കള്ളനെ തേടി
രചന: Vijay Lalitwilloli Sathya
“ടീച്ചർ കുഞ്ഞേ…അടിവസ്ത്രങ്ങൾ വല്ലതുമുണ്ടെങ്കിൽ വീട്ടിനകത്ത് തന്നെ ഉണക്കാൻ ഇട്ടാ മതി… ഇവിടെ പുറത്ത് ഇടേണ്ട”
“ങേ അതെന്താ നാണി അമ്മേ
ഇവിടെ അങ്ങനെ ഒരു പ്രത്യേകത”സ്ഥലംമാറ്റം ലഭിച്ച് ആ നാട്ടിലെ എൽപി സ്കൂളിൽ പഠിപ്പിക്കാൻ പുതുതായി എത്തിയതായിരുന്നു ജാൻസി ടീച്ചർ.
ഇന്നലെ ആണ് വൈകിട്ട് ആളൊഴിഞ്ഞ വളപ്പിലെ ഈ ഒറ്റ വീട്ടിൽ താമസം തുടങ്ങിയത്.ജാൻസി അവിവാഹിതയും സുന്ദരിയുമാണ്.
റോഡിലൂടെ സഞ്ചിയും തൂക്കി പോവുകയായിരുന്ന നാണിയമ്മ ആളില്ലാത്ത വീട്ടിൽ ആളനക്കം കണ്ടപ്പോൾ കയറി വന്നതാണ്.
അങ്ങനെ അന്യോനം കുശലം ചോദിച്ചു പരസ്പരം സംസാരിച്ചിരിക്കെയാണ് ആനക്കാര്യം പോലെ ഇതു പറഞ്ഞത്.
അവർ പറഞ്ഞതിൽ എന്തെങ്കിലും കാര്യം ഉണ്ടാകും. ടീച്ചർക്ക് തോന്നി.കാരണം ഈ നാട്ടിലെ ഒരു കൊച്ചു മാധ്യമപ്രവർത്തകയാണ് നാണിത്തള്ള.
ഷൂട്ടിംഗ് ക്യാമറയും അനൗൺസ്മെന്റ് ടെലികാസ്റ്റിംഗും എല്ലാം അവരെ ഒറ്റയ്ക്കാണ് നിർവഹിക്കുന്നത്.
പണ്ട് ആകാശവാണി ആയിരുന്നു. ഇപ്പോൾ പിന്നെ എല്ലാവരും ചാനലിലേക്ക് മാറിയല്ലോ. ആ പുരോഗതി അവർക്കുമുണ്ട്.
” അതേയ് ഇവിടെ പെൺ കൊച്ചുങ്ങളുടെ അടിവസ്ത്രങ്ങൾ എടുത്തു കൊണ്ടു പോകുന്ന ഏതോ ഒരു കാമ ഭ്രാന്തൻ ഉണ്ട്. അവന്റെ ഉപദ്രവം കാരണം ഈ നാട്ടുകാർ ഒന്നും പുറത്തു ഇമ്മാതിരി വസ്ത്രങ്ങൾ ഉണക്കാൻ ഇടാറില്ല. അതോണ്ട് പറഞ്ഞതാ.. കുഞ്ഞേ… “”ആണോ…എന്റെ അമ്മോ “ജാൻസി ഒന്നു ഭയന്നു.
താൻ ആണെങ്കിൽ ഈ സാധനം ആകെ മൂന്നാലു എണ്ണമേ നാട്ടീന്നു പോരുമ്പോൾ കൊണ്ട് വന്നുള്ളൂ. ഇതൊക്കെ പോയാൽ പിന്നെ താൻ..ശമ്പളം കിട്ടും വരെ… ഓർത്തപ്പോൾ അവൾക്ക് പേടിയായി.. ഏതായാലും നാണിയമ്മ സൂചിപ്പിച്ചത് നന്നായി.
“ആരാ നാണിയമ്മ ഈ വിരുതൻ?””ആവോ അറിയില്ല ടീച്ചറുഞ്ഞേ “അപ്പോൾ ആരും കണ്ടിട്ടില്ലേ””ഇല്ല മോളെ..ഇല്ല”
“ഞങ്ങടെ നാട്ടിൽ എങ്ങാനും ആയിരുന്നെങ്കിൽ അവനെ രായ്ക്കുരാമാനം പിടികൂടി സൂക്കേട് മാറ്റി കൊടുത്തേനെ”
“അതെയോ… ആട്ടെ..മോളുടെ നാട് എവിടെയാ””കണ്ണൂര്””ഓ…അപ്പോൾ ശരി കുഞ്ഞേ. ഞാൻ അങ്ങോട്ട് പൊക്കോട്ടെ “അവർ വേഗം സ്ഥലം വിടാൻ ശ്രമിച്ചു
“ശരി നാണിയമ്മേ….ഇനി നേരം വൈകി റേഷൻ കിട്ടാതാവേണ്ട “”അതേയ്….ടീച്ചർകുഞ്ഞേ പുതിയ ശമ്പളം കിട്ടിയാൽ എനിക്കു മുറുക്കാൻ വാങ്ങിക്കാനുള്ള കാശു തരാൻ മറക്കല്ലേ..”
“തരാമെന്നേ…അത് പിന്നെ പറയണോ ഈ നാട്ടിലെ എന്റെ ആദ്യത്തെ പരിചയക്കാരി അമ്മയല്ലേ? ”
അവർ അതുകേട്ട് സന്തോഷത്തോടെ മോണ കാട്ടി ചിരിച്ചു കൊണ്ടു ഓരോന്നും പറഞ്ഞു നടന്ന് പോയി..
നാണിയമ്മ പറഞ്ഞതുകൊണ്ട് അങ്ങനെയുള്ള വസ്ത്രങ്ങളൊക്കെ ഉള്ളിലെ ഒരു റൂമിൽ അയ ഉണ്ടാക്കി അതിലിട്ടു. നാളെ സ്കൂളിൽ പോകാൻ ഉള്ളതാണ്.
ഉച്ചയോടുകൂടി പുറത്തുനിന്ന് ഉണങ്ങിയ വസ്ത്രങ്ങൾ ഒക്കെ എടുത്തു അകത്ത് കൊണ്ടുവച്ചു..!
വൈകിട്ട് കുളിയൊക്കെ കഴിഞ്ഞ് വരാന്തയിൽ ഇരിക്കവേ ജാൻസി ടീച്ചർക്ക് ഒരു ആശയം തോന്നി..
കുളിച്ചതിനു ശേഷം പുറത്തു ഉണക്കാനിട്ട തന്റെ ബാത്ത്റൂം ടവ്വലിനു സമീപം തന്റെ ഒരു പാന്റീസ് കൊണ്ട് വെച്ചാൽ ആ കള്ളൻ വരുമോ?
അവന്റെ തന്നെ ജോലി ആയതുകൊണ്ട് അവൻ വരാതിരിക്കില്ല.അവനെ കണ്ടു പിടിക്കണം. തന്റെ ചേട്ടൻ എസ്ഐ ആയതുകൊണ്ട് എന്തോ ക്ഷാത്ര രക്തം ഉള്ളതു കൊണ്ടോ അവൾക്ക് അങ്ങനെ ഒരു കുസൃതി മനസ്സിൽ ഉദിച്ചു…
അതുകൊണ്ട് മനസ്സിൽ തോന്നിയത് അങ്ങനെ തന്നെ ചെയ്തു.ഉള്ളതിൽ പഴയത് നോക്കി ഒരെണ്ണം അവൾ മനപൂർവ്വം പുറത്തെ അയയിൽ ഉണക്കാനിട്ടു.
പിറ്റേന്ന് തൊട്ടു ജോലിക്ക് പോയി തുടങ്ങി.രണ്ടു മൂന്നു ദിവസം കടന്നു പോയി. കള്ളൻ വന്നില്ല.
ഒരു ദിവസം വൈകിട്ട് കുളിയൊക്കെ കഴിഞ്ഞു പുറത്തുള്ള പ്രസ്തുത വസ്ത്രത്തിനു സമീപം ബാത്ത് ടവൽ ഉണക്കാനിട്ട് ജാൻസി ടീച്ചർ കുട്ടികളുടെ ഹോം വർക്ക് ചെയ്ത പുസ്തകങ്ങൾ പരിശോധിച്ച് വരാന്തയിൽ ഇരിക്കുകയായിരുന്നു.
സമീപത്ത് റോഡിൽ നിന്നും എന്തോ ഒരു വലിയ ശബ്ദം മുഴങ്ങി ആവോ?പെട്ടെന്ന് മതിൽ ചാടി ഒരുവൻ ആ വീട്ടുവളപ്പിൽ പ്രവേശിച്ചു.
ജാൻസി ടീച്ചർ അവനെ കണ്ടു. പക്ഷേ അവൻ ടീച്ചറെ കണ്ടില്ല. കാരണം അവന്റെ ലക്ഷ്യം ഒന്നുമാത്രം അയയിൽ ഉള്ള ആ വസ്ത്രം.
അവനെ കണ്ട് ടീച്ചർ കസേര നോക്കി എഴുന്നേൽക്കാൻ ശ്രമിച്ചു.അവൻ ശബ്ദം കേട്ട് ടീച്ചറെ നോക്കി കയ്യിൽ കിട്ടിയത് കൊണ്ട് പുറത്തുകടന്നു.
‘ഈശ്വരാ പന്റീസ് പോയി..’ങേ….തന്നെ കണ്ട ഞെട്ടലിൽ ധൃതിയിൽ പാന്റീസ്എടുക്കാൻ വന്നവൻ അയയിൽ കിടന്ന തന്റെ തോർത്തുമുണ്ടും കൊണ്ടാണല്ലോ പോയതു.. എടുക്കാൻ നേരത്ത് തന്നെ പാളി നോക്കിയപ്പോൾ സാധനം മാറിപ്പോയി പാവം.
ജാൻസി അവനെ ശരിക്കും കണ്ടു. എവിടെ വച്ചു വേണമെങ്കിലും ഐഡന്റിറ്റിഫൈ ചെയ്യാൻ പറ്റും.
കുറച്ച് ദിവസങ്ങൾ കടന്നുപോയി.ഒരു ദിവസം ജാൻസി സ്കൂൾ വിട്ടു നടന്നു വരുമ്പോൾ അവനെ വീണ്ടും കണ്ടു.ഒരു പെണ്ണാടിന് പിറകേ കയറും കൊണ്ട് ഓടുന്നു.
ഓടിത്തളർന്ന ആടിനെ അവൻ പിടികൂടി. അതിനു ചെവിയിൽ നിന്നും എന്തോ ഒന്ന് എടുത്തു ഊരിക്കളഞ്ഞു.
പഞ്ചായത്തിൽ നിന്നും വളർത്താൻ നൽകുന്ന ആടായിരിക്കാം. തെളിവു നശിപ്പിക്കാൻ വേണ്ടി ആദ്യം തന്നെ അതിന്റെ ചെവിയിൽ ഉള്ള ടാഗ് ഊരി മാറ്റുന്നതായിരിക്കാം. അതിനുശേഷം അവൻ കയറുകൊണ്ട് ആടിന്റെ കഴുത്തിൽ കുരുക്കിട്ട് വലിച്ചു നടത്തിച്ചു കൊണ്ടുപോയി. പഠിച്ച കള്ളൻ തന്നെ…!
ജാൻസി അവൻ പോയ വഴിയെ നോക്കി. അതിനെ ഒരു വീട്ടിലേക്കാണ് അവൻ കൊണ്ടുപോയത്.ആ വീട്ടിനകത്തേക്ക് അതിനെ വലിച്ചു കയറ്റി…
അത് അവന്റെ വീട് ആയിരിക്കുമോ….അവൾ ചിന്തിച്ചു. പിന്നെ അവൾ വേഗം വീട്ടിലേക്ക് നടന്നു.
ഈ രണ്ടു കാര്യങ്ങളും ജാൻസി മനസ്സിൽതന്നെ സൂക്ഷിച്ചു വെച്ചു.സമയമാകുമ്പോൾ അവനെ പൂട്ടണം.
പിന്നെ പല പൊതുസ്ഥലങ്ങളിലും
അവൻ സ്വൈര്യമായി വിഹരിക്കുന്നത്
ജാൻസി കണ്ടു.
തന്റെ സഹപ്രവർത്തകരോട് ഒരുദിവസം അവന്റെ പേര് അന്വേഷിച്ചു.അപ്പോൾ കിട്ടിയ വിവരങ്ങൾ സത്യത്തിൽ അവളെ ഞെട്ടിച്ചു.
ആള് നാട്ടിലെ സാമൂഹ്യപ്രവർത്തകനും സർവ്വദാ എല്ലാവരുടെയും കണ്ണിലുണ്ണിയും നാട്ടിൽ തന്നെ ഒരു വലിയ പ്രശസ്തമായ കുടുംബത്തിലെ ഏക മകളായ റിട്ടേഡ് ഹെഡ്മിസ്ട്രസ് ശകുന്തളാദേവിയുടെ ഒരേയൊരു പൊന്നോമന പുത്രനുമാണ്..!
സന്മാർഗവും നീതിബോധവും കൈമുതലായുള്ള ചെറുപ്പക്കാർക്ക് മാതൃകയായ എല്ലാവരുടെയും രഞ്ജിത്തേട്ടൻ
എന്ന് വിളിക്കുന്ന രഞ്ജിത്ത് മേലേക്കാട്ട്.
തന്റെ കണക്കുകൂട്ടലുകളും നിഗമനങ്ങളും പിഴയ്ക്കുന്നോ?ജാൻസി ഒരു നിമിഷം ശങ്കിച്ചു.
ഒരിക്കലുമില്ല. താൻ വായിച്ച് പല കഥകളിലും ഇങ്ങനെയുള്ളവർക്ക് സമൂഹത്തിൽ വലിയ മുഖംമൂടി ഉണ്ടായിരിക്കും.
ഈ പറഞ്ഞ രഞ്ജിത്തും അങ്ങനെയാവാം.
അങ്ങനെയിരിക്കെ ഒരു ദിവസം സ്കൂളിൽ പിടിഎയുടെ ജനറൽബോഡി യോഗം വിളിച്ചുചേർത്തു.
അതിലും ഈ രഞ്ജിത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു.ആരെയും വശത്താക്കാൻ ഉള്ള സംഭാഷണ ചാതുര്യമുള്ള പ്രസംഗം. മറ്റു ലേഡി ടീചേർസ് ആർദ്രമായി അവനെ നോക്കുന്നുണ്ടായിരുന്നു.
സൗന്ദര്യം ഒക്കെയുണ്ട്. ഏതു പെൺകുട്ടിക്കും കണ്ടാൽ ഒരു മോഹം തോന്നുന്ന ആകാരവടിവും കട്ട താടിയും ഉള്ള ഫ്രീക്കൻ.
പക്ഷേ ഉള്ളിലുള്ളത് ശരിയല്ലല്ലോ അവൾ ഓർത്തു.പുതുതായി വന്ന ടീച്ചർ പലയിടത്തു വെച്ചും തന്നെ തുറിച്ചു നോക്കുന്നത് കണ്ടിട്ട് രഞ്ജിത്തിന് ഒരു വല്ലായ്മ.
ഈ സുന്ദരി കുട്ടി ടീച്ചർ എന്തിനാ എന്നെ ഇങ്ങനെ നോക്കുന്നത്. പ്രേമാർദ്രം അല്ല ആ കണ്ണുകൾ ചുണ്ടത്ത് ഒരു പുച്ഛം.
പക്ഷേ ആ മുഖത്തിന് ഒട്ടും ചേരുന്നില്ല. അവളൊന്നു പുഞ്ചിരിച്ചു കണ്ടിരുന്നെങ്കിൽ എന്നൊക്കെ അവൻ കൊതിച്ചിട്ടുണ്ട്
ടീച്ചർ അവനെ നോക്കുന്ന അവസരത്തിൽ. എവിടെ എപ്പോ കണ്ടാലും ഒരു ക്രിമിനലിനെ നോക്കുന്ന ഭാവം.
ഇനി ഒരുപക്ഷേ പ്രേമം ആകുമോ? ഇങ്ങനെയും പ്രേമിക്കും ഓ..ഇപ്പോൾ കാര്യം പിടികിട്ടി ചോദിക്കാതെ തന്നെ അന്നാ തോർത്ത് എടുത്തു ഓടേണ്ടി വന്നില്ലേ അതായിരിക്കാം.
മീറ്റിംഗ് കഴിഞ്ഞ് പോകുമ്പോൾ രഞ്ജിത്ത് ജാൻസി ടീച്ചർ അടുത്ത് വന്നു.അവൾ വേഗം ഉം എന്ന ശബ്ദമുണ്ടാക്കി ശരീരം വെട്ടിച്ച് സ്റ്റാഫ് റൂമിൽ പോയി കളഞ്ഞു.
ഇത്രയും വൃത്തികെട്ട സ്വഭാവം ഉള്ളിൽ വെച്ച് തന്നെ വശീകരിക്കാൻ വരുന്നു. കഴുത. അവൾ മനസ്സിൽ പറഞ്ഞു.
ഒരുപക്ഷേ പ്രേമിച്ചു പോയേനെ താൻ ആ നാണിയമ്മ ഈ വിവരം പറഞ്ഞില്ലായിരുന്നെങ്കിൽ.!
ഇങ്ങനെ കള്ളനെ കണ്ടു പിടിക്കാൻ ശ്രമിച്ചു ഇല്ലായിരുന്നുവെങ്കിൽ..!അത്രയ്ക്കും ഉണ്ട് സൗന്ദര്യം ചുമ്മാ മനുഷ്യനെ മോഹിപ്പിക്കാൻ ആയിട്ടു.
എത്രയോ സൽസ്വഭാവം ഉള്ളവർക്ക് ഇങ്ങനെയുള്ള സുന്ദര ദേഹം ദൈവം കൊടുക്കില്ല.
അതെങ്ങനെ മൂപ്പിലാൻ കുസൃതി അല്ലേ ഒപ്പിക്കു ലോകത്തിൽ.അപ്പോൾ മനസ്സ് പറഞ്ഞു ദൈവത്തിനെ കുറ്റപ്പെടുത്തരുത്. ഓ നിർത്തി.
ഇതേസമയം ആ നാട്ടിലെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൽ രഞ്ജിത്തേട്ടനും പിള്ളേരും വാർഷികാഘോഷത്തിന്റെ വേണ്ട പരിപാടികളുടെ ചർച്ചയിലാണ്..
അതിന്റെ തീരുമാനങ്ങൾ ഒക്കെ എടുത്ത് ശേഷം ചർച്ച ബൈക്ക് ആക്സിഡന്റ് വീണു പരിക്ക് പറ്റിയ സുമേഷിനെ ചികിത്സാസഹായ ഫണ്ട് കളക്ഷനെ കുറിച്ചാണ്.
കഴിഞ്ഞ ആഴ്ചയാണ് സുമേഷും രഞ്ജിത്തേട്ടൻ വരുമ്പോൾ സുമേഷിനെ ബൈക്ക് കുറ്റിക്കാട്ടിലേക്ക് മറിഞ്ഞത്.
ഉണങ്ങിയ കുറ്റി വയറ്റിൽ തറച്ചു സുമേഷിനെ കുടലും പണ്ടവും പുറത്തുവന്നിരുന്നു. ആ സമയത്ത് രഞ്ജിത്തേട്ടൻ അടുത്തുകണ്ട പറമ്പിൽ കയറി അയയിലെ തോർത്തെടുത്ത് സുമേഷിന്റെ വയറിൽ ചുറ്റികെട്ടിയാണ് ഹോസ്പിറ്റൽ എത്തിച്ചത്.
ഓപ്പറേഷൻ കഴിഞ്ഞു ഇപ്പോഴും ഹോസ്പിറ്റലിൽ ആണ്.കാശ് ഒരുപാട് ആവശ്യമുണ്ട് ചികിത്സയ്ക്കായി. ക്ലബ്ബിന്റെ സ്വന്തമായ കാശൊക്കെ സ്വന്തമായി കെട്ടിടം പണിതപ്പോൾ തീർന്നുപോയി.
ഇനി കളക്ഷൻ പിരിക്കണം. അതിനാണ് ചർച്ച.ഞായറാഴ്ചയും ഒഴിവു ദിവസങ്ങളിലും സമീപ വീടുകളിൽ ചെന്ന് സംഭാവന പിരിക്കാൻ തീരുമാനിച്ചു.
“പിന്നെയാ തോർത്തുമുണ്ട് വാങ്ങിച്ച് തിരിച്ചുനൽകണം പുതുതായി വന്ന
ആ ടീച്ചർ എന്നോട് എന്തോ നല്ല കലിപ്പിലാണ്”
രഞ്ജിത്തേട്ടൻ ചിരിച്ചുകൊണ്ട് പറഞ്ഞു.”ശരി രഞ്ജിത്ത് വാങ്ങി നൽകി കൊള്ളൂ”ക്ലബ്ബ് പ്രസിഡന്റ് രഘുനാഥ്ഫണ്ട് നൽകി പറഞ്ഞു.
പിറ്റേന്ന് ജാൻസി ടീച്ചർ സ്കൂൾ വിട്ടു വരുന്ന വഴിയിൽ രഞ്ജിത്ത് പുതിയ ബാത്ത് ടവലും കൊണ്ട് നിൽക്കുകയായിരുന്നു..
ജാൻസി നടന്ന അടുത്തെത്തിയപ്പോൾ മുമ്പിൽ ചെന്ന് നിന്നു.”ഇതാ അന്ന് ടീച്ചറുടെ വീട്ടിൽ നിന്ന് എടുത്ത തോർത്തു മുണ്ടിന് പകരം””എനിക്കൊന്നും വേണ്ട”
‘എടുത്ത തോർത്തുമുണ്ട് താൻ എനിക്ക് തിരിച്ചു തന്നു ഞാൻ കണ്ടത് കൊണ്ട്.
ഇതുപോലെ കാണാതെ എടുത്ത അനേകായിരം പെൺകുട്ടികളുടെ അടിവസ്ത്രങ്ങൾ താൻ തിരിച്ചു നൽകുമോ?’
എന്ന് ചോദിക്കാൻ നാവു എടുത്തതാണ്.
എങ്കിൽ അവൾ കൂടുതൽ ഒന്നും മിണ്ടാതെ മുന്നോട്ടു നടന്നു.
“നിൽക്കു…അവിടെ”‘ഇതാരപ്പാ വേറൊരു ശബ്ദത്തിൽ ‘ജാൻസി തിരിഞ്ഞുനോക്കി.രഞ്ജിത്ത് മീശപിരിച്ചു കൊണ്ട് ആജ്ഞ സ്വരത്തിൽ പറഞ്ഞു
“വാങ്ങിയിട്ട് പോയാൽ മതി
അങ്ങനെ വലിയ ആൾ ഒന്നും ആവേണ്ട.””ഹേ മിസ്റ്റർ എനിക്ക് വേണ്ടെന്നു പറഞ്ഞില്ലേ”ജാൻസിയും വിട്ടു.കൊടുത്തില്ല.
” ടീച്ചർ…..ഇതിന്റെ സത്യാവസ്ഥ അറിഞ്ഞാൽ ഒരുപക്ഷേ നിങ്ങളുടെ കോപം അടങ്ങും എങ്കിൽ ഞാൻ പറയാം. ഒരു ജീവൻ രക്ഷിക്കാൻ വേണ്ടിയാണ് അന്ന് ആ തോർത്തുമുണ്ട് എടുത്തത് ഞാനും സുമേഷും
സഞ്ചരിക്കുകയായിരുന്ന ബൈക്ക് നിങ്ങളുടെ വീടിനു സമീപത്തുള്ള കുറ്റിക്കാട്ടിലേക്ക് മറഞ്ഞപ്പോൾ സുമേഷിനെ വയറ്റിൽ കുറ്റി കയറിയിരുന്നു. അവന്റെ വയർ പിടിച്ചുകെട്ടാൻ ആണ് അന്ന് തോർത്ത്മുണ്ട് മുൻപിൻ നോക്കാതെ എടുത്തത്”
‘കൊള്ളാം ഓരോരു കള്ള കഥയുമായി ഇറങ്ങിയിരിക്കുന്നു ‘അവൾ മനസ്സിൽ പറഞ്ഞു.അത് കേട്ടിട്ടും ജാൻസിസാരിത്തലപ്പു വകഞ്ഞ് ശരീരം വെട്ടിച്ചു നടന്നപ്പോൾ രഞ്ജിത്തേട്ടന് കലി കയറി.
“അരുണെ…വാടാ “രഞ്ജിത്ത് അലറി.”എന്താ ചേട്ടാ”മാറിനിൽക്കുകയായിരുന്നു അരുണും പവിത്രനും താങ്കളുടെ ചങ്ക് രഞ്ജിത്തേട്ടൻ കലിപ്പോടെ വിളിക്കുന്നത് കണ്ടു ഓടിവന്നു ചോദിച്ചു
“ഇതാ ഈ തോർത്ത് മുണ്ട് അവരുടെ പറമ്പിലെ അയയിൽ കൊണ്ടുപോയി ഇപ്പോൾ ഇടണം അതേ ബ്രാൻഡ് അതേ സൈസ് ”
നിമിഷങ്ങൾക്കകം
പിള്ളേര് വേഗം ബൈക്കും എടുത്തു ഓടിപ്പോയി തോർത്തുമുണ്ട് ടീച്ചറുടെ വീടിന്റെ ആയയിൽ കൊണ്ടുപോയി ഇട്ടു.അന്നു രാത്രിയിൽ ജാൻസി ഉറങ്ങാൻ സാധിച്ചില്ല.
തന്റെ മനസ്സിൽ സ്ഥാപിച്ച വൃത്തികെട്ട ഒരു ബിംബം പരിശുദ്ധിയുടെ മേൽ മൂടിയണിഞ്ഞ് മുന്നിൽ വരുന്നതായാണ് തോന്നിയത്.
രഞ്ജിത്തിന് ആകട്ടെ തന്റെ ഒരു സാധനം എടുത്ത് കൊച്ചുകുട്ടിയുടെ വാശി ആയിട്ടെ അതിനെ കാണാൻ പറ്റിയുള്ളൂ.പിറ്റേന്ന് ജാൻസി ടീച്ചർ സ്കൂളിൽ പഠിപ്പിച്ച കൊണ്ടിരിക്കുകയായിരുന്നു.
ഒരു കൂട്ടം ആൾക്കാർ ബക്കറ്റുമായി സ്കൂളിൽ പിരിവിനു വന്നു. ആ കൂട്ടത്തിൽ രഞ്ജിത്തിനെ കൂടി കണ്ടപ്പോൾ അവൾക്കു പുച്ഛം ആയി.”ഇത് എന്തിനു വേണ്ടി ഫുഡ് അടിക്കാൻ ആണ് ടീച്ചർ?”
അവൾ അജിത ടീച്ചറോട് ചോദിച്ചു.”അയ്യോ ഇത് പുട്ടടിക്കാൻ ഒന്നുമല്ല. ഇത് അപകടത്തിൽ പരിക്കേറ്റ അവരുടെ സുഹൃത്തിനെ സഹായിക്കാൻ ആണ്.
ടീച്ചർ അറിഞ്ഞില്ലേ ആ സംഭവം നിങ്ങളുടെ വീടിന് സമീപം ആണല്ലോ ആ ബൈക്ക് മറിഞ്ഞു അപകടം ഉണ്ടായത്?”
ഈശ്വരാ അപ്പോൾ ഇന്നലെ രഞ്ജിത്ത് പറഞ്ഞത് സത്യമാണോ?അവൾ മനസ്സിൽ ചോദിച്ചു.
അന്ന് ആദ്യത്തെ ശമ്പളം വാങ്ങിച്ചു വീട്ടിലെത്തിയപ്പോൾ നാണിയമ്മ റെഡിയായിട്ടുണ്ട്..
കയ്യിൽ ഒരാടുണ്ട്.”എന്താ നാണി അമ്മേ സുഖമാണോ? ഇത് ആരുടേതാ ഈ ആട്?”ഇത് എന്റെ ആടാണ് ടീച്ചർ”
“ഇന്നാള് കാരമുള്ള് കൊണ്ട് ഇതിന്റെ ചെവി
മുറിഞ്ഞുപോയി വേദന സഹിക്കാതെ കയർപൊട്ടിച്ചു ഓടിപ്പോയ ഇതിനെ വലിയ ടീച്ചറുടെ മകൻ രഞ്ജിത്ത് കുഞ്ഞാ പിടിച്ചുകൊണ്ട് തന്നത് പിന്നെ മൃഗാശുപത്രിയിൽ കൊണ്ടുപോയി വ്രണം ഉണങ്ങും വരെ മരുന്ന് വെക്കാനും ഏർപ്പാടാക്കി”
നാണി അമ്മയ്ക്കും മുറുക്കാൻ ചില്ലറ കൊടുത്തു പറഞ്ഞയച്ചപ്പോൾ അവളുടെ മനസ്സ് തേങ്ങി. ഒരു നല്ല മനുഷ്യനെ ഇത്രനാളും താൻ സംശയത്തിന് നിഴലിൽ നിർത്തി കണ്ടതിനെ അവൾക്ക് വല്ലാത്ത കുറ്റബോധം തോന്നി…
അവിടന്ന് വർഷങ്ങൾ കുറേ പിന്നിട്ടു..”ഇതാ എന്റെ ജാൻസി ടീച്ചറെ അന്ന് ഇയാൾ കാണാൻ മോഹിച്ച ആ പാന്റീസ് കള്ളൻറെ പിക്ചർ.
രഞ്ജിത്ത് ജാൻസി ടീച്ചർക്ക് തന്റെ കൈയിലെ മൊബൈൽ കാണിച്ചു കൊടുത്തു
ലേഡീസ് ഹോസ്റ്റലിൽ കയറുന്ന സമയത്ത് ആ പാന്റീസ് കള്ളൻ പോലീസ് പിടിയിലാവുകയും വീട്ടിൽ കോട്ടയം അയ്യപ്പാസ് വെല്ലുന്ന ജെട്ടി ശേഖരണവും കണ്ടെത്തുകയും ചെയ്തത്രേ…
അതും പറഞ്ഞു ഭർത്താവ് രഞ്ജിത്ത് ചിരിച്ചു കൊണ്ടു വീടിനകത്തു കയറി…വാട്സപ്പ് മെസ്സേജ് ജാൻസി ടീച്ചർക്ക് നോക്കി… ഉള്ളിൽ ഒരു പുഞ്ചിരി തൂകി..
വാട്സാപ്പിൽ ആ വാർത്ത കണ്ടപ്പോൾ ആ കള്ളന്റെ കാര്യം ഓർത്തു ജാൻസി ടീച്ചർ ചിന്താ ലോകത്ത് പോയതായിരുന്നു നമ്മൾ ഇതുവരെ വായിച്ച കഥ.
അന്ന് ഒടുവിൽ സംഭവിച്ചത് ഇങ്ങനെ…..ദുരൂഹത നീങ്ങിയപ്പോൾ കുറ്റബോധം പൂണ്ട മനസ്സു ആ ഒരു സ്നേഹം തിരിച്ചുപിടിക്കാൻ ശ്രമിച്ചു…
മനസ്സിൽ ഉള്ള വിഗ്രഹത്തോട് ആരാധന മൂത്ത ജാൻസി ടീച്ചർ ഒടുവിൽ രഞ്ജിത്തേട്ടനെ അങ്ങോട്ട് കേറി പ്രിപോസ് ചെയ്യുകയായിരുന്നു.
അങ്ങനെ ആ പ്രേമവുമായി കുറെനാൾ പോകവേ ഇരു വീടുകളിലും വാർത്ത അറിഞ്ഞു.
പിന്നെ പറയാൻ ഒന്നുമില്ല… ഒടുവിൽ കല്യാണത്തിൽ കലാശിക്കുകയും രഞ്ജിത്ത് ചേട്ടന്റെ രണ്ടു കുട്ടികളെ പെറ്റ് പോറ്റുകയും ചെയ്തു കഴിയവെയാണ് ഇന്ന് തന്റെ കൂടെ കണ്ണൂരിൽ താമസമാക്കിയ രഞ്ജിത്തേട്ടൻ അന്ന് താൻ കാണാൻ മോഹിച്ച ആ കള്ളൻ റെ വാർത്തയുമായി വന്നത്!!