ഗർഭിണിയായിരിക്കുമ്പോൾ ഒരു സുപ്രഭാതത്തിൽ കാണാതെയാകുന്ന ഭർത്താവ്. ഏറെനാളത്തെ തിരച്ചിലിനൊടുവിൽ

 

സ്നേഹമർമ്മരങ്ങൾ
(രചന: Neeraja S)

സമയം വൈകിയതിന്റെ ആന്തലോടെയാണ് ബസ്സിറങ്ങി ഓടിയത്. കാൽ എവിടെയോ തട്ടി മുറിഞ്ഞിരിക്കുന്നു. ചെരിപ്പിൽ ചോരയുടെ വഴുവഴുപ്പ് പടരുന്നുണ്ട്.

സ്കൂട്ടർ പണിമുടക്കിയിട്ട് രണ്ടുദിവസമായി. നന്നാക്കാൻ വർക്ഷോപ്പിൽ കൊടുത്തിട്ടാണെങ്കിൽ സമയത്തിന് കിട്ടിയതുമില്ല. ഇനി നാളെരാവിലെ ജോലിക്ക് പോകുന്ന വഴിക്ക് അന്വേഷിക്കാം.

റോഡിൽനിന്നു ഗേറ്റ് തുറന്ന് കേറുമ്പോൾത്തന്നെ കണ്ടു. ബാൽക്കണിയിൽ കുട്ടൻ ഇരിക്കുന്നത്. അവന്റെ നോട്ടം എങ്ങോട്ടാണെന്നറിയാം. പഞ്ചായത്ത്‌ ഗ്രൗണ്ടിൽ വിവിധ കളികളുടെ പരിശീലനത്തിനായി വന്നവരുടെ തിരക്കാണ്.

കുട്ടനെ വേദനിപ്പിക്കാനായി ഏതെങ്കിലുമൊക്കെ അച്ഛന്മാർ മക്കൾക്ക് പരിശീലനം കൊടുത്തുകൊണ്ട് മൈതാനത്തുണ്ടാകും.

വാതിൽതുറന്ന് നേരെ അടുക്കളയിലേക്കാണ് പോയത്. കുട്ടന് ഇഷ്ടപ്പെട്ട ബ്രൂകോഫിയുമായി പടി കയറുമ്പോൾ സങ്കടം വരുന്നുണ്ടായിരുന്നു. പാവം സ്കൂൾ വിട്ടുവന്നിട്ട് ഒന്നും കഴിച്ചിട്ടുണ്ടാവില്ല. എടുത്തു കഴിക്കാൻ പറഞ്ഞാൽ ഒരിക്കലും കേൾക്കില്ല. അമ്മ കൊടുത്താലേ കഴിക്കൂ.

പതുക്കെ പിന്നിൽചെന്നു നിന്നു. കുട്ടന്റെ നോട്ടം ഒട്ടിയിരിക്കുന്നിടത്തേക്ക് കണ്ണുപായിച്ചപ്പോൾ അറിയാതൊരു സങ്കടം ചങ്കിൽ തിങ്ങിനിറഞ്ഞു.

ഒരച്ഛൻ കൈ മടക്കിപ്പിടിച്ചു അതിൽ ഒരാൺകുട്ടിയെ തൂക്കിയിട്ടാട്ടുന്നു. കുട്ടന്റെ പ്രായമുണ്ടാവും അവനും. നിറഞ്ഞുതുളുമ്പിയ രണ്ടുജോഡി കണ്ണുകൾക്ക്‌ മുന്നിൽ ആ കാഴ്ച നിറം മങ്ങിനിന്നു.

“കുട്ടാ..” നേർത്ത വിളിയോച്ചയിൽ കുട്ടൻ പെട്ടെന്ന് ഞെട്ടിത്തിരിഞ്ഞു നോക്കി.”അമ്മ..”നിറകണ്ണുകൾ പുറംകൈകൊണ്ട് തുടച്ചിട്ട്, കുട്ടൻ പുഞ്ചിരിച്ചു. കാപ്പിക്കപ്പുമേടിക്കുമ്പോൾ കുട്ടന്റെ കണ്ണുകൾ പിന്നേയും നിറഞ്ഞിരുന്നു.

“എന്താ.. അമ്മേടെ കുട്ടന്റെ കണ്ണു നിറഞ്ഞിരിക്കുന്നത്..?””ഒന്നുമില്ല അമ്മേ. കാറ്റടിച്ചിട്ട് കണ്ണുനിറഞ്ഞതാ..”

കുട്ടൻ കാപ്പി കുടിച്ചുതീരുന്നതുവരെ കുട്ടികളുടെ പരിശീലനം നോക്കിനിന്നു.
അധികം സമയം കളയാതെ ബാൽക്കണിയുടെ കതകടച്ചു കുട്ടനെയും കൂട്ടി താഴേക്കുള്ള പടിയിറങ്ങി.

ഇനി ധാരാളം ജോലികളുണ്ട്. നാളെ വൈകുന്നേരം വരുന്നതുവരെയുള്ള കാര്യങ്ങൾ റെഡിയാക്കണം. കുട്ടനെ കുളിക്കാനയച്ചു അടുക്കളയിലേക്കു നടന്നു.

സാധാരണ ക്‌ളീഷേ കഥകളിലെപ്പോലൊരു ജീവിതം. ഇഷ്ടപ്പെട്ടവന്റെ കൂടെ നാടും വീടുമുപേക്ഷിച്ചുള്ള ഒളിച്ചോട്ടം. ഒന്നിച്ചുള്ള താമസം. ഗർഭിണിയായിരിക്കുമ്പോൾ ഒരു സുപ്രഭാതത്തിൽ കാണാതെയാകുന്ന ഭർത്താവ്.

ഏറെനാളത്തെ തിരച്ചിലിനൊടുവിൽ ഭാര്യയും മക്കളുമായി ജീവിക്കുന്ന ഭർത്താവിനെ കണ്ടെത്തുമ്പോൾ തകർന്നു പോകുന്ന ജീവിതം. ക്‌ളീഷേ തന്നെ.. ചിരിയോടെ ഓരോന്നോർത്തു

നിൽക്കുമ്പോൾ കുട്ടൻ ഭക്ഷണം കഴിക്കാനെത്തി. ചുണ്ടിൽ വിരിയുന്ന ചെറുപുഞ്ചിരിക്കപ്പുറം കണ്ണുകളിൽ സങ്കടം അടക്കിവച്ചിരിക്കുന്നു.

“ആരായിരുന്നു കുട്ടാ… ഇന്ന് സ്കൂളിൽ വന്ന ആ വൃത്തികെട്ടവൻ.. എന്റെ കുട്ടിയെ കരയിച്ചവൻ..”

കുട്ടൻ ആദ്യമൊന്നു മടിച്ചു.. പിന്നെ പതിയെ പറഞ്ഞുതുടങ്ങി.
” അതുപിന്നെയില്ലേ.. ആ അമലിന്റെ അച്ഛൻ..”
“അമലിന്റെ അച്ഛൻ എന്തുപറഞ്ഞു..”
ബാക്കി പറയുമ്പോൾ കുട്ടന്റെ സ്വരം നേർത്തിരുന്നു.

“അമ്മയോട് പറഞ്ഞ്.. ഒരച്ഛനെ സംഘടിപ്പിക്കാൻ… അല്ലാതെ മറ്റുകുട്ടികളുടെ അച്ഛന്മാരെ കാണുമ്പോൾ ഇങ്ങനെ വെള്ളമൊലിപ്പിച്ചു നിൽക്കരുതെന്ന്..”

“എന്റെ അച്ഛൻ പട്ടാളത്തിലായിരുന്നെന്നും എങ്ങനെയോ കാണാതെ ആയതാണെന്നും.. താമസിയാതെ വരുമെന്നും പറഞ്ഞപ്പോൾ കളിയാക്കി ചിരിച്ചു..”
കുട്ടന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞു.
“അങ്ങനെ ഒരാളില്ലാതെ… എങ്ങനെ വരാനാണെന്ന്..”

“കുട്ടാ… അമ്മയെ വിശ്വാസമുണ്ടോ കുട്ടന്… അതോ നാട്ടുകാർ പറയുന്നതാണോ..എന്റെ കുട്ടൻ വിശ്വസിക്കുക?”

“എന്റെ അമ്മയെ എനിക്ക് വിശ്വാസമാ… അച്ഛൻ എന്നെങ്കിലും വരട്ടെ….”
കുട്ടൻ ആത്മവിശ്വാസത്തോടെ അമ്മ നീട്ടിയ നുണയുടെ കൈ പിടിച്ചു പോകുന്നതുകണ്ടപ്പോൾ, എത്രനാൾ ഇങ്ങനെ പറഞ്ഞു പറ്റിക്കാൻ സാധിക്കുമെന്നൊരു ഭീതി ഉള്ളിൽ നിറഞ്ഞു.

ഓഫീസിലെ സ്ഥിരം ചർച്ചകളിൽ കുട്ടന്റെ സങ്കടവും ചർച്ചയാകാറുണ്ട്. ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീയോടുള്ള സഹതാപം അല്ലെങ്കിലും എല്ലാവർക്കും കൂടുതലാണ്. കൂടെ ജോലി ചെയ്യുന്നവരെല്ലാം പല തവണ ആവശ്യപ്പെട്ട കാര്യമാണ്, കുട്ടന്റെ അച്ഛനെ തേടിയൊരു യാത്ര.

പെട്ടെന്ന് മനസ്സിലേക്കോടിയെത്തിയ ഒരാശയത്തിന്റെ കൂടുതൽ അറിവിനായി ഫോണെടുത്തു സെർച്ച്‌ ചെയ്തു. തനിക്കാവശ്യമായ വിവരങ്ങൾ സ്ക്രീനിൽ നിറഞ്ഞു. കൂടുതൽ വിവരങ്ങൾ അറിയണം അന്വേഷിക്കണം. ആശ്വാസത്തിന്റെ ചെറിയൊരു തൂവസ്പർശം.

പലദിവസത്തെ അന്വേഷണങ്ങൾക്കും ആലോചനകൾക്കും ഒടുക്കമാണ് കുട്ടനെ അടുത്തുള്ള വീട്ടിൽ ഏല്പിച്ചിട്ട് യാത്ര തുടങ്ങിയത്. അന്നുതന്നെ തിരിച്ചു വരാൻ പറ്റിയില്ലെങ്കിൽ ഒരു മുൻകരുതൽ.

ചാരിറ്റിഹോം നടത്തുന്നവർ അന്നു തന്നെ ചെല്ലാൻ പറഞ്ഞതിന് ഒരു കാരണവും ഉണ്ടായിരുന്നു. മൂന്നുമാസത്തിൽ ഒരിക്കൽ നടത്തപ്പെടുന്ന പരിപാടി, അന്തേവാസികളുടെ പിറന്നാൾ ആഘോഷം.

പുറത്തുനിന്നുള്ളവർക്ക് ക്ഷണം ഉണ്ടാകും. ആ കൂട്ടത്തിൽ ചേർന്ന് അവിടം കാണാനും എല്ലാവരെയും പരിചയപ്പെടാനും അവസരം ഉണ്ടാകും.

ജീവിതത്തിൽ പാതിവഴിയിൽ വീണുപോയവർക്ക് മുന്നോട്ട് നടക്കാനുള്ള ഊർജ്ജം പകരുന്നൊരിടം. നഗരത്തിൽനിന്നു അകലെയായി ഉൾഗ്രാമത്തിൽ മനോഹരമായ സ്ഥലം. സൈന്യത്തിൽനിന്നു റിട്ടയേർഡായ കുറച്ചുപേരുടെ ശ്രമഫലമായി ഉയർന്നുവന്ന സ്ഥാപനം.

