ഇവന്റെ തല്ലും കൊണ്ട് ഇവിടെ നിക്കണ്ട.” വാപ്പയുടെ തീരുമാനമാണ്. പോറ്റി വളർത്തിയ മകളുടെ സങ്കടം…

തല്ല്
(രചന: Navas Amandoor)

മേശപ്പുറത്ത് വെച്ചിരിക്കുന്ന കളർ പെൻസിൽ എടുക്കുവാൻ മിയ മോൾ ഒരു കസേരയുടെ മുകളിൽ കേറി കൈ

എത്തിച്ചപ്പോൾ കൈ കൊണ്ട് അവിടെ ഉണ്ടായിരുന്ന മരുന്ന് കുപ്പി താഴെ വീണു പൊട്ടി ചിതറി.”എന്താണ് മോളെ വീണത്….?

കുപ്പി പൊട്ടിയ ശബ്ദം കേട്ട് സഹല അടുക്കളയിൽ നിന്നും ഹാളിലേക്ക് ഓടി വന്നപ്പോൾ കണ്ടത് പൊട്ടിയ കുപ്പിയുടെ അടുത്ത് തല കുനിച്ചു നിൽക്കുന്ന
മിയയയെ ..ആ സമയം സഹലാക്ക് നിയന്ത്രിക്കാൻ കഴിയാത്ത ദേഷ്യം വന്നു.

“ഓരോ ദിവസവും ഇങ്ങനെ ഓരോന്ന് ഒപ്പിക്കും… എത്ര രൂപയുടെ മരുന്നാണെന്നറിയോ അസത്തെ..”

സഹല അടുക്കളയിലെ ഫ്രണ്ട്‌ജിന്റെ മേലെ വെച്ചിരുന്ന വടി എടുത്തു.മിയയുടെ അടുത്തേക്ക് ചെന്നു.

“വാപ്പച്ചി ലാളിച്ചു വശളാക്കിയിരിക്കാ പെണ്ണിനെ..”പറച്ചിലിനൊപ്പം സഹല മിയമോളെ തല്ലി. അപ്പോഴത്തെ ദേഷ്യത്തിൽ തല്ലല്ലേ ഉമ്മച്ചിയെന്ന് പറഞ്ഞു കരഞ്ഞിട്ടും അവൾ മോളെ തല്ലി.

സമീർ വണ്ടിയിൽ ഗൈറ്റ് കിടന്നപ്പോൾ തന്നെ മിയ മോളെ കരച്ചിൽ കേട്ടു. വണ്ടി പോർച്ചിൽ വെച്ച് വീട്ടിലേക്ക് സമീർ കയറിയപ്പോൾ ഉമ്മച്ചിടെ പിടി വിടീച്ച് മിയ വാപ്പച്ചിടെ അരികിലേക്ക് ഓടി. വാപ്പച്ചിനെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി.

“നിനക്ക് എന്താടീ ഭ്രാന്ത് പിടിച്ചോ…?””ആഹാ.. കെട്ടിപ്പിടിച്ചും ഒക്കത്ത് വെച്ചും ലാളിച്ചു വഷളാക്കി.. തല്ലണ്ട സമയം തല്ലണം.””അതേടി…. തല്ലേണ്ട സമയം തല്ലണം. ഇപ്പൊ അതിനുള്ള സമയം ആണ്.”

സമീർ മോളെ എടുത്ത് കൊണ്ട് സഹലയുടെ അടുത്ത് ചെന്ന് കൈ വീശി മുഖത്ത് അടിച്ചു. എന്നിട്ട് മോളെയും കൊണ്ട് മുറിയിലേക്ക് കയറി വാതിൽ അടച്ചു.

സങ്കടം കൊണ്ടും വേദന കൊണ്ടും സഹലയുടെ കണ്ണുകൾ ചുമന്നു. ചുമന്നു നിറഞ്ഞ കണ്ണുകളിൽ നിന്നും കണ്ണീർ അടർന്നു കവിളിലൂടെ ഒലിച്ചു.

കണ്ണ് തുടച്ചു കൊണ്ട് താഴെ നിന്നും കുപ്പിയുടെ ചില്ലുകൾ ഓരോന്നായി പെറുക്കി കൂട്ടി. ഒലിച്ചു പരന്ന മരുന്ന് ഒരു തുണി കൊണ്ട് തുടച്ചു . ആ സമയത്താണ് സഹല യുടെ ഉപ്പയും ഉമ്മയും വന്നത്.

“നീ ഇത് എന്താണ് ചെയ്യുന്നത്…?””മിയ ഒരു മരുന്ന് കുപ്പി താഴെ ഇട്ട് പൊട്ടിച്ചു. അത് തുടക്കുകയാ..””അതിനെന്തിനാ നീ കരയുന്നത്…””ഒന്നുല്ലാ… ഉമ്മച്ചി.”

