ഹൃദയത്തിലെഴുതിയ പ്രണയം
(രചന: അരവിന്ദ് മഹാദേവന്)
“നാരായണാ നീയറിഞ്ഞോ ആ തെക്കേതിലെ രാമചന്ദ്രന് നായരില്ലേ , അയാളുടെ മോള് നിരഞ്ജനയുടെ കല്യാണമാണിന്ന്,
നിന്നെ വിളിച്ചില്ലായിരുന്നോ ?” രാവിലെ ചായക്കടയില്‍ വെച്ച് കണ്ടുമുട്ടിയ സുഹൃത്ത് നാരായണനോട് കേശുവെന്ന് വിളിപ്പേരുള്ള കേശവന് പോറ്റി ചോദിച്ചു .
” ഇല്ല കേശുവേ എന്നെയെങ്ങും വിളിച്ചില്ല, അയല്‍വക്കക്കാരെ പോലും വിളിച്ചില്ല പിന്നല്ലേ ഒരു കിലോമീറ്റര്‍ ദൂരെക്കിടക്കിടക്കണ എന്നെ വിളിക്കാന്‍ പോകുന്നത് ”
ചായ ഊതിക്കുടിക്കുന്നതിനിടയില്‍ നാരായണന് നീരസത്തോടെ പറഞ്ഞു.” അത് ശരിയാ നാരായണാ , തൊട്ടടുത്ത് താമസ്സിക്കുന്ന എന്നെപ്പോലും ആ നാറി വിളിച്ചില്ല , എങ്ങനാപ്പോ വിളിക്കുക, മോളുടെ തനി കൊണം നാടാകെ പാട്ടല്ലേ”
ഗ്രാമത്തിലെ പ്രമുഖ പത്രം കൂടിയായിരുന്നു കേശവന് പോറ്റി.” ആ പെണ്ണ് കാവുംപടിക്കലെ ശങ്കരന്റെ മോന് രാഹുലുമായി ചുറ്റിക്കളിയുമായി നടന്നതല്ലേ, ആ ചെക്കന് ജോലീം കൂലീം ഇല്ലാത്തോണ്ട് രാമചന്ദ്രന് സമ്മതിക്കാത്തതാ,
ഇപ്പോള്‍ കെട്ടാന്‍ പോണ ചെക്കന് നല്ല ജോലിയൊക്കെ ഉണ്ടെന്നാണ് കേട്ടത് “കേശവന് തുടര്‍ന്നു.
” എന്റെ കേശൂ നീയിതൊക്കെയെന്തിനാ ഇപ്പോള്‍ വിളമ്പുന്നത് , ആ കാര്യമൊക്കെ നാട്ടില്‍ പാട്ടല്ലേ “നാരായണന് കേശുവിനെ നിരുത്സാഹപ്പെടുത്തി.
” പറയാനുള്ളത് കേശു എപ്പോഴും പറയും നാരായണാ, എന്തായാലും ഇപ്പോള്‍ കെട്ടാന്‍ പോകുന്നവന് നല്ല കാശ് കിട്ടിയിട്ടുണ്ട്, അതോണ്ടല്ലേ വിഴുപ്പ് ചുമക്കാനിറങ്ങിയത് ” കേശു ചുമച്ചുകൊണ്ട് പറഞ്ഞു.
കേശു പറഞ്ഞത് പോലെ രാമചന്ദ്രന്റെ മകള്‍ നിരഞ്ജനയും രാഹുലും ആറ് വര്‍ഷമായി പ്രണയത്തിലായിരുന്നു.
നായര്‍ തറവാട്ടിലെ പ്രമാണിയായ രാമചന്ദ്രന് തന്റെ മകളെ ജോലിയും കൂലിയുമില്ലാതെ തെണ്ടി നടക്കുന്ന രാഹുലിന് വിവാഹം ചെയ്ത് നല്‍കില്ലെന്ന് തീര്‍ത്ത് പറഞ്ഞിരുന്നു.
രാഹുലിനോടുള്ള പ്രണയം മൂത്ത് നിരഞ്ജന അവനോടൊപ്പം ഇറങ്ങി ചെല്ലാന്‍ വരെ തയ്യാറായതാണ്,
പക്ഷേ കെട്ടിക്കാറായ പെങ്ങളെ കെട്ടിച്ചതിന് ശേഷമേ നിരഞ്ജനയെ തനിക്ക് വിവാഹം ചെയ്യാന്‍ കഴിയത്തൊള്ളെന്ന് രാഹുല്‍ പറഞ്ഞു.
വേറെ നിവര്‍ത്തിയില്ലാതെയാണ് നിരഞ്ജന മറൈന്‍ എഞ്ചിനീയറായ ഹരികൃഷ്ണനെ വിവാഹം ചെയ്യാന്‍ സമ്മതിച്ചത്.
ഹരിനിലയം രാഘവന്റെയും രേണുകയുടെയും ഒറ്റ മകനാണ് ഹരികൃഷ്ണന്.
ഇട്ട് മൂടാനുള്ള സ്വത്തിനുടമയായ ഹരികൃഷ്ണന് നിരഞ്ജനയുടെ ചരിത്രം മുഴുവനറിഞ്ഞിട്ടും കെട്ടാന്‍ തയ്യാറായതിന്റെ കാരണം മാത്രം ആര്‍ക്കും പിടികിട്ടിയില്ല.
” കോടിക്കണക്കിന് സ്വത്ത് കൊടുത്തല്ലേ രാമചന്ദ്രന് മോളെ കെട്ടിക്കുന്നത്, പണത്തിന് വേണ്ടിയാണ് ആ ചെക്കനവളെ കെട്ടുന്നത് ”
” ഏയ് അതല്ല , ആ പെണ്ണിന്റെ സൗന്ദര്യം കണ്ടിട്ടാണവന്‍ അവളെ കെട്ടുന്നത് “” നിങ്ങള്‍ പറഞ്ഞതൊന്നുമല്ല, അവന് കൊച്ചുണ്ടാകില്ല, അതാണ് ശരിക്കുള്ള കാരണം “നാട്ടുകാര്‍ പലവിധത്തില്‍ പറഞ്ഞും പാടിയും നടന്നു.
എന്തൊക്കെയാണെങ്കിലും നിരഞ്ജനയും ഹരികൃഷ്ണനും തമ്മിലുള്ള വിവാഹം ഭംഗിയായി നടന്നു . സല്‍ക്കാര തിരക്കൊക്കെ കഴിഞ്ഞ് ഹരിയും നിരഞ്ജനയും ഫ്രീയായപ്പോള്‍ രാത്രി പത്ത് മണി കഴിഞ്ഞിരുന്നു.
” മോളെ സമയം വൈകിയില്ലേ ഇതുംകൊണ്ട് മോള് റൂമിലേക്ക് പൊക്കോ “കുളി കഴിഞ്ഞ് ഹാളിലേക്ക് ബന്ധുക്കള്ക്കരികിലെത്തിയ നിരഞ്ജനയുടെ കൈയ്യില്‍ പാല് ഗ്ലാസ്സ് നല്കി കൊണ്ട് രേണുക പറഞ്ഞു.
ഇരുണ്ട മുഖത്തോടെ ഗ്ലാസ്സും വാങ്ങി മറുപടിയൊന്നും പറയാതെ നിരഞ്ജന മണിയറയിലേക്ക് നടന്നു.
” നല്ല ഐശ്വര്യമുള്ള കുട്ടി, രേണുകയുടെ ഭാഗ്യം ” രേണുകയോടായി അയല്‍വീട്ടിലെ സൗദാമിനി പറഞ്ഞു.
” എനിക്കെന്ത് ഭാഗ്യം ചേടത്തീ, എല്ലാം എന്റെ മോന്റെ ഭാഗ്യമല്ലേ, ആ കുട്ടിയെ കണ്ടെത്തിയത് പോലും ഹരിക്കുട്ടനാ, ഞങ്ങള്‍ സമ്മതം മൂളി കൂടെ നിന്നെന്ന് മാത്രം ”
സൗദാമിനിക്ക് മറുപടി നല്കി കൊണ്ട് രേണുക രാഘവനെ നോക്കി .” ആഹാ അത് കൊള്ളാമല്ലോ , അപ്പോള്‍ പ്രേമമായിരുന്നല്ലേ ” സൗദാമിനി ചിരിയോടെ ചോദിച്ചു.
ഹാളിലാകെ ചിരി പടര്‍ന്നു. മണിയറയില്‍ നിരഞ്ജനയെയും കാത്തിരുന്ന ഹരിക്കരികിലേക്ക് നിരഞ്ജന എത്തി.
പാലിന്റെ ഗ്ലാസ്സ് മേശയിലേക്ക് വെച്ചിട്ട് നിരഞ്ജന ഹരിയിരുന്ന കട്ടിലിന്റെ എതിര്വശത്തേക്കിരുന്നു.
” എന്തുപറ്റി നിരഞ്ജനേ, മുഷിഞ്ഞ് പോയതിന്റെ വീര്പ്പുമുട്ടലാണോ ” നിരഞ്ജനയുടെ പ്രസന്നതയറ്റ മുഖഭാവം ശ്രദ്ധിച്ച ഹരി ചോദിച്ചു.
” നിങ്ങള്‍ , നിങ്ങളാണെന്റെ മുഷിച്ചിലിന് കാരണം ” നിരഞ്ജന വെറുപ്പോടെ ഒച്ച താഴ്ത്തി പറഞ്ഞു.
” ഞാനോ ? ഞാനെന്ത് ചെയ്തെന്നാണ് നിരഞ്ജന പറയുന്നത് , മനസ്സിലാകുന്ന ഭാഷയില്‍ പറയ് “ഹരിയുടെ കണ്ണുകള്‍ മിഴിഞ്ഞു.
” നിങ്ങള്ക്കറിയാമായിരുന്നല്ലോ എനിക്കൊരു പ്രണയമുള്ള കാര്യം , ഞങ്ങളുടെ കാര്യം നാട്ടില്‍ പാട്ടായതും പോരാതെ നിങ്ങളെന്നെ കാണാന്‍ വന്നപ്പോഴും ഞാന്‍ പറഞ്ഞതാണ് രാഹുലിന്റെ കാര്യം “നിരഞ്ജനയുടെ കണ്ണുകളില്‍ കോപാഗ്നി തെളിഞ്ഞു, ശബ്ദം പരുക്കനായി.
” അതാണോ കാര്യം ? പ്രണയമൊക്കെ എല്ലാവരിലും ഉണ്ടാകുന്നതല്ലേ നിരഞ്ജനാ, അതൊന്നും ഞാന്‍ കാര്യമാക്കുന്നില്ല , നമ്മള് നമ്മുടേതായ ജീവിതം ജീവിച്ച് തുടങ്ങുമ്പോള്‍ പഴയതൊക്കെ താനേ മറന്ന് തുടങ്ങും,,
മാത്രമല്ല ഇഷ്ടപ്പെട്ട ആളോടൊപ്പം തന്നെ ജീവിക്കണമെന്ന് എല്ലാവരും വാശി പിടിച്ചിരുന്നെങ്കില്‍ ഇന്ന് വിവാഹമെന്ന ചടങ്ങ് പോലും അന്യം നിന്ന് പോയേനെ ”
ഹരി ചിരിച്ചുകൊണ്ട് പറഞ്ഞു.” നിങ്ങള്‍ ചിരിക്കും, അത്ര ക്രൂരനാണ് നിങ്ങളെന്നെനിക്ക് നേരത്തെ തന്നെ മനസ്സിലായതാണ്…
ഒരു കാര്യം ഓര്‍ത്തോ എന്റെ ശരീരത്തെ വേണമെങ്കില്‍ നിങ്ങള്‍ക്ക് ബലമായി കീഴ്പ്പെടുത്താനാകും , അല്ലാതെ എന്റെ സമ്മതത്തോടെ നിങ്ങളെന്നെ തൊടില്ല !
മറ്റൊന്ന് കൂടി , നിങ്ങള്‍ക്കൊപ്പം ഞാന്‍ വെറുമൊരു നടിയായി ജീവിച്ചാലും എന്റെ മനസ്സിന്റെ പൂര്‍ണ്ണ അവകാശി രാഹുല്‍ മാത്രമാകും “നിരഞ്ജന ചീറിക്കൊണ്ട് പറഞ്ഞു.
” കടുത്ത തീരുമാനങ്ങള്‍ ഈ ആദ്യരാത്രിയില്‍ തന്നെ വേണോ നിരഞ്ജനേ , ലാലേട്ടന്റെ സിനിമയില്‍ പറയുന്നത് പോലെ കൈവിട്ട ആയുധവും വാവിട്ട വാക്കും തിരിച്ചെടുക്കാനാകില്ലെന്നാണ് പ്രമാണം ”
നിരഞ്ജനയുടെ ചീറ്റല്‍ കണ്ടിട്ടും ഹരിയുടെ മുഖത്തെ ചിരി മാഞ്ഞില്ല.” ഇത്തരം വളിച്ച തമാശകള്‍ പറയാന്‍ നിങ്ങള്‍ക്ക് വേറെ ആളെ കണ്ടെത്തിക്കൂടായിരുന്നോ ? എന്തിനെന്റെ ജീവിതം നശിപ്പിച്ചു ?
ആട്ടെ എത്ര മേടിച്ചു ഈ വിവാഹ കച്ചവടത്തില്‍ നിങ്ങള്‍ ? എന്താണേലും അച്ഛന്റെ കൈയ്യില്‍ നിന്നും ശരിക്കും വാങ്ങിയിട്ടുണ്ടെന്ന് ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാകും ”
നിരഞ്ജന കട്ടിലില്‍ നിന്നും എഴുന്നേറ്റ് ബെഡ്ഷീറ്റ് നിലത്ത് വലിച്ചിട്ടുകൊണ്ട് പറഞ്ഞു.
” നിരഞ്ജനയുടെ വാക്കുകള്‍ അതിര് കടക്കുന്നു, നിരഞ്ജനക്ക് എന്നോടൊപ്പം ജീവിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ നാളെ തന്നെ ഇവിടുന്ന് പോകാം,
അതല്ല രണ്ട് മനസ്സും രണ്ട് ശരീരവുമായി ഇവിടെ തന്നെ കൂടാമെങ്കില്‍ അങ്ങനെയുമാകാം, എന്താണേലും നിലത്ത് കിടക്കണ്ട, എനിക്ക് എന്നില്‍ പൂര്‍ണ്ണ വിശ്വാസമുണ്ട്,
നിരഞ്ജനയുടെ പൂര്‍ണ്ണ സമ്മതമില്ലാതെ ശരീരത്ത് പോലും ഞാന്‍ തൊടില്ല, അതേ ഉറപ്പ് തിരിച്ചും ഉണ്ടെങ്കില്‍ ദാ കട്ടിലിന്റെ ആ വശം നിരഞ്ജനയുടേതാണ് “കട്ടിലിന്റെ ഒരു വശം ചൂണ്ടിക്കാണിച്ചുകൊണ്ട് ഹരി പറഞ്ഞു.
