടോ?””അതു സത്യമാണ്.ഞാൻ വിശ്വസിക്കുന്നു . നിന്നെ രക്ഷിക്കാൻ മാർഗമുണ്ട്.”
അവിശ്വസനീയമാം വിധം കാദംബരിയെ തിരിഞ്ഞു നോക്കിയ ശരണ്യ കണ്ടത് അവളുടെ മുഖത്തെ ഭാവമാറ്റമാണ്. തിളങ്ങുന്ന അവളുടെ കണ്ണുകളിൽ ഒരു നീലനിറം അലയടിക്കുന്നു. അവളുടെ കഴുത്തിലെ ഞരമ്പുകൾ നീലിച്ചു നിൽക്കുന്നു.
“ഞാനൊരു കഥ നിന്നോട് പറയട്ടെ .”ശരണ്യ തലയാട്ടി സമ്മതിച്ചു.”നഗരത്തിൽ ജനിച്ചു വളർന്ന ഒരു കൗമാരക്കാരിയെ അച്ഛന്റെയും അമ്മയുടെയും വിവാഹമോചനം നാട്ടിൻപുറത്തേക്കു പറിച്ചു നട്ടു. അമ്മ സ്വന്തമിഷ്ട പ്രകാരം വിദേശജോലി തെരഞ്ഞെടുത്തപ്പോൾ അച്ഛൻ തന്റെ ഔദ്യോധിക ജീവിതത്തിനു ഡൽഹി തട്ടകമാക്കി.
അച്ഛന്റെ തറവാട്ടിൽ അച്ഛമ്മയുടെ സംരക്ഷണയിലായി മാറി അവളുടെ ജീവിതം. ദൈവങ്ങളെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചും വലിയ അറിവില്ലാത്ത അവളുടെ തലച്ചോറിലേക്ക് കാവുകളും നാഗങ്ങളും പുള്ളുവൻപാട്ടും ഒക്കെ കടന്നു വന്നു.
അതിന്റെ മായകാഴ്ചകളും ലഹരിയും അവൾക്കു വല്ലാതെ ഇഷ്ടപ്പെട്ടു .കാവിൽ വിളക്കുവയ്ക്കാനും പൂജ ജോലികൾക്കും വിഷവൈദ്യ ചികിത്സക്കും ഒക്കെ അവൾ അച്ഛമ്മയുടെ സഹായിയായി മാറി.
സന്ധ്യ സമയത്തു ആരും കാവിൽ കയറാറില്ല. ആൽമരത്തിനു ചുറ്റും പ്രദക്ഷിണവും വിലക്കിയിട്ടുണ്ട്. ഒരിക്കൽ സന്ധ്യ ദീപം വച്ചിട്ട് തിരികെ തറവാട്ടിൽ കയറിയപ്പോൾ അവളുടെ വെള്ളികൊലുസ് നഷ്ടപെട്ടത് മനസിലായത് . ആരും കാണാതെ പാദസരം തപ്പി അവൾ കാവിൽ കയറി.
ചെന്നപ്പോൾ കണ്ട കാഴ്ച അവളുടെ പാദസരം കയ്യിലെടുത്തു അമ്മാനമാടുന്ന അതിസുന്ദരമായ ഒരു യുവാവിനെയാണ്. തിളങ്ങുന്ന കണ്ണുകളുള്ള,മീശയില്ലാത്ത, തോളറ്റം മുടിയുള്ള , ഒട്ടും രോമമില്ലാത്ത മിനുസമായ ശരീരത്തോട് കൂടിയ ഒരാൾ.
ഒരു പതിനാറുകാരിക്ക് കൗതുകം ഉണർത്തുന്ന കാഴ്ച.ഒരു മായാവലയത്തിൽ പെട്ടപോലെ അവളെങ്ങനെ നിന്നു.അവളുടെ സാന്നിധ്യത്തെ തിരിച്ചറിഞ്ഞപോലെ അയാൾ ആൽത്തറയിൽ നിന്നും എണീറ്റ് അവൾക്കു നേരെ പാദസരം നീട്ടി.
“ഇതിനല്ലേ കുട്ടി വന്നത്.”വളരെ മധുരമുള്ള ശബ്ദം .കണ്ണുകൾക്ക് വല്ലാത്ത തിളക്കം.”നിങ്ങളാരാ?,ഇവിടെയെന്താ? പുറത്തുനിന്നും ആർക്കും ഇവിടെ പ്രവേശനമില്ല.”
“ഞാൻ മധുകർ ,വഴിതെറ്റി ഇവിടെ എത്തിപെട്ടതാ.ഞാൻ ഒരു യാത്രയിലാണ്. കുട്ടിയുടെ പാദസരം ഇളകി വീഴുന്നത് കണ്ടു.തിരക്കി വരുമെന്ന് കരുതി കാത്തിരുന്നത്.””ഉം വേഗം പൊയ്ക്കോ,സന്ധ്യ കഴിഞ്ഞാൽ ആരും ഇവിടെ കയറാറില്ല.”
അവൾ അയാളെ തിരിഞ്ഞു നോക്കിനോക്കി വൈമനസ്യത്തോടെ കാവിൽ നിന്നും മടങ്ങി.അവളുടെ ഭാവ വ്യത്യാസങ്ങൾ കണ്ടു അയാൾ പുഞ്ചിരി തൂകി.
അന്ന് രാത്രിയിൽ അയാളവളുടെ സ്വപ്നത്തിൽ വന്നു.ശുഭ്ര വസ്ത്രധാരിയായ അയാൾ വായുവിലൂടെ ഒഴുകി നീങ്ങുന്നത് അവൾ കണ്ടു.പിറ്റേന്ന് വിളക്ക് വയ്ക്കുന്ന സമയത്തു അയാളെ കണ്ടില്ല.കാവിൽ നിന്നിറങ്ങുമ്പോൾ പെട്ടെന്നയാൾ അവളുടെ മുന്നിലെത്തി.
“നിങ്ങൾ പോയില്ലേ.””കുറച്ചു ദിവസം ഞാൻ ഈ നാട്ടിൽ ഉണ്ടാകും.കുട്ടിയെ കാണണമെന്ന് തോന്നി.”
അവളുടെ മുഖം നാണം കൊണ്ട് വിടർന്നു. പിന്നെയുള്ള ദിവസങ്ങളിലും അയാളവിടെയുണ്ടായിരുന്നു. വൈകുനേരം ആകാൻ അവൾ കാത്തിരുന്നു.വളരെ വേഗം അവർ നല്ല സുഹൃത്തുക്കളായി തീർന്നു.
എല്ലാ വൈകുന്നേരങ്ങളിലും അവർ കാവിൽ കണ്ടുമുട്ടി. അയാൾ അവളെ വിഷചികിത്സാ പഠിപ്പിച്ചു. കാവിൽ കാണുന്ന നാഗവെറ്റില എന്ന ഔഷധത്തിന്റെ പ്രയോഗം പറഞ്ഞുകൊടുത്തു. വിഷചികിത്സയുടെ പ്രഥമ മന്ത്രം ഉപദേശിച്ചു.
മുത്തശ്ശിയുടെ അസാന്നിധ്യത്തിൽ വിഷം തീണ്ടിയ ഒരാളെ അവൾ രക്ഷിച്ചു.അവളുടെ കഴിവിനെ എല്ലാരും പ്രശംസിച്ചു.പക്ഷെ തറവാട്ടിൽ മുത്തശ്ശിക്ക് അതിശയമായി.അവൾ സന്ധ്യനേരത്തു കാവിൽ ചുറ്റി കറങ്ങുന്നതു പണിക്കാർക്കിടയിൽ ചർച്ചയായി .
ഒരു സന്ധ്യാനേരത്തു കാവിലിരുന്നു സംസാരിക്കുകയായിരുന്നു മധുകറും അവളും. അവിചാരിതമായി അച്ഛമ്മ അവിടെയെത്തി അവളെ വഴക്കു പറഞ്ഞു.
“ഒറ്റക്കിവിടെ സന്ധ്യാനേരത്തു ഇരുന്നുകൂടാ കുട്ടിയെ.””ഞാൻ വിളക്ക് വച്ച് പ്രാർത്ഥിക്കുകയായിരുന്നു .”
അവൾ തിരിഞ്ഞു നോക്കി മധുകറിനെ കാണാനില്ല. അച്ഛമ്മയെ കണ്ടു ഒളിച്ചത്താകും. അച്ഛമ്മയോടൊപ്പം കാവിനു പുറത്തേക്കു നടക്കുമ്പോൾ പുറകിലൊരു സീൽക്കാര ശബ്ദം .തിരഞ്ഞു നോക്കിയപ്പോൾ പത്തി വിടർത്തിയാടുന്ന ഒരു സ്വർണപാമ്പ് .
