ഇങ്ങനെയും ചിലർ
(രചന: Akhilesh Reshja)
“ആ ഗോപാലന്റെ മരുമോളെ കണ്ടില്ലേ…ആ പെണ്ണ് വന്നതോട് കൂടി ഗോപാലന്റെ കാലക്കേട് തുടങ്ങി…ന്നാള് ഞാനാ വീടിന്റെ പരിസരത്ത് കൂടി പോവ്മ്പോ ആ പെണ്ണ് ഗോപാലനോട് ചൂടാവണത് കേട്ടു.കൂടെ ഗോപാലന്റെ മോനും ഏറ്റ് പിടിച്ചേർന്നു.”
വഴിയിൽക്കൂടി രണ്ടു മക്കളെയും കൊണ്ട് നടന്നു പോകുന്ന പ്രിയയെ ചൂണ്ടിക്കാണിച്ചു കൊണ്ട് രാജൻ പതിയെ പറഞ്ഞു.
“ഓന് അങ്ങനെ തന്നെ വേണംന്ന്…ആയകാലത്ത് ഓന് തന്തേനേം തള്ളേനേം നോക്കീട്ടില്ല…സുഖ ല്ല്യാത്തൊരു അനിയൻ ഉണ്ടാർന്നു അതിനേം തിരിഞ്ഞു നോക്കീട്ടില്ല…ഓൻ ഒരു പെണ്ണിനെ
കെട്ടിക്കൊണ്ടന്ന്…ആ പെണ്ണിനേം അതിലെ മൂന്ന് പിള്ളേരേം നോക്ക്യ…ഇല്ലാ.എന്നും കള്ളും കുടിച്ച് വഴീല് കെടക്കണത് കാണാ…ഇനി ഏടേം വീഴാണ്ട് പൊരേല് എത്തിയാലോ അന്ന് ആ പെണ്ണിന്റേം മക്കൾടേം നെലോളി
കേള്ക്കാ…മൂത്ത പെണ്ണിന്റെ കല്ല്യാണം നാട്ട്കാര് പിരിവിട്ടാ കയ്പ്പിച് വിട്ടേ…ഓൻ ചെയ്ത് കൂട്ട്യേന്റേ ഒക്കെ ഓൻ അനുഭവിക്കാണ്ട് പോവോ…പടച്ചോൻ എല്ലാം കാണ്ന്ന്…”മാസ്ക് താടിയിലേക്ക് ഇറക്കി വെച്ചുകൊണ്ട് നാസർ പറഞ്ഞു.
” ന്നാലും കുറച്ചു കടുപ്പം തന്ന്യാ ഇത്…ന്ത്ന്നായാലും അച്ഛൻ അല്ലേ ഗോപാലൻ…ആവശ്യങ്ങൾക്കൊക്കെ മറ്റുള്ളോരടെ മുൻപില് കൈനീട്ടാന്ന് വെച്ചാ…പാവം
ഗോപാലൻ.ഓരോരുത്തർടെ വിധി ” രാജന് ഗോപാലനോടുള്ള സഹതാപം വാക്കുകളിൽ പ്രകടമായി.
“എന്ത് ഗോപാലന് അങ്ങനത്തെ അവസ്ഥയൊക്കെ ആയ?..” അതുവരെ എല്ലാം കേട്ടുകൊണ്ടിരുന്ന രവി ആശ്ചര്യപ്പെട്ടു.
“പിന്നല്ലാണ്ട്…രണ്ടീസം മുന്നേ വഴീക്കൂടെ പോവ്മ്പോ എന്നെ തടഞ്ഞു നിർത്തീട്ട് ഒരു നൂറ് ഉറുപ്പിക താരോന്ന് ചോദിച്ചു…പാവം…കണ്ണൊക്കെ നെറഞ്ഞു
നിക്കണത് കണ്ടപ്പോ അപ്പോത്തന്നെ എടുത്ത് കൊടുത്തു…ഒന്നൂല്ല്യേലും ഞങ്ങളൊക്കെ കൂട്ടായിട്ട് കുപ്പി വാങ്ങുമ്പോ കൂടുതല്‍ കാശ് വെയ്ക്കണത് ഗോപാലനേർന്ന്…” രാജൻ പഴയത് ഓർത്തിട്ടെന്ന വണ്ണം നെടുവീർപ്പോടെ പറഞ്ഞു.
“ആ അന്ന് നിങ്ങളൊക്കെ കുടുംബം നോക്കീട്ടാ കുപ്പി വാങ്ങ്യെർന്നത്…ഓന് കുടുംബം നോക്കണ്ടല്ലോ…കള്ളും ബീഡിയും മതീലോ…ആട്ടെ…പ്രിയേം സുബീഷും ഇവ്ടെ
കഷ്ട്ടപ്പെടുത്താണെങ്കില് ഓന് മറ്റേ മോന്റെ കൂടെ നിന്നാ പോരെ…ആ ചെക്കന് ഒന്നുല്ലെങ്കിലും സ്വന്തായിട്ട് പുരയൊക്കെ ഇല്ലേ…ഈ ഗോപാലന് ഓഹരി കിട്ടിയ സ്ഥലം ആ ചെക്കന്റെ പേരില്‍ അല്ലേ എഴുതി കൊടുത്തത്…അവിടെ ആർന്നല്ലോ കുറേ കാലം…” നാസർ സംശയം പ്രകടിപ്പിച്ചു.
“ഹഹഹ…നല്ല കഥ…ഗോപാലൻ ബീഡി വലിക്കണ ശീലം ഉള്ളോണ്ട് ആ ചെക്കന്റെ കുട്ട്യോൾക്ക് സൂക്കേട് പിടിക്കുത്രെ…അതും പറഞ്ഞു അവിടന്ന് തല്ലൂടി പോന്നതാ…അതോണ്ട് അവടയ്ക്ക് കൊണ്ടോവില്ലാ …”
“അയ്ശരി…അപ്പൊ മൂത്തോന്റെ കുട്ട്യോൾക്ക് ഈ സൂക്കേടൊന്നും വരില്ലേ…””ആ…ആർക്കറിയാം…” രാജൻ കൈ മലർത്തി.
വഴിയിലൂടെ വയൽക്കര ലക്ഷ്യമാക്കി അന്തോണി വരുന്നത് മൂവരും നോക്കിയിരുന്നു.
അന്തോണിയും രവിയും രാജനും നാസറും ഗോപാലനും ഏതാണ്ട് സമപ്രായക്കാരായിരുന്നു. ഒരേ നാട്ടുകാർ… വീടുകൾ അടുത്തടുത്ത് ആയത് കൊണ്ട് തന്നെ പുതിയ പകർച്ചാവ്യാധി വന്നതും
പോലീസിന്റെ പെട്രോളിങ്ങും ഒന്നും അവരുടെ സ്ഥിരം കൂടി ചേരലുകൾക്കും നേരമ്പോക്ക് പറയുന്നതിനും തടസ്സമായില്ല.
എന്നുമവർ കണ്ടു മുട്ടിയിരുന്ന
വയൽക്കരയിൽ അവരുടെ കൂടിചേരലുകളിൽ,വായും മൂക്കും മുഴുവൻ മൂടാതെ പേരിന് മാസ്ക്കുകൾ ധരിക്കുന്നത് മാത്രം ആയിരുന്നു ആകെ ഉണ്ടായിരുന്ന മാറ്റം.
