(രചന: ഞാൻ ഗന്ധർവ്വൻ)
“എന്നും പ്രശ്നങ്ങളാണ്. നമ്മുടെ മക്കൾ ഇത് കണ്ടല്ലേ വളരാ. ഇക്കാ ഞാൻ പറഞ്ഞല്ലോ, നമുക്ക് രണ്ട് മാസത്തെ ബ്രേക്ക് എടുക്കാം,
ആ രണ്ട് മാസം കഴിഞ്ഞ് രണ്ടാളുടേയും മനസ്സിൽ വീണ്ടും ഒന്നിച്ച് ജീവിക്കണം എന്ന് തോന്നുന്നെങ്കിൽ മാത്രം നമുക്ക് വീണ്ടും കാണാം.
തോന്നേണ്ടത് നമുക്കാണ്, അല്ലാതെ മക്കളെ ഓർത്ത് അങ്ങ് അഡ്ജസ്റ്റ് ചെയ്ത് ജീവിക്കാം, മക്കളുടെ ഭാവി എന്താകും എന്നൊക്കെയുള്ള സ്ഥിരം ക്ലീഷേ ചിന്തകൾ ഒന്നും വേണ്ടാ.
നമുക്ക് പരസ്പരം പ്രണയം ഉണ്ടെങ്കിൽ മാത്രം മതി, അല്ലാതെ അഡ്ജസ്റ്റ് ലൈഫ് ഇനി പറ്റില്ല”ഷംനയുടെ സംസാരം കേട്ടപ്പോൾ ജാഷിറിന് വല്ലാണ്ട് ദേഷ്യം വന്നു
“നൈസായി എന്നെ ഒഴിവാക്കാനാണ് പരിപാടി എങ്കിൽ അത് തുറന്ന് പറ, അല്ലാതെ കണ്ട് മടുത്ത സിനിമയിലെ കഥപോലെ ബ്രേക്ക് എടുക്കാം മിണ്ടാതിരിക്കാം എന്നൊക്കെ പറഞ്ഞ് ആളെ പൊട്ടനാക്കരുത്”ഷംന ജാഷിറിനെ തറപ്പിച്ചൊന്ന് നോക്കി
“നിങ്ങൾ എന്ത് വേണേലും കരുതിക്കോ, എനിക്കൊരു കുഴപ്പോം ഇല്ല. ഞാൻ ഇങ്ങനൊരു തീരുമാനം എടുക്കാൻ കാരണം തന്നെ നിങ്ങൾക്ക് എന്നോടുള്ള സ്നേഹം ആത്മാർത്ഥമാണോ നോക്കാനാണ്”
ജാഷിർ ഷംനയുടെ കണ്ണിലേക്ക് നോക്കി”കുട്ടിക്കാലം മുതൽ നിന്നെ ജീവനുതുല്യം സ്നേഹിച്ച് സ്വന്തമാക്കിയ എനിക്കിത് തന്നെ കിട്ടണം”ഷംനയുടെ മുഖത്ത് പുച്ഛം
“ജീവനുതുല്യം സ്നേഹിക്കുന്നു പോലും, എന്നിട്ടാണോ എന്നെയിങ്ങനെ സംശയിക്കുന്നേ…? എഫ് ബി പാസ്സ്വേർഡ് വേണം, വാട്സാപ്പിൽ രാത്രി പത്ത് മണി കഴിഞ്ഞ് കയറാൻ പാടില്ല. എന്റെ കഷ്ടകാലത്തിന് എങ്ങാനും അഥവാ കയറിയാൽ സ്ക്രീൻ ഷോർട് ചോദിക്കലായി വഴക്കായി”
ഒന്ന് നിറുത്തിയിട്ട് ഷംന തുടർന്നു”കുറേയായി ഞാൻ സഹിക്കുന്നു. ഇനി എനിക്ക് അറിയണം ഇങ്ങക്ക് എന്നോടുള്ളത് ആത്മാർത്ഥ സ്നേഹം തന്നെയാണോ എന്ന്.
