വലിയ വീട്ടിലെ മരുമകളാകാൻ വേണ്ടി എന്നെ വളച്ചെടുത്തു എന്നു വരെ എല്ലാവരും പറഞ്ഞു ഉണ്ടാക്കി

(രചന: J. K)

വിനു നീ വെറുതെ പ്രശ്നം ഉണ്ടാക്കണ്ട നിന്റെ അച്ഛൻ ഇതറിഞ്ഞ എങ്ങനെ പ്രതികരിക്കുമെന്ന് നിനക്ക് വല്ല വിചാരവും ഉണ്ടോ??

തുളസി മകനെ പറഞ്ഞ് മനസ്സിലാക്കാൻ പാടുപെടുന്നുണ്ടായിരുന്നു എന്തൊക്കെ പറഞ്ഞിട്ടും വിനു ഒറ്റക്കാലിൽ തന്നെ നിന്നു അവൻ ഇഷ്ടപ്പെടുന്ന കുട്ടിയെ അവന് കല്യാണം കഴിക്കണമെന്ന്..

“” എടാ നിനക്കറിയാലോ എല്ലാം കൊണ്ടും നമ്മളും അവരും രണ്ടുരൂപങ്ങളിലാണ് അതിപ്പോ എന്ത് കാര്യം എടുത്തു നോക്കിയാലും ശരി ഇത് ഇവിടെ എല്ലാവരും അംഗീകരിക്കും എന്ന് നീ കരുതുന്നുണ്ടോ വെറുതെ എന്തിനാണ് ഒരു പിടിവാശി…

തന്റെയും അല്ല അച്ഛൻ അറിഞ്ഞിട്ടുണ്ടെങ്കിൽ വെറുതെ അച്ഛന്റെ മനസ്സും കൂടി വിഷമിക്കും…. “””

“‘ അമ്മയ്ക്ക് ഇപ്പോഴും നേരം വെളുത്തിട്ടില്ലേ അമ്മേ അതൊക്കെ പണ്ടല്ലേ ഇപ്പോൾ എല്ലാവരും ഒരേപോലെയാണ് എല്ലാവർക്കും ഒരേ നിയമം തന്നെയാണ് വലിയവരും താഴുന്നവരും എന്നുള്ള വേർതിരിവ് ഒക്കെ ഇവിടെ എന്നെ അവസാനിച്ചതാ നിങ്ങളെ,

നാല് ചുവരിനുള്ളിൽ പുറംലോകം കാണാതെ ജീവിക്കുന്നത് കൊണ്ടുള്ള പ്രശ്നമാണ്…

നീ എന്തൊക്കെ പറഞ്ഞാലും ഞാൻ സമ്മതിക്കില്ല അച്ഛനോട് പറയാൻ ഞാൻ അനുവദിക്കില്ല വെറുതെ നീ കിടന്ന് വായിലെ വെള്ളം വറ്റിക്കണ്ട അതും പറഞ്ഞ് അമ്മ തിരിഞ്ഞുപോയി..

അപ്പോഴും വിനു അവിടെ നിന്ന് ഉറക്കെ പറയുന്നുണ്ടായിരുന്നു. അവൾ പെണ്ണും ഞാൻ ആണും ആണ് അമ്മേ അതുമതി ഞങ്ങൾക്ക് വിവാഹം കഴിക്കാൻ വേറൊന്നും എന്റെ മുന്നിൽ പ്രശ്നമല്ല എന്ന്..

അത് കേട്ടുകൊണ്ടാണ് ദേവദത്തൻ അങ്ങോട്ടേക്ക് കയറിവന്നത് തന്റെ മകൻ അങ്ങനെ അമ്മയോട് കയർത്തു സംസാരിക്കുന്ന ഒരാൾ ഒന്നുമല്ല ഇവിടെ അങ്ങനെ ഉണ്ടായിട്ടുണ്ടെങ്കിൽ അതിനു പിന്നിൽ വ്യക്തമായ കാരണങ്ങളും കാണും എന്ന് അയാൾക്ക് മനസ്സിലായിരുന്നു

അതുകൊണ്ടുതന്നെ ഒന്നും മിണ്ടാതെ മുറിയിലേക്ക് പോയി ചായയുമായി തുളസി എത്തിയപ്പോൾ അവളോട് ആണ് ചോദിച്ചത് എന്തിനാണ് വിനു വെറുതെ ഒച്ച ഉണ്ടാക്കി സംസാരിച്ചത് എന്ന് ആദ്യം ഒന്ന് പറയാൻ മടിച്ചു പിന്നെ മെല്ലെ പറഞ്ഞു തുടങ്ങിയിരുന്നു തുളസി,

അവൻ ഒരു പെൺകുട്ടിയുമായി പ്രണയം ഉണ്ട് എന്ന്..””” നല്ലതാണെങ്കിൽ നോക്കാം എന്ന് പറഞ്ഞപ്പോൾ ഒരു ഞെട്ടൽ തുളസിയുടെ മുഖത്ത് ഉണ്ടായി..

