(രചന: Jk)
ആറു വർഷത്തെ കഠിനതടവ് കഴിഞ്ഞ് ഇന്ന് റിലീസ് ആവുകയാണ് ശരിക്കും ജീവപര്യന്തം ആയിരുന്നു പക്ഷേ ജയിലിൽ തന്നെ നല്ല നടപ്പ് കണ്ട് അത് ആറുവർഷമായി കുറയുകയായിരുന്നു..
ഇവിടെനിന്ന് പോയാൽ എന്ത് എന്ന് ചോദ്യത്തിന് കൃത്യമായ ഒരു ഉത്തരം ഉണ്ടായിരുന്നില്ല ചിത്രക്ക്!!!
പ്രഭാതഭക്ഷണം കഴിച്ച് കഴിഞ്ഞു ഇനി സൂപ്രണ്ട് വന്നിട്ടാണ് ബാക്കിയുള്ളത് പറയുക!!
തന്റെ കൂടെ ജയിൽമുറി പങ്കിട്ട സരസ്വതി ചേച്ചിയെ അവളൊന്നു നോക്കി…
സ്വന്തം മകളെ വിഷം കൊടുത്ത് കൊന്ന കുറ്റത്തിനാണ് അവരിവിടെ ശിക്ഷയെ അനുഭവിക്കുന്നത് ഒരു സമൂഹം മുഴുവൻ അവളെ ക്രൂര എന്ന് പറഞ്ഞ് അധിക്ഷേപിച്ചു പക്ഷേ തനിക്ക് അറിയാം അതിലും ഒരു ശരിയുണ്ടായിരുന്നു എന്ന് ആർക്കും അത്ര പെട്ടെന്ന് വേർതിരിച്ചെടുക്കാൻ ആവാത്ത ഒരു ശരി…
ജന്മനാ ബുദ്ധിവികാസം എത്തിയിട്ടില്ലാത്ത ഒരു കുട്ടിയായിരുന്നു സരസ്വതി ചേച്ചിയുടെത് ശരിയെന്ന് ഒന്നുമറിയില്ല ഇരുപത്തി ഒന്ന് വയസ്സ് ആയിട്ടും അമ്മയുടെ തണലിൽ അവൾ ഇങ്ങനെ കഴിഞ്ഞു..
ഒരു ദിവസം എന്തോ വല്ലായ്മ കണ്ടിട്ടാണ് ഡോക്ടറുടെ അരികിലേക്ക് ചേച്ചി അവളെ കൂട്ടിക്കൊണ്ടുപോയത് അപ്പോൾ അറിഞ്ഞു അവളുടെ വയറ്റിൽ ആരുടേതാണെന്ന് അറിയാത്ത ഒരു കുഞ്ഞു വളരുന്നുണ്ട് എന്ന് പല രീതിയിൽ ചേച്ചി അവളോട് ചോദിച്ചു അതൊന്നും പറഞ്ഞുകൊടുക്കാനുള്ള ശേഷി അവൾക്കുണ്ടായിരുന്നില്ല…
പിന്നെ, രണ്ടുപേരുംകൂടി ജീവിതമവസാനിപ്പിക്കാൻ വേണ്ടി വിഷം കഴിക്കുകയായിരുന്നു അമ്മ രക്ഷപ്പെട്ടു മകൾ പക്ഷേ…. ഇപ്പോഴും കുറ്റബോധം ഇല്ല എന്നാണ് ചേച്ചി പറയുന്നത് പക്ഷേ താൻ കൂടി അതിനൊപ്പം പോയില്ലല്ലോ എന്നൊരു സങ്കടം മാത്രമേ ആ മുഖത്തുള്ളൂ!!”
ഇവിടെ നിന്ന് ഇറങ്ങുകയാണ് എന്ന് പറഞ്ഞപ്പോൾ ആ മുഖത്ത് സന്തോഷം ആയിരുന്നു നീ എങ്കിലും പോയി ജീവിക്ക് എന്ന് അത് കേട്ട് ഞാൻ അവരെ ചിരിയോടെ നോക്കി…
അങ്ങനെ സന്തോഷമായി ജീവിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എനിക്ക് ഇവിടെ വരേണ്ട ആവശ്യമില്ലായിരുന്നു..
വെറുതെ ഓർമ്മകളിലേക്ക് ഒന്ന് പോയി നോക്കി… അമ്മയും താനും മാത്രമായിരുന്ന ലോകം… ഏറെ മനോഹരമായ ഇല്ലായ്മകൾ ഉണ്ടായിരുന്നു എങ്കിലും അതിനുപോലും മധുരമായിരുന്നു…
പെട്ടെന്ന് രണ്ടാനച്ഛൻ എന്ന പേരിൽ ഒരാൾ കേറിവന്നു, ആദ്യമൊക്കെ സ്നേഹം കാണിച്ച ആളെ ഞാനും അമ്മയും വിശ്വസിച്ചു പോയി പക്ഷേ വളരുന്നതിന് അനുസരിച്ച് അയാളുടെ മനോഭാവവും മാറാൻ തുടങ്ങി അമ്മയുട
ചിറകിന്റെ കീഴിൽ അപ്പോഴും ഞാൻ സുരക്ഷിതയാണ് എന്ന് വിശ്വസിച്ചു പക്ഷേ പെട്ടെന്ന് ഒരു ദിവസം അമ്മ വിട്ടുപോയപ്പോൾ എന്തുവേണമെന്ന് പോലും അറിയില്ലായിരുന്നു..
ആകെക്കൂടി ജീവിതത്തിൽ സ്വന്തം എന്ന് പറയാൻ ഉണ്ടായിരുന്നത് അമ്മയാണ് പിന്നെ എന്നു ഇഷ്ടമാണ് എന്ന് പറഞ്ഞ് പുറകെ നടന്ന് എന്റെ ഉള്ളിൽ കയറി പറ്റിയ അമ്മയുടെ ഒരു അകന്ന ബന്ധുവിന്റെ മകൻ വിഷ്ണു ചേട്ടൻ!!!!
ഒരു ജോലി പോലും ഇല്ലാത്ത വിഷ്ണു ചേട്ടൻ എന്റെ മുഖത്തേക്ക് നിസ്സഹായനായി നോക്കി… അന്നേരത്തെ ഞങ്ങളുടെ പ്രായവും വിഷ്ണുവേട്ടന്റെ അവസ്ഥയും എന്നെ ഏറ്റെടുക്കാൻ കഴിയുന്നതായിരുന്നില്ല…
അന്നേരം ഞാനുണ്ട് എന്ന് പറഞ്ഞ് ചേർത്ത് പിടിച്ച രണ്ടാനച്ഛൻ എന്റെ ഭാഗ്യമാണെന്ന് നാട്ടുകാർ വിധിയെഴുതി പുറമേ കാണുന്ന സൗന്ദര്യം മാത്രം നോക്കിക്കാണുന്നവർക്ക് ഉള്ളിലെ പുഴുക്കുത്ത് തിരിച്ചറിയാൻ കഴിഞ്ഞില്ല…
അമ്മ പോയതിന്റെ മാനസിക വിഷമത്തിൽ ഇരിക്കുന്ന എനിക്ക് അപ്പോഴത്തെ ശരിയോ തെറ്റോ ഒന്നും മനസ്സിലാക്കാൻ കഴിഞ്ഞില്ല…
പതിനഞ്ചു ദിവസം അമ്മയുടെ അകന്ന ബന്ധുക്കൾ ഒക്കെ വീട്ടിൽ ഉണ്ടായിരുന്നു അവർ പോകുന്നത് വരെ അയാൾ മാന്യനായിരുന്നു…
പക്ഷേ എല്ലാവരും അവിടം വിട്ടുപോയ അന്ന് രാത്രി അയാൾ എന്നെ പിച്ചി ചീന്തി..കൈകൂപ്പി ഞാൻ അയാളോട് അപേക്ഷിച്ചിരുന്നു അയാൾക്ക് എന്റെ മനസ്സിൽ ഒരു അച്ഛന്റെ സ്ഥാനമാണ് അത് ഒരിക്കലും തകർക്കരുത് എന്ന്…
അയാൾ അത് കേട്ട് പുച്ഛിച്ചു ചിരിക്കുകയാണ് ചെയ്തത് നിന്നെയും കണ്ടുകൊണ്ടുതന്നെയാണ് ഇവിടെ വന്നത് എന്ന് അയാൾ എന്റെ മുഖത്ത് നോക്കി പറഞ്ഞപ്പോൾ അയാളുടെ ഉള്ളിൽ ഒരു അല്പം പോലും നന്മ അവശേഷിക്കുന്നില്ല എന്ന് എനിക്ക് മനസ്സിലായിരുന്നു…
അയാളുടെ ആഗ്രഹ പൂർത്തീകരണത്തിന്റെ അവസാനത്തിൽ ആ ഒരു ആലസ്യത്തിൽ കിടക്കുന്നയാളെ അടുക്കളയിൽ ഇരുന്ന് വെട്ടുകത്തി കൊണ്ട് നിരവധിതവണ വെട്ടി നുറുക്കുമ്പോൾ ഒട്ടും കുറ്റബോധം എനിക്കും തോന്നിയിരുന്നില്ല!!!!
പിറ്റേദിവസം പലരും രണ്ടു പക്ഷമായി തിരിയുന്നത് ഞാൻ കണ്ടു ഏറിയ പങ്കും എന്റെ ഭാഗമാണ് പറഞ്ഞത് അയാളെ കുറ്റവും…
അതിലൊന്നും ഞാൻ ചെവി കൊടുത്തിരുന്നില്ല എന്റെ മിഴികൾ മുഴുവൻ ഒരു മൂലയിൽ നിൽക്കുന്ന വിഷ്ണുവേട്ടനിൽ ആയിരുന്നു എല്ലാം തകർന്ന പോലെ അവിടെ നിൽക്കുന്നുണ്ട് മുഖത്ത് കുറ്റബോധവും പേറി….””” എന്നെ മറന്നേക്കണം!!!””
എന്ന് മാത്രം പറഞ്ഞ് പോലീസുകാരുടെ കൂടെ ഞാൻ പോയി ജീപ്പ് കണ്ണിൽ നിന്നും മറയുന്നത് വരെ എന്നെ തന്നെ നോക്കി നിൽക്കുന്നുണ്ട് എന്ന് നോക്കാതെ തന്നെ എനിക്കറിയാമായിരുന്നു…
കൗമാരപ്രായത്തിൽ മനസ്സിൽ കയറിക്കൂടിയതാണ് ആദ്യമൊക്കെ ഇഷ്ടമല്ല എന്ന് ഒരുപാട് പ്രാവശ്യം പറഞ്ഞിരുന്നു പിന്നെ എപ്പോഴോ ആള് മനസ്സിലേക്ക് കയറി….
അമ്മയോടൊപ്പം തന്നെ ചേർത്തുവച്ചിട്ടുള്ള ഒരാളാണ് വിഷ്ണുവേട്ടൻ…
ആളുടെ കൂടെ ഒരു ജീവിതാവസാനം വരെ സന്തോഷിച്ച് ജീവിക്കുന്നത് എത്രയോ തവണ സ്വപ്നം കണ്ടിട്ടുണ്ട് ആ കൂട്ടത്തിൽ അമ്മയും ഉണ്ടായിരുന്നു ഞങ്ങൾക്കൊപ്പം എല്ലാം എനിക്ക് നഷ്ടപ്പെട്ടു ഇന്ന് താൻ വെറുമൊരു കൊലപാതകി മാത്രമാണ്..
കൂടെയുള്ളവരെ പലരെയും കാണാൻ ആളുകൾ വരും അപ്പോഴൊക്കെ വെറുതെ ഓർത്തിട്ടുണ്ട് തന്നെയും കാണാൻ ആരെങ്കിലും വന്നിരുന്നെങ്കിൽ എന്ന് പിന്നെ ഓർക്കും വേണ്ട അപ്പോഴാണ് ജീവിക്കാനുള്ള മോഹം തോന്നുക ഇങ്ങനെയാവുമ്പോൾ ഈ ജയിലിലെ ജീവിതം കൊണ്ട് തന്നെ താൻ തൃപ്തയാകും….
അടഞ്ഞ അധ്യായങ്ങൾ വീണ്ടും തുറക്കാൻ ഒട്ടും താല്പര്യപ്പെട്ടില്ല അപ്പോഴേക്ക്, ഒരാൾ വന്ന് വിളിച്ചിരുന്നു എന്നെ സൂപ്രണ്ട് വിളിക്കുന്നുണ്ട് എന്നും പറഞ്ഞ് വേഗം ചിന്തകളുടെ ഭാരം തലയിൽ നിന്നൊഴിവാക്കി അങ്ങോട്ടേക്ക് നടന്നു…
ഇത്രയും കാലം ജയിലിൽ ജോലി ചെയ്തതിന്റെ ഒരു ചെറിയ തുക എന്റെ പേരിൽ ഉണ്ടായിരുന്നു… അത് മാത്രമാണ് മുന്നോട്ട് പോകാൻ ഒരു ധൈര്യം.
ഒരു കൊലപാതകിയെ ഏറ്റെടുക്കാൻ ആരും തയ്യാറാവില്ല ഇനി എന്റെ ജീവിതം എങ്ങനെ തുടങ്ങണം എവിടെ നിന്ന് ആരംഭിക്കണം എന്നൊന്നും അറിയില്ല…
സൂപ്രണ്ട് സാർ ഒരു പാവമായിരുന്നു..”” അറിയാലോ താൻ ഇനി പുറത്തേക്ക് ചെല്ലുമ്പോൾ എല്ലാവരും ഒരുപക്ഷേ തന്റെ മുഖം തിരിക്കാം അതൊന്നും മനസ്സിൽ കേറ്റരുത് ശരിക്കും നമ്മുടെ നാട്ടിലെ ആളുകൾക്ക് പലകാര്യത്തിലും കൗൺസിലിങ്ങിന്റെ നല്ല അത്യാവശ്യമുണ്ട്!!!
തന്റെ റിലേറ്റീവ്സിന്റെ അടുത്തേക്ക് പോകൂ അവരാരെങ്കിലും തന്നെ ഏറ്റെടുക്കുമായിരിക്കും ഇല്ലെങ്കിൽ എന്റെ അഡ്രസ് അറിയാമല്ലോ!!! അങ്ങോട്ട് വന്നാൽ എവിടെയെങ്കിലും ഒരു ജോലിയും താമസിക്കാനുള്ള ചുറ്റുപാടും ഞാൻ ശരിയാക്കി തരാം!!!””””
മുന്നിൽ നിൽക്കുന്നത് ഒരു ദൈവമാണെന്ന് ആയിരുന്നു അപ്പോൾ തോന്നിയത് ദൈവത്തെ വണങ്ങി മെല്ലെ പുറത്തേക്ക് നടന്നു…
അവിടെ കുറച്ചു മാറി ഒരു മതിലിൽ ചാരി നിൽക്കുന്നത് വിഷ്ണുവേട്ടൻ ആണോ എന്നൊരു സംശയം തോന്നി!”
സംശയമല്ല വിഷ്ണുവേട്ടൻ തന്നെ…””വാ പോകാം!!”””എന്നു പറഞ്ഞപ്പോൾ ഞാൻ ചോദിച്ചിരുന്നു എങ്ങോട്ട് എന്ന് സ്വന്തം വീട്ടിലേക്ക് എന്ന് പറഞ്ഞപ്പോൾ ഞാൻ ഇല്ല എന്ന് പറഞ്ഞു ഒരിക്കലും ഞാൻ ഇനി വിഷ്ണുവേട്ടന് ചേരില്ല എന്നും..
“”” ആറു വർഷം നിന്നെയും ഓർത്ത് ജീവിക്കുകയായിരുന്നു ഞാൻ വന്നു കാണാൻ മനസ്സിന് ധൈര്യം ഉണ്ടായിരുന്നില്ല പിന്നെ ഇവിടം വിട്ട് എനിക്ക് പോകാൻ തോന്നില്ല!!!
നിനക്ക് എന്തൊക്കെ തന്നെ സംഭവിച്ചാലും അതൊന്നും എനിക്ക് വിഷയമല്ല എന്റെ വീട്ടിൽ കൂടി പറഞ്ഞു ഞാൻ സമ്മതിപ്പിച്ചു കഴിഞ്ഞു ഇനിയുള്ള കാലം നീ ആകും എന്റെ നല്ല പാതി എന്ന്!!!! ആദ്യം എതിർത്തെങ്കിലും ഞാൻ മാറില്ല എന്ന് മനസ്സിലാക്കിയ അവർ സമ്മതം തന്നിട്ടുണ്ട്…
എന്തൊക്കെ പറഞ്ഞിട്ടും വിഷ്ണുവേട്ടൻ എന്നിൽ നിന്ന് അകന്നു പോകാൻ തയ്യാറല്ലായിരുന്നു ചെറിയൊരു ഭയം ഉണ്ടായിരുന്നു കൂടെ പോകാൻ..
നാട്ടുകാർ, വിഷ്ണുവേട്ടന്റെ വീട്ടുകാർ എല്ലാവരെയും എതിരിടാൻ ഒരു മടി…
അതറിഞ്ഞ് ആവണം വിഷ്ണുവേട്ടൻ പറഞ്ഞത് ഞാനിപ്പോ പഴയ സ്ഥലത്തല്ല താമസം അവിടെ നിന്ന് ഒരുപാട് ദൂരേക്ക് മാറി…
അവിടെ ആർക്കും നിന്നെ പരിചയമുണ്ടാവില്ല എനിക്കതൊരു പ്രശ്നമായിട്ടല്ല!!! പക്ഷേ നിനക്ക് മനസ്സിനൊരു അസ്വസ്ഥത തോന്നാതിരിക്കാൻ!!!!
അതും പറഞ്ഞ് എന്നെ ചേർത്തുപിടിക്കുന്നയാളെ എനിക്ക് അവഗണിക്കാൻ തോന്നിയില്ല..
ആ കയ്യും വിരിച്ച് ഞങ്ങൾ അപ്പോൾ നടന്നു കയറിയത് ഞങ്ങളുടെ ജീവിതത്തിലേക്ക് ആയിരുന്നു…