അച്ഛന്റെ തുറിച്ചു നോട്ടവും തട്ടലും മുട്ടലുമൊക്കെ അനുഭവിക്കുന്നതാണ്. നിങ്ങളെ ബോധ്യപ്പെടുത്താൻ എന്റെ കൈയ്യിൽ തെളിവൊന്നുമില്ല.

(രചന: Sivapriya)

“മോന് പാല് കൊടുക്കുമ്പോൾ നിങ്ങടെ അച്ഛൻ അറിയാത്ത മട്ടിൽ കുഞ്ഞിനെ കാണാനെന്ന ഭാവത്തിൽ വാതിൽ തള്ളിതുറന്ന് മുറിയിലേക്ക് കേറി വരാറുണ്ട്.

ഇന്നലെ ഇതുപോലെ കേറി വന്നത് അമ്മ കണ്ടു. അപ്പൊ പറയാ മോന്റെ കരച്ചിൽ കേട്ടത് പോലെ തോന്നിയിട്ട് വന്ന് നോക്കിയതാണെന്ന്. അമ്മ അത് അപ്പാടെ വിശ്വസിച്ചു.

എനിക്കെന്തോ ഇതൊന്നും അത്ര ദഹിക്കുന്നില്ല. അച്ഛൻ മനഃപൂർവം ചെയ്യുന്നതായിട്ടാണ് എനിക്ക് തോന്നുന്നേ. നിങ്ങൾ നാട്ടിൽ ഉള്ളപ്പോൾ മാത്രം ഞാനിവിടെ നിന്നാൽ പോരെ. നാളെ തന്നെ ഞാൻ എന്റെ വീട്ടിലേക്ക് പൊക്കോട്ടെ.”

പതിവ് വീഡിയോ കാൾ സമയം പ്രവാസിയായ ഭർത്താവിനോട് പരാതി പറയുകയായിരുന്നു വീണ.

“എന്റെ വീണേ… നീ വെറുതെ വീട്ടിൽ ഓരോ പ്രശ്നങ്ങൾ ഉണ്ടാക്കല്ലേ. നീ എന്റെ അച്ഛനെ പറ്റിയാണ് മോശം പറയുന്നതെന്ന ചിന്ത വേണം. മോനെ കാണാനുള്ള ആഗ്രഹം കൊണ്ടായിരിക്കും അച്ഛൻ റൂമിലേക്ക് വന്നിട്ടുണ്ടാവുക.

ആ സമയം നീ കുഞ്ഞിന് പാൽ കൊടുക്കുകയാവുമെന്ന് അച്ഛന് അറിയില്ലല്ലോ.” അജി തന്റെ അച്ഛനെ പിന്താങ്ങി അവളോട്‌ പറഞ്ഞു.

“എന്റെ തോന്നലൊന്നുമല്ല. കുറച്ചു ദിവസമായി ഞാൻ ഇത് ശ്രദ്ധിക്കുന്നു. മോനെ എടുത്തോണ്ട് നടക്കുന്ന സമയം അവൻ എന്റെ മാക്സിയിൽ പിടിച്ചു വലിക്കുമ്പോൾ സിബ് താഴേക്ക് ഊരിപോകുമ്പോ ഒരുതരം ആർത്തിയോടെ മാ,റി,ലേക്ക് ഉള്ള അച്ഛന്റെ നോട്ടം.

കുഞ്ഞിനെ കൈയ്യിലേക്ക് വാങ്ങുമ്പോൾ അറിയാത്ത പോലുള്ള ഉരസലും തട്ടലും. ആദ്യമൊക്കെ എന്റെ തോന്നലാണെന്ന് ഞാൻ വിചാരിച്ചു. പക്ഷേ ഇപ്പൊ ബോധ്യമായി അതൊന്നും തോന്നൽ അല്ലെന്ന്.” വീണയും വിട്ടുകൊടുത്തില്ല.

“എന്റെ വീണാ… അച്ഛൻ അങ്ങനെയൊരു ആളല്ല. നിന്റെ പ്രായത്തിൽ തന്നെ അച്ഛനൊരു മോള് കൂടെ ഉള്ളതാണ്. അവളും നീയും അച്ഛന് ഒരുപോലെ തന്നെ ആണ്. നിന്റെ വീട്ടിൽ പോയി നിൽക്കാൻ വേണ്ടി അച്ഛനെക്കുറിച്ച് ഇല്ലാ വചനം പറയല്ല് വീണേ.”

“ഞാൻ കള്ളം പറയുന്നതല്ല… ഇങ്ങനെ ഇവിടെ തുടരുന്നതിൽ എനിക്ക് ബുദ്ധിമുട്ട് ഉണ്ട്. ഞാൻ എന്റെ വീട്ടിലേക്ക് പൊയ്ക്കോട്ടേ.”

“നീ നിന്റെ വീട്ടിൽ അല്ലെ ഇത്രയും മാസം നിന്നത്. ഇനി കുറച്ചു നാൾ എന്റെ വീട്ടിൽ നിൽക്ക്. എന്റെ അച്ഛനും അമ്മയ്ക്കും ആഗ്രഹം കാണില്ലേ എന്റെ കൊച്ചിനെ എടുക്കാനും താലോലിക്കാനും.”

“അച്ഛന്റെ ഈ പെരുമാറ്റം എന്റെ തോന്നലല്ല ഏട്ടാ. ഞാൻ എത്ര ദിവസായി ഈ ബുദ്ധിമുട്ട് സഹിക്കുന്നു. സഹികെട്ടിട്ടാ ഞാൻ ഏട്ടനോട് ഇക്കാര്യം പറയാൻ തീരുമാനിച്ചത്.

എനിക്കറിയാം എന്നെ തെറ്റുകാരി ആക്കുകയോ അല്ലെങ്കിൽ എന്റെ തോന്നലാണെന്ന് പറഞ്ഞു നിങ്ങൾ അച്ഛനെ ന്യായീകരിക്കാൻ ശ്രമിക്കെ ഉള്ളൂന്ന്.”

“എന്റെ വീണേ നിനക്ക് എന്താ പ്രശ്നം എന്നറിയോ. നിനക്ക് പോസ്റ്റ്‌ പാർട്ടം ഡിപ്രെഷൻ ആയതായിരിക്കും. അതുകൊണ്ടാണ് ഇങ്ങനെ വേണ്ടാത്ത ഓരോ ചിന്തകൾ.

ദയവ് ചെയ്ത് ഇതിന്റെ പേരിൽ വീട്ടിലൊരു പ്രശ്നം സൃഷ്ടിക്കരുത്. നീ ഏതെങ്കിലും നല്ലൊരു ഡോക്ടറെ പോയി കാണു. പാവം പിടിച്ച എന്റെ അച്ഛനെക്കുറിച്ച് ഓരോന്നു പറഞ്ഞുണ്ടാക്കല്ലേ.”

“ഓഹ്… അപ്പൊ ഞാൻ പറയുന്നത് നിങ്ങൾക്ക് വിശ്വസിക്കാൻ പറ്റില്ലല്ലേ. എനിക്ക് എന്തായാലും ഡിപ്രെഷൻ ഒന്നുമില്ല. എന്റെ കൊച്ച് രാത്രി നന്നായി ഉറങ്ങുന്നുണ്ട്.

ഒപ്പം ഞാനും ഉറങ്ങുന്നുണ്ട്. എന്റെ മനസ്സും ശരീരവും പൂർണ്ണ ആരോഗ്യത്തോടെ തന്നെയാ ഇരിക്കുന്നത്. അതുകൊണ്ട് എന്നെ ചികിൽസിക്കാൻ ശ്രമിക്കാതെ നിങ്ങടെ അച്ഛനെ ചികിൽസിക്കാൻ നോക്ക്.”

“മതി… നിർത്തിക്കോ. ഇനിയെന്റെ അച്ഛനെ പറ്റി ഒരക്ഷരം മിണ്ടിപോവരുത് നീ.” ദേഷ്യത്തോടെ അത്രയും പറഞ്ഞു കൊണ്ട് അജി ഫോൺ കട്ട്‌ ചെയ്തു

മിഴികളിലൂറിയ നീർക്കണങ്ങൾ തുടച്ചു കൊണ്ട് വീണ മൊബൈലിലേക്ക് ഉറ്റുനോക്കി അങ്ങനെ തന്നെ ഇരുന്നു.

രണ്ട് വർഷം കഴിഞ്ഞു അജിയുടെയും വീണയുടെയും വിവാഹം കഴിഞ്ഞിട്ട്. പ്രവാസിയാണ് അജി. വീണയ്ക്ക് ജോലി ഒന്നും ഇല്ല. വിവാഹം കഴിഞ്ഞു ഒരു വർഷം ആയപ്പോൾ തന്നെ വിശേഷം ആയി. ഇപ്പൊ അവരുടെ മകന് എഴ് മാസം പ്രായമുണ്ട്.

സിസേറിയൻ ആയതുകൊണ്ട് പ്രസവം കഴിഞ്ഞു ആറു മാസം വരെ വീണ സ്വന്തം വീട്ടിൽ തന്നെ ആയിരുന്നു. പ്രസവം കഴിഞ്ഞു ഒരു മാസം കഴിഞ്ഞപ്പോൾ അജിയും നാട്ടിൽ ലീവിന് വന്ന് വീണയ്ക്കും കുഞ്ഞിനുമൊപ്പം നിന്നിട്ടാണ് ഗൾഫിലേക്ക് തിരിച്ചു പോയത്.

അജിയുടെ പെങ്ങൾ അജിത വിവാഹം കഴിഞ്ഞു ഭർത്താവിനൊപ്പം ബാംഗ്ലൂർ ആണ് താമസം. അവർക്ക് ഒരു മകൻ ഉണ്ട്. വീണയുടെ അതേ പ്രായം തന്നെയാണ് അജിതയ്ക്കും.

അജിയുടെ അച്ഛൻ ബാലചന്ദ്രൻ ബാങ്കിൽ നിന്ന് വിരമിച്ച ആളാണ്. അമ്മ സീമ വീട്ടമ്മയാണ്.

വിവാഹം കഴിഞ്ഞു ഒരു മാസം കഴിഞ്ഞപ്പോൾ വീണയും അജിക്കൊപ്പം ദുബായിൽ പോയിരുന്നു. ഗർഭിണി ആയപ്പോഴാണ് തിരിച്ചു വന്നത്. കുറച്ചു കോംപ്ലിക്കേഷൻസ് ഉണ്ടായിരുന്നതിനാൽ ഗർഭകാലം മുഴുവനും വീണ സ്വന്തം വീട്ടിൽ തന്നെ ആയിരുന്നു.

അതുകൊണ്ട് അജി ഇല്ലാതെ അവൾ അവന്റെ വീട്ടിൽ താമസിച്ചിട്ടില്ലായിരുന്നു. ആദ്യമായിട്ടാണ് അജി കൂടെ ഇല്ലാതെ വീണ അജിയുടെ വീട്ടിൽ താമസിക്കുന്നത്.

കുഞ്ഞിന് ആറു മാസം ആയപ്പോൾ അജിയുടെ അച്ഛനും അമ്മയും അനിയത്തി അജിതയും ചെന്ന് വീണയെയും കുഞ്ഞിനെയും അജിയുടെ വീട്ടിലേക്ക് കൂട്ടികൊണ്ട് വരുകയായിരുന്നു.

ആദ്യമൊക്കെ കുഞ്ഞിനൊപ്പം സന്തോഷത്തോടെ അവിടെ കഴിഞ്ഞു വരുകയായിരുന്നു വീണ. എന്നാൽ അജിയുടെ അച്ഛന് തന്നോടുള്ള സമീപനം മോശമാകുന്നുണ്ടോ എന്ന സംശയത്തിലായി പിന്നീട് അവൾ.

കാരണം, അറിയാത്ത മട്ടിലുള്ള ദേഹത്ത് തട്ടലും കുഞ്ഞിനെ എടുക്കുമ്പോഴും കൈയ്യിലേക്ക് വച്ചു തരുമ്പോഴും അവളുടെ മാറിൽ അറിയാതെ കൈ തട്ടിക്കുക നെഞ്ചിൽ നിന്ന് ഡ്രസ്സ്‌ ഒന്ന് സ്ഥാനം തെറ്റിയാൽ പാളി വീഴുന്ന വഷളൻ നോട്ടം, കുഞ്ഞിന് പാലൂട്ടുന്ന സമയം മുറിയിലേക്ക് ഇടിച്ചു കേറി വരുക…

ഇതെല്ലാം വീണയുടെ സംശയം വർധിപ്പിച്ചു. ആ വീട്ടിൽ ഇനിയും തുടരുന്നതിൽ അവൾക്ക് ബുദ്ധിമുട്ട് തോന്നി.

കുറച്ചു ദിവസം അച്ഛന്റെ പെരുമാറ്റവും രീതികളും സസൂക്ഷ്മം ശ്രദ്ധിച്ച ശേഷമാണ് ഇതൊന്നും തന്റെ തോന്നൽ അല്ലെന്ന കാര്യം വീണ ഉറപ്പിച്ചത്. പിന്നെ ഒട്ടും വൈകിപ്പിക്കാതെ തന്നെ അജിയോടും കാര്യം പറഞ്ഞു.

സ്വന്തം അച്ഛനെ കുറിച്ച് ഭാര്യ ഇങ്ങനെയൊരു ആരോപണം ഉന്നയിക്കുമ്പോൾ അതൊക്കെ തന്റെ തോന്നലായോ അല്ലെങ്കിൽ തന്റെ

കുറ്റമായിട്ട് മാത്രമേ അജി കാണുള്ളുവെന്ന് വീണയ്ക്ക് ഉറപ്പായിരുന്നു. എങ്കിലും മനസ്സിന്റെ ഒരു കോണിൽ തന്നെ തന്റെ ഭർത്താവ് വിശ്വസിക്കും എന്ന് അവൾ ആഗ്രഹിച്ചിരുന്നു.

ദേഷ്യം പിടിച്ച് അജി ഫോൺ കട്ട്‌ ചെയ്തു പോയത് അവളെ വിഷമിപ്പിച്ചു. അച്ഛന്റെ സ്വഭാവത്തിലെ മാറ്റം വീണ മനസ്സിലാക്കിയെന്ന് അറിഞ്ഞ ശേഷം അത്തരത്തിലുള്ള വൃത്തികെട്ട സമീപനങ്ങൾ അച്ഛന്റെ ഭാഗത്ത്‌ നിന്ന് അവൾക്ക് നേരെ ഉണ്ടായി തുടങ്ങി.

