ഉപദേശം
(രചന: ലക്ഷിത)
പന്ത്രണ്ടാമത് മിസ്സ്ഡ് കാൾ മായാന്റി എന്ന് ഡിസ്പ്ലൈയിൽ തെളിഞ്ഞ ശേഷം അമ്മയുടെ ശ്രദ്ധ ആകർഷിക്കാൻ ശ്രമിച്ചു പരാജയപെട്ട കുഞ്ഞിനെ പോലെ മൊബൈൽ കണ്ണു ചിമ്മി.
സൈലന്റിൽ ആയത് കൊണ്ട് കൊള്ളാം അല്ലെങ്കിൽ കുരുത്തം കേട്ട പിള്ളേരെ പോലേ ഇപ്പൊ കാറി കൂവിയേനെ അങ്ങനെ ഒരു റിംഗ് ടോൺ ആണ് സെറ്റ് ചെയ്തിരിക്കുന്നെ (ചെറിയൊരാബദ്ദം)
ഞാൻ മൊബൈലിൽ നോക്കി നഖം കടിച്ചു എന്തിനാവും മായാന്റി ഇങ്ങനെ തുടർച്ചയായി വിളിക്കുന്നത് മീറ്റിങ്ങിൽ ആയത് കൊണ്ട് ഫോൺ എടുക്കാനും നിവർത്തി ഇല്ല
റിസൾട്ട് അവലോകനം ആണ് നടക്കുന്നത് കഴിഞ്ഞ വർഷത്തെക്കാൾ വിജയ ശതമാനം ഉയർന്നിട്ടുണ്ടെങ്കിലും എക്സാമിനു മുൻപേ കൂടിയ മീറ്റിങ്ങിൽ തീരുമാനിച്ചു ഉറപ്പിച്ച ടാർഗറ്റിൽ എത്തിയിട്ടിയില്ല
എങ്ങനെ ടാർഗറ്റ്റിൽ എത്തിക്കാമെന്നും കൊള്ളേജിന്റെ വികസനത്തിനു ഇനിയും ചെയ്യേണ്ടുന്ന കാര്യങ്ങളെ കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനടിയിൽ വീണ്ടും ഒന്നു കൂടി എന്റെ മൊബൈൽ നിശബ്ദമായി നിലവിളിക്കാൻ തുടങ്ങി.
കാളെടുക്കാൻ വിരലുകൾ തിരിച്ചെങ്കിലും പണിപ്പെട്ട് അടക്കി.ക്ലാസ്സിലെ വിദ്യാർത്ഥികളെ പോലെ സഹപ്രവർത്തകരെയും കാണുന്ന പ്രിൻസിപ്പാളിന് പിന്നെ അതു മതി നാല്പതോളം വരുന്ന കോലീഗ്സിന്റെ മുന്നിൽ എഴുന്നേൽപ്പിച്ചു നിർത്തി
ശകാരിക്കാൻ അതിലും നല്ലത് മീറ്റിംഗ് കഴിയും വരെ ടെൻഷനടിച്ച് മൊബൈലിൽ തന്നെ നോക്കി ഇരിക്കുന്നതാണ് വീണ്ടും പത്തു മിനിറ്റു കൂടി മീറ്റിംഗ് നീണ്ടു പോയി അതിനിടയിൽ 2മിസ്സ്ഡ് കാളുകൾ കൂടി വന്നു പോയി.
മീറ്റിംഗ്ന് ശേഷമുള്ള ചായയിലും വടയിലും താല്പര്യം കാട്ടാതെ പെട്ടെന്ന് തന്നെ കോൺഫറൻസ് ഹാളിന് പുറത്തേക്ക് ഇറങ്ങി മായാന്റിയെ ഫോൺ ചെയ്തു എൻഗേജ്ഡ് ട്യൂൺ ആണ് ആദ്യം കേട്ടത് ഞാൻ കാൾ കട്ട് ചെയ്തതും
മായാന്റിയുടെ കാൾ വന്നു കാൾ അറ്റൻഡ് ചെയ്തു ഹലോ പറയും മുന്നേ മായാന്റിയുടെ ആദി നിറഞ്ഞ ശബ്ദം കേട്ടു
“ഹലോ അച്ചു നിനക്കൊന്നു പെട്ടന്ന് ഇവിടേക്ക് വരാമോ? ഉണ്ണിമോള് ഇന്നലെ വൈകുന്നേരം വന്നത് മുതൽ മുറി അടച്ചിരിപ്പാ..”
ഓരോ വാക്കുകൾ പറയുമ്പോഴും ആന്റിയുട ശബ്ദം വിറകൊള്ളുന്ന പോലെ”എന്താ… എന്താ ആന്റി സംഭവിച്ചേ? “”നീ ഒന്ന് വാ പറയാം..”
അത്രയും പറഞ്ഞു ആന്റി ഫോൺ വെച്ചു എന്തോ സീരിയസ് കാര്യം ആണ് അല്ലെങ്കിൽ ആന്റി എന്നെ വിളിച്ചു ശല്യപ്പെടുത്തില്ല ഞാൻ എന്തായാലും പോകാൻ തീരുമാനിച്ചു
വി പിയോട് അനുവാദവും ചോദിച്ചു പോകാൻ ഇറങ്ങി കോളേജിന് മുന്നിൽ നിന്ന് തന്നെ ഒരു ഓട്ടോ കിട്ടിയത് കൊണ്ട് അവിടേക്ക് എത്താൻ ഒരുപാട് വൈകില്ല
മായാന്റി എന്റെ അമ്മയുടെ ഏറ്റവും ഇളയ അനിയത്തി. ഉണ്ണി മോൾ ആന്റിയുടെ ഒരേ ഒരു പുത്രി ആന്റിയുടെ ഭാഷയിൽ പറഞ്ഞാൽ ഒരുപാട് പ്രാർത്ഥനകളും ചികിത്സകൾക്കും ശേഷം ഭഗവാൻ നൽകിയ വരം.
കാത്തിരുന്നു കിട്ടിയ സന്തതി ആയത് കൊണ്ട് തന്നെ ആന്റിയും ചാച്ഛനും ഒരുപാട് ലളിച്ചാണ് ഉണ്ണി മോളെ വളർത്തിയത് അതു കൊണ്ട് തന്നെ അതിന്റെതായ കുറച്ചു പ്രശ്നങ്ങൾ കൂടി അവൾക്ക് ഉണ്ട് ആളിപ്പോ എം ബി എ ഒക്കെ കഴിഞ്ഞു ഒരു ജോലിയിൽ കയറിയിട്ടുണ്ട്.
പ്രായം പത്തിരുപതിനാല് കഴിഞ്ഞെങ്കിലും പക്വത തീരെ ഇല്ലാത്ത ഒരു പെണ്ണ്.ചില സമയം അവളുടെ സംസാരം കേട്ടാൽ ഇത്രക്കൊക്കെ അറിവുള്ള കുട്ടിയാണോ ഇവളെന്ന് അത്ഭുതപ്പെടും തൊട്ടടുത്ത നിമിഷം തന്നെ ഇവൾക്ക് ഇത്ര വിവരം ഇല്ലാതായിപ്പോയോ എന്ന് നമ്മളെ കൊണ്ട് തിരുത്തി ചിന്തിപ്പിക്കും അതാണ്..
ഉണ്ണി മോൾ. സ്വന്തമായി ഒരു കൂടപ്പിറപ്പില്ലാത്തത് കൊണ്ടാവും എന്നോട് വല്യ കൂട്ടാണ് കക്ഷി. എല്ലാ വിശേഷങ്ങളും രഹസ്യങ്ങളും അവൾ പങ്കുവെച്ചിരുന്നതും എന്നോടാണ്.
പിന്നെ ചെറിയൊരു പ്രശ്നം കൂടി ഉണ്ട് ആള് ചെറിയ തോതിൽ ഒരു പ്രേമരോഗിയാണ്. സ്കൂൾ കാലം മുതൽക്കേ…. ഓരോ അവധിക്കും വീട്ടിൽ വരുമ്പോൾ പറയുന്നത് പുതിയ പ്രണയത്തെ കുറിച്ചാണ് ഈ പേരല്ലല്ലോ നീ മുൻപ് വന്നപ്പോൾ പറഞ്ഞത് എന്ന് ചോദിച്ചാൽ
” ഓഹ് അത് വിട്ടു ചേച്ചി ഭയങ്കര ബോറിങ്.. പക്ഷേ പണ്ടത്തെ പോലെ അല്ല എന്റെ അരുൺ…. ഇവൻ ഇവനാണ് ചേച്ചി എന്റെ റിയൽ ലവ് ”
എന്ന് വളരേ ഭാവതീവ്രമായി പറയും പിന്നെ പുതിയ പ്രണയത്തെ കുറച്ചു വാചാലയാകും അങ്ങനെ ഓരോ തവണ വരുമ്പോഴേക്കും നായകൻമാരുടെ പേരുകൾ മാത്രം മാറി ബാക്കി ഡയലോഗ് ഒക്കെ സെയിം.
പക്ഷേ ആള് ശെരിക്കും ഒരു റിയൽ ലവിൽ വീണു പോയത് ഈ ഇടക്കാണ് കാർത്തിക് എം ബി എക്ക് അവളുടെ കൂടെ ഉണ്ടായിരുന്ന പയ്യൻ സുമുഖൻ സുന്ദരൻ നല്ല വിദ്യാഭ്യാസവും ജാതിയും ജാതകവും കുടുംബമഹിമയും എല്ലാം ഒത്തിണങ്ങിയത് കാരണവന്മാർക്കും ഇടങ്കോലിടാൻ ഒന്നും ഇല്ല.
ഞാൻ ആദ്യം കരുതിയത് എല്ലാ തവണത്തെയും പോലെ തള്ളുന്നതാണെന്നാ അവന്റെ വീട്ടുകാർ കല്യാണാലോചനയുമായി വന്നപ്പോഴാണ്
സംഗതി സീരിയസ് ആണെന്ന് മനസിലായത് അവരുടെ എൻഗേജ്മെന്റിന് ഇനി അധികം ദിവസങ്ങൾ ഇല്ല അതിന്റെ ഒരുക്കത്തിലാണ് നമ്മുടെ കുടുംബം മുഴുവൻ ഈ തലമുറയിലെ അവസാനത്തെ കല്യാണം ഒരു സംഭവം ആക്കാനുള്ള തയ്യാറെടുപ്പിലാണ്
എല്ലാവരും അതിന്റെ ഇടയിലാണ് ഇങ്ങനെ ഒരു സംഭവം കാര്യം എന്താ എന്നറിയാനുള്ള ആകാംഷ ഓരോ നിമിഷവും കൂടി വന്നു.”ചേട്ടാ ഒന്ന് സ്പീഡിൽ പോ ചേട്ടാ..”
ഓട്ടോക്കു വേഗം പോരെന്നു തോന്നി ഞാൻ ഡ്രൈവറോഡായി പറഞ്ഞു അയാൾ കേൾക്കാത്ത ഭാവത്തിൽ ഇരുന്നു ഇനി കേട്ടില്ലേ ആവോ?
ആൽത്തറ വളവു തിരിഞ്ഞപ്പോഴേ കണ്ടു ഗേറ്റിനടുത്തു എന്നെ കാത്തു നിൽക്കുന്ന ആന്റിയെ ആകെ ടെൻഷൻ അടിച്ചു നിൽക്കുവാണ് എന്ന് മുഖം വിളിച്ചു പറഞ്ഞു
“എന്താ ആന്റി എന്താ സംഭവം ”
ഓട്ടോയിൽ നിന്നിറങ്ങി ഓട്ടോ ചാർജ് കൊടുത്തു കൊണ്ട് ഞാൻ ആന്റിയോടായി ചോദിച്ചു
“നീ വാ…”എങ്ങനെ പറഞ്ഞു തുടങ്ങും എന്നറിയാത്ത പോലെ ആന്റി കൈകൾ കൂടി തിരുമിക്കൊണ്ട് വീട്ടിലേക്ക് കയറി പിന്നാലെ ഞാനും” എന്താ ആന്റി… “ഞാൻ അക്ഷമയോടെ ചോദിച്ചു.
“അത്…ഇന്ന് രാവിലെ കാർത്തിക്കിന്റ അച്ഛൻ വിളിച്ചിരുന്നു..””ഉം “”അവർക്ക്… അവർക്ക് ഈ ബന്ധതിന് താല്പര്യമില്ലന്ന്…”
“അതെന്താ പെട്ടെന്ന് അങ്ങനെ ഒരു തീരുമാനം അതും ഇത്രത്തോളം എത്തിയിട്ട് ”
“കാര്യം എന്താന്ന് അവരു പറഞ്ഞില്ല ഉണ്ണി മോള് പറയും എന്നാ പറയുന്നേ അവളാണെങ്കിൽ ഇന്നലെ വന്നത് മുതൽ മുറി അടച്ചിരിക്കുവാ ഞാൻ ഒന്നും ചോദിച്ചിട്ട് പറയുന്നില്ല പിന്നെ ഞാൻ
കാർത്തികിനെ വിളിച്ചു ഒരിക്കൽ ഫോൺ എടുത്തു അവനും പറയുന്നത് കാര്യം ഉണ്ണി പറയുംന്നാ ഇപ്പൊ അവനും ഫോൺ എടുക്കുന്നില്ല ”
പറഞ്ഞു കഴിഞ്ഞതും ആന്റി കരയാൻ തുടങ്ങി”ആന്റി സമാദാനപ്പെടു കരഞ്ഞു ബിപി കൂട്ടാതെ ഞാൻ അവളോട് സംസാരിക്കാം ചാച്ഛൻ എവിടെ പോയി?”
“കുടുംബത്തോട്ട് പോയി (ചാച്ചന്റെ കുടുംബവീട് ) കാർത്തിക്കിന്റെ വീട്ടിൽ പോയി സംസാരിക്കാൻ വിജയേട്ടന്റെ കൂടെ കുടുംബത്തിന്ന് ആരെങ്കിലും വേണ്ടേ ”
ആന്റി തോളിൽ കിടന്ന തോർത്ത് കൊണ്ട് മൂക്കുപിഴിഞ്ഞു”ഞാൻ ഒന്ന് അവളോട് സംസാരിക്കട്ടെ ”
ഞാൻ ഉണ്ണിമോളുടെ റൂമിലേക്ക് നടന്നു ആകെ അലങ്കോലപ്പെട്ടു കിടക്കുന്ന മുറി അഴിഞ്ഞുലഞ്ഞ മുടിയുമായി അവൾ കട്ടിലിൽ കമഴ്ന്നു കിടക്കുകയായിരുന്നു
കട്ടിലിനോട് അടുത്ത് കിടന്ന കസേരയിൽ അലക്കിയതോ അലക്കാത്തതോ എന്നറിയാത്ത കുറച്ചു തുണികൾ കൂട്ടി വെച്ചിട്ടുണ്ട് ഞാൻ അതെല്ലാം എടുത്തു എവിടേക്ക് വെക്കും എന്നറിയാതെ നിന്നു
ആന്റി അതെല്ലാം എന്റെ കയ്യിൽ നിന്നും വാങ്ങി പുറത്തെക്ക് പോയി ഞാൻ കസേര നീക്കിയിട്ട് ഇരുന്നു അവളുടെ മുടിയിഴകളിൽ പതിയെ തലോടി കൊണ്ട് പതിയെ വിളിച്ചു ഒന്ന് മുഖം ഉയർത്തി നോക്കുക പോലും ചെയ്യാതെ
അവൾ അങ്ങനെ കിടന്നു വിങ്ങി കരഞ്ഞു കൊണ്ടിരുന്നു കുറച്ചു സമയത്തിന് ശേഷം ആന്റി മുറിയിലേക്ക് വന്നു
“ആന്റി കാർത്തിക്കിന്റെ നമ്പർ താ ഞാൻ ഒന്ന് വിളിച്ചു നോക്കട്ടെ “അവളുടെ കരച്ചിൽ അടങ്ങുന്നില്ലന്ന് കണ്ടു ഞാൻ പറഞ്ഞു ആന്റി ഫോൺ എടുത്തുകൊണ്ടു വന്നു കോണ്ടാക്ട് നോക്കി നമ്പർ പറഞ്ഞു തന്നു
ഞാൻ അതു ഡയൽ ചെയ്തു ഫോൺ ചെവിയോട് ചേർത്തു പുറത്തേക്ക് ഇറങ്ങി കുറച്ചു നേരത്തെ ബെല്ലടിയ്ക്ക് ശേഷം കാർത്തിക്കിന്റെ ഘനഗാഭീര്യമായ ശബ്ദം കേട്ടു
“ഹലോ കാർത്തിക് എന്റെ പേര് അർച്ചന ഉണ്ണിമോളുടെ സോറി നിരഞ്ജനയുടെ കസിൻ ആണ് ”
“ഉം മനസിലായി…. ഉണ്ണി പറഞ്ഞു അറിയാം “”അല്ലാ.. നിങ്ങൾ തമ്മിൽ… എന്താ…..””അവൾ പറഞ്ഞില്ലേ “”ഇല്ല ”
അൽപ്പ അൽപ്പ നേരത്തെ നിശബ്ദതക്ക് ശേഷം ഒന്ന് ദീർഘമായി നിശ്വസിച്ചു കൊണ്ട് അവൻ പറഞ്ഞു തുടങ്ങി
“ഞാൻ… ഞാൻ ഒരുപാട് അഡ്ജസ്റ്റ് ചെയ്യാൻ ഞാൻ ശ്രമിച്ചു ഇതിൽ കൂടുതൽ എനിക്കു സാധിക്കില്ല ”
“കാർത്തിക് ഇങ്ങനെ മാത്രം പറഞ്ഞാൽ ഞങ്ങൾ എന്താ മനസിലാക്കേണ്ടേ എൻഗേജ്മെന്റിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ഇങ്ങനെ ഒക്കെ പറഞ്ഞാൽ “”എനിക്ക് കൂടുതൽ ഒന്നും സംസാരിക്കാൻ ഇല്ല ”
“കാർത്തിക് എനിക്കു പറയാനുള്ളത് കേട്ടിട്ട് “”സോറി ഞാൻ കുറച്ചു ബിസി ആണ് “”ഹലോ ഹലോ.. കാർത്തിക് ”
അവൻ കാൾ കട്ട് ചെയ്തിരുന്നു അവൻ പറഞ്ഞതിന്റെ അർഥം എത്ര ആലോചിച്ചിട്ടും മനസിലായില്ല കാര്യം എന്താ എന്നറിയാൻ വീണ്ടും ഉണ്ണിമോളുടെ അടുത്തേക്ക് തന്നെ ചെന്നു
ഞാൻ മുറിയിലേക്ക് കയറിയപ്പോൾ അവൾ എഴുന്നേറ്റു കട്ടിലിലിൽ ഇരിപ്പുണ്ട് ഞാൻ അവളുടെ അടുത്ത് ചെന്നിരുന്നു അവൾ എന്റെ തോളിലേക്ക് തല ചായ്ച്ചു ഇരുന്നു കണ്ണുനീർ വാർത്തു
“അവന് എന്നോട് ശെരിക്കും സ്നേഹം ഒന്നും ഉണ്ടായിരുന്നില്ല ചേച്ചി….”കുറച്ചു നേരത്തിനു ശേഷം അവൾ ഇടറിയ ശബ്ദത്തിൽ പറഞ്ഞു തുടങ്ങി
“എല്ലാം എല്ലാം വെറുതെ ആയിരുന്നു അവന് ഒരു തമാശ ആയിരുന്നു ഞാൻ…”അവൾ വീണ്ടും പൊട്ടി കരയാൻ തുടങ്ങി
“കാര്യം എന്താന്ന് നീ ഒന്ന് തെളിച്ചു പറ ഉണ്ണിമോളേ….””അവൻ… അവൻ ഇന്നലെ വിളിച്ചിട്ട് പറഞ്ഞു ഇനി ഈ റിലേഷൻ ശെരിയാകില്ല ലെറ്റ്സ് ബ്രേക്ക് അപ്പ് എന്ന്
അവൾ കണ്ണുനീർ തുടച്ചു കൊണ്ട് പറഞ്ഞു”അതിന് എന്താ കാരണം അത് നീ പറ എന്തായാലും നമുക്കത്തിനൊരു പരിഹാരം കാണാം ”
എന്റെ വാക്കുകൾ കേട്ട് കുറച്ചു നേരം കണ്ണുനീർ തുടച്ചു കൊണ്ട് അവൾ എന്നെ തന്നെ നോക്കി ഇരുന്നു പിന്നെ പതിയെ എന്തോ പറയാൻ തുടങ്ങി സംശയിച്ചു ആന്റിയുടെ മുഖത്തേക്ക് നോക്കി ആന്റി നിൽക്കുന്നത് കൊണ്ട്
പറയാൻ ബുദ്ധിമുട്ട് ഉണ്ടാകും എന്ന് കരുതി ഞാൻ ആന്റിയുടെ നേർക്ക് നോക്കി കണ്ണു ചിമ്മി ഒന്ന് മടിച്ചു നിന്ന ശേഷം ആന്റി പുറത്തേക്ക് ഇറങ്ങി ഡോർ ക്ലോസ് ചെയ്തു പോയി.
” ചേച്ചി അവനു എന്നോട് ഒരു സ്നേഹവും ഉണ്ടായിരുന്നില്ല എല്ലാം വെറുതെ ആയിരുന്നു ”
അവൾ തളർന്ന ശബ്ദത്തിൽ പറഞ്ഞു തുടങ്ങി ഞാൻ അവളുടെ വാക്കുകൾ കാതോർത്തു അവളുടെ കയ്യിൽ മെല്ലെ തലോടി ഇരുന്നു
“പണ്ടൊക്കെ അവൻ എന്നും വിളിക്കുമായിരുന്നു എന്റെ എല്ലാ കാര്യങ്ങളും അന്വേഷിച്ചിരുന്നു ഇപ്പൊ ഇപ്പൊ എപ്പോഴും ബിസി അവനെന്നോട് ശെരിക്കും സ്നേഹം ഉണ്ടായിരുന്നെങ്കിൽ എന്നെ ഇങ്ങനെ അവോയ്ഡ് ചെയ്യില്ലായിരുന്നു ”
“നീ ഇത്ര മണ്ടി ആണോ ഉണ്ണി മോളേ എന്നും വിളിച്ചു എവിടെയാ എന്തു ചെയ്യുവാ എന്ന് ചോദിക്കുന്നതാണോ സ്നേഹം
അവനു നിന്നോട് ശെരിക്കും സ്നേഹം ഇല്ലെങ്കിൽ നിങ്ങളുടെ റിലേഷൻ ഒരു ഇതു വരെ ഇതുമായിരുന്നോ എൻഗേജ്മെന്റ്ന് ഇനി പത്തോ പന്ത്രണ്ടോ ദിവസം മാത്രേ ഉള്ളു വെറുതേ ഒരു തമാശക്ക് ഒരു റിലേഷൻ ഇതു വരെ കൊണ്ടെത്തിക്കോ ആരെങ്കിലും ”
അവൾ ഒന്നും മിണ്ടുന്നില്ല എന്ന് കണ്ടു ഞാൻ വീണ്ടും പറഞ്ഞു തുടങ്ങി”പിന്നെ അവനും ഫ്രണ്ട്സും ചേർന്നൊരു ബിസ്സിനെസ്സ് സ്റ്റാർട്ട് ചെയ്തിട്ടല്ലേ ഉള്ളു അതു വിജയിക്കണമെങ്കിൽ എത്രത്തോളം
ഡെഡിക്കേറ്റഡ് ആയി ജോലി ചെയ്യണം എന്ന് നിനക്ക് ഞാൻ പറഞ്ഞു തരേണ്ട ആവശ്യം ഒന്നും ഇല്ലല്ലോ അപ്പൊ അവൻ ബിസി ആണെന്ന് പറയുമ്പോ അതു മനസിലാക്കാതെ വഴക്കുണ്ടാക്കുകയാണോ വേണ്ടേ ”
“ഞങ്ങൾ ഒരുമിച്ചു കുറച്ചു ടൈം സ്പെൻഡ് ചെയ്തിട്ട് എത്ര നാളായിന്ന് അറിയോ ചേച്ചിക്ക്
അവൾ ദേഷ്യത്തിൽ അലറി ഇവളെന്തിനാ എന്നോട് ചൂടാകുന്നെ എന്നോർത്ത് ഞാൻ കുറച്ചു നീങ്ങി ഇരുന്നു
“എന്നോടൊപ്പം ഷോപ്പിംഗിന് വരാൻ അവനു സമയം ഇല്ല സ്പായിൽ വരാൻ സമയമില്ല ഒന്നിനും സമയമില്ല പക്ഷേ അവന്റെ അച്ഛന്റേം അമ്മേടേം വെഡിങ് അണിവേഴ്സറി ആഘോഷിക്കാൻ അവനു സമയം ഉണ്ടായി ”
അവൾ ഇരുന്നു രോക്ഷം കൊണ്ടു കിതച്ചു കണ്ണുനീർ ഒരു ടവൽ എടുത്ത് അമർത്തി തുടച്ചു
“ബാക്കി എല്ലാവർക്കു വേണ്ടിയും സമയമുണ്ട് എനിക്കു വേണ്ടി മാത്രം ഇല്ല എന്നോട് സ്നേഹം ഉള്ളോണ്ട് ആണോ അങ്ങനെ ആണോ? … ആണോ ”
അവൾ ദേഷ്യത്തിൽ ഒച്ച ചോദിച്ചു ഞാൻ ആണാണോ അല്ലന്നോ അറിയാത്ത ഭാവത്തിൽ തലയാട്ടി ഇത്രയും നേരം കരഞ്ഞു കൊണ്ടിരുന്നവളാണോ ഇതെന്ന അത്ഭുതത്തിൽ അവളെ നോക്കി ഇരുന്നു പോയി
“അല്ല അവന്റെ അച്ഛന്റേം അമ്മേടേം വെഡിങ് അണിവേഴ്സറി അവൻ അല്ലേ ആഘോഷിക്കേണ്ടേ ”
അവളുടെ മട്ടും ഭാവവും കണ്ട് ചെറുതായി പേടിച്ചു ഞാൻ മടിച്ചു മടിച്ചു ചോദിച്ചു”അതാ… അതാ ഞാൻ പറഞ്ഞത് എന്നോട് സ്നേഹം ഇല്ലാന്ന് ”
“അല്ല അതു വിട് എന്തിനാ ബ്രേക്ക് അപ്പ് ആയത് അത് പറ”.കുറച്ചു നേരത്തെ നിശബ്ദതക്ക് ശേഷം ഞാൻ ചോദിച്ചു
“അത്….ഏകദേശം ഒരു മാസത്തിനു ശേഷം ആണ് ഒന്ന് മീറ്റ് ചെയ്യാനായി അവൻ വിളിക്കുന്നത് അതിന് മുന്നേ ഞാൻ എപ്പോ വിളിച്ചാലും ബിസി ബിസിന്ന് പറഞ്ഞോണ്ട് ഇരിക്കും അന്നവൻ വിളിച്ചപ്പോ ഞാൻ ശെരിക്കും എക്സൈറ്റ് ആയി.
ആകെ ത്രിൽ അടിച്ചു ഞങ്ങളുടെ സ്ഥിരം മീറ്റിങ് പ്ലേസിൽ ചെന്നപ്പോ അവന്റെ കൂടെ അവന്റെ ചേച്ചി അളിയൻ അനിയൻ കസിൻസ് അങ്ങനെ ഒരു പടക്കുള്ള ആള് ”
“എന്നിട്ട്? “”എനിക്കു ഭയങ്കര ദേഷ്യം വന്നു അവനോട് ഒത്തു കുറച്ചു ടൈം സ്പെൻഡ് ചെയ്യാൻ കൊതിച്ചു ചെന്നപ്പോ കുടുംബക്കാരെ എല്ലാം കൂട്ടി വന്നേക്കുന്നു അവന്റെ അച്ഛന്റെയും അമ്മയും വെഡിങ് അണിവേഴ്സറി സെലിബ്രേഷൻ പ്ലാൻ ചെയ്യാൻ വേണ്ടി വിളച്ചതാണെന്ന് ”
അവൾ വളരേ പുച്ഛത്തോടെ പറഞ്ഞു ഞാൻ അവളുടെ മുഖത്തു വിരിഞ്ഞ പുച്ഛഭാവം കണ്ട് താടിക്ക് കയ്യും കൊടുത്തു ഇരുന്നു
“എനിക്കു ദേഷ്യവും വിഷമവും ഒക്കെ കാരണം ഞാൻ എല്ലാവരുംടെയും മുന്നേ വച്ചു പറഞ്ഞു ഞാൻ നിന്റെ കൂടെ ടൈം സ്പെൻഡ് ചെയ്യാനാ വന്നേ അല്ലാതെ നിന്റെ കുടുംബക്കാരെ കാണാൻ അല്ലന്ന് “”ഞഞ്ഞായി…”
ഞാൻ ആത്മഗതം ചെയ്തു”ഞാൻ ചെയ്തതിൽ എന്തേലും തെറ്റുണ്ടോ ചേച്ചി.. ”
അവൾ നിഷ്കളങ്ക ഭാവത്തോടെ എന്റെ മുഖത്തേക്ക് നോക്കി ഇതിനോട് എന്ത് മറുപടി പറയും എന്ന് ആലോചിച്ചു ഒരു നിമിഷം ഞാൻ മിണ്ടാതെ ഇരുന്നു
“നിനക്ക് ഈ കാര്യം അവനെ മാറ്റി നിർത്തി പറഞ്ഞാൽ പോരായിരുന്നോ എല്ലാവരുടെയും മുന്നിൽ വെച്ച്…. അവന് ഫീൽ ആയി കാണും ”
“അതു ഞാൻ മനപ്പൂർവം പറഞ്ഞതാ കല്യാണം കഴിഞ്ഞു ഞങ്ങളുടെ പ്രൈവസിയിൽ ആരും ഇടപെടാതിരിക്കാൻ ഇപ്പോഴേ ഇതൊക്കെ പറഞ്ഞില്ലെങ്കിൽ പിന്നെ അത് പ്രശ്നം ആയാലോന്ന് എനിക്ക് തോന്നി ”
“ആഹാ നല്ല കാര്യം എന്നിട്ട് “”എന്നെ അങ്ങനെ വിഷമിപ്പിച്ചതിന് ഒരു സോറി പോലും അവൻ പറഞ്ഞില്ല അതു കൊണ്ട് വെഡിങ് അണിവേഴ്സറിക്ക് ഞാൻ പോയില്ല ഇവിടുന്ന് അച്ഛനും അമ്മയും ഒക്കെ പോയി…
അവരൊക്കെ എന്നെ അന്വേഷിച്ചുന്നു അമ്മ പറഞ്ഞു എനിക്ക് സുഖം ഇല്ലാത്തോണ്ടാ ഞാൻ വരാത്തെ എന്നാ അമ്മ അവരോടൊക്കെ പറഞ്ഞേ എനിക്ക് സുഖം ഇല്ലാന്ന് കേട്ടിട്ടും അവൻ എന്നെ വിളിച്ചില്ല
“എന്നിട്ട് രണ്ടു ദിവസത്തിന് ശേഷം ആർ യു ഓക്കേ ന്ന് ഒരു വാട്സ്ആപ്പ് മെസ്സേജ് ഇതാണോ ഇതാണോ എന്നോടുള്ള സ്നേഹം ”
അവൾ വീണ്ടും കണ്ണീർ വാർക്കാൻ തുടങ്ങി എനിക്ക് എല്ലാം കൂടെ കേട്ടിട്ട് നല്ല തലവേദന വരുന്നുണ്ടായിരുന്നു അവളോട് ഇതിനൊക്കെ എന്ത് മറുപടി പറയാനാ ഒന്നും……. പറയാനില്ല
“ഇത്രയൊക്കെ അവനെന്നോട് ചെയ്തിട്ടും ഞാൻ അവനെ കാണണം എന്ന് പറഞ്ഞു വിളിച്ചു അപ്പൊ അവന് ഒരു ഒഫീഷ്യൽ മീറ്റിംഗ് ഉണ്ടെന്ന് കണ്ടേ പറ്റുന്നു ഞാൻ നിർബന്ധം പറഞ്ഞപ്പോ
നോക്കാംന്ന് ഞാൻ അവനേം വിശ്വസിച്ചു കഴിഞ്ഞ ദിവസം രാവിലെ 10 മണി മുതൽ 2 മണിവരെ കോഫി ഷോപ്പിൽ വെയിറ്റ് ചെയ്തു അവൻ വന്നില്ല ഫോൺ വിളിച്ചിട്ട് എടുത്തും ഇല്ല
അവിടുന്ന് ഞാൻ അവന്റെ ഓഫീസിലേക്ക് പോയി അപ്പൊ അവൻ മീറ്റിങ്ങിൽ ആയിരുന്നു അവിടേം ഞാൻ അരമണിക്കൂർ വെയിറ്റ് ചെയ്യേണ്ടി വന്നു മീറ്റിംഗ് കഴിഞ്ഞു അവനെ കണ്ടപ്പോഴോ ഇപ്പൊ ഞാൻ അവിടേക്ക് വരാൻ ഇറങ്ങുകയായിരുന്നുന്നു
ഒരു ഉളുപ്പും ഇല്ലാതെ എന്റെ മുഖത്തു നോക്കി കള്ളം പറയുന്നു എന്നെ പറ്റിച്ചതിൽ ഉള്ള ദേഷ്യവും വിഷമവും അവനോടുള്ള സ്നേഹവും കൊണ്ട് എനിക്കു എന്നെ കണ്ട്രോൾ ചെയ്യാൻ പറ്റിയില്ല ദേഷ്യം സഹിക്കാൻ പറ്റാത്തൊണ്ട ഒരു അടി അടിച്ചു..
“എന്തോന്ന്…”കേട്ടത് വിശ്വസിക്കാൻ പറ്റാതെ ഞാൻ അവളുടെ മുഖത്തേക്ക് തുറിച്ചു നോക്കി
“ചെറിയ ഒരടി വളരെ ഒരടി ചെറുതായിട്ട് ഒന്ന് ചുണ്ട് മുറിഞ്ഞു കുറച്ചു ചോര വന്നു അത്രേ ഉള്ളു പിന്നെ പിന്നെ ഞാനവിടെ നിന്നില്ല വീട്ടിലേക്ക് വന്നു അതിനാ അവൻ ഈ റിലേഷൻ സ്റ്റോപ്പ് ചെയ്യാം എന്നൊക്ക പറഞ്ഞത് ”
അവൾ കണ്ണു നിറച്ചു ദയനീയതയോടെ എന്നെ നോക്കി”നിനക്കെന്താ പെണ്ണേ ഭ്രാന്തോ? അവന്റെ ഓഫീസിൽ കയറി അവന്റെ സഹപ്രവർത്തകരു ടെ മുന്നിൽ വെച്ച് അവന്റെ മോന്ത അടിച്ചു പൊളിച്ചിട്ട്
വന്നിട്ട് അവൻ ഇത്രയല്ലേ ചെയ്തുള്ളു ഓഫീസിൽ കയറി അക്രമം കാണിച്ചുന്ന് പറഞ്ഞു അവൻ പോലീസിൽ കംപ്ലയിന്റ് കൊടുക്കാത്തത് നിന്റെ ഭാഗ്യം “.
“അതു അവനോടുള്ള വിശ്വാസം അവനായിട്ട് നശിപ്പിച്ചില്ലേ അവനോടുള്ള സ്നേഹക്കൂടുതൽ കൊണ്ടല്ലേ ചേച്ചി ”
“മോന്ത അടിച്ചു പഞ്ചറാക്കിട്ടാണോ സ്നേഹം കാണിക്കുന്നേ..””പറ്റിപ്പോയി ഇനി ഇതിനൊരു പരിഹാരം പറ എനിക്ക് അവനില്ലാതെ ജീവിക്കാൻ പറ്റില്ല എനിക്ക് അവനെ അത്രക്ക് ഇഷ്ടാ… പ്ലീസ് ചേച്ചി ഒരു പോംവഴി പറ ”
“ഉണ്ണി നീ ചെയ്തത് തെറ്റായി പോയി അവന്റെ ഓഫീസിൽ ചെന്ന് അവന്റെ സഹപ്രവർത്തരുടെ മുന്നിൽ വെച്ചു അവനെ തല്ലുമ്പോ അവന്റെ അഭിമാനം വ്രണപ്പെട്ടതായി അവനു തോന്നില്ലേ
തോന്നില്ലേ അല്ല തോന്നും പിന്നെ നീ അവന്റെ ഫാമിലിയെ അക്സെപ്റ്റ് ചെയ്യാൻ തീരെ താല്പര്യമില്ലാത്ത പോലെ അല്ലേ ഓരോ കാര്യങ്ങളും ചെയ്തത് അപ്പൊ ഈ റിലേഷൻ മാരേജിൽ എത്തിയാൽ
വീണ്ടും ഇതിൽ കൂടുതൽ പ്രശ്നങ്ങൾ അല്ലേ ഉണ്ടാകു എന്നൊക്കെ ആകും അവൻ ചിന്തിച്ചത് അതിൽ അവനെയും തെറ്റ് പറയാൻ പറ്റില്ല ”
“ചേച്ചി എന്താ എന്റെ വിഷമം മനസിലാക്കാത്തത് “”നിന്റെ എന്ത് വിഷമം “”ഓഹ്… എന്നെ സ്നേഹിക്കുന്ന ഞാൻ സ്നേഹിക്കുന്ന ആൾക്ക് ഞാൻ മാത്രം ആകണം പ്രേയോരിറ്റി അല്ലാതെ ഫാമിലി
ഫ്രണ്ട്സ് എല്ലാവരേം കെയർ ചെയ്തു കഴിഞ്ഞു ടൈം ഉണ്ടെങ്കിൽ എന്നെയും സ്നേഹിക്കാമെന്നോ അങ്ങനെ അഡ്ജസ്റ്റ് ചെയ്യാൻ എനിക്ക് കുറച്ച് ബുദ്ദിമുട്ട് ഉണ്ട് ”
“എന്നാ നീ അതങ്ങ് മറന്നേക്ക് നമുക്ക് വേറെ ഒരാളെ നോക്കാം അതെ ഇനി പറ്റൂ അവനിനി നിന്നോട് ക്ഷമിക്കും എന്നൊന്നും എനിക്ക് തോന്നുന്നില്ല ”
“അങ്ങനെ പറയല്ലേ ചേച്ചി ഞാൻ എന്ത് വേണേലും ചെയ്യാം ചേച്ചി അവനോട് ഒന്ന് സംസാരിക്കു എന്റെ നമ്പർ അവൻ ബ്ലോക്ക് ആക്കി പ്ലീസ് ചേച്ചി ചേച്ചി സംസാരിക്കില്ലേ അവനോട് അവനെ പറഞ്ഞു മനസിലാക്കിക്കില്ലേ ഞാൻ അവനെ എത്രത്തോളം സ്നേഹിക്കുന്നുന്ന്
കാർത്തിക് അവളോട് ക്ഷമിക്കനോ യോജിച്ചു പോകാനോ ഒരിക്കലും തയ്യാറാകൻ ഒരു സാധ്യതയും ഇല്ലെന്ന് തോന്നിയിട്ടും ഞാൻ തലയാട്ടി
അല്ലാതെ ഇവളെ ഇവളുടെ തെറ്റ് പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചാൽ എന്റെ എനർജിയും ടൈമും വെയ്സ്റ് ആകും എന്നല്ലാതെ വേറെ ഒരു കാര്യവും ഉണ്ടെന്ന് തോന്നുന്നില്ല
റൂമിന് പുറത്തു നിൽക്കുന്ന ആന്റിയോട് കാര്യം പറയാം ആന്റി അവളെ പറഞ്ഞു മനസ്സിലാക്കട്ടെ ഇവിടെക്ക് വരാൻ തോന്നിയ സമയത്തെ മനസ്സിൽ പ്രാകികൊണ്ട്
ഞാൻ ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങി ഒരാളെ ഉപദേശിക്കാനും പറഞ്ഞു മനസിലാക്കാനും ഞാൻ ഒരു പരാജയമാണ് അതിനു കഴിവുള്ളവർ ആ ജോലി ഏറ്റെടുക്കട്ടെ അതിൽ വിജയിക്കട്ടെ….