കയ്യൊപ്പ്
(രചന: Sebin Boss J)
“” ചെറുക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ അവർ സംസാരിക്കട്ടെ. നമുക്ക് മറ്റ് കാര്യങ്ങൾ തീരുമാനിക്കാം “”
കൃഷ്ണേട്ടൻ പറയുന്നത് കേട്ടപ്പോൾ ചായ വെച്ചിട്ട് കയ്യിൽ ട്രേയുമായി ഹാളിലേക്കുള്ള വാതിൽപ്പടിയിൽ നിന്നിരുന്ന ടെസ്സി യാന്ത്രികമായി പുറകോട്ട് നീങ്ങി .
” വേറൊരു പെണ്ണിനെ കാണാൻ വന്നതാണ് , ഇവിടെ വന്നപ്പോഴാണ് ടെസ്സിയുടെ കാര്യം ഓർത്തത് , ഒന്ന് വന്നു കണ്ടോട്ടേ”യെന്ന് അമ്മയോട് ചോദിച്ചപ്പോൾ വേണ്ടായെന്ന് പറഞ്ഞതാണ് , തന്നെ കാണാനായി വന്നതല്ലല്ലോ .
ആ ചിന്തയുടെ കൂടെ ബ്രോക്കർ കൃഷ്ണേട്ടന്റെ കൂടെ വന്ന ആളെ കണ്ടതും ആകെ ഷോക്കായി
ജോ ..ജോഷ്വാ …അവന് അറിയില്ലേ ഇത് തന്റെ വീടാണെന്ന് .ഡൈനിംഗ് ടേബിളിൽ ആഹാരം നിരത്തി വെക്കുന്ന അമ്മയെ ഒന്ന് നോക്കിയിട്ടവൾ തന്റെ മുറിയുടെ മുന്നിലെത്തി തിരിഞ്ഞ് ജോഷ്വാ വരുന്നുണ്ടോയെന്ന് നോക്കിയിട്ട് അകത്തേക്ക് നടന്നു .
“‘ ഓ … അയാൾക്കും പിടിച്ചില്ലേ ചേച്ചിയെ ? എന്നാ പെട്ടന്നിങ്ങു പോന്നെ ? “” അകത്ത് കുഞ്ഞിന് പാല് കൊടുക്കുകയായിരുന്ന അനിയത്തിയുടെ ചോദ്യം ടെസ്സിയുടെ പുറകിലുണ്ടായിരുന്ന ജോഷ്വായുടെ തലവെട്ടം കണ്ടതും മുറിഞ്ഞു .
അനിഷ്ടത്തോടെയിരുന്ന മുഖത്ത് ഒരു ചിരി വരുത്തിക്കൊണ്ടവൾ കുഞ്ഞിനേയും എടുത്ത് പുറത്തു കടന്നപ്പോൾ ജോഷ്വാ ഉള്ളിലേക്ക് കയറി .
“” ജോ …ഇത് വേണ്ടായിരുന്നു ?”” അവൻ അകത്തു കയറിയതേ ടെസ്സി പറഞ്ഞു .”‘ എന്താണ് മാഡം ? എന്നെ ഇഷ്ടപ്പെടാഞ്ഞിട്ടാണോ, അതോ ഒരു വെറും പീയൂൺ വില്ലേജോഫീസറെ പെണ്ണ് കാണാൻ വന്നതിഷ്ടമായില്ലാഞ്ഞിട്ടോ ?”’
“‘ നോക്ക് ജോ… നിന്റെ സംസാരത്തിൽ ഇപ്പോൾ തന്നെയുണ്ട് ഒരുതരം അപകർഷതാബോധം . “”
“‘ഹഹഹ … മാഡം എന്നുള്ള വിളി കേട്ടാണോ ? പരസ്പരം ടീച്ചർ , സാർ എന്ന് വിളിക്കുന്ന എത്രയോ ടീച്ചേർസ് ഫാമിലി ഉണ്ടെന്ന് മാഡത്തിന് അറിയാമോ ? . എനിക്കൊരു അപകർഷതയുമില്ല . കാരണം മാഡം ആണ് പെണ്ണെന്ന് അറിഞ്ഞിട്ട് തന്നെയാണ് ഞാൻ ഇങ്ങോട്ട് വന്നത് . “”
ടെസ്സിയുടെ കണ്ണുകളിൽ ചെറിയൊരു തിളക്കം മിന്നി മറഞ്ഞു ..”‘മാഡം ആണ് കൂടപ്പിറപ്പുകളെ ഒരു കരക്കെത്തിച്ചതെന്ന് കൃഷ്ണേട്ടൻ പറഞ്ഞു . അമ്മയും എന്നെ കഷ്ടപ്പെട്ടാണ് പഠിപ്പിച്ചത് . ആ കഷ്ടപ്പാട് എനിക്കും അറിയാം . അപ്പോൾ എന്നെപ്പോലൊരാൾ …അങ്ങനെയേ ഞാൻ കരുതിയിട്ടുള്ളൂ . ചേരുംപടിയാണല്ലോ ചേരേണ്ടത് .””
“‘പക്ഷെ ജോ പീയൂൺ ..”'”‘ കാപ്പിയെടുത്തു മോളെ ..”” അമ്മയുടെ ശബ്ദം പുറത്തു കേട്ടതും ടെസ്സി പറയാൻ വന്നത് നിർത്തിയിട്ട് ജോയെ നോക്കിയപ്പോഴേക്കും ജോ വെളിയിലേക്ക് നടന്നിരുന്നു .
“‘ ചേട്ടൻ ചേച്ചീടെ ഓഫീസിൽ പീയൂൺ ആണല്ലേ ? ”’ അല്പം പുച്ഛത്തോടെയുള്ള അനിയത്തി ജെസ്സിയുടെ ചോദ്യം ജോഷ്വായിൽ ചമ്മലല്ല ചിരിയാണുണർത്തിയത്.
“‘ജെസ്സി ജോലി ചെയ്യുന്നുണ്ടോ ?”'”‘ഇല്ല …ഇച്ചായന് വിടാൻ ഇഷ്ടമല്ല “‘അല്പം അഭിമാനത്തോടെ അവൾ അടുത്തിരിക്കുന്ന ഹസ്ബൻഡ് റോബിനെ നോക്കി പറഞ്ഞു .
“” മാഡം ..മാഡം കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണത്തിന്റെ ഒരു ഭാഗം വെയ്സ്റ്റായി “” ജോഷ്വാ ടെസ്സിയെ നോക്കിപ്പറഞ്ഞപ്പോൾ അവൾ എന്തെന്ന ഭാവത്തിൽ ജോഷ്വായെ നോക്കി .
“‘ ചെറുപ്പം മുതൽ കഷ്ടപെടുന്നത് സഹോദരങ്ങൾക്ക് വേണ്ടിയല്ലേ ? അതിനു വേണ്ടിയല്ലേ എല്ലാ ഭാരങ്ങളും തീർത്തിട്ട് കല്യാണം മതിയെന്ന് തീരുമാനിച്ചതും .
പൈസ മുടക്കി അനിയത്തിയെ പഠിപ്പിച്ചിട്ട് എന്ത് ഫലമുണ്ടായി ? അവൾ ജോലിക്കു പോകുന്നില്ല . വെറുതെ ആ ക്യാഷ് വെയ്സ്റ്റ് ആയി . പത്താം ക്‌ളാസ് തന്നെ ധാരാളമായിരുന്നു .”‘
“‘ നിങ്ങൾ പെണ്ണ് കാണാൻ വന്നതല്ലേ ഉള്ളൂ . കല്യാണം തീരുമാനിച്ചിട്ട് പോലുമില്ല അതിന് മുൻപ് ഭരിക്കാൻ നോക്കുന്നോ ?”” ടെസ്സിയുടേ അനിയൻ കിരണിന്റെയായിരുന്നു ശബ്ദം .
“‘അനിയൻ ഇപ്പോളെന്ത് ചെയ്യുന്നു ?””” ഞാൻ എന്തേലും ചെയ്യട്ടെ ..അതിന് നിങ്ങൾക്കെന്താ ? “” മറുപടി ചോദ്യമായപ്പോൾ കിരണിനത് ഇഷ്ടപ്പെട്ടില്ല .”‘അവൻ എൻജിനീയറിങ് കഴിഞ്ഞു നിക്കുവാ മോനെ “” ടെസ്സിയുടെ അമ്മ
“‘ എന്താ ജോലിക്കൊന്നും അപ്ലൈ ചെയ്തില്ലേ ? ക്യാംപസ് റിക്രൂട്ട്മെന്റോക്കെ ഉണ്ടല്ലോ ഇപ്പോൾ “‘
“‘ കിട്ടിയാരുന്നു …പോയില്ല . വെറുതെ വെയില് കൊള്ളുന്നത് മിച്ചം ,അത്ര സാലറി ഒന്നുമില്ലായിരുന്നു”” കിരൺ അലസഭാവത്തിൽ പറഞ്ഞു .