അതിനു ചുറ്റും നീലനിറമുള്ള വെളിച്ചം.അച്ഛമ്മ കാണാതെ അത് പതിയെ ഇഴഞ്ഞു അവളുടെ കാലുകളെ ചുറ്റി വരിഞ്ഞു.അവളുടെ ശരീരത്തിലൂടെ നേരിയ തോതിലുള്ള വൈദുതാഘാതം അനുഭവപെട്ടു.
അവൾക്കു തല ചുറ്റുന്ന പോലെ തോന്നി.കണ്ണ് തുറന്നപ്പോൾ അവളെ കയ്യിലേറ്റി നിൽക്കുന്ന മധുകർ.ആ കൈകൾ തട്ടിമാറ്റി ,അവൾ പേടിയോടെ മുത്തശ്ശിയുടെ പുറകെ നടന്നു.
പിറ്റേന്ന് അവൾക്കു കാവിൽ കയറാൻ ഭയമുണ്ടായി. പക്ഷെ സത്യാവസ്ഥ അറിയാനുള്ള താൽപര്യം മൂലം അവൾ സന്ധ്യക്ക് വിളക്ക് വയ്ക്കാൻ കാവിൽ കയറി .
ആരെയും കണ്ടില്ല. അവൾ നാഗത്താന്മാരെ തൊഴുതു മടങ്ങാൻ തുടങ്ങിയപ്പോഴേക്കും മുന്നിൽ മധുകർ എത്തി.
“കുട്ടി പേടിക്കണ്ട ഞാൻ ഉപദ്രവിക്കില്ല.ഇന്നലെ തന്നെ വന്നു സത്യം ബോധിപ്പിക്കണമെന്നുണ്ടായിരുന്നു. പക്ഷെ ആ വീട്ടിൽ ഞങ്ങൾക്ക് പ്രവേശനമില്ല.
ഞാൻ സർപ്പലോകത്തിലെ മുഖ്യന്റെ മകനാണ്. ഞങ്ങൾക്കു ഏതു രൂപവും ധരിക്കാൻ കഴിയും. ഒരു പ്രത്യേക ദൗത്യവുമായി ഭൂമിയിൽ എത്തിപെട്ടതാണ്. അത് തുറന്നു പറയാൻ നിവൃത്തിയില്ല. കുട്ടിയെ ആദ്യ ദർശനത്തിൽ തന്നെ എനിക്കിഷ്ടമായി.
ഞങ്ങളുടെ ലോകത്തിൽ ഒരാൾക്ക് ഒരു ഇണ മാത്രമേ പാടുള്ളു.കുട്ടിക്ക് എന്നെ ഇഷ്ടമായപ്പോൾ എല്ലാം തുറന്നു പറയാൻ തുടങ്ങിയതാണ്.പക്ഷെ എന്റെ യഥാർത്ഥ രൂപം കണ്ടു വെറുത്താലോ എന്ന ഭയമുണ്ടായി.”
അവൾ ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു . പക്ഷെ മനസ്സ് മുഴുവൻ മധുകർ ആയിരുന്നു. പതിയെ പതിയെ അയാളൊരു നാഗത്താൻ ആണെന്ന് അറിഞ്ഞു കൊണ്ട് അവൾ മനസ്സ് കൊണ്ട് അയാളെ സ്വീകരിച്ചു.
അവർ ഗന്ധർവ വിവാഹത്തിലൂടെ ഒന്നായി. അയാളുടെ കഴുത്തിൽ കിടന്ന വൈഡൂര്യമാല അവളുടെ കഴുത്തിലണിയിച്ചു മധുകറിന് തിരികെ സർപ്പലോകത്തേക്കു പോകേണ്ട സമയമായി.അവൾ സങ്കടം കൊണ്ട് തകർന്നു പോയി.
“നിനക്ക് എപ്പോൾ എന്നെ കാണണമെങ്കിലും ആരും കേൾക്കാതെ ഈ മാലയിൽ ചുംബിച്ചാൽ മതി.എല്ലാ പൗർണമി ദിവസങ്ങളിലും രാത്രിയുടെ മൂന്നാം യാമത്തിൽ ഞാൻ നിന്റെ അടുത്തുണ്ടാകും.അന്ന് തറവാട്ടിൽ നിന്നും മാറി നിൽക്കാൻ ശ്രദ്ധിക്കുക.”
അവളുടെ നെറുകയിൽ ചുംബിച്ചതിന് ശേഷം നാഗരൂപം കൈക്കൊണ്ട് അയാൾ അപ്രത്യക്ഷനായി.
ശരണ്യ അത്ഭുതത്തോടെ കാവേരിയുടെ കഥ കേട്ടിരുന്നു.”തീർന്നില്ല .ഞാനിപ്പോഴും മധുകറിന്റെ ഇണയായി തുടരുന്നു.എന്നെ സ്പർശിക്കാൻ ആരു ശ്രമിച്ചാലും സർപ്പ ദംശനമേൽക്കും .
അതറിഞ്ഞു കൊണ്ട് തന്നെയാണ് ആ പൗർണമി ദിവസം ,മുകുന്ദന്റെ ശല്യം സഹിക്കാൻ വയ്യാതെ ഞാൻ അയാളുടെ ഫ്ലാറ്റിൽ പോയത്.അന്ന് ഞാൻ ഏറ്റവും നല്ലത് പോലെ ഒരുങ്ങിയാണ് പോയത്.
മധുകറിന്റെ വജ്രമാലയുടെ പ്രഭയും നിലാവും എന്റെ ന,ഗ്ന,തയും കണ്ടയാൾ തളർന്നു വീണപ്പോൾ ഞാനിറങ്ങി നടന്നു.ആ സമയത്താണ് മധുകർ അവിടെയെത്തി അയാളെ ദംശിച്ചത്.അയാൾക്ക് ഇനി ഏഴുമാസവും നാലാഴ്ചയും മൂന്ന് ദിവസവുമേ ആയുസുള്ളൂ.
അപ്പോഴേക്കും വിഷവ്യാപനത്താൽ അയാളൊരു ത്വക്ക് രോഗിയായി മാറും. ചൊറിയും ചിരങ്ങും പിടിച്ചു കഷ്ടപ്പെടും. അയാളുടെ സ്വഭാവത്തിന് മാറ്റം ഉണ്ടായിരുന്നെങ്കിൽ ഞാൻ രക്ഷപെടുത്തിയേനെ.പക്ഷെ അയാൾക്ക് ഒരു മാറ്റവുമില്ലല്ലോ.”
കാദംബരി അവളുടെ പേഴ്സ് തുറന്നു നാഗവെറ്റിലയുടെ ഒരു ഉണങ്ങിയ ഇലയെടുത്തു ശരണ്യയുടെ ചെവിയിൽ തടവി കൊണ്ട് , കണ്ണടച്ചിരുന്നു. അവളെന്തോ മന്ത്രം ഉരുവിട്ട് കൊണ്ടിരുന്നു.
തന്റെ ശരീരത്തിൽ നിന്നും ചൂട് ഇലയിലേക്ക് പടരുന്നപോലെ ശരണ്യക്ക് തോന്നി.കാദംബരി കണ്ണ് തുറന്നു നീലനിറമായ ഇല താഴെയിട്ടു .പിന്നെ കാലുകൊണ്ട് അത് ചവിട്ടിയരച്ചു.
“ഞാനുള്ളപ്പോൾ നിനക്കൊന്നും സംഭവിക്കുകയില്ല ഷാരു. നിന്റെ സുഹൃത്തുക്കളെയും കൂട്ടി കൊണ്ട് വരൂ. അവർക്കും അബദ്ധം പറ്റിയതല്ലേ.”
ശരണ്യ കാദംബരിയുടെ കഴുത്തിലെ തിളങ്ങുന്ന വൈഡൂര്യമാലയിലേക്കു നോക്കി.
“പേടിക്കണ്ട ,അവർ മനുഷ്യരെ പോലെ ഉപദ്രവകാരിയല്ല.ഇണചേരൽ പോലും പരസ്പര ഇഷ്ടത്തോടെയാ .
അല്ലാതെ ആരും ബലം പ്രയോഗിച്ചൊന്നും ചെയ്യില്ല. മറ്റുള്ളവരുടെ മനസൊക്കെ വായിക്കാൻ കഴിയുന്നതൊക്കെ നല്ല കാര്യമല്ലേ.അതിപ്പോൾ കുറേശ്ശേ എനിക്കും കഴിയുന്നു.”