നവത്രിക
രചന: Rivin Lal
ബാംഗ്ലൂർ ട്രിപ്പ് കഴിഞ്ഞു കൂട്ടുകാരനെ വയനാട് ഡ്രോപ്പ് ചെയ്തു, കോഴിക്കോടിലെ എന്റെ വീട്ടിലേക്കു രാത്രി പത്തു മണിക്ക് ഞാൻ കാർ ഓടിച്ചു വരികയായിരുന്നു. കുറേ സമയം ഡ്രൈവ് ചെയ്തത് കൊണ്ട് നല്ല ക്ഷീണവും ഉണ്ടായിരുന്നു. ചുരമിറങ്ങി ഒരു അര
മണിക്കൂർ കഴിഞ്ഞു കാണും കണ്ണൊന്നു തിരുമ്മാൻ ഞാനൊന്നു ശ്രദ്ധ മാറ്റിയതായിരുന്നു, പെട്ടെന്നാണ് ഒരു പെൺകുട്ടി എന്റെ കാറിന്റെ ബോണറ്റിലേക്കു ഇടിച്ചു തെറിച്ചു വീണത്.
ഇടിയുടെ ആഗാധത്തിൽ ഞാൻ വണ്ടി വെട്ടിച്ചു സൈഡാക്കി നിർത്തിയിറങ്ങി. പിന്നോട്ട് ഓടി പോയി നോക്കിയപ്പോൾ ഇളം നീല ചുരിദാറിട്ട ഒരു പെൺകുട്ടി റോഡിൽ പകുതി ബോധമില്ലാതെ കിടക്കുന്നു.
മുഖത്തു തട്ടി നോക്കിയപ്പോൾ കണ്ണു പൂർണമായി തുറക്കുന്നില്ല. നെറ്റി പൊട്ടി രക്തവും ഒലിക്കുന്നുണ്ട്. അപ്പോൾ തന്നെ ഷാൾ അവളുടെ നെറ്റിയിൽ ചുറ്റി അവളെയുമെടുത്തു കാറിലിട്ടു ഞാൻ ഏറ്റവും അടുത്ത ഹോസ്പിറ്റലിലേക്ക് കൊണ്ടു പോയി.
അതായിരുന്നു നവത്രികയുമായുള്ള എന്റെ ആദ്യത്തെ കണ്ടു മുട്ടൽ.ആ രാത്രി മുഴുവൻ ഞാൻ അവൾക്കൊപ്പം ഹോസ്പിറ്റലിൽ നിന്നു. അവളുടെ വീട്ടിൽ അറിയിക്കാൻ ഒരു ഫോണോ ബാഗോ ഒന്നും അവളുടെ കയ്യിൽ ഇല്ലായിരുന്നു.
എന്റെ സമാദാനം അപ്പോൾ തന്നെ പകുതി പോയി. ഒരു ധൈര്യത്തിനായി അപ്പോൾ തന്നെ കൂട്ടുകാരൻ ആരവിനെ ഞാൻ ഫോണിൽ വിളിച്ചു.
അവൻ ഒരു മണിക്കൂറിനുള്ളിൽ വന്നു. ഞാൻ കാര്യങ്ങളെല്ലാം പറഞ്ഞു. അന്ന് രാത്രി അവനും എന്റെ കൂടെ നിന്നു. രാവിലെയായപ്പോൾ ഡോക്ടർ എന്റെ അടുത്ത് വന്നു ചോദിച്ചു.
“നിങ്ങൾ ഈ കുട്ടിയുടെ ആരാണ്..?”
ഞങ്ങൾ നടന്നതെല്ലാം പറഞ്ഞു.
“ആ കുട്ടിക്കു ബോധം വന്നു. നെറ്റിയിൽ നാല് സ്റ്റിച്ച് ഉണ്ട്. പക്ഷേ ആളൊരു ഒരു മെന്റൽ ഷോക്കിലാണ്. ആൾക്ക് ചുറ്റുപാടിലേക്ക് തിരിച്ചു വരാൻ ഇപ്പോളും പൂർണമായി പറ്റിയിട്ടില്ല. എന്തായാലും നിങ്ങൾ പോയി കണ്ടോളൂ. കുറച്ചു മാത്രം
സംസാരിച്ചാൽ മതി. ബി.പി കൂട്ടരുത്. നഴ്സ് കൂടെയുണ്ടാവും. എന്നാൽ ശരി.” അത്രയും പറഞ്ഞു ഡോക്ടർ വേറെ രോഗിയെ നോക്കാൻ പോയി.
