രചന: ശ്രീജിത്ത് ആനന്ദ്
തൃശ്ശിവപേരൂർ
നിങ്ങളാരെയെങ്കിലും ആത്മാർത്ഥമായി കാത്തിരിക്കുന്നുണ്ടോ?’ പടിപ്പുരയുടെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടിട്ടാണ് ഉണർന്നത്.
കണ്മുന്നിൽ കണ്ട ആളെ മനസിലായപ്പോൾ മനസിൽ ഒരു മഴ പെയ്യുന്നുണ്ടായിരുന്നു.
“ഗീതിക”ഒരുപാടുകാലമായി വരണ്ടു ഉണങ്ങിയ മണ്ണിൽ നനവ് പടർത്തുന്നപോലെ. പുതുമണ്ണിന്റെ ഗന്ധം നിർവൃതിയിലാക്കും പോലെ.
കണ്ണുകൾ തമ്മിൽ ഉടക്കിയപ്പോൾ കണ്ണുകളിൽ നനവ് പടരുന്നുണ്ടായിരുന്നു.പരിഭവങ്ങളില്ലാതെ ഞാൻ തന്നെയാണ് സംസാരിച്ചു തുടങ്ങിയതും . അല്ല ഇനിയും അതൊക്കെ ഉള്ളിൽ വെച്ചു പുലർത്തുന്നതിൽ എന്തർത്ഥമാണുള്ളത്?.
“ചില പ്രശ്നങ്ങളൊക്കെ ഒരു സമയത്തു ഒരുപാടു വലിയതായി തോന്നും.
കുറേകാലത്തിനു തിരിഞ്ഞു നോക്കുമ്പോൾ ഒരു ചെറുചിരിയിൽ അലിഞ്ഞില്ലാതാകും.”
എന്താടോ വന്നകാലിൽ നിൽക്കുന്നത്. കയറി വരൂ..അല്ല മാഷേ.. ഞാനിവിടെമൊക്കെ ഒന്ന് കാണായിരുന്നു. മാവും. വെള്ളമന്ദാരവും തുളസി തറയും എല്ലാം. എല്ലാം
പഴയപോലെ.. അല്ല ഒന്നുടെ ഭംഗി കൂടിയിട്ടെ ഉള്ളു എന്ന് തോന്നണു. ഞാനായി നഷ്ടപ്പെടുത്തിയ എന്റെ സ്വർഗ്ഗം.
കഥകളിലെല്ലാം ഉണ്ടാവൂലോ മാവും. മന്ദാരവും വടക്കേ ഭാഗത്തുള്ള മുറിയുടെ ജനാലക്കടുത്തുള്ള ചെമ്പകമരവും എല്ലാം..
ഞാൻ പലപ്പോഴും ചോദിച്ചിട്ടുമുണ്ട്. ഇല്ലേ?ഇതൊക്കെ ഇത്രക്കും ഇഷ്ടമുള്ള കാര്യങ്ങളാണോ എന്ന്.അപ്പൊ. ന്താ ഉത്തരം പറയാന്നു ഓർമ്മയുണ്ടോ മാഷ്ക്ക്?
ഉം. ഇതൊക്കെയാണ് എന്റെ ലോകമെന്നു. അല്ലേ? എന്നിട്ട് ദൂരെ എവിടേക്കോ നോക്കി ചിരിക്കും.ചിരിക്കു ഇപ്പോഴും മാറ്റമൊന്നുല്യല്ലോ..
തന്റെ നെറ്റിയിലേക്ക് വെള്ള വരകൾ വീണു തുടങ്ങിയല്ലോ.. അതിനു മാത്രം പ്രായായോ..മനസുകൊണ്ട് ആയിണ്ടാവും. അതാവും. മാഷേ..
അപ്പുറത്തെ വീട്ടിലെ ശാന്തേടത്തിയൊക്കെ എന്ത് പറയുന്നു. ഇപ്പോഴും ആള് സാമ്പാർ വെക്കുമ്പോൾ അമ്മേടെ കറിയെ കുറ്റം പറഞ്ഞു അവിടെ പോയി കഴിക്കാറുണ്ടോ. അതോ വല്യ ആളായപ്പോൾ അഭിമാനം നോക്കി പോവാറില്ലേ?
ശാന്തേടത്തി കിടപ്പിലായി കഴിഞ്ഞ മഴകാലത്തു ഒന്ന് മുറ്റത്തു തെന്നി വീണു. ഇപ്പോ മകളുടെ വീട്ടിലാ അവിടിപ്പോ ആരുലാ..
ഇനിയിപ്പോ ആ സാമ്പാറിന്റെ മണമൊന്നുമില്ലെടോ.. അതൊക്കെ ഓർമകളിലേ ഉള്ളു ആ സ്നേഹവും രുചിയുമൊക്കെ.
തന്റെ വിശേഷങ്ങളൊന്നും പറഞ്ഞില്ലല്ലോ..ഇനിയൊരിക്കലും കാണില്ലെന്നു പറഞ്ഞു പോയിട്ട്. എന്തെ ഒരു തിരിച്ചുവരവ്?
കുറച്ചു നിമിഷത്തെ മൗനത്തിനു ശേഷം. അവൾ പറഞ്ഞു. കാലം ഉണക്കാത്ത മുറിവുകളില്ലല്ലോ മാഷേ..ആ മുറിവുണങ്ങിയെന്നു കൂട്ടിക്കോളൂ..
ജീവിതം എന്ന് പറയുന്നത് ഒരുതരം കളിയല്ലേ? വേഷം കെട്ടിയാൽ അതു അഴിക്കാൻ വല്യ പാടാണ്. ഇങ്ങനങ്ങു പോവും.
അപ്പു…
ഞാൻ വിളിച്ചപ്പോൾ.. നിറഞ്ഞു നിന്ന കണ്ണിൽ നിന്നു നിറഞ്ഞൊഴുകിയിരുന്നു.
ടോ. താൻ ഇപ്പോഴും ആ പഴയ തൊട്ടാവാടിയാണോ കഴിഞ്ഞതൊക്കെ മറക്കൂ.. എനിക്ക് പരിഭവൊന്നൂല്യ തന്നോട്. തോന്നിയിരുന്നു ഇപ്പോ ഇല്ല്യ.
താൻ ഇവിടെ നില്കാതെ കയറിവാടോ..കറുത്ത കരയുള്ള സെറ്റ് സാരിയുടെ തലപ്പ് ഒതുക്കി പിടിച്ചു അവൾ എന്റെ കൂടെ നടന്നു.
അകത്തെ നടുമുടത്തിനരികെയുള്ള ഷെൽഫിൽ പഴയ കുറേ സമ്മാനങ്ങൾ ഉണ്ടായിരുന്നു. അതിലൊക്കെ അവൾ വിരലോടിച്ചു..
ഇതല്ലേ ആദ്യമായി എഴുതിയ കഥയ്ക്ക് കിട്ടിയ സമ്മാനം . ഒരു ഹീറോ പെൻ. എടുത്തിട്ട് ചോദിച്ചു.
യൂണിഫോം ഇട്ടു. സ്കൂൾ അസംബ്ലിയിൽ വെച്ചു ഇതു വാങ്ങുന്ന രംഗങ്ങൾ ഇപ്പോഴും ഓർമയുണ്ട്.. മാഷ്ക്കിതു കിട്ടിയപ്പോൾ എന്ത് സന്തോഷായിഎന്നറിയോ? നിറഞ്ഞ കയ്യടികൾക്കുള്ളിൽ ഞാനതൊക്കെ ഇപ്പോഴും ഓർക്കും.
ആ സ്കൂളും മുറ്റവും. ഓർക്കാൻ തന്നെ എന്ത് രസമാണ്. നമ്മളൊന്നും വലുതാവണ്ടായിരുന്നു എന്ന് തോന്നാ.. ഇപ്പോ. വലുതാകുമ്പോഴാ നമ്മളൊക്കെ മാറിപോവാ. അന്നൊക്കെ എത്ര
വഴക്കിട്ടാലും ഒരു പേരക്കയിലോ. രാമേട്ടന്റെ കടയിലെ മിട്ടായിലോ തീർന്നിരുന്നു.. അല്ലേ മാഷേ?
അപ്പൂന് പഴയതെല്ലാം ഓർമയുണ്ടല്ലോ.ഇതൊക്കെ എല്ലാവർക്കും ഇഷ്ടമുള്ള കാര്യങ്ങളല്ലേ മാഷേ എങ്ങിനെയാ ഇതൊക്കെ മറക്കാ..എന്നും പറഞ്ഞു അവൾ മരഗോവണികൾ കയറിമുകളിലേക്കു നടന്നു.
കയറി ചെന്നാൽ വലത്തോട്ട് തിരിഞ്ഞാലുള്ള മുറിയല്ലേ നിറയെ പുസ്തകങ്ങളൊക്കെയുള്ള. ജനലിനരികിൽ ചെമ്പകമരമുള്ള പാടത്തുള്ള കൃഷ്ണന്റെ അമ്പലത്തിലെ കൽവിളക്കിലെ ദീപം കാണുന്ന മുറി.
എല്ലാം കാണാപാഠമാണല്ലോ അപ്പു നിനക്കു.?ഇതുമാത്രമല്ല മാഷെനിക്ക് എഴുതിയ കത്തിലെ ഓരോ വരികളും എനിക്കു കാണാപാഠമാണ്..എന്ന് പറയുമ്പോൾ അവളുടെ സ്വരം ഇടറിയിരുന്നു.
നിറഞ്ഞുവന്ന കണ്ണുനീർ അവൾ കാണാതിരിക്കാൻ ഞാൻ ജനലഴിപിടിച്ചു ദൂരെ പാടത്തേക്ക് നോക്കി നിന്നു…
പിന്നിൽ കൂടെ വന്നു അവൾ എന്നെ ചുറ്റിപിടിച്ചു കരയുമ്പോൾ ചോദിക്കുന്നുണ്ടായിരുന്നു. ഇത്രകാലം ഒറ്റക്കാക്കി പോയിട്ടും എന്നോട് ദേഷ്യമില്ലെന്നു? എങ്ങിനെയാ ഇങ്ങനെ ഒരാളെ സ്നേഹിക്കാൻ കഴിയുന്നതെന്നു.
എനിക്കറിയായിരുന്നു ഒരു ദിവസം നീ വരുമെന്ന്. കഴിഞ്ഞതെല്ലാം മറന്നു എന്നെ ചേർത്ത്പിടിക്കുമെന്ന്.
” അതിനുവേണ്ടി മാത്രമായിരുന്നു എന്റെയീ കാത്തിരിപ്പ് “എതിർത്തു പറയാൻ പറ്റാത്തവർ എന്നും തോറ്റുപോയിട്ടേ ഉള്ളു അപ്പൂ..
ഞാനും ചെയ്തത് വലിയ തെറ്റാണു. നിന്നെ നഷ്ടപ്പെട്ടപ്പോൾ വേറെ ആരെയും ഓർത്തില്ല. നിന്നെപോലും എത്ര മാത്രം വിഷമിപ്പിക്കുമെന്നോർത്തില്ല.
ആ മൂന്നക്ഷരത്തിനു ശേഷം തിരുത്താൻ സാധിക്കില്ലല്ലോ നമുക്കൊരിക്കലും.
അപ്പു.. നീ താഴേക്കു നോക്കിയേ . അമ്മ എന്റെ അസ്ഥിതറയിൽ വിളക്ക് കൊളുത്തുന്നത് കണ്ടോ. സ്നേഹം എന്നൊരു വാക്കിന് വേറൊരു അർത്ഥമില്ല അമ്മയെന്നല്ലാതെ.
ഒരു ദിവസം മുടക്കില്ലാതെ സന്ധ്യക്ക് ഒരു തിരി ഉണ്ടാകും പാതിവഴിയിൽ ഇരുട്ടിലായിപോയവന്റെ ആത്മാവിന് ഒരു വെളിച്ചമായി.
ഒന്നോടിച്ചെന്നു അശ്വസിപ്പിക്കാൻ പോലും പറ്റാതെ ഞാനിവിടെ.ചുറ്റിപ്പിടിച്ച കൈകളുടെ മുറുക്കം കൂടുന്നുണ്ടായിരുന്നു.അപ്പൂ…
അനന്തമായ ആകാശത്തിൽ രണ്ടു നക്ഷത്രങ്ങളായി നമുക്കു പുനൻജനിച്ചാലോ?ഇനിയൊരു ജന്മമുണ്ടെങ്കിൽ നമ്മുക്ക് നമ്മളായി ജീവിക്കാൻ?