അന്തോണി വേച്ചു വേച്ചു നടക്കുന്നത് കണ്ട് രവി മൂക്കത്ത് വിരൽ വെച്ചു.”ന്താ മാപ്പളേ തിന്നത് കൂടീട്ട് നടക്കാൻ വയ്യാണ്ടായോ…ഊം വയറ് കണ്ടില്ലേ…ഭാര്യേം മക്കളും മരുമക്കളും കൂടി തീറ്റിയ്ക്കാ…മക്കള്‍ നാട്ടിൽ വന്നേ പിന്നെ അന്തോണീടെ ഒരു യോഗം…”
രവി തലയാട്ടികൊണ്ട് പറഞ്ഞു.”പോടാ അവടന്ന്…മക്കളും മരുമക്കളും…ഒന്നും പറയിപ്പിക്കണ്ട…ഞാനും സിസിലിയും എങ്ങനയാ അവിടെ കഴിയണെന്ന് ഞങ്ങൾക്കെ അറിയു…”
“ഏയ്യ് ന്താപ്പോ പുത്യേ പറച്ചില് അന്തോണ്യേ…മക്കളേം മരുമക്കളേം ഒരു സുപ്രഭാതത്തില്‍ തള്ളി പറയാ…”
“ഒരു സുപ്രഭാതത്തില്‍ പറയല്ല രാജാ…ഞാൻ അങ്ങനെ ആരോടും ഒന്നും പറയാറില്ല…എന്റെ മക്കൾ തന്നെയല്ലേ…
സഹിക്കാൻ പറ്റാണ്ട് ആയി…നല്ല കാലത്ത് മക്കൾക്ക് വേണ്ടി ജീവിച്ചു…ശരിക്കും തിന്നേം കുടിക്കേം പോലും ചെയ്യാണ്ട് രണ്ടെണ്ണത്തിനേം പഠിപ്പിച്ചു.വീടും പറമ്പും ഒക്കെ ഞാനും സിസിലിയും കൂടി കഷ്ട്ടപ്പെട്ട്
ഉണ്ടാക്കീതാ…എന്നിട്ടോ…രണ്ടാൾക്കും കെട്ട്യോളും പിള്ളേരും ആയപ്പോൾ ഞങ്ങളെ വേണ്ട…രണ്ടോ മൂന്നോ മാസം കൂടുമ്പോ കാശ് ബാങ്കിൽ ഇടും…വയസ്സായോർക്ക് എന്തിനാ കുറേ
കാശ്…അവര്‍ ഒരാഴ്ച കഴിയണ കാശ് കൊണ്ട് ഞാനും സിസിലിയും മാസങ്ങൾ നീക്കണം…ഒന്നിനും പരാതി പറഞ്ഞിട്ടില്ല…
നാട്ടില്‍ വന്ന് നിൽക്കാൻ തുടങ്ങിയപ്പോ ഞങ്ങൾ തൊടുന്നതിനും പിടിക്കുന്നതിനും എല്ലാം കുറ്റം.”
“വല്ല്യേ കഷ്ട്ടം തന്നെ…നിനക്കു പിന്നെ കൂട്ടിനു നിന്റെ പെണ്ണുമ്പിള്ള ഉണ്ടെന്ന് വെയ്ക്കാ…ആ ഗോപാലന് അതും
ഇല്ലല്ലോ…കൊറോണ വന്നേ പിന്നെ ഓനെ ഈ വഴിയൊന്നും കണ്ടിട്ടും ഇല്ലാ…നമുക്ക് അങ്ങട്ട് ഒന്ന് പോയാലോ…” രവി മൂവരെയും ഉത്തരത്തിനു എന്ന പോലെ നോക്കി.
നാലു പേരും ഗോപാലന്റെ വീട്ടിലേക്ക് തിരിച്ചു.വീടിന് അടുത്തെത്തിയപ്പോൾ തന്നെ ഗോപാലന്റെ മകൻ സുബീഷിന്റെ ശബ്ദംഉയർന്നു കേൾക്കുന്നുണ്ടായിരുന്നു.
“ഊം…കേട്ടില്ലേ…കാര്യം ഓനെക്കൊണ്ട് കുടുംബത്തില്‍ ഉപകാരം ഒന്നും ഉണ്ടായിട്ടില്ല…ന്നാലും ഇതിങ്ങനെ വിട്ടാൽ പറ്റില്ല…നമ്മക്ക് അവിടെ പോയി സുബീഷിനോട് ഒന്ന് സംസാരിക്കാ…”
രവി പറഞ്ഞത് മറ്റു മൂന്ന് പേരും തലയാട്ടി സമ്മതിച്ചു.
