രചന: Rivin Lal
വല്യമാമന്റെ മകന്റെ കല്യാണത്തിന് പോയി വരുന്ന വഴിക്കാണ് കാറിൽ ടൗണിൽ ഇറക്കാൻ കൂടെ കേറിയ ഭദ്ര അമ്മായിയുടെ കമന്റ്,
“ടാ ചെക്കാ.. നിങ്ങളാ ബൈപാസ് വഴിയല്ലേ പോണേ..?? അവിടെയൊരു കുട്ടിയുണ്ട്. നൈനിക. നല്ല സ്വഭാവമാ.
അത്യാവശ്യം പഠിപ്പുമുണ്ട്. പിജിയോ മറ്റൊ ആണ്. അവൾക്കു പറ്റിയ നല്ല ആലോചന വന്നാൽ പറയാൻ ഇന്നാളൊരു ദിവസം അവളുടെ അമ്മ എന്നോട് പറഞ്ഞിരുന്നു.
നിനക്ക് ചേരുമെടാ.. വണ്ടിയിൽ ഇപ്പോൾ എന്തായാലും നിങ്ങൾ അച്ഛനും അമ്മയും പെങ്ങളും ഒക്കെയുണ്ടല്ലോ. ഒന്ന് പോയി കണ്ടേക്കൂ. ഞാൻ അവരെ വിളിച്ചു പറയാം.”
“എന്റെ അമ്മായീ.. അതൊക്കെ നമുക്കു പിന്നെ ഒരു ദിവസം ആക്കിയാൽ പോരെ.. ഇന്ന് തന്നെ വേണോ..??” ഞാൻ ചോദിച്ചു.
“ദേ ചെക്കാ.. നിന്റെ താളത്തിനൊത്തു തുള്ളുമ്പോളേക്കും കുട്ടീനെ വേറെ നല്ല ആൺ പിള്ളേർ അടിച്ചോണ്ടു പോകും കേട്ടോ. അത്കൊണ്ട് മക്കൾ ഇന്ന് തന്നെ പൊയ്ക്കോ. അതാ നല്ലത്.” അമ്മായി വിടുന്ന ലക്ഷണമില്ല.
“ഭദ്രേടത്തി ഒന്ന് വിളിച്ചു പറഞ്ഞെ ഇപ്പോൾ തന്നെ. എന്തായാലും പോണ വഴിക്കല്ലേ. ഒന്ന് കണ്ടു കളയാം. ഞാൻ അതിന് ആയിട്ടു കുത്തി പൊക്കിയാൽ ഇവൻ പോവില്ല. ഇങ്ങിനെയേലും കണ്ടു കളയാം.” പിന്നിൽ നിന്നും അമ്മയുടെ കമന്റ് ആണ്.
ഭദ്രമ്മായി അപ്പോൾ തന്നെ അവരോട് ഞങ്ങൾ വരുന്ന കാര്യം വിളിച്ചു പറഞ്ഞു. എന്നിട്ടു ടൗണിൽ സ്റ്റാൻഡിൽ ഇറങ്ങാൻ നേരം പറഞ്ഞു
“മോള് വീട്ടിൽ ഒറ്റയ്ക്കാണ്. വൈകിയാൽ ശരി ആവില്ല.
അല്ലേൽ ഞാനും കൂടെ വന്നേനെ. നിങ്ങൾ എന്തായാലും പോയി കണ്ടു വാ.. അവർ കാത്തിരിക്കാവും. കണ്ടിട്ട് എന്നെ അറിയിച്ചാൽ മതി കേട്ടോ. അപ്പോൾ ശരി, കാണാം.” അമ്മായി യാത്ര പറഞ്ഞു.
അമ്മായി പറഞ്ഞ വിലാസം അന്വേഷിച്ചു ഞങ്ങൾ ഒരു പോക്കറ്റ് റോഡിലൂടെ കയറി ഒരു ചെറിയ വാർപ്പിട്ട വീടിന്റെ മുന്നിലേക്കു വണ്ടി നിർത്തി.
കാറിൽ നിന്നും ഞാനും പെങ്ങളും ആദ്യം ഇറങ്ങിയതും കാറിന്റെ മുന്നിലെ ബോണറ്റിലേക്ക് ഒരു മാങ്ങ മുറ്റത്തെ മാവിൽ നിന്നും വീണു. ഞാനും പെങ്ങളും മുകളിലേക്കു നോക്കിയപ്പോൾ മാവിന്റെ മുകളിലുണ്ട് ഒരു പെൺകുട്ടിയിരുന്നു ചമ്മിയ മുഖവുമായി വളിച്ച ചിരി ഞങ്ങളോട് പാസാക്കുന്നു.
മുറ്റത്തും കുറച്ചു മാങ്ങകൾ വീണു കിടപ്പുണ്ടായിരുന്നു. ഞാൻ ആദ്യം തന്നെ മനസ്സിൽ വിചാരിച്ചത് “ദൈവമേ ഈ മരം കേറി പെണ്ണിനെയാണോ കാണാൻ വന്നേ..!” എന്നാണ്.
അപ്പോളേക്കും അവളുടെ അമ്മ കാറിന്റെ ശബ്ദം കേട്ടു പുറത്തേക്കു ഓടി വന്നു.
“അയ്യോ.. നിങ്ങൾ ഇത്ര പെട്ടെന്ന് എത്തിയോ.? ഭദ്ര പറഞ്ഞ കൂട്ടരല്ലേ. എനിക്ക് മനസിലായി. ഭദ്ര വിളിക്കുമ്പോൾ മോള് അല്പം മാങ്ങ പറിക്കായിരുന്നു.
നിങ്ങൾ എത്തുമ്പോളേക്കും തീർത്തു ഇറങ്ങണം എന്ന് പറഞ്ഞതാ അവൾ, അപ്പോളേക്കും നിങ്ങളിങ്ങു എത്തി.. എല്ലാരും അകത്തേക്ക് കേറി വരൂ..”അവളുടെ അമ്മ ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു.
അപ്പോളേക്കും അവൾ മരത്തിൽ നിന്നും ഇറങ്ങി മാങ്ങകൾ ഒരു കുഞ്ഞു ബക്കറ്റിൽ പെറുക്കിയെടുത്തു വീടിന്റെ സൈഡിലൂടെ അടുക്കള ഭാഗത്തേക്ക് ഓടുന്നത് ഞാൻ ഹാളിലെ ജനവാതിലിലൂടെ കണ്ടു.
മോളുടെ അച്ഛൻ ഗൾഫിലാ. കോൺട്രാക്ടറാ. ഞങ്ങൾക്കു രണ്ടു മക്കളാ. ഇവളുടെ താഴെയുള്ള അനിയൻ ബാംഗ്ലൂരിൽ ഒരു ഇലക്ട്രോണിക്സ് കമ്പനിയിൽ ജോലി ചെയ്യുകയാണ്.
“ആട്ടെ..മോൻ എന്ത് ചെയ്യുന്നു..?” ആ ചോദ്യം എന്നോടായിരുന്നു.”ഞാൻ ടൗണിൽ ചെറിയൊരു റെസ്റ്റോറന്റ് സ്വന്തമായി നടത്തുകയാണ്. അഞ്ചു പത്തു പണിക്കാരുമുണ്ട്. പിന്നെ ഇടയ്ക്കു ചില കഥകളൊക്കെ ഷോർട് ഫിലിം ഒക്കെ ഉണ്ടാക്കാൻ എഴുതും. ചില ബുക്കുകളിലും എഴുതാറുണ്ട്.” ഞാൻ മറുപടി പറഞ്ഞു.
“അതെയല്ലേ.. അച്ഛനും മോന്റെ കൂടെയാണോ.?” അവർ വീണ്ടും ചോദിച്ചു.