ഒരിക്കൽ ധീരതയോടെ രാജ്യത്തിനുവേണ്ടി പൊരുതിയവർ. ശത്രുക്കളുടെ ആക്രമണങ്ങളിൽ അംഗഭംഗം വന്നവർ, വീട്ടുകാരാൽ തിരസ്കരിക്കപ്പെട്ടവർ, ദുരന്തത്തിൽ നെഞ്ചുപൊട്ടി അകാലചരമമടഞ്ഞ മാതാപിതാക്കളുടെ ഏകമകൻ, അങ്ങനെ കുറച്ചുപേർ.

വീട്ടിലെ സാമ്പത്തികത്തിന്റെ കുറവുകൊണ്ട് തത്കാലത്തേക്കു താമസിക്കുന്നവരും ഉണ്ട്. എല്ലാവരും ഒരിക്കൽ ജനിച്ചമണ്ണിന് വേണ്ടി പോരാടിയവർ. ഭയമെന്തെന്നറിഞ്ഞു കൂടാത്തവർ. ഉറച്ച മനസ്സുള്ളവർ.

അവർ വിധിയെ പഴിക്കാറില്ല. പോയ കാലത്തിന്റെ പ്രതാപസ്മരണയിൽ ധീരതയോടെ ജ്വലിക്കുന്നവർ. ദേശസ്നേഹം ഇപ്പോഴും സിരകളിൽ അഗ്നിയായി ഒഴുകുന്നവർ, ഒരു നിമിഷമെങ്കിലും ജീവിതത്തിൽ വിജയം വരിച്ചവർ.

കുട്ടനൊരു അച്ഛൻ വേണം. അങ്ങനെ ഒരാളെ തേടിയാണ് താൻ വന്നിരിക്കുന്നത്. ദൈവം ആൾക്കൂട്ടത്തിൽ ഒരാളെ ഒളിപ്പിച്ചിട്ടുണ്ട്. കൃത്യമായി അയാളെ കണ്ടെത്തുക എന്നതാണ് തന്റെ നിയോഗം.

ചടങ്ങ് നടക്കുന്ന ഹാളിലെത്തിയപ്പോൾ അവിടം ഏകദേശം നിറഞ്ഞിട്ടുണ്ടായിരുന്നു. ഏതോ കോളേജിലെ എൻസിസി കുട്ടികൾ വന്നിട്ടുണ്ട്. ധീരജവാന്മാരെ അടുത്തുകണ്ടു സംസാരിക്കാൻ. അവരുടെ വീരസഹസിക കഥകൾ കേട്ട് ഞരമ്പിൽ ഊർജ്ജം നിറയ്ക്കാൻ.

സൈന്യത്തിൽനിന്നു വിരമിച്ച ഉദ്യോഗസ്ഥരുടെ ഒരു ചെറുസംഘം സ്റ്റേജിൽ നിരന്നിരുന്നു. സ്ഥാപനത്തിന്റെ അമരക്കാർ. എത്ര രസമാണ് ഓരോരുത്തരെയും കേട്ടിരിക്കാൻ.

യുദ്ധം – പറയുമ്പോൾ ആവേശംകൊണ്ട് അവരുടെ കണ്ണുകൾ തിളങ്ങി. മുകളിലേക്കു പിരിച്ചുയർത്തി വച്ചിരിക്കുന്ന മീശ വിറയ്ക്കുന്നു. ഒന്നോ രണ്ടോ പേരൊഴികെ എല്ലാവരും പ്രതാപചിഹ്നമായി കൊമ്പൻമീശ വച്ചിട്ടുണ്ട്.

കേക്ക് മുറിക്കേണ്ട സമയമായപ്പോൾ എല്ലാവരും സ്റ്റേജിന്റെ ഒരു വശത്തേക്ക് ഒതുങ്ങിയിരുന്നു. സ്റ്റെപ്പുകൾക്ക് പകരം പണിത ചെരിഞ്ഞ പ്രതലത്തിലൂടെ വീൽചെയറുകൾ ഉരുണ്ടുതുടങ്ങി. ചിലർ ക്രെച്ചസ് ഊന്നി നടക്കുന്നവർ. ഒന്നോ രണ്ടോ പേർക്ക് ഊന്നുവടികൾ മാത്രം.

എല്ലാവരുടെയും മുഖത്ത് ധീരമായ പുഞ്ചിരി തിളങ്ങി നിൽക്കുന്നു. ഒരാൾ കേക്കിനടുത്തേക്ക് ചേർന്നുനിന്ന് എല്ലാവർക്കും വേണ്ടി കേക്ക് മുറിച്ചു.

കോളേജിൽനിന്നു വന്ന കുട്ടികൾക്ക് ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരം അവർ നന്നായി വിനിയോഗിച്ചു. ശത്രുരാജ്യത്തിന്റെ ആക്രമണം ഇതിലും ഭേതമായിരുന്നെന്നു പറഞ്ഞ് ചിലർ പൊട്ടിച്ചിരിച്ചു.

“ഇങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കിൽ.. നിങ്ങൾ സൈന്യത്തിൽ ചേർന്നില്ലായിരുന്നു എങ്കിൽ എന്താകാനായിരുന്നു നിങ്ങളുടെ ആഗ്രഹം..?” മുനിരയിലിരുന്ന ഒരു കുട്ടി എഴുന്നേറ്റു നിന്ന് ചോദിച്ചു.

ഇതിനിടയിൽ പിന്നിൽനിന്നു മുന്നിലേക്കുള്ള കസേരയിലേക്ക് മാറിയിരുന്നു. ഇപ്പോൾ ഓരോരുത്തരെയും വളരെയടുത്തു കാണാം. അവരുടെ ഓരോ മുഖചലനങ്ങളും വ്യക്തമാണ്. ആ ചോദ്യത്തിന് ഓരോരുത്തരും പറഞ്ഞ മറുപടികൾ രസകരമായിരുന്നു.

സിനിമ നടൻ, കൃഷിക്കാരൻ, ഡോക്ടർ അങ്ങനെ വ്യത്യസ്തങ്ങളായ ആഗ്രഹങ്ങൾ. ചിലർ ചിരിപ്പിച്ചു, ചിലർ കണ്ണു നിറയിപ്പിച്ചു. ആഗ്രഹങ്ങൾ തീർന്ന മനുഷ്യരുണ്ടോ ഈ ലോകത്ത്?

വർഷങ്ങളായി കിടപ്പിലായവരോട് പോലും ആഗ്രഹങ്ങൾ ചോദിച്ചാൽ യാത്ര ചെയ്യാനാഗ്രഹമുള്ള സ്ഥലങ്ങളെക്കുറിച്ചും കാണാനാഗ്രഹമുള്ള ആളുകളെപ്പറ്റിയൊക്കെ വാ തോരാതെ പറയും.

ഊന്നുവടിയുടെ സഹായത്തോടെ പതുക്കെ നടന്നുവന്നൊരാൾ മൈക്കിന് മുന്നിലായി നിന്നു. ചിരിയോടെ കുട്ടികളുടെ ചോദ്യങ്ങൾക്കു ഉത്തരം പറഞ്ഞു. ഇടയ്ക്കെപ്പോഴോ കണ്ണുകൾ തമ്മിൽ ഉടക്കി. ഹൃദയം ഒന്നു കുതിച്ചതുപോലെ. സ്പാർക്ക്! അതുതന്നെ.

അയാൾ തിരിച്ചുചെന്നു സീറ്റിൽ ഇരിക്കുന്നതുവരെ കണ്ണുകൾ പിന്തുടർന്നു. ഇടയ്ക്കൊക്കെ കണ്ണുകൾ അയാളെ പിന്നേയും തേടിച്ചെന്നു. മതി ഇയാൾ മതി.

സ്നേഹം വഴിയുന്ന കണ്ണുകൾ കുറച്ചുനേരം അയാളെ വട്ടം ചുറ്റിനിന്നു. അടുത്തയാൾ വീൽചെയർ ഉരുട്ടി മൈക്കിനടുത്തു വന്ന് സംസാരിക്കാൻ തുടങ്ങിയിരുന്നു.

തമിഴ് സിനിമാ നടൻ വിജയ് സേതുപതിയുടെ ഫേസ് കട്ടുള്ള ഒരാൾ. മുടി നെറ്റിയിലേക്ക് വീണുകിടക്കുന്നത് ഇടയ്ക്കിടെ കൈ
കൊണ്ട് ഒതുക്കി വയ്ക്കുന്നുണ്ട്. തനിക്ക് സിനിമ നടന്മാരെയൊന്നും ശരിക്കറിയില്ല. കുട്ടന്റെ ഇഷ്ടനടനാണ് വിജയ് സേതുപതി.

അയാൾ എല്ലാവരെയും നോക്കി ചിരിയോടെ തലകുനിച്ചു വന്ദിച്ചു. അയാളുടെ ഒരു കാൽ, മുട്ടിനു താഴെ ശൂന്യമായിരുന്നു ഷർട്ടിന്റെ ഒരു കൈയും, ചിറകൊടിഞ്ഞ പക്ഷിയുടെപോൽ തൂങ്ങിക്കിടന്നിരുന്നു. പക്ഷെ ആ ശൂന്യതയൊന്നും അയാളുടെ മുഖത്തുണ്ടായിരുന്നില്ല. നിറഞ്ഞ ചിരിയോടെ അയാൾ പറഞ്ഞു തുടങ്ങി.

“ചോദ്യങ്ങൾ പോരട്ടെ… ഞാൻ റെഡിയാണ്..””ഒരു സൈനികൻ ആയില്ലായിരുന്നുവെങ്കിൽ പിന്നെ അടുത്ത ചോയ്സ് എന്തായിരുന്നു..?”ചോദ്യം പറന്നു ചെന്നു.

“ഒരു പട്ടാളക്കാരൻ ആയില്ലായിരുന്നെങ്കിൽ ആരാകാനായിരുന്നു എന്റെ ആഗ്രഹം എന്നല്ലേ നിങ്ങൾക്ക് അറിയേണ്ടത്… പറയാം. എനിക്ക് ഒരച്ഛനാകാനായിരുന്നു ഇഷ്ടം. മകനോ മകളോ ആരായാലും പ്രശ്നമില്ല. ഒരു കുഞ്ഞ്, എന്റെ കൈപിടിച്ചു നടക്കാനും എന്നെ കൈപിടിച്ചു നടത്താനും.”

ധാരാളം പൂക്കൾ പൂത്തുലഞ്ഞു നിൽക്കുന്ന മലഞ്ചെരിവിലൂടെ, ഇഷ്ടമുള്ളൊരാളുടെ കൈ പിടിച്ച് ആ ദേഹത്തുചാരി പതിയെ നടക്കുമ്പോഴാണ് ആ വാക്കുകൾ ചെവിയിൽ പതിച്ചത്. മലഞ്ചെരിവും കൂടെ നടന്നയാളുമെല്ലാം എവിടെയോ അപ്രത്യക്ഷമായി.

തുടർന്നങ്ങോട്ട് ഒരു സ്വപ്നത്തിൽ എന്നതുപോലെ ദൂരെ എവിടെയോ നിന്ന് ഒരശരീരിപോലെ അയാളുടെ ശബ്ദം കാതിൽ പതിച്ചുകൊണ്ടിരുന്നു.