അതേപറ്റി അജിയോട് പരാതി പറഞ്ഞു അവൾ മടുത്തുപോയി. നിരന്തരം ഈ വിഷയം പറഞ്ഞു അവർ തമ്മിൽ വഴക്കായി. ഒടുവിൽ സഹികെട്ട് അജി നാട്ടിലേക്ക് ലീവിന് വരാൻ തീരുമാനിച്ചു.

ഈ വരവിൽ ഒരു തീരുമാനം എടുക്കാമെന്ന് വീണയ്ക്ക് ഉറപ്പ് നൽകി. അതുവരെ അവിടെ പിടിച്ചുനിൽക്കാൻ അവൻ പറഞ്ഞു.

രണ്ടാഴ്ചത്തെ എമർജൻസി ലീവിന് അജി നാട്ടിലെത്തി. അവന്റെ പെട്ടെന്നുള്ള വരവിൽ അച്ഛന് സംശയം തോന്നിയിരുന്നു.

എങ്കിൽ അയാൾ അതേപറ്റി മകനോടൊന്നും ചോദിച്ചില്ല. ആരോടും പറയാതെ പെട്ടെന്ന് എന്താ ലീവിന് വന്നതെന്ന അമ്മയുടെയും അനിയത്തിയുടെയും ചോദ്യത്തിന് കുഞ്ഞിനെ കാണാനുള്ള ആഗ്രഹം കൊണ്ട് വന്നതാന്ന് അജി പറഞ്ഞു.

വീട്ടിൽ വന്ന് കയറിയപ്പോൾ മുതൽ അച്ഛന് വീണയോടുള്ള സമീപനം അച്ഛൻ അറിയാതെ വീക്ഷിക്കുകയായിരുന്നു അജിയുടെ ജോലി. ഒരാഴ്ച അവൻ അച്ഛനെ നിരീക്ഷിച്ചു. അവന് സംശയത്തക്ക രീതിയിൽ ഒന്നുംതന്നെ കാണാൻ കഴിഞ്ഞില്ല.

“ഞാൻ പറഞ്ഞതല്ലേ എല്ലാം നിന്റെ തോന്നൽ ആണെന്ന്. ഈ ഒരാഴ്ച ഞാൻ അച്ഛനെ ശ്രദ്ധിച്ചു. നീ പറഞ്ഞ പോലെയുള്ള ഒരു നോട്ടമോ പ്രവർത്തിയോ അച്ഛന്റെ ഭാഗത്ത്‌ നിന്ന് ഉണ്ടായിട്ടില്ല.”

“നിങ്ങൾ ഉള്ളോണ്ടാണ് മാന്യൻ ആയി നടക്കുന്നത്. ഏട്ടൻ എങ്ങോട്ടേലും പോകുമ്പോൾ ഞാൻ അച്ഛന്റെ തുറിച്ചു നോട്ടവും തട്ടലും മുട്ടലുമൊക്കെ അനുഭവിക്കുന്നതാണ്. നിങ്ങളെ ബോധ്യപ്പെടുത്താൻ എന്റെ കൈയ്യിൽ തെളിവൊന്നുമില്ല.

ഇനിയും ഇത് സഹിച്ചു ഇവിടെ തുടരാൻ എനിക്ക് പറ്റില്ല. ഏട്ടന്റെ അച്ഛനുള്ള ഈ വീട്ടിൽ ജീവിക്കാൻ എനിക്ക് ബുദ്ധിമുട്ട് ഉണ്ട്. എന്നെ മോശം രീതിയിൽ കാണുന്ന എന്റെ ഭർത്താവിന്റെ അച്ഛനുള്ള ഈ വീട്ടിൽ നിങ്ങൾ ഇല്ലാത്തപ്പോഴും ഉള്ളപ്പോഴും നിൽക്കാൻ എനിക്ക് പറ്റില്ല.”

“നിന്നോട് തർക്കിക്കാൻ ഞാനില്ല. നിനക്ക് വേറെന്തോ അസുഖം ആണ്. അല്ലെങ്കിൽ നിന്റെ വീട്ടിൽ പോയി നിൽക്കാൻ വേണ്ടി എന്റെ അച്ഛനെക്കുറിച്ച് നീ മനഃപൂർവം മോശം പറയുന്നതാവും.”

“എനിക്ക് വയ്യ ഏട്ടാ നിങ്ങളോട് വഴക്കിടാൻ. ഞാൻ പറഞ്ഞത് സത്യം ആണെന്ന് എന്നെങ്കിലും ഏട്ടന് ബോധ്യമാകും. എന്തായാലും ഏട്ടൻ പോയി കഴിഞ്ഞാൽ ഞാൻ എന്റെ വീട്ടിൽ പോയി നിൽക്കും.”

“ഇനി അതാണ് നിന്റെ ആവശ്യമെങ്കിൽ അങ്ങനെ ആയിക്കോ. ഏതായാലും ഞാൻ തിരിച്ചു പോകുന്നതിന് മുൻപ് ഇതിനൊരു തീരുമാനം ഉണ്ടാക്കി, അച്ഛനോടുള്ള നിന്റെ സംശയം മാറ്റിയിരിക്കും.”

“ഓ.. എനിക്ക് വട്ടെന്നായിരിക്കും ലാസ്റ്റ് നിങ്ങൾ പറയാൻ പോകുന്നത്. നിങ്ങളോട് ഈ കാര്യം പറഞ്ഞു എനിക്ക് മടുത്തു. എനിക്കറിയില്ല ഏട്ടനെ എങ്ങനെയാ ഇത് തെളിയിച്ചു തരാ എന്ന്.” അത്രയും പറഞ്ഞു കൊണ്ട് വീണ നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് മുറിവിട്ട് പോയി.

അസ്വസ്ഥമായ മനസ്സോടെ അജി കട്ടിലിലേക്ക് ചാഞ്ഞു. ഒരു മാസമായി ഈ പേരും പറഞ്ഞു വീണയുമായി വഴക്കിലാണ്. അവർ തമ്മിൽ ഈ വിഷയത്തിന്റെ പേരിൽ മാനസികമായി അകന്ന് തുടങ്ങിയിരുന്നു.

അവൾ പറയുന്നത് പോലൊരു സമീപനം അച്ഛന്റെ ഭാഗത്ത്‌ നിന്ന് അവന് കാണാനും കഴിഞ്ഞിട്ടില്ല. ഒരു വേള വീണ കള്ളം പറയുന്നതായിരിക്കും എന്നും അവൻ ചിന്തിച്ചു.

നാലു ദിവസങ്ങൾ കടന്നുപോയി. ആ ദിവസങ്ങളിൽ, അതുവരെ വീണയോട് നല്ല രീതിയിൽ, സ്നേഹത്തിൽ ഇടപഴകി കഴിഞ്ഞിരുന്ന അജിയുടെ അമ്മയിൽ നിന്നും ഒരു അകലച്ച വീണയ്ക്ക് ഫീൽ ചെയ്തു തുടങ്ങിയിരുന്നു.

ചെറിയ കാര്യങ്ങൾക്ക് പോലും ദേഷ്യപ്പെടുകയും അവളെ കണ്ടാൽ മിണ്ടാതെ മുഖം തിരിച്ചു നടക്കലും. എന്താ കാരണമെന്ന് വീണയ്ക്ക് മനസ്സിലായതുമില്ല.

ഒരു ദിവസം രാവിലെ വീട്ടിലെ എല്ലാവരും അജിയുടെ അനിയത്തി അജിതയുടെ ഭർത്താവിന്റെ വീട്ടിലേക്ക് പോവാനുള്ള ഒരുക്കത്തിലായിരുന്നു. അജി നാട്ടിൽ വന്നപ്പോൾ ഏട്ടനൊപ്പം കുറച്ചു ദിവസം നിൽക്കാനായി ബാംഗ്ലൂർ നിന്ന് അജിതയും മോനും വന്നിട്ടുണ്ടായിരുന്നു.

അച്ഛനും അമ്മയും അജിതയും അജിയും റെഡിയായി ഹാളിൽ ഇരിക്കുന്നുണ്ടായിരുന്നു. വീണ ഒരുങ്ങി വരുന്നത് നോക്കി ഇരിക്കുകയാണ് ബാക്കി ഉള്ളവർ.

“അച്ഛൻ കൂടെ ഉള്ളപ്പോൾ ഞാൻ നിങ്ങളുടെ കൂടെ എങ്ങോട്ടും വരില്ല. ഈയിടെയായി അച്ഛനിൽ നിന്നും എനിക്ക് നേരെ മോശമായ പെരുമാറ്റമാണ് ഉണ്ടായിട്ടുള്ളത്. അങ്ങനെയുള്ള ഒരാളിനൊപ്പം ഒരു വീട്ടിൽ കഴിയുന്നതും ഒരുമിച്ച് യാത്ര ചെയ്യുന്നതൊന്നും എനിക്ക് പറ്റില്ല.

എന്റെ ഭർത്താവിനോട് ഞാൻ ഇതേപറ്റി പറഞ്ഞിട്ട് ഒരു തീരുമാനവും എടുത്തിട്ടില്ല. അതുകൊണ്ട് എന്റെ കാര്യത്തിന് ഞാൻ തന്നെ ശബ്ദം ഉയർത്തണമെന്ന് എനിക്ക് തോന്നി.” കുഞ്ഞിനെയും എടുത്ത് ഒരു കൈയ്യിൽ ബാഗുമായി ഹാളിലേക്ക് ചെന്നിട്ട് വീണ എല്ലാവരോടുമായി പറഞ്ഞു.