വീടിന് മുറ്റത്ത് ചെന്നു നിന്നു.
പുറത്ത് ആളുകൾ വന്നത് അറിയാതെ അകത്ത് ആകെ ബഹളമാണ്.കുട്ടികളുടെ കരച്ചിലും കേൾക്കാം.
“നെനക്ക് പറ്റില്ലെങ്കിൽ പറയെടാ…ഞാൻ പൊക്കോളാം…നിന്റെയൊന്നും ആട്ടും തുപ്പും കേട്ട് എനിക്ക് ഇവ്ടെ നിൽക്കാൻ താല്പര്യല്ല്യ…”ഗോപാലൻ കയർത്തു.
“അച്ഛനോട് ഇവിടെ നിൽക്കണ്ടാന്ന് ആരേലും പറഞ്ഞോ…അച്ഛനെ ആരെലും ഇവിടെ കാര്യല്ലാണ്ട് എന്തേലും പറയുന്നുണ്ടോ…”
പ്രിയ ചോദിച്ചു.”നീ മിണ്ടണ്ടാ…ന്റെ മോനാടാ ഞാൻ പറയണേ…””അച്ഛനെന്തിനാ അവള്ടെ മെക്കട്ട് കേറണത്…നേരത്തിന് വെച്ചു വിളമ്പി വെള്ളോം മരുന്നും എടുത്ത് തന്ന് നിങ്ങൾടെ കാര്യങ്ങൾ നോക്കണതിന് ഉള്ള നന്ദി ആയിരിക്കും.”
“എന്റെ കാര്യങ്ങൾ നോക്കാൻ നിന്നോടും നിന്റെ കെട്ട്യോളോടും ഞാൻ പറഞ്ഞോടാ…പറഞ്ഞോന്ന്…” അയാൾ നിന്ന് വിറച്ചു.
“പിന്നെ ആരാ നിങ്ങടെ കാര്യങ്ങൾ നോക്കാ? ഒരേ ഒരു മോൾടെ കല്യാണദിവസം കള്ളും കുടിച്ച് ബോധം ഇല്ലാണ്ട് കിടന്നിട്ട് മോളെ നാണം കെടുത്തിയതോണ്ട് അവള് വരോ നോക്കാൻ അതോ നിങ്ങളുടെ ആകേണ്ടാർന്ന സ്ഥലം എഴുതി കൊടുത്ത മോൻ വരോ…”
“ഹും…ആരും നോക്കണ്ടടാ…എനിക്കറിയാം എല്ലാരെകൊണ്ടും നോക്കിക്കാൻ…ഞാനൊരു പരാതി കൊടുത്താൽ മതി.നീയൊക്കെ അകത്താ…”
“കഷ്ട്ടം തന്നെ അച്ഛാ നിങ്ങടെ കാര്യം…നിങ്ങൾ കേസ് കൊടുത്തിട്ട് വേണല്ലോ നിങ്ങടെ കാര്യങ്ങൾ നടക്കാൻ…നിങ്ങൾക്ക് എന്തു കുറവുണ്ടായിട്ട ഇവിടെ…രണ്ടു ദിവസം
മുൻപ് വരെ നിങ്ങളുടെ പതിവൊന്നും തെറ്റിയില്ലലോ…ഇത് കൈയ്യിലെ കാശ് തീർന്നോണ്ടല്ലേ വലിക്കാനും കുടിക്കാനും പറ്റാണ്ട് ആയെ…”
“ഓഹ്…കുറവിനെ കുറിച്ചൊന്നും പറയണ്ട…ഒരു കെട്ട് ബീഡി വാങ്ങണെങ്കില്‍ ഒരു കുപ്പി കള്ള് വാങ്ങണെങ്കിൽ നിന്റെ മുൻപില് വന്ന് ഇരക്കണ്ടേ ഞാൻ…ഒരു നൂറു രൂപ എടുത്തേനല്ലെടാ നീയും ഇവളും എന്റെ മെക്കട്ട് കേറാൻ വന്നത്…”ചുണ്ടിലെ ബീഡി ആഞ്ഞുവലിച്ചു പുക വിട്ടു കൊണ്ട് അയാൾ പറഞ്ഞു.