എന്നെ ശരിക്കും മനസ്സിലാക്കിയിരുന്നേൽ ഒരിക്കലും നിങ്ങളെന്നെ സംശയിക്കില്ല. നിങ്ങൾ സൈക്കോ ആണ്. ശരിക്കും സൈക്കോ”ജാഷിർ ഷംനയെ നോക്കി
“എന്റെ ഭാര്യയോട് ഒന്നും പറയാൻ പാടില്ല എന്നാണോ…? ഇതാണ് നിങ്ങൾ പെണ്ണുങ്ങളുടെ കുഴപ്പം, എന്തേലും ചോദിച്ചാൽ അപ്പൊ പിടിച്ച് സൈക്കോ ഭർത്താവ് ആക്കും”
ഷംന ജാഷിറിന്റെ കണ്ണിലേക്ക് നോക്കി”ഇങ്ങനെ സംശയം ഉണ്ടേൽ പിന്നെ ഇങ്ങനെ കൂടെ നിർത്തുന്നത് എന്തിനാ…”ജാഷിർ എന്തോ പറയാൻ തുടങ്ങിയപ്പോൾ ഷംന അത് തടഞ്ഞു
“എനിക്കിനി കൂടുതൽ ഒന്നും പറയാനില്ല. എല്ലാം പറഞ്ഞപോലെ”ഷംന തന്റെ പെട്ടിയും എടുത്ത് മക്കളേയും കൂട്ടി തന്റെ ആക്ടിവയിൽ കയറി ജാഷിറിനെ ഒന്ന് നോക്കി
“ബൈ… ഞാൻ കോളിലും വാട്സാപ്പിലും, ഇൻസ്റ്റയിലും എല്ലാം ബ്ലോക്കുന്നുണ്ട്. ഈ രണ്ട് മാസം തീരുന്നവരെ മറ്റൊരു നമ്പറിൽ നിന്ന് എന്നെ കോൺടാക്ട് ചെയ്യാൻ ശ്രമിക്കരുത്”
ഒന്നും മിണ്ടാതെ ജാഷിർ അവളുടെ കണ്ണിലേക്ക് നോക്കി. അവൾ പോയ് മറയുന്നത് കണ്ണിൽ തളംക്കെട്ടി നിൽക്കുന്ന കണ്ണീരോടെ അവൻ നോക്കി നിന്നു. തന്റെ ഭാര്യയും മക്കളുമൊന്നിച്ചുള്ള മനോഹര നിമിഷങ്ങൾ അവന്റെ മനസ്സിലൂടെ കടന്നുപോയി.
തന്റെ കണ്ണിൽ നിന്നും ഭാര്യയുടെ ആക്ടിവ മറഞ്ഞപ്പോൾ കണ്ണിൽ നിന്നും ഒലിച്ചിറങ്ങുന്ന കണ്ണീർ തുള്ളികൾ ഷർട്ടിന്റെ ഒരറ്റം കൊണ്ട് തുടച്ചുമാറ്റി ജാഷിർ പോക്കറ്റിൽ നിന്നും മൊബൈൽ എടുത്ത് അടുത്ത സുഹൃത്തിനെ വിളിച്ചു
“ഡാ, അവള് പോയി…”കൂട്ടുകാരൻ ഒന്ന് മൂളി”ഉം…””എന്നാ നീ കൊണ്ടുവാ”കൂട്ടുകാരന്റെ മുഖത്ത് വല്ലാത്ത സന്തോഷം”അളിയാ ഫുള്ള് വേണാ ഹാഫ് വേണാ”
ഹാഷിറിന്റെ മുഖത്ത് പൂരം കണ്ട സന്തോഷം”ഫുള്ള് എടുത്തിട്ട് പെട്ടെന്ന് വാ… അവളെ സ്വഭാവം വെച്ചിട്ട് ഇന്നുതന്നെ തിരിച്ച് വരാൻ സാധ്യത ഉണ്ട്. കഴിഞ്ഞ പ്രാവശ്യം ഇതേപോലെ പോയത് നിനക്ക് ഓർമയില്ലേ…?
വല്യ ഡയലോഗും അടിച്ച് ബാഗിൽ ഡ്രെസ്സും കുത്തി കയറ്റി മക്കളെയും കൂട്ടി തൊട്ടപ്പുറത്തെ ബേക്കറിയിൽ പോയി എന്റെ പറ്റിൽ മുട്ട പപ്സും ഷാർജ ഷൈക്കും വെട്ടി വിഴുങ്ങി തിരിച്ച് വീട്ടിൽ വന്നോളാ അവള്”
ജാഷിർ പറഞ്ഞ് തീർന്നതും ആരോ കോളിങ് ബെൽ അടിക്കുന്ന ശബ്ദം കേട്ടു. വാതിൽ തുറന്നപ്പോൾ ഷംന നിക്കുന്നു മുന്നിൽ. അവൾ പുച്ഛത്തോടെ ജാഷിറിനെ നോക്കി
“അങ്ങനെയിപ്പം ഞാൻ പോകും കരുതേണ്ട ട്ടോ, ഒരു ലാസ്റ്റ് വാർണിങ് കൂടെ ഞാൻ തരാണ്”
ഇതും പറഞ്ഞ് തന്റെ ചുണ്ടിൽ പറ്റിപ്പിടിച്ചിരിക്കുന്ന മുട്ട പപ്സിലെ ഉള്ളി കൈകൊണ്ട് തുടച്ചുമാറ്റി ഷംന തന്റെ ബാഗും എടുത്തോണ്ട് റൂമിലേക്ക് പോയി.
നോട്ട്: നമുക്ക് ഒട്ടും അറിയാത്ത ചിലരുടെ ബഹളവും വഴക്കും ഒക്കെ കാണുമ്പോൾ നമ്മൾ കരുതും, തീർന്നു… അവരുടെ ജീവിതം ഇതോടെ കഴിഞ്ഞു എന്ന്… പക്ഷേ, അവർ തങ്ങളുടെ പ്രണയം കാണിക്കുന്നത് ഒരുപക്ഷെ ഇങ്ങനെയൊക്കെ ആവാം, ല്ലേ…?