കല്യാണം കഴിക്കാൻ മുട്ടി നിൽക്കുകയാണ് പെണ്ണെന്ന ഭാവമായിരുന്നു ആ മറുപടി ശബ്ദത്തിന്. കുളിയൊക്കെ കഴിഞ്ഞ് രണ്ട് ദോശയും

(രചന: ശ്രീജിത്ത് ഇരവിൽ)

ഇരുട്ടും മുമ്പ് വീട്ടിലെത്തിയത് കൊണ്ട് തപ്പിതടയാതെ കതക് തുറന്ന് ഞാൻ അകത്തേക്ക് കയറി. സദാസമയം കള്ള് മണക്കുന്ന അച്ഛനെന്ന് പറയുന്ന മീശക്കാരനെ കഴിഞ്ഞ മൂന്ന് നാളുകളോളം ഞാൻ കണ്ടിട്ടേയില്ല.

പിന്നെയുള്ളതൊരു അനിയനും അച്ഛന്റെ കാത് കേൾക്കാത്തയൊരു അമ്മയുമാണ്. രണ്ട് പേർക്കും വീട്ടിൽ ചിലവഴിക്കുന്നതിലും കൂടുതൽ നേരം പുറത്ത് വേണമെന്നത് നിർബന്ധമാണ്.

കുടുംബത്തിലൊരു നിലവിളക്കിന്റെ തിരി തെളിയിക്കണമെന്ന് പോലും ആർക്കും തോന്നാത്തതിൽ എനിക്കിടക്കൊക്കെ വിഷമം തോന്നാറുണ്ട്. ഇതൊരു കുടുംബമല്ലായെന്നും ചിലർ അവരുടെ നേരം പോലെ കയറി കിടക്കുന്ന കെട്ടിടം മാത്രമാണെന്നും അപ്പോഴൊക്കെ ഞാൻ ചിന്തിക്കാറുമുണ്ട്.

അന്നും ജോലികഴിഞ്ഞ് വരുമ്പോൾ സാധാരണ അയാളെ കാണുന്ന വായനശാലയുടെ പിറകിലെ മൈതാനമാകെ ഞാൻ തിരഞ്ഞു. അയാൾ അവിടെയെങ്ങും ഉണ്ടായിരുന്നില്ല. ചെറുപ്പം തൊട്ടേ ഞാൻ തിരയുമ്പോൾ മാത്രം കാണാനാഗ്രഹിക്കുന്നവരെ എനിക്ക് കണ്ടുകിട്ടാറില്ല….

ഈ അയാളെന്ന് പറയുന്നത്, നിങ്ങളുടെ പ്രേമമെനിക്ക് വേണ്ടെന്ന് പറഞ്ഞിട്ടും മൂന്ന് വർഷത്തോളമെന്നെ ചുറ്റി പറ്റി നടക്കുന്ന രമേശനാണ്. ഒടുവിൽ സമ്മതമാണെന്ന് പറയാൻ ഞാൻ

തീരുമാനിച്ചത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തിരച്ചിലും. വൃത്തിയുള്ള വേഷത്തിൽ കാണുമെന്നല്ലാതെ അയാളെക്കുറിച്ച് എനിക്കൊന്നുമറിയില്ല.

സമ്മതമാണെന്ന് പറയുന്നതിന് മുമ്പേ ചിലതൊക്കെ എനിക്ക് ചോദിച്ചറിയാനുണ്ട്. അതുകൊണ്ട് തന്നെ ഇത്തിരി വൈകിയാലും കുഴപ്പമില്ലെന്ന കണക്കിൽ ഞാൻ ആ വായന ശാലയുടെ പുറം ഭിത്തിയിൽ ചാരിയങ്ങനെ നിന്നു.

മൈതാനത്തിന്റ തെക്കേ മൂലയിൽ നിന്ന് ആരോ നടന്ന് വരുന്നത് പോലെ തോന്നിയപ്പോൾ ഞാൻ മുടിയൊക്കെ ഒതുക്കി തലയുയർത്തി നോക്കി. പൊട്ടുപോലെ വരുന്ന ആ രൂപം നിവർന്ന് ശരീര ഭാഷ മനസ്സിലായപ്പോൾ അത് രമേശൻ തന്നെയെന്ന് ഞാൻ തീർച്ചപ്പെടുത്തി.

അയാൾ അടുത്തെത്തിയപ്പോൾ നിങ്ങൾക്ക് വേണ്ടിയല്ല കാത്തുനിന്നതെന്ന തരത്തിൽ ഞാൻ പെരുമാറി. എന്താ ഈ സമയത്തിവിടെയെന്ന് ചോദിച്ചപ്പോൾ മാത്രം ഞാൻ അയാളുടെ കണ്ണുകൾക്ക് പിടികൊടുത്തു.

‘നിങ്ങളുടെ വീട്ടിലാരൊക്കെയുണ്ട്….?’പതിവില്ലാത്ത തരത്തിലുള്ള എന്റെ ചോദ്യം ചെറുതല്ലാത്ത തരത്തിലൊരു ആഹ്ലാദം അയാൾക്ക് നൽകി. അതാ കണ്ണുകളിൽ പൂത്തിരി കത്തിച്ച് വെച്ചത് പോലെയൊരു തിളക്കത്തോടെ പ്രകടമായിരുന്നു.

“ഞാനും അമ്മയും മാത്രം….”‘മാറ്റാരുമില്ലേ….?’എന്റെയാ ചോദ്യമൊരു നിരാശയോടെ ആയത് കൊണ്ടായിരിക്കണം അതിനയാൾ മറുപടിയൊന്നും പറയാതെ എന്തിനാ ഇങ്ങനെയൊക്കെ ചോദിക്കുന്നതെന്ന് ചോദിച്ചത്.

ഞാനപ്പോൾ ഒന്നുമില്ലെന്ന് മാത്രം പറഞ്ഞ് വായനശാലയുടെ മുന്നിലൂടെ പോകുന്ന നിരത്തിലേക്ക് നടന്നു. രമേശനപ്പോൾ ഇരുണ്ട സന്ധ്യയിൽ നിന്നെന്നെ സംശയത്തോടെ നോക്കി നിൽക്കുകയായിരുന്നു.

വിളക്ക് കത്തിച്ച് വെച്ചില്ലെങ്കിലും അച്ഛമ്മ ഉമ്മറത്ത് തന്നെയുണ്ടായിരുന്നു. ഇരിക്കുന്നതിന്റെ ചുറ്റിലും മുറുക്കി തുപ്പിയത് കണ്ടിട്ടും ഞാൻ കൂടുതലൊന്നും പറഞ്ഞില്ല.

ഈ ഞായറാഴ്ച്ച അവർ വരുമോയെന്ന് മാത്രം ചോദിച്ചു. പ്രത്യേകതരമൊരു മൂളലോടെയാണ് അച്ഛമ്മയതിന് വരുമെന്ന മറുപടി നൽകിയത്. കല്യാണം കഴിക്കാൻ മുട്ടി നിൽക്കുകയാണ് പെണ്ണെന്ന ഭാവമായിരുന്നു ആ മറുപടി ശബ്ദത്തിന്.

കുളിയൊക്കെ കഴിഞ്ഞ് രണ്ട് ദോശയും ചുട്ട് തിന്ന് ഞാനെന്റെ മുറിയിലിരിക്കുകയായിരുന്നു. രമേശന് അമ്മ മാത്രമേയുള്ളൂ…. എന്നാൽ അച്ഛമ്മ പറഞ്ഞ ആൾക്ക് അമ്മയും അച്ഛനും രണ്ട് സഹോദരികളുമുണ്ട്.

അതും കൂടാതെ, പട്ടാളത്തിൽ നിന്ന് വിരമിച്ചയൊരു അമ്മാവനും ഉണ്ട്. അങ്ങേര് കല്യാണമൊന്നും കഴിച്ചിട്ടില്ല. ചെറുക്കന് തങ്കപ്പെട്ട സ്വഭാവമാണെന്നാണ് അച്ഛമ്മയുടെ അഭിപ്രായം.

മൂന്ന് വർഷം തന്നെ ചുറ്റിപറ്റി നടന്ന രമേശനേക്കാളും അച്ഛമ്മ കൊണ്ടുവന്ന ബന്ധം തന്നെയാണ് എന്തുകൊണ്ടും നല്ലതെന്ന് എനിക്കന്ന് തോന്നി.

അല്ലെങ്കിലും, ഞാൻ വിവാഹിതയാകാൻ തീരുമാനിച്ചത് ഒരാണിലേക്ക് മാത്രം ചെക്കാറാനുള്ള അടങ്ങാത്ത ആവേശം കൊണ്ടൊന്നുമായിരുന്നില്ല. നിറയേ സ്വന്തബന്ധങ്ങളുള്ള ഒരു കുടുംബത്തിന്റെ ഭാഗമാകാനുള്ള ഏക മാർഗ്ഗം വിവാഹമെന്നത് കൊണ്ടുമാത്രമായിരുന്നു.

ഇതുവരെ എനിക്ക് അനുഭവിക്കാൻ കഴിയാത്ത ആ ഊഷ്മളമായ ബന്ധങ്ങൾ കയറി ചെല്ലുന്നയിടത്ത് വേണമെന്നത് എനിക്ക് നിർബന്ധമാണ്.

