ഒരുമിച്ച് കെട്ടിപിടിച്ചു കിടന്നാലേ ഉറക്കം വരൂ എന്ന് പറഞ്ഞിരുന്നവൾ എത്ര തവണയാണ് മാറിക്കിടന്നത്.പലപ്പോഴും മജീദിന് തോന്നാറുണ്ട് മോനാണ് ഈ

ടിപ്സ്
രചന: Navas Amandoor

“എങ്ങനെണ്ട് നിന്റെ പെണ്ണ്.. ചൊറിയുന്ന വർത്താനൊക്കെ പറഞ്ഞു തുടങ്ങിയോ..””ഹേയ്… അവളൊരു പാവാ.. സംസാരം തന്നെ കുറവ്.””സംസാരം കുറഞ്ഞാലും പ്രവൃത്തി കുറക്കണ്ടാട്ടൊ…”

മറുപടി പറയാതെ വിനു ഒരു കള്ളചിരിയോടെ മജീദിന്റെ അരികിൽ നിന്നു.വീടിന്റെ അടുത്തു തന്നെയുള്ള കവലയിലാണ് മജീദിന്റെ ഫർണിച്ചർ ഷോപ്പ്. ഷോപ്പിലെ സഹായിയാണ് വിനു. ഒരു അനിയനെ പോലെ വിനുവിനെ മജീദിന് ഇഷ്ടമാണ്.

വീടും മോനും സുഹറയും എത്ര സന്തോഷത്തിലായിരുന്നു ജീവിതം മുന്നോട്ട് പോയിരുന്നത്. എവിടെ വെച്ചാണ് ആ രസച്ചരട് പൊട്ടിപ്പോയതെന്ന് രണ്ട് പേർക്കും അറിയില്ല. ഒരുമിച്ച് കെട്ടിപിടിച്ചു കിടന്നാലേ ഉറക്കം വരൂ എന്ന്

പറഞ്ഞിരുന്നവൾ എത്ര തവണയാണ് മാറിക്കിടന്നത്.പലപ്പോഴും മജീദിന് തോന്നാറുണ്ട് മോനാണ് ഈ ബന്ധം അടർന്നു പോകാതെ കൂട്ടി വെക്കുന്ന ചങ്ങലക്കണ്ണിയെന്ന്.സ്വസ്ഥതയോടെ സന്തോഷത്തോടെയുള്ള കുടുബ ജീവിതം ഇനി ഉണ്ടാകുമെന്ന് അയാൾക്ക് ഉറപ്പില്ല.

“ഇക്ക എന്താണ് ആലോചിക്കുന്നത്…?””ഒന്നുല്ലെടാ… കാലം കഴിഞ്ഞു പോയതാകും.. സന്തോഷങ്ങൾ വാടി കൊഴിഞ്ഞ ഇലകൾ പോലെ കണ്മുന്നിൽ പറന്ന് കളിക്കുവാ..”

“നിങ്ങളെ പ്രശ്നം ഇതുവരെ കഴിഞ്ഞില്ലേ..”” കാര്യമായ പ്രശ്നങ്ങളൊന്നും ഇല്ല.. പക്ഷെ ,മൊത്തം പ്രശ്നം ആണ്. സംസാരമാണ് വല്ല്യ കുഴപ്പം… ഓരോന്ന് പറഞ്ഞു പറഞ്ഞു… അങ്ങോട്ടും ഇങ്ങോട്ടും..”

“ഇക്കാക്ക് ജീവിതം തിരകെ വേണമെങ്കിൽ ഇത്തയെ ഇക്ക പ്രണയിക്കണം…””പ്രണയമോ… ഇത് പൊളിക്കും.അതും പറഞ്ഞു അങ്ങോട്ട് ചെന്നാൽ മതി.”

“മുപ്പത് കഴിഞ്ഞാൽ പെണ്ണുങ്ങൾ അവരെ കുറച്ച് ചിന്തിച്ചു തുടങ്ങും. ആ സമയമാവും അവർക്ക് അർഹമായ സ്‌നേഹവും കരുതലും കിട്ടുന്നില്ലന്ന് മനസ് പറയുക.

ആ ചിന്തയാണ് പ്രശ്നങ്ങളുടെ തുടക്കം.പ്രണയം അത്ര വല്ല്യ മോശം പരിപാടി ഒന്നുമല്ല. ഇക്കാ… നമ്മൾ തന്നെയാണ് ലൈഫിൽ സന്തോഷം ഉണ്ടാക്കേണ്ടത്.”

വിനു പറഞ്ഞത് കേട്ടപ്പോൾ മജീദ് വെറുതെ ഒന്ന് ചിന്തിച്ചു നോക്കി. കല്യാണം കഴിഞ്ഞ നാളുകളിലേതു പോലെ നോക്കിലും വാക്കിലും കണ്ണിലും കുസൃതിയും മുഹബ്ബത്തുമുള്ള മനോഹരനാളുകളിൽ അവളോട്

പ്രണയമായിരുന്നില്ലേ…ആ പ്രണയവും ഇഷ്ടവും ഇപ്പോഴും ഉള്ളിലുണ്ട്. അതൊക്കെ ഒന്ന് പൊടി തട്ടിയെടുത്താൽ ജീവിതം മനോഹരമാകുമെങ്കിൽ ഒരിക്കൽ കൂടി ശ്രമിക്കാവുന്നതാണ്. ”

“അല്ലടാ…. ഞാൻ എങ്ങനെയാ ഇനി അവളെ പ്രണയിക്കുക.””പണ്ട് പഠിക്കുന്ന കാലത്ത് പെൺകുട്ടികളെ വളക്കാൻ ഉപയോഗിച്ച ടിപ്സ് അതേ പോലെ എടുക്കരുത്… കാലത്തിനു അനുസരിച്ചു

മാറ്റം വരുത്തണം , കുറച്ചു കനത്തിൽ… ഓരോ വാക്കിലും നോട്ടത്തിലും ഇഷ്ടം ഫീൽ ചെയുന്ന പോലെ അടുക്കാൻ ശ്രമിക്കൂ… പ്രണയം, അത് അങ്ങനെ വന്നോളും.”

“വിനു… ഷോപ്പ് നോക്കിക്കോ.. ഞനൊന്ന് വീട്ടിൽ പോയിട്ട് വരാം.””ഇപ്പൊത്തന്നെ തുടങ്ങിയോ…”

“ഹേയ്… അതല്ല.കുറച്ചു നേരമായി വീട് വരെ പോകാൻ തോന്നുന്നു .. ഒന്ന് പോയി നോക്കിട്ട് വരാം.,,”

വീട്ടിൽ എത്തിയ മജീദ് സുഹറയെ വിളിച്ചു വീട്ടിലേക്ക് കയറി.വാതിൽ തുറന്നു കിടക്കുന്നുണ്ട്. വീടിന്റെ ഉള്ളിൽ അവൾ ഇല്ല. പോക്കറ്റിൽ നിന്നും മൊബൈൽ എടുത്തു അവളുടെ മൊബൈലിലേക്ക്

വിളിക്കാൻ തുടങ്ങിയപ്പോൾ സുഹറയുടെ ഫോൺ ഫ്രഡ്ജിന്റെ മേലെ ഇരിക്കുന്നത് കണ്ടു. വേഗം മജീദ് പുറത്ത് ഇറങ്ങി..

വീടിന്റെ പുറത്ത് അവളെ തിരഞ്ഞപ്പോൾ അലക്കു കല്ലിന്റെ അടുത്ത് മുകളിലേക്ക് കയറുന്ന കോണിപ്പടിയുടെ താഴെ നെറ്റി പൊട്ടി ചോര ഒലിച്ചു ബോധമില്ലാതെ

കിടക്കുന്നു സുഹറ. മജീദിന്റെ കൈകലുകൾ തളന്നു. ആ തളർച്ചയിലും അവളെ പെട്ടെന്ന് പൊക്കി എടുത്തു..

“സുഹറ… മോളേ ..നിനക്കിത് എന്താ പറ്റിയെ..?”അവളെ പൊക്കിയെടുത്ത് ഹാളിലെ സോഫയിൽ കൊണ്ടുപോയി കിടത്തി. പെട്ടന്ന് കുറച്ചു വെള്ളം എടുത്തു മുഖം തുടച്ചു.. വായിലേക്ക് വെള്ളം ഒഴിച്ച് കൊടുക്കാൻ പറ്റുന്നില്ല. പല്ല് കടിച്ചു പിടിച്ചിട്ടുണ്ട്.പോക്കറ്റിൽ നിന്ന് താഴെ വീണ മൊബൈൽ എടുത്തു

“വിനു… പെട്ടെന്ന് വണ്ടിയെടുത്തു വീട്ടിലേക്ക് വാ…”ആ സമയം അയാൾ കരയുന്നുണ്ടായിരുന്നു. വാക്കുകൾ ഇടറുന്നുണ്ടായിരുന്നു.വണ്ടിയിലേക്ക് കയറ്റുമ്പോഴും കണ്ണുനീർ ഒലിച്ചു ഇറങ്ങുന്നുണ്ടായിരുന്നു. വണ്ടിയിൽ അയാളുടെ മടിയിൽ തല വെച്ച് അവളെ കിടത്തി.

“ഇവിടെ അടുത്ത് തന്നെ ഞാനുണ്ടായിട്ടും ഒന്നും അറിഞ്ഞില്ലല്ലോ മോളെ..
ആരും ഇല്ലാത്ത ഒരാളെ പോലെ നീ കിടക്കുന്നത് കണ്ടിട്ട് എനിക്ക് സഹിക്കാൻ പറ്റുന്നില്ല.”

അവളുടെ കവിളിൽ ഉമ്മ വെച്ചും കൈ മുറക്കെ പിടിച്ചും അവളെ ഉണർത്താൻ അയാൾ ശ്രമിച്ചു. അതിന്റെ ഇടയിൽ അയാളുടെ കണ്ണിൽ നിന്ന് അവളുടെ മുഖത്ത് അടർന്നു വീണു.

“കരയല്ലേ ഇക്ക.. ഇത്താക്ക് ഒന്നുണ്ടാവില്ല.””ഞാൻ എത്ര വിളിച്ചിട്ടും ഇവൾ എന്താണ് ഉണരാത്തതെടാ… ഞാനല്ലേ വിളിക്കുന്നത്.. അവൾക്ക് കണ്ണ് തുറന്നൂടെ.”

ഹോസ്പിറ്റലിൽ എത്തിയപ്പോൾ ഒരു കുഞ്ഞിനെ എടുക്കുന്ന പോലെ അയാൾ അവളെ എടുത്തു സ്റ്റെ ക്ച്ചറിൽ കിടത്തി. പലവട്ടം അഴിഞ്ഞു പോയ മുണ്ട് പിന്നെയും പിന്നെയും ഉടുത്തു സ്റ്റെക്ച്ചറിൽ കൈ വെച്ച് അയാളും നടന്നു.

ഒപ്സർവെഷൻ റൂമിൽ അവളുടെ അടുത്ത് അയാൾ നിന്നു. ഡോക്ടർ വന്നു.. പെട്ടെന്ന് ഒരു ഇഞ്ചക്ഷൻ കൊടുത്തു.അവളുടെ അരികിൽ നിന്ന് മാറാതെ അയാൾ നിന്നപ്പോൾ നേഴ്‌സ് അയാളോട് പുറത്തേക്ക് നിൽക്കാൻ പറഞ്ഞു.

“ഇയാള് ഒന്ന് പുറത്ത് നിക്കോ..””ഞാൻ ഇവളെ ഭർത്താവാണ്…””ഇക്ക… വിഷമിക്കല്ലേ.പുറത്ത് കസേരയിൽ പോയി ഇരുന്നോ.. ഞങ്ങൾ നോക്കിക്കൊളാന്നെ.”

അവളുടെ കൈയിൽ ഗ്ലൂക്കോസ് കയറ്റാനുള്ള സൂചി കുത്തുന്നതും നോക്കി അയാൾ പുറത്തേക്ക് നടന്നു.

“അവൾ എന്നെ പേടിപ്പിച്ചു… കൈയും കാലും വിറച്ചിട്ട് നിക്കാൻ പറ്റുന്നില്ലെടാ.. ഓൾക്ക് വല്ലതും ആയാൽ ഞാൻ ആകെ ഇല്ലാണ്ടാവുട്ടോ.”

“ഇക്ക.. ഇങ്ങനെ കുട്ടികളെ പോലെയാവല്ലേ… ഇവിടെ വന്നിരിക്കൂ.””നിനക്ക് മനസ്സിലാവില്ല.. എന്തായാലും അവൾക്ക് ഞാനും മോനുമാണ് ലോകം.. ഞങ്ങക്ക് ഒരു പനി വന്നാൽ അവളെ സമാധാനം പോകും… ആ അവളാണ് ഇങ്ങനെ കിടക്കുന്നത്.’

കുറച്ചു കഴിഞ്ഞു നഴ്‌സ് വന്നു അയാളെ വിളിച്ചു.”നിങ്ങൾ പേടിക്കണ്ട… കാല് സ്ലിപ് ആയതാണ്.. വീഴ്ചയിൽ നെറ്റി പൊട്ടിയിട്ടുണ്ട്..പ്രഷർ കുറഞ്ഞു ബോധം പോയതാ .. ചിലപ്പോൾ പേടിച്ചിട്ടിയിരിക്കും… കുറച്ചു സമയത്തിനുള്ളിൽ നോർമൽ ആവും..”

ആ സമയം വാടി തളർന്നു കരഞ്ഞു കണ്ണുകൾ കലങ്ങിയ മജീദിനെ സുഹറ നോക്കി കിടന്നു. ഡോക്ടറോട് സംസാരിച്ചിട്ട് മജീദ് നേരെ സുഹ്‌റ യുടെ അരികിലേക്ക് ചെന്നു.

“എന്താ ഇങ്ങനെ….”പറഞ്ഞു തീർക്കും മുന്നേ അയാൾ വാക്കുകൾ മുറിഞ്ഞു വിങ്ങി പൊട്ടി കരഞ്ഞു പോയി.

“ഇക്കാ…. ഡോക്ടർ പറഞ്ഞില്ലേ എനിക്കൊന്നും ഇല്ലാന്ന്… ഇനിയെന്റെ ഇക്ക കരയല്ലേ… എനിക്കൊന്നുല്ല.. എന്തെങ്കിലും ഉണ്ടങ്കിൽ തന്നെ ഇക്ക ഇങ്ങനെ എന്റെ കൂടെയുള്ളപ്പോൾ അതൊക്കെ മാറും.”

കട്ടിലിന്റെ അടുത്തുള്ള സ്റ്റൂളിൽ ഇരുന്ന് മജീദ് അവളെ കയ്യിൽ പിടിച്ചു അയാളുടെ മുഖത്തേക്ക് ചേർത്തു… അത് കണ്ടു കൊണ്ടാണ് വിനു അവിടേക്ക് വന്നത്.

“ഇത്ത പേടിപ്പിച്ചു കളഞ്ഞല്ലോ.””എനിക്ക് കുഴപ്പമോന്നും ഇല്ലെന്ന് നിന്റെ ഇക്കനോട് പറ.””ഇക്കയെ ഇങ്ങനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല.””ഞാനും…..”

“നീ അങ്ങനെ വീണു പോയപ്പോൾ… ആരും ഇല്ലാതെ നീ അങ്ങനെ കിടക്കുന്നത് കണ്ടപ്പോൾ ഞാൻ ആകെ തകർന്ന് പോയി മോളേ.. ആ തകർച്ചയാണ് ഈ സമയം വരെ എന്റെ കണ്ണിനെ നനച്ചത്… നീ ഒന്ന് ചിരിച്ചപ്പോൾ , മിണ്ടിയപ്പോൾ ഞാൻ ഓക്കേ ആയി.”

“വിനു നീ പോയി ഇത്താക്ക് ഒരു ചായ വാങ്ങി വരോ..”ചായ വാങ്ങാൻ പോകുമ്പോൾ വിനു സ്വയം പറയുന്നുണ്ടായിരുന്നു.

“ഇത്തയെ ഇത്രയും സ്‌നേഹിക്കുന്ന ഈ ചങ്ങായിക്കാണോ ഞാൻ ഭാര്യയെ പ്രണയിക്കാനുള്ള ടിപ്സ് പറഞ്ഞു കൊടുത്തത്…..പാവം ഞാൻ…”

ഭാര്യക്ക് മുപ്പത് കഴിഞ്ഞാലും അറുപതു കഴിഞ്ഞാലും മനസ്സറിഞ്ഞവരാണെങ്കിൽ അവർ അറിയാതെ പരസ്പരം പ്രണയിക്കുന്നുണ്ട്. വേർപിരിഞ്ഞവരിൽ

പോലും പൊക്കിൾ കൊടി ബന്ധമെന്ന് പറയുന്നത് പോലെ അവർ തമ്മിൽ ഒരു കണക്ഷൻ എന്നും ഉണ്ടാവും. കാരണം അവരെ കൂട്ടിക്കെട്ടിയത് ദൈവമാണ്.

 

Leave a Reply

Your email address will not be published. Required fields are marked *