നാട്ടിൽ രാത്രിയുടെ ഇരുട്ടിൽ ആരും കാണാതെ തേങ്ങി കരയുന്ന ഒരുപാട് പേരുടെ സങ്കടമാണ്. ലോൺ കൊടുക്കാൻ പറ്റില്ലങ്കിൽ ഇതിന്റെ പേരിൽ

ഒരു ലോൺ വേണം
രചന: Navas Amandoor

“താങ്കളുടെ ബീജവും അണ്ഡവും റെസ്റ്റ്യൂബിൽ സംയോജിപ്പിച്ച് ഭ്രൂണം ഭാര്യയുടെ ഗർഭപാത്രത്തിൽ നിക്ഷേപിക്കുന്നതിനെയാണ് ivf എന്ന്‌ പറയുന്നത്… ഇനി നമ്മുക്ക് അതൊന്ന് പരീക്ഷിക്കാം… അല്ലേ അഫ്സൽ. ”

Ivf അല്ലാതെ വേറെ വഴിയില്ലെന്ന് ഡോക്ടർ പറഞ്ഞത് എനിക്കും ഷാഹിനാക്കും ഷോക്കായിരുന്നു. പത്ത് കൊല്ലം കയറി ഇറങ്ങി നടന്ന ഹോസ്പിറ്റലിൽ പോയ ക്യാഷ് ഉണ്ടങ്കിൽ ഇത്‌ ചെയ്യാം. മാസത്തിൽ നല്ലൊരു തുക മരുന്നിന് ആകുന്നുണ്ട്. അതിൽ ദിവസം രണ്ടെണ്ണം കഴിക്കുന്നു ഗുളിക ഒന്നിന് 55 രൂപയാണ്. രണ്ട് കൊല്ലം മുടക്കിയില്ല.

എന്നിട്ടും കാത്തിരിപ്പ് തുടർന്നു. തൃശൂർ ഒരു ഡോക്ടർ ഉണ്ട്. ഒരുപാട് പേർക്ക് അവിടെ പോയിട്ട് കുട്ടികൾ ആയിട്ടുണ്ട് എന്ന്‌ കേട്ടിട്ടാണ് ഞാനും ഷാഹിനയും അങ്ങോട്ട് പോയത്.അയളാണ് ivf അല്ലാതെ വേറെ ഒരു വഴിയും നിങ്ങളുടെ കാര്യത്തിൽ ഇല്ലെന്ന് പറഞ്ഞതും.

കൊഞ്ചിക്കാനും ലാളിക്കാനും ഒരു കുട്ടിയില്ലെങ്കിൽ സങ്കടമാണ്. കാത്തിരിക്കും എത്ര കാലം വേണങ്കിലും. കൈകൾ ഉയർത്തി കണ്ണിരോടെ പ്രാർത്ഥിക്കും. ഞങ്ങളുടെ പ്രാർത്ഥനയൊന്നും പടച്ചവൻ കേൾക്കുന്നുണ്ടാവില്ല.

വെണ്ടക്ക,കരിക്ക് പിന്നെ അനാർ തിന്നാൻ പറഞ്ഞു തിന്നു.ചിക്കൻ കഴിക്കരുത് എന്ന്‌ പറഞ്ഞു ചിക്കൻ നിർത്തി.

ശരീരത്തിന് തണുപ്പ് നൽകുന്ന ഭക്ഷണം കഴിക്കാൻ പറഞ്ഞു. അങ്ങിനെയുള്ള ഭക്ഷണം കഴിക്കാൻ ശ്രമിച്ചു.

പിന്നെ മറിയം പൂവ്(സൗദി യിൽ നിന്നും വാങ്ങിക്കാൻ കിട്ടുന്ന പച്ച ഇലയാണ് മറിയം പൂവ്) വെള്ളത്തിൽ ഇട്ട് ആ വെള്ളം കുടിച്ചാൽ കുട്ടികൾ ഉണ്ടാവും.. എന്ന്‌ ആരോ പറഞ്ഞു. അതും ചെയ്തു.

അങ്ങിനെ ആരെന്ത് ഉപദേശിച്ചാലും സ്വീകരിക്കും. ലക്ഷ്യം ഒന്ന് മാത്രം. ഷാഹിനയുടെ കണ്ണീർ തോരണം. അതിന്‌ ഞങ്ങൾക്ക് ഒരു കുട്ടി ഉണ്ടാവണം.

ഞാൻ മാത്രമല്ലെ കാണുന്നത് അടച്ചിട്ട മുറിയിൽ അവളുടെ തേങ്ങൽ. രാത്രി ഉണർന്നു കുളിച്ച് നിസ്കരിച്ചു നിസ്കാരപായിൽ ഇരുന്നു അടക്കി പിടിച്ചു കരയുന്ന അവളെ ഞാൻ നോക്കി കിടക്കും.

അവളുടെ കണ്ണ് നിറയുന്നത് സഹിക്കാൻ കഴിയില്ല. അറിയാതെ അവളുടെ മുൻപിൽ എന്റെ കണ്ണും നിറയാതിരിക്കാൻ ശ്രമിക്കും. ഞാൻ തോറ്റാൽ അവൾക്ക് പ്രതീക്ഷ നഷ്ടമാകും.

കേരളത്തിൽ എവിടെയായാലും നല്ല ഡോക്ടർ ഉണ്ടെന്ന് അറിഞ്ഞാൽ ഞാൻ അവളെയും കൂട്ടി പോകും. എവിടെന്നാകും ഞങളുടെ സ്വപ്നം പൂവണിയുക. എവിടെന്നാകും എന്റെ ഷാഹിനയുടെ കണ്ണ് തുടക്കാൻ എന്റെ മോനെ കിട്ടുക.

പച്ചമരുന്ന് പിന്നെ ഹോമിയോ ആലോപ്പതി ഇതൊന്നും പോരാതെ നാട്ടു വൈദ്യം. അതിന്റെ ഇടയിൽ കുറേ പള്ളികൾ പുണ്യസ്ഥലങ്ങൾ. പ്രാർത്ഥനയും മരുന്നുകളും ജീവതത്തെ സന്തോഷമാകുന്നില്ല.

കുത്ത് വാക്കും പരിഹാസവും മനസ്സിനെ കൊത്തിവലിക്കും. പാവം എന്റെ ഷാഹിന. അവളുടെ മുൻപത്തെ ചിരിയും കളിയും തിരിച്ചു വേണം എനിക്ക്. അവൾ ഒന്ന് ചിരിച്ചു കാണണം.

വരുമാനം കുറവ് ചെലവ് കൂടുതൽ. ഓരോ ഹോസ്പിറ്റലിൽ ചെല്ലുമ്പോൾ കുറേ ടെസ്റ്റുകൾ. വില കൂടിയ മരുന്നുകൾ. വാങ്ങാതെ പറ്റില്ല. ചെലവാക്കാതെയും പറ്റില്ല. ഷാഹിനയുടെ കണ്ണീർ ഇല്ലാതെയാവണം.

ഒരു കുട്ടി ഉണ്ടായി പഠിപ്പിച്ചു വലുതാക്കാൻ വേണ്ടി വരുന്നതിനെക്കാൾ കൂടുതൽ ആണ് ഇതുവരെ പോയ ക്യാഷ്.

രണ്ട് ലക്ഷം രൂപയോളം വേണ്ടി വരും ivf ചെയ്യാൻ.വീട് വെക്കാനും പഠിക്കാനും ബിസ്സിനസ്സ് ചെയ്യാനും കൃഷി ചെയ്യാനും ലോൺ കൊടുക്കുന്ന സർക്കാരും ബേങ്കും കുട്ടി ഇല്ലാത്തവരുടെ ചികിത്സക്ക് വേണ്ടി ലോൺ കൊടുക്കണം.

പല സംഘടനകളും ആളുകളും ചികിത്സ സഹായം കൊടുക്കുന്നുണ്ട്. സർക്കാരും കൊടുക്കുന്നുണ്ട് അങ്ങിനെ.. എന്നാ പിന്നെ ഞങ്ങളെ പോലെ യുള്ളവർക്കും ഒരു കൈ താങ്ങായി സഹായം ചെയ്താൽ നല്ലതല്ലേ.

ഒന്നുമില്ലങ്കിൽ കുട്ടി എന്ന സ്വപ്നത്തെ വിറ്റു ക്യാഷ് ആക്കി ചൂഷണം ചെയ്യുന്നവരെ യെങ്കിലും നിയന്ത്രിക്കാൻ കഴിയില്ലേ… ?

ഇത്‌ എന്റെ മാത്രം സങ്കടമല്ല. നമ്മുടെ നാട്ടിൽ രാത്രിയുടെ ഇരുട്ടിൽ ആരും കാണാതെ തേങ്ങി കരയുന്ന ഒരുപാട് പേരുടെ സങ്കടമാണ്. ലോൺ കൊടുക്കാൻ പറ്റില്ലങ്കിൽ ഇതിന്റെ പേരിൽ നടക്കുന്ന ചൂഷണമെങ്കിലും നിർത്തണം.

“ഇക്കാ എന്തെടുക്കുവാ അവിടെ… മൊബൈൽ കൈയിൽ വെച്ചു സ്വപ്നം കാണുകയാണൊ.. ? ”

“അല്ലാ മോളേ… Fb യിൽ ഇടാൻ ഒരു പോസ്റ്റിനെ പറ്റി ചിന്തിക്കുകയായിരുന്നു. “”ആണോ… ഏതാ വിഷയം. “”നീ ഒഴുക്കിയ കണ്ണീരിന്റെ കഥ ”

“മോൻ തല്കാലം ആ കഥ അവിടെ വെച്ച് ഇങ്ങ് വാ. മോള് തൊട്ടിലിൽ ഉറങ്ങുന്നുണ്ട്. അവൾ ഉണരുന്നതിന് മുൻപ് ഞാൻ കുളിച്ച് വരാം. ”

“നീ പോയി കുളിച്ചോ… ഞാൻ നോക്കാം എന്റെ പാത്തുവിനെ… “ക്ലിനിക് മുതൽ വലിയ വലിയ ഹോസ്പിറ്റലിൽ വരെ ചൂഷണത്തിന് നിന്നു കൊടുക്കേണ്ടി വരുന്ന ഒരുപാട് ദമ്പതികൾ ഉണ്ട്.

നല്ല ഹോസ്പിറ്റലുകൾ ഇല്ലെന്ന് പറയുന്നില്ല. എങ്കിലും കരുണ കാണിക്കുക.

പാത്തു നല്ല ഉറക്കത്തിലാണ്. Ivf ഇല്ലാതെ വേറെ വഴിയില്ലെന്ന് പറഞ്ഞ ഡോക്ടറെ പോലും വിസ്മയിപ്പിച്ചാണ് എന്റെ മോള് വന്നത്. അത്‌ അങ്ങിനെയാണ് എത്ര കരഞ്ഞാലും എല്ലാത്തിനും ഒരു സമയം ഉണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *