എടാ നിന്റെ കൂടെ ഏതോ ഒരുത്തി പൊറുതി തുടങ്ങിന്ന് അറിഞ്ഞു.. എന്താടാ സംഭവം??” “ആ അത് അപ്പോഴേക്കും

ഞാൻ ജനനി
(രചന:Ammu Sangeesh)

“എടാ നിന്റെ കൂടെ ഏതോ ഒരുത്തി പൊറുതി തുടങ്ങിന്ന് അറിഞ്ഞു.. എന്താടാ സംഭവം??”

“ആ അത് അപ്പോഴേക്കും വാർത്തയായോ?””നി കാര്യം പറ ?””അത് നീ വിചാരിക്കുമ്പോലെ ഒന്നൂല്ലടാ.. ഒരു ചെറിയ സെറ്റപ്പ്..”

“എന്ത് സെറ്റപ്പ്..? ദേ നിനക്ക് നാട്ടിൽ ഭാര്യേം, പിള്ളേരുംമുള്ളതാന്നുള്ള ഓർമ വേണം.. അവന്റെ ഒരു സെറ്റപ്പ്.. വേഗം ആ ഒരുമ്പെട്ടോളേ അവിടുന്ന് ഇറക്കി വിടാൻ നോക്ക്..” അരുൺ ശബ്ദം ഉയർത്തി പറഞ്ഞു.

“എടാ നീ ഒന്ന് കേക്ക്… എനിക്ക് പൈസക്ക് കുറച്ച് ആവശ്യം ഉണ്ടായിരുന്നു.. അപ്പോ ഞാൻ നോക്കിപ്പോ കണ്ടുകിട്ടിയ ഒരു വഴിയാ അവൾ.. അവൾ പണിയെടുക്കണ പൈസഉണ്ടെങ്കിൽ എനിക്ക് ഒരു മാസത്തെ വീടിൻറെ വാടകയും, വീട്ട്സാധനങ്ങളും മേടിക്കാം..

അതിന് വേണ്ടി ഞാൻ കണ്ടുപിടിച്ച് എടുത്തതാ ഈ മൊതലിനെ.. അല്ലാതെ നീ കരുതുമ്പോലെയൊന്നും ഇല്ല.. കുറച്ച് നാള് കഴിഞ്ഞ് എങ്ങനെയെങ്കിലും ഇതിനെ ഞാൻ ഒഴുവാക്കും..” നിഖിൽ ചിരിച്ചുകൊണ്ട് പറഞ്ഞു.

“നീ വെറുതെ വേണ്ടാതെ പണിക്ക് നിക്കണ്ടാട്ടോ..”
അരുൺ താക്കീത് നൽകി.

“നീ ഫോൺ വച്ചിട്ട് പോയേ.. അവൾ വരാറായി..”
ഇത്രെയും പറഞ്ഞ് നിഖിൽ ഫോൺ കട്ട് ചെയ്‌തു..

ഒരു ഭിത്തിക്കപ്പുറം നിന്ന് ഇതെല്ലാം കേൾക്കുമ്പോൾ ജനനിയുടെ ഹൃദയം പൊട്ടി പോവും പോലെ അവൾക്ക് തോന്നി… താൻ വീണ്ടും ചതിക്കപ്പെട്ടിരിക്കുന്നു.. അവളുടെ

കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി.. കണ്ണുകളിൽ ഇരുട്ട് നിറഞ്ഞു.. ചെറുപ്പം മുതലേ തന്റെ വിധി ഇങ്ങനെയൊക്കെത്തന്നെയായിരുന്നു..

ജനിച്ച് ഒരു മാസം തികയും മുൻപേ അമ്മ എന്ന് പറഞ്ഞ സ്ത്രീ തന്നെ ഉപേക്ഷിച്ച് മറ്റൊരുതന്റെ കൂടെ പോയി.. പിന്നെ തന്നെ വളർത്തിയത് മുത്തശ്ശിയായിരുന്നു..

അമ്മ വേറൊരുത്തന്റെ കൂടെ പോയതറിഞ്ഞ അച്ഛൻ കുടിച്ച് ബോധമില്ലാതെയല്ലാതെ വീട്ടിലേക്ക് വരാറില്ലായിരുന്നു..

ഞാൻ വളരുന്നതിന് ഒപ്പം ,എന്റെ ശരീരവും വളരാൻ തുടങ്ങി.. അതൊന്നും മുത്തശ്ശി ശ്രദ്ധിച്ചിരുന്നില്ല.. മുത്തശ്ശിയെ കുറ്റം പറയാൻ പറ്റില്ല. മുത്തശ്ശിക്ക് നല്ല പ്രായം ചെന്നിരുന്നു..

സ്കൂളിൽ പോയിരുന്നപ്പോൾ പോലും ഞാൻ തന്നെയാണ് വച്ചുണ്ടാക്കി കൊണ്ടോയിരുന്നത്.. മുത്തശ്ശി പറഞ്ഞു തരും.. സ്കൂളിൽ എന്ന് പറഞ്ഞാൽ അഞ്ചാം ക്ലാസ് വരെ മാത്രേ ഞാൻ പോയിട്ടൊള്ളു..

പിന്നെ ഓരോ കടകളിൽ ചായ ക്ലാസ് കഴുകി കൊടുക്കാനൊക്കെ പോവും.. അപ്പോഴെല്ലാം മുതലാളിമാരുടെ കണ്ണുകൾ എന്റെ ശരീരത്തെ കുത്തിവലിക്കുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു..

പലപ്പോഴും അവർ മറ്റുള്ളവരുമായി എന്റെ ശരീരത്തെ വർണ്ണിച്ചു കളിയാക്കി ചിരിക്കും..
തിരിച്ച് എന്ത് പറയണമെന്നറിയതെ, ആരും കാണാതെ കണ്ണീരൊഴുക്കാനേ എനിക്ക് ആ പ്രായത്തിൽ സാധിച്ചിരുന്നോള്ളൂ..

കുടിച്ച നാലുകാലിൽ വരുന്ന അച്ഛനോട് പറയാനോ, കൂനി നടക്കുന്ന മുത്തശ്ശിയോട് പറയാനോ എനിക്ക് തോന്നിയില്ല…

ഒരു ദിവസം കടയിലെ ചേച്ചി സ്വകാര്യമായി എന്നോട് വന്ന് പറഞ്ഞു.. “മോളെ മുത്തശ്ശിയോട് ചോദിച്ചട്ട് ഉള്ളിലുടുന്ന ഒരെണ്ണം വാങ്ങിയിടൂ..”

അന്ന് വൈകുന്നേരം കുളികഴിഞ്ഞ് വന്ന ഞാൻ കുറെ നേരം കണ്ണാടിക്ക് മുന്നിൽ നിന്ന് , എന്നെ തന്നെ കുറെ നേരം നോക്കി..

ചേച്ചി പറഞ്ഞതിലും കാര്യമുണ്ട്.. എന്റെ കണ്ണുകൾ നിറഞ്ഞു.. ഇതൊക്കെ പറഞ്ഞ് തരാൻ എനിക്ക് എന്റെ അമ്മ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ അന്ന് ആദ്യമായി ആഗ്രഹിച്ചു… ശരീരത്തിൽ നിന്നും ആദ്യമായി

ചോരപൊടിഞ്ഞപ്പോഴും ഞാൻ എന്റെ അമ്മയുടെ സാമിഭ്യം അഗ്രഹിച്ചു..”എന്റെ അമ്മ എവിടെയാവും ?” ഞാൻ ഇടക്കൊക്കെ ചിന്തിക്കും..

ഞാൻ എന്റെ കൗമാരത്തിലേക്ക് കാലെടുത്ത് വച്ച നാളുകൾ.. എന്റെ ആദ്യ പ്രണയം.. എന്നും കടയിലേക്ക് പോവുന്ന വഴി അയാൾ എന്നെ നോക്കി ചിരിക്കുമായിരുന്നു. ആദ്യമൊന്നും ഞാൻ അത് കാര്യമാക്കിയില്ല.. ഒരു ദിവസം അയാൾ എന്റെ അരികിൽ വന്നു.

“ഇന്നലെ ഇട്ടിരുന്ന ഡ്രെസ്സ് തനിക്ക് നന്നായി ചേരുന്നുണ്ടായിരുന്നു..” ഞാൻ മറുപടിയൊന്നും പറഞ്ഞില്ല.. പകരം ഒന്ന് നോക്കി ചിരിച്ചു.. പിന്നെ ആ ചിരി പതിവായി..

ഒരു ദിവസം കടയിലേക്ക് പോകുംവഴി അയാൾ എന്റെ കൈയിലേക്ക് ബലമായി വാഴയിൽ പൊതിഞ്ഞ കുറച്ച് മുല്ല മൊട്ടുകൾ വച്ചു തന്നിട്ട് ചോദിച്ചു..”നാളെ വരുമ്പോൾ ഇത് ചൂടിയട്ട് വരുമോ?””ഉം.. ”

ആദ്യമായാണ് ഒരാൾ എനിക്ക് ഇങ്ങനെ എന്തെങ്കിലും വാങ്ങി തരുന്നത് ഞാൻ ഒന്ന് മൂളി കൊണ്ട് നടന്നകന്നു.

പിറ്റേന്ന് അയാളെ ഞാൻ വഴിയിൽ കണ്ടില്ല.. പക്ഷേ അയാൾ പതിവിലും വിവരീതമായി കടയിലേക്ക് വന്നു.. പിന്നീട് അത് ഒരു പതിവായി..

ഒടുവിൽ മുത്തശ്ശിയുടെ സമ്മതത്തോടെ അയാൾ എന്നെ വിവാഹം കഴിച്ചു. റെജിസ്ട്രർ ഓഫീസിൽ വച്ച്.. അന്നും അതിന് സാക്ഷിയാവാൻ അച്ഛനുണ്ടായിരുന്നില്ല.. ഏതെങ്കിലും കള്ളുഷാപ്പിലെ വാതിൽക്കൽ ഉണ്ടായിരുന്നിരിക്കണം..

ഞങ്ങളുടെ വിവാഹം കഴിഞ്ഞ് ഒരു മാസം തികയും മുൻപേ മുത്തശ്ശി മരിച്ചു.. അത് എന്നെ വല്ലാതെ ദുഃഖിപ്പിച്ചു.. ആ വേദനിയിൽ നിന്നും കരകേറും മുൻപേ മറ്റൊരു സത്യം എന്നെ തേടിയെത്തിരുന്നു..

എന്റെ ഭർത്താവ് എന്ന് പറയുന്നയാൾക്ക് വേറെ ഭാര്യയും കുട്ടികളും ഉണ്ടായിരുന്നത്രെ.. കൂടാതെ വേറെ സ്ത്രീകളുമായും ബന്ധം ഉണ്ടായിരുന്നു.. അങ്ങനെ അയാളുമായുള്ള ബന്ധം ഞാൻ തന്നെ അവസാനിപ്പിച്ചു..

അങ്ങനെ ഇരിക്കുമ്പോഴാണ് അയാളുടെ കുഞ്ഞ് എന്റെ ഉദരത്തിൽ വളരുന്നുണ്ടെന്ന് ഞാൻ അറിഞ്ഞത്.. അവിടെയും വിധി എന്നെ തോൽപിച്ചു.. മൂന്ന് മാസം തികയും മുൻപേ ആ കുഞ്ഞും എന്നെ വിട്ടുപോയി..

അങ്ങനെ ആകെ തളർന്ന് നിൽക്കുന്ന അവസ്ഥയിൽ ചില നല്ലവരായ നാട്ടുകാർ ഇടപെട്ട് എന്നെ ഈ മരുഭൂമിയിലേക്ക് കയറ്റിവിട്ടു..
ഇവിടെ ഒരു മലയാളി കുടുംബത്തിൽ കുഞ്ഞിനെ നോക്കാനായി ഞാൻ പോവാൻ തുടങ്ങി..

ഭാര്യയും ഭർത്താവും രണ്ട് കുട്ടികളും അടങ്ങുന്ന ഒരു സാധാരണ കുടുംബം.. അവരുടെ പരസ്പര സ്നേഹം കാണുമ്പോൾ എനിക്ക് ഇങ്ങനെ ഒരു ജീവിതം ദൈവം തന്നില്ലലോ എന്നോർത്ത് വിഷമം തോന്നും..

രാവിലെയും വൈകിട്ടും ഞാൻ നിഖിലിന്റെ ടാക്സിയിലായിരുന്നു യാത്ര ചെയ്തിരുന്നത്.. ആദ്യമൊക്കെ അവൻ എന്നോട് മിണ്ടുമ്പോൾ ഒന്ന് മടിച്ചാണ് ഞാൻ അവനോട് സംസാരിച്ചിരുന്ന്..

പിന്നെ പിന്നെ അവൻ ഞാൻ ചോദിക്കാതെ തന്നെ അവൻ അവന്റെ വീട്ടിലെ വിശേഷങ്ങൾ പറയാൻ തുടങ്ങി.. അച്ഛനമ്മമാരുടെ സ്നേഹം കിട്ടാതെ വളർന്ന എനിക്ക് ,അവൻ അവന്റെ കുടുംബത്തെ പറ്റി പറയുന്നത് കേൾക്കാൻ ഇഷ്ടം തോന്നി..

അങ്ങനെ ഞങ്ങൾ നല്ല സുഹൃത്തുക്കളായി.. ഞാൻ എന്റെ ഭൂതകാലത്തെപ്പറ്റിയൊക്കെ അവനോട് പങ്കുവച്ചു..

ഒരിക്കൽ അവൻ എന്നോട് ചോദിച്ചു.”തനിക്ക് സമ്മതമാണെങ്കിൽ, എന്റെ കൂടെ പൊന്നൂടെ നാട്ടിലേക്ക്.. എന്റെ ഭാര്യയാവാൻ..?”

ആദ്യമൊക്കെ ഞാൻ ഓരോന്ന് പറഞ്ഞ് ഒഴിഞ്ഞു.
പിന്നെ ഒരു ദിവസം അവന്റെ അമ്മയാണെന്നും, അച്ഛനാണെന്നും പറഞ്ഞ് ആരൊക്കെയോ എന്നെ വിളിച്ചു. ആ വിളി പിന്നെ പതിവായി..

അച്ഛന്റെയും അമ്മയുടെയും സ്നേഹം കിട്ടാതെ വളർന്നതുകൊണ്ടാവണം അവരുടെ ഫോൺ വിളിക്കായി എന്നും ഞാൻ കാത്തിരുന്നു.
ഒടുവിൽ ഞാൻ വിവാഹത്തിന് സമ്മതിച്ചു..
അതിനായി ഒരു ആറുമാസം സമയം അവൻ എന്നോട് ചോദിച്ചു..

പിന്നീട് എപ്പഴോ അവന്റെ നിർബന്ധത്തിന് വഴങ്ങി ഞങ്ങൾ ഒരുമിച്ച് താമസമാക്കി…അതേ അവൻ പറഞ്ഞത് മുഴുവൻ സത്യമാണ് എനിക്ക് കിട്ടുന്ന ശമ്പളത്തിൽ നിന്നുമാണ് അവൻ അവന്റെ കാര്യങ്ങൾ മുഴുവൻ നടത്തുന്നത്..

“പറ്റിക്കപ്പെടാൻ ഞാൻ നിന്ന് കൊടുക്കുവായിരുന്നോ?”എനിക്ക് മാത്രം എന്താണ് ദൈവമേ ഇങ്ങനെ ഒരു വിധി.. എന്റെ അമ്മ ഞാൻ ജനിച്ചപ്പോൾ എന്നെ ചതിച്ചു.. പിന്നെ സമൂഹവും…

അവളുടെ കണ്ണുകൾ നിറഞ്ഞ് തുളുമ്പി…
അവൾ ആ വീട്ടിൽ നിന്നും ഒന്നും പറയാതെ അവളുടെ ബാഗും എടുത്ത് ഇറങ്ങി…

ഒന്നാർത്താൽ ഇവൻ എന്റെ പണം മാത്രേ എടുത്തൊള്ളൂ.. ശരീരത്തെ വെറുതെ വിട്ടു.. അതിനോട് ദൈവത്തോട് നന്ദി പറഞ്ഞ് പുഞ്ചിരിച്ചു കൊണ്ട് അവൾ എങ്ങോട്ടെന്നില്ലാതെ നടന്നു..

നമ്മൾ ഒരാളെ കീറി മുറിക്കുമ്പോൾ അവർ എങ്ങനെയാണ് ഇങ്ങനെയായത് എന്ന് ഒരിക്കലും ചിന്തിക്കാറില്ല.. സമൂഹം തന്നെയാവാം അവരെ ഓരോ കുഴികളിൽ കൊണ്ടുചെന്ന് ചാടിക്കുന്നത്.. എന്നിട്ട് ചുറ്റും കൂടി നിന്ന് അത് കണ്ട് ചിരിക്കും..

ഒരിക്കലും രക്ഷിക്കാൻ ശ്രമിക്കാറില്ല.. നല്ലതും, ചീത്തയും പറഞ്ഞ് കൊടുക്കാറില്ല.. ചിലരുടെ ജീവിതസാഹചര്യങ്ങളാവും അവരുടെ ജീവിതത്തെ മാറ്റിമറക്കുന്നത്.. അതിന് സമൂഹവും കാരണമാവുന്നു..

Leave a Reply

Your email address will not be published. Required fields are marked *