“അല്ല. അച്ഛന് ബാങ്കിലാ ജോലി.” ഞാൻ വീണ്ടും മറുപടി കൊടുത്തു.
എന്നാൽ പിന്നെ വൈകിക്കുന്നില്ല. നിങ്ങൾ വീട്ടിലേക്കു പോണ വഴിയാണല്ലേ. ഞാൻ വേഗം മോളെ വിളിക്കാം.
“മോളേ.. നൈനാ..!” അവരവളെ നീട്ടി വിളിച്ചു.
പെങ്ങൾ എന്നെ നോക്കി കള്ള ചിരി പാസാക്കി. കുട്ടി വരുമ്പോൾ ശരിക്കും നോക്കിക്കോളോണ്ടു.. ഇനി കണ്ണും മൂക്കും ശരിക്കും കണ്ടില്ല.. വായ തുറന്നില്ല എന്നൊന്നും പറഞ്ഞേക്കരുത്, ഇപ്പോളേ പറഞ്ഞില്ല എന്ന് വേണ്ട.
അപ്പോളുണ്ട് അടുക്കള വാതിലിന്റെ മറവിൽ നിന്നും KSRTC സൂപ്പർ ഫാസ്റ്റ് ബസ് വയനാട് ചുരത്തിലെ വളവിലെ ഇറക്കം സ്പീഡിൽ വളഞ്ഞു വരുന്ന പോലെ ചായയുമായി അവളുടെ വേഗത്തിലുള്ള ഒരു വരവ്.
കൂടെ ചുവപ്പ് ചുരിദാറും ക്രീം കളർ ഷാളും. പിന്നെ പറയണ്ടല്ലോ. അവൾ ചായ കപ്പ് എന്റെ കയ്യിൽ ആദ്യം തന്നു. പിന്നെ പെങ്ങൾക്കും അച്ഛനും അമ്മയ്ക്കും കൊടുത്തു.
അവൾ ചായ ട്രേ കയ്യിൽ പിടിച്ചു അടുക്കള വാതിലിന്റെ അടുത്ത് അവളുടെ അമ്മയുടെ തൊട്ടടുത്തായി നിന്നു.
അപ്പോൾ നമ്മുടെ സ്ഥിരം ക്ളീഷേ ഡയലോഗ്. “ഇനി കുട്ടികൾക്ക് എന്തേലും സംസാരിക്കാൻ ഉണ്ടേൽ അവർ സംസാരിക്കട്ടെ അല്ലേ.” അവളുടെ അമ്മയുടെ തന്നെ ആയിരുന്നു ആ കമന്റ്.
“ചെല്ല്.. ചെല്ല്.. എന്ന് പെങ്ങളുടെ കമന്റ് എന്റെ നേരെയും..!”
നൈനിക ഹാളിന്റെ അടുത്ത റൂമിലേക്ക് നിന്നു. ഞാനും മെല്ലെ അങ്ങോട്ടു ചെന്നു.”നൈനിക എന്നാണല്ലേ പേര്”
“അതേ” എന്ന് അവൾ മറുപടി പറഞ്ഞു.
“PG ക്കു ഏതാ എടുത്തേ.?” വീണ്ടും ഞാൻ ചോദിച്ചു.
“Msc maths.” അവൾ സൗമ്യമായി പറഞ്ഞു.
“ഈശ്വരാ. പണ്ട് കണക്കിൽ സപ്പ്ളി കിട്ടിയ എനിക്ക് ഇത് തന്നെ കിട്ടണം” എന്ന് ഞാൻ മനസ്സിൽ ചിന്തിച്ചു.
എന്നോട് എന്തേലും ചോദിക്കാൻ ഉണ്ടോ എന്ന് ഞാൻ ചോദിച്ചു.”ഏട്ടന്റെ പേര്..???” അവൾ ചോദിച്ചു.
“അന്വിത്. ഡിഗ്രി വരെ പഠിച്ചു. സ്വന്തമായി ഒരു റെസ്റ്റോറന്റ് നടത്തുകയാണ്” ഞാൻ മറുപടി കൊടുത്തു.
അവൾ ശരിയെന്നു തലയാട്ടി. പിന്നെ എന്നെ നോക്കി ഒന്നും ചോദിക്കാനില്ലാതെ ചിരിച്ചു.
ഞാൻ വീണ്ടും പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു, “ഇനിയൊന്നും അറിയാൻ ഇല്ലേ.? കഴിഞ്ഞോ എന്നോടുള്ള ചോദ്യങ്ങൾ.?””ഏട്ടന് മരം കേറാൻ അറിയുമോ..?” അവൾ പെട്ടന്നാണത് ചോദിച്ചത്.
അപ്രതീക്ഷിതമായ ആ ചോദ്യത്തിൽ ഞാൻ ആകെ അന്താളിച്ചു പോയി.”മരം കേറാനോ..??? ഞാനോ..?? ഹേയ്.. എനിക്കങ്ങിനത്തെ മരം കേറൽ പണി ഒന്നും അറിയില്ല. എന്താ അങ്ങിനെ ചോദിച്ചേ.?” ഞാൻ ചോദിച്ചു.
“അല്ല.. ഞാൻ മരം കേറുന്നത് വരുമ്പോൾ കണ്ടു കാണുമല്ലോ. അപ്പോൾ എനിക്കൊരു കൂട്ട് ഉണ്ടാവുമല്ലോ എന്ന് കരുതി ചോദിച്ചതാ. സാരല്യ. ഞാൻ അറിയാൻ ചോദിച്ചെന്നെ ഉള്ളൂ.” അവൾ നിഷ്കളങ്കമായി മറുപടി പറഞ്ഞു.
“ഈ മഴയത്തു രാത്രി ബുള്ളറ്റ് യാത്രയും, മല മുകളിൽ ചെന്നിരുന്നു കട്ടൻ ചായ കുടിക്കൽ” അങ്ങിനത്തെ വല്ല ആഗ്രഹവും ഉണ്ടോ.? ഞാൻ സംശയത്തോടെ ചോദിച്ചു.
അതിനൊരു പൊട്ടി ചിരിയായിരുന്നു അവളുടെ മറുപടി. സത്യം പറഞ്ഞാൽ ആ ചിരിയിൽ ഞാൻ വീണു പോയി എന്ന് പറഞ്ഞാൽ മതിയല്ലോ.
ഇറങ്ങാൻ നേരം എന്റെ മുഖത്തെ ചിരി കണ്ടിട്ടാവണം പെങ്ങൾ മെല്ലെ അമ്മയോട് പറഞ്ഞു “അമ്മോ.. ഡേറ്റ് കണ്ടു വെച്ചോളൂട്ടാ.. ചെക്കന് മരം കേറി പെണ്ണിനെ പിടിച്ചൂന്നാ തോന്നണേ…!”
നൈനികയെ കണ്ടു അഞ്ചാം മാസം അവളെ എന്റെ വീട്ടിലേക്ക് കൈ പിടിച്ചു കയറ്റുമ്പോൾ അവളും ഒരുപാട് സന്തോഷവതിയായിരുന്നു. മിക്ക ദിവസവും ഞാൻ പണ്ട് എഴുതിയ കഥകൾ വായിച്ചു അവൾ എന്നെ കളിയാക്കുമായിരുന്നു.
രണ്ടു വർഷത്തിന് ശേഷം വീണ്ടുമൊരു മാങ്ങാ കാലം…..ഞങ്ങളുടെ ജീവിതകഥ ഒരു കഥയാക്കി എഴുതി കാണാൻ അവൾക്കൊരു ആഗ്രഹം. അത് സാധിപ്പിച്ചു തരാമെന്ന് ഞാനും സമ്മതിച്ചു.
“ഏട്ടൻ ഈ കഥ മുഴുവൻ എഴുതി തീരുമ്പോളേക്കും നമ്മുടെ വീടിന്റെ മുറ്റത്തെ ഈ മാവിൽ നിന്നും മുപ്പതു മാങ്ങാ മിനിമം ഞാൻ പറിച്ചിരിക്കും”. അതും പറഞ്ഞു അവൾ മുറ്റത്തെ മാവിലേക്കു പാഞ്ഞു കയറി.
ഞാൻ അവളെയും നോക്കി ഉമ്മറത്തിരുന്നു ഞങ്ങളുടെ കഥ എഴുതി തുടങ്ങി “വല്യ മാമന്റെ മകന്റെ………………………അതും പറഞ്ഞു അവൾ മുറ്റത്തെ മാവിലേക്കു പാഞ്ഞു കയറി..!”
എടിയേ.. ഈ നിമിഷം വരെയുള്ള കഥ എഴുതി. ഇനിയെന്താ എഴുതാ..? ഞാൻ മാവിലേക്കു നോക്കി ഉറക്കെ ചോദിച്ചു. അവൾ മാങ്ങ പറിക്കുന്ന തിരക്കിലായിരുന്നു. ഞാൻ പെൻ ചുണ്ടിൽ വെച്ചു മേലോട്ട് നോക്കി ബാക്കി ആലോചിച്ചു.
പെട്ടെന്നാണ് ഒരു വലിയ ശബ്ദം കേട്ടത്, കൂടെ ഒരു നിലവിളിയും. ഞാൻ നോക്കിയപ്പോൾ മാവിൽ നിന്നും വീണു നിലത്തു ചോരയിൽ കിടന്നു പിടയുന്ന എന്റെ നൈനയെ ആണ് കണ്ടത്.
പെന്നും പേപ്പറും വലിച്ചെറിഞ്ഞു ഞാൻ ഓടി അവളുടെ അടുത്തെത്തി. അമ്മയും ശബ്ദം കേട്ട് ഓടി വന്നു. അവളുടെ ബോധം പോയി തുടങ്ങിയിട്ടുണ്ട്. അപ്പോൾ തന്നെ മുറ്റത്തെ കാർ സ്റ്റാർട്ട് ചെയ്തു അവളെയും കൊണ്ട് ഞങ്ങൾ നേരെ ഹോസ്പിറ്റലിലേക്ക് പോയി.
നീണ്ട ചെക്കിങ്ങിനു ശേഷം ഡോക്ടർ പറഞ്ഞു. നട്ടെല്ലിന് ക്ഷതം ഏറ്റിട്ടുണ്ട്. വാട്ടർ ബെഡിൽ കിടത്തണം. ഇനി എണീറ്റു നടക്കാൻ പറ്റുമെന്നു തോന്നുന്നില്ല.
ഞാൻ തകർന്നു പോയ നിമിഷമായിരുന്നു അത്. പിന്നെ ചികിത്സയുടെ നാളുകൾ. അവൾ സംസാരിക്കും. പക്ഷെ കിടക്കയിൽ നിന്നും എണീക്കാൻ കഴിയില്ല. എല്ലാത്തിനും ഒരാളുടെ സഹായം വേണം.
ദിവസങ്ങളും ആഴ്ചകളും കഴിഞ്ഞപ്പോൾ പതിയെ അവൾക്കും തോന്നി അവൾ എനിക്കൊരു ഭാരമായി തുടങ്ങുന്നുണ്ടോ എന്ന്.
ആ ചോദ്യം പല തവണ അവൾ എന്നോട് ചോദിക്കുകയും ചെയ്തിരുന്നു. ഇല്ലെന്നു ഒരായിരം വട്ടം ഞാൻ പറയുമ്പോളും അവൾ സിനിമാ കഥകൾ പോലെ എന്നോട് പറയും “ഏട്ടൻ വേറെ കല്യാണം കഴിക്കണം, എന്നെ മറക്കണം”
എന്നൊക്കെ. ഒരിക്കൽ അവൾ എന്നോട് പറഞ്ഞു ആ തലയിണ എടുത്തു എന്റെ മുഖത്തേക്ക് വെച്ചു ഏട്ടൻ ഒന്ന് അമർത്തിയേക്കൂ. ഞാൻ തീരും. ഞാൻ സന്തോഷത്തോടെ ഏട്ടന്റെ കയ്യോടെ മരിക്കും എന്ന്.
പല വട്ടം ആ ചോദ്യം കേട്ടു മടുത്തപ്പോൾ ഒരിക്കൽ ഞാൻ ഒരുപാട് നേരം അവളുടെ കണ്ണുകളിലേക്ക് നോക്കി, അവൾ കണ്ണുകൾ അടച്ചു എല്ലാത്തിനും അന്ന് തയ്യാറായി കിടന്നു. ഞാൻ തലയിണയെടുത്തു അവളുടെ മുഖത്തു വെച്ചു ശക്തിയായി അമർത്തി. അവളൊന്നു ഞെരങ്ങി,
കുറച്ചു സമയം അമർത്തിയതും എന്റെ ഇടത്തെ കവിളിൽ ചന്ദ്രലേഖ സിനിമയിൽ സുകന്യ ലാലേട്ടനെ അടിക്കണ പോലെ ഒരു അടി കിട്ടിയ ഫീൽ.. ഹോ സത്യം പറഞ്ഞാൽ എന്റെ കണ്ണിൽ നിന്നും പൊന്നീച്ച പറന്നു പോയി.
പൊന്നീച്ചയൊക്കെ പോയപ്പോൾ എന്റെ മടിയിലതാ ഒരു വലിയ പച്ച മാങ്ങ. സംഭവം വേറെ ഒന്നുമല്ല അവൾ മാവിന്റെ മുകളിൽ നിന്നും ഇറങ്ങി എന്റെ മുഖത്തേക്ക് എറിഞ്ഞതാണ് ആ മാങ്ങ.
എന്നിട്ടു ഒരു ഡയലോഗ് “നിങ്ങളിപ്പോൾ എഴുതുന്ന കഥയിൽ എന്നെ മാവിൽ നിന്നും താഴെ വീഴ്ത്തി നട്ടെല്ല് ഒടിച്ചു ട്രാജഡി ക്ലൈമാക്സ് ആക്കി കാണുമല്ലേ. എന്നിട്ടു ലാസ്റ്റ് എന്നെ കൊന്നു വേറെ പെണ്ണിനെ കെട്ടി സുഖമായി ജീവിക്കണം അല്ലേ. ഞാൻ ജീവൻ ഉള്ള കാലത്തോളം നിങ്ങളെ ആ ആഗ്രഹം നടക്കൂലട്ടാ..
ഞാൻ നിങ്ങളുടെ തലയിലായി. അതോണ്ടേ എന്റെ പൊന്നു മോൻ ക്ലൈമാക്സ് ഒന്ന് തിരുത്തിയേക്ക് കേട്ടോ. നൈനിക മാവിൽ നിന്നും മാങ്ങയുമായി സേഫ് ആയി ഇറങ്ങി അതിലെ ഏറ്റവും
നല്ല മൂത്ത മാങ്ങ കൊണ്ട് നിങ്ങളെ മോന്തക്കിട്ടൊരു ഏറ്. ആ ഏറ് കൊണ്ട് ഏട്ടൻ പെന്നും പേപ്പറും വലിച്ചെറിഞ്ഞു എന്റെ പിന്നാലെ ഓടുന്നു. എങ്ങിനെയുണ്ട്. പൊളിക്കൂലേ..???”
“ടീ.. നിന്നെ ഞാൻ..” അവൾ പറഞ്ഞ പോലെ പെന്നും പേപ്പറും വലിച്ചെറിഞ്ഞു ഞാൻ എണീറ്റപ്പോളേക്കും അവൾ കയ്യിലുണ്ടായിരുന്ന വലിയ മാങ്ങയും പിടിച്ചു കിച്ചണിലേക്ക് ഓടി കഴിഞ്ഞിരുന്നു…!”