കുടുംബം
(രചന: Raju Pk)
“ദാസേട്ടാ എനിക്ക് വയ്യ നിങ്ങളുടെ അമ്മയോടൊപ്പം ജീവിക്കാൻ ഞാൻ മടുത്തു ചിലപ്പോൾ തോന്നും ചത്താൽ മതിയെന്ന് കുഞ്ഞിന്റെ മുഖം കാണുമ്പോൾ അതിനും കഴിയുന്നില്ല ഈശ്വരാ ഇത്ര പാപിയായിപ്പോയല്ലോ ഞാൻ”
“ഞാൻ ഇപ്പോൾ എന്താ വേണ്ടത് രമ്യ വിവാഹം കഴിഞ്ഞ അന്ന് മുതൽ കേൾക്കുന്നതാണ് ഞാൻ അമ്മയെപ്പറ്റിയുള്ള നിന്റെ പരാതികൾ”
“ഇവിടെ ഉണ്ടാകുന്ന ഓരോ ചെറിയ കാര്യങ്ങളും നീ നിന്റെ അമ്മയോട് അപ്പോൾ തന്നെ വിളിച്ച് അല്പം എരുവും പുളിയും ചേർത്ത് പറയുന്നത് ഞാൻ കേൾക്കാറുണ്ട്…
പലവട്ടം നിന്നോട് ഞാൻ പറഞ്ഞതാണ് നമ്മുടെ വീട്ടിലെ പ്രശ്നങ്ങൾ ഇവിടെത്തന്നെ തീരണം എന്ന്”
“എന്റെ അമ്മ കേൾക്കെ ഇവിടത്തെ ചെറിയ പ്രശ്നങ്ങൾ പോലും നീ നിന്റെ അമ്മയോട് പറയും..
നിന്റെ അമ്മ പറയുന്നത് അത് പോലെ ശിരസ്സിലേറ്റി നീയും ഇവിടെ ജീവിക്കുമ്പോൾ നീ ഓർക്കാറുണ്ടോ നിന്റെ അച്ഛനും അമ്മയും അവിടെ മകളെയോർത്ത് എത്ര സങ്കടത്തിലാവും കഴിയുന്നതെന്ന്”
“പെൺമക്കളെ വിവാഹം ചെയ്തയക്കുന്ന എല്ലാ മാതാപിതാക്കളും മകൾ സന്തോഷത്തോടെ ജീവിക്കുന്നത് കാണാനാണ് ആഗ്രഹിക്കുന്നത്…
പക്ഷെ ചില മക്കളോ ഭർത്താവിന്റെ വീട്ടിൽ ഉണ്ടാകുന്ന ചെറിയ പിണക്കങ്ങൾ പോലും അച്ഛനമ്മമാരോട് പറഞ്ഞ് അവരുടെ സമാധാനം നഷ്ടപ്പെടുത്തും..
ഇവിടത്തെ പിണക്കം പെട്ടന്ന് തീരും പക്ഷെ അവരുടെ മനസ്സിലെ തീ അതാരണക്കും”
“ഓരോ നിമിഷവും സമാധാനമില്ലാതെ ഉരുകി ജീവിക്കുകയാവും അവർ മകളെ ഓർത്ത് പിന്നെ എന്റെ അമ്മക്ക് ഞാൻ ഒരു മകൻ മാത്രമേ ഉള്ളു നീ പറഞ്ഞല്ലോ ഇവിടെ ജീവിക്കാൻ വയ്യെന്ന് ഞാൻ നാളെത്തന്നെ ഒരു വാടക വീട് നോക്കാം എന്നിട്ട് നമുക്ക് അങ്ങോട്ട് മാറാം”
“ആഹാ മോന്റെ പുതി കൊള്ളാലോ മരിച്ചാലും ഈ വീട്ടിൽ നിന്നും ഞാൻ ഇറങ്ങില്ല ആത്മാവ് എന്ന് പറയുന്ന ഒന്ന് ഉണ്ടെങ്കിൽ ഞാൻ ഒരു നേരിയ കാറ്റായിട്ടെങ്കിലും ഞാൻ ഇവിടെത്തന്നെ കാണും നിങ്ങടെ അമ്മയെ ഞാൻ അങ്ങനെ സുഖിച്ച് ജീവിപ്പിക്കില്ലാ മോനേയും…”
എല്ലാം കേട്ട് ചിരിച്ചു കൊണ്ട് പുറത്തേക്ക് വന്ന അമ്മ എന്റെ കൈയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങിക്കൊണ്ട് പറഞ്ഞു.
“ഗോപാ കല്യാണം ഉറപ്പിക്കുന്നതിന് മുൻപ് ഇവളുടെ അമ്മ എന്നോട് പറഞ്ഞിരുന്നു ഇവളെ ഒത്തിരി സ്നേഹിക്കണ്ട നിലക്ക് നിർത്തണം എന്ന് കാരണം സ്നേഹം കൂടുതൽ കാണിച്ചാൽ..
അവരോട് വഴക്കുണ്ടാക്കാൻ മോൾക്ക് ഭയങ്കര മിടുക്കാണെന്ന് അന്ന് ഞാൻ ഉറപ്പിച്ചതാണ് ഈ വഴക്കാളിയെ എനിക്ക് മകളായി വേണമെന്ന് മോനേ ഇണക്കം ഉള്ളിടത്തേ പിണക്കങ്ങളും കാണു.
പിന്നെ ഇവൾ ഇവിടെ നിന്ന് പറയുന്നതൊന്നും അവിടെ അച്ഛനും അമ്മയും കാര്യമായി എടുക്കാറില്ല അവർക്കറിയാത്തതാണോ മകളുടെ തനി സ്വഭാവം.”
രമ്യയേയും ചേർത്ത് പിടിച്ച് അമ്മ അകത്തേക്ക് പോകുമ്പോൾ ഞാൻ ഓർക്കുകയായിരുന്നു സ്വന്തം ഭാര്യയായിട്ടു പോലും ചില കാര്യങ്ങളിൽ അമ്മയോളം അവളെ മനസ്സിലാക്കാൻ എനിക്ക് കഴിഞ്ഞില്ലല്ലോ എന്ന്.
അതെ അതു കൊണ്ടാവും ആർക്കും ആരെയും പൂർണ്ണമായും മനസ്സിലാക്കാൻ കഴിയില്ലെന്ന് പറയുന്നത്.
സ്വന്തം മകളെപ്പോലെ വന്ന് കയറുന്ന പെൺകുട്ടിയേയും സ്വന്തം അച്ഛനമ്മമാരേപ്പോലെ ഭർത്താവിന്റെ അച്ഛനമ്മമാരേയും കാണാൻ കഴിഞ്ഞാൽ തീരാവുന്നതേ ഉള്ളൂ ദാമ്പത്യത്തിലെ കൂടുതൽ പ്രശ്നങ്ങളും…
ചെറിയ പ്രശ്നങ്ങളെ ഊതി പെരുപ്പിക്കുമ്പോൾ നമ്മൾ ഒന്നോർക്കണം അത് മറ്റുള്ളവരുടെ മനസ്സിലും ജീവിതത്തിലും എത്രമാത്രം സങ്കടമാണ് ഉണ്ടാക്കുന്നത് എന്ന്..