(രചന: ഞാൻ ഗന്ധർവ്വൻ)
കല്യാണം കഴിഞ്ഞതിന്റെ ആറാം ദിവസം തിരിച്ച് ഗൾഫിലേക്ക് പോയതാണ് ആസിഫ്. രണ്ട് മാസത്തെ ലീവിനായിരുന്നു നാട്ടിൽ വന്നത്.
ഉപ്പ ഉണ്ടാക്കിയ കടം, വീടുണ്ടാക്കാൻ ലോൺ എടുത്ത കടം, രണ്ട് പെങ്ങന്മാരെ കല്യാണം കഴിപ്പിച്ച് വിട്ട കടം. അങ്ങനെ എല്ലാ കടങ്ങളും വീട്ടിലെ ഏക ആൺതരിയായ ആസിഫ് മുക്കാൽ ഭാഗമെങ്കിലും തീർത്തപ്പോഴേക്കും അവന് വയസ്സ് മുപ്പത്തിരണ്ട്.
മുഴുവൻ കടങ്ങളും തീരുമ്പോഴേക്കും തനിക്ക് മൂക്കിൽ പല്ല് വരും എന്ന് മനസിലാക്കിയ ആസിഫ് പെണ്ണ് കെട്ടാൻ വേണ്ടി മാത്രം ലീവെടുത്ത് നാട്ടിൽ വന്നതായിരുന്നു.
പക്ഷേ പെണ്ണ് കണ്ട് കണ്ട് ഇഷ്ടപ്പെട്ട ഒരു പെണ്ണിനെ കണ്ടെത്താൻ ഒന്നരമാസം അങ്ങട് പോയി. ബാക്കിയുള്ള പതിനഞ്ച് ദിവസത്തിനുള്ളിൽ ഡേറ്റ് ഫിക്സ് ചെയ്ത് ചടപടാന്ന് കല്യാണം കഴിഞ്ഞു.
കൃത്യമായി പറഞ്ഞാൽ കല്യാണം കഴിഞ്ഞ് ആറാം നാൾ തിരിച്ച് പോണം. ഗൾഫിൽ എത്തിയ ഉടൻ ഭാര്യയെ അങ്ങോട്ട് കൊണ്ടുപോകാം എന്ന് ആസിഫ് ആശ്വസിച്ചു.
പക്ഷേ തിരിച്ച് ഗൾഫിൽ എത്തിയ ആസിഫിന് ഫാമിലി വിസ കിട്ടാൻ വൈകി. ദിവസങ്ങൾ റോക്കെറ്റ് വിട്ടപോലെ അങ്ങനെ പോകുന്നു. ആസിഫ് ആകെ നിരാശയിലായി. ആറ്റുനോറ്റ് കല്യാണം കഴിച്ചിട്ട് ഭാര്യയോടൊപ്പം ഒന്നിച്ചുണ്ടായത് ആകെ ആറ് ദിവസം!!! വല്ലാത്ത അവസ്ഥ…
ഡ്യൂട്ടി സമയത്തും റൂമിലെത്തിയും അവൻ ഭാര്യയെ വിളിച്ച് സംസാരിച്ചുകൊണ്ടിരുന്നു. വിസ പെട്ടന്ന് റെഡി ആവും എന്ന് പറഞ്ഞ് ഭാര്യയെ സമാധാനിപ്പിച്ചു. സത്യം പറഞ്ഞാൽ അങ്ങനെ പറയുമ്പോൾ അവനാണ് സ്വയം ആശ്വസിച്ചിരുന്നത്.
ഭയങ്കര റൊമാന്റിക് ആയിരുന്ന ആസിഫ് ഫോണിലൂടെ ഭാര്യയോട് നിയന്ത്രണരേഖ ചവിട്ടിപ്പൊട്ടിച്ച് കൊഞ്ചാറുണ്ട്. വയസ്സ് പത്ത് മുപ്പിത്തിരണ്ട് കഴിഞ്ഞില്ലേ, അവനും ഉണ്ടാകില്ലേ ആഗ്രഹങ്ങൾ. അങ്ങനെ ഫോണിലൂടെ കൊഞ്ചി കൊഞ്ചി ആസിഫ് വല്ലാത്തൊരു അവസ്ഥയിലായി. വല്ലാത്തൊരു അവസ്ഥ!!!
ഒരുദിവസം…”എന്റെ പൊന്നൂസേ, നീ എന്തിനാ ഇങ്ങനെ പേടിക്കുന്നത്…? ഞാന്‍ നിന്റെ ആസിഫിക്കയല്ലേ”ഫോണിന്റെ അങ്ങേതലക്കലിൽ ഭാര്യയുടെ ശബ്ദത്തില്‍ പരിഭ്രാന്തി
“ന്നാലും എന്റെ ഇക്കൂസേ, വീഡിയോ കോൾ ഓക്കേ. പക്ഷേ, ഇങ്ങള് പറയുന്ന പോലെ എനിക്ക് പേടിയാ”ആസിഫിന് വെപ്രാളം
“എന്റെ പൊന്നൂ, ഞാന്‍ പറയുന്നത് ഒന്ന് മനസ്സിലാക്ക്. എനിക്ക് നീയല്ലേ ഒള്ളൂ. വിസ കിട്ടിയാൽ ഇതിന്റെ ഒന്നും ആവശ്യം ഇല്ലല്ലോ. അതുവരെ എന്റെ ഫീലിംഗ്സ് ഒന്ന് മനസിലാക്ക്”
“എനിക്കെന്തോ പേടിയാവുന്നു ഇക്കാ. എനിക്ക് imo യിൽ വീഡിയോ കോൾ ചെയ്യാൻ ഒന്നും അറീല. ഇങ്ങള് കാണുന്നതല്ലേ നോർമൽ വീഡിയോ കോൾ ചെയ്യുമ്പോഴേ ഞാൻ അവിടേം ഇവിടേം പിടിച്ച് ഞെക്കുന്നത്. വാട്സാപ്പ് കോൾ മാത്രേ എനിക്ക് അറിയൂ”
ആസിഫ് ഭാര്യക്ക് ധൈര്യം നല്കി”ഇവിടെ വാട്സാപ്പ് കോൾ കിട്ടില്ലാന്ന് ഞാൻ പറഞ്ഞതല്ലേ. നീ വിളിക്ക്. Imo ഭയങ്കര സേഫ് ആണ്”
ആസിഫ് ഒരുപാട് നിർബന്ധിച്ചപ്പോൾ ഭാര്യ സമ്മതിച്ചു”ഉം ഞാന്‍ വിളിക്കാം. വെയിറ്റ്”ഇത് കേട്ടപ്പോൾ സന്തോഷം കൊണ്ട് ആസിഫ് ബെഡിൽ നിന്നും ചാടി എഴുന്നേറ്റു
“എന്റെ പൊന്നൂസേ, എന്റെ ആഗ്രഹങ്ങളും, മോഹങ്ങളുമൊക്കെ നിന്നോടല്ലേ എനിക്ക് പറയാന്‍ സാധിക്കൂ”അവളൊന്ന് മൂളി…
കൊഞ്ചിയും കുഴഞ്ഞും പിന്നെയും കുറച്ച് നേരം അവര്‍ സംസാരിച്ചു”ഇനി വിളിക്ക്. ഇപ്പൊ നല്ല മൂഡായി””ഉം…”
അവൾ വിറക്കുന്ന കൈകളാൽ പേടിച്ച് വിറച്ച് വീഡിയോ കോൾ ചെയ്യാൻ ഒരുങ്ങി. പക്ഷേ ആ പേടിയിൽ അവളുടെ കൈതട്ടി ആസിഫിന്റെ പെങ്ങളുടേയും അമ്മായിയുടേയും കോൺടാക്ട് ആഡായി.
അങ്ങനെ അതൊരു ഗ്രുപ്പ് കോളായി മാറി. ഈ കാര്യം പേടിച്ച് വിറച്ച് കോൾ ചെയ്യുന്ന ഭാര്യയോ മൂഡായി വെപ്രാളം പിടിച്ച് നിക്കുന്ന ആസിഫോ അറിഞ്ഞില്ല.
പെങ്ങളും അമ്മായിയും ആസിഫ് ഗൾഫിൽ നിന്നും ചുമ്മാ ഗ്രൂപ്പ് കോൾ വിളിക്കാവും എന്ന് കരുതി കോളെടുത്തു. കോൾ എടുത്തതും…
ഒന്നും ശ്രദ്ധിക്കാതെ പുതപ്പിനടിയിൽ നിന്നും ആസിഫ് കൊഞ്ചി”കാണിക്ക് മുത്തേ… കാണിക്ക്…””എന്തോന്ന് കാണിക്കാൻ…?”
അമ്മായിയുടെ നിഷ്കളങ്കമായ ചോദ്യം കേട്ടപ്പോഴാണ് അവർ സ്ക്രീനിലേക്ക് നോക്കിയത്. സ്ക്രീനിൽ പെങ്ങളേയും അമ്മായിയേയും കണ്ടതും ഫോണും നിലത്തിട്ട് ഭാര്യ ഓടി. പുതപ്പിനടിയിൽ കിടന്ന് പല്ലിളിച്ച് കാണിക്കാനേ ആസിഫിന് സാധിച്ചൊള്ളൂ.
കാര്യം മനസിലായ അമ്മായിയും പെങ്ങളും ദയനീയമായി ആസിഫിനെ നോക്കി കോൾ കട്ടാക്കി. പിറ്റേന്ന് നേരം വെളുക്കുമ്പോൾ തന്നെ ആസിഫിന്റെ വീഡിയോ കോളിലെ കാണിക്ക് മുത്തേ ഡയലോഗ് കുടുംബത്ത് മുഴുവൻ പാട്ടായി.
പിന്നെ വീഡിയോ കോൾ എന്ന് കേൾക്കുമ്പോഴേ ആസിഫിന്റെ ഭാര്യക്ക് പേടിയാണ്. ഒരു വർഷത്തിന് ശേഷം വിസ കിട്ടി അവളെ കൂടെ കൂട്ടുന്നവരെ ആസിഫിലെ റൊമാന്റിക് സിംഹം ഉറങ്ങുകയായിരുന്നു… പാവം, ല്ലേ…