(രചന: പുഷ്യാ. V. S)
“”ചേട്ടാ ഒന്നിങ്ങു വന്നേ “” ലേഖ വിളിക്കുന്ന കേട്ട് സേതു ഭാര്യയുടെ അരികിലേക്ക് ചെന്നു.””എന്താ ഡി കാര്യം പറ” സേതു ചോദിച്ചു.
“” ദേ നമ്മുടെ മോളെ കാണാൻ ഇല്ല എന്ന് “” ലേഖ പറഞ്ഞത് കേട്ട് അയാൾ ആകെ പരിഭ്രമിച്ചു.
“” ഡീ മുഹൂർത്തം ആവാറായി. കൊച്ചെന്ത്യേ. പാർലറിന്ന് ഇപ്പോൾ എത്തും എന്നല്ലേ നീ പറഞ്ഞത് “” സേതു ദേഷ്യപ്പെട്ടു.
“” ഇവിടുന്ന് കാറിൽ ആണ് അങ്ങോട്ട് പോയത്. മേക്കപ്പ് ഒക്കെ കഴിയാറാകുമ്പോ വിളിക്കാം എന്ന് പറഞ്ഞിട്ട് അവൾ കാർ തിരിച്ചു അയച്ചു. ഇത്ര നേരം ആയിട്ടും കാണാഞ്ഞിട്ട് ആ പാർലറിലെ നമ്പറിൽ വിളിച്ചപ്പോൾ പറയുവാ അവിടുന്ന്
ഇറങ്ങിയിട്ട് ഒത്തിരി നേരം ആയെന്ന്. അവൾ ഇങ്ങോട്ട് വിളിച്ചിട്ടും ഇല്ല ഇവിടുന്ന് വണ്ടി ഒട്ട് അയച്ചിട്ടും ഇല്ല. ഈ പെണ്ണ് ഇത് എങ്ങോട്ട് പോയി ദൈവമേ “” ലേഖ ആധിപൂണ്ടു.
“” നീ ഇങ്ങനെ കരഞ്ഞു വഷളാക്കാതെ. ഞാൻ ഒന്ന് നോക്കട്ടെ. നീ കണ്ണ് തുടച്ചേ ദേ ചെക്കൻ കൂട്ടർ ഒക്കെ ശ്രദ്ധിക്കും “” സേതു തന്റെ ടെൻഷൻ മറച്ചു ഭാര്യയെ അശ്വസിപ്പിക്കാൻ ശ്രമിച്ചു.
പക്ഷേ കുറച്ചു സമയം കഴിയുന്നതിനു മുന്നേ തന്നെ കല്യാണപ്പെണ്ണ് ഒളിച്ചോടി എന്ന ശ്രുതി അവിടെ പരന്നു. കുറച്ചു നേരത്തെ ബഹളത്തിനൊടുവിൽ പയ്യനും കുടുംബക്കാരും അരങ്ങൊഴിഞ്ഞു.
കല്യാണം കൂടാൻ എത്തിയവർ ചൂടൻ വാർത്തയുമായി തിരികെ പോയി. സേതുവും ലേഖയും തളർന്നു ഇരിക്കുകയാണ്.
പിറ്റേന്ന് രാവിലെ കണ്ണ് തുറന്നപ്പോൾ തന്റെ നഗ്നമായ മേനി ഒരു പുതപ്പിനാൽ മറച്ചിരിക്കുകയാണ്. മിഥിലയുടെ ചുണ്ടിൽ നാണം കലർന്ന ഒരു പുഞ്ചിരി വന്നു.
അവൾ കിടക്കയിൽ കിടന്നു തന്നെ ചുറ്റും നോക്കി. ശബരി എവിടെയാണ്. ബാത്റൂമിൽ ആകും. അവൾ പുതപ്പ് ഒന്നുകൂടി മൂടിക്കൊണ്ട് കിടന്നു തലേന്നത്തെ കാര്യങ്ങൾ ഓർത്തു.
“” ശബരി… എനിക്ക് നല്ല ടെൻഷൻ ഉണ്ട്. ഞാൻ എത്ര തവണ പറഞ്ഞതാ ഈ കല്യാണത്തിന് താല്പര്യം ഇല്ലന്ന്. എന്റെ ഇഷ്ടം ഇല്ലാണ്ട് ഇന്ന് മറ്റൊരാൾ എന്റെ കഴുത്തിൽ താലി അണിയിച്ചാൽ ഞാൻ
നാളെ ജീവിച്ചിരിക്കില്ല. നീയാണെ സത്യം. എനിക്ക് നിന്ടൂടെ ജീവിച്ച മതി ശബരി “” കല്യാണ ദിവസം ഫോണിലൂടെ കരയുന്ന മിഥിലയെ ശബരി സമാധാനിപ്പിച്ചു.
“” നീ ധൈര്യം ആയിട്ട് ഇരിക്ക് മാളു. പാർലറിന്റെ മുന്നിൽ ഞാൻ ഉണ്ടാകും. നിന്നെ കൊണ്ട് പോകാൻ. നിന്റെ കൂട്ട് വരുന്നവരെ നീ എങ്ങനേലും ഒന്ന് ഒഴിവാക്കിയാൽ മതി.””
കൂടെ വന്നവരെ പാർലറിൽ നിന്ന് പറഞ്ഞു വിട്ട് വേഗം ഒരുങ്ങി ഇറങ്ങിയപ്പോഴേക്കും പറഞ്ഞത് പോലെ ശബരി വന്നിട്ടുണ്ടായിരുന്നു. വീട്ടുകാരെ ചതിച്ചു ഇറങ്ങി പോകുന്നതിന്റെ കുറബോധം.
ഉണ്ടായിരുന്നെങ്കിലും ശബരിയെ കല്യാണം കഴിക്കാൻ വീട്ടുകാർ സമ്മതിക്കാത്തതും അവൻ ഒരു ഫ്രോഡ് ആണെന്ന് പറഞ്ഞതും ഒക്കെ ഓർത്തപ്പോൾ ആ വിഷമം കാര്യമാക്കിയില്ല.
ശബരി ദൂരെയുള്ളൊരു ഹോട്ടലിലേക്ക് ആണ് തന്നെയും കൂട്ടി വന്നത്.ഞാൻ തന്നെയാണ് പറഞ്ഞത് വീട്ടുകാരുടേം ബന്ധുക്കളുടേം കയ്യെത്താത്ത ദൂരത്തേക്ക് വരണം എന്ന്. ഹോട്ടലിൽ റൂം എടുത്തു വന്ന അവൻ ആദ്യം ചെയ്തത്
എന്റെ കഴുത്തിൽ അവന്റെ കൈ കൊണ്ട് ഒരു താലി കെട്ടുകയാണ്. ഈ നിമിഷത്തിന് വേണ്ടി ആണ് ഞാൻ ഇത്രയും കാത്തിരുന്നതും. ഞങ്ങൾ ഒന്നാവാൻ വേണ്ടി. എല്ലാ അർത്ഥത്തിലും ഞങ്ങൾ ഒന്നായി..
ചെറു നാണത്തോടെ ബെഡിൽ കിടന്ന് തലേ ദിവസത്തെ കാര്യങ്ങൾ ഓർത്ത മിഥിലയുടെ വിരലുകൾ അവളുടെ താലിയിലേക്ക് നീണ്ടു. ഏറെ നാൾ താൻ കൊതിച്ച ശബരിയുടെ കൈ കൊണ്ട് കെട്ടിയ താലി.
എവിടെ… നെഞ്ചിനോട് ചേർന്ന് കിടന്ന തന്റെ താലി കാണുന്നില്ല. അവൾ വേഗം ചാടിപ്പിടഞ്ഞു എഴുന്നേറ്റു. ഡ്രസ്സ് എടുത്തു ഇട്ട ശേഷം ബാത്റൂമിലേക്ക് പോയി. ശബരി ഇത്ര നേരമായിട്ടും കുളിച്ചു തീർന്നില്ലേ എന്ന് ചോദിച്ചു വാതിൽ തള്ളിയപ്പോൾ ആണ് അകത്തു ആരും ഇല്ല എന്ന് അവൾ അറിഞ്ഞത്
പരിചയം ഇല്ലാത്ത സ്ഥലം. മുറിയിൽ താൻ തനിച്ചും. അവൾക്ക് ചെറിയ പരിഭ്രമം തോന്നി.
“” ഈ ശബരി ഇത് എങ്ങോട്ടാ പോയത്. ഒരു വാക്ക് പോലും പറയാതെ. ഇനി രാവിലെ ഭക്ഷണം വാങ്ങാൻ എങ്ങാനും. ഒന്ന് ഉണർത്തി കാര്യം പറഞ്ഞിട്ട് പൊയ്ക്കൂടായിരുന്നോ.
മനുഷ്യനെ വെറുതെ വിഷമിപ്പിക്കാൻ ആയിട്ട്. ഇങ്ങ് വരട്ടെ ശെരിയാക്കുന്നുണ്ട്. എന്നാലും എന്റെ താലി എവിടെ പോയി. നിലത്തെങ്ങാനും വീണോ ഇനി “” അതും പറഞ്ഞു മിഥില അവിടെ തിരയുന്നതിനിടെ ആണ് കാളിങ് ബെൽ കേട്ടത്.
ശബരി ആണെന്ന് കരുതി ഡോർ തുറന്ന മിഥില കണ്ടത് ഹോട്ടലിലെ ഒരു ജീവനക്കാരനെ ആയിരുന്നു.
“” മാഡം. എപ്പോഴാണ് വെക്കേറ്റ് ചെയ്യുന്നത്. “” അയാൾ ചോദിച്ചു”” വെക്കേറ്റ് ചെയ്യാനോ. എന്റെ ഹസ്ബന്റ് പുറത്ത് പോയിരിക്കുവാ. വന്നിട്ട് പറയാം. “” അവൾ മറുപടി പറഞ്ഞു.
“” മാഡത്തിന്റെ ഹസ്ബന്റ് പോയല്ലോ. റൂമിന്റെ ബില്ല് ഒക്കെ പേ ചെയ്തിട്ട പോയത്. മാഡം അൽപനേരം കഴിഞ്ഞു പാക്ക് ചെയ്തിട്ട് ഇറങ്ങും എന്നാ പറഞ്ഞത്.ഇത്ര നേരം ആയിട്ടും മാടത്തിനെ കണ്ടില്ല.
നോക്കിയപ്പോൾ പുറത്തു സർന്റെ ബൈക്കും കണ്ടില്ല. അതാ ഇങ്ങോട്ട് വന്നേ. മാം ഒന്ന് വേഗം വെക്കേറ്റ് ചെയ്തിരുന്നേൽ ഞങ്ങൾക്ക് ഡോർ ലോക്ക് ചെയ്യാമായിരുന്നു.
അതും പറഞ്ഞു അയാൾ പോയി. മിഥിലയ്ക്ക് അതൊരു ഷോക്ക് ആയിരുന്നു. അവൾക്ക് എന്താണ് സംഭവച്ചത് എന്ന് വ്യക്തമാകുന്നുണ്ടായിരുന്നില്ല. അവൾ വേഗം വെപ്രാളത്തോടെ ഫോൺ എടുത്തു ശബരിയുടെ നമ്പർ ഡയൽ ചെയ്തു.
സ്വിച്ച് ഓഫ് ആണ്. അവൾ വേഗം തന്റെ ബാഗും സാധനങ്ങളും ഒക്കെ നോക്കി. ആഭരണങ്ങൾ ഒന്നും കാണാൻ ഇല്ല.ആകെ തന്റെ പക്കൽ ഉള്ളത് പാർലറിലേക്ക് പോകാൻ നേരം താൻ
ഇട്ടിരുന്ന ഡ്രെസ്സും പിന്നെ കല്യാണസാരിയും ആണ്. ശബരി തന്നെ ചതിച്ചു മുങ്ങിയതാണെന്ന് അവൾക്ക് ചിന്തിക്കുമ്പോൾ പോലും തലകറങ്ങുന്നു.
ഒത്തിരി പ്രയാസപ്പെട്ടാണ് അവൾ ആ സത്യം ഉൾക്കൊണ്ടത്. എന്ത് ചെയ്യണം എന്ന് അറിയാതെ പരിഭ്രമിച്ച അവൾ അമ്മയെ വിളിച്ചു. തന്റെ ശബ്ദം കേട്ട പാടെ തന്നെ വെറുപ്പോടെയുള്ള അമ്മയുടെ സംസാരം കേട്ട് അവൾ വീണ്ടും തളർന്നു. സംഭവിച്ചത് ഒന്നും പറയാതെ അവൾ കരഞ്ഞുകൊണ്ട് ഫോൺ കട്ട് ചെയ്തു.
താൻ കാരണം അവർക്ക് ഉണ്ടായ നാണക്കേടിന് ഒരു പരിഹാരവും ചെയ്യാൻ തനിക്ക് ആവില്ല എന്ന് ഓർത്തു. അച്ഛനും അമ്മയും ശബരിയെ കുറിച്ച് പറഞ്ഞത് സത്യം ആയിരുന്നു.
അവർ എനിക്കായി ഒരുക്കി തന്ന എത്ര നല്ല ജീവിതം വലിച്ചെറിഞ്ഞാണ് താൻ ഈ ഒരു അവസ്ഥയിലേക്ക് സ്വയം വന്നു ചാടിയത്. ഓരോന്ന് ഓർക്കുമ്പോൾ മിഥില വാ വിട്ട് കരഞ്ഞു പോയി.
“”എടോ തന്നോട് ആ റൂം 104ഇൽ പോയി ആ ലേഡീയോട് റൂം വെക്കേറ്റ് ചെയ്യാൻ പറയാൻ പറഞ്ഞിട്ട് എത്ര നേരം ആയി. “” ഹോട്ടലിലെ ഉദ്യോഗസ്ഥൻ അയാളോട് ചോദിച്ചു.
“” സർ ഞാൻ അപ്പൊ തന്നെ പോയി പറഞ്ഞതാണ് “” അയാൾ മറുപടി പറഞ്ഞു.
“” വേറെ കസ്റ്റമേഴ്സ് വെയിറ്റ് ചെയ്യുവാണ്. ഇപ്പോൾ കുറച്ചു തിരക്ക് ഉണ്ടാവുന്ന ടൈം ആണെന്ന് അറിയില്ലേ. ബില്ല് അടച്ചു ഇത്രേം നേരം ആയിട്ടും ഇവർ ഇതെന്താ “” പിറുപിറുത്തുകൊണ്ട് അയാൾ റൂം 104ഇലേക്ക് പോയി.
എത്ര വിളിച്ചിട്ടും ആരും കേൾക്കാത്ത റൂം തള്ളി തുറന്നപ്പോൾ അവർ കണ്ടു ചെയ്തു പോയ തെറ്റിന് പരിഹാരമായി സ്വന്തം ജീവൻ തന്നെ ത്യജിച്ചു ആ റൂമിലെ ഫാനിൽ തൂങ്ങി നിൽക്കുന്ന മിഥിലയെ.
ആ മുറിയിൽ വച്ചായിരുന്നു അവൾക്ക് അവളുടെ സ്വപ്നങ്ങളും ജീവിതവും നഷ്ടപ്പെട്ടത്. അവിടെ തന്നെ അവൾ തന്റെ ശ്വാസവും ഉപേക്ഷിച്ചു.