(രചന: J. K)
“” അതെ പുന്നാര അനിയത്തി ഒക്കെ തന്നെയാ. പക്ഷേ വെറുതെ ഏറ്റെടുത്ത് ഇങ്ങോട്ട് കൊണ്ടുവരേണ്ട!!””
ഇറങ്ങാൻ നേരത്ത് അശ്വതി പറഞ്ഞതാണ് അത് കേട്ട് വല്ലായ്മ തോന്നി.. പോരാൻ തയ്യാറാവുന്നതിനു മുമ്പേ തന്നെ ഓർത്തതാണ് അവളെ ഇങ്ങോട്ട് കൊണ്ടുവരണം എന്ന്… അത് മനസ്സിലാക്കിയിട്ട് ആവണം അശ്വതി അങ്ങനെ പറഞ്ഞത്…
അവളെ ഞാൻ ഒന്ന് നോക്കി!! ഇത് അവളുടെ വീടാണ് അവളുടെ അച്ഛൻ അവൾക്ക് വേണ്ടി ഉണ്ടാക്കിക്കൊടുത്ത വീട് ഞാൻ പോലും ഇവിടെ നിൽക്കുന്നത് ഒരു അഗതിയെ പോലെയാണ്..
ആരെയും കുറ്റപ്പെടുത്താൻ കഴിയില്ല എല്ലാം അറിഞ്ഞുകൊണ്ട് ഏറ്റെടുത്തത് തന്നെയാണ് ഈ വിധി..
കാറ് സ്വന്തമായി ഡ്രൈവ് ചെയ്യാൻ തോന്നിയില്ല അതുകൊണ്ടാണ് അടുത്ത വീട്ടിൽ നിന്ന് ആ കുട്ടിയെ വിളിച്ചത് അവൻ ഇടയ്ക്ക് ഇതുപോലെ ഡ്രൈവ് ചെയ്യാൻ ബുദ്ധിമുട്ടുള്ള സമയത്തെല്ലാം കൂടെ വരും.. തിരികെ വരുമ്പോൾ എന്തെങ്കിലും പോക്കറ്റ് മണി കൊടുത്താൽ മതി..
അവൻ ഡ്രൈവ് ചെയ്തു ഞാൻ ബാക്കിലാണ് കയറിയത്… മനസ്സ് അസ്വസ്ഥമായിരുന്നു അതുകൊണ്ടുതന്നെ കയറിയ പാട് സീറ്റിലേക്ക് ചാരി കണ്ണടച്ചിരുന്നു ഞാൻ..
ഓർമ്മകൾ ഒരു അനുസരണയും ഇല്ലാതെ ഓടിയെത്താൻ തുടങ്ങിയിരുന്നു. അച്ഛനും അമ്മയ്ക്കും ഞങ്ങൾ രണ്ടുപേരായിരുന്നു..
സന്തോഷ് എന്ന താനും സന്ധ്യ എന്ന തന്റെ പ്രിയപ്പെട്ട അനിയത്തിയും..ചെറുപ്പത്തിലെ അച്ഛൻ നഷ്ടപ്പെട്ടതുകൊണ്ട് അവളെ ഒരുപാട് സ്നേഹിച്ചാണ് വളർത്തിയത് ഞാൻ അവൾക്ക് ശരിക്കും അച്ഛൻ തന്നെ ആയിരുന്നു..
ദാരിദ്ര്യം നന്നായിട്ടുണ്ടെങ്കിലും മനസ്സമാധാനമുള്ള ദിവസങ്ങളായിരുന്നു അവ അവളുടെ കല്യാണം ശരിയായത് മുതൽ നെഞ്ചിൽ തീയായിരുന്നു അവളെ കല്യാണം കഴിച്ചു കൊടുക്കാൻ ഒരു പത്ത് പവൻ എടുക്കാൻ പോലും എന്റെ കയ്യിൽ ഉണ്ടായിരുന്നില്ല വീട് പണയപ്പെടുത്തിയാലോ എന്ന് കരുതി ഇരിക്കുകയായിരുന്നു അപ്പോഴാണ് സഹായഹസ്തവുമായി അശ്വതിയുടെ അച്ഛൻ എത്തുന്നത്…
സന്ധ്യയുടെ വിവാഹം നടത്താനുള്ള എല്ലാ ചെലവും അദ്ദേഹം എടുത്തു പകരം വാക്കാലേ അശ്വതിയെ ഞാൻ വിവാഹം കഴിക്കാം എന്ന് പറഞ്ഞു വെച്ചു..
അശ്വതിയുടെ വിവാഹം കഴിഞ്ഞ് ആറുമാസം കഴിഞ്ഞായിരുന്നു എന്റെ വിവാഹം വീടും തറവാടും അവളുടെ പേരിൽ എഴുതികൊടുത്തോളാൻ അശ്വതിയുടെ അച്ഛൻ പറഞ്ഞു പകരം ഞങ്ങൾക്ക് ടൗണിൽ തന്നെയുള്ള അയാളുടെ സ്ഥലത്തിൽ വലിയ വീട് പണിത് തന്നു എല്ലാവരും എന്റെ ഭാഗ്യമായി കരുതി പക്ഷേ അത് ഭാഗ്യമല്ല ദൗർഭാഗ്യമാണെന്ന് എനിക്ക് മാത്രമായിരുന്നു അറിയുന്നത്…
തറവാട് സന്ധ്യയുടെ പേരിൽ കൊടുത്തതുകൊണ്ട് അമ്മ അവളുടെ മായിരുന്നു സന്തോഷകരമായ ജീവിതമായിരുന്നു അവളുടെ ഭർത്താവ് വിശ്വൻ ഒരു പാവം ആയിരുന്നു..
വീടിന് കുറച്ച് അടുത്ത് ഒരു ചെറിയ ഹോട്ടൽ ആയിരുന്നു വിശ്വന്.. സ്വന്തം എന്ന് പറയാൻ ഒരു അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ അമ്മ കൂടി മരിച്ചതോടെ അവന് ആരുമില്ലാതായി..
ഒരു നാല് സെന്റും അതിൽ ഒരു കുഞ്ഞു വീടും മാത്രമാണ് ഉണ്ടായിരുന്നത് അത് അതിനുശേഷം പൂട്ടിക്കിടക്കുകയായിരുന്നു…
അവരുടെ ജീവിതം വലിയ പ്രശ്നങ്ങൾ ഇല്ലാതെ ഒഴുകി ഒരു നദി പോലെ മുന്നോട്ടുപോയി…
പക്ഷേ എല്ലാം തകിടം മറിച്ചത് അയാൾക്ക് വന്ന ഒരു അസുഖമായിരുന്നു..
സിഗരറ്റ് വലിക്കുമായിരുന്ന ആൾക്ക് ചുമ വന്നു പിന്നീട് അത് നിയന്ത്രിക്കാൻ പറ്റാതെയായി അങ്ങനെ കൊണ്ടുപോയി നോക്കിയപ്പോഴാണ് ശ്വാസകോശത്തിൽ കാൻസറാണ് എന്നറിഞ്ഞത്..
അതറിഞ്ഞതും സന്ധ്യ ആകെ തളർന്നിരുന്നു അവളുടെ കുഞ്ഞിന് ആകെ രണ്ടു വയസ്സ് പ്രായം മാത്രമാണ് ഉണ്ടായിരുന്നത്…
എല്ലാം അറിഞ്ഞപ്പോൾ ഞാൻ സഹായിക്കണമെന്ന് കരുതി പക്ഷേ അശ്വതി സന്ധ്യയെ സഹായിക്കാൻ സമ്മതിച്ചില്ല പക്ഷേ സന്ധ്യയ്ക്ക് അതിലൊന്നും ഒരു പരാതിയും ഉണ്ടായിരുന്നില്ല അവൾ എന്നോട് വീട് പണയപ്പെടുത്തി അവനെ ചികിത്സിക്കട്ടെ എന്ന് ചോദിച്ചു…
അവളുടെ വീടാണ് അവളുടെ ഇഷ്ടം പോലെ ചെയ്തോളാൻ ഞാനും പറഞ്ഞു അങ്ങനെയാണ് അവന്റെ ചികിത്സ തുടങ്ങിയത്… പക്ഷേ ഇതിനിടയിൽ വലിയൊരു നഷ്ടം ഉണ്ടായി ഞങ്ങളുടെ അമ്മ!!!