ദേവേട്ടൻ ഇത് എന്തറിഞ്ഞു അത് നമ്മുടെ വീട്ടിൽ പണ്ട് സഹായത്തിന് വന്നിരുന്നില്ലേ ഒരു ജാനകി അവരുടെ പേരക്കുട്ടി … ദേവിയുടെ മകളാണ്….””ദേവി “”

ആ പേര് കേട്ടപ്പോൾ അസ്വസ്ഥമായത് ദേവതത്തിന്റെ മനസ്സാണ് എന്നോ മറക്കാൻ ശ്രമിച്ച ഒരു പേര് ഇടയ്ക്കിടയ്ക്ക് വിളിക്കാത്ത അതിഥിയെ പോലെ

ഓർമ്മകളിൽ കയറിവന്ന് തന്റെ സ്വസ്ഥത കെടുത്തുന്ന, ആദ്യമായി തനിക്കൊരു പ്രണയം തോന്നിയ ആൾ… അതായിരുന്നു അവൾ ദേവി….

തന്റെ മുഖം മാറിയത് തുളസി അറിയരുത് എന്ന് നിർബന്ധം ഉണ്ടായിരുന്നു ദേവദത്തിന് കാരണം അവൾക്ക് താനല്ലാതെ മറ്റൊരു ലോകമില്ല തനിക്ക് മനസ്സിൽ അങ്ങനെയൊരു മോഹം പണ്ട് ഉണ്ടായിരുന്നു എന്ന് അറിയുന്നത് പോലും അവളെ സംബന്ധിച്ചിടത്തോളം വലിയ വിഷമമാകും

അവൾക്ക് ഒരു വിഷമം ഉണ്ടാക്കി കൊടുക്കാൻ തനിക്കും താല്പര്യം ഇല്ല അതുകൊണ്ടുതന്നെ വേഗം തോർത്തും എഴുത്ത് കുളിമുറിയിലേക്ക് നടന്നു…

തുളസി അടുക്കളയിലേക്ക് പോയി കുളിമുറിയിൽ ഷവറിനു താഴെ ആ വെള്ളത്തിന്റെ കുളിരിൽ നിൽക്കുമ്പോൾ ഓർമ്മകൾ പലതും മനസ്സിലേക്ക് ഓടിയെത്തിയിരുന്നു….

മനക്കിലെ കാര്യസ്ഥൻ ആയിരുന്നു രാമൻ അവിടെ എല്ലാ സഹായത്തിനും അവരായിരുന്നു ഭാര്യ ജാനകിയും ഉണ്ടാകും…

അവരോട് വല്ലാത്ത ഒരു അടുപ്പമായിരുന്നു മനക്കലെ എല്ലാവർക്കും അവരെ വീട്ടിലെ ജോലിക്കാരായിട്ടല്ല കണ്ടിരുന്നത് എപ്പോഴും അവർക്ക് ഒരു സ്ഥാനം

തറവാട്ടുകാർ കൽപ്പിച്ച് നൽകിയിരുന്നു ഓണത്തിന് ആയാലും എന്ത് വിശേഷങ്ങൾക്കായാലും അവരെ കൂടി മനക്കലേക്ക് ക്ഷണിച്ചിരുന്നു

അവിടെ ഒന്നിച്ചിരുന്നായിരുന്നു അവർ ഭക്ഷണം കഴിച്ചത് അവരുടെ കൂടെ അവരുടെ മക്കളും ഉണ്ടായിരുന്നു. മൂത്തകൾ ദേവിയെ കാണാൻ ഒരു പ്രത്യേക ഭംഗിയാണ് ആരും നോക്കിനിന്നു പോകും..

ഒരുപാട് പ്രായവ്യത്യാസം ഉണ്ടെങ്കിലും കളിക്കൂട്ടുകാർ ആയിരുന്നു തങ്ങൾ..
ആദ്യമൊക്കെ എല്ലാവരെയും പോലെ തന്നെയായിരുന്നു അവളും പക്ഷേ പിന്നീട്

അവളുടെ മിഴിയിൽ തന്റെ മിഴികൾ ഉടക്കി അവളോട് മാത്രം എന്തു ഒരു പ്രത്യേകത തന്റെ ഉള്ളിൽ തോന്നിത്തുടങ്ങി അത് പ്രണയമാണ് എന്ന് തിരിച്ചറിഞ്ഞത് പിന്നെയും കാലങ്ങൾ മുന്നോട്ട് പോയപ്പോഴായിരുന്നു…

എന്നോ ഒരിക്കൽ അവളോടത് തുറന്നു പറഞ്ഞപ്പോൾ ആ മിഴികൾ നിറഞ്ഞു… അതിന് മറുപടിയൊന്നും പറയാതെ തേങ്ങി കരഞ്ഞ് അവൾ മുന്നിൽ നിന്ന് ഓടി പോയപ്പോൾ എന്തോ എന്റെ മനസ്സും വല്ലാതെ നോവുന്നുണ്ടായിരുന്നു.

പിന്നീട് മുഴുവൻ അവൾ എന്നോട് മൗനം ആയിരുന്നു അവൾക്ക് എന്നോട് ഇഷ്ടം ഇല്ലാത്തതുകൊണ്ടാണോ??
എന്ന് ഞാൻ കരുതി അത് ചോദിച്ചപ്പോൾ അവൾ വീണ്ടും കരഞ്ഞു…

ഇഷ്ടമാണ് എന്നാണോ ഈ കരച്ചിലിന്റെ അർത്ഥം എന്ന് ചോദിച്ചപ്പോൾ അതേ എന്ന് മെല്ലെ തലകുലുക്കി അവൾ എന്റെ മുന്നിൽ നിന്ന് ഓടി മറഞ്ഞു….

ആദ്യമായി ഇഷ്ടം തോന്നിയവൾ തിരിച്ച് ഇഷ്ടം പറഞ്ഞതിന്റെ സന്തോഷത്തിൽ ആയിരുന്നു ഞാൻ എനിക്ക് എന്ത് വേണം എന്ന് പോലും അറിയില്ലായിരുന്നു ഈ ലോകം മുഴുവൻ കീഴടക്കിയ സന്തോഷം…

പ്രണയമാണ് എന്ന് അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറഞ്ഞതല്ലാതെ പിന്നെ അവളോട് കൂടുതലായി സംസാരിക്കാനും ഇടപഴകാനോ ഒന്നും ശ്രമിച്ചില്ല വല്ലപ്പോഴും കൈമാറുന്ന

നോട്ടങ്ങൾ അത് മതിയായിരുന്നു രണ്ടുപേർക്കും രണ്ട് സ്ഥലങ്ങളിൽ ഇരുന്നു സ്വപ്നങ്ങൾ നെയ്യാൻ അവൾ എന്റെ പാതിയായി വരുന്നതും ഞങ്ങൾ ഒരുമിച്ചുള്ള ജീവിതവും അങ്ങനെ ഒരുപാട് മുന്നോട്ട് ഞാൻ സ്വപ്നം കണ്ടിരുന്നു…

കൗമാരം എന്നത് വളരെ ഒരു പ്രത്യേകതയുള്ള സമയമാണല്ലോ അത് നമ്മളെ കൊണ്ട് പലതും ചെയ്യിപ്പിക്കും അങ്ങനെയൊരു കൗതുകത്തിന്റെ

പേരിലാണ് അവളോട് ഒരു ദിവസം അമ്പലക്കുളത്തിന്റെ അരികിൽ നിൽക്കാൻ പറഞ്ഞത് അവിടെ അധികമാരും വരാറില്ല…

അവൾക്കായി വാങ്ങിയ ചുവന്ന കുപ്പിവളകൾ കാണിച്ചുകൊടുത്തപ്പോൾ തന്നെ പെണ്ണിന്റെ മിഴികൾ നക്ഷത്രം പോലെ തിളങ്ങുന്നുണ്ടായിരുന്നു.

അവ ഓരോന്നായി ആ കൽപ്പടവിൽ ഇരുന്ന് ഞാൻ അവളുടെ കയ്യിലിട്ട് കൊടുത്തു അപ്രതീക്ഷിതമായി ആരോ അത് കാണാനും മനക്കലും അവളുടെ വീട്ടിലും അറിയാനും ഇടയായി…

അത് വലിയ പ്രശ്നങ്ങൾക്ക് വഴിതെളിച്ചു ഇഷ്ടമാണ് എന്ന് പറഞ്ഞ് പുറകെ നടന്ന് എനിക്ക് കുറ്റം ചാർത്തി തരാതെ എന്റെ വാക്കുകേട്ട് ഇഷ്ടമാണെന്ന് മാത്രം പറഞ്ഞ് ആ പാവത്തിന്റെ തലയിൽ എല്ലാതും പഴി ചാരി

