മുലകളറ്റവൾ
(രചന: മിഴിവർണ്ണ)
“എന്നെയും എന്റെ വീട്ടുകാരെയും ചതിക്കാൻ ആയിരുന്നു അല്ലേടി നിന്റെ ഉദ്ദേശം?
സമൂഹത്തിനു മുന്നിൽ എന്നെ ഒന്നും അറിയാത്തൊരു കോമാളിയാക്കാൻ… എല്ലാരുടെയും മുന്നിൽ എന്റെ കുടുബത്തെ നാണം കെടുത്താൻ.. അതായിരുന്നു അല്ലേടി നിന്റെയൊക്കെ ആഗ്രഹം.”
ക്രോധത്താൽ അന്ധനായി നിഖിൽ പറയുന്നോരോ വാക്കുകളും രമ്യയുടെ മനസ്സിൽ തീമഴയായി വന്നു പതിച്ചുകൊണ്ടേയിരുന്നു.
പ്രണയത്തിന്റെ പൂക്കൾ വിരിഞ്ഞിരുന്ന അവളുടെ മനസ്സിന്റെ പ്രണയതാഴ്‌വാരം നിമിഷങ്ങൾ കൊണ്ട് അനന്തമായ മരുഭൂമിയായി മാറാൻ തുടങ്ങിയിരുന്നു.
വിദൂരതയിലെങ്ങും മരുപ്പച്ചകൾ പോലുമില്ലാത്ത അനന്തമായ വിരഹത്തിൽ മരുഭൂമി.
“നിക്കി ഞാൻ പറയുന്നത് കേൾക്ക്… നിന്നെ ചതിക്കുന്നതിനെക്കുറിച്ച് എനിക്ക് ചിന്തിക്കാൻ പോലും കഴിയില്ലെടാ.
നിന്റെ രമ്യയ്ക്ക് അതിനു കഴിയുമെന്ന് തോന്നുന്നോ നിനക്ക്?? അഞ്ചു വർഷമായി പ്രണയിക്കുന്നവർ അല്ലേടാ നമ്മൾ. ചതിക്കാൻ ആയിരുന്നില്ലടാ. അന്നേരത്തെ എന്റെ മാനസികാവസ്ഥ… നീ എന്നെ ഒന്നു മനസ്സിലാക്ക്.”
കണ്ണീരോടെ രമ്യയത് പറയുമ്പോഴും നിഖിലിന്റെ മുഖം ദേഷ്യത്താൽ വലിഞ്ഞുമുറുകിയിരുന്നു. ഭൂതകാലത്തിൽ പ്രണയം നിറഞ്ഞിരുന്ന ആ മുഖത്ത് നികൃഷ്ടജീവിയോടെന്നപോൽ വെറുപ്പ് നിറഞ്ഞിരുന്നു.
“ഇതു പിന്നെ ചതി അല്ലാണ്ട് എന്താണെടി … … .. നിന്റെ വീട്ടുകാർക്കും മനസിലായിക്കാണും ഈ കല്യാണം മുടങ്ങിയാൽ എന്നും കെട്ടാച്ചരക്കായി വീട്ടിൽ തന്നെ കാണുമെന്ന്.
അതോണ്ട് ആണല്ലോ എല്ലാം അറിഞ്ഞിട്ടും അതെല്ലാം ഒളിച്ചുവച്ചു എന്റെ തലയിൽ ആകാൻ നോക്കിയത്. പക്ഷെ ദൈവം എന്റെ കൂടെ ആണെടി…
അതുകൊണ്ടാ ഇത്രയേറെ ഡോക്ടർമാർ ഉണ്ടായിട്ടും നിനക്ക് എന്റെ കൂട്ടുകാരിയെത്തന്നെ കാണാൻ തോന്നിയതും..
അവളെ കല്യാണം ക്ഷണിക്കാൻ ചെന്നപ്പോൾ എനിക്ക് നിന്റെ ഫോട്ടോ അവളെ കാണിക്കാൻ തോന്നിയതും.
അതുകൊണ്ടല്ലേടി ആറ്റുപോകാൻ തുടങ്ങുന്ന മാറിടങ്ങളുമായി നടക്കുന്ന ഒരുത്തിയെയാണ് ഞാൻ ഇത്രയും കാലം പ്രേമിച്ചതും ഭാര്യയാക്കാൻ ഒരുങ്ങുന്നതും എന്ന് മനസിലായത്.”
“നിക്കി… ഒളിച്ചു വയ്ച്ചത് അല്ലെടാ.. നിന്നെ ചതിക്കാൻ ശ്രമിച്ചതും അല്ല. ഞാൻ പോലും എന്റെ രോഗം അറിഞ്ഞത് രണ്ടാഴ്ച്ചയ്ക്കു മുന്നേയാണ്.
എന്റെ മാറിടങ്ങൾ കാൻസർ കാർന്നു തിന്നുന്നത് ഞാൻ അറിഞ്ഞിരുന്നില്ലടാ…സത്യമായും അറിഞ്ഞിരുന്നില്ല. അറിഞ്ഞപ്പോഴേക്കും ഒരുപാട് വൈകിപ്പോയ്.”
“എങ്കിൽ അറിഞ്ഞപ്പോൾ എന്തുകൊണ്ട് എന്നോട് പറഞ്ഞില്ല… ഓഹ് കരുതിക്കാണും എന്നെ താലിയെന്ന വലയിൽ എന്നുന്നേക്കുമായി കുരുക്കിയിട്ട് എന്റെ ചെലവിൽ എല്ലാം പോയി അറുത്തു മുറിച്ചു കളഞ്ഞിട്ട് വരാമെന്ന് അല്ലേടി??”
“ഞാൻ മനസ്സിൽ പോലും ചിന്തിക്കാത്ത കാര്യങ്ങൾ ആണ് നിക്കി നീ പറയുന്നത്..ഈ വാർത്തയറിഞ്ഞത് മുതൽ ഞാൻ അനുഭവിച്ച വേദന നിനക്ക് അറിയില്ല. കരഞ്ഞു തീർത്ത കണ്ണീരിന്റെ കണക്ക് അറിയില്ല. എന്നെ മനസിലാക്കാൻ നിനക്ക് കഴിഞ്ഞില്ല. ”
“ഓഹ് മനസിലാക്കണം പോലും… എന്തിനാടാടി നിന്നെപോലൊരു പാഴ്ജന്മത്തെ ഞാൻ എന്റെ തലയിൽ ആകുന്നത്.
പിന്നെ ഒന്നു നീ അറിയണം..നിന്റെ ഭംഗി കണ്ടുതന്നാണ് ഞാൻ നിന്നെ പ്രേമിച്ചത്. കോളേജിന്റെ പടികേറി വന്ന നീ എന്റെ മനസ്സിന്റെ പടികൾ ചവിട്ടികേറാൻ കാരണം മനുഷ്യനെ കൊല്ലത്തെ കൊല്ലുന്ന നിന്റെ ഈ ഭംഗി തന്നെയാണ്.
പക്ഷേ ഇനി നിനക്ക് ആ ഭംഗി ഇല്ല… ഒരു പെണ്ണിന്റെ ഭംഗി നിർവചിക്കുന്നതിൽ അവളുടെ മാറിടങ്ങൾക്കും പ്രാധാന്യം ഉണ്ട്.
അതില്ലാത്ത നീയൊക്കെ ഒരു പൂർണ സ്ത്രീ ആകുമോ. എന്തായാലും നിന്നെ എനിക്കിനി വേണ്ട. ഒരു മുലകളറ്റവൾ എന്റെ ഭാര്യയായി വരണ്ട.”
വാക്കുകളിലൂടെ രമ്യയുടെ മനസ്സിൽ തകർച്ചയുടെ അവസാന ആണിയും അടിക്കുമ്പോഴും നിഖിലിന്റെ മുഖത്തു പുച്ഛത്തിൽ കലർന്നൊരു ഭാവമായിരുന്നു.
” നിർത്തേടോ…ശരീരം തന്നുകൊണ്ടിരിക്കുന്ന വേദനയെക്കാളും… മകളുടെ അസുഖത്തെക്കുറിച്ചറിഞ്ഞു കരയുന്ന അച്ഛനമ്മമാരുടെ കണ്ണീരിനെക്കാളും എന്നെ വേദനിപ്പിച്ചത് നിന്റെ ഓർമ്മകൾ ആണ്.
എന്റെ അസുഖത്തെക്കുറിച്ച് നീ അറിയുമ്പോൾ എന്തോരം വേദനിക്കും എന്നോർത്തായിരുന്നു.
എന്റെ കുഞ്ഞു കുഞ്ഞു വേദനകൾ പോലും സഹിക്കാനാവാത്ത നീ എനിക്ക് ഇത്രയും വേദന അനുഭവിക്കേണ്ടി വരുന്നത് എങ്ങനെ കണ്ടു നിൽക്കും എന്ന ചിന്തായായിരുന്നു.
ഇന്ന് നീ കാണണം എന്ന് പറഞ്ഞു വിളിച്ചപ്പോഴും ഒരു അസുഖകാരിയായി നിന്റെ ജീവിതത്തിലേക്ക് കടന്നു വരില്ല എന്ന ഉറച്ച തീരുമാനത്തോടെയായിരുന്നു ഞാൻ വന്നത്. സ്വയം ഒരു വഞ്ചകി ആയാലും നീ വേദനിക്കരുതെന്ന ചിന്തയോടെ.
പക്ഷേ…. ഇവിടെ തോറ്റുപോയത് ഞാൻ ആണ്. നിനക്ക് ഞാൻ അനുഭവിക്കുന്ന വേദനയെക്കാളും വിഷമം സമ്മാനിക്കുന്നത് അറുത്തുമാറ്റപ്പെടാനൊരുങ്ങുന്ന എന്റെ മാറിടങ്ങൾ ആണ്.
ഇന്നാദ്യമായി എനിക്ക് എന്നോട് പുച്ഛം തോന്നുന്നു നിക്കി… ഓഹ് സോറി… നിഖിൽ. പുച്ഛം തോന്നുന്നു എനിക്ക് എന്നോട് തന്നെ..നിന്നെ പ്രണയിച്ചതോർത്ത് എനിക്ക് എന്നോട് അടങ്ങാത്ത പുച്ഛം തോന്നുന്നു.”
“ഓഹ്… നിനക്ക് പുച്ഛം തോന്നുന്നോ… പുച്ഛിക്കാൻ മാത്രം എനിക്ക് എന്താടി കുറവ്… കുറവ് നിനക്ക് ആണ്.
അധികം വൈകാതെ പൂർണതയില്ലാത്ത പെണ്ണാകും നീ…അപൂർണയാകും നീ. പെണ്ണിന്റെ അംഗലാവണ്യമില്ലാത്ത..ഒരു ആണിനെ പൂർണ്ണമായും സന്തോഷിപ്പിക്കാൻ കഴിയാത്ത…
എന്തിനേറെ സ്വന്തം കുഞ്ഞിനു ഒരുതുള്ളി മുലപ്പാൽ കൊടുക്കാൻ പോലും കഴിവില്ലാത്തവൾ ആകും നീ. മാതൃത്വം പോലും പൂർണ്ണമായും അനുഭവിക്കാൻ ഭാഗ്യമില്ലാത്തവൾ.. പൂർണതയുള്ളൊരു അമ്മയാകാൻ പോലും കഴിവില്ലാത്തവൾ.”
ദേഷ്യത്തിൽ നിഖിൽ പിന്നെയും എന്തൊക്കെയോ പറയുമ്പോഴും രമ്യയുടെ മനസ്സിൽ അലയടിച്ചത് അവന്റെ അവസാനവാക്കുകൾ ആയിരുന്നു.
‘സ്വന്തം കുഞ്ഞിനു ഒരുതുള്ളി മുലപ്പാൽ കൊടുക്കാൻ പോലും കഴിവില്ലാത്തവൾ ആകും നീ. മാതൃത്വം പോലും പൂർണ്ണമായും അനുഭവിക്കാൻ ഭാഗ്യമില്ലാത്തവൾ. പൂർണതയുള്ളൊരു അമ്മയാകാൻ പോലും കഴിവില്ലാത്തവൾ’
തന്റെ മാറിടങ്ങളെ ക്യാൻസർ എന്ന മഹാമാരി കാർന്നു തിന്നുകയാണെന്നും… അവ മുറിച്ചു മാറ്റുകയല്ലാതെ മറ്റുപോംവഴികൾ ഒന്നും
തന്നെയശേഷിക്കുന്നില്ല എന്ന ഡോക്ടറിന്റെ വാക്കുകളെകളേറെ അവളെ തകർക്കാനുള്ള ശക്തി അവന്റെ അവസാന വാക്കുകൾക്ക് ഉണ്ടായിരുന്നു.
തന്റെ വിരലുകളിൽ നിന്നവൻ നിച്ഛയമോതിരം വലിച്ചൂരുമ്പോഴും… അവന്റെ വിരലിൽ താൻ അണിയിച്ച മോതിരം മുഖത്തേക്ക് വലിച്ചെറിയുമ്പോഴും അവൾ നിച്ഛലയായിരുന്നു.
അവൻ വാക്കുകളാൽ അവളുടെ മനസ്സിനെപോലും മരവിപ്പിച്ചു കഴിഞ്ഞിരുന്നെന്നു പറയുന്നതാവും കൂടുതൽ ശരി. ഒടുവിലവൻ നടന്നകലുമ്പോഴും അവൾ മൗനമായി നിന്നു.
ഒടുവിലൊരു പൊട്ടിക്കരച്ചിലോടെ നിലത്തേക്ക് വീഴാനൊരുങ്ങുമ്പോൾ രണ്ടു കരങ്ങലവളെ താങ്ങി. ആ കരങ്ങൾക്ക് അവളുടെയുള്ളിൽ പുതിയൊരു ഊർജം
നിറയ്ക്കാനുള്ള ശക്തിയുണ്ടായിരുന്നു.. ആ അപരിചിതയുടെ വാക്കുകൾ അവളിലെ മുറിവുകൾക്ക് മരുന്നുമായി..
ആ കരങ്ങളുടെ ഉടമയവൾക്കായി തുറന്നു നൽകിയത് ഒത്തിരിപ്പേരുടെ ഇരുൾ നിറഞ്ഞ ജീവതത്തിൽ സന്തോഷത്തിന്റെ വെളിച്ചം പരത്തുന്നൊരു കുഞ്ഞു മിന്നാമിനുങ്ങാകുവാനുള്ള അവസരമായിരുന്നു.
അവളെ ചേർത്തുപിടിച്ചു ആ സ്ത്രീ കണ്ണീരൊപ്പുമ്പോൾ അതാരെന്നുപോലും നോൽക്കാതെ ഒരാശ്വാസമെന്നോണം രമ്യയാ നെഞ്ചിൽ ചേർന്നു കരഞ്ഞു.
ദിവസവും അവിടെയ്ക്ക് വരാറുള്ള ആ സ്ത്രീ പലപ്പോഴും അവിടെക്ക് വന്നിരുന്നു പ്രണയം പങ്കിടുന്ന ആ പ്രണയജോടികളെ കണ്ടിരുന്നു…
ഇരുവരുടെയും പ്രണയവും അതിനാൽ അവർക്ക് പരിചിതമായിരുന്നു. രമ്യയ്ക്കും ഒരുപക്ഷേ പരിചിതമായിരുന്നു ആ മുഖം…
പക്ഷെ ഒരു പുഞ്ചിരിപോലും പരസ്പരം കയിമാറിയിട്ടില്ലാത്തതൊരു അപരിചിതത്വം ഇരുവർക്കുമിടയിൽ അപ്പോഴും നിലനിന്നിരുന്നു.
ഇതുവരെ നിഖിലിലും രമ്യയ്ക്കുമിടയ്ക്ക് നടന്നതെല്ലാം കണ്ടതുകൊണ്ട് തന്നെ അവർ അവളോടൊന്നും ചോദിച്ചില്ല. മറിച്ചു അവളുടെ കണ്ണീർ വറ്റുന്ന നിമിഷം
വരെയും കാത്തുനിന്നു. ശേഷം ഒന്നു മാത്രം പറഞ്ഞു…വിശ്വാസം ഉണ്ടെങ്കിൽ തനിക്കൊപ്പം ഒരിടത്തു വരണം. ഒപ്പം ഒരു ഉറപ്പും കൊടുത്തു..
അവിടെനിന്നും തിരിച്ചിറങ്ങുമ്പോൾ നിന്നെ നിരസിച്ഛിച്ചു നടന്നകന്നവന്റെ വാക്കുകൾ കളവാണെന്നും നിന്റെ മനസ്സിന് ബോധ്യമാകുമെന്നും.
അപരിചിതയായ ഇതുപോലൊര വ്യക്തിക്കൊപ്പം പോകാൻ അവളുടെ ബുദ്ധി വിസ്സമ്മതിച്ചുവെങ്കിലും മനസ്സ് മറിച്ചൊരു തീരുമാനമെടുക്കാൻ നിർബന്ധിച്ചുകൊണ്ടേയിരുന്നു.
മനസ്സും തലച്ചോറും തമ്മിലുള്ള യുദ്ധത്തിൽ മനസ്സ് വിജയിക്കുമ്പോൾ രമ്യയുടെ പദങ്ങൾ ആ അപരിചിതയ്ക്കൊപ്പം ചലിച്ചു തുടങ്ങിയിരുന്നു.
പത്തു മിനുറ്റോളം നടന്നു ഒരു വീടിന്റെ വലിയൊരു ഗേറ്റ് തള്ളിത്തുറന്നു ആ അപരിചിത ഉള്ളിലേക്ക് കയറുമ്പോൾ രമ്യ ഒരു നിമിഷം അറച്ചു നിന്നു. അവളുടെ ഉള്ളിലെ ഭയം മനസിലായിട്ടേന്നോണം ആ സ്ത്രീ മെല്ലെ പറഞ്ഞു.
“പേടിക്കണ്ട ഇതു എന്റെ വീടാണ്. ഇവിടെ എന്നേക്കൂടാതെ വേറെയും ആൾക്കാരുണ്ട്. ഞാൻ കുട്ടിയെ ഒന്നും ചെയ്യില്ല.”
ആ വാക്കുകളിലും അവ ചൊല്ലുന്ന വ്യക്തിയുടെ കണ്ണുകളിലും നിറഞ്ഞു നിൽക്കുന്ന സത്യസന്ധത സ്വന്തം മനസ്സിലേക്ക് കൂടി പകർന്നതിനാലാകും
രമ്യ ഉള്ളിലേക്ക് നടന്നു. ഇരു നിലകളിലാൽ ഉയർന്നു നിൽക്കുന്ന കൂറ്റൻ വീട്.. “സ്നേഹഭവനം.”
ആ വീടിന്റെ വിസ്തൃമായ മുറ്റം മുഴുവൻ പുല്ലുകളാലും പൂച്ചെടികളാലും നിറഞ്ഞിരുന്നു. മുറ്റത്ത് വിവിധപ്രായത്തിലുള്ള പത്തിലേറെ കുട്ടികൾ ഓടിക്കളിക്കുന്നു.
ഗാർഡനിൽ അവിടവിടെയായി സ്ഥാപിച്ച കൽബെഞ്ചുകളിൽ കുറച്ചു വൃദ്ധർ കുട്ടികളുടെ കളിചിരികൾ കണ്ടിരിക്കുന്നു.
ഇടയ്ക്കൊരു ചെറിയകുട്ടി കാലുതെറ്റി വീണപ്പോൾ തങ്ങളുടെ പ്രായം പോലും മറന്നു അവർ ഓടിച്ചെന്ന് അവളെ കോരിയെടുത്തു അശ്വസിപ്പിക്കുന്നു. അതുകണ്ടു ആ ആപരിചിത അങ്ങോട്ടേയ്ക്കോടി..അവർക്ക് പുറകിലായി രമ്യയും.
വേദനിച്ചോ മോളെയെന്ന് ചോദിച്ചുകൊണ്ട് അവർ ആ കുഞ്ഞിനെ ചേർത്തുപിടിച്ചു കണ്ണുനിറയ്ക്കുന്നതും ആ കുഞ്ഞു ഇല്ലമ്മേ അമ്മേ മിന്നൂട്ടിയ്ക്ക് വേദനിച്ചില്ലല്ലോ എന്നു ചൊല്ലി ആ നെഞ്ചോട് ചേരുന്നതുമെല്ലാം അവൾ കണ്ണിമചിമ്മാതെ നോക്കി നിന്നു.
മനസ്സിൽ അതുവരെയും നിറഞ്ഞുനിന്നൊരു വേദന പതിയെ ഇല്ലാതെയാകുന്നതും പകരം നിർവചിക്കാനാകാത്തൊരു സുഖം വന്നു നിറയുന്നതും അവൾ അറിയുന്നുണ്ടായിരുന്നു.
അല്പസമയം കഴിഞ്ഞു ആ സ്ത്രീ മടങ്ങിയെത്തി. തന്നെ കാത്തുനിർത്തിയതിനു ക്ഷമപറഞ്ഞുകൊണ്ട് അടുത്തുള്ളൊരു കല്ല് ബെഞ്ചിൽ ഇരുത്തി.
ഇരുവരും സംസാരിച്ചു തുടങ്ങുമ്പോഴേക്കും മറ്റൊരു കുഞ്ഞാൺകുട്ടിൽ അമ്മേയെന്നും വിളിച്ചുകൊണ്ടു ഓടിയെത്തിയിരുന്നു.
മുളച്ചുതുടങ്ങുന്ന പുതിയ പല്ലുകൾ കാട്ടിച്ചിരിച്ചു കൊണ്ടു ആ കുട്ടി തന്റെ കൈ മുന്നിലേയ്ക്ക് നീട്ടി. അതിന്റെ അർഥം മനസിലായിട്ടേന്നോണം ആ അപരിചിത ഒരു മിട്ടായി ആ കുഞ്ഞിക്കയികളിലേക്ക് നൽകി…
പകരമായി സ്നേഹം നിറച്ചൊരു ഉമ്മയും നൽകി അവൻ ഓടി. അതു കണ്ടു മറ്റുകുട്ടികളും ഓടിയെത്തിയിരുന്നു. എല്ലാർക്കും പുഞ്ചിരിയോടെ അവർ
മിട്ടായികൾ നൽകി. പകരമായി അവരോരുത്തരും അവരുടെ അമ്മയ്ക്ക് ചുംബനങ്ങൾ നൽകി. സ്നേഹചുംബനങ്ങൾ.
കുട്ടികൾക്ക് പുറകിലായി നല്ല പ്രായമുള്ളൊരു അമ്മുമ്മ മോണകാട്ടിച്ചിരിക്കുന്നുണ്ടായിരുന്നു.
ആ അമ്മയുടെ കയിലേക്കും അവർ ഒരു പൊതിനൽകി. എന്നിട്ട് കുറുമ്പോടെ പറഞ്ഞു ‘എന്നെക്കൊണ്ട് ഈ ജീരമിട്ടായി മൊത്തം വാങ്ങിപ്പിച്ചു കഴിച്ചിട്ട് ഷുഗർ
എങ്ങാനും വരുത്തിയാലുണ്ടല്ലോ അമ്മയാണെന്നൊന്നും നോക്കിക്കില്ല ചുട്ട അടി തരും ഞാൻ.’
അതിനും മറുപടിയായി ആ അമ്മുമ്മ ഒന്നു പുഞ്ചിരിച്ചു. എന്നിട്ടവരുടെ വിറയ്ക്കുന്ന കരങ്ങളാൽ ആ അപരിചിതയുടെ നെറുകയിൽ തലോടി…
ഒരു മധുര മിട്ടായി ആ വായിലേക്ക് വെച്ച് കൊടുത്തു. ശേഷം രമ്യയെ നോക്കിപുഞ്ചിരിച്ചു കൊണ്ടു അവളുടെ ചുണ്ടിലേയ്ക്കും ഒരു മധുരമിട്ടായി നൽകി..
താൻ രുചിച്ച മധുരങ്ങളിൽ ഏറ്റവും മധുരിക്കുന്ന മധുരം ആ കുഞ്ഞി മിടായിക്കാണെന്ന് ഒരുനിമിഷം അവൾക്ക്തോന്നി.
പിന്നെ ആ അമ്മുമ്മ മെല്ലെ വടിയും കുത്തിനടന്നു തന്റെ കൂട്ടുകാർക്ക് അരികിൽ ചെന്നു മധുരം പങ്കുവെച്ച് നൽകാൻ തുടങ്ങി.
എല്ലാം കണ്ടു രമ്യയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. പക്ഷേ അതൊരിക്കലും സങ്കടം കൊണ്ടായിരുന്നില്ല.
മറിച്ചു പറഞ്ഞറിയിക്കാൻ കഴിയാതൊരു സുഖം മനസ്സിൽ നിറഞ്ഞതിനല്ലായിരുന്നു. അതു കണ്ടു ആ അപരിചിതയുടെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു. അവർ പുഞ്ചിരിയോടെ പറഞ്ഞു.
“ഇതിവിടെ എന്നും പതിവുള്ളതാണ്.. റെസ്തുറന്റിൽ പോയിട്ട് വരുമ്പോൾ മുടങ്ങാതെ ഇവർക്കു എന്തേലും വാങ്ങിക്കൊണ്ട് വരും ഞാൻ.
പക്ഷേ ഇപ്പോൾ ഇതെല്ലാം അവിടുത്തെ ചേട്ടൻ ഇവർക്കു കൊടുക്കുന്ന സമ്മാനങ്ങൾ ആണുട്ടോ. പൈസ കൊടുത്താൽ പോലും മേടിക്കാറില്ല.”
അവരുടെ വാക്കുകൾക്ക് നേർത്ത പുഞ്ചിരിയോടെ രമ്യയൊന്നു മൂളി. അതു കണ്ട് ആ സ്ത്രീ വീണ്ടും തുടർന്നു.
“ഇവിടേക്ക് കൊണ്ട് വരുമ്പോൾ ഞാനൊരു വാക്ക് തന്നിരുന്നു. ഇനി ഞാൻ ഒന്നും പറഞ്ഞു ബോധ്യപ്പെടുത്തേണ്ട കാര്യമില്ലയെന്ന് അറിയാം.
എങ്കിലും ഒന്നു മാത്രം പറയാം. മോൾ സ്നേഹിച്ചിരുന്ന അയാൾ പറഞ്ഞത് പോലെ മാതൃത്വത്തിന്റെ അളവ്കോൽ ഗർഭപത്രവും മാറിടവും അല്ല.
ഇതു രണ്ടും ഇല്ലാത്തവൾ നല്ലൊരു അമ്മയാകില്ലായെന്നോ ഇവയെല്ലാം ഉള്ളവൾ നല്ലൊരു അമ്മയാകുമെന്നോ ആർക്കും പറയാൻ കഴിയില്ല.
മാതൃത്വം അളക്കുന്നത് ഒരു അമ്മയ്ക്ക് കുഞ്ഞുങ്ങളോടുള്ള സ്നേഹത്തതാൽ ആണ്.. കുഞ്ഞുങ്ങൾക്ക് തിരിച്ചുള്ള സ്നേഹത്തലാണ്.
പിന്നെ ഒരു സ്ത്രീ പൂർണയാകാൻ നൊന്തുപ്രസവിച്ചു പാളൂട്ടി വളർത്തണം എന്നു നിർബന്ധം ഒന്നും ഇല്ല.
അതുപോലെ പെണ്ണിന്റെ സൗന്ദര്യം പൂർണമാക്കാൻ നിറവും, ആകാരവടിവും ആരെയും ആകർഷിക്കുന്ന മാറിടങ്ങളും, മാൻപേടക്കണ്ണുകളും ഒന്നും വേണ്ട.
എല്ലാത്തിനുമുപരി വേണ്ടത് മറ്റുള്ളവരുടെ സങ്കടങ്ങളിൽ ആശ്വസിപ്പിക്കാൻ, സന്തോഷങ്ങൾ പങ്കിടാൻ, മറ്റുള്ളവരെ തന്നാൽ കഴിയും വിധം സഹായിക്കാനുള്ള മനസ്സും ആ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന നന്മയുമാണ്.
ഭാര്യാ-ഭതൃ ബന്ധത്തിൽ എല്ലാവും പ്രാധാന്യം ശരീരത്തിനല്ല അതിനപ്പുറം ഇരുമനസ്സുകൾ തമ്മിലുള്ള ഐക്യത്തിനാണ്.
ഒരു മനവും ഇരുമെയ്യും ആണ് ദാമ്പത്യം. അവിടെ മനസ്സുകൾ രണ്ടായി തന്നെ തുടർന്നാൽ ഇരുമെയും ഒന്നാകുന്നതിൽ അർഥമില്ല.
മനസ്സുകൾ തമ്മിൽ അടുക്കാതെയുള്ള ശരീരങ്ങളുടെ ഒന്നാവൽ കാമം മാത്രമാണ്. കാമത്തിനൊപ്പം പ്രണയം ചേരുമ്പോഴാണ് അതു ദാമ്പത്യമാകുന്നത്.
മോൾടെ ആൾ ശരീരത്തെ കാമിക്കുക മാത്രമാണ് ചെയ്തത്.. പ്രണയം അതു മനസ്സിനോടും മെയ്യോടും ഒരുപോലെ തോന്നണം.
എല്ലാം ഇവിടെ വെച്ചു അവസാനിച്ചത് നന്നായി കുഞ്ഞേ… അവനെന്ന ലോകത്തിൽ ഒതുങ്ങിയ ശേഷം ഇങ്ങനെ സംഭവിക്കുന്നതിലും നല്ലതല്ലേ ഇതിങ്ങനെ അവസാനിച്ചത്. ശരീരത്തോടുള്ള സ്നേഹം എത്രയൊക്കെ ശ്രമിച്ചാലും നഷ്‌ടമാവുക തന്നെ ചെയ്യും മോളെ.”
“അറിയാം…പക്ഷേ ഇപ്പോഴും ഒരു നോവ് ആണ് മനസ്സിന്… ഇത്രയൊക്കെ സ്നേഹിച്ചിട്ടും ഞാൻ തോറ്റുപോയ പോലെ. ചേച്ചി പറഞ്ഞതിനോടെല്ലാം തലച്ചോർ യോജിക്കുമ്പോഴും മനസ്സ് അവന്റെ വാക്കുകളിൽ കുരുങ്ങി കിടക്കുകയാണ്.”
“മോളെ… വർഷങ്ങൾക്ക് മുമ്പ് ആണെന്ന മുഖമ്മൂടിയ്ക്കുള്ളിൽ ഒളിഞ്ഞിരുന്ന എന്നിലെ പെണ്ണിനെ ഞാൻ തിരിച്ചറിഞ്ഞപ്പോൾ… ആ പെണ്ണായ് ഞാൻ മാറിയപ്പോൾ എല്ലാരും പറഞ്ഞു ഞാനൊരിക്കലും ഒരു പൂർണ സ്ത്രീ ആകില്ലന്ന്.
പക്ഷേ ജീവിതത്തിൽ ഒരു പെണ്ണ് കെട്ടിയാടുന്ന വേഷങ്ങൾ എല്ലാം ഞാൻ ആടിതീർത്തു. ആ കുട്ടികളിൽ പലർക്കും ഞാൻ അമ്മയാണ്.. ചിലർക്ക് സഹോദരിയാണ്..എന്റെ സ്വന്തം അച്ഛനുമ്മയും ഉൾപ്പടെ ഒത്തിരി അച്ഛനമ്മമാരുടെ മകളാണ്…
എന്നിലെ എന്നെ തിരിച്ചറിഞ്ഞ ഒരുവന്റെ പാതിയുമാണ് ഞാൻ. ആദ്യമൊക്കെ എതിർത്തുവെങ്കിലും എന്റെ ഒപ്പം നിൽക്കാൻ തയാറായ അച്ഛനമ്മയും എന്റെ കരുത്തതാണ്.
ഒരക്സിഡന്റിന്റെ രൂപത്തിൽ അവരെ മരണം തട്ടിയെടുത്തുവെങ്കിലും ഈ ഓരോ അച്ഛനമ്മമാരിലൂടെയും അവർ എനിക്കൊപ്പം ഉണ്ട്. ആ കൂട്ട് മോൾക്കും
ഇല്ലേ… പിന്നെ വേറെ എന്തു വേണം. ലോകം പലതും പറയും.. പക്ഷേ അവർ പറഞ്ഞത് കൊണ്ട് ഇരുൾ പകലാക്കില്ല… പകൽ ഇരുളുമാകില്ല.
അങ്ങനെയുള്ളവരുടെ വാക്കുകൾക്ക് ചെവികൊടുക്കാതിരിക്കുക. എങ്ങനെ ആണേലും നീ.. നീയായി ജീവിക്കുക. നിനക്കായ് ജീവിക്കുക.”
ആ വാക്കുകൾ രമ്യയിൽ പുതിയൊരു ഊർജം നിറച്ചു.. ഒത്തിരി നേരം സ്നേഹഭവനത്തിൽ ചിലവഴിച്ചു മടങ്ങുമ്പോൾ അവൾ പൂർണമായും ആ കുടുബത്തിന്റെ ഭാഗമായി കഴിഞ്ഞിരുന്നു.
മടങ്ങാനൊരുങ്ങുമ്പോൾ അവൾ ആ അപരിചിതയോട് പേര് ചോദിച്ചു… തനിക്കു പുതിയൊരു ഊർജം തന്ന വ്യക്തിയെ പൂർണമായും പരിചിതയാക്കാനായി. പുഞ്ചിരിയോടെ അവർ അതിനു മറുപടി നൽകി.
“അനാമിക..””അനാമിക… നാമമില്ലാത്തവൾ.” രമ്യയുടെ ചുണ്ടുകൾ മെല്ലെ മൊഴിഞ്ഞു.
കാലങ്ങൾ ഒത്തിരിക്കടന്നുപോയ്… ഒരായിരം ഓർമ്മകൾ സമ്മാനിച്ചു ആറു വസന്തങ്ങളും കൊഴിഞ്ഞുപോയ്. രമ്യ…. അവളിന്ന് അറിയപ്പെടുന്നൊരു സാമൂഹിക
പ്രവർത്തകയും വക്കീലുമാണ്. ഒപ്പം സ്നേഹഭവനമെന്ന ശിശു-വൃദ്ധ സംരക്ഷണകേന്ദ്രത്തിന്റെ രണ്ടു സാരഥിമാരിൽ ഒരുവളും..
അവിടത്തെ അച്ഛനമമാർക്ക് അവൾ നല്ലൊരു മകളും.. അവിടുത്തെ കുട്ടികൾക്കു നല്ലൊരു അമ്മയുമാണ്.
കാൻസർ കാർന്നു തിന്ന മാറിടങ്ങളുടെ അഭാവം ഇന്നവളെ വേദനിപ്പിക്കാറില്ല. യാതൊരു വെച്ചുകെട്ടലുകളിലൂടെയും അവളതിനെ മറയ്ക്കാൻ ശ്രമിക്കാറുമില്ല. കാരണം രമ്യയ്ക്ക് ഇന്നറിയാം മാറിടങ്ങൾ അല്ല തന്റെ നന്മകൾ ആണ് തന്റെ അടയാളവും അലങ്കാരവുമെന്നു.
നിഖിലിനെ പോലെ മുലകലറ്റവൾ എന്നു വിളിച്ചു കളിയാക്കിയ പലരും അഭിമാനത്തോടെ ഇന്നവൾ തങ്ങളുടെ അയൽക്കാരിയാണ്, കൂട്ടുകാരിയാണ്, ഞങ്ങളുടെ വീട്ടിലെ കുട്ടിയാണ് എന്നൊക്കെ പറയാൻ കാരണവും ആ മുലകളറ്റവളിലെ വറ്റാത്ത നന്മയാണ്.
അന്നത്തെ കൂടിക്കാഴ്ചയ്ക്ക് ശേഷം രമ്യ ഒരിക്കൽപോലും നിഖിലിനെ കണ്ടിട്ടില്ല… കൂട്ടുകാർ വഴി അവന്റെ സങ്കല്പങ്ങൾക്കൊത്തൊരു കുട്ടിയുമായി നിച്ഛയിച്ച മുഹൂർത്തത്തിൽ തന്നെ വിവാഹം കഴിഞ്ഞെന്ന് മാത്രം അറിഞ്ഞു.
പക്ഷേ അവിചാരിതമായി രമ്യയുടെ ജീവിത്തിലേക്ക് കടന്നുവന്നയാ അപരിചിത.. അനാമികയായി അവളുടെ അനുവേച്ചിയായി ഇന്നും അവൾക്കൊപ്പം ഉണ്ട്.. സ്നേഹഭവനത്തിന്റെ രണ്ടാം സാരഥിയായ്.
ഒരിക്കൽ തന്റെ ഓഫീസിൽ ഫയലുകളിൽ മുഴുകിയിരിക്കുമ്പോഴാണ് മൂന്നുപേർ ഒരു കേസിന്റെ കാര്യത്തിന് ജൂനിയറിനൊപ്പം അവളെ കാണാൻ വന്നത്. ഫയലിൽ നിന്നു തലയുയർത്തി നോക്കിയ രമ്യ ഒരുനിമിഷം നിഖിലിനെയും അവന്റെ അച്ഛനമ്മമാരെയും കണ്ട് ഞെട്ടി.
കാമുകനൊപ്പം ജീവിക്കാൻ വേണ്ടി 5 വയസ്സുള്ള ഒട്ടീസം ബാധിച്ച തന്റെ കുഞ്ഞിനെ തലയ്ക്കടിച്ചു കൊന്ന കേസിൽ വാദിഭാഗം ഇന്ന് തന്നെ കാണാൻ
വരുന്നെന്ന് കോടതിയിൽ നിന്നും വിളിച്ചു പറഞ്ഞിരുന്നു എങ്കിലും അതിവർ ആകുമെന്ന് രമ്യ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
വലിയ കോളിളക്കം സൃഷ്ടിച്ച വാർത്ത ആണെങ്കിലും ഇതുവരെയും കുടുബാഗങ്ങൾ മീഡിയയ്ക്ക് മുഖം കൊടുത്തിരുന്നുമില്ല. തന്റെ ഞെട്ടൽ മറച്ചു പിടിച്ചുകൊണ്ടു അവൾ കേസിന്റെ കാര്യങ്ങൾ ചോദിച്ചറിയാൻ തുടങ്ങി.
നിഖിലിന് അവളുടെ സാന്നിധ്യം വല്ലാത്ത വേദനയുണ്ടാക്കുന്നുണ്ടായിരുന്നു. പണ്ട് അവൻ പറഞ്ഞ ഓരോ വാക്കുകളും ഇരുത്തല മൂർച്ചയുള്ള വാളായി അവനെ മനസ്സാൽ തിരിഞ്ഞക്രമിക്കാൻ തുടങ്ങിയിരുന്നു.
ഇടയ്ക്കെപ്പോഴോ അവന്റെ കണ്ണുകൾ ശൂന്യമായ അവളുടെ മാറിടത്തിൽ പതിഞ്ഞു. ആ കാഴ്ച്ച അവനു മനസ്സിന് ആ അവസ്ഥയിൽ പോലും ചെറിയൊരു ആശ്വാസം സമ്മാനിച്ചു.
ഇടയ്ക്കെപ്പോഴോ മേശപ്പുറത്തിരിക്കുന്ന ഒരു ഫോട്ടോയിൽ കണ്ണുകൾ പതിഞ്ഞതും അവന്റെ മനസ്സിന് വല്ലാത്തൊരു നോവ് തോന്നി.. സുമുഖനായ ഒരു
ചെറുപ്പക്കാരനൊപ്പം ചേർന്നു നിൽക്കുന്ന രമ്യയുടെ ഫോട്ടോ. അവളുടെ കൈയിൽ പുഞ്ചിരി തൂകി നിൽക്കൊന്നൊരു മാലാഖപോലൊരു കുഞ്ഞും.
അവന്റെ നോട്ടം രമ്യ കണ്ടുവെങ്കിലും അവൾ മൗനം പാലിച്ചു. എല്ലാം സംസാരിച്ചു കഴിഞ്ഞു പുറത്തേയ്ക്ക് ഇറങ്ങാനൊരുങ്ങിയ മൂന്നു പേരിൽ നിഖിലിനെ മാത്രം രണ്ടു മിനിറ്റ് സംസാരിക്കാനായി രമ്യ നിർത്തി.
അവളുടെ മുഖത്തു നോക്കാൻ പോലും കഴിയാതെ പരാജിതനായി ഇരിക്കുകയായിരുന്നു നിഖിൽ അപ്പോഴും. അവനെ കൂടുതൽ വേദനിപ്പിക്കാൻ
അവളും ആഗ്രഹിച്ചില്ല. എങ്കിലും വർഷങ്ങളായി മനസ്സിൽ അവശേഷിക്കുന്നൊരു ചോദ്യം മാത്രമവൾ ചോദിച്ചു.
“നിഖിൽ… വർഷങ്ങളായി മനസ്സിലുള്ള ചോദ്യമാണ്. നീ പണ്ട് പറഞ്ഞില്ലേ. ഞാൻ ഒരിക്കലും പൂർണമായൊരു സ്ത്രീയാകില്ല… പൂർണയയൊരു
അമ്മയാകില്ലയെന്ന്…..പൂർണ്ണമകാത്തത് എന്റെ മാതൃത്വമായിരുന്നോ അതോ എനിക്ക് പൂർത്തിയാക്കാൻ കഴിയാത്തത് നിന്റെ ഉള്ളിലെ പ്രണയശൂന്യമായ കാമമായിരുന്നോ??!”
ആ വാക്കുകൾക്ക് മറുപടിയില്ലാതെ നിഖിൽ തലകുനിച്ചു നിൽക്കുമ്പോൾ രമ്യയുടെ സിരസ്സ് അൽപ്പം കൂടിയുയർന്നു നിന്നു. താൻ പൂർണയയൊരു സ്ത്രീയും അമ്മയും ആണെന്ന പൂർണ്ണ ബോധ്യത്തോടെ.
(ഇന്നും പെണ്ണിന്റെ മുഖത്തിന്റെയും മാറിടത്തിന്റെയും ശരീരത്തിന്റെയും അകൃതിയും ഭംഗിയും നോക്കി ദാമ്പത്യം ഉറപ്പിക്കുന്നവർ ഉണ്ടെന്നത് വേദനിപ്പിക്കുന്ന ഒരു സത്യമാണ്.
മാറിടത്തിന്റെയും ശരീരത്തിന്റെയും വലിപ്പം ചൊല്ലി മറ്റൊരു പെണ്ണിനെ കൂടുതൽ വേദനിപ്പിക്കുന്നത് സ്ത്രീകൾ തന്നെയാണ് എന്നതാണ് കൂടുതൽ വേദന.
എന്നെ നോക്കി പോലും ചില അയൽക്കാരായ അമ്മമാരും സുഹൃത്തുക്കളും പറഞ്ഞിട്ടുണ്ട്. എങ്ങനെ ഒരു ചെറുക്കൻ കെട്ടിക്കൊണ്ട് പോകും… അവനു വല്ലതും ഒക്കെ ഇതിൽ വേണ്ടേയെന്ന്.
അവരോടു എനിക്ക് പുച്ഛം മാത്രമേ ഉള്ളൂ. എന്നെക്കൾ പ്രായം ഉണ്ടായിട്ടും ദാമ്പത്യം ശാരീരിക ബന്ധത്തിനപ്പുറം മനസ്സിന്റെ ആത്മ ബന്ധം ആണെന്ന് മനസിലാക്കാൻ കഴിവില്ലല്ലോ എന്നോർത്ത്.
ശരീരത്തെ മാത്രമശ്രയിച്ചുള്ള സ്‌നേഹം കാലത്തിന്റെ കുത്തൊഴുക്കിൽ കടപ്പുഴക്കി വീഴും. പക്ഷേ മനസ്സുകളാൽ ബന്ധിച്ച സ്നേഹം കാലത്തിനുമപ്പുറം
നിലനിൽക്കും… സ്നേഹത്തിന്റെ മധുരം നുണഞ്ഞു എന്നും നിലനിൽക്കും… എപ്പോഴും നിലനിൽക്കും…