അവളുടെ കാര്യങ്ങളെല്ലാം അറിഞ്ഞ് ആദി പിടിച്ചാണ് അമ്മ പോയത്….അത് അവൾക്കൊരു വലിയ ഷോക്കായിരുന്നു എന്തിനും അപ്പോൾ ഒരു താങ്ങ് അമ്മയായിരുന്നു. അമ്മ കൂടി പോയതോടുകൂടി അവൾ ആകെ തകർന്നു..
എങ്കിലും അപ്പോൾ അവളെ ആശ്വസിപ്പിക്കാൻ വിശ്വൻ കൂടെയുണ്ടായിരുന്നു…
വിശ്വന്റെ ചികിത്സ തുടർന്നുകൊണ്ടിരുന്നു പക്ഷേ ഒരു പരിധി കഴിഞ്ഞപ്പോൾ ഇനി ഡോക്ടർമാർക്ക് ഒന്നും ചെയ്യാനില്ല എന്ന് പറഞ്ഞു..
പിന്നെ മരണവും കാത്ത് കുറച്ചു കാലം!!”അതുകഴിഞ്ഞ് വിശ്വൻ അവളെ വിട്ടു പോകുന്നതിനോടൊപ്പം അവർക്ക് നഷ്ടപ്പെട്ടത് അവരുടെ വീട് കൂടെയായിരുന്നു ചികിത്സയ്ക്കായി എടുത്ത പണം എല്ലാംകൂടി ഒരുപാട് പലിശയും ചേർത്ത് അവർക്ക് അടച്ചു തീർക്കാൻ കഴിയാത്തത്ര വലിയ ഒരു തുകയായി …
ചെട്ടിനടപടികൾ സ്വീകരിക്കും എന്ന് ബാങ്ക് കാർ പറഞ്ഞപ്പോൾ ഏതൊക്കെയോ ആളുകളെ കൊണ്ടുപോയി പറഞ്ഞു അത് അല്പം നീട്ടി കൊടുത്തു..
ഇന്നിപ്പോൾ അവൾക്ക് അവിടെ നിന്ന് ഇറങ്ങേണ്ട ദിവസമാണ് അവൾക്ക് എങ്ങോട്ട് പോകണം എന്നുപോലും നിശ്ചയമുണ്ടാവില്ല തന്നെ അവൾ അവിടെ പ്രതീക്ഷിക്കും അവൾക്ക് ഈ ലോകത്തിൽ ഇപ്പോൾ ബന്ധു എന്ന് പറയാൻ അവളുടെ ഏട്ടനായ താൻ മാത്രമേ ഉള്ളൂ
ഇങ്ങോട്ട് കൊണ്ടുവരാം എന്ന് തന്നെയാണ് കരുതിയിരുന്നത് പക്ഷേ അശ്വതി അവൾ സമ്മതിക്കുന്നില്ല ഇനി അവളുടെ വാക്കിനെ മറികടന്ന് സന്ധ്യയെ ഇങ്ങോട്ട് വിളിച്ചു കൊണ്ടുവന്നാലും ഇവിടെ സന്ധ്യക്ക് മനസ്സമാധാനം എന്നൊന്നുണ്ടാവില്ല..
പോകാതിരിക്കാം പക്ഷേ അങ്ങനെ ചെയ്യാൻ തോന്നിയില്ല അതുവരെ ചെല്ലണമെന്ന് തോന്നി….
അവൾ പ്രതീക്ഷിക്കുമായിരിക്കും ഏട്ടൻ വന്ന് അവളെ കൂട്ടിക്കൊണ്ടു പോകും എന്ന് ഞാൻ എന്താണ് അവളോട് പറയുക ഒരു എത്തും പിടിയും ഇല്ലാതെ അയാൾ കാറിൽ കണ്ണുകൾ അടച്ച് കിടന്നു ഇരുമിഴികളിൽ നിന്നും കണ്ണുനീർ ഒഴുകിയിറങ്ങി നിസ്സഹായതയുടെ..
അവിടെ എത്തിയപ്പോഴേക്ക് അവൾ എല്ലാം പാക്ക് ചെയ്ത് ഉമ്മറത്ത് ഇരിക്കുന്നുണ്ടായിരുന്നു എന്നെ കണ്ടതും ഓടി വന്ന് കെട്ടിപ്പിടിച്ചു എന്ന് പറഞ്ഞ് അവളുടെ കുഞ്ഞും ഒപ്പം ഉണ്ടായിരുന്നു അവരെ കണ്ടതും മനസ്സിൽ വല്ലാത്തൊരു വിഷമം തോന്നി..
അന്നേരം ഞാൻ അശ്വതിയെ മറന്നു അവിടുത്തെ എന്റെ അവസ്ഥ മറന്നു എന്റെ ഉള്ളിൽ അനിയത്തി മാത്രമേ ഉണ്ടായിരുന്നുള്ളൂ അവളോട് ഞാൻ പറഞ്ഞു,
“”” ഏട്ടന്റെ കൂടെ പോരെ! മോൾക്ക് എടുക്കാൻ ഉള്ളതെല്ലാം എടുത്തോ!!””എന്ന്…
“” ഏട്ടൻ എന്നോട് ക്ഷമിക്കണം വിശ്വേട്ടൻ പോകുന്നതിനു മുമ്പേ തന്നെ പറഞ്ഞിരുന്നു ഇവിടെ നിന്ന് ഇറങ്ങി കൊടുക്കേണ്ടി വന്നാൽ വിശ്വേട്ടന്റെ ആ നാല് സെന്റ് ഭൂമിയിലുള്ള കൊച്ചു വീട്ടിലേക്കേ പോകാവൂ എന്ന്!!
എത്രയൊക്കെ പറഞ്ഞാലും ഒരു കാലം കഴിഞ്ഞാൽ എല്ലാവർക്കും നമ്മൾ ഒരു ബാധ്യതയാകും അതുകൊണ്ട് അവിടെ ചെന്ന് സ്വന്തം കാലിൽ നിൽക്കാൻ ശ്രമിക്കണം എന്ന്!!””
അവൾ അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് എന്ത് മറുപടി പറയണം എന്നറിയില്ലായിരുന്നു..
“”” തന്നെയുമല്ല വിശ്വേട്ടന്റെ ഹോട്ടൽ ഇപ്പോൾ ഞാനാണ് നടത്തുന്നത് അദ്ദേഹം എന്നെ കൊണ്ട് അത് ചെയ്യിപ്പിച്ച പരിചയമാക്കി തന്നിട്ടുണ്ട്!! അതുകൊണ്ടുതന്നെ എനിക്ക് യാതൊരു വിഷമവുമില്ല ഭാവിയെപ്പറ്റി ആലോചിച്ച് എന്റെ കുഞ്ഞിനെ ഞാൻ അന്തസായി തന്നെ നോക്കും ഏട്ടാ ഏട്ടന്റെ കൂടെ വരാത്തത് ഏട്ടൻ വിഷമമൊന്നും വിചാരിക്കരുത്!!”””
എനിക്കൊരു വിഷമവും ആവില്ല എന്ന് പറഞ്ഞ് ഞാൻ അവളെ ചേർത്തുപിടിച്ചു. കാരണം അവളായിരുന്നു ശരി ഞാൻ വെറുതെ അവളെയും എന്നെയും പറ്റി ചിന്തിച്ചു ഭാര്യയുടെ ചെലവിൽ അവളുടെ വായിലിരിക്കുന്നത് എല്ലാം കേട്ട് അവിടെ ഒരു പട്ടിയെപ്പോലെ നിൽക്കുന്ന എന്നെക്കാൾ എത്രയോ മുകളിലാണ് ഇത്രയും ആയിട്ടും സ്വന്തം കാലിൽ നിൽക്കണം എന്ന് വിചാരിക്കുന്ന അവളുടെ സ്ഥാനം എന്ന് എനിക്ക് മനസ്സിലായി…
അതോടെ ഞാനും ഒരു തീരുമാനം എടുത്തിരുന്നു ജീവിക്കുന്നെങ്കിൽ ഇനിയുള്ള കാലം ജീവിക്കണം എന്ന്…എന്നെക്കാൾ ഇളയവളിൽ നിന്ന് പഠിച്ച പാഠം..