ആ കുഞ്ഞ് മനസ്സിനെയും ശരീരത്തിനെയും വേദനിപ്പിക്കാൻ മാത്രം താൻ എന്നും നേരത്തെ തന്നെ ക്ലാസിൽ ചെല്ലുമായിരുന്നു..

(രചന: നക്ഷത്ര ബിന്ദു)

കാതിലേക്ക് ഒഴുകിവരുന്ന നേർത്ത സംഗീതത്തിന്റെ അലയൊടികൾ ഹൃദയത്തിലെങ്ങോ ഒരു ഇളം തെന്നലായി തൊട്ട് തലോടാൻ തുടങ്ങിയതും

പന്ത്രണ്ട് കൊല്ലം മുൻപ് താൻ കണ്ട പത്തു വയസ്സുള്ള ഒരു പെൺകുട്ടിയെ ഓർത്ത് പോയി…

പൂച്ചക്കണ്ണുകളുമായ്‌, കറുത്ത് കുറുകിയ ഒതുക്കമില്ലാത്ത മുടിയും, ഇളം നിറവും മെലിഞ്ഞ മേനിയും ആയി ഒരു കുട്ടി.. അമല..അല്ല… അസത്ത്..

അങ്ങനെയാണല്ലോ താൻ പോലും അവളെ അഭിസംബോധന ചെയ്തിരുന്നത്…

ഒൻപതു മണിയുടെ ക്ലാസിനു പത്തു മണിയാകുമ്പോ ക്ലാസ്സിന്റെ വാതിക്കൽ ഓടിക്കിതച്ചു വന്നു വിയർത്തു കുളിച്ചു നിൽക്കുന്നവളോട് തനിക്ക് എന്തോ ഒരുതരം ഇഷ്ടക്കേടായിരുന്നു..

ഉച്ചവരെയും ക്ലാസ്സിന്റെ ഒരു മൂലക്ക് ഒരേപോലെ നിർത്തുമ്പോഴും തനിക്ക് ഒരിക്കൽ പോലും കുറ്റബോധമോ വേദനയോ തോന്നിയിട്ടില്ല.. പറഞ്ഞാൽ കേൾക്കാത്ത അസത്ത്.. അത്ര തന്നെ.

ഉച്ചക്കത്തെ ഊണ്സമയത്ത് മിക്കവാറും ദിവസങ്ങളിലും അവളെ കാണാറില്ല..പിന്നെയോർക്കും എവിടെയൊ പോട്ടെ അത്രയും നല്ലതെന്ന്…രാവിലത്തേത് പോലെ തന്നെ ഉച്ചയ്ക്ക് പിന്നെയും വിയർത്തു കുളിച്ചു ക്ലാസ്സിലേക്ക് ഓടി വരുന്നത് പതിവാണ്..

ആ കുഞ്ഞ് മനസ്സിനെയും ശരീരത്തിനെയും വേദനിപ്പിക്കാൻ മാത്രം താൻ എന്നും നേരത്തെ തന്നെ ക്ലാസിൽ ചെല്ലുമായിരുന്നു..

പറഞ്ഞാൽ കേൾക്കാത്ത… അനുസരണ ഇല്ലാത്ത.. അഹങ്കാരി ആയ ആ പെണ്ണിനോട് തനിക്ക് വല്ലാത്ത ദേഷ്യമായിരുന്നു…അതുകൊണ്ട് തന്നെ പലപ്പോഴും താൻ അവളെ മനഃപൂർവം കുത്തി നോവിക്കാറുണ്ട്…

വൃത്തം വരയ്ക്കാൻ കോമ്പസും ആയിട്ട് മാത്രമേ ക്ലാസിൽ വരാവു എന്ന് രണ്ട് ദിവസം മുൻപേ പറഞ്ഞിട്ടും ഒഴിഞ്ഞ കയ്യുമായി വന്നത് കണ്ടപ്പോൾ ശരിക്കും ദേഷ്യം വന്നു.. പ്രത്യേകിച്ചും അമല ആയത് കൊണ്ട്..

മറ്റ് കുട്ടികളുടെ മുന്നിൽ വെച്ചു കൂർത്ത കാരിരുമ്പ് പോലുള്ള വാക്കുകൾ അവൾക്ക് ചുറ്റും വീശി എറിയുമ്പോഴും തനിക്ക് ദേഷ്യം അല്ലാതെ മറ്റൊന്നും തോന്നിയില്ല…

നിറഞ്ഞു തുളുമ്പുന്ന മിഴികൾ തോരാത്തത് കാണുംതോറും തന്റെ ദേഷ്യം കൂടുകയാണ് ഉണ്ടായത്..

പൂങ്കണ്ണീർ ഒലിപ്പിക്കാതെ ക്ലാസിൽ നിന്ന് ഇറങ്ങി പോടീ എന്ന് ഉറക്കെ അലറിയപ്പോഴും എന്ത് കൊണ്ട് കോമ്പസ്സ് കൊണ്ട് വന്നില്ല എന്ന് താൻ ആ കുഞ്ഞിനോട് ചോദിക്കാതെ പോയി…

പിറ്റേ ദിവസം ആരോ ഉപയോഗിച്ച് ബാക്കിയായ പോലൊരു കോമ്പസും ആയി വന്നു “ഞാൻ ഇന്ന് കോംപ്സ്സ് കൊണ്ട് വന്നിട്ടുണ്ട് ടീച്ചറെ “എന്ന് പറഞ്ഞു തന്റെ മുന്നിൽ ഒരു കുഞ്ഞിളം ചിരിയോടെ നിന്നവളെ കാണെ തനിക്ക് പുച്ഛമായിരുന്നു…

താൻ അവളെ വേദനിപ്പിച്ചുവോ, കുനിഞ്ഞ മുഖവുമായി പിറകിലെ ബെഞ്ചിൽ ചെന്നിരിക്കുമ്പോൾ വേദനിക്കട്ടെ എന്ന് തോന്നി..അസത്ത്…

വൈകുന്നേരത്തെ ബെൽ അടിക്കുമ്പോൾ ഒരു ഓട്ടമാണ്…മറ്റ് കുട്ടികൾ എല്ലാം കളിച്ചു ചിരിച്ചു സ്നാക്ക്സ് പങ്കിട്ടു കഴിക്കുമ്പോഴൊന്നും അമല അവിടെ എങ്ങും ഉണ്ടാവില്ല.. എവിടെയെങ്കിലും നിരങ്ങാൻ പോയിട്ടുണ്ടാകും എന്നോർക്കും..

അങ്ങനെയിരിക്കിയാണ് ഒരു ദിവസം ഉച്ചക്ക് പതുങ്ങി പതുങ്ങി സ്റ്റാഫ്‌ റൂമിലേക്ക് വന്നത്.. തന്റെ മുന്നിൽ വന്നു നിൽക്കുന്നവൾക്ക് രൂക്ഷമായിട്ട് നോട്ടമയച്ചു കൊണ്ട് എന്താന്ന് ചോദിച്ചു..

“ദാ ടീച്ചറെ.. ഇത് ഞാൻ ടീച്ചറിന് കൊണ്ട് വന്നതാ.. ഹാപ്പി ബർത്ത്ടെ ടീച്ചറെ…”കയ്യിൽ ഒരു പൊതിയിൽ ഇലയട തനിക്ക് നേരെ നീട്ടിയപ്പോ അത്ഭുതം ആയിരുന്നെങ്കിൽ കൂടിയും താൻ അത് വാങ്ങിയില്ല..

“വേണ്ട “എന്ന് കനപ്പിച്ചു പറഞ്ഞു അവഗണിച്ചപ്പോഴും ദൈന്യമായി ആ മിഴികൾ തനിക്ക് നേരെ നീണ്ടു..

“നല്ലതാ ടീച്ചറെ.. എന്റെ ഇളയമ്മ ഉണ്ടാക്കിയതാ… കഴിക്ക് ടീച്ചറെ..””വേണ്ടന്ന് പറഞ്ഞില്ലേ.. കൊണ്ട് പോ കൊച്ചേ..”

വെറുപ്പ് കൊണ്ട് ബാക്കിയുള്ള അധ്യാപകർ ഉള്ളത് പോലും ഓർക്കാതെ ദേഷ്യപ്പെട്ടതും വിതുമ്പി കരഞ്ഞു കൊണ്ട് അവൾ പുറത്തേക്ക് ഓടി..

താൻ പോലും മറന്ന തന്റെ പിറന്നാൾ ആ പീറ പെണ്ണ് എങ്ങനെ ഓർത്തു എന്ന് പുച്ഛത്തോടെ ചിന്തിച്ചു കൊണ്ട് അതിനെ തിരക്കി ഇറങ്ങിയപ്പോ ഗ്രൗണ്ടിലെ വല്യ മരത്തിന് കീഴിലെ മൺകെട്ടിലിരുന്നു കരയുന്നതാണ് കണ്ടത്..

അടുത്തേക്ക് നടന്ന് ചെന്ന് “എന്തിനാടി മോങ്ങുന്നത് “എന്ന് ചോദിക്കാൻ നാവ് ഉയർത്തിയതും ഏങ്ങലടികൾ ഉയർന്നതും പരിഭവങ്ങൾ ആ കുഞ്ഞ് വായിൽ നിന്ന് ഉതിർന്നുവീണു..

“ടീച്ചറിന് വേണ്ടിയല്ലേ… ഞാന്… ഇളയമ്മേടെ കാൽ പിടിച്ചു ഞാൻ ഒരെണ്ണം വാങ്ങിക്കൊണ്ടു വന്നെ.. ഞാൻ പോലും കൈച്ചില്ലല്ലോ.. ടീച്ചറിന് വേണ്ടി അല്ലേ.. ടീച്ചറിനെ അത്ര ഇഷ്ട്ടം ഉള്ളോണ്ടല്ലേ…”

പിന്നൊന്നും പറയാൻ നിൽക്കാതെ സ്റ്റാഫ്‌ റൂമിലേക്ക് നടക്കുമ്പോൾ ഒരുതരം വീർപ്പുമുട്ടൽ മനസ്സിനെ ബാധിച്ചിരുന്നു..

ഇഷ്ടക്കേട് ഏറെയുള്ളതിനാൽ ആ പെണ്ണിനെ മറക്കാൻ എന്ന പോലെ മറ്റു കാര്യങ്ങളിൽ മുഴുകിയപ്പോൾ നിറഞ്ഞു കലങ്ങിയ ആ മിഴികൾ താൻ മറന്നു പോയി..

പിറ്റേന്ന് ഉച്ചക്കത്തേക്കുള്ള ഭക്ഷണം എടുക്കാൻ മറന്നിട്ടു ഊണ് കഴിക്കാൻ കുമാരേട്ടന്റെ കടയിലേക്ക് നടക്കുമ്പോൾ ഒരു കടയുടെ തിണ്ണയിൽ കുപ്പിവളകളുമായി ഇരിക്കുന്ന പെണ്ണിനെ കണ്ട് തറഞ്ഞു നിന്നുപോയി…

വഴിയേ പോകുന്നവരെയെല്ലാം ഒന്ന് വാങ്ങാനായി ദൈന്യതയോടെ നോക്കുന്നത് കണ്ട് ആദ്യമായി ആ കുഞ്ഞ് പെണ്ണിന് വേണ്ടി തന്റെ കണ്ണ് നിറഞ്ഞു പോയി…

വിശപ്പ് കെട്ട് പോയിരുന്നു.. തിരികെ നടക്കുമ്പോഴൊക്കെയും തനിക്ക് മുന്നിൽ തല കുനിഞ്ഞു നിന്നതൊക്കെയും ഓർമ വന്നു… കാരണങ്ങൾ കണ്ടെത്തി ആ മനസ്സിനെ വേദനിപ്പിച്ചത് ഓർത്ത് പോയി…

ഈശ്വര… താൻ ഒരു പാപിയാണ്… ജീവിതം എന്തെന്ന് അറിയാത്ത ജീവിക്കാൻ നോവറിയുന്ന ഒരു കുഞ്ഞിനെ താൻ വേദനിപ്പിച്ചു..അവളുടെ മുറിഞ്ഞ ഹൃദയത്തെ താൻ വീണ്ടും വീണ്ടും കുത്തി നോവിച്ചു..

അന്ന് ഉച്ചക്ക് വിയർത്തൊലിച്ചു ക്ലാസ്സിലേക്ക് ഓടി എത്തിയവളെ താൻ ഒരു നിമിഷം നോക്കി നിന്നുപോയി.. ജീവിക്കാൻ വേണ്ടി പോരാടുന്ന ഒരു പത്തു വയസ്സുകാരി..

പുഞ്ചിരിയോടെ കയറി ഇരിക്കാൻ പറഞ്ഞതും അത്ഭുതത്തോടെ അവൾ തന്നെ നോക്കി.. ഒരുപക്ഷെ ആദ്യം ആയിട്ടാകും താൻ അവളെ നോക്കി ചിരിക്കുന്നത്..

പഠിപ്പിച്ചതൊക്കെ അടുത്ത് ചെന്ന് ഒന്ന് കൂടെ പറഞ്ഞു മനസിലാക്കികൊടുക്കുമ്പോഴും ആ കുഞ്ഞ് മിഴികളിൽ അത്ഭുതം ആയിരുന്നു..

ക്ലാസ്സ്‌ കഴിഞ്ഞു പുറത്തേക്ക് ഓടാൻ നിന്നവളെ പിടിച്ചു നിർത്തി കയ്യിലേക്ക് ഒരു കടലാസ് മുട്ടായി വെച്ചു കൊടുക്കുമ്പോൾ അതിയായ സന്തോഷത്തിൽ അവൾ തന്നെ നോക്കി..

“ഇന്നലെ എന്റെ പിറന്നാൾ ആണെന്ന് എങ്ങനെ അറിഞ്ഞു “എന്ന തന്റെ ചോദ്യത്തിന്

“ടീച്ചറിനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്” എന്ന് പറഞ്ഞു നടന്നകന്നവളെ താനും സ്നേഹിക്കാൻ തുടങ്ങിയിരുന്നു…

അറിയാതെ ഉള്ളിൽ എന്നോ കുമിഞ്ഞു കൂടിയ വെറുപ്പിനുള്ളിൽ സ്നേഹത്തിന്റെ ഒരു മൊട്ടു പൂവിട്ടിരുന്നു…

രണ്ടാനമ്മയുടെ കൂടെ വേദന തിന്നു ജീവിക്കുന്ന… കുഞ്ഞ് പ്രായത്തിലും വീട്ടിലെ ജോലികൾ ചെയ്ത് തീർക്കുന്ന…

ഇടവേളകളിലും അവധി ദിവസങ്ങളിലും വെയിലത്തു കുപ്പി വള വിറ്റ് നടക്കുന്നവളാണ് അമല എന്ന അറിവ് കുറച്ചൊന്നുമല്ല തന്റെ മനസ്സിനെ പിടിച്ചുലച്ചത്…

തനിക്കായി കേണപേക്ഷിച്ചു കൊണ്ട് വന്ന ആ ഇലയട പുച്ഛത്തോടെ നോക്കിയ നിമിഷത്തെ താൻ വെറുത്തു പോയി…

എങ്ങനെ തനിക്ക് കഴിഞ്ഞു… വിദ്യാഭ്യാസസമ്പന്നയായ അധ്യാപിക. എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി…

ഞാൻ ചെയ്തതൊക്കെയും ഓർത്ത് ഹൃദയം പൊട്ടുമാറുച്ചത്തിൽ പൊട്ടിക്കരയണമെന്നും അവളെ ചേർത്ത് പിടിക്കണമെന്നും തോന്നി..

എന്നിട്ടും കുറ്റബോധം കൊണ്ട് ആ കുഞ്ഞിന്റെ മുഖത്തേക്ക് ഒന്ന് നോക്കാൻ പോലും തനിക്ക് സാധിച്ചില്ല…

നാളുകൾക്ക് ശേഷം അടിയേറ്റ് തളർന്ന ശരീരവും ആയി ക്ലാസ്സിലേക്ക് വന്നവളെയും കൊണ്ട് തന്റെ വീട്ടിലേക്ക് നടക്കുമ്പോൾ ആരും തിരക്കി വന്നില്ല…

ആർക്കും വേണ്ടാത്തവൾ ആണല്ലോ അമല…എല്ലാരുടെയും കണ്ണിൽ വെറും അസത്ത്…

ഒരിക്കൽ തനിക്കും അങ്ങനെ ആയിരുന്നില്ലേ.. പക്ഷേ ഇന്ന് തനിക്ക് വേണം അവളെ… തന്റെ മകളായി… ചേർത്ത് പിടിക്കാൻ.. സ്നേഹിക്കാൻ.. സ്നേഹിക്കപ്പെടാൻ…

മുറ്റത്ത് വന്നു നിന്ന കാറിന്റെ ശബ്ദം ഓർമകളിൽ നിന്ന് ഉണർത്തിയതും ഉമ്മറത്തേക്ക് ചെന്നു…”അമ്മു…”

“മ്മ്.. എന്നാ എന്റെ അമ്മക്കിളിക്കൊരു കള്ളലക്ഷണം…ഭക്ഷണം കഴിച്ചിട്ടൊക്കെ തന്നെയാണോ ഇങ്ങനെ ഇരിക്കുന്നെ.. നോക്കട്ടെ ഞാൻ… വിളമ്പി വെച്ചത് ഇന്നും അത് പോലെ ഉണ്ടെങ്കിൽ ചെവിക്ക് കിഴുക്കും ഞാൻ.. ഹാ…”

“കുറച്ച് കഴിച്ചു.അമ്മയ്ക്ക് വിശപ്പില്ലായിരുന്നു..””ഉവ്വ..കാണില്ല..പൂർവ കാമുകനെയും സ്വപ്നം കണ്ടിരുന്നോണം.. കുറെ നേരമായില്ലേ ഇങ്ങനെ ഇരിക്കുന്നെ… വാ.. കുറച്ച് നേരം കിടക്കാം..”

“മ്മ്..”തളർന്നു പോയ തന്റെ കാലുകൾ ചേർത്ത് പിടിച്ചു അരുമയോടെ ഒരു കുഞ്ഞിനെ എന്ന പോലെ കൈകളിൽ വാരിയെടുത്ത് അകത്തേക്ക് നടക്കുന്നത് കാണുമ്പോഴൊക്കെയും തന്റെ കണ്ണ് നിറയും..

അപ്പോഴൊക്കെ ശാസനയോടുള്ള ഒരു നോട്ടം തനിക്ക് തിരികെ തരും..കട്ടിലിലേക്ക് ചായ്ച്ചു കിടത്തി തന്റെ നെഞ്ചിൽ തലചായ്ച്ചു കിടക്കുന്നവളുടെ മുടിഴിയകളിൽ പതിയെ തലോടി… തനിക്ക് വീണ്ടും നോവുന്നു…വീണ്ടും വീണ്ടും നോവുന്നു… ഈ സ്നേഹം തന്നെ വേദനിപ്പിക്കുന്നു….

അറിയാൻ വൈകിപ്പോയത്തും ചേർത്ത് പിടിക്കാതിരുന്നതും എല്ലാം എല്ലാം എന്നും തന്നെ വേദനിപ്പിക്കുന്നു…

വാക്കുകൾ കൊണ്ട് ക്രൂരമായി വേദനിപ്പിച്ചിരുന്നിട്ടും നിറഞ്ഞു സ്നേഹിക്കുന്ന ഈ കുഞ്ഞ്പെണ്ണിനെ കാണുമ്പോഴൊക്കെയും തനിക്ക് വേദനിക്കുന്നു.

അപ്പോഴേക്കും സ്വപ്നത്തിലെന്ന പോലെ കളഞ്ഞു കിട്ടിയ ഒരു കുന്ന് സ്നേഹത്തിന്റെ ആലസ്യത്തിൽ അമ്മയുടെ ചൂട് പറ്റി കിടന്നവളുടെ മുഖത്തു ഒരു പുഞ്ചിരി വിരിഞ്ഞു..

തീരെയും പ്രതീക്ഷിക്കാത്ത
തരത്തിൽ സ്നേഹിക്കപ്പെടുമ്പോഴുണ്ടായേക്കാവുന്ന മനോഹരം ആയൊരു പുഞ്ചിരി..

Leave a Reply

Your email address will not be published. Required fields are marked *