അല്ലെങ്കിലും നിന്നെ ആവശ്യത്തിന് ഉപകരിക്കില്ല… അസത്ത്.. എണ്ണിക്കൊടുക്കുന്ന ശമ്പളം വെറും വെയ്സ്റ്..”

സ്വപ്നം നിഷേധിച്ചവർ,…
രചന: Jolly Shaji

അന്നും അവളാ കുപ്പായമെടുത്തു തന്റെ ദേഹത്തോട് ചേർത്ത് വെച്ച് മുറിയിലെ ചെറിയ കണ്ണാടിക്ക് മുന്നിൽ നിന്നുനോക്കി…
അവൾക്ക് എന്തെന്നില്ലാത്ത സന്തോഷം

തോന്നി… ഇതൊക്കെ ഇട്ടാൽ താൻ അതിയായ സുന്ദരി ആവും അല്ലെ… പെട്ടന്ന് വാതിലിൽ മുട്ട് കേട്ടു.. കയ്യിലിരുന്ന ഡ്രസ്സ്‌ അവൾ വേഗം തുണി തേക്കുന്ന മേശയിലേക്ക് വിരിച്ചിട്ട് ഓടി പോയി വാതിൽ തുറന്നു…

“എവിടെ ആ ഉടുപ്പ്..”ആ ശബ്ദം കേട്ട അവൾ ഒന്ന് പതറിപ്പോയി…”അത് ഞാൻ തേക്കുന്നതേ ഉള്ളു കൊച്ചമ്മേ…”

“എത്ര നേരമായി തേക്കാനായി പറഞ്ഞു വിട്ടിട്ട്… നീ ഇതുവരെ ഇവിടെ എന്തെടുക്കുകയായിരുന്നു… മോൾക്ക്‌ പോകാൻ സമയമായി…”

“അത് പിന്നെ ഞാൻ ഒന്ന് ഒന്ന് ടോയ്‌ലെറ്റിൽ പോയി..”അവൾ വിറയലോടെ പറഞ്ഞു…

“അല്ലെങ്കിലും നിന്നെ ആവശ്യത്തിന് ഉപകരിക്കില്ല… അസത്ത്.. എണ്ണിക്കൊടുക്കുന്ന ശമ്പളം വെറും വെയ്സ്റ്..”

അവർ നിന്ന് വിറക്കാൻ തുടങ്ങി..”കൊച്ചമ്മേ ഞാൻ ഇപ്പൊ തന്നെ തേച്ചു തരാം…””ഹും വേഗം തേച്ചു റൂമിലേക്ക്‌ കൊണ്ടുവാ.. ധൃതി കൂട്ടി കത്തിച്ചു കളഞ്ഞേക്കല്ല്…”

അവർ ചാടിത്തുള്ളി മുറിയിലേക്ക് പോയി…താമര ശ്രദ്ധയോടെ ആ കുപ്പായം തേച്ചു മീനുവിന്റെ മുറിയിലേക്ക് ഓടിച്ചെന്നു..

തന്റെ അതെ പ്രായത്തിലുള്ള മീനു മേക്കപ് ഇട്ടു സുന്ദരിയായി നിൽക്കുന്നു… നീളം കുറഞ്ഞ അവളുടെ മുടി കളർ ചെയ്ത് വിടർത്തി ഇട്ടിരിക്കുന്നു… അവളുടെ കഴുത്തിൽ കിടക്കുന്ന വൈരമാല വെട്ടിത്തിളങ്ങുന്നു… താമരയുടെ കണ്ണുകളിൽ ഒരു പിടച്ചിൽ ഉണ്ടായി..

“എന്താടി വാ പൊളിച്ചു നോക്കി നിൽക്കുന്നെ… ദേ ഞാനും മോൾക്കൊപ്പം പുറത്തു വരെ പോകുവാ… അടുക്കള വൃത്തിയാക്കി ഇട്ടേച്ച് മോളുടെ മുറിയും ടോയ്‌ലെറ്റും ഒന്ന് ക്ലീൻ ചെയ്ത് ഇട്ടേക്കണം…”

അവർ അവളുടെ കയ്യിൽ നിന്നും കുപ്പായം വാങ്ങി മുറിയിലേക്ക് കയറി.. താമര അടുക്കളയിലേക്ക് നടക്കാൻ തുടങ്ങിയപ്പോൾ അവരവളെ തിരികെ വിളിച്ചു…

“എടി ഈ ഉടുപ്പിൽ ആകെ വിയർപ്പ് മണം ആണല്ലോ… നീയിതു ഷാമ്പു ഇട്ടല്ലേ കഴുകിയത്..”