ഉമ്മച്ചിയെന്ന് വിളിച്ചപ്പോൾ പെട്ടന്ന് അവളുടെ ഉള്ളിൽ നിന്ന് സങ്കടം പുറത്തേക്ക് വന്നു പോയി. ഉമ്മ പോലും വിചാരിക്കാത്ത വിധത്തിൽ അവൾ പൊട്ടി കരഞ്ഞു ഉമ്മയെ കെട്ടിപിടിച്ചു.

മാതാവിന്റെ മുൻപിൽ നിൽക്കുമ്പോൾ മക്കൾക്ക് ഇത്തിരി സങ്കടം ആണെങ്കിലും ആ സങ്കടം പൊട്ടി ഒഴുകും . അതോടെ ആ സങ്കടത്തിന്റെ ആഴം കുറയും. കരച്ചിലും വർത്തമാനവും കേട്ട് സമീർ മുറിയിൽ നിന്ന് പുറത്തേക്ക് വന്നു.

“എന്താ മോനെ ഇവൾ ഇങ്ങനെ കരയുന്നത്…?”‘അത് ഉമ്മമ്മാ .. ഉമ്മച്ചി എന്നെ തല്ലി… അപ്പൊ വാപ്പി ഉമ്മച്ചിയെ തല്ലി. ”

മിയയുടെ മറുപടി കേട്ട സാഹലയുടെ ഉമ്മയും വാപ്പയും സമീറിനെ നോക്കി.”എന്താണ് മോനെ… നിനക്ക് അറിയില്ലേ അവൾക്ക് ഇപ്പൊ മാസം മൂന്നാണെന്ന്.”ഉമ്മ പറയുന്നതിന്റെ ഇടയിലൂടെ വാപ്പയുടെ ദേഷ്യത്തിലുള്ള വാക്കുകൾ.

“എങ്ങനെയായാലും കെട്ടിയ പെണ്ണിനെ തല്ലുന്നത് ആണുങ്ങൾക്ക് ചേർന്ന പണിയല്ല.

ഇരുപതു വയസ്സ് വരെ നോക്കി വളർത്തി വലുതാക്കി നിന്നെ പോലെ ഒരാണിന്റെ കൈയ്യിലേക്ക് പെണ്മക്കളെ കെട്ടിച്ചു വിടന്ന മാതാപിതാക്കൾക്ക് ഇതൊക്കെ നോവും..”

മകളുടെ കണ്ണീരും കരച്ചിലും സങ്കടവും കവിളിൽ പതിഞ്ഞ വിരലിന്റെ അടയാളവും ഉമ്മയുടെയും വാപ്പയുടെ ഉള്ളിൽ നല്ല സങ്കടം ഉണ്ടാക്കിയെന്ന് തോന്നിയിട്ടാണ് സമീർ അവർ പറയുന്നതിനൊന്നും മറുപടി കൊടുക്കാതെ നിന്നത്.

“മോളെ നീ പോയി ഡ്രസ്സ്‌ മാറ്റി വാ. നമുക്ക് വീട്ടിലേക്ക് പോവാ. ഇവന്റെ തല്ലും കൊണ്ട് ഇവിടെ നിക്കണ്ട.”

വാപ്പയുടെ തീരുമാനമാണ്. പോറ്റി വളർത്തിയ മകളുടെ സങ്കടം കണ്ടപ്പോൾ പെട്ടന്ന് ഉണ്ടായ തീരുമാനം. അങ്ങനെ പറയുമെന്ന് സഹലയും ചിന്തിച്ചില്ല.

“ഉപ്പാന്റെ മോൾ കരഞ്ഞപ്പോൾ നൊന്തു അല്ലെ.. അതുപോലെ ഞാൻ വീട്ടിലേക്ക് കയറി വന്നപ്പോൾ എന്റെ മോൾ കരഞ്ഞു

കൊണ്ട് എന്നെ വന്നു കെട്ടിപിടിച്ചപ്പോൾ എനിക്ക് ഉണ്ടായ ദേഷ്യം കൊണ്ട് സംഭവിച്ചു പോയി… അതിനു ഞാൻ അവളോട് ക്ഷമയും ചോദിക്കാം..””ഇനിയിപ്പോ…. ക്ഷമയൊന്നും വേണ്ടാ.. സഹലയെ ഞാൻ കൊണ്ടുപോകും ”

“ഈ ഒരു പ്രശ്നത്തിൽ നിങ്ങളെ മോളെ കൊണ്ടു പോണെങ്കിൽ കൊണ്ടുപോകാം.. പക്ഷെ ഈ വീട്ടിലേക്കും എന്റെ ജീവിതത്തിലേക്കും ഒരിക്കലും തിരിച്ചു വരരുത്.”

സമീർ കുറച്ച് കനത്തിൽ തന്നെയാണ് പറഞ്ഞത്. ഉറച്ച തീരുമാനം പോലെ. അത് കേട്ട് ഉമ്മയും ഉപ്പയും മാത്രമല്ല സഹലയും ഞെട്ടി.

സഹല ഉപ്പാന്റെ അടുത്ത് നിന്ന് മിയമോളെ എടുത്ത് കവിളിൽ മുത്തം വെച്ചു.”ഉമ്മിച്ചീടെ മോൾക്ക് വേദനിച്ചോ..””സാരില്ല… ഉമ്മച്ചി. ഉമ്മച്ചി കരയണ്ടാട്ടോ.”

മിയ അവളുടെ കുഞ്ഞി കൈകൾ കൊണ്ട് ഉമ്മച്ചിയുടെ കവിളിൽ തലോടിയപ്പോൾ അതുവരെ സഹലയുടെ മുഖത്ത് ഉണ്ടായിരുന്ന സങ്കടവും ദേഷ്യവും മാറിയത് പോലെ തോന്നി.

“നിങ്ങൾ ഇരിക്ക്… ഞാൻ കുടിക്കാൻ എന്തങ്കിലും എടുക്കാം.”മോളെയും കൊണ്ട് സഹല അടുക്കളയിലേക്ക് പോയപ്പോൾ കൂടെ സമീറും ചെന്നു.

“ഇനിയിപ്പോ ഭക്ഷണം ഒന്നും ഉണ്ടാക്കാൻ നിക്കണ്ട.. ഞാൻ എന്തങ്കിലും പുറത്ത് പോയി വാങ്ങി കൊണ്ട് വരാം…”

“ന്റെ മുത്ത് ഒന്ന് ഇങ്ങോട്ട് നോക്കിക്കേ.. എന്തൊരു ഡയലോഗ് ആയിരുന്നു.. ഇനി ഇങ്ങോട്ട് വരണ്ടന്നോ കള്ളത്തെമ്മാടി.”

സമീർ അവളെ നോക്കി പുഞ്ചിരിച്ച് അവളുടെ അരികിലേക്ക് ചെന്ന് കവിളിൽ തലോടി.

“സോറി… മോളെ.നിന്നെ ഉപ്പ കൊണ്ടു പോയാലോന്നു പേടിച്ച് , എല്ലാം കയ്യീന്ന് പോയിന്ന് തോന്നിയപ്പോൾ അവസാന ശ്രമം പോലെ ഒരു ഡയലോഗ് അടിച്ചതാ…

അറിയാലോ… നീയും മോളും കൂടെ ഇല്ലാതെ ഞാൻ എങ്ങനെയാ എന്റെ ഒരു രാത്രിയെ പുലരിയിൽ എത്തിക്കുക.”

തല്ല് സംഭവം ഏറെക്കുറെ സോൾവായി എന്ന് ഉപ്പാക്കും ഉമ്മാക്കും ബോധ്യമായി. സമീർ പുറത്തേക്ക് ഇറങ്ങിയപ്പോൾ ഉപ്പ അവന്റെ അരികിലേക്ക് ചെന്നു.

“മോനെ നിനക്ക് വിഷമമായോ.. അവളെ സങ്കടത്തിന്റെ ഒപ്പം നിന്നതാ ഞാൻ.. അല്ലാതെ നിങ്ങളെ പിരിക്കണമെന്ന് ഓർത്തിട്ട് പോലുമില്ല.. ഇനി എന്റെ മോളെ തല്ലാതിരിക്കാൻ ശ്രമിക്കണം.”

“ഇല്ല… എനിക്ക് അറിയാലോ അവളെ. വേണെന്ന് വെച്ചിട്ടല്ല ഉപ്പാ ഈ സമയം അവളെ അങ്ങനെ ചെയ്തതിൽ വിഷമം ഉണ്ട്.. പറ്റി പോയതാണ്.. എല്ലാരും ക്ഷമിക്ക്.. ഇനി അങ്ങനെ ഉണ്ടാവില്ല.”

ഭാര്യയെ തല്ലുന്നത് മോശമാണെന്നു അവനും അറിയാം.ആദ്യമായിട്ടാണ് ഇങ്ങനെ.. ഇനി അങ്ങനെ ഒരിക്കലും ഉണ്ടാവാതിരിക്കാൻ മനസ്സിൽ അവൻ തീരുമാനിച്ചിട്ടുണ്ട്. തിരുത്താനുള്ള ആ മനസ് ആണ് ഇഷ്ടത്തിന്റെ അടയാളം.

സമീർ വണ്ടിയെടുത്തു പുറത്തേക്ക് ഇറങ്ങി. ആ സമയം മിയ മോൾ വീണ്ടും കളർ പെൻസിൽ എടുക്കാൻ മേശയുടെ അരികിലേക്ക് കസേര വലിച്ചിട്ട് കയറി…

Leave a Reply

Your email address will not be published. Required fields are marked *