(രചന: ശാലിനി)
അടുത്ത ഊഴം രാധികയുടേതായിരുന്നു.. സാരിയുടെ മുന്താണി കൊണ്ട് മുഖം അമർത്തിയൊന്ന് തുടച്ചിട്ട് അവൾ മെല്ലെ എഴുന്നേറ്റു..
ഹാൾ വല്ലാതെ നിശബ്ദമായിരുന്നു. അല്ലെങ്കിലും ഇതൊരു കലാ പരിപാടിയോ ഫാഷൻ ഷോയോ കോമഡി ഷോയോ ഒന്നുമായിരുന്നില്ലല്ലോ .
സ്വന്തം ജീവിതാനുഭവങ്ങൾ കൊണ്ട് അക്ഷരങ്ങളുടെ അരികും മൂലയും ചെത്തി മിനുക്കി ഓരോ പെൺപൂക്കളും കൂടുതൽ ഊർജത്തോടെ ഓരോരുത്തർക്കും വേണ്ടി കാതോർക്കുന്ന ഒരിടം മാത്രമായിരുന്നു അത്..
വിവാഹമോചിതരായ സ്ത്രീകൾക്ക് വേണ്ടി മാത്രമായ് ഒരു കൂട്ടായ്മ ! നൂറിലേറെ അംഗങ്ങളുള്ള ആ ഗ്രൂപ്പിൽ പലർക്കും തീവ്രമായ ഒരുപാട് അനുഭവങ്ങൾ മാത്രമായിരുന്നു ഏറെയും പറയാനുണ്ടായിരുന്നത്..
കേട്ടിരിക്കുന്നവരുടെ കണ്ണുകളെയും ഹൃദയത്തെയും ഒരുപോലെ ഈറനണിയിക്കുന്ന രംഗങ്ങൾക്ക് അവിടുത്തെ വലിയ ചുവരുകൾക്ക് സാക്ഷ്യം വഹിക്കേണ്ടിയും വന്നിട്ടുണ്ട്!
മാസത്തിലെ രണ്ടു ഞായറാഴ്ചകൾ അവർ സിറ്റിയിലെ ഒരു വലിയ ഹാളിൽ ഒത്തുകൂടുകയും അതിലെ അംഗങ്ങൾക്കും മക്കൾക്കും വേണ്ട ക്ഷേമ കാര്യങ്ങളും സഹായ നിധികളും തൊഴിലവസരങ്ങളും നൽകുകയും ചെയ്തു വിജയകരമായി മുന്നോട്ട് പോയി.
ഓരോ ആഴ്ചകളിലും പുതിയതായി ചേരാൻ കുറഞ്ഞത് അഞ്ചുപേരെങ്കിലും വന്നിരുന്നു എന്നത്, കുടുംബ ബന്ധങ്ങളിൽ വർധിച്ചു കൊണ്ടിരിക്കുന്ന വിള്ളലുകളെ സൂചിപ്പിക്കുന്നെന്ന് അധ്യക്ഷ പ്രസംഗംനടത്തിയ സുചിത്ര നായർ ചൂണ്ടിക്കാട്ടി.
പുതിയ അംഗങ്ങൾ സ്വയം പരിചയപ്പെടുത്തുകയും അവർക്ക് നേരിടേണ്ടി വന്ന പ്രശ്നങ്ങളും ആകുലതകളും സഹപ്രവർത്തകരോട് പങ്കുവെയ്ക്കുകയും ചെയ്യണം എന്നാണ് നിയമം.
ഈ ആഴ്ചയിൽ വന്നുചേർന്ന പുതിയ അംഗമായിരുന്നു രാധിക നരേന്ദ്രൻ.വയസ്സ് ഇരുപത്തിയേഴ്.വെളുത്ത നിറവും ചുരുണ്ട മുടിയും കണ്ണുകളിലെ നിർവികാരതയും ഏവരുടെയും സഹതാപം പിടിച്ചു പറ്റുന്ന തരത്തിൽ തോളിൽ മയങ്ങി കിടക്കുന്ന അരുമയായ ഒരു പെൺകുഞ്ഞും !!
തന്റെ ജീവിതാനുഭവങ്ങൾ പങ്കു വെയ്ക്കാൻ എഴുന്നേൽക്കുമ്പോൾ അരികിലിരുന്ന ആരോ അവളുടെ കയ്യിൽ നിന്ന് ഉറങ്ങിക്കിടന്ന കുഞ്ഞിനെ വാങ്ങി മടിയിൽ കിടത്തി..
വിവാഹ മോചനം നേടിയിട്ട് വെറും നാല് മാസങ്ങൾ മാത്രം.. അവൾ എല്ലാ മുഖങ്ങളിലേക്കും ഒന്ന് കണ്ണോടിച്ചു..
പല പ്രായക്കാരും പല പ്രൊഫെഷനിൽ ജോലി ചെയ്യുന്നവരും അടങ്ങിയ വലിയൊരു സദസ്സിൽ നിൽക്കുമ്പോൾ അവൾ തന്റെ ഭൂതകാലത്തിലേക്ക് മെല്ലെ ഓർമ്മകളെ തുഴഞ്ഞു വിട്ടു..
“വിവാഹ മോചനം നേടിയിട്ടും പുറത്തിറങ്ങി നടക്കാൻ പറ്റുന്നില്ല എന്നതാണ് ഇപ്പോൾ ഞാൻ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം..നാട്ടുകാരുടെ പരിഹാസം അത്രയ്ക്കധികമായിരിക്കുന്നു !വിവാഹമോചനം നേടിയ സ്ത്രീയ്ക്ക് സമൂഹത്തിൽ ജീവിക്കാൻ ഒരർഹതയുമില്ലേ??
അവൾ മാത്രം എന്തോ അപരാധം ചെയ്ത മട്ടിൽ ആണ് എല്ലാവരുടെയും പെരുമാറ്റം. ഈ അവസ്ഥക്കൊരു മാറ്റം വരുത്തണം എന്നാണ് എനിക്ക് ആദ്യമായി നിങ്ങളോട് പറയുവാനുള്ളത്.
എന്റെ വീട്ടിൽ ആകെയുള്ളത് അമ്മ മാത്രം..അച്ഛൻ മരിച്ചിട്ട് പതിനെട്ടു വർഷങ്ങൾ കഴിഞ്ഞു.സഹോദരങ്ങൾക്കൊക്കെ ഇപ്പോൾ ഞാൻ വലിയ അപമാനമായിരിക്കുന്നു. അവരുടെ സ്റ്റാറ്റസ് ഞാൻ കളഞ്ഞു കുളിച്ചു എന്നാണ് പരാതി.
വലിയ നിലയിൽ കെട്ടിച്ചു വിട്ടിട്ട് പെങ്ങൾ ഡിവോഴ്സ് നേടി വീട്ടിൽ വന്നു നിൽക്കുന്നത് അവളുടെ ധിക്കാരം കൊണ്ടാണത്രെ !എന്റെ വിവാഹം കഴിഞ്ഞിട്ട് വെറും മൂന്ന് വർഷങ്ങൾ മാത്രം..
പക്ഷെ എന്റെ ഭർത്താവ് വളരെ നല്ല മനുഷ്യൻ ആയിരുന്നു. വെറും ശുദ്ധൻ. ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യുമെന്നാണല്ലോ !!
അദ്ദേഹത്തിനുള്ള ആകെയൊരു കുഴപ്പം സ്വന്തമായി ഒരു നിലപാട് എടുക്കാൻപ്രാപ്തി ഇല്ല എന്നത് മാത്രമായിരുന്നു..
അവസാനമായി പിരിയുന്ന നാളിൽ പോലും വിട്ടു പോകരുതേ എന്ന് പറഞ്ഞു കൊണ്ട് എന്നോട് കെഞ്ചാൻ പോലും മടിയില്ലായിരുന്നു ..
പക്ഷെ ഞാൻ ഇനിയും അവിടെ കഴിഞ്ഞാൽ ഒരു കൊലപാതകി ആയിപ്പോകുമോയെന്നു പോലും ഭയന്നു. എന്റെ അമ്മൂന് അമ്മയില്ലാതായി പോകരുതെന്ന് നിർബന്ധം ഉള്ളത് കൊണ്ട് ചങ്ക് പറിയുന്ന വേദനയോടെ എനിക്ക് ഇറങ്ങി പോരേണ്ടി വന്നു.. ”
രാധിക ഒന്ന് നിർത്തി..പരസ്പരം നോക്കി പലരും നെടുവീർപ്പിട്ടു..”നിങ്ങളുടെ എല്ലാവരുടെയും മനസ്സിൽ ഇപ്പോൾ ഒരു സംശയം കിടന്നുഴറുന്നുണ്ടെന്നു എനിക്കറിയാം..
ഭർത്താവ് നിരപരാധി ആണെങ്കിൽ പിന്നെന്തിന് ഡിവോഴ്സ് നേടിയെന്ന്.. എങ്കിൽ കേട്ടോളൂ ഇവിടെ എന്റെ ജീവിതത്തിലെ വില്ലൻ മറ്റാരുമായിരുന്നില്ല സ്വന്തം അമ്മായി അച്ഛൻ മാത്രമാണ് !
എന്റെ ജീവിതം താറുമാറാക്കിയത് അയാൾ ഒറ്റയൊരാളാണ്. അയാളുടെ കാമഭ്രാന്ത് തീർക്കാൻ മരുമകളെ ഒരുപകരണം ആക്കാൻതുനിഞ്ഞതോടെ എനിക്ക് അവിടെ കഴിയാൻ ഒരു നിർവാഹവുമില്ലാതെയായി..
മകന്റെ ചെറുപ്പത്തിൽ ഭാര്യ മരിച്ച അയാൾക്ക് പിന്നെ എല്ലാം ഏക മകനായിരുന്നു..മകനാകട്ടെ അച്ഛൻ പറയുന്നതിന് ഒരണുവിട ചലിക്കാത്ത വിനീത വിധേയനും !!
മകൻ ജോലിക്ക് പോയിക്കഴിഞ്ഞാൽ പിന്നെ ഒറ്റയ്ക്കാവുന്ന എന്നെ അയാൾ ഓരോ ആവശ്യത്തിന് മുറിയിലേക്ക് വിളിപ്പിക്കും.. കാലിന് വേദന, നടുവിന് വേദന..
കുഴമ്പ് പുരട്ടി തടവി കൊടുക്കുമ്പോൾ അയാളിലെ മൃഗം പതിയെ പുറത്ത് വരാൻ തുടങ്ങി..പലവട്ടം ജയേട്ടനോട് പറഞ്ഞിട്ടും അച്ഛൻ അങ്ങനെയുള്ള ഒരാളല്ല നീ വേണ്ടാത്തതൊന്നും പറഞ്ഞു പിടിപ്പിക്കാതിരുന്നാൽ മതിയെന്നു പറഞ്ഞു എന്നെ നിരാശ പെടുത്തി..
പകൽ നേരങ്ങളിൽ ഒറ്റയ്ക്ക് ആ വീട്ടിൽ കഴിയാൻ കൂടി പേടിച്ചു.. ഒന്ന് വിളിച്ചു കൂവിയാൽ പോലും ആരും കേൾക്കില്ല. അമ്മായിയച്ഛനിൽ നിന്ന് രക്ഷപ്പെടാൻ എന്റെ നിർബന്ധം കൊണ്ട് ഒരു ജോലിക്ക് പോയി തുടങ്ങിയതാണ്..
ഗർഭിണിയായതോടെ ആ ആശ്വാസവും നിലച്ചു. എങ്കിലും പ്രസവത്തിനു വേണ്ടി വീട്ടിൽ പോയി നിന്ന കുറെ നാളുകൾ എനിക്ക് ഭയമില്ലാതെ ഉറങ്ങാൻ കഴിഞ്ഞു എന്നതായിരുന്നു സത്യം..
എങ്കിലും കുഞ്ഞ് ഉണ്ടായിക്കഴിഞ്ഞു കൂട്ടിക്കൊണ്ട് പോകാൻ ജയേട്ടൻ വന്നതോടെ എതിർക്കാൻ ഒരുപാട് നോക്കി.
പക്ഷെ അച്ഛന് കുഞ്ഞിനെ കാണാൻ ധൃതി ആയെന്നും നീയില്ലാതെ എനിക്ക് പറ്റില്ലെന്നുമൊക്കെ പറഞ്ഞു എന്നെയും കുഞ്ഞിനേയും കൂട്ടിക്കൊണ്ട് പോയതോടെ പരീക്ഷണങ്ങൾ മുൻപത്തെ കാളിലും കൂടുതലായി തുടങ്ങി..
കുഞ്ഞിന് പാല് കൊടുക്കുമ്പോൾ അപ്രതീക്ഷിതമായി മുറിയിലേക്ക് കയറി വരുന്ന അച്ഛന്റെ നോട്ടവും കുഞ്ഞിനെ കൊഞ്ചിപ്പിക്കലും എനിക്ക് അത്ര പന്തിയായി തോന്നിയില്ല..
പിന്നെ പിന്നെ വാതിൽ കൊളുത്തിട്ട് കുഞ്ഞിന് പാലുകൊടുക്കുക്കയും ഉറങ്ങുകയും ചെയ്തു..
നമുക്ക് വേറൊരു വീട് എടുക്കാം എന്ന് പറഞ്ഞപ്പോൾ രൂക്ഷമായൊരു നോട്ടത്തോടെ എന്റെ വായടപ്പിച്ചു കളഞ്ഞു..
എങ്കിലും ജയേട്ടൻ ഇല്ലാത്ത ഒരു പകൽ കുഞ്ഞിനെ കുളിപ്പിച്ച് ഉറക്കി കിടത്തി അടുക്കളയിൽ ജോലി ചെയ്യുമ്പോൾ അയാൾ പുറകിൽ നിന്ന് വന്നെന്നെ കടന്നു പിടിച്ചു.
കേട്ടാൽ അറയ്ക്കുന്ന വാക്കുകൾ കൊണ്ട് എന്നെ കീഴ്പ്പെടുത്താൻ ശ്രമിച്ചു. പെട്ടെന്ന് ഉള്ള ആക്രമണത്തിൽ പൊരുതി നിൽക്കാൻ ഞാൻ വല്ലാതെ പാടുപെട്ടു..
സ്വന്തം അച്ഛനെ പോലെ നിൽക്കേണ്ട അയാളുടെ ഉള്ളിലെ ചെന്നായ അന്ന് എന്നെ കടിച്ചു കുടയുമെന്നു തോന്നിയപ്പോൾ കറിക്കരിയുന്ന പിച്ചാത്തി എത്തിപ്പിടിച്ചു ഞാൻ അയാളെ വെട്ടി.
ചോര ചീറ്റി തെറിച്ച അയാൾ ഭയന്നു പെട്ടെന്ന് മുറി വിട്ട് പുറത്തേക്ക് പോകുന്നതും അല്പസമയം കഴിഞ്ഞു വീടിന് വെളിയിലേക്ക് പോകുന്നതുമൊക്കെ കോപം കൊണ്ട് കണ്ണുകാണാതായ ഞാൻ അറിയുന്നുണ്ടായിരുന്നു..
ഇനിയും ഈ വീട്ടിൽ നിന്നാൽ അച്ഛനെ മാത്രമല്ല നട്ടെല്ലില്ലാത്ത മകനെയും അരിഞ്ഞു വീഴ്ത്തി പോകുമെന്ന് ബോധ്യം ഉള്ളതുകൊണ്ട് കുഞ്ഞിനേയും എടുത്തു ഞാൻ ആ നിമിഷം ആ വീടിന്റെ പടികടന്നതാണ്..
പിന്നെ ഒരു അഡ്വക്കേറ്റിനെ കൊണ്ട് അയാൾക്ക് ഡിവോഴ്സിനുള്ള നോട്ടീസ് അയക്കുകയാണ് ആദ്യം ചെയ്തത്..
അച്ഛനെ വെട്ടിയത് മാത്രമായിരുന്നു ഭർത്താവിന് എന്നോടുള്ള ദേഷ്യം. അപമാനം ഭയന്നു ഭാര്യ അല്ലെങ്കിൽ മരുമകൾ ചെയ്തതാണെന്ന് പുറത്ത് പറയാൻ അവർക്ക് കഴിഞ്ഞുമില്ല..
സ്വന്തം ഭാര്യയെ മാനഭംഗം ചെയ്യാൻ വന്ന അച്ഛനോടല്ലായിരുന്നു എന്നത് കൊണ്ട് ഇനിയും അയാളോടൊത്തൊരു ജീവിതം എനിക്ക് ഒരു സുരക്ഷിതത്വവും നൽകാൻ പോകുന്നില്ലെന്ന് എനിക്കുറപ്പുണ്ടായിരുന്നു.
പെങ്ങളുടെ കഥ അറിഞ്ഞ സഹോദരന്മാർ നാണക്കേട് മൂലം തിരിഞ്ഞു നോക്കിയില്ല. എല്ലാത്തിനും പാവം അമ്മ മാത്രം കൂടെ നിന്നു..
ഇന്നും അയാൾ എന്റെ നമ്പറിലേക്ക് വിളിക്കാറുണ്ട്. എല്ലാം ക്ഷമിച്ചു കൂടെ ജീവിക്കാൻ..
അച്ഛനെ ഉപേക്ഷിച്ചു വന്നാൽ മാത്രം ഒന്നിച്ചൊരു ജീവിതം പ്രതീക്ഷിച്ചാൽ മതിയെന്ന് ഞാൻ തറപ്പിച്ചു പറഞ്ഞതോടെ വിളിയും ഇല്ലാതെയായി.
ഡിവോഴ്സിന് ഒപ്പിട്ട് തരില്ലെന്ന് ആദ്യമൊക്കെ പറഞ്ഞു. പക്ഷെ എന്റെ നിബന്ധനകൾ പാലിക്കാൻ അയാൾക്ക് ബുദ്ധിമുട്ട് ആണത്രേ..
അതുകൊണ്ട് ഞങ്ങൾ രണ്ടായി പിരിഞ്ഞു..ഇനി നിങ്ങൾ പറയൂ ഞാനാണോ കുറ്റക്കാരി..അഡ്ജസ്റ്റ് ചെയ്തു ജീവിക്കാൻ അറിയാത്തവൾ, അമ്മായി അച്ഛനെ വെട്ടിയവൾ എന്നൊക്കെ പറഞ്ഞു പലരും കുത്തിനോവിക്കാറുണ്ട്. ഞാൻ അതൊന്നും കാര്യമാക്കാറില്ല.
എനിക്ക് ഇനി എന്റെ കുഞ്ഞാണ് വലുത്. അവൾക്ക് വേണ്ടി ജീവിച്ചേ മതിയാകൂ.. അതുകൊണ്ട് എനിക്കൊരു ജോലി എങ്ങനെ എങ്കിലും തരപ്പെടുത്തി തരണം. ഇത്രമാത്രമേ എനിക്ക് ഇവിടെ പറയാനുള്ളൂ.”
രാധിക കൂപ്പു കൈകളോടെ പറഞ്ഞു നിർത്തി.. ഹാളിലെ നിശബ്ദതയിലേക്ക് ചില പിറുപിറുക്കലുകൾ മെല്ലെ ഉയർന്നു വന്നു.
അപ്പോഴേക്കും കുഞ്ഞ് ഉണർന്നു ചിണുങ്ങാൻ തുടങ്ങിയിരുന്നു. അവൾ സ്റ്റേജിൽ നിന്നിറങ്ങി കുഞ്ഞിന്റെ അരികിലേക്ക് നടന്നു..
പിന്നാലേ വലിയൊരു ഹർഷാരവം അവൾക്കായി മുഴങ്ങി തുടങ്ങിയിരുന്നു..മിടുക്കി ! പെണ്ണായാൽ ഇങ്ങനെ വേണം. എന്നൊക്കെ പലരും അവളെ അഭിനന്ദനങ്ങൾ കൊണ്ട് പൊതിഞ്ഞു. പകരം നിർവികാരമായ മുഖത്തോടെ അവൾ ഒരു വെറും ചിരി ചിരിച്ചു..
തുടർന്ന് വന്ന പലരും പല ജീവിതാനുഭവങ്ങളിലൂടെ ഇടറിയും കരഞ്ഞും പഴിചാരിയും കടന്നു പോയി..
യോഗം പിരിഞ്ഞു എല്ലാവരും പുറത്തേക്കിറങ്ങുമ്പോൾ ആരോ ഒരാൾ ഗേറ്റിനരികിൽ ആരെയോ പ്രതീക്ഷിച്ചതു പോലെ കാത്തുനിന്നിരുന്നു..
രാധികയുടെ ഉള്ളൊന്ന് പിടഞ്ഞു.. ഇയാൾ എന്തിന് ഇവിടെയും വന്നു എന്നൊരു ചോദ്യം അവളുടെ മുഖത്ത് നിഴലിച്ചു.. പലരും അവരെ തറപ്പിച്ചു നോക്കി കടന്നു പോയി..
“എന്തിനാണ് നിങ്ങൾ എന്നെ ഇങ്ങനെ പിന്തുടരുന്നത്.. ഞാനിപ്പോൾ നിങ്ങൾക്ക്ആരുമല്ല..എനിക്ക് ഇനിയും ഈയൊരു ബന്ധത്തിന് താൽപ്പര്യവും ഇല്ലെന്നു തുറന്നു പറഞ്ഞതാണ്.. ”
“അറിയാം.. ഞാൻ മറ്റൊരു കാര്യം പറയാനാണ് വന്നത്. കഴിഞ്ഞ ആഴ്ച എന്റെ അച്ഛൻ മരിച്ചു പോയി. നിന്റെ ഏറ്റവും വലിയ ശത്രുവായിരുന്നല്ലോ. ഇനിയും നിനക്ക് അച്ഛനെക്കൊണ്ടുള്ള ശല്യം ഉണ്ടാവില്ലെന്ന്
അറിയിക്കാൻ വേണ്ടി വന്നതാണ്.. “അതേ താൻ ഈ ജന്മത്തിൽ ഏറ്റവും കൂടുതൽ വെറുക്കുന്നത് അയാളെ മാത്രമാണ്. എങ്കിലും മരിച്ചു എന്ന് കേട്ടപ്പോൾ ഒരു വല്ലായ്മ പോലെ..
എങ്കിലും പുറമെ കാണിക്കാൻ മനസ്സ് സമ്മതിച്ചില്ല. അല്ലെങ്കിലും തങ്ങൾ ഇന്ന് വെറും അന്യർ മാത്രമായിരിക്കുന്നല്ലോ..കയ്യിലിരുന്ന കുഞ്ഞിനെ നോക്കി അയാൾ കൊതിയോടെ ചോദിച്ചു..
“ഞാൻ കുഞ്ഞിനെ ഒന്നെടുത്തോട്ടെ.. “അവളുടെ മുഖത്തെ നീരസം വായിച്ചറിഞ്ഞപോലെ അയാൾ ഒന്നും പറയാതെ പിന്തിരിഞ്ഞു..
അവളാകട്ടെ ഒന്നും സംഭവിക്കാത്തത് പോലെ മുന്നോട്ട് നടന്നു അയാൾക്ക് മുന്നിൽ കയറി നിന്നു..
“അച്ഛൻ മരിച്ചത് കൊണ്ട് എനിക്ക് മാനസാന്തരം വന്നെന്ന് കരുതേണ്ട..അച്ഛൻ ഉള്ളപ്പോൾ തന്നെ ഞാൻ അന്ന് നിങ്ങളോട് കാലുപിടിച്ചു പറഞ്ഞതാണ് ആ വീട്ടിൽ നിന്ന് മാറി താമസിക്കാമെന്ന്. അന്ന് പക്ഷെ, അച്ഛനായിരുന്നു നിങ്ങൾക്ക് വലുത്. ഇന്ന് ആരുമില്ലാതായപ്പോൾ ഞങ്ങൾ വേണം..
ഒരുപക്ഷെ, ഞാൻ എല്ലാം ക്ഷമിച്ച് കൂടെ ജീവിക്കാൻ തയ്യാറായേനെ. പക്ഷെ, എനിക്ക് ഒരു മകളാണ് ഉള്ളത്.സ്വന്തം ഭാര്യയുടെ മാനം കാക്കാൻ കഴിവില്ലാത്ത നിങ്ങൾക്ക് എങ്ങനെ മകളുടെ രക്ഷകനാകാൻ കഴിയും..?? ”
അയാൾ പ്രതീക്ഷയറ്റവനെപ്പോലെഅവളെ നോക്കി.. പക്ഷേ അവളാകട്ടെ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ മുന്നിൽ കാത്തുകിടന്ന വാഹനത്തിലേക്ക് കയറുമ്പോൾ
അകന്നുപോകുന്ന ഒരു പൂക്കാലത്തിന്റ ഓർമ്മകളിൽ സ്വയം നഷ്ട്ടമായവനെ പോലെ അയാൾ നിന്നു..