“അതെ കൊച്ചമ്മേ… കൊച്ചമ്മ പറഞ്ഞതുപോലെയാ ഞാൻ ചെയ്തത്…””എന്തോ ഒരു വെടക്ക് മണം ഇതിന്.. മോളെ ആ പെർഫ്യൂം ഇത്തിരി കൂടുതൽ അടിച്ചേക്കു ഇതിൽ…”

അവർ താമരക്കു നേരെ ചൂഴ്ന്നു നോക്കി പറഞ്ഞു..
അവൾ വേഗം അടുക്കളയിലേക്ക് പോയി നിറയെ പാത്രങ്ങൾ നിരത്തിയിട്ടിരിക്കുന്നു… ഊണ് മേശയിൽ

കോഴിയുടെയും മീനിന്റെയുമൊക്കെ അവശിഷ്ടങ്ങൾ നിരത്തിയിട്ടിരിക്കുന്നു… അവൾ അതൊക്കെ കൊതിയോടെ നോക്കി കൊണ്ട് എല്ലാം വൃത്തിയാക്കി…

പാത്രങ്ങൾ കഴുകി വെച്ച അവൾ തനിക്കായി വിളമ്പി മൂടി വെച്ചിരിക്കുന്ന ഭക്ഷണത്തിന്റെ പാത്രം തുറന്നു നോക്കി… തലേന്നത്തെ ചോറും അതിനു മുകളിൽ കോരി ഒഴിച്ചിരിക്കുന്ന സാമ്പാറും… അവളതുമെടുത്ത് അടുക്കളയുടെ മൂലയിൽ ഇട്ടിരിക്കുന്ന സ്റ്റൂളിൽ ഇരുന്നു…

ചെറിയ വളിപ്പ് മണം അവൾക്ക് അനുഭവപ്പെട്ടു… എങ്കിലും അവളത് വാരി കഴിക്കാൻ തുടങ്ങി… വീട്ടിലായിരുന്നപ്പോൾ പലപ്പോളും പട്ടിണി ആയിരുന്നവൾക്ക് ഇതൊക്കെ വിശിഷ്ട ഭക്ഷണം തന്നെ ആയിരുന്നു..

“എന്താടി സ്വപ്നം കണ്ട് ഇരിക്കുന്നെ… “കൊച്ചമ്മയുടെ ശബ്ദം താമരയെ വീടെന്ന ചിന്തയിൽ നിന്നും ഉണർത്തി…

“വേഗം കഴിച്ചിട്ട് മോൾടെ മുറി വൃത്തിയാക്ക് ഞങ്ങൾ പോകുവാ… ആരെങ്കിലും വന്നു ബെൽ അടിച്ചാൽ വാതിൽ തുറക്കാൻ നിൽക്കേണ്ട..”

അവൾ തലയാട്ടി.. കൊച്ചമ്മ ചവിട്ടി കുലുക്കി പോയി… പുറത്തു ഡോർ അടയുന്ന ശബ്ദം താമരയിൽ ചിരി വിടർത്തി… അവൾ വേഗം കഴിച്ചു തീർത്തു പാത്രം കഴുകി വെച്ച് ചൂലുമെടുത്തു മീനുവിന്റെ മുറിയിലേക്ക് ഓടി..

ആ മുറിയിൽ കടന്ന അവൾ സ്വപ്നലോകത്തെ താമര ആയി മാറുകയായിരുന്നു… മീനുവിന്റെ റൂമിൽ തൂക്കിയിട്ടിരുന്ന വിലകൂടിയ ഉടുപ്പ് അവൾ കണ്ണിമ വെട്ടാതെ നോക്കി… അതിലെ തിളക്കം കണ്ട അവളുടെ കണ്ണുകളും തിളങ്ങി… അവൾ മെല്ലെ ആ

ഉടുപ്പെടുത്തു… തന്റെ ദേഹത്തോട് ചേർത്ത് വെച്ച ഉടുപ്പുമായി അവൾ വലിയ അലമാരിയുടെ കണ്ണാടിയിലേക്ക് നോക്കി.. താമര സത്യത്തിൽ ഒരു രാജകുമാരിയായി മാറുകയായിരുന്നു ആ നിമിഷം…

അവൾ ആ ഉടുപ്പ് ശ്രദ്ധയോടെ തന്റെ തല വഴി കടത്തിയിട്ടു… അവിടെ ടേബിളിൽ ഇരുന്ന പെട്ടി മെല്ലെ തുറന്ന അവൾ അത്ഭുതത്തോടെ മിഴികൾ ചിമ്മി തുറന്നു… പല പല രൂപത്തിലും വർണ്ണത്തിലുമുള്ള

കമ്മലുകളും മാലകളും കണ്ട അവളിൽ ആഗ്രഹം കുന്നോളമുണ്ടായി.. അവൾ അതിൽ നിന്നും ഇട്ടിരുന്ന ഉടുപ്പിന് അനുയോജ്യമായവ തിരഞ്ഞെടുത്തു… കണ്ണാടിക്ക് മുന്നിൽ നിന്ന് അവളതൊക്കെ ശ്രദ്ധയോടെ ധരിച്ചു…

“എടി താമരപ്പെണ്ണേ നീയേത് രാജ്യത്തെ രാജകുമാരിയാണ്…”അവൾ കണ്ണാടിയിലേക്ക് നോക്കി ചോദിച്ചു…

“സത്യത്തിൽ ഞാനല്ലേ മീനുവിനെക്കാൾ സുന്ദരി..അവൾ അവളോട്‌ തന്നെ ചോദിച്ചു…

അവിടിരുന്ന ചീപ്പെടുത്തു മുടിയൊക്കെ ചീകി മിനുക്കി വെച്ചപ്പോളാണ് മേശയിൽ ഇരിക്കുന്ന വിലകൂടിയ പെർഫ്യും അവൾ കണ്ടത്… അവളതെടുത്തു മണത്തു നോക്കി.. “ആഹാ എന്ത് നല്ല മണം..”

അവൾ അത് ദേഹത്തേക്ക് ചീറ്റിക്കാൻ തുടങ്ങിയപ്പോളാണ്..”എടി അസത്തെ…”എന്ന ആക്രോശം മുഴങ്ങിയതും അവളുടെ മുടി കെട്ടിൽ പിടി മുറുകിയതും…

“അപ്പോൾ ഇതാണല്ലേ ഇവിടെ ആരുമില്ലാത്തപ്പോൾ നിന്റെ പരിപാടി… കുറെ ദിവസമായി ഞാൻ ശ്രദ്ധിക്കുന്നു മീനുവിന്റെ തേച്ചു മിനുക്കിയ ഉടുപ്പിലൊക്കെ ഒരു വൃത്തികെട്ട മണം…”

അപ്രതീക്ഷിതമായി കൊച്ചമ്മയുടെ കടന്നു വരവും തലമുടിയിലെ പിടുത്തവും താമരയെ ഏറെ വേദനിപ്പിച്ചു… അവൾ വേദന കൊണ്ട് പുളഞ്ഞപ്പോൾ കൊച്ചമ്മ അവളുടെ മുഖത്തേക്ക് ആഞ്ഞടിച്ചു…

“ഊരടി ഉടുപ്പും ആഭരണങ്ങളും… ഒരു രാജകുമാരി വന്നേക്കുന്നു…. എന്ത് യോഗ്യത ഉണ്ടെടി നിനക്ക് എന്റെ മോളുടെ ഡ്രസ്സ്‌ ഇടാൻ… കഞ്ഞി കുടിക്കാൻ വശമില്ലാത്ത വീട്ടിലെ പെണ്ണിന്റെ

അഹങ്കാരം…. നിനക്ക് സ്വപ്നം കാണാൻ പോലും അവകാശമില്ലെടി ഇതൊക്കെ… ഒരു സാധനം എടുക്കാൻ മറന്നത് കൊണ്ട് കാണാൻ പറ്റി നിന്റെ കോപ്രായങ്ങൾ…”

അപമാനിതയായ അവൾ ഓരോന്നും ഊരി മേശയിലേക്ക് വെക്കുമ്പോൾ ആ കണ്ണുകൾ നിറഞ്ഞൊഴുകyയായിരുന്നു…

“ഇപ്പൊ തന്നെ ഇവിടുന്ന് ഇറങ്ങിക്കോളണം തമ്പുരാട്ടി… നിനക്ക് തരുന്ന ഒരു മാസത്തെ ശമ്പളതേക്കാൾ വിലയുണ്ടെടി എന്റെ മോൾടെ ഓരോ ഉടുപ്പുകൾക്കും … അതാണ് നിന്റെയീ വൃത്തികെട്ട ദേഹത്ത് വാരി ചുറ്റിയത്… ഇനി നിന്റെ ആവശ്യം ഇവിടില്ല ഇറങ്ങിക്കോളൂ..”

താമര തന്റെ പഴയ തുണി സഞ്ചിയിലേക്ക് തന്റെ കീറിത്തുന്നിയ കുപ്പായങ്ങൾ എടുത്ത് വെച്ചു… അങ്ങനെ അവൾ അതിർവരമ്പുകൾ ഉള്ള ആ സ്വപ്നലോകത്തുനിന്നും പടിയിറങ്ങി… അപ്പോഴും അവളുടെ ചെവിയിൽ ആ വാക്കുകൾ മുഴങ്ങി..

“നിന്റെ ഒരുമാസത്തെ ശമ്പളത്തേക്കാൾ വിലയുണ്ടെടി എന്റെ മോളുടെ ഓരോ ഉടുപ്പിനും…”

തന്റെ സ്വപ്നങ്ങൾ നിഷേധിച്ച ലോകത്തുനിന്നുമുള്ള പടിയിറക്കം വീണ്ടും പട്ടിണിയിലേക്കായിരുന്നു…

 

Leave a Reply

Your email address will not be published. Required fields are marked *