(രചന: Sivapriya)
“ശ്രീകുട്ടാ… ഡാ നീ എത്രയും പെട്ടന്ന് തന്നെ നാട്ടിലേക്ക് വരണം.” സൈറ്റിൽ വർക്ക് നോക്കി നിൽക്കുന്ന സമയത്താണ് ഒരു ഉച്ച സമയം ചേട്ടൻ തിരക്ക് പിടിച്ചു ഫോൺ ചെയ്തു അക്കാര്യം പറയുന്നത്.
“എന്താ വിനു ചേട്ടാ പ്രശ്നം? അച്ഛനോ അമ്മയ്ക്കൊ എന്തെങ്കിലും വയ്യായ്ക ഉണ്ടോ?” ആധിയോടെ ഞാൻ ചോദിച്ചു.
“അതൊന്നുമല്ല… ശ്രുതിക്ക് ഒരു ആക്സിഡന്റ്. ഇപ്പൊ ഹോസ്പിറ്റലിൽ ആണ്. ഞങ്ങളൊക്കെ ഇവിടെയാ ഉള്ളത്.”
“അയ്യോ ശ്രുതിക്ക് എന്ത് പറ്റി ചേട്ടാ?” ശ്രുതി അവളെന്റെ ഭാര്യയാണ്. ഒരുമിച്ച് ജീവിച്ചു തുടങ്ങിയിട്ട് ആറു വർഷം ആയിട്ടേയുള്ളു. കഴിഞ്ഞ വർഷമാണ് കാത്ത് കാത്തിരുന്ന് ഞങ്ങൾക്കൊരു മോള് ജനിച്ചത്.
“രാവിലെ സ്കൂട്ടറിൽ അമ്പലത്തിൽ പോകുന്ന വഴിക്ക് ബൈപാസിൽ വച്ച് ആക്സിഡന്റ് ആയതാണ്. നീ വേഗം കിട്ടുന്ന ഫ്ലൈറ്റിൽ കയറി നാട്ടിലേക്ക് വരൂ.” ധൃതി പിടിച്ച സ്വരത്തിൽ വിനു പറഞ്ഞു.
“വിനു ചേട്ടാ ശ്രുതിക്ക് എങ്ങനെ ഉണ്ട്. എന്റെ പെണ്ണിന് കുഴപ്പം എന്തെങ്കിലും??” ഇടർച്ചയോടെ ഞാൻ ചോദിച്ചു.
“ശ്രുതി ഓപ്പറേഷൻ തിയേറ്ററിനുള്ളിലാണ്.. ഡോക്ടർ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. സീരിയസ് ആണെന്ന്, കൊണ്ട് വന്നപ്പോൾ പറഞ്ഞിരുന്നു.”
“ഞാൻ എത്രയും പെട്ടെന്ന് എത്താം ചേട്ടാ. അവളെ നോക്കിക്കോളാണെ ഏട്ടാ. എനിക്കും എന്റെ മോൾക്കും അവളെ വേണം.” കരച്ചിലോടെ ഞാൻ പറഞ്ഞു.
“നീ ഇങ്ങനെ വിഷമിക്കല്ലേ… ശ്രുതിക്ക് ഒന്നും പറ്റില്ല.””ശരി ചേട്ടാ ഞാൻ ഫോൺ വയ്ക്കുവാ.” കാൾ കട്ട് ചെയ്ത ശേഷം ഞാൻ വേഗം ഓഫീസിലേക്ക് പുറപ്പെട്ടു.
ഞാൻ ശ്രീനാഥ്, കഴിഞ്ഞ പത്തു വർഷമായി ദുബായിൽ സിവിൽ എഞ്ചിനിയർ ആയി ജോലി ചെയ്യുന്നു. നാട്ടിൽ എറണാകുളത്താണ് വീട്. അച്ഛൻ അമ്മ ചേട്ടൻ ചേട്ടന്റെ ഭാര്യ രണ്ട് മക്കൾ എന്റെ ഭാര്യയും മോളും അടങ്ങുന്നതാണ് എന്റെ കുടുംബം.
ചേട്ടനും മക്കളും തൊട്ടടുത്തു തന്നെ വീട് വച്ചു മാറി താമസിക്കുകയാണ്. ആറു വർഷം മുൻപാണ് ശ്രുതിയെ ഞാൻ വിവാഹം ചെയ്യുന്നത്. അച്ഛന്റെയും അമ്മയുടെയും ഒറ്റ മോളാണ് അവൾ. സ്കൂളിൽ പഠിക്കുമ്പോ തുടങ്ങിയ പ്രണയമാണ് ഞങ്ങളുടേത്.
പത്തു വർഷം പ്രണയിച്ച ശേഷം ജോലി okഒക്കെ ശരിയായപ്പോൾ ഇരു വീട്ടുകാരുടെയും സമ്മതത്തോടെ വിവാഹം കഴിച്ചു. ഒരുമിച്ച് ജീവിച്ചു കൊതി തീർന്നിട്ടില്ല.
ആശിച്ചു മോഹിച്ചു കാത്ത് കാത്തിരുന്ന് കഴിഞ്ഞ വർഷമാണ് കണ്മണി മോളെ ഞങ്ങൾക്ക് കിട്ടിയത്. അവളെയും കൊച്ചിനെയും പിരിഞ്ഞു ജീവിക്കാൻ പറ്റാത്തത് കൊണ്ട് അടുത്ത ആഴ്ച ദുബായിലേക്ക് കൊണ്ട് വരാൻ ഇരിക്കുമ്പോഴാണ് ശ്രുതിയുടെ ഈ ആക്സിഡന്റ്.
നാട്ടിലേക്കുള്ള ഫ്ലൈറ്റ് യാത്രയിൽ എന്റെ മനസ്സാകെ കൈവിട്ട പോലെയായിരുന്നു. ശരീരത്തിന് ആകെയൊരു വിറയൽ ബാധിച്ചു. അശുഭകരമായ എന്തോ ഒന്ന് സംഭവിക്കാൻ പോകുന്നുവെന്ന് മനസ്സിലിരുന്ന് ആരോ പറയുന്നത് പോലെ.
എയർപോർട്ടിൽ വിനു ചേട്ടൻ കാറുമായി വന്ന് കാത്ത് നിൽപ്പുണ്ടായിരുന്നു. ഹോസ്പിറ്റലിലേക്കുള്ള യാത്രയിൽ ഞങ്ങൾ തീർത്തും നിശബ്ദരായിരുന്നു.
“ചേട്ടാ… ശ്രുതിക്ക് എങ്ങനെ ഉണ്ട്? ഡോക്ടർ എന്തെങ്കിലും പറഞ്ഞോ.?” ഞങ്ങൾക്കിടയിലെ മൗനത്തെ ഭേദിച്ചു കൊണ്ട് ഞാൻ ചോദിച്ചു.
“ഇരുപത്തിനാല് മണിക്കൂർ കഴിയാതെ ഒന്നും പറയാൻ കഴിയില്ലെന്നാണ് ഡോക്ടർ പറഞ്ഞത്. ബൈപാസിൽ വച്ച് ശ്രുതി ഓടിച്ചിരുന്ന സ്കൂട്ടറിൽ എതിരെ ഓവർ ടേക് ചെയ്തു വന്ന ലോറി ഇടിക്കുകയായിരുന്നു. തലയ്ക്കു സാരമായ പരിക്കേറ്റിരുന്നു.”
തന്റെ സ്വരത്തിലെ ഇടർച്ച ശ്രീനാഥ് അറിയാതിരിക്കാൻ അയാൾ ശബ്ദം മയപ്പെടുത്തിയാണ് അത്രയും പറഞ്ഞത്.
“അവൾക്കൊന്നും പറ്റില്ല ചേട്ടാ. എന്നേം മോളേം വിട്ട് അത്ര പെട്ടെന്നൊന്നും അവൾ പോവില്ല.” സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു കൊണ്ട് ഞാൻ പറഞ്ഞു.
“കണ്മണി മോളെ ഞാൻ എന്റെ വീട്ടിലാക്കി. കുഞ്ഞിനെ ഹോസ്പിറ്റലിൽ കൊണ്ട് വരുന്നത് ശരിയല്ലല്ലോ.” വിനു അവനെ നോക്കി.
“അതേതായാലും നന്നായി ചേട്ടാ. അവിടെ ആകുമ്പോൾ ഏട്ടത്തിയും മക്കളുമൊക്കെ ഉണ്ടല്ലോ.”
ഹോസ്പിറ്റലിലെ പാർക്കിംഗ് ഏരിയയിൽ വണ്ടി നിർത്തിയിട്ട ശേഷം ഞങ്ങൾ ഇറങ്ങി. വിനു ചേട്ടനൊപ്പം ഐ സി യു ലക്ഷ്യമാക്കി നടക്കുമ്പോൾ ഉള്ളിലൊരു ഭയം ഉരുണ്ടു കയറാൻ തുടങ്ങിയിരുന്നു. മോർച്ചറിയുടെ മുന്നിലാണ് ഞങ്ങളുടെ നടത്താം അവസാനിച്ചത്.
“ശ്രീകുട്ടാ…” ഇടറിയ സ്വരത്തിലുള്ള വിനു ചേട്ടന്റെ വിളി കേട്ട് ഞാൻ പേടിയോടെ ചേട്ടനെ നോക്കി.”വിനു ചേട്ടാ… ശ്രുതി…”
“ശ്രുതി… അവള് നമ്മളെയൊക്കെ വിട്ട് പോയെടാ… ഇവിടെ എത്തുന്നത് വരെ നിന്നോട് ഇക്കാര്യം എങ്ങനെ പറയണമെന്നറിയാതെ വെപ്രാളപ്പെടുകയായിരുന്നു ഞാൻ.”
“ചേട്ടാ… ഇല്ല… ഞാനിത് വിശ്വസിക്കില്ല… എന്റെ ശ്രുതിക്ക് എന്നേം മോളേം തനിച്ചാക്കി പോകാനാവില്ല. എവിടെ… അവളെവിടെ.. എനിക്ക് കാണണം.”
“വിശ്വസിച്ചേ പറ്റൂ ശ്രീകുട്ടാ… ആക്സിഡന്റ് നടന്ന സ്പോട്ടിൽ വച്ചുതന്നെ ശ്രുതി മരണപ്പെട്ടിരുന്നു. ആർക്കും ഒന്നും ചെയ്യാനില്ലായിരുന്നു മോനെ.” വിനു ചേട്ടൻ എന്നെ ആ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു.
കാതുകൾ കൊട്ടിയടക്കപ്പെട്ടതുപോലെ തോന്നിയെനിക്ക്. ചേട്ടന്റെ നെഞ്ചിൽ മുഖം അമർത്തി ഞാൻ വിങ്ങിപ്പൊട്ടി.
മോർച്ചറിക്കുള്ളിൽ നിന്നും വെളുത്ത തുണിയിൽ പൊതിഞ്ഞ നിലയിൽ ശ്രുതിയുടെ മൃതദേഹം അവർക്കരികിലേക്ക് കൊണ്ട് വന്നു.
അത് കണ്ടതും സ്വയം നിയന്ത്രണം നഷ്ടപ്പെട്ടവനെ പോലെ അനക്കമറ്റ ആ ശരീരത്തെ കെട്ടിപിടിച്ചു ശ്രീനാഥ് ആർത്തലച്ചു കരഞ്ഞു. ആ കാഴ്ച കണ്ട് നിന്നവർക്കൊന്നും അവനെ എങ്ങനെ സമാധാനിപ്പിക്കണമെന്ന് അറിയില്ലായിരുന്നു.
ഒരുമിച്ച് കണ്ട സ്വപ്നങ്ങൾ ബാക്കി വച്ച് എന്നെയും മോളെയും തനിച്ചാക്കി ശ്രുതി പോയിട്ട് മൂന്നു മാസം കഴിഞ്ഞു. ഞാൻ തിരികെ ദുബായിൽ വന്നു. കണ്മണി മോളെ ശ്രുതിയുടെ വീട്ടുകാർ കൊണ്ട്
പോയി. അവിടെ അവളുടെ അച്ഛനും അമ്മയും തനിച്ചായത് കൊണ്ട് കണ്മണി മോള് അവിടെ നിൽക്കട്ടെ എന്ന് എല്ലാവരും തീരുമാനിച്ചു.
എന്റെ അച്ഛനും അമ്മയും ചേട്ടനും ചേട്ടത്തിയുമൊക്കെ ആഴ്ച തോറും കുഞ്ഞിനെ അവിടെ പോയി കാണും. ലീവിന് ഞാൻ നാട്ടിൽ ചെല്ലുമ്പോൾ മോളെ വീട്ടിലേക്ക് കൊണ്ട് വരും.
ശ്രുതിയെ പോലെ തന്നെയാണ് മോളെയും കാണാൻ. മോളെ നോക്കിക്കൊണ്ടിരിക്കുമ്പോൾ ശ്രുതിയെ ഓർമ്മ വരും.
വർഷങ്ങൾ അതിവേഗം കടന്നുപോയി. എത്രയൊക്കെ മറക്കാൻ ശ്രമിച്ചിട്ടും മരിച്ചു മരവിച്ചു മുന്നിൽ കിടന്നിരുന്ന അവളുടെ മുഖം മനസ്സിൽ നിന്നും മാഞ്ഞിരുന്നില്ല. കണ്മണി മോൾക്ക് നാലു വയസ്സ് കഴിഞ്ഞു.
ജോലി റിസൈൻ ചെയ്തു നാട്ടിൽ ഒരു ബിസിനസ് തുടങ്ങി മോളോടൊപ്പം കഴിയാമെന്ന് കരുതി ദുബായിലെ ജോലി രാജി വച്ച് ഞാൻ നാട്ടിലേക്ക് പോയി.
സ്ഥിരമായി വീട്ടിൽ നിൽക്കാൻ തുടങ്ങിയപ്പോഴാണ് അച്ഛനും അമ്മയും എന്നെ മറ്റൊരു വിവാഹം കഴിക്കാൻ നിർബന്ധിച്ചു തുടങ്ങിയത്.
കണ്മണി മോളോടൊപ്പം അവളുടെ അച്ഛനായി ഇനിയുള്ള ജീവിതം ജീവിക്കാൻ ആണ് എന്റെ ആഗ്രഹമെന്ന് ഞാൻ തുറന്നു പറഞ്ഞു. ശ്രുതിയുടെ സ്ഥാനത്ത് മറ്റൊരു പെണ്ണിനെ ചിന്തിക്കാൻ പോലും എനിക്ക് കഴിയുമായിരുന്നില്ല.
വളർന്നു വരുന്നത് ഒരു പെൺകുഞ്ഞു ആണെന്നും അതുകൊണ്ട് കുഞ്ഞിന് എന്നായാലും ഒരു അമ്മ വേണ്ടി വരുമെന്നും എല്ലാവരും പറയാൻ തുടങ്ങി. ഞാൻ അതിലൊന്നും വഴങ്ങി കൊടുക്കാൻ തയ്യാറായില്ല.
എന്റെ കുഞ്ഞിന് അച്ഛനും അമ്മയുമെല്ലാം ഞാൻ മതിയെന്നായിരുന്നു എന്റെ ആഗ്രഹം. വന്നു കയറുന്ന പെണ്ണ് ഒരിക്കലും ഞാനോ ശ്രുതിയോ കുഞ്ഞിനെ നോക്കുന്ന പോലെ കണ്മണി മോളെ നോക്കില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു.
ഞാൻ മറ്റൊരു വിവാഹത്തിന് മുതിരാത്തതിനു കാരണം കണ്മണി മോളാണെന്നുള്ള കാരണത്താൽ എന്റെ അച്ഛനും അമ്മയും മോളെ ശ്രുതിയുടെ വീട്ടുകാരെ ഏൽപ്പിച്ചു എന്നോട് മറ്റൊരു ജീവിതം തിരഞ്ഞെടുക്കാൻ നിർബന്ധിക്കാൻ തുടങ്ങി.
അതെന്നെ വല്ലാതെ വേദനിപ്പിച്ചു. കണ്മണി മോളെ വിളിച്ചുകൊണ്ടു പോകാൻ എന്റെ അച്ഛനും അമ്മയും ശ്രുതിയുടെ വീട്ടുകാരെ ഞാൻ അറിയാതെ വിളിച്ചു പറഞ്ഞു.
എന്റെ വീട്ടുകാരെ ശല്യം സഹിക്കാതെ വന്നപ്പോൾ മോളെ കൊണ്ട് പോകാനായി ശ്രുതിയുടെ അച്ഛനും അമ്മയും ഒരു ദിവസം വീട്ടിലേക്ക് വന്നു.
“മോനെ… കണ്മണി മോള് കാരണം മോന്റെ ജീവിതം ഇങ്ങനെ ആവാൻ പാടില്ല. മോളെ കാര്യം ഓർത്തിട്ടാണ് മോൻ വേറൊരു ജീവിതത്തെ കുറിച്ച് ചിന്തിക്കാത്തതെന്ന് അറിയാം.
കണ്മണി മോളെ ഞങ്ങൾ കൊണ്ട് പൊക്കോളാം. അവളെ ഞങ്ങൾ വളർത്തിക്കോളാം മോനെ.” നിറ കണ്ണുകളോടെ ശ്രുതിയുടെ അച്ഛൻ അത് പറയുമ്പോൾ എന്റെ നെഞ്ച് പിടിച്ചു.
“ഈ ജന്മം ശ്രുതി അല്ലാതെ മറ്റൊരു പെണ്ണ് എന്റെ ജീവിതത്തിൽ ഉണ്ടാവില്ല അച്ഛാ. എന്റെ വീട്ടുകാർ പറഞ്ഞിട്ടാണ് അച്ഛനും അമ്മയും മോളെ കൊണ്ട് പോകാനായി വന്നതെന്ന് മനസിലായി.
എന്റെ മോൾക്ക് അച്ഛനായും അമ്മയായും ഞാൻ മതി. ഈ വീട്ടിൽ നിന്നാൽ അവളെ ഞാൻ ആഗ്രഹിച്ച പോലെ വളർത്താൻ എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല.
എന്റെ ജീവിതം നശിപ്പിക്കാൻ ജനിച്ച സന്തതിയായി അവരെന്റെ മോളെ കാണുന്നതിന് മുൻപ് ഞാൻ ഇവിടുന്ന് ഇറങ്ങാമെന്ന് വിചാരിക്കുന്നു.
അച്ഛനും അമ്മയ്ക്കുമൊപ്പം ശ്രുതി ജനിച്ചു വളർന്ന ആ വീട്ടിൽ ഇനിയുള്ള കാലം ഞാനും മോളും ഉണ്ടാവും. ഞങ്ങൾ അങ്ങോട്ട് താമസം മാറുന്നതിൽ അച്ഛനും അമ്മയ്ക്കും എതിർപ്പുണ്ടോ.?”
“ഞങ്ങൾക്ക് നൂറുവട്ടം സമ്മതം മോനെ.” എന്റെ ചോദ്യം അവരുടെ കണ്ണ് നനയിപ്പിച്ചു.
ശ്രുതിയുടെ അച്ഛനും അമ്മയ്ക്കുമൊപ്പം കണ്മണി മോളെയും കൂട്ടി ഞാനെന്റെ വീടിന്റെ പടികളിറങ്ങി. എന്റെ ആ തീരുമാനം എന്റെ വീട്ടുകാരെ ഞെട്ടിച്ചിരുന്നു. ഇതാണ് ഉചിതമായതെന്ന് എന്റെ മനസ്സ് പറഞ്ഞു.
എന്റെ പ്രാണന്റെ പാതിയായവൾ ആണ് എന്റെ ശ്രുതി. അതെന്നും അങ്ങനെ തന്നെ ആയിരിക്കും. ഒരിക്കലും എന്റെ മനസ്സിൽ എന്റെ പെണ്ണല്ലാതെ ആരും
ഉണ്ടാവില്ല. സ്നേഹിച്ചു ജീവിച്ചു കൊതി തീർന്നിട്ടില്ലായിരുന്നു ഞങ്ങൾക്ക്. അവൾ എപ്പോഴും എന്റെ കൂടെ ഉള്ളതുപോലെ എനിക്ക് തോന്നി.