കാശിത്തുമ്പപ്പൂക്കൾ
രചന: രഘു കുന്നുമ്മക്കര പുതുക്കാട്
കിടപ്പുമുറിയുടെ ചുവരിൻമേലിരുന്ന ക്ലോക്ക്, സമയം ഏഴുമണിയായെന്ന് മണി കിലുക്കിയറിയിച്ചു.
രജിത, കിടക്കയിൽ ഒന്നുകൂടി ചുരുണ്ടു കിടന്നു.
ധനുമാസത്തിലെ പ്രഭാതത്തിന്റെ കുളിരിനെ കമ്പിളിപ്പുതപ്പുകൊണ്ടകറ്റി ചെറുചൂടേറ്റു കണ്ണടച്ചു മയങ്ങാൻ എന്തു സുഖമാണ്.
അടുക്കളയിൽ, അമ്മ തിരക്കുകളിലായിരിക്കും.
അച്ഛൻ, വിശാലമായ വീട്ടുപറമ്പിൽ എന്തെങ്കിലും ചെയ്യുകയാവും.
അമ്മയുടെ നിഷ്കർഷകളുടെയും ശാസനകളുടെയും പുളിക്കുന്ന മുതുനെല്ലിക്കകൾക്ക്, കാലം മധുരമേ തന്നിട്ടുള്ളൂ.
ഞായറാഴ്ച്ചകൾ, ഇളവുകളുടേയും ഇളവേൽക്കലുകളുടേയും ദിനമായി അമ്മ അനുഭാവപൂർണ്ണം പരിഗണിച്ചിരിക്കുന്നു.
ഓരോ പുലരികളും തുടങ്ങുന്നത്, പൂർത്തിയാകാത്തൊരു സ്വപ്നം ബാക്കി വച്ചാണ്.
എവിടെ തുടങ്ങിയെന്നോ, എങ്ങനെ അവസാനിച്ചെന്നോ അറിയാത്ത, പാതിയിൽ മുറിഞ്ഞ കനവുകൾ.
പ്രത്യുഷസ്വപ്നങ്ങളിൽ രജിതയ്ക്കു ചിറകുകൾ മുളയ്ക്കാറുണ്ട്.
ഇളംനീല വർണ്ണമുള്ള ആകാശവിതാനത്ത് അവൾ കുതിച്ചുയരാറുണ്ട്.
സ്വയം മറക്കാറുണ്ട്.
പൊടുന്നനേ ചിറകറ്റു ഭൂമിയിൽ പതിക്കാറുണ്ട്.
വീഴ്ച്ചയുടെ ഗതിവേഗങ്ങൾ നടുക്കങ്ങൾ പകരാറുണ്ട്.
ഉറക്കമുണർന്നു, ചുറ്റും പതറിപ്പതറി കൺമിഴിക്കുമ്പോൾ, കനവിന്റെ വ്യർത്ഥതയെക്കുറിച്ചു വെറുതേയോർത്തു ചിരിക്കാറുണ്ട്.
കുളിരുപൊതിയുന്ന ദേഹത്തിലേക്ക്, അമർന്നു പുൽകുന്നതാരാണ്?
നിശാചരികളായ യക്ഷരോ, കിന്നരരോ?
അതോ, ദേവലോകത്തെ സംഗീതമധുരിമയിൽ അലിയിച്ച ഗന്ധർവ്വൻമാരോ?
ആരാണ്, അനാവൃതമായ ഉടലിൽ പ്രണയത്തിന്റെ ഉരുക്കങ്ങളും,
ദേഹസൗഖ്യങ്ങളുടെ പ്രവാഹങ്ങളും തീർക്കുന്നത്?
പൂർണ്ണനിമീലിതങ്ങളായ നയനങ്ങളെ സാവകാശം വിടർത്തി,
ചുറ്റുപാടിലും പരതുമ്പോൾ, മുന്നിൽ തറഞ്ഞുനിന്ന ശൂന്യതയിൽ, അവർ വിലയം പ്രാപിച്ചുവോയെന്ന ശങ്ക അവശേഷിക്കുന്നു.
ഉലയുന്ന ജാലകവിരികൾ, പ്രിയപ്പെട്ട നിശാചരിയുടെ ഒളിച്ചുകളികളാണോ പറയാതെ പറയുന്നത്?
രാവസ്ത്രങ്ങൾക്കു മേലെ പടർന്നുകയറിയ കമ്പിളിച്ചൂട്;
രജിത, വീണ്ടും മടി പിടിച്ചങ്ങനെ മിഴികളടച്ചു കിടന്നു.
തലയിണയോടു ചേർന്നുകിടന്നിരുന്ന മൊബൈൽഫോൺ, ഒന്നു ചിണുങ്ങി നിന്നു.
സുപ്രഭാതങ്ങളുടെ വാട്സ് ആപ്പ് സന്ദേശങ്ങളുടെ ആരംഭമാകാം.
തെല്ലലസമായി, മൊബൈൽ ഫോൺ കയ്യിലെടുത്തു.
സന്ദേശം തുറന്നു.
പ്രദീപ് മാഷാണ്.
ടൗണിലെ പി എസ് സി കോച്ചിംഗ് സെന്ററിലെ അധ്യാപകരിൽ, ഏറെ പ്രതിഭാധനൻ.
അവിവാഹിതൻ, സുന്ദരൻ;
ഒപ്പം, യുവാവും.
ഡിഗ്രി കഴിഞ്ഞ്, രജിത ഒരുവർഷത്തേ HDC കോഴ്സു പഠിച്ചത്,
സഹകരണമേഖലയിലെ അനന്തമായ തൊഴിൽസാധ്യതകൾ മുന്നിൽ കണ്ടുകൊണ്ടാണ്.
പണം കൊടുത്ത്, ഏതെങ്കിലും സൊസേറ്റിയിൽ കയറാം എന്നു കരുതിയാലും പരീക്ഷയും
റാങ്കുലിസ്റ്റുമില്ലാതെ യാതൊന്നും നടക്കില്ല എന്ന അവസ്ഥയിലാണ്, PSC കോച്ചിംഗ് സെന്റർ എന്ന പിടിവള്ളി തേടി പോകേണ്ടി വന്നത്.
‘പ്രദീപ് മാഷിന്റെ ക്ലാസ്സുകൾ;
അറിവിന്റെയും, സാംസ്കാരികതയുടേയും വർണ്ണപുഷ്പങ്ങൾ ഇതൾവിടരുമിടം.
അയത്നലളിതമായ ആഖ്യാനങ്ങൾ,
സുഭഗമായ പെരുമാറ്റം, ചിരി.
ഏതൊരു പഠിതാവിനും, ഹൃദയത്തിൽ ചേർത്തുവയ്ക്കാൻ എന്തെങ്കിലുമില്ലാതെ ഒരു പ്രവർത്തിദിനം കടന്നുപോകാറില്ല.
ഏതൊരാലസ്യത്തേയും പടികടത്തുന്ന സംസാരം.
ബ്ലാക്ക്ബോർഡിൽ നിറയുന്ന നിരയൊത്ത ലിഖിതങ്ങൾ,
വെളുത്ത വിരലുകളിൽ പറ്റിച്ചേർന്ന ചോക്കുപൊടി.
സമയസൂചികകൾ ചിറകുമുളച്ചു പറക്കുന്ന പകലുകളേ വെറുക്കാൻ തോന്നിയിട്ടുണ്ട്, സാറിന്റെ ക്ലാസ്മുറികളിൽ നിന്നും മടങ്ങുമ്പോൾ.
തന്റെ നോട്ടത്തിലെ ആരാധനയും, പ്രണയവും മാഷ് തിരിച്ചറിയുന്നുണ്ടാവും.
അല്ലെങ്കിൽ, മിഴികളിൽ മിഴികളുടക്കുമ്പോൾ അദ്ദേഹമെന്തിന് നോട്ടം പിൻവലിക്കണം.
ഒന്നുറപ്പുണ്ട്,
സാറിപ്പോൾ, ഒരു മത്സ്യത്തിന്റെ വേപഥുവിലാണ്.
ചൂണ്ടയിൽക്കുരുങ്ങി ആഴങ്ങളെ നഷ്ട്ടപ്പെട്ട മത്സ്യത്തിന്റെ നിസ്സഹായാവസ്ഥ.
ആ പ്രാണൻ പിടച്ചിലുകളെ, എത്ര കുതൂഹലത്തോടെയാണ് ആസ്വദിച്ചത്.
അകലാൻ ശ്രമിക്കുമ്പോഴും, താനെന്ന കാന്തികവലയത്തിൽ നിലയും ദിശയും തെറ്റി ഉഴറുകയാണൊരാൾ.
ഇന്നലെ നാലുമണിക്കു, ക്ലാസ് പിരിഞ്ഞ ശേഷം കാണണമെന്നു പറയാനുള്ള ധൈര്യം സാറിനു നൽകിയത്, എന്റെ മനോഭാവങ്ങളുടെ തിരിച്ചറിവല്ലേ?
കൂട്ടുകാരികളോട് കളവു പറഞ്ഞ്,
വിജനതയുടെ നിശബ്ദത തളംകെട്ടിയ ക്ലാസ് മുറിയിൽ,
മാഷും താനും മാത്രമാകുന്നു.
നിമിഷങ്ങൾ പൊഴിയുമ്പോൾ അറിയുന്നുണ്ട്,
തന്റെ കരങ്ങളെ പൊതിഞ്ഞ,
ചോക്കുപൊടി പുരണ്ട വെളുത്ത വിരലുകളുടെ ചൂട്.
ഒരാശ്ലേഷത്തിന്റെ ഉടലുലച്ചിലുകൾ.
നിറുകയിൽ അമരുന്ന അധരങ്ങൾ.
നിമിഷങ്ങളുടെ മാത്രം ദൈർഘ്യമുള്ള ആ പരിരംഭണത്തേ വിടർത്തിക്കൊണ്ട്, മാഷ് വേഗത്തിൽ പുറത്തിറങ്ങി.
പടികളിലൂടെ അതിവേഗമിറങ്ങി ആൾത്തിരക്കു കുറഞ്ഞ പാതയിലൂടെ നടന്നകന്നു.
ഉപ്പുശില പോലെയുറഞ്ഞു നിൽക്കുമ്പോളും നോട്ടമെത്തിയത്, പിന്തിരിഞ്ഞു നോക്കാതകലുന്ന ആ നടത്തത്തേയാണ്.
വീട്ടിലേക്കു തിരികെ നടക്കുമ്പോൾ, പനിക്കുന്നുണ്ടെന്നു തോന്നിച്ചു.
സായംകാലം.
പ്രദോഷസൂര്യന്റെ മഞ്ഞച്ച വെയിൽനാളങ്ങൾ ഉടലിനെയാകെ പൊതിയുന്നുണ്ട്.
തുടുത്ത കവിൾത്തടങ്ങളെയും, ശോണിമ പടർന്ന അധരങ്ങളേയും പതിന്മടങ്ങു ജ്വലിപ്പിച്ച സൂര്യവെളിച്ചം.
നാട്ടുവഴിയിലൂടെ സഞ്ചരിക്കുമ്പോൾ, നിഴൽ കിഴക്കോട്ടു നീളുന്നു.
ഓരോ ചുവടു പിന്നിടുമ്പോഴും, കഴിഞ്ഞുപോയ സുമുഹൂർത്തങ്ങൾ അലയടിച്ചെത്തിക്കൊണ്ടേയിരുന്നു,
ഇടവേളകളില്ലാതെ.
വാട്സ് ആപ്പ് മെസേജ് തുറന്നു.
രജിതയുടെ മിഴികൾ സമക്ഷം, കുനുകുനേ അക്ഷരങ്ങൾ നിരനിരന്നു.
“പ്രിയപ്പെട്ട പെൺകുട്ടീ,
ക്ഷമിയ്ക്കുക.
ഇന്നലത്തെ ആ നിമിഷങ്ങളെ മറക്കുക.
മനസ്സ്, ഏതൊരാളുടെയും കടലാഴമുള്ളതാണ്.
ദേഷ്യത്തിന്റെയും, പകയുടെയും, പ്രണയങ്ങളുടെയും,
സങ്കടങ്ങളുടെയും നൈരാശ്യങ്ങളുടെയും പലനിറമുള്ള അവസ്ഥാന്തരങ്ങൾ കുടിയേറിയ സാഗരം.
ചിന്താവൈകല്യങ്ങളുടെയും,
അരുതാ വൈകൃതങ്ങളുടെയും ഇരുളടഞ്ഞ ആഴങ്ങൾ കെണിയൊരുക്കിയ കടലിടങ്ങൾ.
യുക്തിക്കും, വിദ്യാഭ്യാസത്തിനും മാത്രം ബന്ധനം തീർക്കാവുന്ന ചപലതകളിൽ, ഇന്നലെ വീണുപോയതാണ്.
ഏതൊരു പുരുഷന്റെയുള്ളിലും, തുടലിൽ ബന്ധിച്ച ഒരു വേട്ടനായുണ്ട്.
സാഹചര്യങ്ങളിൽ ചങ്ങല ഭേദിയ്ക്കുന്ന,
കാമമോഹങ്ങളുടെ രൗദ്രത പേറി.
എല്ലാം, എന്റെ തെറ്റുമാത്രമാണ്.
അനുകൂലസാഹചര്യങ്ങളെ, ഞാൻ ഒഴിവാക്കേണ്ടതായിരുന്നു.
മറക്കുക, പൊറുക്കുക.
നിന്റെ കഥയില്ലായ്മകളുടെ
ബഹിർസ്ഫുരണങ്ങളും, മിഴികളിൽ വിടരുന്ന കൗതുകങ്ങളും അവഗണിക്കേണ്ടവൻ ഞാൻ തന്നെയായിരുന്നു.
സാധിക്കാതെ പോയത്, എന്റെ തെറ്റ്.
തെറ്റുകൾ ആവർത്തിക്കപ്പെടാതിരിക്കട്ടേ,
മാപ്പ്..”
രജിത, മെസേജ് വായിച്ചുതീർത്തു.
ഡിലിറ്റ് ഓപ്ഷനിലേയ്ക്കു നീളൻ വിരലുകൾ പരതിച്ചെന്നു.
പതിയെ എഴുന്നേറ്റു.
കട്ടിലിനു നേരെ എതിർവശത്തുള്ള നിലക്കണ്ണാടിയിൽ, അവളുടെ രൂപം പ്രതിഫലിച്ചു.
ഉടലഴകുകളിൽ, ഉത്സാഹിയായി ഉയിർത്തെഴുന്നേറ്റ്, അവൾ ഉമ്മറമുറ്റത്തേക്കു വന്നു.
മുറ്റത്തേ ചെടികളെല്ലാം പൂവിട്ടിരിക്കുന്നു.
അത്ഭുതം;
അകാലത്തിലെന്നോണം, കാശിത്തുമ്പകൾ പൂത്തിരിക്കുന്നു.
കരിനീലപ്പൂവുകൾ.
പൂക്കൾക്കു കീഴെ, ഒരു കാറ്റലയുടെ സ്പർശത്താൽ പൊട്ടിച്ചിതറാൻ വെമ്പുന്ന കാശിത്തുമ്പക്കായ്കൾ.
മണ്ണിൽ, പുതിയ ജീവനുകൾ തീർക്കാൻ,
രണ്ടില മുളച്ചു വളർന്നു, വലിയ പൂങ്കാവനങ്ങളൊരുക്കാൻ ത്രസിക്കുന്ന വിത്തുക്കുടങ്ങൾ.
രജിതയുടെ മനോരഥങ്ങളിൽ, പുലരിയിൽ പാതിമുറിഞ്ഞ കനവുകളുടെ രംഗങ്ങൾ പുനരാവിഷ്കരിക്കപ്പെട്ടു.
കനവിലെ ഗന്ധർവ്വന്റെ വിരൽത്തുമ്പുകളിൽ പറ്റിച്ചേർന്ന ചോക്കുപൊടിയുടെ വെള്ളനിറം, കൂടുതൽ കൃത്യതയോടെ വെളിവാകുന്നുണ്ട്.
അവൾ, കാത്തിരുന്നു;
തിങ്കളാഴ്ച്ചക്കായി.
സഹകരണ പ്രസ്ഥാനത്തിന്റെ ചരിത്രവും കൊല്ലവർഷങ്ങളും, അക്കൗണ്ടൻസും, പൊതുവിജ്ഞാനവും സംയോജിച്ച കോച്ചിംഗ് ക്ലാസ്സിന്റെ അകത്തളത്തിലെത്താൻ,
അക്ഷമയോടെ…
സമയം, എറെ മെല്ലെയാണു സഞ്ചരിക്കുന്നതെന്നു അവൾക്കു തോന്നി.
തലേദിവസം സമ്മാനമായി ലഭിച്ച,
അമൂല്യതകളുടെ ഓർമ്മപ്പുതപ്പിനുള്ളിൽ അവൾ ചുരുണ്ടുകൂടി.
പുലരിവെയിലിനു, പതിയേ കനം വയ്ക്കാൻ തുടങ്ങിയിരുന്നു.
അവളുടെ പ്രണയചോദനകൾ പോലെ…..