വലിയ വീട്ടിലെ മരുമകളാകാൻ വേണ്ടി എന്നെ വളച്ചെടുത്തു എന്നു വരെ എല്ലാവരും പറഞ്ഞു ഉണ്ടാക്കി അവർക്കൊന്നും അത് താങ്ങാൻ ആകുന്നുണ്ടായിരുന്നില്ല അതുകൊണ്ടുതന്നെ എത്രയോ കാലമായി മനക്കിലെ കാര്യം നോക്കിയിരുന്നു

രാമേട്ടന്റെ കുടുംബവും അവിടെ നിന്നും കൂടും കിടക്കുകയും എടുത്ത് രായ്ക്ക് രാമായണം സ്ഥലം വിട്ടു അവളുടെ വിവാഹം കഴിഞ്ഞു എന്ന് അറിയുന്നത് വരെ ഞാൻ അവളെപ്പറ്റി അന്വേഷിച്ചിരുന്നു.

പ്രായത്തിന് ഒരുപാട് മൂത്ത് ഏതോ ഒരാളുമായി അവളുടെ വിവാഹം കഴിഞ്ഞു എന്ന് അറിയാൻ കഴിഞ്ഞു.

അതിൽ പിന്നെ കുറെ നാൾ സങ്കടവും നിരാശയും ആയിരുന്നു ഒന്നിനോടും ഒരു താല്പര്യമില്ലാത്തത് പോലെ പിന്നെ മെല്ലെ മെല്ലെ ജീവിതം എന്ന യാഥാർത്ഥ്യം

മുന്നിൽവന്ന് നിന്നപ്പോൾ എല്ലാം മറന്ന് അതിനോടൊത്ത് നീന്താൻ തുടങ്ങി അങ്ങനെയാണ് തുളസി എന്റെ ജീവിതത്തിൽ വരുന്നതും ഞങ്ങൾക്ക് വിനു എന്ന മകൻ പിറക്കുന്നതും….

ദേവിയുടെ മകനെ അവനിഷ്ടമായി എന്നറിഞ്ഞപ്പോൾ ഒരുതരം ഞെട്ടൽ ആയിരുന്നു…എന്തുവേണം എന്നറിയാതെ ഇരുന്ന എന്റെ അടുത്തേക്ക് വിനു വന്നു..

“” അച്ഛാ അവൾ ഒരു പാവം കുട്ടിയാ ഞാൻ അങ്ങോട്ട് പോയി ഇഷ്ടമാണെന്നു പറഞ്ഞതാ പേടിയായിരുന്നു അവൾക്ക് നമ്മളെല്ലാം വലിയ ആളുകൾ ആണെന്ന് പറഞ്ഞു ഒരുപാട് എന്നേ തിരുത്താൻ ശ്രമിച്ചതാ. പക്ഷേ ഇഷ്ടമായി പോയി എനിക്കിനി അവളെ മറക്കാൻ കഴിയില്ല “””

പണ്ടെങ്ങോ ഞാൻ മനപ്പൂർവ്വം മാറ്റിനിർത്തിയ എന്നെ അവനിലൂടെ ഞാൻ കണ്ടു…

“” സാരമില്ല ഇതൊന്നും നമ്മൾ മനപ്പൂർവ്വം ഉണ്ടാക്കുന്നതല്ലല്ലോ പ്രണയവും സ്നേഹവും എല്ലാം അറിയാതെ അങ്ങനെ സംഭവിക്കുന്നതല്ലേ ഞാൻ വന്ന് ആ കുട്ടിയുടെ വീട്ടിൽ സംസാരിക്കാം എല്ലാവർക്കും സമ്മതമാണെങ്കിൽ നമുക്ക് ഇതങ്ങ് നടത്താം “””..

വിശ്വാസം വരാതെ അവൻ എന്നെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു..'” ആത്മാർത്ഥമായി ഒരുപാട് പ്രണയിച്ചിട്ട് ഒന്ന് ചേരാൻ കഴിയാതെ പോയവരുടെ

വിഷമം എന്നെക്കാൾ നന്നായി മറ്റാർക്കും അറിയില്ല എന്ന് മനസ്സിൽ പറഞ്ഞ് ഞാൻ അവനെ ഒന്ന് ചേർത്ത് പിടിച്ച് അകത്തേക്ക് നടന്നു….

മിഴികൾ നിറഞ്ഞ് നന്ദിയോടെ അവൻ അപ്പോഴും എന്നെ നോക്കി നിൽക്കുകയായിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *