ആദ്യത്തെ ഇഷ്ടവും താല്പര്യവുമെല്ലാം കഴിഞ്ഞാൽ നീ എന്നെ കളഞ്ഞിട്ട് പോവുമെന്നെല്ലാം ആണ് വൈഗാ

(രചന: രജിത ജയൻ)

“അമ്മേ.. അവൾക്ക് എന്നെ അത്രയ്ക്ക് ഇഷ്ടമാണമ്മേ.. എനിക്കും അതേ.. ഒന്ന് സമ്മതിക്കമ്മേ ഞങ്ങളുടെ കല്യാണത്തിന് പ്ലീസ് അമ്മേ…

“മോനെ വേണു, നീ എന്തൊക്കെ പറഞ്ഞാലും ഞാൻ ഈ കല്യാണത്തിന് സമ്മതിക്കില്ല .

“അത് നിന്നെ ഇഷ്ടമില്ലാത്തതുകൊണ്ടോ ആ പെൺകുട്ടിയോട് ദേഷ്യം ഉണ്ടായിട്ടോ ഒന്നുമല്ല..”പിന്നെ എന്തുകൊണ്ടാ അമ്മേ …?

” അതു നിങ്ങൾ രണ്ടുപേർക്കും ജീവിതം എന്താണെന്ന് ഇപ്പോഴും മനസ്സിലായിട്ടില്ല അതുകൊണ്ടാണ് ഞാനിതിന് സമ്മതിക്കാത്തത് ..

“അമ്മേ, ഇതെല്ലാം മക്കളുടെ പ്രണയത്തെ കുറിച്ചറിയുമ്പോൾ അതിനോട് യോജിക്കാൻ കഴിയാത്ത അച്ഛനമ്മമാർ സ്ഥിരം പറയുന്നതാണ്.., ഇവിയിപ്പോൾ അച്ഛന് കുഴപ്പമൊന്നുമില്ല അമ്മയ്ക്കാണ് പ്രശ്നം മുഴുവൻ…

“അതെ എനിക്കാണെടാ പ്രശ്നം മുഴുവൻ.. അതെന്തുകൊണ്ടാണെന്നറിയോ ?

“ഞാൻ നിൻറെ അമ്മ ആയതുകൊണ്ട് …നിന്നോട് എനിക്ക് സ്നേഹം ഉള്ളതുകൊണ്ട്… നിന്റെ ഭാവിയേയും ജീവിതത്തെയും പറ്റി ആധിയുള്ളതുകൊണ്ട് ..

“അപ്പോ എന്താ അച്ഛന് എന്നോട് സ്നേഹം ഇല്ലാത്തതുകൊണ്ടാണോ ഞങ്ങളുടെ കല്യാണത്തിന് അച്ഛൻ സമ്മതിച്ചത്..?

വേണു അമ്മയോട് ചോദിച്ചു”മോനെ അച്ഛന് നിന്നോട് സ്നേഹക്കുറവല്ല, സ്നേഹക്കൂടുതലാണ്.. നിൻറെ ഒരു ഇഷ്ടത്തിനും എതിരു നിന്ന് അച്ഛന് ശീലം ഇല്ലാത്തതുകൊണ്ടാണ്..

“അതെ അതു ശരിയാണ്, എൻറെ അച്ഛന് എന്നെ എന്നും മനസ്സിലാവും. അമ്മയ്ക്കാണ് എന്നെ ഒരിക്കലും മനസ്സിലാവാത്തത് എന്തിനും ഏതിനും എൻറെ കുറ്റവും കുറവും മാത്രമേ അമ്മ എന്നുംകാണൂ …

ദേഷ്യത്തിൽ പറഞ്ഞുകൊണ്ട് വേണു തൂമ്പയും എടുത്തുകൊണ്ട് പാടത്തേക്കിറങ്ങി പോവുന്നത് നോക്കിനിന്ന ലക്ഷ്മി അമ്മയിൽ നിന്നൊരു ദീർഘനിശ്വാസം ഉതിർന്നുവീണു ..

“വേണുവേട്ടാ ..വേണുവേട്ടൻ പാടത്തെത്തിയോ?ഫോണിൽ വൈഗയുടെ മെസ്സേജ് വന്നതും അവൻ വീഡിയോ കോൾ ഓണാക്കി അവളെ വിളിച്ചു.

“വൗ എന്തു രസമാണ് വേണുവേട്ടാ ആ പാടം കാണാൻ…. ഹായ് ..”നല്ല പച്ചപരവധാനി വിരിച്ച പാടം എന്നെല്ലാം കേട്ടിട്ടേയുള്ളൂ …

ഇതെന്തു രസാ കാണാൻ..വൈഗ അതിയായ സന്തോഷത്തിൽ മതിമറന്നുപറഞ്ഞുകൊണ്ടിരുന്നു.

“ഇതിങ്ങനെ ഫോണിലൂടെ കാണുന്നതുപോലെയല്ല വൈഗാ നേരിട്ട് കാണാൻ… അടിപൊളിയാണ് ..

“നല്ല തണുത്തകാറ്റും കിളികളുടെ ശബ്ദവുമൊക്കെയായി പ്രത്യേക തരം വൈബാണ് മോളെ…

വേണു പറഞ്ഞതും വൈഗയുടെ കണ്ണുകൾ നിറയുന്നത് ഫോണിലൂടെ കണ്ട അവനൊന്നു വല്ലാതെയായി..

“വൈഗ, മോളെ എന്തു പറ്റീ…ടാ ..കണ്ണെല്ലാം പെട്ടെന്ന് നിറഞ്ഞല്ലോ.. എന്താ പറ്റിയത് പെട്ടെന്ന്..?

“ഏയ് ഒന്നുല്ല വേണുവേട്ടാ, ഇതെല്ലാം നേരിൽ കാണാനും അനുഭവിക്കാനും എനിക്ക് ഭാഗ്യം ഇല്ലാതെ പോകുമോന്നൊരു പേടി പെട്ടെന്ന് മനസ്സിൽ വന്നപ്പോൾ അറിയാതെ…

“ഏയ് എന്താടോ ഇങ്ങനെ..? താനിങ്ങനെ വിഷമിക്കേണ്ട എല്ലാം ശരിയാകും…” എങ്ങനെ ശരിയാവാനാ വേണുവേട്ടാ..?

“വേണുവേട്ടന്റെ അമ്മയ്ക്ക് എന്നെ ഇഷ്ടമില്ലല്ലോ..?”ആരു പറഞ്ഞു ഇഷ്ടമില്ലെന്ന്, അമ്മയ്ക്ക് ഇഷ്ടമാണ് നിന്നെ .

“പക്ഷേ ഒരു നഗരത്തിന്റെ എല്ലാ സുഖസൗകര്യത്തിലും ജനിച്ചുവളർന്ന നിനക്ക് ഈ നാട്ടിൻപുറവും അതിനേക്കാൾ നാടനായ എന്നെയും എന്റെവീട്ടുകാരെയും ഒന്നും ഇഷ്ടപ്പെടാൻ പറ്റില്ലാന്നാ അമ്മ പറയുന്നത്.

“വേണുവേട്ടൻ ഒരു തനി ഗ്രാമീണൻ ആണെന്ന് അറിഞ്ഞു കൊണ്ടല്ലേ ഞാൻ ഏട്ടനെ ഇഷ്ടപ്പെട്ടത്, അത് അമ്മയോട് പറയാമായിരുന്നില്ലേ …

അതമ്മയ്ക്ക് അറിയാം വൈഗ, അപ്പോഅമ്മ ചോദിക്കാ ,ഇവിടുത്തെ ജീവിത രീതികൾനേരിട്ട് കാണാതെ, ഒരു ഫേസ്ബുക്ക് പരിചയം മാത്രം വെച്ചൊന്നും ഇന്നത്തെ കാലത്ത് രണ്ടാൾക്ക് ഒരുമിച്ച് ജീവിക്കാൻ പറ്റില്ല എന്നൊക്കെയാണ്…

” ആദ്യത്തെ ഇഷ്ടവും താല്പര്യവുമെല്ലാം കഴിഞ്ഞാൽ നീ എന്നെ കളഞ്ഞിട്ട് പോവുമെന്നെല്ലാം ആണ് വൈഗാ ..

“വെറുമൊരു എഫ് ബി സൗഹൃദത്തിൽ നിന്നെല്ലാം നമ്മളൊരുപാട് മുന്നോട്ട് പോയെന്ന് അമ്മയെ പറഞ്ഞു മനസ്സിലാക്കൂ വേണുവേട്ടാ…
ഇവിടെ എൻറെ പപ്പയും മമ്മിയും വരെ എൻറെ ഇഷ്ടത്തിന് സമ്മതം പറഞ്ഞു എന്നിട്ടും…

“നീ സങ്കടപ്പെടേണ്ട വൈഗാ, കുറച്ചു കൂടി കാത്തിരിക്കാം നമ്മുക്ക്, അമ്മ സമ്മതിക്കും. എനിക്കറിയാലോ എൻറെ അമ്മയെ… പാവാണ്, ബാക്കിയെല്ലാം അച്ഛൻ നോക്കിക്കോളും..

” എല്ലാവരുടെയും സമ്മതവും വാങ്ങി നമ്മുടെ കല്യാണം നടന്നു കഴിയുമ്പോൾ ഈ നാട്ടിൻപുറത്തെ വെറുമൊരു കൃഷിക്കാരനെ വേണ്ടാന്ന് പറഞ്ഞു നീ എന്നെ ഇട്ടിട്ടു പോവോടി പെണ്ണേ അവസാനം..

തമാശയിൽ വേണു ചോദിച്ചതും ദേഷ്യത്തിൽ വൈഗഅവനെ നോക്കി കൊഞ്ഞനം കുത്തി ഫോൺ കട്ടാക്കിയവൾ..

അത് കണ്ടൊരു തമാശ ചിരിയോടെ വേണു പാടത്തെ തന്റെ പണികൾ തുടർന്നു..ഇന്നാണ് അവരുടെ കല്യാണം..

കല്യാണ ഒരുക്കങ്ങൾ തകൃതിയിൽ നടക്കുമ്പോഴും ലക്ഷ്മി അമ്മയുടെ ഉള്ളിൽ ഈ കല്യാണംനടത്തേണ്ടിയിരുന്നില്ല എന്നൊരു ചിന്ത മാത്രം എപ്പോഴും ഉയർന്നുവന്നു..

പട്ടണത്തിലെ പഠിപ്പും പത്രാസുമുള്ള പെണ്ണൊരുത്തി തനി നാട്ടിൻപുറത്തുകാരനായ തൻറെ മകന് ചേരില്ലാന്നും ,

തന്റെ മകൻറെ ജീവിതം
നശിച്ചുപോകുമെന്നുമുള്ള ചിന്ത മനസ്സിൽ ഉയരുമ്പോൾ എല്ലാം അവർ വേണുവിന്റെ അച്ഛനെ നോക്കും… ഇത് വേണോ എന്ന രീതിയിൽ …,

എന്നാൽ വേണുവും അച്ഛനുമെല്ലാം കല്യാണത്തിരക്കിൽ മറ്റൊന്നും ചിന്തിക്കാൻ നേരമില്ലാത്ത വിധം തിരക്കിലായിരുന്നു.

“ലക്ഷ്മിക്കുട്ട്യേ…ഞാൻ പറയുന്നതുകൊണ്ട് നിനക്ക് എന്നോട് യാതൊന്നും തോന്നരുത് ട്ടോ ,ഈ കല്യാണം നമ്മുടെ വേണുവിന് വേണ്ടിയിരുന്നില്ല….,,

വിവാഹശേഷം പെൺകുട്ടിയെ വീടിനകത്തേക്ക് കുടിവെപ്പ്ചടങ്ങ് നടത്തി അവർക്ക് കഴിക്കാനുള്ള പാലും പഴവും എടുക്കാൻ അടുക്കളയിലേക്ക് വന്ന ലക്ഷ്മി അമ്മയോട് അയൽവക്കത്തുള്ള പാറു ചേച്ചി പറഞ്ഞതും അവരൊരു ഞെട്ടലോടെ പാറു ചേച്ചിയെ നോക്കി..

”അതെന്താണ് നിങ്ങൾ അങ്ങനെ ഒരു വർത്താനം..?
നല്ല കുട്ടിയല്ലേ വേണുവിന്റെ …?ലക്ഷ്മി ചോദിച്ചു

“നല്ല കുട്ടി തന്നെയാണ്, ഇഷ്ടം പോലെ പൊന്നും പണവും കാണാൻ ദേവതയെ പോലെയുമുണ്ട്,

” അതുകൊണ്ടുതന്നെയാ ഞാൻ ചോദിച്ചേ ഈ കുട്ടിയെ നമ്മുടെ വേണൂന് വേണായിരുന്നോന്ന് …

“നിങ്ങൾ പറയുന്നത് എനിക്ക് മനസ്സിലാകുന്നില്ല പാറു ചേച്ചിയേ… നിങ്ങൾ തെളിച്ചു പറയൂ ?

ഉള്ളിലെ പരവേശം പുറത്തു കാണിക്കാതെ ലക്ഷ്മി അമ്മ വീണ്ടും ചോദിച്ചു.

“ഓളും ഓളുടെ കുടുംബവും ഈ പ്രേമത്തിന്റെ കെണിയിലെ നമ്മുടെ ചെക്കന് കുടുക്കിയതായിട്ടാണ് എനിക്ക് തോന്നുന്നത്…

” തുടക്കത്തിലെ ബഹള മൊക്കെ കഴിയുമ്പോൾ ഇവിടെ താമസിക്കാൻ പറ്റില്ലാന്ന് പറഞ്ഞ് ഓള് നമ്മുടെ വേണുവിനെയും കൂട്ടി ഇവിടുന്ന് ടൗണിലേക്ക് പോയാൽ നീ എന്ത് ചെയ്യും ലക്ഷ്മി ..?

നിനക്ക് ഇവൻ ഒരുത്തൻ അല്ലേ ഉള്ളൂ..പാറു ചേച്ചി ചോദിച്ചതും തൻറെ നെഞ്ചിൽ ഒരു കനം രൂപപ്പെട്ടുവരുന്നത് ലക്ഷ്മി അമ്മ അറിയുന്നുണ്ടായിരുന്നു.

താൻ ചിന്തിക്കുന്നത് പോലെ തന്നെയാണ് തനിക്ക് ചുറ്റുമുള്ളവരും ചിന്തിക്കുന്നതെന്ന അറിവ് അവരെ തളർത്തിയെങ്കിലും അതൊന്നും പുറത്തു കാണിക്കാതെ അവർ അവരുടെ കടമകൾ ഓരോന്നും ചെയ്തുതീർത്തു..

രാത്രി തുറന്നിട്ട ജനാലയിലൂടെ മുറിയിലേക്ക് കടന്നുവരുന്ന കാറ്റിലെ പേരറിയാത്ത പൂവുകളുടെ ഗന്ധം ആസ്വദിച്ചു നിൽക്കുന്ന വൈഗയുടെ അരക്കെട്ടിലൂടെ വേണു തന്റെ കൈ രണ്ടും ചുറ്റിയവളെ തന്നോടു ചേർത്തമർത്തി …

പഞ്ഞി പോലെ മൃദുലമായ അവളുടെ കവിളിൽ അവൻ അമർത്തി ചുംബിച്ചു…ഇക്കിളി പുരണ്ട ചിരിയോടെ വൈഗ അവനിലേക്ക് കൂടുതൽ പറ്റിച്ചേർന്നതുംപരാതികൾക്കും,

പരിഭവങ്ങൾക്കും സങ്കടങ്ങൾക്കുമൊടുവിൽ ഒന്നായി തീർന്ന അവരുടെ പ്രണയത്തിൻറെ സാക്ഷാത്ക്കാരമെന്നോണം മുറിയിൽ അവരുടെ ശരീരങ്ങൾ ഒരേ മനസ്സോടെ ഒരു ശരീരമായി ലയിച്ചു ചേർന്നു…

ആ ഒത്തുചേരലിനൊരു മൂകസാക്ഷിയായി ഇടയ്ക്കിടെ ഒരിളംതെന്നൽ അവരെ തലോടിക്കൊണ്ടിരുന്നു..