ഞാൻ അവളുടെ വാർഡിലേക്ക് കയറി. അപ്പോളവൾ ബെഡിലിരുന്നു മരുന്ന് കഴിക്കുകയായിരുന്നു. എന്നെ കണ്ടതും ഒരു അപരിചിതനെ നോക്കുന്ന പോലെ വിഷമത്തോടെ മാത്രം ഒരു നോട്ടം നോക്കി, എന്നിട്ടു പുറത്തെ ജനവാതിലിലേക്ക് അവൾ കണ്ണും നട്ടിരുന്നു”
“എന്താ ഇയാളുടെ പേര്..??” ഞാൻ ചോദിച്ചു.
കുറച്ചു നേരം മൗനമായിരുന്നു അവൾ.പിന്നീട് എന്നെ നോക്കി “നവത്രിക” എന്ന് പതുക്കെ പറഞ്ഞു.
“എവിടെയാ വീട്..?? വീട്ടിലെ ആരുടെയെങ്കിലും നമ്പർ ഒന്ന് തരാമോ..?? വീട്ടിൽ അറിയിക്കണ്ടേ..?” ഞാൻ ചോദിച്ചു.
അത് കേട്ടപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങി. അവൾ കരയാൻ തുടങ്ങി.
“ശേ.. കരയല്ലേടോ.. ഞാൻ വീട് എവിടെയാ എന്നല്ലേ ചോദിച്ചുള്ളൂ. അതിനു കരയണോ..?” അത് പറയുമ്പോൾ ഞാൻ ആരവിനെ കൂടി അതിശയത്തോടെ നോക്കി.
“എനിക്കാരുമില്ല… എന്റെ വീട്ടിലും ഇനി ആരുമുണ്ടാവില്ല.. ഞാൻ ലോകത്ത് ഒറ്റയ്ക്കാണ്.. നിങ്ങളാരും എന്നെ സ്വസ്ഥമായി മരിക്കാൻ കൂടി സമ്മതിച്ചില്ല..!” അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു.
“അതിനിപ്പോൾ ഇവിടെ എന്താ ഉണ്ടായേ കുട്ടീ..??” ഇയാൾ കരയാണ്ടിരിക്കൂ. നമുക്ക് എല്ലാത്തിനും പരിഹാരം ഉണ്ടാക്കാമെന്നേ. ഞാൻ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
അപ്പോൾ ഡോക്ടർ അങ്ങോട്ട് കടന്നു വന്നു.
“നിങ്ങൾ ആ കുട്ടിയെ വീണ്ടും വിഷമിപ്പിച്ചോ.? തൽക്കാലം രണ്ടാളും ഒന്ന് പുറത്തേക്കു നിന്നേ”
ഡോക്ടർ എന്നെയും ആരവിനെയും റൂമിനു പുറത്തേക്കു നിർത്തി.
എന്തായാലും അന്ന് ഉച്ചക്ക് മുൻപേ ഞാൻ അവളുടെ ഗാർഡിയൻ ആയി അവിടുന്ന് അവളെ ഡിസ്ചാർജ് ചെയ്തു പോന്നു.
അവൾ പറഞ്ഞു തന്ന ഏതൊക്കെയോ വളവിലും തിരിവിലൂടെയും പോയി അവളുടെ വീടെത്തി. അവിടെ അവളെ കാത്തു അച്ഛമ്മയും അച്ചച്ഛനും ഉണ്ടായിരുന്നു. അവർ ഞങ്ങളോട് കയറി ഇരിക്കാൻ പറഞ്ഞു. അവളെ കണ്ടതും
അച്ഛമ്മ ചോദിച്ചു “നെറ്റിയിൽ എന്ത് പറ്റിയതാ മോളേ..? ഇന്നലെ രാത്രി മുതൽ നീ എവിടെയായിരുന്നു..? കൂട്ടുകാരിയുടെ വീട്ടിലാണെന്ന് ഞങ്ങൾ വിചാരിച്ചു. എന്നാലും പേടിച്ചു”
“ആഹ്.. കൂട്ടുകാരിയുടെ വീട്ടിൽ തന്നെ ആയിരുന്നു. നെറ്റിയിൽ രാവിലെ അവളുടെ വീട്ടിലെ ബാത്റൂമിൽ വീണതാ. പേടിക്കാനൊന്നുമില്ല അച്ഛമ്മേ..” അത്രയും പറഞ്ഞു ഒരു നന്ദി വാക്ക് പോലും ഞങ്ങളോട് പറയാതെ അവൾ അകത്തേക്ക് പോയി വാതിൽ വലിച്ചടച്ചു.
അവളെ ഇന്നലെ രാത്രി മുതൽ കാണാഞ്ഞിട്ടു അവർ വിഷമിച്ചിരിക്കുക യായിരുന്നു. അവളുടെ അച്ഛമ്മയാണ് അവളുടെ ബാക്കി കഥ ഞങ്ങളോട് പറഞ്ഞത്.
“ആ വീട്ടിൽ അവർ രണ്ടു പെണ്മക്കളും അച്ഛനും അമ്മയും അടങ്ങുന്ന സന്തുഷ്ട കുടുംബം ആയിരുന്നു. അച്ഛനും അമ്മയും പ്രേമിച്ചു വിവാഹം കഴിച്ചവരാണ്. അവൾ പത്തിൽ പഠിക്കുമ്പോൾ അപ്രതീക്ഷിതമായി അവളുടെ ചേച്ചിയെ കോളേജ് വിട്ടു വരുന്ന വഴിക്കു ഒരു കാർ ഇടിച്ചു ചേച്ചി മരിച്ചു. അവൾ കുറേ കാലം
ആ ഷോക്കിലായിരുന്നു. എല്ലാം മറന്നു എന്റെ കുട്ടി കോളേജിൽ പി. ജി. പഠിത്തം പകുതി ആയപ്പോളാണ് അവളുടെ അച്ഛൻ ഒരു ആറു മാസം മുൻപേ ഹാർട്ട് അറ്റാക്ക് വന്നു മരിച്ചത്. അതോടെ അവൾ വീണ്ടും മാനസികമായി തളർന്നു.
അമ്മയും മോളും മാത്രമായ ജീവിതം അവളെ ശരിക്കും വേദനിപ്പിച്ചു. അച്ഛൻ വരുത്തി വച്ച കുറേ കടങ്ങൾ കൂടി തീർക്കാൻ ബാക്കിയുണ്ട് എന്നറിഞ്ഞപ്പോൾ വരുമാനമില്ലാതെ ജീവിക്കാൻ ഒരു വഴിയും ഇല്ലെന്ന അവസ്ഥയിൽ എത്തി”.
“അവൾ ഇവിടെ അടുത്തുള്ള ചെറിയ കുട്ടികൾക്ക് ട്യൂഷൻ എടുത്തും അവളുടെ അമ്മ തയ്യൽ ജോലി ചെയ്തും കിട്ടുന്ന പൈസയാണ് ആകെയുള്ള ഇപ്പോളത്തെ വരുമാനം. പിന്നെ ഞങ്ങൾ പ്രായമായവർക്ക് കിട്ടുന്ന പെൻഷനിൽ നിന്നും ഒരു തുക ഞങ്ങളും കൊടുക്കും. അത്കൊണ്ട് മൂന്ന് നേരം പട്ടിണി ഇല്ലാതെ കഴിഞ്ഞു പോകുന്നു.”
എന്നിട്ടു അവളുടെ അമ്മയെവിടെ.?? ഞാൻ ചോദിച്ചു.”അതാ മോനെ പറയാൻ വന്നേ.. അവളുടെ അമ്മ റൂമിൽ ഉറങ്ങുകയാണ് . റെസ്റ്റിലാണ്.. അമ്മയ്ക്ക് ഇടയ്ക്കു വരുന്ന വയറു വേദനക്കു കഴിഞ്ഞ ആഴ്ച ഹോസ്പിറ്റലിൽ കാണിച്ചു. ചെക്കപ്പിന്റെ റിപ്പോർട്ട്
വന്നപ്പോളാണ് വയറ്റിൽ ഒരു ചെറിയ മുഴ വളരുന്നുണ്ട് എന്നറിഞ്ഞത്. ഓപ്പറേഷന് വലിയൊരു തുകയാവും. അതും കൂടി കേട്ടത്തോടെ കഴിഞ്ഞ മൂന്നാല് ദിവസമായി എന്റെ കുട്ടിയിവിടെ ഭ്രാന്ത് പിടിച്ച പോലെ നടക്കുകയാണ്. ഭക്ഷണമില്ല.. ഉറക്കമില്ല… അവൾ എന്തെങ്കിലും അവിവേകം കാണിക്കുമോ
എന്ന് പോലും ഞങ്ങൾക്ക് നല്ല പേടി ഉണ്ടായിരുന്നു. അപ്പോളാണ് ഇന്നലെ രാത്രി മുതൽ അവളെ കാണാതായത്. പോലീസിൽ കംപ്ലൈന്റ് കൊടുക്കാൻ ഞങ്ങൾ ഇറങ്ങാൻ നിൽക്കുമ്പോളാ നിങ്ങളും അവളും വന്നേ. അച്ഛമ്മ പറഞ്ഞു നിർത്തി.
എല്ലാം കേട്ടു കഴിഞ്ഞപ്പോൾ ഇന്നലെ രാത്രി നടന്നതൊന്നും എനിക്ക് പറയാൻ തോന്നിയില്ല.
“ഞങ്ങൾ അവളുടെ സുഹൃത്തുക്കളാണ് അച്ഛമ്മേ.. മറ്റൊരിക്കൽ അവളുടെ അമ്മയെ കാണാൻ വരാം. ഇപ്പോൾ അവളെ ഇവിടെ വരെ ഒന്ന് കൊണ്ടു
വന്നാക്കാൻ വന്നതാ. എന്നാൽ ശരി കേട്ടോ. ഞങ്ങളിറങ്ങട്ടെ.. അവളെ ഒന്ന് ശ്രദ്ധിച്ചോളണേ.. ഇറങ്ങാൻ നേരം അവളുടെ അച്ഛമ്മ ആ വീട്ടിലെ ലാൻഡ് ഫോൺ നമ്പർ എനിക്ക് തരാൻ മറന്നില്ല.
കാറിൽ തിരിച്ചു വരുമ്പോൾ ഞാൻ ആരവിനോട് പറഞ്ഞു
” ആ നവത്രിക ഒരു പാവം കുട്ടി… അല്ലേടാ..?? കാണാൻ നല്ല ഭംഗിയുമുണ്ട്. ഇത്ര ചെറു പ്രായത്തിൽ എന്ത് മാത്രം പ്രശ്നങ്ങൾ അവൾ നേരിടണം. ഓർക്കുമ്പോൾ തന്നെ തല പെരുക്കുന്നു”
“നിനക്ക് അത്രയങ്ങു പിടിച്ചെങ്കിൽ നീ അവൾക്കൊരു ജീവിതം കൊടുത്തേക്ക്. എന്തായാലും നിന്റെ വീട്ടുകാർ നിനക്ക് കല്യാണം നോക്കുകയല്ലേ..” ആരവിന്റെ ആ അപ്രതീക്ഷിത ചോദ്യം എന്നെ ചെറുതായൊന്നു ഞെട്ടിച്ചു. ആ നിമിഷം
ഞാനും ചെറുതായി അങ്ങിനെ ഒരു സന്ദർഭത്തെ കുറിച്ചു സങ്കല്പിച്ചു നോക്കി. പുറത്ത് അപ്പോളേക്കും മഴ പെയ്തു തുടങ്ങിയിരുന്നു. കാറിന്റെ ഗ്ലാസ് പൊക്കി ഞാൻ സീറ്റിൽ പിന്നോട്ട് ചാഞ്ഞു കണ്ണടച്ച് കിടന്നു മനസ്സിൽ ആ പേര് ഒരിക്കൽ കൂടി ഉരുവിട്ടു.
“നവത്രിക….!!!”
അടുത്ത ദിവസം ഞാൻ അവളുടെ വീട്ടിലെ നമ്പറിൽ വിളിച്ചു. അവളുടെ അച്ഛമ്മയാണ് കാൾ എടുത്തത്. അവൾക്കു കുഴപ്പമില്ല, വീട്ടിൽ തന്നെ അവളുണ്ടെന്നും വിശ്രമിക്കുകയാണെന്നും പറഞ്ഞു.
അത് കേട്ടപ്പോൾ എനിക്ക് ചെറിയൊരു ആശ്വാസം തോന്നി.
രണ്ടു ദിവസം കൂടി കഴിഞ്ഞപ്പോൾ ഞാൻ വീണ്ടും അവളുടെ വീട്ടിൽ വൈകിട്ട് പോയി. അന്നവൾ അല്പം നല്ല മൂഡിൽ ആയിരുന്നു. എന്നോട് കയറി ഇരിക്കാനും എനിക്ക് ചായ എടുക്കാനും ഒന്നും മറന്നില്ല. അവളുടെ അമ്മയുടെ
കാര്യങ്ങളൊക്കെ സംസാരിക്കുമ്പോൾ അവൾ പറഞ്ഞു “ഏട്ടാ.. നമുക്കിവിടുന്നു അധികം സംസാരിക്കണ്ട.. നമുക്കൊന്നു ബീച്ചിൽ പോവാം.. ഇവിടെ വളരെ അടുത്താണ്.. എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്..!”
അങ്ങിനെ അവളും ഞാനും സംസാരിക്കാനായി ബീച്ചിലേക്ക് പോയി. ബീച്ചിലെ മണൽ തിട്ടയിൽ ഇരിക്കുമ്പോൾ
ഡിസംബറിലെ തണുത്ത കാറ്റു ഞങ്ങളെ ഒരുമിച്ചു തൊട്ടു തലോടി പോയി.
സംസാരത്തിനു അവൾ തുടക്കമിട്ടു.
“ഏട്ടാ.. എനിക്കൊരുപാട് പ്രശ്നങ്ങൾ ഉണ്ട്.. കുറെയൊക്കെ അച്ഛമ്മ പറഞ്ഞു ഏട്ടൻ അറിഞ്ഞു കാണും എന്ന് ഞാൻ വിചാരിക്കുന്നു. ടെൻഷനും പ്രഷറും സഹിക്ക വയ്യാതെയാണ് അന്ന് ഞാൻ ഏട്ടന്റെ കാറിന്റെ മുന്നിൽ ചാടി ചാവാൻ നോക്കിയത്. ശക്തിയിൽ ഇടിച്ചാൽ റോഡിന്റെ സൈഡിലെ താഴത്തെ
കരിങ്കൽ കെട്ടിലേക്കു തെറിച്ചു വീണു തലയെങ്ങാനും ഇടിച്ചു ചത്തോളും എന്ന് വിചാരിച്ചാണ് ഞാൻ അന്ന് അങ്ങിനെയൊക്കെ ചെയ്തത്…!!! എന്നോട് ക്ഷമിക്കണം.. എനിക്കൊന്നു മനസ്സ് തുറന്നു സംസാരിക്കാൻ പോലും
ആരുമില്ലാത്ത അവസ്ഥയിലാണ്. അതു കൊണ്ടാണ് അങ്ങിനെ സംഭവിച്ചു പോയത്…!!” അവൾ ക്ഷമാപണം നടത്തി.
ഞാൻ പറഞ്ഞു. “സത്യം പറഞ്ഞാൽ കാറിൽ നിന്നും ഇറങ്ങി രണ്ടെണ്ണം പൊട്ടിക്കാനുള്ള ദേഷ്യം എനിക്കുണ്ടായിരുന്നു. പക്ഷേ നീ ബോധമില്ലാതെ കിടക്കുന്നത് കണ്ടപ്പോൾ ദേഷ്യമൊക്കെ അലിഞ്ഞു പോയി”.
