പഴയ കൂട്ടുകാരിൽ അവളുടെ കാമുകനും ഉണ്ടായിരിക്കണം.. അനുവാദവും ചോദിച്ച് സന്ധ്യക്ക്‌ മുമ്പേ വരാന്ന് പറഞ്ഞ് പോയ അവളെ പിന്നീട് ഞാൻ കണ്ടിട്ടില്ല

(രചന: ശ്രീജിത്ത് ഇരവിൽ)

സന്ധ്യക്കാണ് മേരിയൊരു മാക്സിയുമിട്ട് ധൃതിയിൽ കടയിലേക്ക് വന്നത്. അവളും ഞാനും കഴിഞ്ഞ കുറച്ച് വർഷങ്ങളായി കണ്ണുകൾ കൊണ്ട് കഥപറയാറുണ്ട്. കണ്ണുകൾ കൊണ്ട് മാത്രം….

ഞാൻ നാട്ടിൽ തയ്യൽക്കട തുടങ്ങിയ കാലം തൊട്ടേ മേരിയെ എനിക്കറിയാം. സംസാരിച്ച് വന്നപ്പോൾ പത്രോസ് അവളേയും കുഞ്ഞിനേയും ഉപേക്ഷിച്ച് പോയ നാളിലാണ് പോലും എന്റെ കടയുടെ ഉദ്ഘാടനം നടന്നത്..

എല്ലാമൊരു നിമിത്തമായിരിക്കുമെന്ന് പറഞ്ഞ് ഞാൻ ചിരിച്ചു. ആ ചിരിയുടെ അവസാനം അവളെന്നേയും ഞാൻ അവളേയും ഇമവെട്ടാതെ പരസ്പരം നിമിഷങ്ങളോളം നോക്കി നിന്നിരുന്നു.

അന്ന് തൊട്ട് തമ്മിൽ കൊള്ളുമ്പോഴൊക്കെ ഞങ്ങളുടെ കണ്ണുകൾ എന്തെങ്കിലുമൊക്കെ പറയാൻ ശ്രമിക്കും. എന്താണെന്ന് കൃത്യമായി ചോദിക്കാൻ രണ്ടുപേരുടേയും നാവിന് ധൈര്യമുണ്ടായിരുന്നില്ല…

‘അതേയ് സുകുവേട്ടാ.. ഈ ബ്ലൗസൊന്ന് ചുരുക്കി തരോ.. നാളെയൊരു കല്യാണമുണ്ട്…'”ശ്യാമള പോയല്ലോ മേരീ…! അളവെടുക്കാൻ……!”

എന്റെ ശബ്ദം മുറിഞ്ഞപ്പോൾ മേരി തലകുനിച്ചു. അല്ലെങ്കിലും എപ്പോഴും ഇങ്ങനെ തന്നെയാണ്. വളരേ സ്വാഭാവികമായി എന്തെങ്കിലും സംസാരിച്ച് കൊണ്ടിരിക്കുമ്പോൾ ചില നിമിഷങ്ങൾ ഞങ്ങൾക്കിടയിൽ മിണ്ടാതെ മുറിഞ്ഞ് നിക്കാറുണ്ട്.’അത്യാവശ്യമാണെങ്കിൽ ഇങ്ങോട്ട് കേറി നിക്ക്.. ഞാൻ തന്നെ എടുത്തോളാം…’

അവൾ അനുസരിച്ചു. കൈവിറക്കാതെ ഞാൻ അളവെടുക്കാൻ തുടങ്ങി. കഴുത്തിലും കൈകളിലും എന്റെ വിരൽ കൊള്ളുമ്പോൾ അവളുടെ തൊണ്ടയിൽ നിന്ന് ശ്വാസം വിറക്കുന്നുണ്ടായിരുന്നു.

മാറിടങ്ങളിൽ സ്പർശിക്കാതിരിക്കാൻ പരമാവധി ശ്രമിച്ചിട്ടും അവളുടെ മാറിന്റെ മാംസളത അറിയാതെ ഞാൻ അറിഞ്ഞു. വിരൽത്തുമ്പുകളിൽ ഒന്ന് അവിടം കൊണ്ടപ്പോഴേക്കും അവൾ പിൻവലിഞ്ഞു. തിരിഞ്ഞ് തോക്കാതെ പോകുന്നതിനിടയിൽ കാലത്ത് താൻ വരുമേയെന്ന് മാത്രം അവൾ പറഞ്ഞു..

എന്റെ ഭാര്യ പണ്ടൊരു പൂർവ്വവിദ്യാർത്ഥി സംഗമത്തിന് പോയതായിരുന്നു. പഴയ കൂട്ടുകാരിൽ അവളുടെ കാമുകനും ഉണ്ടായിരിക്കണം.. അനുവാദവും ചോദിച്ച് സന്ധ്യക്ക്‌ മുമ്പേ വരാന്ന് പറഞ്ഞ് പോയ അവളെ പിന്നീട് ഞാൻ കണ്ടിട്ടില്ല..

ക്ഷമിക്കൂ സുകുവേട്ടായെന്ന അവളുടെ കത്ത് കിട്ടിയപ്പോഴാണ് ഞാൻ തിരച്ചിൽ നിർത്തിയത്. ചുണ്ടെലി പോലുള്ളയൊരു കുഞ്ഞ് അതിന്റെ അമ്മയെ കാണാതെ ആ നാളുകളിൽ കാറിക്കരഞ്ഞത് എനിക്ക് ഇന്നും ഓർത്തെടുക്കാം.

എന്തുകൊണ്ടാണ് അവൾക്ക് അങ്ങനെ തോന്നിയതെന്ന് എനിക്കിന്നും മനസിലായിട്ടില്ല. മറ്റൊരാളെ പൂർണ്ണമായി മനസിലാക്കാൻ കൂടിയുള്ള കഴിവ് മനുഷ്യരുടെ മനസ്സിന് ഉണ്ടായിരുന്നുവെങ്കിൽ ലോകമിന്ന് എന്താകുമായിരുന്നു…..!

പിറ്റേന്ന് കാലത്ത് തന്നെ മേരി വന്നു. തലേന്ന് രാത്രിയിൽ വീട്ടിലേക്ക് പോകുന്നതിന് മുമ്പേ ബ്ലൗസ് ഞാൻ തയ്ച്ച് വെച്ചിരുന്നു. പൊതിഞ്ഞ് കൊടുത്തപ്പോൾ അവൾ പണം തരാൻ തുനിഞ്ഞു. ഞാൻ വാങ്ങിയില്ല.

അവൾ നിർബന്ധിച്ചുമില്ല. പക്ഷേ, അന്ന് അവൾ കല്യാണത്തിന് പുറപ്പെട്ട് പോയത് ഞാൻ തയ്ച്ച് കൊടുത്ത ബ്ലൗസുമിട്ടായിരുന്നില്ല..

തലേന്ന് വന്ന അതേ നേരത്ത് മേരി വീണ്ടും കടയിലേക്ക് വന്നു. കടന്നൽ കുത്തിയ കവിളായിരുന്നു അവൾക്കപ്പോൾ.

എന്തുപറ്റിയെന്ന് ഞാൻ ചോദിച്ചപ്പോൾ ചുരുക്കാൻ തന്ന ബ്ലൗസ്സിൽ തന്റെ കൈപൊലും കടക്കുന്നില്ലെന്ന് പറഞ്ഞ് അവൾ മുഷിഞ്ഞു. അങ്ങനെ സംഭവിക്കാൻ സാധ്യതയില്ലല്ലോയെന്നും പറഞ്ഞ് ഞാനത് വാങ്ങി തിരിച്ചും മറിച്ചും നോക്കി.

‘അളവ് തെറ്റിയതായിരിക്കും….!’മേരി കേട്ടതായി ഭാവിച്ചില്ല. നാളേക്ക് കൃത്യമായി തയ്ച്ച് തന്റെ ബ്ലൗസ് തന്നില്ലെങ്കിൽ കാണിച്ച് തരാമെന്നും പറഞ്ഞ് അവൾ പോയി.. ചുരുങ്ങിപ്പോയ ആ തുണിക്കഷണവുമായി ഏറെ നേരം ഞാൻ കടയിൽ തന്നെ ഇരുന്നു.

അവസാനമൊരു വെല്ലുവിളിയോടെ മേരിയുടെ ബ്ലൗസിനെ ഞാൻ വികസിപ്പിച്ചു. കടപൂട്ടി വീട്ടിലേക്ക് എത്തുമ്പോഴേക്കും മോൻ എന്റെ അമ്മയുടെ കൂടെ ഉറങ്ങിയിരുന്നു. അവന് കഴിഞ്ഞ മാസം പതിമൂന്ന് വയസ്സ് തികഞ്ഞു…

എനിക്ക് തെറ്റിയ മേരിയുടെ അളവും തലയിലിട്ട് രാത്രിയിൽ ഉറങ്ങാതെ ഞാൻ കിടന്നു. ആകെ നാണക്കേടായി പോയെന്ന ചിന്തയിൽ മുങ്ങിയ എന്റെ കണ്ണുകളെ പുലരുവോളം എനിക്ക് ഉറക്കാനേ സാധിച്ചില്ല. ആദ്യമായിട്ടായിരുന്നു എനിക്ക് ഒരാളുടെ അളവ് തെറ്റുന്നത്…

പിറ്റേന്ന് ഇത്തിരി വൈകിയാണ് ഞാൻ കടയിലേക്ക് എത്തിയത്. അന്നും വൈകുന്നേരം ശ്യാമള പോകുന്നത് വരെ മേരി കാത്തുനിന്നു.. പതിവ് നേരത്ത് അവൾ വീണ്ടും വന്നു. വികസിപ്പിച്ച ബ്ലൗസ്സിന്റെ കയ്യും കഴുത്തും വലുതാണ് പോലും…. ഞാൻ തലകുനിച്ചു..

‘ദാ… ഇതാണ്…..ന്റെ അളവ്…’മറ്റൊരു ബ്ലൗസ് നീട്ടിക്കൊണ്ടാണ് അവളത് പറഞ്ഞത്. ഞാൻ വാങ്ങിക്കുമ്പോൾ അവളെന്നോട് ചിരിക്കുന്നുണ്ടായിരുന്നു.

അപ്പോഴാണ് എനിക്കൊരു ആശ്വാസം തോന്നിയത്. നിന്റേത് ആയത് കൊണ്ടാണ് ഇങ്ങനെ തെറ്റുന്നതെന്ന് കൂടി ഞാൻ പറഞ്ഞപ്പോൾ അവൾ പൊട്ടിച്ചിരിച്ചു.

‘സുകുവേട്ടന് എന്നോടെന്തെങ്കിലും പറയാനുണ്ടോ…?’മറുപടിയായി ഇല്ലല്ലോയെന്നാണ് ഞാൻ പറഞ്ഞതെങ്കിലും പറയാൻ ഉള്ളിലൊരു ഇഷ്ടം വർഷങ്ങളോളം വെമ്പുന്നുണ്ടായിരുന്നു…

നിങ്ങടെ പെണ്ണുമ്പിള്ള വെറുതേയല്ല ഇട്ടേച്ച് പോയതെന്നും പറഞ്ഞ് അവൾ മുഷിഞ്ഞുകൊണ്ട് ഇറങ്ങിപ്പോയി. പോകാൻ നേരം ആ മരത്തലയൻ പത്രോസ്സും നിങ്ങടെ കൂട്ടായിരുന്നുവെന്ന് അവൾ വിളിച്ചു പറയുന്നുണ്ടായിരുന്നു…

എനിക്കൊന്നും മനസിലായില്ല. ആ തലയുമായി മേരിയുടെ ബ്ലൗസ് വീണ്ടും ഞാൻ മുറിച്ചു. അതും തെറ്റി…! അളവിന് കൊണ്ട് വന്ന ബ്ലൗസായിരുന്നു ഇത്തവണ ഞാൻ ചുരുക്കിയത്. വീണ്ടും തയ്ക്കാനുള്ള ബലം രണ്ട് തുണികൾക്കും നഷ്ട്ടമായിരിക്കുന്നു…

എത്ര വട്ടം വെട്ടിക്കീറി തുന്നിയാലും അളവൊക്കാത്ത തുണിപോലെയാണ് ബന്ധങ്ങളിൽ ചില മനുഷ്യരെന്ന് എനിക്കന്ന് തോന്നിപ്പോയി. എന്നേയും മേരിയേയും പോലെ ഏറെ ഇഷ്ടമുണ്ടായിട്ടും ഇല്ലെന്ന് പറഞ്ഞ് പരസ്പരം ഉടുക്കാൻ എത്ര പേരാണ് പറയാതെ കാത്തിരിക്കുന്നത്……!!!

Leave a Reply

Your email address will not be published. Required fields are marked *