(രചന: Akhilesh Reshja)
എല്ലാവരുടെയും മുഖത്തെ അമ്പരപ്പ് കാണാൻ നല്ല രസമുണ്ടായിരുന്നു.അസൂയയൊന്നും ആരുടേയും മുഖത്തു നിന്നും വായിച്ചെടുക്കാൻ കഴിഞ്ഞില്ല.
അല്ലെങ്കിൽ തന്നെ എന്നെപ്പോലെ ഒരു പെണ്ണിനോട് അസൂയപ്പെടുന്നത് തന്നെ അവരുടെ അന്തസ്സിന് ചേരുന്നതാണോ? അതായിരിക്കാം പലരും ചിരി അത്രമേൽ കഷ്ട്ടപ്പെട്ട് നിലനിർത്തുന്നുണ്ട്.
ടൗണിലെ ചെറിയ ഒരു കെട്ടിടം വിലയ്ക്ക് വാങ്ങി കുറച്ചു പേർക്ക് തയ്യലും എംബ്രോയ്ഡറിയും ജ്വല്ലറി മേക്കിങ്ങും പഠിപ്പിച്ചു കൊടുക്കുന്നതിനു അത്ര അസൂയപ്പെടാൻ എന്തിരിയ്ക്കുന്നു അല്ലെ…
“മാളു ആദ്യം മധുരം കൊടുത്തത് അവളെ കണ്ണിനു നേരെ കണ്ടു കൂടാത്ത അഭിരാമിയ്ക്ക് ആണല്ലോ.അതിന്റെ പുറകിലെ രഹസ്യം എന്താ ”
അയൽവാസിയായ ഭാനുമതി ചേച്ചി അതും കണ്ടു പിടിച്ചു.
ശരിയാണ് അതിനു പുറകിൽ ചെറുതല്ലാത്ത ഒരു രഹസ്യമുണ്ട്.
വലിയ ആർഭാടം ഒന്നുമില്ലാതെയായിരുന്നു ഉദ്ഘാടനം.
ഒത്തുകൂടിയവരിൽ ഏറിയ പങ്കും പരിചയക്കാർ തന്നെ.ആദ്യദിവസം തന്നെ ക്ലാസ്സിൽ ചേരാൻ താല്പര്യമുള്ളവർ വിചാരിച്ചതിലും കൂടുതൽ ആയിരുന്നു.
ആദ്യം മധുരം കഴിച്ചതും അതിനേക്കാൾ വേഗം കയ്പ്പ് നിറഞ്ഞതും അഭിരാമിയ്ക്ക് തന്നെയായിരുന്നു.
“ഏടത്തിയ്ക്ക് കുറച്ചു കൂടി ഉഷാറാക്കായിരുന്നു പരിപാടി,നാട്ടിലെ തന്നെ ഏതെങ്കിലും സെലിബ്രിറ്റിയെ വിളിക്കായിരുന്നു.ഹാ…എന്നാലും കുഴപ്പല്യ, തയ്യലിനും തുന്നലിനും മുത്ത് കോർക്കലിനും ഇതൊക്കെ തന്നെ ധാരാളം അല്ലെ ”
അഭിരാമിയുടെ സംസാരം എല്ലാവരും കേൾക്കേ ഉച്ചത്തിലായിരുന്നു.
പുച്ഛം മാത്രം നിറഞ്ഞ അവളുടെ സംസാരത്തിനു എന്റെ മറുപടി എന്തെന്നറിയാൻ എല്ലാവരും ശ്രദ്ധിയ്ക്കുന്നുണ്ടായിരുന്നു.
എല്ലാവരും കേൾക്കെ അതിനുള്ള മറുപടി കൊടുക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല.
പതിയെ അവളുടെ അടുത്തേയ്ക്ക് നീങ്ങി നിന്നു കൊണ്ട് അവൾക്കുള്ള മറുപടി കൊടുത്തു.
പറഞ്ഞു തീർന്നതും അഭിരാമിയുടെ മുഖം വിവർണ്ണമാകുന്നത് കണ്ടു.
അതൊരു പഴയ ഓർമ്മയാണ്.രണ്ട് കൊല്ലം മുൻപത്തെ പരിഹാസവും പുച്ഛവും നിറഞ്ഞ ഒരു ഓർമ്മ.
“മോളെ,അഭിരാമി…അച്ഛന്റെ സുഹൃത്തിനു ടൗണിൽ ഒരു കെട്ടിടമുണ്ട്.ഒഴിഞ്ഞു കിടക്കുകയാ…മോള് നൃത്തമൊക്കെ പഠിച്ചതല്ലേ…നാല് കുട്ട്യോൾക്ക് ക്ലാസ്സെടുത്താൽ ഒരു വരുമാനം ആയില്ലേ…അച്ഛൻ സംസാരിയ്ക്കണോ? ”
എല്ലാവരും കൂടി അത്താഴം കഴിയ്ക്കുമ്പോഴായിരുന്നു ബാലുവേട്ടന്റെ അച്ഛൻ,അതായത് എന്റെയും അഭിരാമിയുടെയും അമ്മായിഅച്ഛൻ ആ വിഷയം എടുത്തിട്ടത്.
“അത് നല്ലൊരു കാര്യമാണല്ലോ അഭി ” അഭിരാമിയുടെ ഭർത്താവും അതിനെ അനുകൂലിച്ചു.
“നോക്കാം അച്ഛാ, ഇങ്ങനെ എന്തെങ്കിലും ചെയ്താലോ എന്ന് ആലോചിച്ചതാ…കല്യാണം കഴിഞ്ഞിട്ട് ഇപ്പൊ ഒരു വർഷം കഴിഞ്ഞില്ലേ…ഇനിയും വീട്ടിൽ വെറുതെ ഇരിയ്ക്കാൻ എനിക്കും ഇഷ്ടമല്ല.ഇതിനേക്കാൾ നല്ല സ്ഥലം കിട്ടുമോ എന്ന് നോക്കുന്നുണ്ട്…”
“ഹാ…മോള് പറഞ്ഞാൽ മതി.ഞാൻ സംസാരിക്കാം അയാളോട് “അഭിരാമിയ്ക്ക് അച്ഛൻ കണ്ടു പിടിച്ച കെട്ടിടത്തോട് താല്പര്യക്കുറവ് ഉള്ളത് പോലെ തോന്നിയിരുന്നു.
“അച്ഛാ,എനിക്കും ജ്വല്ലറി മേക്കിങ്ങും തുന്നലും എല്ലാം പഠിപ്പിച്ചാൽ കൊള്ളാമെന്നുണ്ട്…ആ കെട്ടിടം വാടകയ്ക്ക് കിട്ടുമോ?”
സ്വന്തമായി എന്തെങ്കിലും ചെയ്യണം എന്നുള്ള എന്റെ വലിയ ആഗ്രഹത്തിന്റെ പ്രതിഫലനമായിരുന്നു പെട്ടന്നുള്ള ആ ചോദ്യം.
പക്ഷേ തമാശ എന്തോ കേട്ടത് പോലെ ആയിരുന്നു മറ്റുള്ളവരുടെ പ്രതികരണം.
“ഏടത്തി അവിടെ എന്ത് ചെയ്യാൻ ആണ്…ഇത്രയും കൊല്ലം ഡാൻസ് പഠിച്ച ഞാൻ എന്തെങ്കിലും ചെയ്യുന്നത് കണ്ടിട്ട് ഏടത്തി വെറുതെ ഏട്ടന്റെ പൈസ കൊണ്ടു പോയി കളയണ്ട.
കേട്ടിട്ടില്ലേ ആന വായ് പൊളിയ്ക്കുന്നത് കണ്ടിട്ട് അണ്ണാൻ വായ് പൊളിയ്ക്കാമോ…” അതും പറഞ്ഞു ആഹാരം കഴിച്ച പാത്രവുമെടുത്ത് അവൾ അടുക്കളയിലേയ്ക്ക് പോയി.
മറ്റുള്ളവർ അതൊന്നും ശ്രദ്ധിയ്ക്കുന്നത് പോലും ഇല്ലായിരുന്നു.
ബാലുവേട്ടൻ ആകട്ടെ എന്റെ മുഖത്തേയ്ക്ക് നോക്കുന്നത് പോലും ഇല്ല.
അഭിരാമി പറഞ്ഞത് ശരി വെച്ചത് പോലെ എല്ലാവരും മൗനം പാലിച്ചു.
പിന്നെയുള്ള കഠിനദ്ധ്വാനവും നീക്കിവെയ്പ്പും എത്രയെന്ന് ഒരു കണക്കുമില്ല.
രാപ്പകൽ ഇല്ലാതെ തയ്യൽ മെഷീൻ ചവിട്ടിയും തികയാതെ വന്ന ചെറിയ തുകയ്ക്ക് ലോണെടുത്തും.എല്ലാം ഒറ്റയ്ക്ക് തന്നെ ആയിരുന്നു.ഉള്ളിലെ പദ്ധതി ആരെയും അറിയിച്ചതുമില്ല.
ഇതിനെല്ലാം വഴിയൊരുക്കിയ അഭിരാമിയ്ക്ക് അല്ലാതെ മാറ്റാർക്കാണ് ആദ്യം മധുരം കൊടുക്കുക?
അഭിരാമിയുടെ ചെവിയിൽ ഒന്നേ പറഞ്ഞുള്ളു ഞാൻ…
ഈ അണ്ണാറക്കണ്ണന് തല്ക്കാലം ഇതേ പറ്റു,എന്ന് മാത്രം.
“ആനയായും അണ്ണാറകണ്ണനായും താരതമ്യം ചെയ്യുന്ന എല്ലാവരോടും ഒന്നേ പറയാനുള്ളു.
ഓരോരുത്തർക്കും ഓരോ കഴിവാണ് ദൈവം കൊടുത്തിട്ടുണ്ടാവുക.ആരും കഴിവ് കെട്ടവരാകില്ല.
അണ്ണാറകണ്ണനെന്ന് പറയുന്നവർ പറയട്ടെ…അണ്ണാറക്കണ്ണന് ചെയ്യാനുള്ളത് താഴെ മണ്ണിലല്ല…ചാടിച്ചാടി അങ്ങ് വാനം മുട്ടുന്ന മരത്തിനു മുകളിലാണ് എന്ന് പറയണം.ചുമ്മാ വായ് പൊളിച്ചു നിന്നിട്ട് എന്താ കാര്യം?”
പരസ്പരബന്ധമില്ലാതെ ഞാൻ സംസാരിക്കുന്നത് കേട്ട് ബാക്കിയുള്ളവർ ഒന്നും മനസ്സിലാകാതെ നിന്നു.
ബാലുവേട്ടന്റെ കണ്ണുകൾ പക്ഷേ ഈറനണിഞ്ഞൊ എന്ന് ഒരു സംശയം.കഴിഞ്ഞ കാലം ഓർമ്മിച്ചെടുത്ത പോലെ.
കുറ്റബോധവും ക്ഷമാപണവും കൂടാതെ ഭാര്യയിൽ ഉള്ള പ്രതീക്ഷയും കണ്ണുകളിൽ തെളിഞ്ഞിരുന്നു.
ഈ അണ്ണാറക്കണ്ണൻ ഇനിയും ഇനിയും ഉയരങ്ങളിലേയ്ക്ക് ചേക്കേറുമെന്ന് എന്റെ കാതോരം വന്ന് പറയുമ്പോൾ ബാലുവേട്ടന്റെ മനസ്സിനൊപ്പം എന്റെയും മനസ്സ് നിറഞ്ഞിരുന്നു.
(എഴുത്ത്,ചോദിയ്ക്കാതെ ആരും copy paste ചെയ്യരുത്,മറ്റൊന്നും കൊണ്ടല്ല,കഥയുടെ അഭിപ്രായം എന്തായാലും നല്ലതായാലും മോശമായാലും മറുപടി കൊടുക്കണം എന്ന് ആഗ്രഹമുണ്ട്.
മറ്റെവിടെയെങ്കിലും കമന്റ്സ് കാണുമ്പോൾ മറുപടി കൊടുക്കാൻ കഴിയാത്തതിന്റെ വിഷമം ഉണ്ട്.
)