“ഏട്ടന്റെ കഴിഞ്ഞ കാലമോ എങ്ങിനത്തെ ആളാണ് ഏട്ടൻ എന്നോ ഒന്നും എനിക്കറിയില്ല. എന്നാലും ഏട്ടന്റെ ഉള്ളിൽ നല്ലൊരു മനുഷ്യൻ ഉണ്ട്. അത് കൊണ്ടാണല്ലോ നട്ട പാതിരായ്ക്കു കാറിടിച്ചു റോഡിൽ രക്തം വാർന്നു കിടന്ന
ഏതോ ഒരു പെൺകുട്ടിയായ എന്നെ തക്ക സമയത്ത് ഹോസ്പിറ്റലിൽ എത്തിച്ചു രക്ഷിച്ചത്. അല്ലേൽ ആരും നോക്കാനില്ലാതെ അവിടെ ഞാൻ ചോര വാർന്നു തീർന്നേനെ”. അവൾ പറഞ്ഞു.
ഞാൻ ചോദിച്ചു “ജീവിതത്തിൽ എന്തേലും പ്രശ്നം ഉണ്ടായാൽ അതിനു പരിഹാരമായി ആത്മഹത്യ ചെയ്യാൻ തുടങ്ങിയാൽ ഈ ലോകത്ത് ആരും ജീവിച്ചിരിക്കില്ല. എല്ലാർക്കും പ്രശ്നങ്ങൾ ഉണ്ട്. പല രീതിയിൽ ആണെന്ന് മാത്രം.
നവത്രികയുടെ ഇപ്പോളത്തെ പ്രശ്നം പറയൂ. സോൾവ് ചെയ്യാൻ പറ്റുമോ എന്ന് ഞാനുമൊന്നു നോക്കട്ടെ..??”
“വീട് പുതുക്കി പണിയാൻ അച്ഛനെടുത്ത ബാങ്കിലെ ലോൺ അടവ് തെറ്റി നിൽക്കുകയാണ്. ഈ മാസത്തെ അടവ് ഒരു പതിനായിരം രൂപയുടെ അടുത്ത് അടയ്ക്കണം. കൂടെ ഒരു കുറിയുടെ
പൈസയും അമ്മയ്ക്ക് കൊടുക്കാൻ ഉണ്ട്. ഒരു പതിനയ്യായിരം രൂപ ഉണ്ടേൽ എന്റെ കുറച്ചു പ്രശ്നം ഇപ്പോൾ തീരും” അവൾ പറഞ്ഞു നിർത്തി.
“അപ്പോൾ അത്രയും തുക കിട്ടിയാൽ നിന്റെ ഇപ്പോളത്തെ പ്രശ്നം തീരും അല്ലേ..??” ഞാൻ ചോദിച്ചു.”അതെ ഏട്ടാ.. തീരും..!” അവൾ ആത്മ വിശ്വാസത്തോടെ പറഞ്ഞു.
“ആ പണം ഞാൻ തരട്ടെ..? നീ നല്ല ജോലിക്കാരി ഒക്കെയായിട്ടു എനിക്ക് തിരിച്ചു തന്നാൽ മതി”. ഞാൻ പറഞ്ഞു.
“അയ്യോ ഏട്ടാ.. അതൊന്നും വേണ്ടാ.. ഞാൻ എങ്ങിനെയെങ്കിലും വേറെ വഴി കണ്ടു പിടിച്ചോളാം. ഇനി ഏട്ടന്റ കയ്യിൽ നിന്നും വാങ്ങിയാൽ അത് തിരിച്ചു തരുന്ന വരെ എനിക്ക് പിന്നെയും ടെൻഷൻ ആവും.” അവളല്പം പതറി കൊണ്ടാണത് പറഞ്ഞത്.
“അതൊന്നും സാരമില്ലെന്നേ.. നീ ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് അയക്ക്.. ഇപ്പോൾ തന്നെ ഞാൻ പണം അയച്ചു തരാം. അങ്ങിനെ മനസ്സില്ലാ മനസോടെ അവൾ സമ്മതിച്ചു. ആ പണം ഞാൻ കൊടുത്തു. എന്നിട്ടു പറഞ്ഞു “ജീവിതത്തിൽ ഒറ്റപെട്ടു പോയി എന്ന തോന്നൽ ഇനി വേണ്ടാ.
ഏതു പ്രശ്നത്തിലും എല്ലാ രീതിയിലും കൂടെ ഞാനുണ്ടാവും ഒരു ധൈര്യത്തിന്. എല്ലാ പ്രശ്ങ്ങൾക്കും ഒരു പരിഹാരം നമുക്ക് കിട്ടും. കേട്ടല്ലോ…??” അവളെ ഞാൻ സമാധാനിപ്പിച്ചു.
എന്റെ വാക്കുകൾ കേട്ടത്തോടെ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.ആ
സൗഹൃദം പിന്നെയും വളർന്നു. അവൾ എല്ലാ ദുഖവും സന്തോഷവും എന്നോട് മാത്രം പങ്കു വെക്കാൻ തുടങ്ങി. ഏതോ ഒരു സന്ദർഭത്തിൽ ഞാനും ആഗ്രഹിച്ചു തുടങ്ങി, അവളെ എന്നും എന്റേതാക്കി മാറ്റണം എന്നത്.
അവളോട് ഒന്ന് രണ്ടു തവണ ഞാൻ ഈ കാര്യം സൂചിപ്പിച്ചപ്പോളൊക്കെയും അവൾ ഒഴിഞ്ഞു മാറുകയാണ് ചെയ്തത്.
“ഏട്ടാ.. എനിക്കെന്റെ പഠിപ്പു പൂർത്തിയാക്കണം. ജോലി വാങ്ങണം. അമ്മയെ നോക്കണം. അമ്മയ്ക്ക് ഓപ്പറേഷൻ ചെയ്യണം. കടങ്ങൾ വീട്ടണം.
വീട് പണി പൂർത്തിയാക്കി അതിൽ ഒരു ദിവസമെങ്കിലും ഒരു ടെൻഷനും ഇല്ലാതെ സ്വസ്ഥമായി സമാധാനമായി ഉറങ്ങണം. അതിന്റെ ഇടയ്ക്കു എനിക്ക് കല്യാണമേ വേണ്ടാ. കല്യാണം പോയിട്ടു മൂന്ന് നേരം കഴിച്ചു കൂടാൻ ഉള്ള ബുദ്ധിമുട്ട് എനിക്കെ അറിയൂ.. പിന്നെ എന്നെങ്കിലും എന്റെ അമ്മ എന്നെ വിട്ടു പോയാൽ ഞാനും അന്ന് ആത്മഹത്യ ചെയ്യും.
അപ്പോൾ അത്രയും ബാധ്യതയുള്ള എന്നെ പോലത്തെ ഒരു പെൺകുട്ടിയെ ഏട്ടൻ എന്തിനാ കല്യാണം കഴിക്കുന്നേ.?? ഏട്ടന്റെ ജീവിതം കൂടി കടം കേറ്റി മുടിയാനാണോ..?? അവൾ നിറ കണ്ണുകളോടെയാണ് അത് എന്നോട് പറഞ്ഞത്.
“ശരി.. നീ ആത്മഹത്യ ഒന്നും ചെയ്യണ്ടാ.. പക്ഷേ നിന്റെ ഈ ആഗ്രഹമൊക്കെ ഞാൻ നടത്തി തരാം… എല്ലാം നടന്നു കഴിഞ്ഞാൽ ഒരു തരി പൊന്നോ പണമോ ഇല്ലാതെ നിന്നെ കെട്ടാൻ ഞാൻ വന്നാൽ നിനക്ക് സമ്മതമാണോ…?” ഞാൻ ചോദിച്ചു.
“ഏട്ടാ.. ഞാൻ…!!! എനിക്കറിയില്ല ഏട്ടനോട് എന്താ മറുപടി പറയാ എന്ന്.. എനിക്കൊരു ഇഷ്ടക്കേടും ഇല്ലാ.. ആഗ്രഹവും ഇല്ലാഞ്ഞിട്ടല്ല. പക്ഷേ എനിക്കൊരു പ്രണയം ഒന്നും ഇപ്പോൾ മനസ്സിൽ വരണില്ല.. എന്റെ പ്രശ്നങ്ങൾ..
ഇപ്പോളത്തെ സാഹചര്യങ്ങൾ.. കടക്കാരുടെ ശല്യം…. അതും കൂടി ഏട്ടൻ മനസിലാക്കണം.. എനിക്കല്പം സമയം വേണം.. എല്ലാം ഒന്ന് ശരി ആയാൽ ഞാനൊരു മറുപടി പറയാം… സമ്മതമാണോ ഏട്ടന്..??
“ശരി.. സമ്മതിച്ചു..!!” ഞാൻ സമ്മതം മൂളി. ആ ഒരു ദിവസം എന്തിന്റെയൊക്കെയോ തുടക്കമോ അവസാനമോ കൂടി ആയിരുന്നു പിന്നീട്.
അവളുടെ പഠിപ്പിന്റെ ബാക്കി പൈസയും ഞാൻ കൊടുത്തു. ട്യൂഷൻ ക്ലാസ്സ് എടുത്തും അവളുടെ അമ്മ തയ്യൽ ജോലി ചെയ്തും ഉണ്ടാക്കിയ പൈസ കൊണ്ട് അവൾ പഠിപ്പു പൂർത്തിയാക്കി. ഗവണ്മെന്റ് സർവിസിലിരിക്കെ മരിച്ചത് കൊണ്ട്
അവളുടെ അച്ഛന്റെ ജോലി അവൾക്കു കിട്ടി. അവൾ വീട് പണി ബാക്കി കൂടി തീർത്തു. കടങ്ങൾ തീർത്തു. അമ്മയെ ചികിൽസിച്ചു. എല്ലാം കഴിഞ്ഞപ്പോളേക്കും രണ്ടു വർഷം കഴിഞ്ഞിരുന്നു.അഞ്ചു വർഷങ്ങൾക്ക് ശേഷമുള്ള ഒരു സായാഹ്നം
ഞങ്ങൾ ആദ്യമായി കണ്ട അതേ ബീച്ചിൽ അവളെന്റെ തോളിൽ ചാരിയിരുന്നു കൊണ്ട് ചോദിച്ചു
“സ്വന്തം കുടുംബക്കാരോ കൂട്ടുകാരോ പോലും തിരിഞ്ഞു നോക്കാത്ത കഷ്ടപ്പാടിൽ മുങ്ങി നിന്ന, സ്നേഹിച്ചവർ
എല്ലാരും നഷ്ടപെട്ട ജീവിതം തന്നെ മടുത്തു വേണ്ടാന്ന് തീരുമാനിച്ചു മരിക്കാൻ തുനിഞ്ഞ എന്നെ എന്തിനാ ഏട്ടൻ തിരിച്ചു ജീവിതത്തിലേക്ക് കൊണ്ട് വന്നേ…??” ഞാൻ എന്ത് പുണ്യമാ അതിനും മാത്രം ഏട്ടനോട് ചെയ്തേ..? ”
“ജീവിതം ഒന്നേയുള്ളു മോളേ.. അത് ജീവിച്ചു തീർക്കാനാണ് ദൈവം നമ്മളെ ഇങ്ങോട്ടു അയച്ചത്. ഒരു പക്ഷേ നിന്റെ ജീവിത ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ ദൈവം അയച്ചത് എന്നെയാവും. നമുക്കൊരുപാട് റോൾ ഉണ്ട് നമ്മുടെ
ജീവിതത്തിൽ.. ഒരു പെണ്ണിന് മകളായും.. കാമുകിയായും.. ഭാര്യയായും.. അമ്മയായും.. അമ്മൂമ്മയായും.. അങ്ങിനെ ഒരുപാട് കഥാപാത്രങ്ങളുണ്ട്… അത് പോലെ തന്നെയാണ് തിരിച്ചു ആണിനും.. അതൊന്നും പൂർത്തിയാക്കാതെ നമ്മളായിട്ടു ആ ജീവിതം അവസാനിപ്പിച്ചു
ഈ ലോകത്ത് നിന്നും പോയാൽ നമ്മുടെ ജന്മത്തിനു അർത്ഥമില്ലാതായി പോകും. നമ്മൾ സ്നേഹിച്ചവരും നമ്മളെ സ്നേഹിച്ചവരും എല്ലാവരും ഒരു ദിവസം നമ്മളെ വിട്ടു പോകും. പിന്നെയും നമ്മൾ ജീവിക്കണം.. അതാണ് യഥാർത്ഥ ജീവിതം..!”
ഞാൻ അത് പറഞ്ഞു
പൂർത്തീകരിക്കുമ്പോളേക്കും ഞങ്ങളുടെ പൊന്നോമന കളിച്ചു വന്നു അവളുടെ മടിയിലേക്ക് ചാടി കേറിയിരുന്നു കഴിഞ്ഞിരുന്നു..!