പിറ്റേന്ന് പതിവുപോലെ എഴുന്നേറ്റടുക്കളയിലേക്ക് വന്ന ലക്ഷ്മി അമ്മ അത്ഭുതപ്പെട്ടുപോയി..കുളിച്ച് കുറി തൊട്ട് വൈഗ അടുക്കളയിൽ ചായ ഉണ്ടാക്കുന്നു

പുത്തനച്ചി പുരപ്പുറം തൂക്കുമെന്നൊരു പഴഞ്ചൊല്ലാണ് അത് കണ്ടപ്പോഴവരുടെ നാവിൽ തുമ്പിൽ ഓടിയെത്തിയതെങ്കിലും അവരത് സമർത്ഥമായ് ഒളിപ്പിച്ച് മുഖത്തൊരു ചിരിയോടെ അവളെ നോക്കി നിന്നു

യാതൊരു പരിചയക്കേടോ ഇഷ്ട്ടക്കേടോ ഇല്ലാതെയാണവൾ അവിടെ ഓരോന്നും ചെയ്യുന്നതെന്നവർക്ക് തോന്നി .. ഒരുപാടു നാളായ് പരിച്ചയമുള്ളൊരിടത്ത് പെരുമാറും പോലെ …

ദിവസങ്ങൾ മുന്നോട്ടു പോകവേ അവർ തിരിച്ചറിയുകയായിരുന്നു വൈഗ അവർക്ക് മരുമകളിൽ നിന്നും മകൾ ആവുകയാണെന്ന് …

എന്നും രാവിലെ അമ്മയ്ക്കൊപ്പം അടുക്കളയിലും അച്ഛനും വേണുവിനും ഒപ്പം പറമ്പിലും പാടത്തും എല്ലാം വൈഗനിറഞ്ഞുനിന്നു…

അവളുടെ ചിരിയിലും തമാശയിലും അവരുടെ വീടുണരാനും ഉറങ്ങാനും തുടങ്ങി ..വേണുവിന്റെ ജീവിതത്തിലെപ്പോഴും സന്തോഷം കളിയാടി ..

വൈകുന്നേരം കടയിൽ പോയി വരുന്ന അച്ഛൻറെ കയ്യിൽ എണ്ണ പലഹാരങ്ങൾ ഉണ്ടോയെന്ന് കാത്തുനിൽക്കുന്ന കണ്ടില്ലെങ്കിൽ വാശി കാണിച്ചു പിണങ്ങുന്നഒരു കൊച്ചു കുട്ടിയിലേക്ക് വൈഗ മാറ്റുന്നതെത്ര പെട്ടന്നാണ് ..ലക്ഷ്മി അമ്മ ഓർത്തു

സന്ധ്യാനാമം ചൊല്ലി പഠിക്കാൻ ലക്ഷ്മി അമ്മയ്ക്കൊപ്പം ഒരു കുഞ്ഞു കുട്ടിയായി അവളിരുന്നപ്പോൾ അവർ തിരിച്ചറിയുകയായിരുന്നു താനല്ല ഈ വീടിൻറെ ലക്ഷ്മി അതു തൻറെ മരുമകളായി വന്നു മകളായി മാറിയ വൈഗയാണെന്ന്….

മണ്ണിനെയും മനുഷ്യനെയും സ്നേഹിക്കുന്ന ഒരാൾക്ക് നാടും നഗരവുമെല്ലാം ഒരു പോലെയാണ്… ബന്ധങ്ങൾ എല്ലാം സ്വന്തവും.. ഒരിക്കലും അവരത് അറുത്തുമാറ്റില്ല…

Leave a Reply

Your email address will not be published. Required fields are marked *