”’ അവൻ ഗൾഫിൽ പോകാൻ നോക്കുവാ മോനേ “‘ വീണ്ടും ടെസ്സിയുടെ അമ്മ .”‘ ഗൾഫിൽ വെയിൽ ഒന്നുമില്ലായിരിക്കും അല്ലെ ? ഏസിയിലാണോ ജോലി ? എവിടെ ചെന്നാലും ഓരോ ജോലിക്കും അതിന്റേതായ ബുദ്ധിമുട്ടുകൾ ഉണ്ട് കിരൺ . നിന്റെ ചേച്ചിക്ക് പ്രായം മുപ്പത്തിയഞ്ചായില്ലേ .
ഈ ആലോചന നടക്കില്ല , എനിക്കറിയാം .. എന്നാലും പറയുവാ .. മാഡത്തിന്റെ കല്യാണം കഴിഞ്ഞാൽ പിന്നെ ഈ വീടിന്റെ ഭാരം മുഴുവൻ നിന്റെ ചുമലിൽ ആയിരിക്കും .
ഇപ്പോഴേ എന്തെങ്കിലും ജോലിക്ക് ട്രൈ ചെയ്താൽ നിനക്കൊരു എക്സ്പീരിയൻസും ആകും മാഡത്തിന്റെ ഭാരം കുറയുകയും ചെയ്യും . .അതിൽ മടിയൊന്നും വിചാരിക്കണ്ട . ഗൾഫിൽ ചെന്നാലും എക്സ്പീരിയൻസ് വേണ്ടി വരും . പറഞ്ഞപോലെ ഒരനിയനേം അനിയത്തീനേം കണ്ടില്ലല്ലോ “” ജോഷ്വാ ചുറ്റിനും നോക്കി .
“‘ ബെറ്റ്സി കോളേജിൽ നിന്ന് ടൂർ പോയേക്കുവാ , മിഥുൻ ഫ്രണ്ടിന്റെ പെങ്ങളുടെ വിവാഹ നിശ്ചയത്തിനും “”” അമ്മയാണതിനും ഉത്തരം പറഞ്ഞത് .
“‘ മിഥുൻ നേരത്തെ പോയോ ? അതോ ഞങ്ങൾ വരുന്നെന്ന് പറഞ്ഞു കഴിഞ്ഞോ ?”’ ജോഷ്വാ ടെസ്സിയെ നോക്കി .
“‘ ഇല്ല ..അവനിപ്പോൾ പോയതേ ഉള്ളൂ .ഒരു കൂട്ടുകാരന്റെ കൂടെ “‘”‘അവനറിയില്ലായിരുന്നോ ഞങ്ങൾ വരുന്നെന്ന് . അതോ സ്വന്തം പെങ്ങളുടെ കാര്യത്തേക്കാൾ വലുതാണോ വല്ലവന്റെയും പെങ്ങൾ ..”‘
”അതിന് കല്യാണം ഉറപ്പിക്കാനൊന്നുമല്ലല്ലോ വന്നത് . വെറുതെ പെണ്ണ് കാണാൻഅല്ലെ ?”’ കിരൺ പുച്ഛത്തോടെ ജോഷ്വായെ നോക്കി
“‘ കല്യാണം നടക്കില്ലന്ന് നീ നേരത്തെ തന്നെ ഉറപ്പിച്ചോ ? എനിക്ക് ഇഷ്ടമാണ് മാഡത്തെ . സമ്മതമാണെങ്കിൽ കൃഷ്ണേട്ടനോട് പറയൂ “” ജോഷ്വാ എഴുന്നേറ്റു വാഷ് ബേസിനിലേക്ക് നടന്നു .
“” മാഡം … വിളി കേട്ടില്ലേ . എന്നിട്ട് യാതൊരു ഉളുപ്പുമില്ലാതെ മേലുദ്യോഗസ്ഥയെ പെൺ കാണാൻ വന്നിരിക്കുന്നു “” കിരണിന് ദേഷ്യം അടക്കാനായില്ല .
“” സാറെ .. പൈസയായിട്ടൊന്നുമില്ല . സ്വർണമായിട്ട് എട്ടുപത്തു പവൻ തരും . പിന്നെ … പിന്നെ ഇവർക്കൊരു ഡിമാൻഡ് കൂടിയുണ്ട് “” എങ്ങനെയേലും കല്യാണം നടന്നാൽ കിട്ടുന്ന കമ്മീഷൻ ഓർത്തു കൃഷ്ണേട്ടൻ സിറ്റുവേഷൻ മനസ്സിലാക്കാതെ അടുത്ത കാര്യം എടുത്തിട്ടു .
“‘ എന്തായത് കൃഷ്ണേട്ടാ ?”’ ജോഷ്വാ തിരികെ ടേബിളിനടുത്തെത്തി ടെസ്സിയെ നോക്കി . അവൾ ഒന്നും മിണ്ടാതെ തല കുനിച്ചു .
“” സാറിനറിയാല്ലോ , മാഡത്തിന്റെ വരുമാനം കൊണ്ടാണ് ഈ കുടുംബം കരകേറിയത് . ഇനിമുണ്ട് ഇളയത്തുങ്ങള് . അവരുടെ പഠിത്തവും മറ്റു കാര്യങ്ങളും …അത് കൊണ്ട് …”’ കൃഷ്ണേട്ടൻ തെല്ലു പരുങ്ങലോടെ കാര്യം പറഞ്ഞു തുടങ്ങി .
“‘അത് കൊണ്ട് ? “” ജോഷ്വാ അയാളെ നോക്കി .”‘ സാറെ .. മാഡത്തിന്റെ ശമ്പളത്തിന്റെ പാതി ഇവിടെ കൊടുക്കണം . , ഏലിക്കുട്ടി ചേച്ചിക്ക് പ്രായമായില്ലേ ? ചേച്ചി പശൂനെ വളർത്തിയും മറ്റുമാ ഇവരെ ഇതുവരെ ആക്കിയത് ….””‘
“‘സാധ്യമല്ല … അമ്മ വേണമെങ്കിൽ എന്റെ വീട്ടിൽ വന്നു നിൽക്കട്ടെ . കൊച്ചു പിള്ളേരൊന്നുമല്ലലോ . മൂത്തവന് നോക്കാവുന്നതേയുള്ളു ഇളയതുങ്ങളുടെ കാര്യം …”‘ ജോഷ്വാ എടുത്തടിച്ച പോലെ പറഞ്ഞതും കിരൺ കസേര പുറകോട്ട് വലിച്ചെണീറ്റു .
“‘ ഇറങ്ങടാ എന്റെ വീട്ടിൽ നിന്ന് . പെണ്ണ് കാണാൻ വന്നവൻ ഭരിക്കുന്നോ ?….””‘പുറകിൽ നിന്ന് കിരണിനെ പിടിക്കുന്ന അമ്മയെയും ടെസ്സിയെയും ഒന്ന് നോക്കിയിട്ട് ജോഷ്വാ ചെറുപുഞ്ചിരിയോടെ പുറത്തേക്ക് നടന്നു .”” മാഡം …ചായ ….””‘”‘അവിടെ വെച്ചേക്കൂ
പിറ്റേന്ന് ജോഷ്വായുടെ ശബ്ദം കേട്ടതും നോക്കിക്കൊണ്ടിരുന്നു ഫയലിൽ നിന്ന് കണ്ണുയർത്താതെ ടെസ്സി പറഞ്ഞു . . അയാളെ അഭിമുഖീകരിക്കാൻ അവൾക്കെന്തോ മടിയായിരുന്നു .
“‘ചേച്ചീ … കളക്ടർ ടിബിയിൽ വന്നിട്ടുണ്ട് . പട്ടയത്തിന്റെ ഫയലൊക്കെയായിട്ട് അങ്ങോട്ട് ചെല്ലാൻ രമേഷ് സാർ പറഞ്ഞു . . മന്ത്രിസഭയുടെ തീരുമാനം പട്ടയം പെട്ടന്ന് കൊടുക്കണമെന്നല്ലേ . ഇതിപ്പോ മുന്നറിയിപ്പില്ലാതെ വന്നല്ലോ . പുതിയ ആളും . നല്ല സ്ട്രിക്റ്റ് ആണെന്നാ രമേശ് സാർ പറഞ്ഞു കേട്ടത് ?””
ക്ലർക്ക് രാധിക ക്യാബിനിലേക്ക് വന്നപ്പോൾ ചിന്തയിൽ നിന്നുണർന്നു .
“‘ രാധികേ … നീയും കൂടെ വാ . മോഹനേട്ടനോട് ആ പട്ടയത്തിന്റെ ഫയലൊക്കെ എടുത്തു വെക്കാൻ പറയ് “”””””’ ശെരി ചേച്ചി …”‘ രാധിക പുറത്തേക്കിറങ്ങി . ടെസ്സിയുടെ ഏറ്റവുമടുത്ത കൂട്ടുകാരിയുടെ അനിയത്തി ആണ് രാധിക . അത് കൊണ്ട് തന്നെ ടെസ്സിക്ക് രാധിക സ്വന്തം അനിയത്തിയെ പോലെയാണ് .
“‘ചായ കുടിക്കുന്നില്ലേ മാഡം ? ടീബിയിൽ പോയാൽ എപ്പോ തിരിച്ചു വരുമെന്ന് കരുതിയാണ് ?”’
“‘ വേണ്ട മോഹനേട്ടാ .. ആ ഫയലൊക്കെ എടുത്തു വെക്കൂ . കളക്ടർ വെയിറ്റ് ചെയ്യുവല്ലേ “”
കബോർഡിൽ നിന്ന് അപേക്ഷകളും മറ്റ് പേപ്പേഴ്സും ഒക്കെ എടുത്തു ടെസ്സി പെട്ടന്ന് തന്നെ റെഡിയായി .
“‘ചേച്ചി …. മുൻപേ നടക്ക് . എനിക്കാകെ ഭയമാണ് “” കാറിൽ നിന്നിറങ്ങി ടിബിയിൽ കളക്ടറുടെ മുറിയിലേക്ക് നടക്കുമ്പോൾ രാധിക ടെസ്സിയുടെ പുറകിൽ പമ്മി .
“”‘ യെസ് ..കം ഇൻ “” വാതിലിൽ മുട്ടിയപ്പോൾ അകത്തു നിന്നും ഗാംഭീര്യമുള്ള ശബ്ദം മുഴങ്ങി .
“” മാഡം … രാഷ്ട്രീയ ശുപാർശകളുടെ ആധിക്യം മൂലം അർഹതപ്പെട്ടവർക്ക് ഒരിക്കലും പട്ടയം നിക്ഷേധിക്കരുത് . മൂന്നും നാലും സെന്ററിൽ വീട് കെട്ടി താമസിക്കുന്നവർ , അവരുടെ ലിസ്റ്റ് വേണം ആദ്യം എടുക്കാൻ . “‘
ഫയൽ നോക്കിക്കൊണ്ടിരിക്കെ കളക്ടർ അവരോട് പറഞ്ഞു .”‘അടുത്ത ഞായർ മിനിസ്റ്റർ വരുന്നുണ്ട് പട്ടയമേളക്കായി . അന്നേരത്തേക്കും എല്ലാം റെഡി ആകുമല്ലോ അല്ലെ . ഇവിടെ സ്‌കൂളിൽ ആണ് നടത്താനുദ്ദേശിക്കുന്നത് . അതിന്റെ മേൽനോട്ടത്തിന് മാഡം ആദ്യം മുതൽ ഉണ്ടാവണം .””
“‘ശെരി സാർ ..”” ടെസ്സി ചിരിച്ചു .”” രാധിക ..അല്ലെ . ? രാധിക മാഡത്തിന്റെ കൂടെ ഉണ്ടാവണം .”” കളക്ടർ രാധികയെ നോക്കി പറഞ്ഞപ്പോൾ അവൾ അമ്പരന്നു . കളക്ടർക്ക് തൻറെ പേര് ? കളക്ടർ എന്താണ് ചേച്ചിയെ മാഡം എന്ന് ?…””‘
“‘രാധിക എന്താണ് ആലോചിക്കുന്നത് . ഞാൻ എന്താണ് മാഡം എന്ന് വിളിക്കുന്നതെന്നാണോ ? ഞാനൊരു സാധാരണ കുടുംബത്തിലെ അംഗമാണ് .
അമ്മ മാത്രമുള്ള കുടുംബത്തിൽ ഹൈസ്‌കൂൾ മുതൽ പത്രവിതരണവും മറ്റും നടത്തിയും പ്രീഡിഗ്രി കഴിഞ്ഞപ്പോൾ പത്രവിതരണത്തിന്റെ കൂടെ ട്യൂഷൻ എടുത്തും മാറ്റ് പണികൾ ചെയ്തുമാണ് ഞാൻ പഠിച്ചത് . ആദ്യം ജോലി കിട്ടിയത് മാഡത്തിന് കീഴിൽ പീയൂൺ ആയിട്ടാണ് . ഇപ്പോൾ മനസ്സിലായോ ഞാൻ എന്താണ് മാഡം എന്ന് വിളിക്കുന്നതെന്ന് “”’
അത് കേട്ടതും രാധികക്ക് വിശ്വസിക്കാനായില്ല .”‘ പിന്നെ എങ്ങനെ സാർ …”'”‘കളക്ടറായെന്ന് അല്ലെ ? .. ജോലിയോടൊപ്പം ഈവനിംഗ് ക്‌ളാസിൽ വീണ്ടും ഉപരി പഠനം . കിട്ടുന്നതൊക്കെയും വായിക്കും .
അങ്ങനെ സിവിൽ സർവീസ് എഴുതി . ആദ്യ തവണ പരാജയപ്പെട്ടെങ്കിലും എന്റെ വൈഫിന്റെ മോട്ടിവേഷൻ കൊണ്ട് അടുത്ത പ്രാവശ്യം സിവിൽ സർവീസ് എഴുതിയെടുത്തു . “”’
“‘ ചേച്ചീ … ഒരു കാര്യം ചോദിച്ചോട്ടെ “”
അന്ന് വൈകുന്നേരം ഓഫീസിൽ നിന്നിറങ്ങി ബസ് സ്റ്റോപ്പിലേക്ക് നടക്കവേ ടെസ്സിയുടെ പുറകെ രാധിക ഓടിയെത്തി .
“‘എന്താ രാധികേ ?”””‘ ചേച്ചിയെ പണ്ട് പെണ്ണ് കാണാൻ ഒരു പീയൂൺ വന്നിരുന്നു എന്ന് മീനുച്ചേച്ചിപറഞ്ഞു കേട്ടിട്ടുണ്ട് . അത് ..അതീ കളക്ടർ ആണോ ?”’
“‘അതേ …”’ ടെസ്സി പുഞ്ചിരിച്ചു . അവളുടെ മുഖത്തെ ഭാവം വായിച്ചെടുക്കുവാൻ രാധികക്കായില്ല
“‘ശ്ശ്യോ … അന്ന് കല്യാണം കഴിച്ചാൽ മതിയരുന്നല്ലേ …””‘ രാധിക പറഞ്ഞു തീർന്നതും ഒരു കാർ മുന്നിലേക്ക് പോയിട്ട് പോയിട്ട്അവരുടെ അടുത്തേക്ക് റിവേഴ്‌സ് വന്നു നിന്നു
“‘അയ്യോ .. കളക്ടർ .എന്നാ ആയുസാ “‘ രാധിക പിന്നെയും ടെസ്സിയുടെ പിന്നിൽ പമ്മി” എന്ത് പറ്റി ? വണ്ടി റിപ്പയറാണോ ?”'”‘അതേ … വർക് ഷോപ്പിലാണ് .നാളെയെ കിട്ടൂ “””‘ ഓഹ് !! ഞാൻ കൊണ്ട് പോയി വിടണോ ?”’
“‘ ചേച്ചീ .. കളക്ടർക്ക് ഇപ്പോഴും പണ്ടത്തെ സിമ്പതി ഉണ്ടെന്നാ തോന്നുന്നേ ..ചെല്ല് ചെല്ല് “”രാധിക പുറകിൽ നിന്ന് പിറുപിറുത്തൊണ്ട് ടെസ്സിയെ നുള്ളി .
“” വേണ്ട … ഞാൻ ഓട്ടോക്ക് പൊക്കോളാം . മോളെയും കൂട്ടണം ഡേ കെയറിൽ നിന്ന് “””‘ ഓക്കേ .. “‘ കളക്ടർ ഗ്ലാസ് മുകളിലേക്ക് കയറ്റിയതും ടെസി ഡോറിൽ തട്ടി .
“‘എന്താണ് മാഡം ?”” കളക്ടർ ജോഷ്വാ ടെസ്സിയെ നോക്കി .”‘ നാളെ കിരണൊക്കെ വരുന്നുണ്ട് . ഇച്ചിരി പച്ചമീൻ മേടിക്കണെ ”
“‘കരിമീൻ തന്നെ മേടിച്ചേക്കാം . അല്ലേൽ അളിയൻ പെങ്ങടെ വീട്ടിൽ ഊണ് കഴിക്കാതിരുന്നാലോ “” ജോഷ്വാ ചിരിച്ചു .
“‘ വേണ്ട ജോ ..കളിയാക്കണ്ട ട്ടോ . അവൻ പഴേ കിരണല്ല . .എല്ലാരേം പേടിപ്പിച്ചു നേർവഴിക്ക് നടത്തീട്ട് … ഹും “”
“” ഹഹ .. ദേണ്ടെ രാധിക അമ്പരന്നു നിൽക്കുന്നു . നിന്റെ ചേച്ചി ഒന്നും പറഞ്ഞില്ലേ ? ഉറ്റ കൂട്ടുകാരിയെ പീയൂൺ തന്നെ കെട്ടിയെന്ന് “””‘ഇല്ലാ …. പെണ്ണ് കാണാൻ വന്നെന്നെ എനിക്കറിയൂ …”’
“‘ ശ്ശ്യോ ..അകെ നാണം കെട്ടു . ചേച്ചിക്കെങ്കിലും പറയാമായിരുന്നു കേട്ടോ . പിന്നെ എങ്ങനെ കല്യാണം കഴിച്ചു ചേച്ചി “‘ കളക്ടറുടെ കാർ മറഞ്ഞതും രാധിക്കകാംഷ അടക്കാനായില്ല .
“‘ദൈവത്തിന്റെ കയ്യൊപ്പ് എന്നൊന്നുണ്ട് മോളെ . അത് നമ്മളിൽ എല്ലാവരിലും പതിഞ്ഞിട്ടുണ്ടാകും . ചേരേണ്ടവരെയാണ് ദൈവം ചേർക്കൂ . അൽപം ദേഷ്യക്കാർക്ക് സൗമ്യ മനസ്സുള്ളവരെയും ,
തണുപ്പൻ മറ്റുള്ളവർക്ക് മിടുക്കുള്ള ജീവിത പങ്കാളിയെയും ഒക്കെ . എന്റെ ജീവിതത്തിനും കഷ്ടപ്പാടിനും ഒരു ഫലമുണ്ടായത് ജോയെ വിവാഹം കഴിച്ചതിന് ശേഷമാണ് “‘
“‘അപ്പൊ ചേച്ചി അന്ന് തന്നെ വിവാഹത്തിന് സമ്മതിച്ചോ ? വീട്ടുകാരെല്ലാം എന്ത് പറഞ്ഞു ?”’
“”‘ പിറ്റേന്ന് ഓഫീസിൽ ജോ എനിക്ക് ചായ കൊണ്ട് വന്ന് തന്നിട്ട് തിരികെ പോകാൻ നേരം ഞാൻ സമ്മതം പറഞ്ഞു . ചില തീരുമാനങ്ങൾ നമ്മൾ എടുക്കേണ്ടതാണ് മോളെ , വീട്ടുകാരല്ല .അവരുടെ സമ്മതവും നോക്കണം എന്ന് മാത്രം . .
വിവാഹം കഴിക്കേണ്ടവർ അല്ലെ പരസ്പരം സംസാരിച്ചു തീരുമാനം കൈക്കൊള്ളേണ്ടത് ? പണമോ പദവിയോ നോക്കിയല്ല വിവാഹം കഴിക്കേണ്ടത് . നമ്മളെ മനസിലാക്കുന്ന, സ്നേഹിക്കുന്ന ആളെ ആവണം. വിഷമത്തിൽ കൈപിടിച്ച് നടക്കുന്ന ആശ്വസിപ്പിക്കുന്ന ആളാവണം ,
തകർച്ചയിൽ നിന്ന് കൈ പിടിച്ചുയർത്തുന്ന ആളാവണം , അല്ലാതെ കുറ്റപ്പെടുത്തുന്ന ആളാവരുത് നമ്മുടെ ജീവിത പങ്കാളി . അക്കാര്യത്തിലൊക്കെ ഞാൻ ഭാഗ്യവതിയാണ് “”‘ ടെസ്സി കഴുത്തിൽ കിടന്ന താലി വിരലിൽ കൊരുത്തു . “”’