(രചന: ശ്രേയ)
“ഞങ്ങൾക്കാർക്കും താല്പര്യമുണ്ടായിട്ടല്ല ഇപ്പോൾ അവനുമായി നിന്റെ വിവാഹം നടത്തുന്നത് എന്ന് നീ മറക്കരുത്.അവനെ നീ സ്നേഹിച്ചു.. ആ വിവരം ഒരിക്കൽ പോലും നീ വീട്ടിൽ പറഞ്ഞതുമില്ല..
ഞങ്ങളുടെ ഒറ്റ മോളായ നിന്റെ ഒരു ആഗ്രഹങ്ങൾക്കും ഞങ്ങൾ ഇന്നുവരെ എതിരെ നിന്നിട്ടില്ല.നിന്റെ ന്യായമായ ഏത് ആവശ്യവും നടത്തിത്തരാൻ മാത്രമേ ഞങ്ങൾ ശ്രമിച്ചിട്ടുള്ളൂ.എന്നിട്ടും നിനക്ക് ഇങ്ങനെയൊരു താല്പര്യം ഉണ്ടായപ്പോൾ നീ അത് ഞങ്ങളോട് പറഞ്ഞില്ല.
ആരെയും അറിയിക്കാതെ നീ അവനുമായി രജിസ്റ്റർ മാരേജ് ചെയ്തു.. എന്നിട്ടും നീ ആ വിവരം ഞങ്ങളോട് പറഞ്ഞില്ല. അവൻ വീട്ടുകാരെയും കൂട്ടി ഇവിടെ ആലോചനയുമായി വന്നപ്പോഴാണ് ഞങ്ങൾ അതൊക്കെ അറിയുന്നത്..”
അമ്മ പറയുന്ന വാക്കുകളൊക്കെ അവൾ ശ്രദ്ധിച്ചു കേൾക്കുന്നുണ്ടായിരുന്നു.അതിൽ പലതും അവളെ വേദനിപ്പിക്കുന്നുണ്ടായിരുന്നു.
” എന്തായാലും കഴിഞ്ഞത് കഴിഞ്ഞു. ഇനി അതിനെക്കുറിച്ച് പറഞ്ഞിരുന്നിട്ട് കാര്യമില്ലല്ലോ.. നാളെ നിങ്ങളുടെ വിവാഹമാണ്. എന്തായാലും എപ്പോഴായാലും അച്ഛനും അമ്മയും ഉണ്ട് എന്ന് നീ മറക്കരുത്. ഞങ്ങൾക്ക് നിന്നെ അങ്ങനെ തള്ളിക്കളയാൻ പറ്റില്ലല്ലോ.. ”
തലയിൽ തലോടി അമ്മ അതും പറഞ്ഞുകൊണ്ട് പുറത്തേക്കിറങ്ങി പോയപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
പക്ഷേ അതിനേക്കാൾ ഉപരി അവളുടെ ഉള്ളിൽ മറ്റൊരുവന്റെ മുഖം തെളിഞ്ഞു.അതോടെ അവൾ സമാധാനത്തോടെ കണ്ണുകൾ അടച്ചു.
നിത്യയും അരുൺ തമ്മിലുള്ള ബന്ധം കോളേജിൽ പഠിക്കുമ്പോൾ തന്നെ തുടങ്ങിയത് ആണ്. അച്ഛനെയും അമ്മയുടെയും ഒറ്റമകളായ അവളുടെ
യാതൊരുവിധ ആഗ്രഹങ്ങൾക്കും അച്ഛനും അമ്മയും എതിര് നിന്നിട്ടില്ല. എന്നിട്ടും അവൾ ഈ ഒരു കാര്യം മാത്രം അവരിൽ നിന്ന് മറച്ചു വച്ചു.
ഒരുപക്ഷേ അവരത് നടത്തിക്കൊടുക്കില്ല എന്ന് അവൾക്ക് നേരത്തെ തന്നെ ബോധ്യമുള്ളതു കൊണ്ടായിരിക്കണം അങ്ങനെ.
എന്തായാലും അവളും അവനും തമ്മിൽ പിരിയാൻ അവർക്ക് ആഗ്രഹം ഉണ്ടായിരുന്നില്ല. അഥവാ വീട്ടിൽ വിവരങ്ങൾ ധരിപ്പിക്കുമ്പോൾ അവർ എതിർത്താലോ എന്നൊരു ഭയത്തിൽ അവൾ തന്നെയാണ് രജിസ്റ്റർ മാരേജ് ചെയ്യാം എന്നൊരു ഓപ്ഷൻ അവനു മുന്നിൽ വച്ചത്.
അത് നല്ലൊരു നിർദ്ദേശമായി തോന്നിയത് കൊണ്ട് തന്നെ അധികം ആളും ആരവവും ഒന്നുമില്ലാതെ അവരും അവരുടെ ചില സുഹൃത്തുക്കളും ചേർന്ന് അവരുടെ വിവാഹം രജിസ്റ്റർ ചെയ്തു.
അതിനുശേഷം അവൾക്ക് വീട്ടിൽ വിവാഹാലോചനകൾ തുടങ്ങിയപ്പോഴാണ് അവൻ വീട്ടുകാരെയും കൂട്ടി വരുന്നത്.
സാമ്പത്തികമായുള്ള വ്യത്യാസമോ ജാതിയിലുള്ള വ്യത്യാസമോ ഒന്നും അവളുടെ വീട്ടുകാർക്ക് ഒരു പ്രശ്നമായിരുന്നില്ല. പക്ഷേ ഭർത്താവിനെ
ഉപേക്ഷിച്ച് വീട്ടിൽ വന്നു നിൽക്കുന്ന പെങ്ങളും ധാർഷ്ട്യത്തോടെയുള്ള അമ്മായിയമ്മയുടെ പെരുമാറ്റവും ഒക്കെ അവളുടെ വീട്ടുകാരെ പ്രതിസന്ധിയിലാക്കി.
ഒറ്റനോട്ടത്തിൽ തന്നെ അമ്മയുടെ വാക്കിന് മറുവാക്ക് പറയാത്ത മകനാണ് അവൻ എന്ന് എല്ലാവർക്കും മനസ്സിലായതാണ്. അതുകൊണ്ടു തന്നെ ഈ വിവാഹത്തിനോട് തങ്ങൾക്ക് താല്പര്യമില്ല എന്ന് അച്ഛനും അമ്മയും അവളെ അറിയിച്ചു.
പക്ഷേ അതിനുശേഷം ആണ് അവൾ ആ കാര്യം അവരോട് പറയുന്നത്.” എനിക്ക് അവനെ അങ്ങനെ വേണ്ടെന്നു വയ്ക്കാൻ പറ്റില്ല.. ഞങ്ങളുടെ രജിസ്റ്റർ വിവാഹം കഴിഞ്ഞതാണ്. ഞങ്ങളെ ഒന്നിച്ചു ജീവിക്കാൻ നിങ്ങൾ അനുവദിക്കണം..”
അത് കേട്ടതോടെ ആ അച്ഛനും അമ്മയും തകർന്നു പോയി.മകളുടെ ഭാഗത്ത് നിന്ന് ഇത്തരത്തിൽ ഒരു പ്രവർത്തി അവർ പ്രതീക്ഷിച്ചിരുന്നില്ല.
അതിന്റെ ആഘാതം അവരിൽ പ്രകടമായിരുന്നു.അവളുടെ നിർബന്ധത്തിനും വാശിക്ക് വഴങ്ങിയാണ് അച്ഛനും അമ്മയും അവളുടെ വിവാഹം നടത്തി കൊടുക്കാൻ തീരുമാനിച്ചത്.
പിറ്റേന്ന് ആർഭാടപൂർവ്വം തന്നെ വിവാഹം നടന്നു.ഒരേയൊരു മകളുടെ വിവാഹം അവരുടെ സ്വപ്നമായിരുന്നു. വിവാഹത്തിന്റെ ആർഭാടത്തിൽ ഒന്നും അവർ യാതൊരു കുറവും വരുത്തിയിരുന്നില്ല.