“എന്റെ സ്വപ്നങ്ങളിൽ ഇപ്പോഴും ഞാൻ ഒരു കുഞ്ഞുകരത്തിൽ മുറുകെപ്പിടിച്ചു ഏറെ ദൂരം നടക്കാറുണ്ട്. രണ്ടു കുഞ്ഞുപാദങ്ങൾ എന്റെ കണ്ണിനു മുൻപിലൂടെ ഓടിക്കളിക്കാറുണ്ട്. അത്തരം സ്വപ്നങ്ങളിൽ നിന്ന് ഒരിക്കലും ഉണരരുതേ എന്നാണ് എന്റെ ആഗ്രഹം.”

“എന്റെ ആഗ്രഹവും സ്വപ്നവും ഇതൊക്കെയാണ്. അതിയായി ആഗ്രഹിച്ചാൽ ഈ ലോകം മുഴുവൻ കൂടെയുണ്ടാകും എന്ന് ഏതോ അപ്പാപ്പൻ പറഞ്ഞിട്ടില്ലേ..”
“പൌലോ കൊയ്‌ലോ…”

കുറേ സ്വരങ്ങൾ ഒന്നിച്ച് പറഞ്ഞു.
“അങ്ങേരു തന്നെ.. ആ നടക്കുവായിരിക്കും.”
മുഴക്കമുള്ള ചിരി കാതിൽ നിറഞ്ഞു.

പിന്നെ പറഞ്ഞതൊന്നും കേൾക്കാതെ മറ്റൊരു ലോകത്തേക്ക് എറിയപ്പെട്ടതുപോലെ.
നന്ദി പറഞ്ഞ് തിരികെ പഴയ സ്ഥലത്ത് പോയിരിക്കുന്നത് കണ്ടു. തനിക്കൊരു ഭർത്താവിനെയല്ല കുട്ടന് ഒരച്ഛനെയാണ് തേടി വന്നത്. കുട്ടന്റെ അച്ഛനായി വേറൊരാൾ വേണ്ട ഈ വിജയ് സേതുപതി തന്നെ മതി.

സ്ഥാപനത്തിന്റെ നടത്തിപ്പുകാർ വിവരങ്ങൾ അയാളെ വ്യക്തമായി ധരിപ്പിച്ചതിനു ശേഷമാണു കൂടിക്കാഴ്ചക്ക് വിളിച്ചത്. അയാളുടെ മുഖത്ത് നേരിയ പരിഭ്രമം ഉള്ളതുപോലെ തോന്നി. ഒന്നും മിണ്ടാതെ ഫോണെടുത്തു ഒരു വീഡിയോ പ്ലേചെയ്തു കൈയിൽ കൊടുത്തു.

കുട്ടന്റെ ഒരു ദിനമായിരുന്നു ആ വീഡിയോയിൽ. ഒരു രസത്തിനു അവൻ ഉണർന്നപ്പോൾ മുതൽ ഉറങ്ങുന്നതുവരെയുള്ള കുട്ടന്റെ ഒരു ദിനം ഫോണിൽ പകർത്തിയതാണ്. അയാൾ വിടർന്ന കണ്ണുകളോടെ വീഡിയോയിൽ നോക്കിയിരുന്നു.

പാവം എന്താണ് ജീവിതത്തിൽ സംഭവിക്കുന്നതെന്നോർത്തു അന്തം വിട്ടിട്ടുണ്ടാകും. കുട്ടന്റെ അടങ്ങാത്ത ആഗ്രഹത്തെക്കുറിച്ചും തന്റെ ഇതുവരെയുള്ള ജീവിതത്തേക്കുറിച്ചും ചുരുങ്ങിയ വാക്കുകളിൽ വിവരിച്ചു. എല്ലാം നിശബ്ദനായി കേട്ടിരുന്നു.