വീണയിൽ നിന്ന് അത്തരമൊരു തുറന്നു പറച്ചിൽ ആരും പ്രതീക്ഷിച്ചില്ലായിരുന്നു. അജി അവളെ ദേഷ്യത്തോടെ നോക്കി. എല്ലാ മുഖങ്ങളിലും ദേഷ്യം ആയിരുന്നു.

“എന്റെ അച്ഛനെക്കുറിച്ചു അനാവശ്യം പറഞ്ഞാൽ ഞാൻ കേട്ടോണ്ട് മിണ്ടാതിരിക്കില്ല. നാത്തൂൻ ആണെന്ന് മറന്ന് ഒരെണ്ണം തരും ഞാൻ.” കോപത്തോടെ അജിത വീണയെ നോക്കി പറഞ്ഞു.വീണ അവളെ നോക്കി പുച്ഛത്തോടെ ഒന്ന് ചിരിച്ചു.

“ഇപ്പൊ ഞാൻ പറഞ്ഞത് പോലെ നടന്നില്ലേ സീമേ. വീണയ്ക്ക് ഇവിടെ നിൽക്കുന്നത് ഇഷ്ടമല്ലെന്നും എന്തെങ്കിലും കാരണം ഉണ്ടാക്കി അവൾ ഇവിടുന്ന് പോകുമെന്നും നമ്മളെ മോന്റെ കുട്ടിയെ

കണ്മുന്നിൽ കാണാൻ പോലും പറ്റില്ലെന്ന് ഞാൻ പറഞ്ഞതല്ലേ. നിനക്ക് ഇവിടെ നിൽക്കാൻ ഇഷ്ടമല്ലെങ്കി നിന്റെ വീട്ടിലേക്ക് പോവായിരുന്നില്ലേ മോളെ.

ഞങ്ങടെ പേരക്കുട്ടിയെ ഞങ്ങൾ അങ്ങോട്ട്‌ വന്ന് കാണുമായിരുന്നല്ലോ. അതിന് അച്ഛന് മേൽ ഇങ്ങനെ ഒരു ആരോപണം വേണായിരുന്നോ മോളെ.” കണ്ണുകൾ നിറച്ചു ചുണ്ടുകൾ വിതുമ്പി വികാര വായ്പ്പോടെ ബാലചന്ദ്രൻ അത് പറയുമ്പോൾ വീണ അന്ധാളിച്ചു പോയി.

ഈ മനുഷ്യന് ഇങ്ങനെയും അഭിനയിക്കാൻ അറിയുമോ? പകപ്പോടെ അവൾ ചിന്തിച്ചു.

“എന്നാലും മോളെ നിന്നെ ഞങ്ങൾ അജിതയെ പോലെത്തന്നെ സ്വന്തം മോളായിട്ടല്ലേ കണ്ടത്. ആ നീയാണോ അച്ഛന്റെ പ്രായമുള്ള ഈ മനുഷ്യനെ പറ്റി വേണ്ടാതീനം പറയുന്നത്.

വെറുതെ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞുണ്ടാക്കി സ്വന്തം കുടുംബജീവിതം ഇല്ലാതാക്കരുത് നീ.” സീമ സാരിതുമ്പ് കൊണ്ട് കണ്ണുകൾ തുടച്ചു.

“ഞാൻ പറഞ്ഞതൊക്കെ സത്യമാണ്. അത് തെളിയിക്കാൻ എന്റെ കയ്യിൽ തെളിവൊന്നുമില്ല.” വീണ തന്റെ നിലപാടിൽ ഉറച്ചു നിന്നു.

“നീ കേട്ടില്ലേ മോനെ നിന്റെ അച്ഛനെ കുറിച്ച് ഇവൾ അനാവശ്യം പറയുന്നത്. കുറച്ചു ദിവസായി അച്ഛൻ പറയുന്നുണ്ടായിരുന്നു വീണയ്ക്ക് ഇവിടെ നിൽക്കാൻ തീരെ ഇഷ്ടമല്ലെന്നും

കുഞ്ഞിനെ എടുക്കാൻ കൊടുക്കത്തില്ലെന്നുമൊക്കെ. കൊതി തോന്നിയിട്ട് അച്ഛൻ കുഞ്ഞിനെ എടുക്കാൻ മുറിയിലേക്ക് ചെല്ലുമ്പോൾ പാല് കൊടുക്കുന്നെന്ന് പറഞ്ഞു അവൾ ഓടിച്ചു വിടും.

ഒരു ദിവസം കുഞ്ഞിന്റെ കരച്ചിൽ കേട്ട് അച്ഛൻ ചെന്ന് നോക്കിയപ്പോൾ അവൾ അച്ഛനോട് “എന്ത് കാണാനാ വന്ന് ഒളിച്ചു നിന്ന് നോക്കുന്നേന്ന് “ചോദിച്ചു. അച്ഛന് ഇവളും അജിതയും ഒരുപോലെ ആണെന്ന് നിനക്കും അറിയില്ലേ.

ഞങ്ങളിൽ നിന്ന് നിന്റെ മോനെ അകറ്റി ഇവിടെ നിന്ന് മാറി താമസിക്കാൻ വേണ്ടി നിന്റെ ഭാര്യ ഇല്ലാത്ത ആരോപണം നിന്റെ അച്ഛന് മേൽ ചാർത്താൻ നോക്കുന്നത് കേട്ടിട്ട് നിനക്കൊന്നും പറയാനില്ലേ മോനെ.” സീമ അജിയോട് ചോദിച്ചു.

അജിയുടെ അച്ഛൻ എല്ലാം മുൻകൂട്ടി കണ്ട് പ്ലാൻ ചെയ്ത് തന്നെ എല്ലാവരുടെയും മുന്നിൽ പ്രതിയാക്കിയതാണെന്ന് വീണയ്ക്ക് മനസിലായി.

“ഇതായിരുന്നല്ലേ വീണേ നിന്റെ മനസ്സിലിരിപ്പ്. പാവം എന്റെ അച്ഛനെക്കുറിച്ചു നീ എന്തൊക്കെ ഇല്ലാ വചനങ്ങൾ ആണ് പറഞ്ഞത്. നാണമുണ്ടോ നിനക്ക്.” അജി അവളോട്‌ തട്ടിക്കേറി.

“ഞാൻ പറഞ്ഞതൊക്കെ സത്യമാണ് ഏട്ടാ. അതൊന്നും എങ്ങനെ നിങ്ങളെ മുന്നിൽ തെളിയിച്ചു തരുമെന്നും എനിക്കറിയില്ല. അച്ഛൻ എന്നോട് മോശമായി…”

“മതി നിർത്ത്..” വീണയെ പറയാൻ അനുവദിക്കാതെ അജി തടഞ്ഞു.”ഇനി എന്റെ അച്ഛനെ കുറിച്ച് ഒരക്ഷരം മിണ്ടരുത്. മര്യാദക്ക് ഇവിടെ കഴിയാമെങ്കിൽ മാത്രം എന്റെ ഭാര്യയായി നിനക്കവിടെ തുടരാം.”

“ഭാര്യയെ ഇപ്പഴേ നിലയ്ക്ക് നിർത്തിക്കോ ഏട്ടാ. ഇല്ലെങ്കിൽ നാളെ ഇവർ നമ്മുടെ അച്ഛന് നേരെ പീഡന കുറ്റം ആരോപിക്കില്ലെന്ന് ആരു കണ്ട്.” അജിതയാണ്.

അതൊക്കെ കേട്ടിട്ടും വീണയുടെ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണീർ വന്നില്ല. എന്ത് വന്നാലും എന്ത് കേട്ടാലും നേരിടാൻ മാനസികമായി തയ്യാറെടുത്തു കൊണ്ടാണ് അവൾ എല്ലാവർക്കും മുന്നിൽ തന്റെ അഭിപ്രായം പറഞ്ഞത്.

“എന്നെ വിശ്വസിക്കാത്ത എന്റെ ഭർത്താവിനൊപ്പം ജീവിക്കാനും എന്നെ മോശം രീതിയിൽ സമീപിക്കാൻ ശ്രമിക്കുന്ന നിങ്ങളുടെ അച്ഛൻ താമസിക്കുന്ന ഈ വീട്ടിൽ തുടർന്ന് കഴിയാനും ഞാൻ ഒരുക്കമല്ല.” വീണയുടെ തീരുമാനം അവൾ അജിയോട് തുറന്നുപറഞ്ഞു.

അവൻ അത് പ്രതീക്ഷിച്ചിരുന്നില്ലെന്ന് മുഖഭാവത്തിൽ നിന്ന് അവൾക്ക് മനസിലായി.

“എങ്കിൽ നിനക്ക് നിന്റെ വീട്ടിലേക്ക് പോവാം.”അജി പറഞ്ഞു.”അവളെ കൊണ്ട് പോകാൻ തന്നെയാ ഞാൻ വന്നത്. നീ എടുത്ത തീരുമാനം നല്ലതായിരുന്നു മോളെ.

നിന്നെ വിശ്വസിക്കാത്ത പുരുഷനൊപ്പം ജീവിക്കാതിരിക്കുന്നതാ ഭേദം.” അവിടെ നടന്ന സംഭാഷണങ്ങൾ കേട്ടുകൊണ്ട് വന്ന വീണയുടെ അമ്മ സുധർമ്മയാണ് അത് പറഞ്ഞത്.

“എന്റെ മോള് എന്നോടെല്ലാം പറഞ്ഞു. നിന്നോട് വൃത്തികേട് കാണിച്ച ഈ മനുഷ്യൻ താമസിക്കുന്ന വീട്ടിൽ ഇനിയൊരു നിമിഷം പോലും നീ നിൽക്കരുത്. നമുക്ക് പോകാം മോളെ. നിന്നെ ഇവൻ അർഹിക്കുന്നില്ല.” വീണയുടെ കൈ പിടിച്ചുകൊണ്ട് സുധർമ്മ പറഞ്ഞു.

“കൊണ്ട് പൊയ്ക്കോ.” അജി ദേഷ്യത്തോടെ വീണയെ നോക്കി.സുധർമ്മയ്‌ക്കൊപ്പം വീണ അവളുടെ വീട്ടിലേക്ക് പോയി. ലീവ് കഴിഞ്ഞു അജി ഗൾഫിലും പോയി.

രണ്ടുപേരും തങ്ങളുടെ നിലപാടിൽ ഉറച്ചുനിന്നത് അവരുടെ ബന്ധം കൂടുതൽ വഷളാക്കി. ഒരു വർഷത്തിനുള്ളിൽ തന്നെ അവരുടെ ഡിവോഴ്സ് കഴിഞ്ഞു.

കുഞ്ഞിനെ കോടതി അമ്മയ്‌ക്കൊപ്പം അയച്ചു. അജി പിന്നെ നാട്ടിലേക്ക് വരാതെ ഗൾഫിൽ തന്നെ തുടർന്നു. ഇടയ്ക്ക് മോനെ കാണാൻ വേണ്ടി മാത്രം നാട്ടിൽ വന്നുപോകും. മോനെ അമ്മയ്‌ക്കരികിലാക്കി വീണ ജോലിക്ക് പോയി തുടങ്ങി.

നാലു വർഷങ്ങൾക്ക് ശേഷം ഒരു വൈകുന്നേരം.ടീവിയിൽ ന്യൂസ്‌ കാണുകയായിരുന്നു വീണ.

“അയല്പക്കത്ത് താമസിക്കുന്ന കോളേജ് വിദ്യാർത്ഥിനിയോട് ലൈം,ഗി,ക ചുവയോട് കൂടി സംസാരിക്കുകയും സ്വ,യ,ഭോ,ഗം ചെയ്യുന്നത് കാണിച്ചു കൊടുക്കുകയും ചെയ്ത കുറ്റത്തിന് മധ്യവയസ്ക്കൻ അറസ്റ്റിൽ.

വിദ്യാർഥിനി തനിക്ക് നേരെ നടന്ന ലൈം,ഗി,ക അ,തി,ക്രമം ഫോണിൽ വീഡിയോ ആയി എടുക്കുകയും തുടർന്ന് പോലീസിന് കൈമാറുകയും ചെയ്തു.

ഇത്തരത്തിൽ ഇത് ആദ്യമായി അല്ലെന്നും മുൻപും അയാൾ ഇങ്ങനെ പെരുമാറിയിട്ടുണ്ടെന്നും വിദ്യാർത്ഥിനി പോലീസിനോട് പറഞ്ഞു.

ശല്യം അസഹനീയമായപ്പോഴാണ് ഇങ്ങനെയൊരു ബുദ്ധി തോന്നിയതെന്ന് പെൺകുട്ടി പോലീസിനെ അറിയിച്ചു.” അജിയുടെ അച്ഛൻ ബാലചന്ദ്രനെ പോലിസ് അറസ്റ്റ് ചെയ്യുന്ന വീഡിയോ ടീവിയിൽ കാണിച്ചു.

അത് കണ്ടതും മനസ്സ് നിറഞ്ഞു അവൾ ചിരിച്ചു. താനായിരുന്നു ശരിയെന്ന് അജിക്കും വീട്ടുകാർക്കും ബോധ്യമാകാൻ ഇത് ധാരാളമെന്ന് അവൾക്ക് തോന്നി. അത് സത്യമായിരുന്നു.

അജിയും അമ്മയും അനിയത്തിയും വീണയോട് മാപ്പ് പറഞ്ഞു അവളെ തിരികെ വിളിക്കാൻ വീണയുടെ വീട്ടിൽ വന്നപ്പോൾ,

ഒപ്പം ചേർത്ത് പിടിച്ചു ആശ്വാസം നൽകി കൂടെ നിർത്തുന്നതിനു പകരം തന്നെ അവിശ്വസിച്ചത് കൊണ്ട് അജിയുടെ ജീവിതത്തിലേക്ക് ഇനിയൊരു തിരിച്ചു വരവില്ലെന്ന് അവൾ തുറന്നു പറഞ്ഞു.

കുനിഞ്ഞ ശിരസ്സോടെ അജിയും വീട്ടുകാരും പടിയിറങ്ങി പോകുമ്പോൾ ഭാവമാറ്റം ഏതുമില്ലാതെ വീണ ആ കാഴ്ച നോക്കി നിന്നു.

Leave a Reply

Your email address will not be published. Required fields are marked *