മറ്റേ പണിക്കും കൂടി പോയിട്ടല്ലേ..എന്തായാലും ആളെ കാണുമ്പോലെ അല്ല.. എന്താ ഒരു കയ്യിലിരിപ്പ്.ഹ്ഹോ വിശ്വസിക്കാൻ വയ്യ

(രചന: ശാലിനി)

“ദേ, സേതുവേട്ടാ അങ്ങോട്ടൊന്നു നോക്കിയേ, അതാരാ പോകുന്നേന്ന് കണ്ടോ?”

അടുക്കളയിൽ കറിക്ക് അരിഞ്ഞു കൊണ്ടിരുന്ന ഭാര്യയുടെ വിളി കേട്ടാണ് ജനാലയിൽ കൂടി വഴിയിലേക്ക് എത്തി നോക്കിയത്.

ഓഹ്, ഇത് ലവളല്ലേ ? ആ ശാന്തി! കോളിളക്കം സൃഷ്ടിച്ച സംഭവത്തിലെ ആ നായിക!

“ങ്‌ഹും, എന്തൊരു ചങ്കുറപ്പാണെന്ന് നോക്കിക്കേ.. ബാക്കിയുള്ളവരായിരുന്നേൽ എപ്പോ തൂങ്ങി ചത്തൂന്ന് ചോദിച്ചാ മതി.”

“ഡീ.. അവള് ഇപ്പൊ ചാകാത്തത് ആണോ കുഴപ്പമായത്. പാവം, വല്ല വിധേനയും ജീവിച്ചു
പോട്ടെ..”

അത് കേട്ട് രേവതിയ്ക്ക് ചൊറിഞ്ഞു കയറി.
പാവം പോലും! കൊള്ളാം.. സ്വന്തം വീട്ടിലെ പെണ്ണുങ്ങൾ വല്ലതും ആയിരുന്നു ഈ

പണിയും കാണിച്ചേച്ച് ഞെളിഞ്ഞു നടന്നിരുന്നതെങ്കിൽ കാണായിരുന്ന് കളി! ഇപ്പൊ എന്തൊരു സഹതാപം..

“ഡീ… അവള് ജീവിക്കാൻ പെടുന്ന പാട് അവൾക്കറിയാം.. ഇപ്പൊ തന്നെ ഇതൊക്കെ കേസാക്കാതെ ഒതുക്കി തീർത്തത് അവരുടെ ആളുകൾ തന്നെ അല്ലേ.

അതെന്തുകൊണ്ടാണ്,അറിയാമോ?
അവള് ഒറ്റയൊരുത്തി ജോലിക്ക് പോയി കഷ്ടപ്പെട്ട് കൊണ്ട് വന്ന് വേണം കെട്ട്യോനെയും കൊച്ചുങ്ങളെയും നോക്കാൻ.
അപ്പൊ വേറെ വഴിക്കും കൂടി കാശ് കിട്ടുമെങ്കിൽ പിന്നെ എന്താ ചേതം?”

“കാശ് മാത്രമല്ലല്ലോ മനുഷ്യാ, ഇത് പിന്നെ…
മറ്റേ പണിക്കും കൂടി പോയിട്ടല്ലേ..എന്തായാലും ആളെ കാണുമ്പോലെ അല്ല.. എന്താ ഒരു കയ്യിലിരിപ്പ്.ഹ്ഹോ വിശ്വസിക്കാൻ വയ്യ..”

പെണ്ണുമ്പിള്ളയുടെ ദേഷ്യം അവളോടാണോ അതോ അവൾക്ക് സൈഡ് പിടിച്ച തന്നോടാണോ?

ഈ പെണ്ണുങ്ങളുടെ ഒരു കാര്യം.
മറ്റൊരുത്തിയെ താങ്ങി സംസാരിച്ചു പോയാൽ പിന്നെ സ്വൈര്യം തരത്തില്ല.കാണാ കുണാ പറഞ്ഞു മനുഷ്യന്റെ ചെവി കേടാക്കും.

ചുമ്മാതെ രാവിലെ പത്രവും വായിച്ചോണ്ടിരുന്ന താനാണ് വെറുതെ അവളുടെ വായിലോട്ടു കേറി ചെന്ന് കൊടുത്തത്.

വായിക്കാൻ ഇരുന്നിട്ട് ഒരു മൂഡും തോന്നിയില്ല. പത്രം മാറ്റി വെച്ചിട്ട് ചാരുകസേരയിലേയ്ക്ക് നീണ്ടു നിവർന്നു കിടന്നു. റോഡിലൂടെ തിരക്കിട്ടു നടന്നു പോകുന്ന ശാന്തി എന്ന നാട്ടുകാരിയായിരുന്നു മനസ്സിൽ.

ചെറുപ്പം മുതൽക്കേ അറിയാവുന്ന വീട്ടുകാരാണ്.
നാട്ടിലുള്ള സകല പെണ്ണുങ്ങളുടെയും ലിസ്റ്റ് എടുത്താൽ അടക്കത്തിലും ഒതുക്കത്തിലും അടിവരയിട്ട് മാറ്റി നിർത്തുന്ന കുറെ പേരുകളുടെ കൂട്ടത്തിൽ ഉള്ള ഒരെണ്ണം.

ആരുടെയും മുഖത്ത് നോക്കാതെ നെഞ്ചിൽ അടുക്കി പിടിച്ച ബുക്കുമായി പഠിക്കാൻ പോകുന്ന ഒരു ദാവണിക്കാരി.

അന്നത്തെ ചോര തിളപ്പിൽ, അങ്ങനെ ആരെയും മൈൻഡ് ചെയ്യാത്ത തരുണീ മണികളെ മാത്രം ലക്ഷ്യം വെച്ച് മെനക്കേട് മുക്കിൽ എത്ര സമയം വരെ വേണമെങ്കിലും

കാത്തിരുന്നു കണ്ണുകൾ കൊണ്ട് കടുകും മുളകും വറുത്തു വീട്ടിലെക്ക് അവളുമാരെ പറഞ്ഞു വിടുന്ന നാളുകൾ ഓർത്തപ്പോൾ സേതുവിന്റെ ചുണ്ടിലൂടെ ഒരു ചിരി ഓടിപ്പോയി.

പിന്നീട് അവൾക്ക് കല്യാണപ്രായമെത്തിയപ്പോൾ ഒരുപാട് പയ്യന്മാർ വന്ന് ചായയും കടിയുമൊക്കെ ധാരാളം കഴിച്ച് സ്ഥലം വിട്ടു. പക്ഷെ, കല്യാണം എങ്ങുമെങ്ങും എത്തിയില്ല.

സാമ്പത്തീകം തന്നെ ആയിരുന്നു പ്രധാന വില്ലൻ. അവളുടെ അച്ഛൻ ശിവരാമൻ തെങ്ങു കയറ്റക്കാരനായിരുന്നു.

ഒരിക്കൽ തെങ്ങിൽ നിന്ന് വീണു നടുവ് ഒടിഞ്ഞു കിടപ്പിലായതോടെ വീട് ദാരിദ്രത്തിലായി . അവളായിരുന്നു മൂത്തത്. ഇളയത്തുങ്ങൾ ആയിട്ടുള്ളത് രണ്ട് കുഞ്ഞ് പിള്ളേരും!

അവളുടെ ഒപ്പം പഠിച്ച പെൺപിള്ളേരെല്ലാം തോളിലും,കയ്യിലും ഒന്നിനെയും രണ്ടിനെയും ഒക്കെ വെച്ച് വിരുന്നിനു വന്നിട്ട് പോകുന്നത് കാണുമ്പോൾ അവളുടെ അമ്മ ആരും കാണാതെ തോളിൽ കിടക്കുന്ന തോർത്ത്‌ മുണ്ടിൽ മൂക്ക് പിഴിഞ്ഞു.

എന്റെ കൊച്ചിന് ഈ ഗതി വന്നല്ലോ തമ്പുരാനെ.. ഇവൾക്ക് ആരുടെയെങ്കിലും കൂടെ ഇറങ്ങിയെങ്കിലും പൊയ്ക്കൂടേ എന്ന് ചോദിച്ചത് ലേശം ഉറക്കെയായി പോയി.

അമ്മയ്ക്ക് എന്നെക്കൊണ്ട് അത്ര വല്യ ശല്യമായെങ്കിൽ ഞാനങ്ങു ചത്തു തുലഞ്ഞേക്കാം എന്ന് പറഞ്ഞും കൊണ്ട് തെങ്ങിന്റെ മണ്ടയ്ക്ക് അടിക്കാൻ ഇറയത്ത് സൂക്ഷിച്ചിരുന്ന കീടനാശിനി എടുത്തവൾ കുടിക്കാനൊരുങ്ങി.

അലച്ചു കൂവലും, നിലവിളിയും ബഹളവും ഒക്കെ കേട്ട് നാട്ടുകാരെല്ലാം ഓടിക്കൂടി.
ഭാഗ്യത്തിന് വായിലേയ്ക്ക് ഒഴിക്കുന്നതിന് മുൻപ് അവളുടെ അമ്മ അത് തട്ടി ദൂരെ തെറിപ്പിച്ചു. പിന്നെ, കരണം പുകയുന്ന ഒരു അടിയും വെച്ചു കൊടുത്തു.

“നിനക്ക് ചാകണോടി,എങ്കിൽ എല്ലാർക്കും കൂടി ഒഴിച്ചു കൊടുത്തേച്ചും ചാകടീ..” എന്ന് നെഞ്ചത്തടിച്ചു നിലവിളിച്ചു.

കാര്യം ചോദിച്ചും പറഞ്ഞും അറിഞ്ഞ നാട്ടുകാർ അവളെ നോക്കി സഹതപിച്ചും കൊണ്ട് അവരവരുടെ കൂരകളിൽ പോയി ഇരുന്ന് കൊണ്ട് അവളുടെ ജാതകത്തെ കുറ്റം പറഞ്ഞു.

“എങ്ങനെ കഴിഞ്ഞ വീടാ. ആ ശിവരാമൻ അവരെ പൊന്ന് പോലല്ലേ നോക്കിയത്.ഇപ്പൊ കണ്ടില്ലേ.ആ പെണ്ണിന്റെ ഭാഗ്യ ദോഷം! അല്ലാണ്ടെന്താ പറയുക..”

“ആ ശാന്തയേടത്തി വല്ലവരുടേം തുണിയും പാത്രവും കഴുകി കൊണ്ട് വരുന്നതും കൊണ്ട് ഇങ്ങനെ എത്ര നാളെന്ന് വെച്ചാ കഴിയുക.
പെര നിറഞ്ഞു നിൽക്കുന്ന പെണ്ണിനെ വല്ല വീട്ടിലും പണിക്ക് വിടാൻ പറ്റുമോ ഈ കാലത്ത്.

നേരാവണ്ണം അതിനെ വല്ലവന്റെയും ഒപ്പം കെട്ടിച്ചു വീട്ടിരുന്നേൽ പിള്ളേര് മൂന്നോ നാലോ കണ്ടേനെ!”

ഇങ്ങനെ ഓരോ അഭിപ്രായ പ്രകടനങ്ങൾ മുക്കിലും മൂലയിലും കൊടുമ്പിരി കൊള്ളവേയാണ് നാട്ടിലെ അറിയപ്പെടുന്ന ബ്രോക്കർ കൃഷ്ണൻ കുട്ടി

തെക്കൻ ദിക്കിൽ നിന്ന് ഒരു ആലോചന ശാന്തിക്കായി കൊണ്ട് വന്നത്.
സ്ത്രീധനമായി ഒരു നയാ പൈസ കൊടുക്കണ്ട.

ചെറുക്കന് കാലിന് ഇത്തിരി സ്വാധീനക്കുറവുണ്ട്. അയാളുടെ കാര്യങ്ങൾ നോക്കി അങ്ങ് കഴിഞ്ഞാൽ മതി.സമ്മതമാണെങ്കിൽ എത്രയും പെട്ടന്ന് അവരെ വിവരം അറിയിക്കണം.
അതായിരുന്നു ആകെയുള്ള ഡിമാൻഡ്.

പെണ്ണ് കാണാൻ ചെറുക്കൻ കൂട്ടർ വരുന്ന വിവരം അറിഞ്ഞു മുക്കിൽ അവിടെയും ഇവിടെയും ഓരോരുത്തർ പാറാവു നിന്നു.
ചെറുക്കൻ കാണാൻ എങ്ങനെ ഉണ്ടെന്ന് ഒന്നറിയണം അത്രയേയുള്ളൂ അവരുടെ ആവശ്യം!

ഒരു വെളുത്ത അംബാസിഡർ കാറിൽ ഞായറാഴ്ച പകൽ പതിനൊന്നു മണിയായപ്പോൾ ചെറുക്കൻ കൂട്ടർ വന്നിറങ്ങി.
ശാന്തി കുളിച്ചു സുന്ദരിയായി മുടിയിൽ കനകാംമ്പര പൂവും മുല്ലമൊട്ടും കോർത്ത മാല ചൂടി സെറ്റ് സാരിയും ഉടുത്തു നിന്നു.

അവളെ അല്ലെങ്കിലും ആരാണ് ഒന്ന് നോക്കാത്തത്. പണം ഇല്ലാത്തതിന്റെ പേരിൽ ആണല്ലോ പത്തിരുപത്തിയെട്ട് വയസ്സ് വരെ കെട്ടാതെ നിൽക്കേണ്ടി

വന്നത്. വന്ന ചെറുക്കനും വെളുത്തിട്ടായിരുന്നു. പക്ഷെ, ഇടത്തെ കാലിലെ മുടന്ത് വ്യക്തവും ശക്തവുമായിരുന്നു.

മുടന്തി മുടന്തി കാറിൽ നിന്നിറങ്ങി അവളുടെ വീട്ടിലേക്ക് അയാൾ പോകുന്നത് കണ്ട ചെറുപ്പക്കാർ തമ്മിൽ തമ്മിൽ നോക്കി.ഇതെങ്ങനെ ശരിയാകും..അവൾക്ക് ഇഷ്ടപ്പെടുമോ?

പിന്നെ.. അവളുടെ ഇഷ്ടം ഇനി ആരു നോക്കുന്നു. മൂക്കിൽ പല്ല് കിളിച്ചു. ഇനി ആരെങ്കിലും വന്ന് കെട്ടിക്കൊണ്ടു പോട്ടെന്നേ..

മുറുക്കാൻ കടക്കാരൻ വാസുദേവൻ നായർ വായിനോക്കി ഗ്യാങ്ങിനെ ഒന്ന് ഇരുത്തി നോക്കി.
ഇവന്മ്മാര് കുറെ പിന്നാലെ നടന്നതാണല്ലോ.

എന്നിട്ട് ഒരെണ്ണത്തിനെങ്കിലും തോന്നിയോ ആ കൊച്ചിനെ കെട്ടി കൂടെ പൊറുപ്പിക്കാൻ!
എല്ലാവനും സ്ത്രീധനം വേണം.

സ്ത്രീധനം!
ഫ്ഭു.. അയാൾ പുറത്തേയ്ക്ക് നീട്ടി തുപ്പി.
നായര് ചേട്ടന്റെ തുപ്പൽ വീഴാതെ എല്ലാവരും സൈഡ് ഒഴിഞ്ഞു മാറി.

പെണ്ണ് കണ്ടിട്ട് പോയി രണ്ട് ദിവസം കഴിഞ്ഞില്ല. ശാന്തി യുടെ കല്യാണം ഉറപ്പിച്ചെന്ന വാർത്ത കാട്ടു തീ പോലെ പടർന്നു.

സുന്ദരിയും സുശീലയുമായ ശാന്തിയും മുടന്തൻ ഭർത്താവും കൂടെ അവരുടെ കണ്മുന്നിലൂടെ ചിരിച്ചും കളിച്ചും പോകുന്ന കാഴ്ചയും അധികം വൈകാതെ കണ്ട് അവരെല്ലാം നെടുവീർപ്പിട്ടു.

പക്ഷെ,അപ്പോഴും വിധി എന്ന ക്രൂരൻ അവളെ വെറുതെ വിടാൻ ഒരുക്കമായിരുന്നില്ല.
ഒരു ആക്‌സിഡന്റിൽ അവളുടെ ഭർത്താവിന്റെ കാലുകൾ രണ്ടും ചലന ശേഷി നഷ്ടപ്പെട്ട അവസ്ഥയിലായി..

അപ്പോഴേക്കും പിള്ളേര് രണ്ടെണ്ണം സ്കൂളിൽ പഠിക്കാൻ തുടങ്ങിയിരുന്നു. ഭർത്താവ് കിടപ്പിലായതോടെ ശാന്തിക്ക് വേറെ വരുമാനം ഇല്ലാതായി. കുറെ നാളുകൾ ബന്ധുക്കൾ സഹായിച്ചു.പിന്നെ അവർക്കും മടുത്തു തുടങ്ങി.

അതോടെ അവൾ ടൗണിൽ ഒരു തുണിക്കടയിൽ സെയിൽസ് ഗേളായി ജോലിക്ക് പോയിത്തുടങ്ങി.
പിന്നീട് എപ്പോഴാണെന്ന് അറിയില്ല,

നാട്ടിൽ ചെറിയ കുശുകുശുപ്പ് ഒക്കെ ഉണ്ടാകാൻ തുടങ്ങി. ശാന്തയുടെ മോളില്ലേ.. ആ ശാന്തി,അവളെക്കുറിച്ച് ഓരോന്നൊക്കെ കേൾക്കുന്നുണ്ട്. നേരാണോന്ന് അറിയില്ല.

പക്ഷെ, അവളുടെ വീടിന്റ അടുത്തുള്ള ഒരു ചങ്ങാതി പറഞ്ഞതാണ്. രാത്രി ആവുമ്പോൾ സ്ഥിരമായി ഏതൊ ഒരുത്തൻ അവളുടെ വീട്ടിൽ വന്നിട്ട് പോകുന്നുണ്ടെന്ന്..

ആരും ഇതുവരെ ഗൗനിച്ചിട്ടില്ല. സെക്കന്റ്‌ ഷോ കണ്ടിട്ട് വരുന്ന വഴി നമ്മുടെ ബാബുക്കുട്ടൻ ആണ് അവിടെ നിന്ന് ഒരജാനുബാഹൻ ഇറങ്ങിപ്പോകുന്നത് കണ്ടത്.

കെട്ട്യോൻ കിടപ്പിലായില്ലേ.പിന്നെ അവൾക്കും വേണ്ടേ ഒരന്തിക്കൂട്ട്. പെണ്ണ് എന്താ വയസ്സായി പോയോ. എന്തെങ്കിലും ഒക്കെ നടക്കട്ടെന്നെ..
നാട്ടിലെ അഭ്യുദയകാംക്ഷി ആയ പെൻഷൻ ആയ ശ്രീധരൻ മാഷാണ് അത് പറഞ്ഞത്.

അതെ, എന്തെങ്കിലും ഒക്കെ നടക്കട്ടെ..ആർക്കാണ് ചേതം. അങ്ങനെ അവളുടെ വിഷയം എല്ലാവരും ബോധപൂർവം മറന്ന മട്ടായിരുന്നു.

പക്ഷെ, വീണ്ടും കാലം അവളെ ഒന്ന് കുരുക്കി.
അതൊരു വല്ലാത്ത കുരുക്കായിരുന്നു.
അതുവരെ ഉണ്ടായിരുന്ന ഒരു സഹതാപം കൂടിയോ അതോ കുറഞ്ഞോ എന്ന് തീർച്ചയില്ലാത്ത ഒരു കുരുക്കിൽ ആണ് അവൾ അകപ്പെട്ടത്!

പതിവ് പോലെ രാത്രിയിൽ വന്ന് കയറാറുള്ള അതിഥിയ്ക്ക് വേണ്ടി അവൾ വാതിൽ തുറന്നു കൊടുത്തു.

ഭർത്താവിന് നേരത്തെ ഭക്ഷണവും മരുന്നും കൊടുത്തു ഉറക്കും. പിള്ളേരും എന്തെങ്കിലും കഴിച്ചേച്ചു പത്തു മണിക്ക് മുൻപേ എവിടെ എങ്കിലും കിടന്നുറക്കമാകും.

തുണിക്കടയിലെ കൊച്ചു മുതലാളിക്ക് അവൾ ജോലിക്ക് ചെന്ന നാള് മുതൽ ഒരു നോട്ടമുണ്ട് എന്ന് മനസ്സിലായതാണ്. പക്ഷെ, ആദ്യമൊക്കെ അവൾ മൈൻഡ് ചെയ്യാൻ പോയില്ല.

അൻപത്തിയഞ്ച് വയസോളം പ്രായം വരുന്ന ഒരു തടിച്ചു കൊഴുത്ത മനുഷ്യൻ!
അയാളെ കാണുമ്പോഴൊക്കെ പേടി കലർന്നൊരു ബഹുമാനം മാത്രമാണ് അവളുടെ ഉള്ളിൽ തോന്നുക.

കഴിയുന്നതും അയാളുടെ കഴുകൻ കണ്ണുകൾക്ക് മുന്നിൽ എത്തിപ്പെടാതിരിക്കാൻ അവൾ ശ്രമിക്കും.

പക്ഷെ, ആരും ഇല്ലാത്ത നേരത്ത് അയാൾ അവളെ ഓരോ പ്രലോഭനങ്ങൾക്ക് വശം വദയാക്കാൻ തുടങ്ങി. ശമ്പളം കൂട്ടി കൊടുക്കാം, വൈകിട്ടു പറഞ്ഞ സമയത്തിന് അരമണിക്കൂർ മുൻപ് ജോലി കഴിഞ്ഞു വീട്ടിൽ പൊയ്ക്കോളാനും അനുവാദം കൊടുത്തു..

വിശേഷ ദിവസങ്ങളിൽ അവൾക്കും കുട്ടികൾക്കും കെട്ട്യോനും ഉള്ള തുണിത്തരങ്ങൾ സൗജന്യമായി കൊടുത്തു ശാന്തിയെ സന്തോഷിപ്പിച്ചു.,..
പോരെങ്കിൽ വീട്ടിലെ പരിതാപകരമായ അവസ്ഥയും!

വെറുതെ അയാളുടെ ഓഫറുകൾ പങ്ക് പറ്റാൻ അവൾക്ക് കുറച്ചിൽ തോന്നി തുടങ്ങി.
ജോലി ചെയ്യുന്ന ശമ്പളത്തിൽ നിന്ന്

കുറേശെ പണം കൊടുത്തു തീർക്കാൻ ശ്രമിച്ച അവളെ തടഞ്ഞു കൊണ്ട് അയാൾ ആരും കേൾക്കാതെ പറഞ്ഞത് കേട്ട് അവൾ ഒന്ന് ഞെട്ടി.

പിന്നീട് ഒരുപാട് ആലോചിച്ചപ്പോൾ മറ്റൊരു വഴിയും അവൾക്ക് മുന്നിൽ ഇല്ലായിരുന്നു.
അങ്ങനെ ആണ് പാതിരാത്രിയിൽ അയാൾക്ക് വേണ്ടി അവൾ സ്വന്തം വീടിന്റെ വാതിൽ തുറന്നു കൊടുത്തത്.

ഭർത്താവോ മക്കളോ ഒന്നും അറിഞ്ഞില്ല. എല്ലാം കഴിഞ്ഞയാൾ പോകുമ്പോൾ അവളുടെ കയ്യിൽ നിറയെ കാശ് വെച്ചു കൊടുത്തു. അപമാനത്താൽ കയ്യ്ക്കുന്ന കണ്ണുനീരാൽ അവൾ നനഞ്ഞു കുതിർന്നു..

ഒരിക്കൽ പോലും ഇത്രയും തഴം താണ ജീവിതം തനിക്കുണ്ടാകുമെന്ന് അവൾ സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടുണ്ടാവില്ല.

എന്നാൽ പ്രാരാബ്ദങ്ങളുടെ എടുത്താൽ പൊങ്ങാത്ത ഭാരം അവളുടെ ചുമലുകളെ വളച്ചു കളഞ്ഞിരുന്നു. ആരും സഹായിക്കാൻ ഇല്ലാത്ത പെണ്ണിന്റെ മുന്നിൽ വെച്ച് നീട്ടപ്പെട്ട പച്ചനോട്ടുകൾക്ക് മുന്നിൽ അവൾ എല്ലാത്തിനും സമ്മതം കൊടുത്തു. അഥവാ കൊടുക്കേണ്ടി വന്നു.

അവളുടെ വീട്ടിലേയ്ക്കുള്ള തുണിക്കടയിലെ കൊച്ചു മുതലാളിയുടെ വരവും പോക്കും നാട്ടുകാർ അവിടെയും ഇവിടെയും ഒക്കെ വെച്ചു ചർച്ച

ചെയ്തുവെങ്കിലും അവളുടെ ഗതികേട് ഓർത്ത് എന്തെങ്കിലും ആയിപ്പോകട്ടെ എന്ന് കരുതി ആരും അനങ്ങാൻ പോയില്ല.

എന്നാൽ വീണ്ടും അവളെ വിധി, മുൻപ് പറഞ്ഞ കുരുക്കിൽ പെടുത്താൻ കാത്തിരിക്കുകയായിരുന്നുവല്ലോ!

ഒരു രാത്രി കൊച്ചു മുതലാളി പതിവു പോലെ അവളെ തേടിയെത്തിയതാണ്. അന്ന് പതിവില്ലാതെ അയാളെ വല്ലാതെ വിയർക്കുന്നുണ്ടായിരുന്നു.

പ്രെഷർ കൂടിയിട്ടാകും. നാളെയാവട്ടെ ഒന്ന് ചെക്ക് ചെയ്യണം എന്ന് പറഞ്ഞു കുറച്ചു ചൂട് വെള്ളം ആവശ്യപ്പെടുകയും കയ്യിലിരുന്ന ഗുളിക വായിലേയ്ക്ക് ഇടാൻ ഒരുങ്ങുകയും ചെയ്തു.

സർ സുഖമില്ലെങ്കിൽ നാളെ വരൂ ..
ഇന്ന് വീട്ടിൽ പോയി ഒന്ന് റസ്റ്റ്‌ എടുക്കൂ എന്ന് ഒച്ച താഴ്ത്തിയാണ് അവൾ അയാളോട് പറഞ്ഞത്.

“ഏയ്‌ അതിന്റെ ഒന്നും ആവശ്യമില്ല. ഇതൊക്കെ ഇടയ്ക്ക് ഒക്കെ വരാറുള്ളതാണ്. നീ പേടിക്കണ്ട..”പക്ഷെ, സംഭവിക്കാൻ പാടില്ലാത്തതാണ് അന്ന് രാത്രി സംഭവിച്ചത്.

അവളെ മുറുകെ പിടിച്ചിരുന്ന കൊച്ചു മുതലാളിയുടെ കൈ അയഞ്ഞു വരുന്നതും പെട്ടന്ന് അയാൾ വെട്ടിയിട്ട വാഴത്തണ്ട് പോലെ അവളിൽ നിന്ന് അടർന്നു മെത്തയിലേയ്ക്ക് പിടഞ്ഞു

വീണതും പെട്ടെന്നായിരുന്നു.
അമ്പരപ്പോടെ അവൾ എഴുന്നേറ്റു കൊച്ചു മുതലാളിയെ കുലുക്കി വിളിച്ചു.

“എണീക്ക് കൊച്ചു മുതലാളി..ദേ, ഈ ചൂട് വെള്ളം കുടിച്ചാട്ടെ..” പക്ഷെ അയാൾക്ക് അനക്കം ഒട്ടുമില്ലായിരുന്നു. പിന്നീട് നടന്നതൊന്നും അവൾക്ക് ഓർത്തെടുക്കാൻ പോലുമുള്ള കെൽപ്പില്ലായിരുന്നു.

അയാളുടെ വലിയ ശരീരത്തിൽ നിന്ന് ജീവന്റെ തുടിപ്പ് എന്നന്നേയ്ക്കുമായി വേർപെട്ട് പോയത് അറിയാതെ അവൾ അയാളെ പിന്നെയും പിന്നെയും തട്ടി വിളിച്ചു കൊണ്ടേയിരുന്നു.

ടെക്സ്ടൈൽ ഷോപ്പിലെ കൊച്ചു മുതലാളി അതെ കടയിൽ ജോലി ചെയ്യുന്ന സെയിൽസ് ഗേളിന്റെ വീട്ടിൽ മരിച്ചു കിടക്കുന്നു എന്ന വാർത്ത പിറ്റേന്ന് കാട്ടു തീ പോലെ പടർന്നു പിടിച്ചു.

സ്വബോധം നഷ്ടപ്പെട്ട ഒരുവളെ പോലെ ആ ശവശരീരത്തിന്റെ അരികിൽ കാൽമുട്ടിൽ മുഖം ചേർത്തിരിക്കുന്ന ശാന്തിയെ കണ്ട് വന്നവർ വന്നവർ ഞെട്ടിത്തരിച്ചു.

കൊന്നതാവും, അല്ല ഹൃദയസ്തഭനം ആണ് എന്നൊക്കെ പലരും പല അഭിപ്രായങ്ങളും പറഞ്ഞു.ന്നാലും ആട്ടിൻകുട്ടിയെ പോലെയിരുന്ന ഇവളൊരു ജഗജില്ലിയാണല്ലോ എന്നോർത്ത് പലരും മൂക്കത്ത് വിരൽ വെച്ചു.

എന്നാൽ, പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ ശാന്തിക്ക് അനുകൂലമായിരുന്നു.
പ്രഷർ കൂടിയത് മൂലം തലച്ചോറിലെ ഞരമ്പ് പൊട്ടിയുണ്ടായ ആന്തരീക രക്ത സ്രാവമാണ് മരണകാരണം എന്ന് തെളിഞ്ഞതോടെ ഊഹാ പോഹങ്ങൾക്ക് വിരാമമായി.

അപമാനം ഭയന്ന് ടെക്സ്ടൈൽ ഉടമക്കാർ കേസും കോടതിയുമൊന്നും വേണ്ടെന്ന് വെയ്ക്കുകയായിരുന്നു.

ന്യൂസ്‌ അധികം പുറത്തേയ്ക്ക് പോകാതിരിക്കാനായി കാശ് കുറെ ചിലവാക്കി.
ശാന്തിയുടെ പേരിലും പരാതി ഒന്നുമില്ലെന്ന് അവർ പോലീസ് സ്റ്റേഷനിൽ എഴുതി കൊടുത്തു.

കിടപ്പ് രോഗിയായ ഭർത്താവ് എല്ലാം കണ്ടും കേട്ടും ഒന്ന് കരയാൻ പോലുമാകാതെ തളർന്നു കിടന്നു.

അയാൾക്ക് അതുവരെ സ്വന്തം ഭാര്യയിൽ ഒരുപാടു വിശ്വാസമുണ്ടായിരുന്നു..
എന്നാൽ അതിനു ശേഷം അവളെ കാണുന്നത് പോലും ചതുർഥി ആയി.

ആ വീട് വിട്ടു എങ്ങോട്ടെക്കെങ്കിലും പോകാമെന്നു മക്കൾ നിർബന്ധം പിടിക്കാൻ തുടങ്ങി.അതോടെ അവൾ സ്വന്തം നാട്ടിലേയ്ക്ക് കുടുംബത്തെയും കൊണ്ട് താമസത്തിനെത്തി.

ശാന്തിയുടെ അച്ഛൻ കിടന്ന് കിടന്ന് ഒരു നാൾ ഒരിക്കലും ഉണരാത്ത ഉറക്കത്തിലേയ്ക്ക് ആണ്ടു പോയിട്ട് വർഷം അഞ്ചു കഴിഞ്ഞിരുന്നു. ഇളയ സഹോദരങ്ങളും പ്രായമായ അമ്മയും ശാന്തിയെയും കുടുംബത്തെയും സ്വീകരിക്കാൻ തയ്യാറായിരുന്നില്ല.

നാട്ടിലും വീട്ടിലും പേര് ദോഷം വരുത്തി വെച്ചവളെ കൂടെ പൊറുപ്പിക്കാനൊക്കത്തില്ലെന്ന് ആങ്ങളമാർ തറപ്പിച്ചു പറഞ്ഞു. അതോടെ അവൾക്ക് ഗത്യന്തരമില്ലാതെ ഒരു ചെറിയ വാടക വീട് കണ്ടെത്തേണ്ടി വന്നു.

പലരും അവളെ ഒരത്ഭുത ജീവിയെ നോക്കുമ്പോലെയാണ് കണ്ടത്. അവൾ കേൾക്കെയും അല്ലാതെയും കുത്തും കോളും വെച്ച് ഓരോന്നും പറഞ്ഞു.

കുറെ ദിവസങ്ങൾ അവൾ വീടിനു പുറത്തോട്ട് ഇറങ്ങാതെ വല്ലവിധേനയും മക്കളുടെ കാര്യങ്ങൾ നോക്കി കഴിഞ്ഞു.പക്ഷെ,കയ്യിൽ ഇരുന്ന പണമെല്ലാം തീർന്നതോടെ മറ്റു വഴിയില്ലാതായി.

ഭർത്താവിനും പിള്ളേർക്കും മരുന്നും ആഹാരവും വാങ്ങാൻ വീട്ടിൽ ഇരുന്നാൽ പറ്റില്ലെന്ന് വന്നതോടെ മാനക്കേട് മാറ്റിവെച്ച് അവൾ ഒരു ജോലിക്കായി പലയിടത്തും കയറിയിറങ്ങി.

പക്ഷെ , ജോലിക്ക് നിന്ന കടയിലെ മുതലാളിയെ വശീകരിച്ചു വീട്ടിൽ വിളിച്ചു കയറ്റി കൊന്നവൾ എന്ന പേര് വീണ അവളെ ആരും വിശ്വസിച്ച് ഒരിടത്തും നിർത്താൻ തയ്യാറല്ലായിരുന്നു.

ഒടുവിൽ അവളുടെ ബന്ധക്കാർ തന്നെ പിരിവ് എടുത്തു അവൾക്ക് കവലയിൽ തന്നെ
ഒരു ചെറിയ മാടക്കട ഇട്ട് കൊടുത്തു.
കൂൾ ഡ്രിങ്ക്സും, നാരങ്ങ വെള്ളവും പിന്നെ കുറച്ചു ഫാൻസി ഐറ്റംസും.

ദിവസവും രാവിലെ കുളിച്ചൊരുങ്ങി കടയിലേയ്ക്കുള്ള പോക്കുവരവിലാണ് ഭാര്യ ഇന്ന് അവളെ കണ്ടത്.

പണ്ട്, ഈ നാട്ടിലെ ചെറുപ്പക്കാരുടെയെല്ലാം ഉറക്കം കളഞ്ഞ സുന്ദരിയും സൽസ്വാഭാവിയുമായ പെണ്ണാണ് ഇന്ന്, പേരുദോഷം

വരുത്തി വെച്ച് ഓരോ ദിവസവും കഴിഞ്ഞു കൂടാനുള്ള അന്നത്തിനായി പകലന്തിയോളം മാടക്കടയും കൊണ്ടിരിക്കുന്നത്.

“നിങ്ങളവിടെ ആരെയും ഓർത്തോണ്ടിരിക്കുവാ. പണിക്ക് ഒന്നും പോകണ്ടായോ. ദേ സമയം എത്രയായീന്ന് ഒന്ന് നോക്കിക്കേ..”

പെണ്ണുമ്പിള്ള ഇന്ന് ആകെ കലിപ്പിലാണ്.
ശാന്തിയെ കണ്ടതിന്റെ കലിപ്പാകും.
പാവം! അയാൾക്ക് ചിരി വരുന്നുണ്ടായിരുന്നു.
അവളറിയുന്നുണ്ടോ..

ശാന്തിയെന്ന പേര് കേൾക്കുമ്പോഴേ ഇന്ന് നാട്ടിലുള്ള പുരുഷന്മ്മാരുടെയെല്ലാം നെഞ്ചിൽ ഒരു കൊള്ളിയാൻ ആണെന്ന്!!

ഇന്നത്തെ തന്റെ ഒള്ള ശാന്തിയും സമാധാനവും കൂടി നഷ്ടപ്പെടുത്തണ്ടെന്ന് കരുതി അയാൾ പെട്ടെന്ന് റെഡിയാകാൻ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *