വിലൈമകൾ
രചന: തസ്യ ദേവ
വെറ്റില കറ പുരണ്ട ആ ദന്തങ്ങൾ ഇപ്പോഴും എന്നിൽ ആഴ്ന്നിറങ്ങുന്നു….വെറ്റില കറയിൽ ചുവന്നു കയറിയ നാവും ചുണ്ടുകളും ഇനി പതിയാൻ എന്നിൽ ഒരിടവും ബാക്കിയില്ല….
എന്നിലേക്ക് ആഴ്ന്നിറങ്ങി കിതപ്പകറ്റി എന്റെ നേർക്ക് വശളച്ചിരിയോടൊപ്പം കുറച്ചു നോട്ടുകെട്ടുകളും എറിഞ്ഞു നൽകി വാതിൽ കടന്നു പോകുന്ന രൂപത്തെ യാതൊരു ഭാവവും കൂടാതെ നോക്കി കിടന്നു….
“ആരണയാൾ…?”” പേരെന്താണ്…?””ഇനി എന്നെ തിരക്കി അയാൾ വരുമോ…?”ഇവിടെ ചോദ്യങ്ങൾ മാത്രമേ ഉള്ളു….ഉത്തരങ്ങൾ ഇല്ല…
നഗ്നമായ ദേഹം ബെഡിൽ നിന്നുയർത്തി അയാളുടെ ഉയർന്ന വികാരത്തള്ളിച്ചയിൽ പറിച്ചെറിയപ്പെട്ട വസ്ത്രം ആ മുറിയുടെ പലകോണിൽ നിന്ന് എടുത്തു…ഒന്നു ദേഹം നനക്കണം…അയാളുടെ വെറ്റില കറയുടെ മണമുള്ള തുപ്പൽ അതിന്റെ ഗന്ധം എന്നിൽ പൊതിഞ്ഞിരിക്കുന്നു…
കുറെ നേരമായി ആരുടെ ഒക്കെയോ മുന്നിൽ നഗ്നയായി അല്ലെ നിന്നത് കട്ടിൽ ചുവട്ടിൽ നിന്നും ഷവറിൻ
ചുവടുവരെ എന്തിനാണ് ഇനി ഒരു പൊതിഞ്ഞുകെട്ടൽ ….കൈയിലിരുന്ന തുണിപൊതിഞ്ഞു കൂട്ടി അടുത്തുള്ള ബക്കറ്റിലേക്ക് എറിഞ്ഞു…
ഷവറിൻ ചുവട്ടിലേക്ക് പോകും മുന്നേ ആ ഭിത്തിയിൽ പതിച്ചിരിക്കുന്ന നിറം മങ്ങിയ കണ്ണാടിയിൽ ഞാൻ എന്നെ തന്നെ നോക്കി…
” നിന്റെ മുലക്കണ്ണുകൾ എന്നെ ഭ്രാന്തൻ ആക്കുന്നു…”
ഇന്ന് വന്നുപോയവരിൽ ഒരാൾ പറഞ്ഞതാണ് …അവന്റെ ഭ്രാന്തിന്റെ അടയാളം ആ കറുത്ത വട്ടത്തിനു ചുറ്റും ചോരപ്പാടായി കിടക്കുന്നു…
അതു കഴിഞ്ഞുള്ള ആൾക്ക് വേണ്ടിയിരുന്നത് എന്റെ പൊക്കിൾ ചുഴി ആയിരുന്നു…അവിടെ അവൻ സിഗരറ്റ് കുത്തിയാണ് ആസ്വദിച്ചത്…പച്ചമാംസത്തിൽ കനൽ
കിനിഞ്ഞിറങ്ങുമ്പോൾ കണ്ണുകൾ നീറിപ്പുകഞ്ഞു അതിൽ നിന്നുതിർന്ന വെള്ളത്തിന് അയാളുടെ ഏത് വികാരത്തെ ആണ് ചൂട് പിടിപ്പിക്കാൻ സാധിച്ചത്……
പക്ഷെ ഇന്ന് അവസാനം വന്നു പോയ ആൾ മാന്യൻ ആണ് അയാൾക്ക് എന്നെ മുഴുവൻ ആയും വേണ്ടിയിരുന്നു…ഇനി ഒരു അണു പോലും ബാക്കിയില്ല ആ കൈകളും പല്ലുകളും ചുണ്ടുകളും പതിയാത്തിടം…
പലകൈകൾ കൈമറിഞ്ഞു മാറിടങ്ങൾ തൂങ്ങി തുടങ്ങി…അമ്മിഞ്ഞ പൊഴിക്കാതെ ഇടിഞ്ഞു തുടങ്ങിയ മാറിടങ്ങൾ…വയറുകൾക്ക് തലങ്ങും
വിലങ്ങും പാടുകൾ…അവ തലങ്ങനെയും വിലങ്ങനെയും കുഴിഞ്ഞും ഉണ്ട്…ഒരു കുഞ്ഞിന് ജൻമം നൽകാതെ മാറ്റങ്ങൾ ഏറ്റുവാങ്ങിയ വയറിടുക്കുകൾ…” തേടിവര ആള് എണ്ണം കമ്മി ആയിരുക്കു?”
ഭാനു അക്കായുടെ വാക്കുകൾ ഞെട്ടലോടെ ആണ് കേട്ടത്…അതേ ചുളിവ് വീണു തുടങ്ങിയിരിക്കുന്നു…അതു മാത്രമോ പെട്ടന്ന് തന്നെ മടുത്തു തുടങ്ങുന്നും ഉണ്ട്…പണ്ട് മണിക്കൂറുകളോളം നീണ്ടു നിന്ന സുഖിപ്പിക്കൽ ഇന്ന് ദൈർഘ്യം കുറഞ്ഞിരിക്കുന്നു…
” സോനാഗച്ചി” സ്വർണ്ണം കായ്ക്കുന്ന മരങ്ങളുടെ നാട്…ഇവിടെ ഉള്ള ഓരോ പെണ്ണുടലുകളും ഓരോ സ്വർണ്ണമരങ്ങൾ ആണ്…..കാലത്തിന്റെ ഓട്ടപ്പാച്ചിലിൽ വരണ്ടുഉണങ്ങിയ ഫലങ്ങൾ കിളിർക്കാത്ത മരങ്ങളെ വെട്ടിമാറ്റുക തന്നെ ചെയ്യും…
ആ ഒരു നിമിഷത്തെ എത്രത്തോളം വൈകിക്കമോ അത്രയും വൈകിക്കും….ചുണ്ടിലും മുഖത്തും ഒട്ടിച്ചു ചേർക്കുന്ന ചായ്ക്കൂട്ടുകളുടെ കട്ടികൂടൽ ഈ സമയം വൈകിപ്പിക്കാൻ വേണ്ടി ഉള്ള
ശ്രെമത്തിന് ഭാഗം തന്നെയാണ്….ഇനി ഞാനും എന്റെ ചായകൂട്ടുകളുടെ അളവുകൾ കൂട്ടേണ്ടിയിരിക്കുന്നു….
അതിനും ഒരു കാലവധിയുണ്ട് അതിനു ശേഷം പിന്നീട് പുതിയ ആളുകൾ ഈ മുറിയും കട്ടിലും കൈയ്യേറും അപ്പോൾ ഞാൻ അടുത്ത ഭാനു അക്ക ആകും….പുതിയ ആളുകൾക്ക് കാര്യങ്ങൾ പറഞ്ഞു കൊടുക്കേണ്ട അധ്യാപികയും
തേടി വരുന്നവരെ അവരുടെ ഇഷ്ടങ്ങൾക്ക് അടുക്കൽ എത്തിക്കേണ്ട ആളും ആകും….ആ മാംസത്തിന് വില നിശ്ചയിക്കേണ്ട ചുമതലയും എന്നിൽ നിക്ഷിപ്തം ആകും….
അപ്പോൾ ഭാനു അക്ക കളം ഒഴിയും സൊനാഗചിയുടെ ഇരുണ്ട മുറിക്കുള്ളിൽ ഒരിക്കൽ സ്വർണ്ണം പൊഴിച്ചിരുന്ന ഒരുപാട് ഉണങ്ങിയ മരങ്ങൾക്കുള്ളിൽ ഒരാൾ ആകും…ചായകൂട്ടുകളോ നിറംപിടിപ്പിച്ച ഒന്നും തന്നെയില്ലാതെ ഇരുണ്ട
അറക്കുള്ളിൽ ഒരുപാട് ഭാനു അക്കമാരുടെ കൂടെ ചുക്കി ചുളിഞ്ഞ തൊലിയും അസ്ഥികൾ ഉയർന്ന ദേഹവുമായി ആരും അറിയാതെ അറിഞ്ഞാലും നോക്കാതെ വിശപ്പിന്റെ
കൂട്ടുപിടിച്ചു ശ്വാസംകഴിച്ചു ഓരോ നിമിഷവും തള്ളിനീക്കും അവസാനം അതും നിൽക്കും…ആരും അറിയാതെ എവിടെയോ എരിഞ്ഞടങ്ങും….
അപ്പോഴും പുതിയ സ്വര്ണമരങ്ങളും ഭാനു അക്കമാരും കിളിർക്കുകയും പൊഴിയുകയും ചെയ്തുകൊണ്ടേയിരിക്കും….ഇടതടവില്ലാതെ….
ഇന്നത്തെ പലരുടെയും വികാരത്തെ ശമിപ്പിച്ചു നീറുന്ന മുറിവും പുകയുന്ന മനവും ആയി സൊനാഗചിയുടെ രാവിനെ മറ്റുള്ളവരുടെ പകലിനെ വരവേറ്റുകൊണ്ടു അവൾ നിദ്രയെ പുൽകി….മാറ്റമില്ലാത്ത അവളുടെ മറ്റൊരു ” പകലിനെയും കാത്തു”