അമ്മ മരിച്ചപ്പോൾ തൊട്ട് ഓരോ നാളും തന്നിലേക്ക് വരാൻ പോകുന്ന കുടുംബത്തെ കിനാവ് കണ്ടാണ് ജീവൻ പോയ ഈ കെട്ടിടത്തിൽ ശ്വാസത്തോടെ ഞാൻ ചുരുളുന്നത്.

ഞായറാഴ്ച്ച വന്ന് കണ്ടവർക്കെല്ലാം എന്നെ ബോധിച്ചു. ചെറുക്കൻ തിരക്കുള്ളയൊരു ഇലക്ട്രീഷനാണ്. വിവാഹം ഉടൻ നടത്താമെന്നും, പൊന്നും പണവുമൊന്നും വേണ്ടായെന്നും അവർ പറഞ്ഞു.

അതുകേട്ട എന്റെ അച്ഛമ്മ, തന്റെ മുറുക്കാൻ തിന്ന് കെട്ട മോണ കാട്ടി അച്ഛനെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. രണ്ട് മാസത്തിനുള്ളിൽ വിവാഹം നടത്താമെന്ന ധാരണയിൽ ചടങ്ങ് പിരിഞ്ഞു.

അന്ന് രമേശൻ എന്നേയും കാത്ത് വായനശാലയുടെ അടുത്ത് കാത്തിരിക്കുന്നുണ്ടായിരുന്നു. കണ്ടിട്ടും കാണാത്ത പോലെ പോകാൻ ശ്രമിച്ച എന്നെ അയാൾ തടഞ്ഞുനിർത്തി.

കല്യാണമൊക്കെ തീരുമാനിച്ചത് താൻ അറിഞ്ഞെന്ന് പറയുമ്പോൾ അയാളുടെ തൊണ്ട ഇടറുന്നുണ്ടായിരുന്നു. കൂടുതൽ നേരം അവിടെ നിന്നാൽ

അയാളെയോർത്ത് കരഞ്ഞുപോകുമെന്ന് തോന്നിയപ്പോൾ എനിക്കൊന്നും പറയാനില്ലെന്ന് പറഞ്ഞ് ഞാൻ എന്റെ നടത്തം തുടർന്നു.

ഒരുപക്ഷേ, പുതിയ ചെറുക്കനേക്കാളും കൂടുതൽ രമേശനെയാണ് എനിക്ക് ഇഷ്ടമെന്ന് പറഞ്ഞാൽ അതിൽ തെറ്റില്ല. എന്നിരുന്നാലും, ഒരു കുടുംബത്തിന്റെ ഭാഗമാകുകയെന്ന എന്റെ സ്വപ്നത്തിന്റെ മേലേക്ക് ആ ഇഷ്ട്ടത്തിന് സ്ഥാനമില്ലാതായിപ്പോയി.

പുറം കാഴ്ച്ചകളിലെ പല കുടുംബങ്ങളിലേയും സന്തോഷങ്ങൾ ചെറുപ്പം തൊട്ടേ എന്നെ ആകർഷിച്ചിരുന്നു. പ്രലോഭിപ്പിക്കുന്ന ആകർഷങ്ങളിൽ പെട്ടുപോകാത്ത മനുഷ്യ മനസ്സുകളില്ലല്ലോ..!

അന്ന് എന്റെ വിവാഹം കഴിഞ്ഞ രാത്രിയായിരുന്നു. മെത്തയിൽ മലർന്ന മുല്ലപ്പൂക്കളെല്ലാം ഒരു നീളൻ കിതപ്പോടെ അമർന്നപ്പോൾ ഞാനാകെ വിയർത്തുപോയി.

ഒരു പുരുഷൻ തൊടുമ്പോൾ ത്രസിച്ച് നിൽക്കുന്ന എത്രയെത്ര സ്വകാര്യ ഭാഗങ്ങളാണ് എന്റെ ശരീരത്തിലെന്ന് അന്നാണ് ഞാനറിയുന്നത്.

ഏറെ അംഗങ്ങൾ ഉൾപ്പെടുന്നയൊരു കുടുംബത്തിന്റെ ഭാഗമായതിന്റെ അതിയായ സന്തോഷം ഞാനെന്റെ ഭർത്താവിന്റെ നെറ്റിയിൽ ചുണ്ടുകൾ കൊണ്ട് രേഖപ്പെടുത്തി. അപ്പോഴേക്കും അദ്ദേഹം ഉറങ്ങിയിരുന്നു…

മാസങ്ങൾക്ക് ശേഷമൊരു സന്ധ്യക്ക് കുവൈറ്റിലേക്കുള്ള വിസ തയ്യാറായിട്ടുണ്ടെന്ന് പറഞ്ഞ് അദ്ദേഹം വന്നു. ഞാൻ കയറി വന്നതിന്റെ ഭാഗ്യമാണ് എല്ലാമെന്ന് പറഞ്ഞ് അച്ഛനും അമ്മയും പട്ടാളക്കാരൻ അമ്മാവനും വലിയ സന്തോഷം പ്രകടിപ്പിച്ചു.

അന്ന് രാത്രിയിൽ നമ്മുടെ ജീവിതം ഇനിയാകെ മാറുകയാണെന്ന് അദ്ദേഹം പറഞ്ഞതിന്റെ അർത്ഥം, ഞാനും കൂടെ പോകുന്നുവെന്ന വിസയും കൂടി തയ്യാറായപ്പോഴാണ് എനിക്ക് മനസ്സിലായത്.

ഇനിയുള്ള കാലമെങ്കിലുമൊരു കുടുംബത്തിന്റെ ഭാഗമായി ഒരുമിച്ച് താമസിക്കാൻ തുടങ്ങിയ എന്റെ സ്വപ്നം മറ്റൊരു സ്വപ്നമായിരുന്നുവോ എന്നുപോലും ഞാനന്ന് സംശയിച്ചുപോയി. കണ്ണ് തുറക്കുമ്പോൾ ചുറ്റുമുണ്ടായിരുന്നതെല്ലാം കാണാതെ പോകുന്നത് പോലേ…

അത്യാവശ്യം കമ്പ്യൂട്ടറൊക്കെ പ്രവർത്തിപ്പിക്കാൻ കഴിയുന്ന എനിക്കും അദ്ദേഹം അവിടെയൊരു ജോലി തരപ്പെടുത്തിയിട്ടുണ്ടായിരുന്നു. പരസ്പര പരിചയമില്ലാത്ത എത്രയോ മനുഷ്യർ താമസിക്കുന്നയൊരു ബഹുനില കെട്ടിടത്തിന്റെ ചുമരുകൾക്കുള്ളിലേക്ക് എന്റെ ജീവിതം ഉൾവലിഞ്ഞു.

ജോലിയും കഴിഞ്ഞ് ക്ഷീണത്തോടെ ഒരുനാൾ ഞാനെന്റെ ബാൽക്കണിയിൽ ഇരിക്കുകയായിരുന്നു. വൈകാതെ അദ്ദേഹവും വരും. അദ്ദേഹം വന്നാൽ ഭക്ഷണം കഴിപ്പും കിടപ്പുമെല്ലാം വളരേ പെട്ടെന്നാകും.

എന്നോടുള്ള സംസാരം പോലും തീരേ കുറഞ്ഞിരിക്കുന്നുവെന്ന് തോന്നിയിട്ട് നാളുകളായി. തിരിച്ച് പോക്കിനെക്കുറിച്ച് യാതൊരു മറുപടിയും അദ്ദേഹം എനിക്ക് തരാറില്ല.

അന്ന്, എന്റെ പ്രായത്തിലുള്ളയൊരു പെണ്ണ് അവളുടെ അമ്മയെന്ന് തോന്നിപ്പിക്കുന്ന സ്ത്രീയുടെ മുടി ചീകിയൊതുക്കി വെക്കുന്ന കാഴ്ച്ചയിലേക്കാണ് എന്റെ കണ്ണുകൾ തട്ടിത്തടഞ്ഞ് നിന്നത്.

എന്ത് സന്തോഷവും സ്നേഹവുമാണ് രണ്ടുപേരുടേയും മുഖത്ത്. ഞാൻ വെറുതേ എതിർ കാഴ്ച്ചയിലേക്ക് നോക്കിയങ്ങനെ ഇരുന്നു. അപ്പോഴാണ് പിറകിലൂടെ ഒരാൾ വരുകയും, ആ അമ്മ കാണാതെ ചീകുന്ന പെണ്ണിന്റെ അരയിലൂടെ കൈയ്യിട്ട് അവളുടെ കഴുത്തിൽ ചുംബിക്കുന്നതും ഞാൻ ശ്രദ്ധിച്ചത്.

കൂർപ്പിച്ച് നോക്കിയപ്പോൾ അയാളുടെ ശരീര ഭാഷയും മുഖവും എനിക്കേറെ പരിചയമുള്ള ഒരാളുടേതായിരുന്നു. പിന്നെ ഞാനവിടെ ഇരുന്നില്ല. ഇരുന്നില്ലെന്ന് മാത്രമല്ല, ബാൽക്കണിയിലേക്ക് അതിൽ പിന്നെ ഞാൻ പോയതേയില്ല.

അല്ലെങ്കിലും, നിങ്ങളുടെ പ്രേമമെനിക്ക് വേണ്ടെന്ന് പറഞ്ഞിട്ടും മൂന്ന് വർഷത്തോളമെന്നെ ചുറ്റി പറ്റി നടന്ന രമേശനെയെനിക്ക് മറക്കാൻ കഴിയില്ലല്ലോ….

Leave a Reply

Your email address will not be published. Required fields are marked *