വിവാഹം കഴിഞ്ഞ് അരുണിന്റെ വീട്ടിലേക്ക് നിത്യ പുറപ്പെടുന്ന സമയത്ത് അച്ഛനോട് അവൾ യാത്ര പറഞ്ഞു.
” ഇത് നിന്റെ താൽപര്യത്തിനു മാത്രം നടക്കുന്ന വിവാഹമാണ്. പക്ഷേ എന്ന് കരുതി അവിടെ എന്തുണ്ടായാലും സഹിക്കണം എന്നൊന്നും അച്ഛൻ
പറയില്ല. നിനക്ക് അവിടെ എന്തു പ്രശ്നം ഉണ്ടെങ്കിലും ഞങ്ങൾ ജീവിച്ചിരിക്കുന്നിടത്തോളം കാലം ഞങ്ങൾക്കടുത്തേക്ക് വരാം.
നീ കണ്ടെത്തിയ ചെറുപ്പക്കാരനു ഒരുപക്ഷേ ഒരുപാട് കുറ്റവും കുറവും ഉണ്ടാകും. അവനെ തിരുത്താൻ പറ്റുന്ന കാര്യങ്ങൾ ഒക്കെ അവനെ തിരുത്താൻ ശ്രമിക്കുക.. നിനക്ക് ഒട്ടും പറ്റില്ല എന്ന് തോന്നിയാൽ അച്ഛനുണ്ട് എന്ന് ഓർത്താൽ മതി..”
അച്ഛൻ പറഞ്ഞ വാക്കുകളുടെ അർത്ഥം ആ സമയത്ത് അവൾക്ക് മനസ്സിലായില്ലെങ്കിലും വിവാഹം കഴിഞ്ഞ് അരുണിന്റെ വീട്ടിലേക്ക് ചെന്ന് കയറിയപ്പോൾ മുതൽ ആ വാക്കുകളുടെ അർത്ഥം അവൾ തിരിച്ചറിഞ്ഞു തുടങ്ങി.
അരുൺ പറഞ്ഞിരുന്ന ഒരു വീട് ആയിരുന്നില്ല അവൾ ചെന്ന് കണ്ടത്.അത്യാവശ്യം വലിപ്പമുള്ള വീടൊക്കെ തന്നെയാണെങ്കിലും വീട്ടുകാരുടെ പെരുമാറ്റത്തിൽ അവൾക്ക് എന്തൊക്കെയോ അസ്വാഭാവികത തോന്നുന്നുണ്ടായിരുന്നു.
നിലവിളക്കുമായി അവൾ അകത്തേക്ക് കയറി കഴിഞ്ഞപ്പോൾ നിലവിളക്ക് വയ്ക്കാനുള്ള സ്ഥലം അവൾക്ക് ചൂണ്ടിക്കാണിച്ചു കൊടുത്തത് അരുൺ തന്നെയായിരുന്നു. ചടങ്ങുകൾ ഒക്കെ മുറ പോലെ നടന്നു.
വസ്ത്രം മാറ്റാൻ വേണ്ടി അവൾ മുറിയിലേക്ക് കയറി പോയ സമയത്താണ്, അരുണിന്റെ അമ്മയും സഹോദരിയും കൂടി അവൾക്ക് പിന്നാലെ മുറിയിലേക്ക് ചെല്ലുന്നത്.
അവരുടെ പിന്നാലെ അമ്മയുടെ സഹോദരിമാരും ഉണ്ടായിരുന്നു. എല്ലാവരെയും കൂടി ഒന്നിച്ചു മുറിയിൽ കണ്ടപ്പോൾ നിത്യ ഒന്ന് അമ്പരന്നു പോയി.
” മോള് വസ്ത്രം മാറ്റാൻ വേണ്ടി വന്നതായിരിക്കും അല്ലേ..? “അമ്മ ചോദിച്ചപ്പോൾ അവൾ അതെന്ന് തലയാട്ടി.
” എന്നാൽ പിന്നെ ആഭരണങ്ങളൊക്കെ ഊരി അമ്മയുടെ കയ്യിലേക്ക് കൊടുക്കു മോളെ. അമ്മ സൂക്ഷിച്ചു വെച്ചോളും. ”
വല്യമ്മ അത് പറഞ്ഞപ്പോൾ അവൾ ഒന്ന് അന്ധാളിച്ചു പോയി.” അല്ലെങ്കിൽ തന്നെ കാര്യകാരണങ്ങൾ ഒന്നും ബോധിപ്പിക്കേണ്ട കാര്യമില്ല. മരുമകൾ കൊണ്ടു വരുന്ന സ്വർണത്തിന്റെ അവകാശി അമ്മായിയമ്മ തന്നെയാണല്ലോ..!”
വല്യമ്മ ആ പറഞ്ഞ വാചകം അവൾക്കുള്ളിൽ അടങ്ങിയിരുന്ന കോപത്തെ ആളിക്കത്തിച്ചു.
” അതെങ്ങനെയാ എന്റെ സ്വർണ്ണത്തിന്റെ അവകാശി അമ്മയാകുന്നത്..? എന്റെ അച്ഛൻ കഷ്ടപ്പെട്ട് ഉണ്ടാക്കി തന്നതാണ്. അത് മകൾക്ക് ഒരു മൂലധനം എന്നപോലെ സന്തോഷത്തോടെ തന്നയച്ചതാണ്.
എന്തെങ്കിലും ഒരിക്കൽ എനിക്കൊരു ആവശ്യം വരുമ്പോൾ ഉപയോഗിക്കാൻ ഉള്ളത്.. അതെങ്ങനെ അമ്മയുടെ അവകാശം ആകും..?”
അവളിൽ നിന്ന് അങ്ങനെയൊരു ചോദ്യം അവരാരും പ്രതീക്ഷിച്ചിരുന്നില്ല.അത് അവരുടെയൊക്കെ ദേഷ്യത്തെ ആളി കത്തിച്ചതേ ഉള്ളൂ.
” പിന്നെ നീ എന്താ കരുതിവെച്ചിരിക്കുന്നത്..? ഈ വീട്ടിൽ നിനക്ക് സമാധാനമായി ജീവിക്കണം എന്നുണ്ടെങ്കിൽ ഞങ്ങൾ പറയുന്നതുപോലെ മാത്രമേ പറ്റൂ. കൂടുതൽ ബഹളം ഉണ്ടാക്കാതെ അതെല്ലാം അഴിച്ച് അമ്മയുടെ കയ്യിലേക്ക് കൊടുത്തേക്ക്..”
ഭീഷണി പോലെ ചേച്ചി അത് പറഞ്ഞപ്പോൾ നിത്യക്ക് ദേഷ്യം വന്നു.” നിങ്ങളുടെ അമ്മായി അമ്മയ്ക്ക് നിങ്ങൾ ഇതുപോലെ കൊടുത്തിട്ടുണ്ടാവും അല്ലേ..? ”
അവളുടെ ആ ചോദ്യം മറ്റുള്ളവരെ കൂടി ദേഷ്യം പിടിപ്പിച്ചു. അതേ സമയത്ത് തന്നെയാണ് അരുൺ അവിടേക്ക് കടന്നു വന്നത്.
” നിന്റെ ഭാര്യയ്ക്ക് ഞങ്ങളെയൊക്കെ അനുസരിച്ച് ഇവിടെ ജീവിക്കാൻ ബുദ്ധിമുട്ടാണെന്ന്.. അതെന്താണെന്ന് നീ തന്നെ അവളോട് ചോദിച്ചു മനസ്സിലാക്ക്.. ”
അമ്മ പറഞ്ഞ വാചകത്തിന്റെ അർത്ഥം അവനു മനസ്സിലായില്ല. ചേച്ചി തന്നെയാണ് കാര്യങ്ങളൊക്കെ അവനു പറഞ്ഞു മനസ്സിലാക്കി കൊടുത്തത്.
” താൻ ഇവിടെ വന്ന ദിവസം തന്നെ ഒരു പ്രശ്നത്തിന് നിൽക്കാതെ അതുകൂടി അമ്മയുടെ കയ്യിൽ കൊടുത്തേക്ക്.. തനിക്കെന്തിനാ ഇപ്പൊ സ്വർണം ഒക്കെ..ആവശ്യം വരുമ്പോൾ അമ്മയോട് ചോദിച്ചാൽ മതി.അമ്മ തന്നോളും.. ”
അരുൺ കൂടി അമ്മയുടെ പക്ഷത്താണെന്ന് അറിഞ്ഞപ്പോൾ നിത്യയ്ക്ക് വല്ലാത്ത ദേഷ്യവും സങ്കടവും ഒക്കെ തോന്നുന്നുണ്ടായിരുന്നു.
സ്വർണ്ണം അമ്മയുടെ കയ്യിൽ ഏൽപ്പിക്കാൻ പറ്റില്ല എന്ന് അവൾ ഒറ്റക്കാലിൽ തപസ്സ ചെയ്യുന്നതുപോലെ പറഞ്ഞു കഴിഞ്ഞപ്പോൾ അവർക്ക് കൂടുതൽ എതിർക്കാനും കഴിയാതെയായി.
പക്ഷേ അതിന്റെ പരിണത ഫലം പിന്നീടുള്ള ദിവസങ്ങളിൽ അവൾ അനുഭവിക്കാൻ തുടങ്ങി. വെളുപ്പിനെ കൃത്യം നാലുമണിക്ക് അവളെ വിളിച്ചുണർത്തി അടുക്കളയിൽ പണി ഏൽപ്പിക്കും.
ഓരോരുത്തർക്കും അവരുടെ ഇഷ്ടത്തിനനുസരിച്ച് വച്ചു വിളമ്പാനും അവരുടെയൊക്കെ വസ്ത്രങ്ങൾ അലക്കാനും വീട് അടിക്കാനും തുടക്കാനും ഒക്കെയായി അവൾക്ക് നിന്ന് തിരിയാനുള്ള നേരം ഇല്ലാത്തത് പോലെ പണികൾ ഉണ്ടായിരുന്നു.
എത്രയൊക്കെ പണികൾ ചെയ്താലും അവസാനം കുറ്റങ്ങൾ മാത്രം കേൾക്കുന്ന അവസ്ഥ.. എത്രയൊക്കെ വച്ചുണ്ടാക്കിയാലും അവൾക്കു മാത്രം തികയാതെ വരുന്ന അവസ്ഥ..
ഒരുമാസം കൊണ്ട് അവൾ അനുഭവിക്കുന്നതിന്റെ പരമാവധി അനുഭവിച്ചു കഴിഞ്ഞു എന്ന് തന്നെ പറയാം.
ഒരു ദിവസം മകളെ കാണാനായി സന്തോഷത്തോടെ എത്തിയ അച്ഛനും അമ്മയും കാണുന്നത് അമ്മായിയമ്മയുടെ ശകാരങ്ങളും കേട്ട് നിലം തുടയ്ക്കുന്ന മകളെയാണ്. ആ കാഴ്ച അച്ഛനെയും അമ്മയെയും വല്ലാതെ വേദനിപ്പിച്ചു.
” എന്താ മോളെ ഇത്… “ഇടറുന്ന ശബ്ദത്തോടെ അച്ഛൻ ചോദിച്ചു കഴിഞ്ഞപ്പോൾ അത്രയും ദിവസം അവൾ അനുഭവിച്ചതൊക്കെ അവർക്കു മുന്നിൽ അവൾ തുറന്നുകാട്ടി.
” ഇവിടേക്ക് നിന്നെ പറഞ്ഞയക്കുമ്പോൾ തന്നെ ഞാൻ പറഞ്ഞതല്ലേ നിനക്ക് അച്ഛൻ ഉണ്ടെന്ന്.. ഞാൻ വെറും വാക്ക് പറഞ്ഞതാണെന്ന് കരുതിയോ നീ..? നിന്നെ സംരക്ഷിക്കാനുള്ള കരുത്ത് ഇപ്പോഴും എനിക്കുണ്ട്..
മോള് എടുക്കാൻ ഉള്ളത് എന്താണെന്ന് വെച്ചാൽ എടുത്തിട്ട് വീട്ടിലേക്ക് പോരെ.. ബാക്കി എന്ത് വേണമെന്ന് അച്ഛനു അറിയാം.”
അച്ഛന്റെ ആ വാക്കുകൾ ആശ്വാസത്തോടെ കേട്ടുകൊണ്ട് അവൾ അവരോടൊപ്പം പോകാൻ ഇറങ്ങി.
“ഇവരുടെ കൂടെ പോയാൽ പിന്നെ ആ വഴിക്ക് പോയേക്കണം. എന്റെ മോൻ നിന്നെ അന്വേഷിച്ചു വരും എന്ന് കരുതരുത്..”
പിന്നിൽ നിന്ന് അമ്മായിയമ്മ വിളിച്ചു പറയുമ്പോൾ അത് അങ്ങനെ തന്നെയാണ് സംഭവിക്കുക എന്ന് തനിക്ക് അറിയാമെന്ന് അവൾ മനസ്സിൽ ഓർത്തു.
വീട്ടിലെത്തിക്കഴിഞ്ഞ് രണ്ടുമാസത്തിനു ശേഷമാണ് അരുണിന്റെ ഡിവോഴ്സ് നോട്ടീസ് അവളെ തേടിയെത്തുന്നത്. അത് കണ്ടപ്പോൾ മാത്രം അവൾക്ക് വല്ലാതെ വേദനിച്ചു.
നാലുവർഷത്തോളം പ്രണയിച്ചതാണ്. അച്ഛനെയും അമ്മയെയും വെറുപ്പിച്ചു സ്വന്തമാക്കിയതാണ്.
എന്നിട്ടും ഒരിക്കലെങ്കിലും എന്താണ് സംഭവിച്ചത് എന്ന് അവനൊന്ന് അന്വേഷിക്കാം ആയിരുന്നില്ലേ..?.
അമ്മയും പെങ്ങളും പറയുന്നത് മാത്രം വിശ്വസിച്ച് തന്നെ ആട്ടിയിറക്കുമ്പോൾ അവൻ എന്തുകൊണ്ടാണ് തന്നെ കുറിച്ച് ഓർക്കാത്തത്..?
വേദനയോടെ അവൾ ഓർത്തെങ്കിലും തന്നെ വേണ്ടാത്തവരെ തനിക്കും വേണ്ട എന്ന് ചിന്തിക്കാൻ അവളെ പ്രേരിപ്പിച്ചത് അച്ഛനും അമ്മയും തന്നെയാണ്.
ഡിവോഴ്സ് നേടിയിട്ടും സ്വന്തമായി ഒരു ജോലി നേടിയെടുക്കുന്നത് വരെ അവൾക്ക് വിശ്രമമില്ലായിരുന്നു.
പുതിയ ജീവിതത്തിനെക്കുറിച്ച് അച്ഛനും അമ്മയും പറയുമ്പോഴൊക്കെയും അവൾക്ക് പറയാനുള്ളത്, ഞാൻ അനുഭവിച്ചതാണ്.. അതൊക്കെ
മറക്കാനും ഇനി പുതിയൊരു ജീവിതത്തെക്കുറിച്ച് ചിന്തിക്കാനും എനിക്ക് സമയം വേണം..
തീരുമാനം അവൾക്ക് വിട്ടുകൊടുത്തുകൊണ്ട് അച്ഛനും അമ്മയും അവൾക്ക് പൂർണ്ണ സ്വാതന്ത്ര്യം കൊടുക്കുമ്പോൾ, സന്തോഷത്തോടെ തന്റെ ജീവിതം കെട്ടിപ്പടുക്കുകയായിരുന്നു അവൾ..