“മോനെ കാണാൻ എന്നാണ് ഞാൻ വരേണ്ടത്..?”
“അവൻ ബുദ്ധിയുള്ള കുട്ടിയാണ്. അവന്റെ മുന്നിലേക്ക്‌ വരുന്നതിനുമുൻപ് ചില കാര്യങ്ങൾ ചെയ്യാനുണ്ട്.”

ഗ്രാമത്തിലെ ചെറിയ സ്വർണ്ണക്കടയിൽ കയറി കൈയിൽ കിടന്ന രണ്ടു വളയൂരി വിറ്റു. ആ തുക ടാക്സി വിളിക്കാനും, കുട്ടനു കൊടുക്കാനുള്ള അച്ഛന്റെ സ്നേഹാസമ്മാനങ്ങൾ വാങ്ങുന്നതിനും,

മറ്റ് ചിലവുകൾക്കുമായി നൽകി. അയാൾ അതുവരെയുള്ള സമ്പാദ്യം സ്ഥാപനത്തിന്റെ നടത്തിപ്പിന് വേണ്ടി കൊടുത്തിട്ടുണ്ടാകുമെന്ന് ഉറപ്പാണ്.

ഒരാഴ്ചക്ക് ശേഷം ഓഫീസിൽ നിന്നുവന്നപ്പോൾ
ഗേറ്റ് തുറക്കുന്നതിനു മുൻപ്, കുട്ടൻ പടിക്കെട്ടിൽ ഇരിക്കുന്നത് കണ്ടു. യൂണിഫോം മാറിയിട്ടില്ല. ബാഗ് തോളിൽ തൂങ്ങുന്നുണ്ട്. എന്തോ നെഞ്ചിനോട് ചേർത്ത് പിടിച്ചിരിക്കുന്നു.

സ്കൂട്ടർ നിർത്തി ഓടിച്ചെന്നു.
“എന്താ കുട്ടാ… മോനെന്താ അകത്തു കയറാതിരുന്നത്. ഇതെന്താ കൈയിൽ.”കുട്ടൻ കൈയിലിരുന്ന ഫോട്ടോയും പേപ്പറും നീട്ടി.എന്റെ മകന്,

“അച്ഛൻ ഉടൻ വരും. കാത്തിരിക്കുക “ഒപ്പം ഒരു ഫോട്ടോയും. കുട്ടന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.”അച്ഛൻ..”എല്ലാം പ്ലാൻ ചെയ്ത പ്രകാരം ആയിരുന്നെങ്കിലും വലിയ അത്ഭുതം പ്രകടിപ്പിച്ചു.

“നമ്മുടെ അഡ്രസ് എങ്ങനെയാ അച്ഛന് കിട്ടിയത്..?” കുട്ടൻ സംശയത്തോടെ നോക്കി.

“വീട് മാറിയപ്പോൾ അച്ഛൻ ജോലി ചെയ്തിരുന്ന പട്ടാളക്യാമ്പിലേക്ക് വിലാസം മാറിയെന്നു പറഞ്ഞ് അമ്മ എഴുത്ത് അയച്ചിരുന്നു കുട്ടാ.”

“അച്ഛന്റെ ഒരു കൈയും ഒരു കാലും പോയി അമ്മേ… പാവം അച്ഛൻ “കുട്ടൻ സങ്കടത്തോടെ ഫോട്ടോയിൽ വിരലോടിച്ചു. “അമ്മേ.. അച്ഛന് ഒരു കൈ ഇല്ലെങ്കിലെന്താ… അതിനു പകരം എന്റെ രണ്ടുകൈകൾ ഉണ്ട്. ഒരു കാലിനു പകരമായി എന്റെ രണ്ടുകാലുകളും.”

രണ്ടുകൈയും രണ്ടുകാലും ഉയർത്തിക്കാണിച്ചു കുട്ടനത് പറഞ്ഞപ്പോൾ അവനെ കെട്ടിപ്പിടിച്ചു കരഞ്ഞു. ആ കരച്ചിൽ പക്ഷെ മുൻകൂട്ടി പ്ലാൻ ചെയ്തതായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *