(രചന: ഞാൻ ഗന്ധർവ്വൻ)
“കുറെയായി കേൾക്കാൻ തുടങ്ങീട്ട് ഇത്. അളിയന് കുറേ കടമുണ്ട്, അളിയന് നല്ല ജോലിയില്ല, അവന്റെ കാറിന്റെ ലോൺ അടക്കാൻ വരെ കാശില്ല, അവന് വീടില്ല”
ഫൈസി തന്റെ സങ്കടം മറച്ചുവെക്കാതെ ഉമ്മയോടും ഉപ്പയോടും ശബ്ദമുയർത്തി സംസാരിച്ചു. ഉമ്മ അവനെ തറപ്പിച്ചൊന്ന് നോക്കി
“ആഹാ, ഇതുനല്ല കൂത്ത്. നീ ഇപ്പൊ എന്തിനാ ഇങ്ങനെ കിടന്ന് ചാടുന്നേ…?”ഉമ്മ ഫൈസിയുടെ ഭാര്യ ഷംനയെ നോക്കി കണ്ണുരുട്ടി
“അന്റെ മാപ്ലക്ക് ചൂട് അടക്കാൻ പറ്റണില്ലേൽ പുടിച്ച് എങ്ങോട്ടെങ്കിലും കൊണ്ടോയ്ക്കോ. അവള് ഓരോന്ന് അവന്റെ ചെവിയിൽ ഓതിക്കൊടുത്ത് ഇങ്ങട്ട് പറഞ്ഞയക്കും”ഉമ്മയുടെ സംസാരം കേട്ടപ്പോൾ ഫൈസിക്ക് നല്ലോണം ദേഷ്യം വന്നു
“എന്റെ ഉമ്മാ, എനിക്കും ഒരു കുടുംബം ഉണ്ട്. എനിക്ക് അവരുടെ കാര്യോം നോക്കേണ്ടേ…? ഇതൊന്നും ഷംന എന്റെ കാതിൽ ഓതി തന്നിട്ട് ഞാൻ പറയുന്നതല്ല. അളിയനെക്കാളും കടം എനിക്കുമുണ്ട്. എന്നെ സഹായിക്കാൻ ഞാൻ മാത്രേ ഒള്ളൂ”
ഉമ്മ ഫൈസിയെ പുച്ഛത്തോടെ നോക്കി”ഓഹ്, സ്വന്തം പെങ്ങളുടെ കുടിയിരിക്കലിന് (വീടിന്റെ പാല് കാച്ചൽ) കുറച്ച് സാധനം കൊണ്ടുപോവാൻ
- പറഞ്ഞതിനാണോ നീയീ കിടന്ന് ചാടി കളിക്കുന്നത്. നീ മാത്രല്ലല്ലോ ഈ വീട്ടിലുള്ളത്, അന്റെ രണ്ട് അനിയന്മാർക്കും അവരുടെ കെട്ട്യോൾമാർക്കും ഒരു കുഴപ്പോം ഇല്ലല്ലോ”ഫൈസി ദയനീയമായി ഉമ്മയെ നോക്കി”ഉമ്മാ, കുറച്ച് സാധനമാണോ ഇങ്ങള് മേടിക്കാൻ പറഞ്ഞേ…? മോൾക്ക് അവളുടെ ഭർത്താവിന്റെ വീട്ടുകാരുടെ മുന്നിൽ ആളാവൻ എന്തിനാ ഉമ്മാ ഇങ്ങനെ കടം മേടിച്ച് ആർഭാടം കാണിക്കുന്നേ…?
- നമ്മളെകൊണ്ട് പറ്റുന്ന പോലെ ചെയ്താൽ പോരെ…? അവളുടെ വീട് പണിക്ക് ഞങ്ങളൊക്കെ ഒരുപാട് സഹായിച്ചതല്ലേ”ഇത് കേട്ടതും ഉമ്മ ഉറഞ്ഞുതുള്ളി”കണ്ടാ, ഇങ്ങളിത് കേട്ടാ… സ്വന്തം കൂടപ്പിറപ്പിന് വീടുണ്ടാക്കാൻ പൈസ കൊടുത്തതിന്റെ കണക്ക് അവൻ പറഞ്ഞത് കണ്ടാ. ഇജൊന്നും ഒരുകാലത്തും കൊണം പിടിക്കില്ലടാ”
ഇതും പറഞ്ഞ് ഉമ്മ ഉപ്പയെ നോക്കി”ഇങ്ങള് ആ ഫോണെടുത്ത് എന്റെ ഇളയ മക്കൾക്ക് വിളിച്ച് തരീന്ന്. ഞാൻ അവരോട് പറഞ്ഞോളാം എന്റെ സങ്കടം. പ്രായം കൊണ്ട് മൂപ്പ് ഉണ്ടായിട്ട് കാര്യല്ല, വീട്ടുകാർക്ക് എന്തേലും ഉപകാരം വേണം. ഭാര്യയുടെ വാക്കും കേട്ട് നടക്കുന്ന പെൺ കോന്തൻ”
ഉമ്മയുടെ സംസാരം കേട്ടപ്പോൾ കൂടുതൽ ഒന്നും പറയാൻ നിക്കാതെ ഫൈസി മുറിയിൽ കയറി കൂടെ ഷംനയും. ഒരു പിഞ്ചു പൈതലിനെ പോലെ ഫൈസി കരയുന്നത് ഷംന നോക്കി നിന്നു. അവൻ അടുത്തുപോയി അവനെ ആശ്വസിപ്പിച്ചു
“ഇങ്ങളെന്താ ഇക്കാ, കുട്ടികളെപ്പോലെ. ഉമ്മ എന്തേലും പറഞ്ഞെന്ന് വെച്ച്… അയ്യേ…”ഫൈസി ഷംനയെ കെട്ടിപിടിച്ച് അവളുടെ കണ്ണിലേക്ക് നോക്കി
“ഈ നിമിഷം വരെ ഉമ്മ നീയെന്നാ മോനേ ഒരു വീട് വെക്കുന്നേ എന്ന് ചോദിച്ചിട്ടുണ്ടോ…? എനിക്കും ഉണ്ടാകില്ലേ ആഗ്രഹങ്ങൾ…? ഇപ്പൊ തന്നെ ഞാനും നീയും മക്കളും ഈ വീട്ടിൽ അധികപ്പറ്റാണ്.
ഗൾഫിൽ നിന്നും ലീവിന് വന്ന് രണ്ട് മൂന്ന് മാസം കഴിഞ്ഞാൽ പോക്കറ്റ് കാലിയാവും. കയ്യിൽ പൈസയില്ലെങ്കിൽ സ്വന്തം മക്കള് തിന്നുന്നതിന്റെ കണക്ക് വരെ കേൾക്കേണ്ടിവരും”
ഒന്ന് നിറുത്തിയിട്ട് ഫൈസി ഷംനയെ നോക്കി”പെങ്ങളെ കല്യാണത്തിന്റെ മുഴുവൻ ചിലവും അന്തസ്സോടെ നടത്തിയ എന്നോടാ ഉമ്മ ചോദിച്ചേ, നിന്നെക്കൊണ്ട് ഈ വീടിന് എന്താ ഉപകാരമെന്ന്”
അല്ലേലും കാര്യം കഴിഞ്ഞാൽ ചില മക്കൾ മാതാപിതാക്കൾക്ക് വെറും പെൺകോന്തൻ മാത്രമാണ്…ഇത് എല്ലാവരുടേയും കഥയല്ല, ചിലരുടെ മാത്രം…