“എന്റെ അച്ഛാ…നിങ്ങൾക്ക് അറിഞ്ഞുടെ ഞാൻ പണിക്ക് പോയിട്ട് എത്ര കാലായീന്ന്… എല്ലാടേം അടച്ച് പൂട്ടിയിരിക്ക…ആകേണ്ടാർന്ന ആ നൂറു രൂപയാ…അത് നുള്ളിപ്പെറുക്കി വെയ്ക്കണത് നിങ്ങളും
കണ്ടതല്ലെ.എന്നിട്ട് ആ കാശ് കണ്ണു തെറ്റിയപ്പോ എടുത്തോണ്ട് പോയി ചെലവാക്കിയില്ലേ…നിങ്ങൾ കാണുന്നില്ലേ ഈ കുട്ടികൾ ഊണ് കഴിക്കുമ്പോ കോഴിമുട്ട വേണം മീൻ വേണന്നൊക്കെ പറഞ്ഞിട്ട് കരയണത്…
.കൈയ്യിൽ പൈസ ഇല്ലാത്തോണ്ടല്ലേ…വല്ലവരും കാശ് കടം തരോ…വാങ്ങാൻ പറ്റുന്നിടത്തോളം എല്ലായിടത്തു നിന്നും നിങ്ങൾ വാങ്ങിച്ചു കുടിച്ച് തീർത്തിട്ടില്ലേ.ഈ വീടിന്റെ വാടക കൊടുത്തിട്ട് എത്ര കാലായി എന്നറിയോ…നിങ്ങൾക്ക് അതൊക്കെ അറിയണോ…ശ്ശേ…”
ഇത്രയും പറഞ്ഞുതീരുമ്പോഴേക്കും സുബീഷിന്റെ തൊണ്ട ഇടറി.കണ്ണിൽ വെള്ളം നിറഞ്ഞിരുന്നു.
ഗോപാലൻ ബീഡിക്കറയുള്ള ചുണ്ടുകൾ കോട്ടി ഉമ്മറത്തേയ്ക്ക് നടന്നു. മുറ്റത്ത് എല്ലാം കേട്ടു കൊണ്ട് നിന്ന സുഹൃത്തുക്കളെ കണ്ടപ്പോൾ അയാൾ അവർക്കിടയിലേക്ക് ഇറങ്ങി ചെന്നു.
“എന്ത്ന്നാ ഗോപാലാ ഈ കേക്കണത്…ഞങ്ങള്‍ നിന്റെ വിവരം അന്വേഷിക്കാൻ വന്നതാ…അപ്പോഴാ ഈ പുകിലൊക്കെ കേക്കണേ…ഈ കൊറോണക്കാലത്ത് ആ ചെക്കനെ ബുദ്ധിമുട്ടിക്കാണ്ട് അടങ്ങി ഇരുന്നൂടെ നെനക്ക് ” നാസർ ചോദിച്ചു.
“നിങ്ങളെല്ലാരും കൂടെ എന്നെ പഠിപ്പിക്കാൻ വന്നതാണോ ” ഗോപാലന്റെ വാക്കുകളിൽ അനിഷ്ടം നിറഞ്ഞു.
“ഞങ്ങള്‍ നിന്നെ പഠിപ്പിക്കാൻ ഒന്നും വന്നതല്ല…നീ പണ്ട് കുടുംബം നോക്കാണ്ട് നടന്ന പോലെ ആ ചെക്കനും നടക്കാച്ചാ നിന്റെ ഈ കളിയൊക്കെ ചെലവാകോ…” രവി അഭിപ്രായപ്പെട്ടു.
“ഓഹ് നിങ്ങള്‍ ഇത് എന്തറിഞ്ഞിട്ട…അവന് ഇപ്പൊ അവന്റെ ഭാര്യയെ മതി…ആ നശിച്ചവള് പറഞ്ഞാൽ അതിന്റെ അപ്പുറം ഇല്ലാ അവന്…പണിയെടുത്ത പൈസ
മുഴോനും അവള്ടെ കൈയ്യില കൊടുക്കാ…പെണ്ണുങ്ങൾടെ കൈയ്യില്‍ ആരേലും പൈസ ഏൽപ്പിക്കോ…ന്നിട്ട് പിശുക്കും .കാശില്ല പോലും…”
“നിന്നെ സമ്മതിക്കണം…നീ നല്ലവനായിരുന്നെങ്കിൽ.ചെറിയ പ്രായത്തിൽ ആ ചെക്കന് പണിക്ക് ഇറങ്ങേണ്ടി വരില്ലായിരുന്നു…പഠിച്ചു നല്ല ജോലി കിട്ടിയേരുന്നു.
ഇതിപ്പോ എത്ര കാലായി അവന് പണി ഉണ്ടായിട്ട്…നിനക്കു എന്ത് അവകാശാ ഉള്ളേ ഇങ്ങനെ പെരുമാറാൻ മാത്രം…
വളർത്തി വലുതാക്കി നല്ല ജോലിയും വാങ്ങി കൊടുത്തിട്ട് തന്തേനേം തള്ളേനേം തെരുവില്‍ ഉപേക്ഷിക്കാൻ മടിയില്ലാത്ത മക്കൾ ഉള്ള കാലത്ത് നിനക്കു ഇങ്ങനെ ഒരു മോനെ കിട്ടിയത് ഭാഗ്യാന്ന് വെച്ചോ…” മത്തായി പറഞ്ഞു.
“ഒന്ന് പോയിനെടാ…കവല പ്രസംഗവും ആയിട്ട് വന്നിരിക്കുന്നു…”ഗോപാലൻ ദേഷ്യപ്പെട്ട് അകത്തേയ്ക്ക് തിരികെപ്പോയി.
ഗോപാലൻ പറഞ്ഞു കേട്ടതും ഊഹിച്ചതും എല്ലാം മനസ്സിൽ വെച്ച് വന്ന നാലു പേരും പരസ്പരം നോക്കി. പോകാം എന്ന് തലയാട്ടി.
സാധാരണ ഒത്തു ചേർന്ന് നടക്കുമ്പോൾ വാചാലരാവുന്ന നാലു പേരും മൗനത്തിന്റെ മുഖാവരണം ധരിച്ചപോൽ ഏറെ നേരം ഒന്നും സംസാരിച്ചില്ല.പക്ഷേ നാലു പേരുടെയും ഉള്ളിൽ ഒരേ വിഷയം തന്നെ ആയിരുന്നു.
കുടുംബത്തിന് വേണ്ടി ഒരായുസ്സ് മുഴുവൻ കഷ്ട്ടപ്പെട്ട് അവസാന കാലഘട്ടത്തിൽ അവഗണനയുടെയുടെയും വെറുപ്പിന്റെയും അഗ്നിയിൽ ചാരമാവാൻ വിധിക്കപ്പെട്ടവർ ചിലർ.
സ്വാർത്ഥത മാത്രം കൈമുതലാക്കി ജീവിച്ചു തീർക്കുന്ന മറ്റു ചിലർ.ചിന്തകൾ കലുഷിതമായിക്കൊണ്ടിരിക്കവേ നാലുപേരുടെയും നെടു വീർപ്പിന്റെ അർത്ഥം പോലും ഒരു ആശ്ചര്യമായിരുന്നു.ഇങ്ങനെയും ചിലർ!
(കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം.
മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കൾ മാത്രമല്ല.മക്കളെ ചെറു പ്രായത്തിൽ സംരക്ഷിക്കാതെ ചില മാതാപിതാക്കളും ഭൂമിയിൽ ഉണ്ട്.സ്വന്തം നിലനിൽപ് മാത്രം നോക്കുന്നവർ.)