(രചന: രജിത ജയൻ)
“മീരാ.. ജീവിതത്തിൽ തീരെ പ്രതീക്ഷിക്കാതെ ഒറ്റയ്ക്കായ് പോയവരാണ് താനും ഞാനുമെല്ലാം ..
“ഇപ്പോഴെനിക്ക് വീണ്ടുമെന്റെ ജീവിതം ഒന്നൂടെ തുടങ്ങണമെന്നുണ്ട്, ആ ജീവിതത്തിൽ എന്റെ പാതിയായ് താൻ വേണമെന്നും ..സമ്മതമാണോ തനിക്ക് ..?
തീരെ പ്രതീക്ഷിക്കാതെ ദേവൻ ചോദിച്ചതും മീരയാകെ പതറിപോയ്..ഏ.സി മുറിയായിട്ടു കൂടി അവളാകെ വിയർത്തു ..
ഒന്നും പറയാതെ ദേവനുമുമ്പിൽ നിന്നിറങ്ങി നന്ദനയോട് കാര്യങ്ങൾ പറയുമ്പോഴും അവൾ വിറയ്ക്കുന്നുണ്ടായിരുന്നു ..
“എന്നാലും നന്ദനേ ദേവൻ സാറിനെന്നോട് ഇങ്ങനെ ഒരിഷ്ട്ടം ഉണ്ടെന്ന് ഞാൻ കരുതീല ..”എനിക്കതെപ്പോഴേ തോന്നിയിരുന്നു മീരാ..
” നല്ലവനാണ് ദേവൻ സാർ.. നിന്റെ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാവും നിങ്ങളുടെ വിവാഹം.. നീ സമ്മതിക്കെ ടീ ..
നന്ദന പറഞ്ഞതു കേട്ടതും മീര തന്റെ പ്രശ്നങ്ങളോരോന്നായ് വീണ്ടും അവൾക്ക് മുമ്പിൽ നിരത്തിയതും അവൾ ദേഷ്യത്തിൽ മീരയെ നോക്കി ..
“മനുഷ്യന്മാരായാൽ ഇടയ്ക്കെങ്കിലും മനുഷ്യരെ പോലെ ജീവിതം ആസ്വദിക്കണം മീരാ ..
അല്ലാതെ നിന്നെ പോലെ എപ്പോഴും വീടും ഓഫീസും മാത്രമായി ജീവിതം ജീവിച്ച് തീർക്കരുത് ..
“ഇടയ്ക്കെങ്കിലും അവനവനു വേണ്ടി ജീവിക്കണം ,മറ്റുള്ളവർക്ക് വേണ്ടി ബലിയാടാവാതെ ..
നന്ദന മീരയെ നോക്കി ദേഷ്യത്തിൽ പറഞ്ഞിട്ടും മീര ഒന്നും മിണ്ടാതെ അവ ളെ തന്നെനോക്കി നിന്നു .
പിന്നീടവൾക്കൊരു നേർത്ത പുഞ്ചിരി നൽകി മീര നന്ദനയെ മറികടന്ന് തന്റെ ബാഗുമെടുത്ത് ഓഫീസിനു പുറത്തേക്ക് നടന്നു..
എംഡിയുടെ ക്യാമ്പിനിലിരുന്നപ്പോഴും ദേവൻ തന്നെ കണ്ണെടുക്കാതെ നോക്കുന്നത് പുറത്തേക്ക് നടക്കുന്നതിനിടയിലുംമീര കാണുന്നുണ്ടായിരുന്നു ..
എന്തിനെന്നറിയാതെ അപ്പോഴവളുടെ ചുണ്ടിലൊരു നേർത്ത പുഞ്ചിരി വിടർന്നു വന്നു”ചേച്ചീ.. ഞാൻ പറഞ്ഞ ചുരിദാർ വാങ്ങിയോ ..?
ബസ്സിറങ്ങി വീടിന്റെ പടി കടന്നകത്തേയ്ക്ക് കാൽ വെച്ചതും മീന അവൾക്കടുത്തേക്ക് വന്നു ..
മീരയുടെ കയ്യിൽ കവറുകളൊന്നും കാണാതെ വന്നതും മീന ദേഷ്യത്തിൽ മീരയെ നോക്കി ..
“ചേച്ചി.. ഞാനെത്ര പ്രാവശ്യമായ് ചേച്ചിയോടു പറയുന്നുഎനിക്കൊരു പുതിയ മോഡൽ ചുരിദാർ വാങ്ങി തരാൻ ..
“എന്റെ ഓഫീസിലെ എല്ലാവരും ഇട്ടോണ്ടു വരുന്ന ഡ്രസ് കാണണം … ഞാൻ മാത്രമാണ് ഒന്നും ഇല്ലാതെ..
“ചേച്ചിക്ക് ഇന്ന് ശമ്പളം കിട്ടുന്ന ദിവസമല്ലേ..? എന്നിട്ടെന്താ വാങ്ങാത്തത് ..?മീന ദേഷ്യത്തോടെ മീരയോട് ചോദിച്ചതും അവൾ ഒന്നും മിണ്ടാതെ വീടിനകത്തേക്ക് നടന്നു ..
ഉമ്മറത്തവളെയും കാത്തെന്ന പോലെ നിൽക്കുന്ന അമ്മയുടെയും അനിയന്റെയും മുഖം കണ്ടതും അവളുടെ മുഖത്തെ ചിരി മാഞ്ഞു
“നീ ഞാൻ പറഞ്ഞ സാധനങ്ങളൊന്നും വാങ്ങീലേ മീരേ..?അമ്മ ദേഷ്യത്തിൽ ചോദിച്ചതിനും മീര മറുപടി ഒന്നും പറയാതെ അനിയന്റെ മുഖത്തേക്ക് നോക്കി, അവനെന്താണ് പറയാനുള്ളതെന്നറിയാൻ
“ചേച്ചീ എനിക്ക് ബൈക്കിന്റെ തിരിച്ചടവിനുള്ള പൈസ …മീരയുടെ നോട്ടം തന്റെ മുഖത്തെത്തിയതും മാധവ് പറഞ്ഞു വന്നത് പൂർത്തിയാക്കാതെ അവളുടെ മുഖത്തേക്ക് നിന്നു..
മീര അവനെയൊന്നു കൂടി നോക്കി ഒന്നും മിണ്ടാതെ തന്റെ മുറിക്കുള്ളിലേക്ക് നടന്നു.. തന്റെ നിറമിഴികൾ അവർ കാണരുതെന്ന വാശിയോടെ …
തന്റേതെന്ന് കരുതി താൻ സ്നേഹിച്ചവർക്കെല്ലാം ആവശ്യം തന്റെ പണം മാത്രമായിരുന്നെന്ന തിരിച്ചറിവിൽ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടിരുന്നു..
മഹിയേട്ടന്റെ കൈ പിടിച്ച് ഈ വീട്ടിലെ മരുമകളായ് താൻ വന്നു കയറിയത് തന്റെ കുടുംബത്തെ പൂർണ്ണമായും ഉപേക്ഷിച്ചു കൊണ്ടായിരുന്നു .
സമ്പത്തുകൊണ്ടും പാരമ്പര്യം കൊണ്ടും തന്റെ വീട്ടുകാർ മഹിയേട്ടന്റെ വീട്ടുക്കാരെക്കാൾ ഉയർന്നവരായതിനാൽ താനും മഹിയേട്ടനും തമ്മിലുള്ള ബന്ധത്തെ തന്റെ വീട്ടുകാർ എതിർത്തു.
ഒടുവിൽ എല്ലാവരെയും ഉപേക്ഷിച്ച് മഹിയേട്ടന്റെ മാത്രമായ് തീർന്നപ്പോൾ സന്തോഷമായിരുന്നു മനസ്സ നിറയെ .. ആഗ്രഹിച്ച, മോഹിച്ച ജീവിതം സ്വന്തമായ സന്തോഷം..
മഹിയേട്ടന്റെ അമ്മയ്ക്കും അനിയനും അനിയത്തിക്കും ഇഷ്ട്ടമായിരുന്നു തന്നെ .. അതു കൊണ്ടു തന്നെ സ്വന്തം വീട്ടുകാരെ ഉപേക്ഷിച്ചതിൽ ഒരിക്കലും കുറ്റബോധവും സങ്കടവും തോന്നിയില്ല ..
സ്വപ്ന തുല്യമായിരുന്നു ജീവിതം മൂന്നു വർഷം മുമ്പുവരെ ..വിവാഹം കഴിഞ്ഞ് ഒരു വർഷം തികയും മുന്നേ ഒരപകടത്തിൽ മഹിയേട്ടൻ തന്നെ തനിച്ചാക്കി പോയതും ഒരു മരവിപ്പായി മനസ്സിലാകെ
ആദ്യമെല്ലാം സ്നേഹത്തോടെ തന്നോടു പെരുമാറിയിരുന്ന മഹിയേട്ടന്റെ അമ്മ പിന്നീടെപ്പോഴെല്ലാമോ തന്നെ കുറ്റപ്പെടുത്താൻ തുടങ്ങി ..
മഹിയേട്ടൻ മരിച്ചത് തന്റെ ദോഷം കൊണ്ടാണെന്ന് അമ്മ പറഞ്ഞതും തകർന്നു പോയി താൻ..
ജീവിതം മുമ്പിലൊരു ചോദ്യചിഹ്നമായ് മാറുന്നത് പിന്നീടു തിരിച്ചറിഞ്ഞപ്പോൾ പതറി തുടങ്ങിയിരുന്നു താൻ..
തിരിച്ചു ചെല്ലാൻ സ്വന്തമായിട്ടൊരു വീടുപോലുമില്ലായെന്ന തിരിച്ചറിവ് മനസ്സിന് നൽകിയത് വലിയൊരു വേദന മാത്രമാണ്..
ഒടുവിലൊരു ജോലി കണ്ടെത്തി ആരെയും ആശ്രയിക്കാതെ തന്റെ ജീവിതം താൻ മെല്ലെ മുന്നോട്ടു കൊണ്ടു പോവുന്നതിനിടയിലും തിരിച്ചറിയുന്നുണ്ടായിരുന്നു മഹിയേട്ടന്റെ വീട്ടുകാർക്ക് താൻ വെറുമൊരു കറവപ്പശു മാത്രമാണെന്ന് ..
സ്വന്തമായ് ജോലിയും വരുമാനവും ഉള്ളവരാണ് മഹിയേട്ടന്റെ സഹോദരങ്ങൾ പക്ഷെ അവർക്ക് അവരുടെ ആവശ്യങ്ങൾ നടത്താൻ തന്റെ ശബളം വേണമായിരുന്നു..
അമ്മയ്ക്കും ഇവിടുത്തെ വീട്ടു ചിലവുകൾക്ക് തന്റെ ശമ്പളം വേണമായിരുന്നു , , തനിക്കെന്തെങ്കിലും ആവശ്യങ്ങളുണ്ടോന്നു പോലും ആരും തിരക്കാർ കൂടിയില്ല..
ചിന്തകൾക്ക് ഭാരം കൂടി ഓർമ്മകൾ മനസ്സിനെ കാർന്നുതിന്നാൻ തുടങ്ങിയതും മീര വേഗം സാരി മാറ്റി അടുക്കളയിലേക്ക് നടന്നു.. തന്നെയും കാത്തവിടെ ജോലികൾ ഒരുപാടുണ്ടെന്നവൾക്കറിയാമായിരുന്നു ..
ആരോടും പരാതി പറയാതെ അവയോരോന്നും ചെയ്യുന്നതിനിടയിൽ മഹിയേട്ടന്റെ അമ്മ തന്നെ നോക്കി നിൽക്കുന്നത് മീര കാണുന്നുണ്ടായിരുന്നു
മീരേ..,,പതിവിലധികം കനത്തോടെ അമ്മയുടെ വിളി വന്നതും അവളവരെ നോക്കി ..”മീരേ.. എന്താണ് നിന്റെ ഉദ്ദേശം..?
അമ്മ ചോദിച്ചതും മീര അവരുടെ മുഖത്തേക്ക് നോക്കി..”എനിക്കെന്ത് ഉദ്ദേശമാണമ്മേ ..?അവൾ മറു ചോദ്യം ഉന്നയിച്ചു
“അല്ല കഴിഞ്ഞ ഒന്നു രണ്ടു മാസമായിട്ട് നിന്റെ ശമ്പളം നീ ഇവിടെ ചിലവാക്കുന്നില്ല ,ഈ വീട്ടിൽ താമസിക്കണമെങ്കിൽ ഇവിടുത്തെ രീതിയ്ക്ക് വേണം .. അതല്ലെങ്കിൽ പടിക്ക് പുറത്താണ് നിന്റെ സ്ഥാനം..
അമ്മ പറഞ്ഞതു കേട്ടതും മീരയുടെ മുഖത്തൊരു പരിഹാസചിരി വിരിഞ്ഞു”എനിക്കത് അറിയാം അമ്മേ.. അതു കൊണ്ടു തന്നെയാണ് ഞാൻ അത്യാവശ്യമുള്ള പണമെടുത്തിട്ട് ബാക്കി നാളേക്കായ് മാറ്റി വെച്ചത് …
അവൾ പറഞ്ഞതും അമ്മ ദേഷ്യത്തിൽ ഓരോന്നും വിളിച്ചു പറയാൻ തുടങ്ങി മഹിയുടെ മരണം മുതൽ ഇപ്പോൾ അവൾ ജോലിക്ക് പോവുന്നതുവരെയുള്ള കാര്യങ്ങളിൽ അനാവശ്യം ചേർത്തവർ പറയാൻ തുടങ്ങിയതും മീര ഒന്നും മിണ്ടാതെ മുറിയിലേക്ക് നടന്നു വാതിൽ വലിച്ചടച്ചു
പിറ്റേന്ന് രാവിലെ തന്റെ വസ്ത്രങ്ങളടങ്ങിയ ബാഗുമെടുത്ത് ആ വീട്ടിൽ നിന്ന് എന്നന്നേക്കുമായ് പടിയിറങ്ങുമ്പോൾ അവളുടെ കണ്ണിൽ ഒരു തുള്ളി കണ്ണുനീർ പോലും പൊടിഞ്ഞില്ല..
മീരയുടെ ഇത്തരമൊരു പ്രവർത്തിയിൽ ഞെട്ടി വീട്ടിലെ മറ്റുള്ളവർ ഉമ്മറത്തു നിൽപ്പുണ്ടായിരുന്നു ..
നന്ദനക്കൊപ്പം എംഡിയുടെ ക്യാമ്പിനിൽ ദേവനുമുമ്പിൽ നിൽക്കുമ്പോൾ പതറാതെ മീര ദേവന്റെ മുഖത്തേക്ക് നോക്കി
“ഒരിക്കൽ എല്ലാവരെയും ഉപേക്ഷിച്ച് സ്വന്തം ജീവിതം നോക്കി ഇറങ്ങി വന്നവളാണ് ഞാൻ, ഒടുവിൽ ഒന്നുമില്ലാതെ ആരുമില്ലാതെ പെരുവഴിയിൽ ഒറ്റപ്പെട്ടു പോയ്..
ഇനിയൊരു ജീവിതത്തെ കുറിച്ച് ചിന്തിക്കണമെങ്കിൽ എനിക്കൊരു പാട് ആലോചിക്കണം അതിനുള്ള സാവകാശം സാറെനിക്ക് തരുകയാണെങ്കിൽ ….
മീര പറഞ്ഞതും ദേവന്റെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു പുതിയ പ്രതീക്ഷയുടെ…