ഇക്ക പെങ്കോന്തൻ ആവണ്ട.. എന്നെയൊന്നു മനസ്സിലാക്കിയാൽ മതി.. ഇടക്കൊന്നു ചേർത്തുപിടിച്ചാൽ മതി.. എന്റെ ടെൻഷൻ മാറും

നീയില്ലാതെ
രചന: നവാസ് ആമണ്ടൂർ

“ഇക്ക പെങ്കോന്തൻ ആവണ്ട.. എന്നെയൊന്നു മനസ്സിലാക്കിയാൽ മതി.. ഇടക്കൊന്നു ചേർത്തുപിടിച്ചാൽ മതി.. എന്റെ ടെൻഷൻ മാറും.””ഫസി ഇത് ജീവിതമാണ്.. നീ സ്വപ്നം കാണുന്നത് പോലെയൊന്നും എനിക്ക് പറ്റില്ല.”

“നമുക്കൊരു കുഞ്ഞ് ഉണ്ടായിരുന്നെങ്കിൽ ഞാൻ ഇങ്ങനെയൊന്നും പറയില്ലായിരുന്നു.”കേൾക്കേണ്ടവർക്ക് കേൾക്കാൻ സമയം ഇല്ലാതാകുമ്പോൾ പറയാനുള്ളത് മനസ്സിൽ അടക്കി വെക്കും.അതുകൊണ്ട് തന്നെ കുറേ

നാളുകളായിട്ട് ഫസി ഒരു കുഞ്ഞില്ലാത്ത സങ്കടത്തിന്റെ കെട്ട് അവളുടെ ഭർത്താവിനോട്‌ പങ്കുവെക്കാറില്ല. ഒറ്റപ്പെടലിന്റെ ആധിയും കുറ്റപ്പെടുത്തലുകളുടെ നോവും പറഞ്ഞുതീർക്കാതെ അഗ്നിപർവതം പോലെ അവൾ പുകഞ്ഞുകൊണ്ടിരുന്നു.

പരാതിയും പരിഭവവുമില്ലാതെ ജീവതമെന്ന ഒഴുക്കിനൊപ്പം ഒഴുകിയ ഫസിയും ഒരു ദിവസം ഒഴുകിപ്പോയി.

“ഞാൻ ഇപ്പൊ എവിടെയും പോകാതെ നിന്റെ ഒപ്പം ഉണ്ടല്ലോ.. ഇനിയും നിനക്ക് സങ്കടമാണോ ഫസി….?”

നിഷാദ് ഏതു സമയത്തും മുറിയിലാണ്. ഫസിയോട് സ്‌നേഹത്തോടെ സംസാരിക്കുന്നത് കേൾക്കാം. മുറിയിൽ നിന്നും പുറത്തുവരുമ്പോൾ ഒരു കൈകൊണ്ടവളെ ചേർത്തുപിടിച്ചിട്ടുണ്ടാവും.

“ഇനി ഞാനവളെ തനിച്ചാക്കില്ല.. ഒരഞ്ചു മിനിറ്റ് അവൾക്ക് വേണ്ടി മാറ്റിവെക്കാൻ കഴിഞ്ഞില്ല.. അതായിരുന്നു ഫസിയുടെ ഏറ്റവും വല്ല്യ സങ്കടം.”

“മോനെ.. ഹോട്ടൽ തുറന്നിട്ട് മൂന്ന് മാസം ആയില്ലേടാ …കച്ചവടം നശിപ്പിച്ചുകളയണോ..?”

“ഇക്കാ.. ഫസിടെ മുഖത്തേക്ക് നോക്ക്.. കുറേ നാളുകളായി ഇല്ലാതിരുന്ന സന്തോഷം തിരിച്ചു വന്നില്ലേ…? എനിക്കതുമതി.. ഹോട്ടൽ വിൽക്കാ.. അല്ലെങ്കിൽ ഇക്കാടെ ഇഷ്ടം പോലെ എന്തെങ്കിലും ചെയ്തോ…”

നിഷാദ് മുറിയിൽ കയറി വാതിൽ അടച്ചു.”ഫസി… നിനക്ക് എണീറ്റ് കുളിച്ചൂടെ. ന്റെ പെണ്ണിനിപ്പോ വല്ലാത്ത മടിയാണല്ലോ..വാ ഫസി നിന്റെ കൂടെ ഞാനും വരാം ”

ഇക്ക ഉമ്മയെ നോക്കി. ഉമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്.”എന്തു ചെയ്യാനാണ് ഉമ്മാ… വിഷമിക്കണ്ട.. നമുക്ക് പടച്ചോനോട് പ്രാർത്ഥിക്കാം…അവൻ ശരിയാവും.”

വാപ്പ തുടങ്ങിയ ഹോട്ടൽ വാപ്പ മരിച്ചപ്പോൾ നിഷാദ് ഏറ്റെടുത്തു.പഴയ ഹോട്ടൽ ആയതുകൊണ്ട് എപ്പോഴും തിരക്കാണ്. ആ തിരിക്കിൽ ഒറ്റയ്ക്കായിപ്പോയത് ഫസിയാണ്.

വിശേഷമായില്ലേന്നുള്ള ചോദ്യം കേട്ട് മടുത്തപ്പോൾ അവൾ ഡോക്ടറെ കാണാൻ പോയത് ഒറ്റയ്ക്ക്..
സ്വന്തം വീട്ടിൽ പോകുന്നതും ഒറ്റയ്ക്ക്.. കല്യാണത്തിനായാലും ഒറ്റയ്ക്ക്…
ഏതൊരാവശ്യത്തിനും അവൾ തനിയെ

പോകണം.
ആദ്യമൊക്കെ ഈ ഒറ്റയ്ക്ക് പോക്ക് സങ്കടമായിരുന്നു. പിന്നെ പിന്നെ അതെല്ലാം ശീലിച്ചു തുടങ്ങി.

“നിങ്ങക്ക് മാത്രം ഉള്ളോ ഹോട്ടൽ..ഈ ഹോട്ടൽ മുതലാളിമാരുടെ ഭാര്യമാർ ഒക്കെയും എന്നെപ്പോലെയാവോ…?”

“വാപ്പയുടെ അധ്വാനമാണ് സ്ഥാപനം. ഞാനൊന്ന് മാറി നിന്നാൽ എല്ലാ താളവും തെറ്റും.ഉമ്മയോട് ചോദിച്ചാൽ അറിയാം. ഞാനും കണ്ടിട്ടുണ്ട്.. രാവിലെ മുതൽ ഹോട്ടൽ അടക്കുന്ന വരെ വാപ്പ അവിടെ ഹോട്ടലിൽ ഉണ്ടാകും.”

ഒരു രാത്രി അവന്റെ മാറിൽ കിടക്കുന്ന നേരം ഫസി പരാതി പറഞ്ഞു. വല്ലപ്പോഴും മാത്രം വീണ് കിട്ടുന്ന രാത്രി.

“ന്റെ മുത്തിനോട് എനിക്ക് സ്‌നേഹം ഇല്ലന്ന് തോന്നിയോ..?””സ്‌നേഹം… ഉണ്ട് ഇതുപോലെയുള്ള നേരത്ത് മാത്രമേ അത് കാണാൻ കിട്ടുന്നുള്ളൂ…”

നിഷാദ് ഫസിയെ കെട്ടിപ്പിടിച്ച് ഒന്നൂടെ നെഞ്ചോട് ചേർത്തുപിടിച്ചു.”ഇങ്ങനെ ഒന്നും ആയാൽ പോര മാഷേ… ഇങ്ങക്ക് ഇടക്കൊക്കെ എന്റെ കാതിൽ.. ഐ ലൗ യൂ … പറഞ്ഞൂടെ…? ഈ നേരത്തല്ലാതെ വല്ലപ്പോഴും എന്നെയൊന്ന് കെട്ടിപ്പിടിച്ചൂടെ…? ഒന്ന് ചുംബിച്ചൂടെ..?”

“നീയെന്തൊക്കെയാ.. പറയുന്നത്.. മോളെ…?””ഒരു കുട്ടി ഇല്ലാത്ത സങ്കടം.. അതിനെ മറികടക്കാൻ… ആളുകളുടെ ചോദ്യങ്ങളും നോട്ടവും അതിനെയൊക്കെ അവഗണിക്കാൻ… നിങ്ങൾ എന്നെ ഒരു കാമുകിയെ പോലെ പ്രണയിച്ചാൽ മതി.”

പിന്നെയും ഒരുപാട് ദിവസങ്ങൾ കഴിഞ്ഞു പോയി. നിഷാദിന്റെ തിരക്കുകളിൽ ഫസി കൂടുതൽ കൂടുതൽ ഒറ്റപ്പെട്ട് തുടങ്ങി.പതിയെ പതിയെ അവളുടെ ചുണ്ടിലെ പുഞ്ചിരി മാഞ്ഞുപോയി.

പലപ്പോഴും നിഷാദുമായി വഴക്കായി. പല ദിവസങ്ങൾ മൗനത്തോടെ ഉറങ്ങിയുണർന്നു. കാരണം ഒന്ന് മാത്രം.. മനസ്സ് ഒറ്റപ്പെടലിൽ പുകയുന്നു.

“നീ തനിച്ചാണ്… നിനക്ക് ആരുമില്ല. ഒരു കുഞ്ഞിനെ തരാതെ പടച്ചവൻ പോലും നിന്നെ ഒറ്റപ്പെടുത്തി.”ആരോ അവളോട് അങ്ങനെ പറയുന്നത് പോലെ അവൾക്ക് എപ്പോഴും തോന്നും.

പതിനൊന്നാമത്തെ വയസ്സിൽ ഉമ്മ മരിച്ചപ്പോളും അങ്ങനെ ആരോ പറയുന്നതുപോലെ തോന്നിയിട്ടുണ്ട്. കല്യാണം കഴിഞ്ഞപ്പോൾ ഒറ്റപ്പെടലിൽ നിന്നും രക്ഷപെട്ടു എന്നു കരുതിയതാണ്. പക്ഷേ… പിന്നീടുള്ള നിഷാദിന്റെ തിരക്കുകൾ അവൾക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല.

“മോനേ… വാ ഉമ്മ ചോറ് എടുത്തു വെച്ചിട്ടുണ്ട്.”വാതിലിൽ തട്ടി ഉമ്മ നിഷാദിനെ വിളിച്ചു.

“ഇപ്പൊ വേണ്ട ഉമ്മ… ഫസി ഉറങ്ങുകയാണ്.. അവൾ ഉണർന്നിട്ട് ഒരുമിച്ച് കഴിക്കാ.””അവൾ അവിടെ കിടന്നോട്ടെ… നീ വാ.”

പെട്ടെന്ന് നിഷാദ് വാതിൽ തുറന്നു.”എല്ലാരും കൂടി അവളെ ഒറ്റപ്പെടുത്തി. ഇനി എന്തായാലും എന്തിനും അവളെ ഒറ്റയ്ക്കാക്കില്ല ഞാൻ…”

നിഷാദിന്റെ വാക്കുകളിൽ സങ്കടവും ആരോടൊക്കെയോ ഉള്ള ദേഷ്യവും അമർഷവും പ്രകടമായിരുന്നു.

കരയുന്നത് നിഷാദ് കാണണ്ടെന്നു കരുതി ഉമ്മ ഒന്നും മിണ്ടാതെ അടുക്കളയിലേക്ക് പോയി.

“രണ്ട് മാസമായി ഇങ്ങനെ.. കൂടെയില്ലാത്ത ഭാര്യയുമായി മുറിയിൽ കയറി വാതിൽ അടച്ചിരിക്കുന്നത്.. എങ്ങനെയാ റബ്ബേ ന്റെ മോൻ ഇതിൽ നിന്നും മാറുക…?”

എല്ലാം ഓർമ്മയുണ്ട് നിഷാദിന്. പക്ഷേ ഓർമ്മയിലെ കുറച്ചു ദിവസങ്ങൾ ഇരുട്ട് കൊണ്ടാണ് അടയാളപ്പെടുത്തിയിട്ടുള്ളത്.

മനസ്സ് കൈവിട്ടുപോയ നേരത്ത് ഫാനിൽ ഷാൾ കൊണ്ട് ഒരു കുരുക്കുണ്ടാക്കി.. ഒറ്റപ്പെടലിൽ നിന്നും ഫസി രക്ഷപെട്ട ദിവസം .

പിറ്റേന്ന് അവളുടെ ശരീരം വെട്ടിക്കീറി പോസ്റ്റമോർട്ടം ചെയ്തു വെള്ളത്തുണിയിൽ പൊതിഞ്ഞു വീട്ടിൽ കൊണ്ട് കിടത്തിയത്…

അവനും ചേർന്ന് ഫസിയെ മയ്യത്തുകട്ടിലിൽ ചുമന്നുകൊണ്ടുപോയി പള്ളിക്കാട്ടിൽ അടക്കം ചെയ്തത്…അവിടെ മുതൽ കുറച്ചു ദിവസങ്ങൾ അവന്റെ മനസ്സിലില്ല.

അവൾ പോയത് അവൻ കാരണമാണെന്ന് അവന്റെ മനസ്സിൽ തോന്നിയതുകൊണ്ടായിരിക്കാം…
നിഷാദ് ഇങ്ങനെ ആയത്.

ഓരോ നിമിഷത്തിലും ഫസിയെന്നുള്ള ചിന്തയിൽ മാത്രം ജീവിക്കുമ്പോൾ വേറെയൊന്നും അവൻ കാണുന്നില്ല.

തിരക്കുകളിൽ ഓടി നടന്നപ്പോൾ അവനെ കുറ്റപ്പെടുത്തിയ ഉമ്മപോലും ഇപ്പോൾ ചിന്തിക്കുന്നത് ഫസിയെ നിഷാദ് ഇത്രയുമധികം സ്‌നേഹിച്ചിരുന്നോ എന്നാണ്.

“ഫസി… നിന്നെ ഇഷ്ടമാണ്. പക്ഷേ ആ ഇഷ്ടം നീ ആഗ്രഹിക്കുന്നപോലെ പ്രകടിപ്പിക്കാൻ കഴിഞ്ഞില്ല.. ഇപ്പോൾ എന്നിൽ നിന്നും പ്രണയം പുഴയായി നിന്നിലേക്കൊഴുക്കിയിട്ടും എന്റെ സങ്കടം തീരുന്നില്ലല്ലോ പെണ്ണേ…!”

ഭാര്യയും ഭർത്താവും തമ്മിലുള്ള ബന്ധം ദൈവമായി കൂട്ടിക്കെട്ടിയതാണ്. പരസ്പരം താങ്ങായി കരുതലായി ചേർത്തുനിർത്താൻ എല്ലാവർക്കും കഴിയട്ടെ.
ഇഷ്ടം പ്രകടിപ്പിക്കുക തന്നെ വേണം. അതിനെന്തിനു പിശുക്ക് കാണിക്കണം..

Leave a Reply

Your email address will not be published. Required fields are marked *