നിരഞ്ജന മറുപടിയൊന്നും പറയാതെ കട്ടിലിന്റെ വശം ചേര്‍ന്ന് ചുവരിനെ നോക്കി കിടപ്പ് പിടിച്ചു. ഏതാനും നിമിഷം അവളുടെ കിടപ്പ് നോക്കി പുഞ്ചിരിയോടെ നിന്നിട്ട് ഹരിയും മറുതലയ്ക്കല്‍ കിടന്നു.മുറിയിലെ വെളിച്ചം കെട്ടു .
വിവാഹം കഴിഞ്ഞ് മൂന്ന് മാസം പിന്നിട്ടു.
ഹരിയും നിരഞ്ജനയും പുറംലോകത്തിന് മുന്നില്‍ നല്ല ദമ്പതികളായിരുന്നുവെങ്കിലും മനസ്സുകൊണ്ടും ശരീരം കൊണ്ടും രണ്ട് ദിക്കിലായിരുന്നു.
” നിരഞ്ജനേ ഇങ്ങനെ പോകാനാണെങ്കില്‍ ഇനി നമുക്കീ ബന്ധം വേണ്ട, പിരിയാം ”
ഒരു ദിവസം രാത്രി മുറിയില്‍ നിന്നും വസ്ത്രം അടുക്കിക്കൊണ്ടിരുന്ന നിരഞ്ജനയോടായി ഹരി പറഞ്ഞു.
” ഈയൊരു വാക്ക് ഇപ്പോഴാണോ നിങ്ങള്‍ക്ക് പറയാന്‍ തോന്നിയത് , ഓ സോറി ആദ്യരാത്രിയുടന്നും പറഞ്ഞിരുന്നുവല്ലോ, ഞാനത് മറന്ന് പോയി “വസ്ത്രം കട്ടിലിലേക്കിട്ടിട്ട് നിരഞ്ജന ഹരിയെ പുച്ഛത്തോടെ നോക്കി .
” നിരഞ്ജനേ ഞാന്‍ തമാശയ്ക്ക് പറഞ്ഞതല്ല, നിന്റെ മനസ്സില്‍ നിന്നും രാഹുലിന്റെ ഓര്‍മ്മകള്‍ മായില്ലെന്ന പൂര്‍ണ്ണ ബോധ്യം വന്നതിനാലാണ് ഞാനിങ്ങനെയൊരു തീരുമാനത്തിലെത്തിയത് ,
നിനക്ക് രാഹുലിനോടൊപ്പമാണ് ജീവിക്കേണ്ടതെങ്കില്‍ ഞാനതിന് ഇനിയും തടസ്സമാകില്ല ” ശബ്ദം ഇടറിപ്പോകാതിരിക്കാന്‍ ശ്രദ്ധിച്ചുകൊണ്ട് ഹരി പറഞ്ഞു.
” ഇതൊക്കെ ആദ്യമേ ചിന്തിച്ചിരുന്നെങ്കില്‍ നിങ്ങളുടെ ജീവിതവും എന്റെ ജീവിതവും നശിക്കില്ലായിരുന്നു,
എന്തായാലും മറുപടി രണ്ട് ദിവസത്തിനുള്ളില്‍ തരാം , രണ്ട് ദിവസം ഞാനെന്റെ വീട്ടില്‍ പോയി നില്കട്ടെ, എനിക്കാലോചിക്കണം “നിരഞ്ജന പറഞ്ഞു.
പിറ്റേ ദിവസം രാവിലെ തന്നെ നിരഞ്ജന തന്റെ വീട്ടിലേക്ക് യാത്ര തിരിച്ചു. യാത്രമധ്യേ അവള് രാഹുലിനെ വിളിച്ചു.” ഓ എന്റെ അഭിനവ കാമുകി അടിയന്റെ നമ്പരൊന്നും മറന്നിട്ടില്ലല്ലേ ”
മറുതലയ്ക്കല്‍ നിന്നും രാഹുലിന്റെ പുച്ഛത്തോടെയുള്ള ചോദ്യം നിരഞ്ജനയുടെ കാതിലേക്കെത്തി. അത് കേട്ടപ്പോള്‍ നിരഞ്ജനയുടെ ഹൃദയം തകര്‍ന്ന് പോയി.
” എന്നോടൊന്നും ചോദിക്കരുത് രാഹുല്‍, ഒരു മണിക്കൂറില്‍ ഞാന്‍ നമ്മള് കാണാറുള്ള കോഫീ ഷോപ്പിലെത്തും, രാഹുല്‍ വരണം “വിങ്ങലോടെ നിരഞ്ജന പറഞ്ഞു.
” ഓ, കാണാനെങ്കിലും തോന്നിയല്ലോ , അത് തന്നെ വലിയ കാര്യം, ഞാന്‍ കവലയില്‍ തന്നെയുണ്ട് , നീ വരുമ്പോള്‍ വിളിക്ക് ” പറഞ്ഞുകൊണ്ട് രാഹുല്‍ കോള്‍ കട്ട് ചെയ്തു.
കോഫീ ഷോപ്പില്‍ അഭിമുഖമായി ഇരിക്കുന്നതിനിടയില്‍ വിവാഹം മുതല്‍ സംഭവിച്ചതെല്ലാം കണ്ണീരോടെ നിരഞ്ജന രാഹുലിനെ പറഞ്ഞ് കേള്‍പ്പിച്ചു.
” ഇങ്ങനെയൊക്കെ സംഭവിച്ചോ ? നിനക്കെന്നോട് ഒരു വാക്ക് പറയാമായിരുന്നു “രാഹുല്‍ വിഷണ്ണനായി.
” എനിക്കാരുമില്ലെടാ, നീയേ ഉള്ളൂ , നമുക്കെങ്ങോട്ടേലും പോകാം “നിരഞ്ജന രാഹുലിന്റെ കൈകളില്‍ പിടിച്ചു.
” നീ പറഞ്ഞതൊക്കെ ഞാന്‍ വെള്ളം തൊടാതെ വിഴുങ്ങണം , അല്ലേടീ പുല്ലേ ? മൂന്ന് മാസത്തിനിടയില്‍ ഒരിക്കല്‍ പോലും അവന് നിന്നെ തൊട്ടിട്ടില്ലെന്ന്, പറയാന്‍ ഉളുപ്പില്ലേടീ നിനക്ക് ”
നിരഞ്ജനയുടെ കൈ തട്ടിമാറ്റിക്കൊണ്ട് രാഹുല്‍ പല്ലിറുമ്മി.” രാഹുല്‍…. , ഞാന്‍ പറഞ്ഞത് കള്ളമെന്നാണോ നീ പറയുന്നത് ”
രാഹുലിന്റെ ഭാവമാറ്റം കണ്ട് പകച്ച് പോയ നിരഞ്ജന ശബ്ദം താഴ്ത്തി അവനോട് ചോദിച്ചു .
” ശരി നീ പറഞ്ഞത് സത്യമെന്ന് തെളിയിക്കാന്‍ നിന്റെ കൈയ്യില്‍ എന്താ ഉള്ളത് ? കന്യകയെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റോ ?
അതിന്റെയൊന്നും ആവശ്യമെനിക്കില്ല, ഒറ്റ കാര്യം മാത്രമേ പറയാനുള്ളൂ, അതിന് തയ്യാറാണേല്‍ നമുക്ക് ഒരുമിച്ച് ജീവിക്കാം
രാഹുല്‍ ശബ്ദം മയപ്പെടുത്തിക്കൊണ്ട് നിരഞ്ജനയെ നോക്കി .” എന്താ രാഹുലിന് പറയാനുള്ളത് “നിരഞ്ജനയുടെ ഞെട്ടല്‍ മാറിയിരുന്നില്ല.
” നിന്റെ സകല സ്വത്തുക്കളും ആ വീടുമടക്കം എന്റെ പേരില്‍ എഴുതി തന്നാല്‍ ഞാന്‍ നിന്നെ കൊണ്ട് പോകാം, ഒരു രണ്ടാംകെട്ടുകാരിയെ കെട്ടേണ്ടി വന്നാല്‍ അതേലും വേണ്ടേ “രാഹുലിന്റെ കണ്ണുകള്‍ കുറുകി.
” എന്റെ മനസ്സിനും മാനത്തിനും നീയിട്ട വിലയാണോ ഇത് ? എങ്കില്‍ എനിക്ക് നിന്നെ വേണ്ട, നീ ഇത്തരക്കാരനാണെന്ന് ഞാന്‍ കരുതിയില്ല ഛീ “അറപ്പോടെ പറഞ്ഞുകൊണ്ട് നിരഞ്ജന എഴുന്നേറ്റു.
” ഹാ നീ ചൂടാവാതെടീ , നിന്റെയാ പുംഗവന് കൊച്ചുണ്ടാകില്ലെന്നൊക്കെ നാട്ടുകാര്‍ പറയുന്നുണ്ടല്ലോ, വേണേല്‍ ഞാന്‍ നിനക്ക് കൊച്ചിനെ ഉണ്ടാക്കി തരാം , നമുക്കിടയ്ക്ക് കൂടുകയും ചെയ്യാം ”
രാഹുല്‍ നിരഞ്ജനയെ നോക്കി കണ്ണിറുക്കി.” പോടാ ചെ,,റ്റേ ” വെറുപ്പ് നിറഞ്ഞ മുഖത്തോടെ പറഞ്ഞിട്ട് നിരഞ്ജന തിരിഞ്ഞ് നടന്നു.
ഉച്ചയായപ്പോഴേക്കും അവള് തന്റെ വീട്ടിലെത്തി. മകള്‍ ഒറ്റയ്ക്ക് വരുന്നത് കണ്ട് സംശയത്തോടെ നിരഞ്ജനയുടെ അമ്മ ഉമ്മറത്തേക്കെത്തി.” അമ്മേ ”
അമ്മയെക്കണ്ട് പൊട്ടിക്കരഞ്ഞുകൊണ്ട് നിരഞ്ജന ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു.
ഇരുവരും ഹാളിലേക്ക് നടന്നു.
നിരഞ്ജനയെ ആശ്വസിപ്പിച്ചുകൊണ്ട് അമ്മ കാര്യം തിരക്കി. ഹരിയുടെ വീട്ടില്‍ ചെന്നത് മുതല്‍ രാഹുലിനെ കണ്ടത് വരെയുള്ള കാര്യങ്ങള്‍ നിരഞ്ജന പറഞ്ഞൊപ്പിച്ചു.
ഉറങ്ങിക്കിടന്നിരുന്ന രാമചന്ദ്രന് കരച്ചിലും ബഹളവും കേട്ട് ഹാളിലേക്കെത്തി.” ഇവള് ഈ മഹാപാപി എല്ലാം നശിപ്പിച്ചല്ലോ ഏട്ടാ “രാമചന്ദ്രനെ നോക്കി ഭാര്യ വിലപിച്ചു.” എന്താടീ കാര്യം, എന്താണെന്ന് തെളിച്ച് പറ ”
രാമചന്ദ്രന് ഒന്നും മനസ്സിലാകാതെ കണ്ണ് മിഴിച്ചു. ഭാര്യ രാമചന്ദ്രനോട് നിരഞ്ജനയുടെ ജീവിതത്തില്‍ സംഭവിച്ചതൊക്കെ പറഞ്ഞു.
മാറത്ത് കൈയ്യും കെട്ടി ചുവരില്‍ ചാരി നിന്ന നിരഞ്ജനയുടെ മുന്നിലെത്തി അവളുടെ മുഖമടച്ച് ആഞ്ഞൊരടി രാമചന്ദ്രന് കൊടുത്തു. അടികൊണ്ട് നിരഞ്ജന നിലത്തേക്കിരുന്ന് പോയി.
” അവന് , ആ ഹരിയെ പോലൊരു മകന് എനിക്കുണ്ടേലെന്ന് ഒരുപാടാശിച്ച് പോയതാണെടീ ഞാന്‍, അവനെക്കുറിച്ച് എന്തറിയാമെടീ ഒരുമ്പെട്ട മഹാപാപീ നിനക്ക് ”
രാമചന്ദ്രന് ആക്രോശത്തോടെ മകളുടെ മുടിയില്‍ കുത്തിപ്പിടിച്ചുയര്ത്തിയിട്ട് ആഞ്ഞൊരു തള്ള് വെച്ച് കൊടുത്തു.നിരഞ്ജന സോഫായിലേക്ക് മറിഞ്ഞ് വീണു.
” എടീ നീയറിയാത്ത ഒരുപാട് കാര്യങ്ങളുണ്ട്, ആ പിഴച്ചവന് രാഹുലുമായി നിന്റെ വിവാഹം നടത്താത്തിന്റെ കാരണമറിയാമോടീ ? അവന് പലയിടത്തും പെണ്ണ് പിടിച്ച് നടക്കുന്ന ചരിത്രമറിയാമോടീ ”
രാമചന്ദ്രന് കലിതുള്ളിക്കൊണ്ട് നിരഞ്നയുടെ മുന്നിലെത്തി.” അച്ഛനെന്താണീ പറയുന്നത് “നിരഞ്ജന വിക്കി.
” എടീ നാശംപിടിച്ചവളേ ഹരി നിന്നെ അമ്പലത്തില്‍ വെച്ച് കണ്ട് ഒറ്റ നോട്ടത്തില്‍ ഇഷ്ടപ്പെട്ടതിന്റെ പേരില്‍ ഇന്നത്തെ തരികിട പിള്ളേരെ പോലെ പ്രേമം ഭാവിച്ച് നിന്റെയൊക്കെ പുറകെ നടക്കാതെ ആദ്യം വന്ന് നിന്നെ ചോദിച്ചത് നിന്റെ തന്തയായ എന്നോടാണ് ,
രാഹുലിന്റെ കാര്യമറിയാവുന്ന ഞാന്‍ ആ പേരും പറഞ്ഞ് ഒഴിഞ്ഞതുമാണ്,പക്ഷേ രാഹുല്‍ കാരണം നശിക്കപ്പെട്ട പലരും ഹരിയുടെ നാട്ടില്‍ തന്നെയുണ്ടായിരുന്നു,
എന്തിനേറെ പറയുന്നു , വിവാഹം കഴിഞ്ഞ് കുടുംബമായി ജീവിച്ച പെണ്ണിനെ വരെ സോഷ്യല്‍ മീഡിയ വഴി വശീകരിച്ചെടുത്ത് കൊച്ചിനെയുണ്ടാക്കി കൊടുത്ത് പെരുവഴിയിലാക്കിയതാണ് ആ പി,ഴച്ചവന് ,
എല്ലാമറിഞ്ഞിട്ട് ഞാന്‍ നിന്നെപ്പിടിച്ച് അവന് കൊടുക്കണമായിരുന്നോടീ ?ഒറ്റ നോട്ടത്തിലെ പ്രണയമെന്നൊക്കെ ഞാന്‍ കേട്ടിട്ടേയുള്ളൂ, പക്ഷേ അത് കണ്ടറിഞ്ഞത് ഹരിയിലൂടെയായിരുന്നു.. അവന് നിന്നോടുള്ള പ്രണയം മൂത്തതിന്റെ പേരില്‍ മാത്രമാണെടീ നിനക്ക് നല്ലൊരു ജീവിതം കിട്ടിയത് , അതും നീ നശിപ്പിച്ചില്ലേ..
നീ എന്താണെടീ കരുതിയത് , ഞാനവന് കോടിക്കണക്കിന് കൊടുത്തെന്നോ ?എന്റെ ഒരു രൂപ പോലും വേണ്ടെന്ന അവന്റെ നിര്‍ബന്ധം കാരണം കല്യാണ ചിലവടക്കം നീ ഉടുത്തതും അണിഞ്ഞതുമടക്കം എല്ലാം അവന്റേതായിരുന്നു,
അതും അവന്റെ വീട്ടുകാര്‍ പോലും അറിയാതെ അവന് ചെയ്തത് , അങ്ങനെയുള്ള അവനെയാണല്ലോടീ ദുഷ്ടേ നീ ” രാമചന്ദ്രന് കിതച്ചുകൊണ്ട് പറഞ്ഞ് നിറുത്തി.
” ഒരു വാക്ക്, ഒരു വാക്കെന്നോട് പറയാമായിരുന്നു “ഹൃദയത്തിനുള്ളില്‍ സ്ഫോടനം നടന്നതിന്റ ആഘാതത്തോടെയുള്ള നിലവിളിയോടെ നിരഞ്ജന നാവ് ചലിപ്പിച്ചു.
” പോടീ , പോയി ചെന്നവന്റെ കാല് പിടിച്ച് മാപ്പ് പറയ്, എനിക്കിനി കാണണ്ട ഇങ്ങനൊരു മോളെ ”
കണ്ണ് തുടച്ചുകൊണ്ട് രാമചന്ദ്രന് തിരിഞ്ഞ് നടന്നു . മുഖം തുടച്ചുകൊണ്ട് നിരഞ്ജന ചാടിയെഴുന്നേറ്റു. മിന്നല്‍ പോലെയവള്‍ പുറത്തേക്കോടി.
രാവിലെ വീട്ടിലേക്കാണെന്നും പറഞ്ഞ് പോയ മരുമകള്‍ ഉച്ചക്ക് മൂന്നുമണിയായപ്പോഴേക്കും തിരിച്ചെത്തി മുറിയിലേക്കോടി കയറുന്നത് കണ്ട് നെറ്റി ചുളിച്ചുകൊണ്ട് രേണുക പുറകെ പോയി.
റൂമിലാകെ ഹരിയെ തിരഞ്ഞിട്ട് കാണാതെ നിരഞ്ജന പുറത്ത് വന്നു.” മോളെന്താ ഈ തേടുന്നത് “നിരഞ്ജനയുടെ ഭാവം ശ്രദ്ധിച്ചുകൊണ്ട് രേണുക ചോദിച്ചു .” അമ്മേ ഹരിയേട്ടനെവിടെ “കിതപ്പോടെ നിരഞ്ജന തിരക്കി.
” ഹരിയോ ? അവന് മോള് പോയതിന് പുറകെ വണ്ടിയുമെടുത്ത് പോയതാണല്ലോ, എന്തേയ് എന്തേലും അത്യാവശ്യമുണ്ടോ “രേണുക സംശയത്തോടെ തിരക്കി .
” ഒന്നുമില്ലമ്മേ, ഞാന്‍ പിന്നീട് സംസാരിക്കാം ” പറഞ്ഞുകൊണ്ട് നിരഞ്ജന റൂമില്‍ കയറി വാതിലടച്ചു.
ബാഗ് തുറന്ന് ഫോണ്‍ കൈയ്യിലെടുത്തിട്ട് അവള് ഹരിയുടെ നമ്പര്‍ തിരഞ്ഞ് പിടിച്ചെടുത്ത് ഡയല് ചെയ്തു. ഫോണ്‍ സ്ക്രീനില്‍ ചെകുത്താന് എന്ന് സേവ് ചെയ്ത നമ്പരിലേക്ക് റിംഗ് പോയി. ബെല്ലടിച്ച് തീരാറായപ്പോഴേക്കും ഹരി കോളെടുത്തു.
” എന്താ നിരഞ്ജനേ , തീരുമാനം ഇത്ര വേഗത്തിലെടുത്തോ ” ഹരി സൗമ്യമായി ചോദിച്ചു .
” ഹരിയേട്ടാ എല്ലാത്തിനും മാപ്പ് , സത്യങ്ങളൊക്കെ മനസ്സിലാക്കാന്‍ വൈകിപ്പോയി, എനിക്കിപ്പോള്‍ ഹരിയേട്ടനെ കാണണം, ഹരിയേട്ടന് എവിടെയാ ”
സന്തോഷമാണോ സങ്കടമാണോ എന്ന് പറയാന്‍ കഴിയാത്തൊരു വികാരത്തില്‍ നിരഞ്ജന വാക്കുകള്‍ തപ്പിപ്പെറുക്കി പറഞ്ഞു.
” അമ്മാവനെ കണ്ടായിരുന്നല്ലേ ? ചില സത്യങ്ങള്‍ അങ്ങനെയാണ് നിരഞ്ജനേ , നേരിട്ടറിയുമ്പോഴേ അതിന്റെയൊരു സുഖം കാണൂ ” ഹരി ചിരിയോടെ പറഞ്ഞു.
” ഹരിയേട്ടന് ഫിലോസഫി പറയാതെ വരുണുണ്ടോ ഇങ്ങോട്ട്, അല്ലേല്‍ എവിടാണെന്ന് പറ ഞാനങ്ങോട്ട് വരാം ” നിരഞ്ജന വീര്‍പ്പുമുട്ടലോടെ പറഞ്ഞു.
” അടങ്ങെടീ പെണ്ണേ, ഒരു രണ്ട് മണിക്കൂറിനുള്ളില്‍ ഞാന്‍ വരും, കുറച്ച് മുല്ലപ്പൂവും വാങ്ങിയേക്കാമല്ലേ ” ഹരി ചിരിച്ചുകൊണ്ട് ചോദിച്ചു .
” മുല്ലപ്പൂവോ അതെന്തിന് ” നിരഞ്ജനയ്ക്ക് ഹരിയുദ്ധേശിച്ചത് മനസ്സിലായില്ല.” അല്ല , മുടങ്ങിപ്പോയ നമ്മുടെ ആദ്യരാത്രി ഇന്നങ്ങ് പുനരാവിഷ്കരിച്ചേക്കാമെന്ന് കരുതി ” ഹരി പൊട്ടിച്ചിരിച്ചു.
” പോ അവിടുന്ന്,, ഓരോന്ന് പറയാതെ വേഗം വാ , ഞാന്‍ വെക്കുവാ ” നാണത്തോടെ പറഞ്ഞിട്ട് നിരഞ്ജന കോള്‍ കട്ട് ചെയ്തു.
രാത്രിയായിട്ടും ഹരിയെ കാണാതെ വന്നപ്പോള്‍ നിരഞ്ജനയ്ക്ക് മുഷിച്ചില് തോന്നി. ഹരിയുടെ ഫോണ്‍ സ്വിച്ച് ഓഫായതിനാല്‍ വിളിക്കാനും മാര്‍ഗ്ഗമില്ലായിരുന്നു.
ഹരിയെ കാത്തിരുന്ന് ഭക്ഷണം പോലും കഴിക്കാന്‍ മറന്ന നിരഞ്ജന ക്ഷീണത്തോടെ ഉറങ്ങിപ്പോയി.
വെളുപ്പിന് അഞ്ച് മണിയോളമായപ്പോള്‍ വീട്ടിനുള്ളില്‍ രേണുകയുടെ നിലവിളി മുഴങ്ങിയ ശബ്ദം കേട്ട് നിരഞ്ജന ഞെട്ടിയെഴുന്നേറ്റ് മുഖവും തിരുമ്മി മുറി തുറന്ന് പുറത്തിറങ്ങി.
ഏതാനും ചില ആളുകള്‍ ഹാളില്‍ നില്പുണ്ടായിരുന്നു. രേണുക തളര്‍ന്ന് നിലത്തിരുന്ന് നിലവിളിക്കുകയായിരുന്നു.
” മോളെ നമ്മുടെ ഹരി പോയി മോളേ ” നിരഞ്ജനയെ കണ്ടതും ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ട് രേണുക നെഞ്ചത്തിടിച്ചു.” ലോറിയുമായി കാര്‍ കൂട്ടിയിടിച്ചതാ, സ്പോട്ടില്‍ തീര്‍ന്നൂന്നാ കേട്ടത് ”
ഒരു അയല്‍വാസി പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞത് നിരഞ്ജനയുടെ ചെവിയിലെത്തി. അവളുടെ കണ്ണുകളില്‍ ഇരുട്ട് കയറി, വെട്ടിയിട്ടത് പോലെ നിരഞ്ജന നിലത്തേക്ക് വീണു.
ഹൃദയത്തിലെഴുതിയ പ്രണയത്തിന്റെ ഫലമനുഭവിക്കാനാകാതെ ഹരി മറ്റൊരു ലോകത്തേക്ക് യാത്രയായിരുന്നു..