രചന: Kannan Saju
“രണ്ട് ദിവസായിടാ വല്ലോം കഴിച്ചിട്ട്…ഫോണും പോയി എല്ലാം പോയി.. ഇവിടെ കിടന്നു പട്ടിണി കിടന്നു ചാവുന്ന ഞാൻ കരുതിയത് ”
മുഷിഞ്ഞ വേഷവും ആയി കട തിണ്ണയിൽ കിടന്നിരുന്ന തന്റെ പഴയ സുഹൃത്തിനെ കണ്ടു തമീം ബൈക്ക് നിർത്തിയതാണ്…
തമീം അവനെയും കൂട്ടി റൂമിലേക്ക് പോയി… അവൻ കുളിച്ചു വൃത്തിയായി തമീമിന്റെ ഡ്രസ്സ് ധരിച്ചു വന്നപ്പോഴേക്കും കാർത്തികിന് കഴിക്കാനുള്ള ഭക്ഷണം തമീം തയ്യാറാക്കിയിരുന്നു.. അവൻ അത് ആർത്തിയോടെ വാരി കഴിക്കുന്നതും നോക്കി തമീം ഇരുന്നു.
” എന്നാലും സിനിമ എന്നൊക്കെ പറഞ്ഞു വീട്ടിനു ഇറങ്ങുക… തെണ്ടി തിരിഞ്ഞു നടക്കുക.. കൂലിപ്പണി എടുക്കുക… ഞാൻ കരുതി നീ അതൊക്കെ വിട്ടു കാണും എന്ന് “കാർത്തിക ചോറ് കുഴക്കുന്നത് നിർത്തി തമീമിനെ നോക്കി
” എന്റെ ജീവൻ പോയാലും സിനിമ ഞാൻ ഉപേക്ഷിക്കില്ല തമീം… ആ ഡയരക്ടർ ഫോണിലൂടെ കഥകേട്ട് വരാൻ പറഞ്ഞതാണ്.. കൊച്ചിയിൽ ട്രെയിൻ നിക്കുമ്പോൾ ഞാൻ മാത്രം.. ബാഗും
മൊബൈലും പണവും ഇല്ല… ആരെ വിളിക്കാൻ.. വീട്ടിനു പോന്നിട്ടു രണ്ട് കൊല്ലം തൃശൂർ ആയിരുന്നു.. കിട്ടുന്ന പണി ഒക്കെ ചെയ്തു… അസ്സിസ്റ്റ് ചെയ്യാൻ കുറെ നോക്കി… പ്രതീക്ഷ കൈവിട്ടില്ല… “” നീ എന്തായാലും കഴിക്ക് ”
” നീ വിചാരിച്ചാൽ എനിക്കെന്തെങ്കിലും ജോലി ശരിയാക്കി തരാൻ പറ്റുവോ ഇവിടെ? അസിസ്റ്റന്റ് ആവാൻ ഒരവസരം കിട്ടും വരെ അല്ലെങ്കിൽ തിരക്കഥ ഒന്ന് സിനിമ ആക്കാൻ അവസരം കിട്ടും വരെ പിടിച്ചു നിക്കാൻ ”
” ഞാൻ തന്നെ വെയിറ്റർ ആയിട്ട് നിക്കുവാ ഒരു കോഫി ഷോപ്പിൽ… ഹൈ പാർട്ടീസ് വരുന്ന സ്ഥലാ… അവിടെ നിക്കാൻ പറ്റുവോ നിനക്ക്? ”
” നിക്കാം… വിശപ്പ് മാറി കിട്ടിയാൽ മതി.. എന്ത് പണി വീണെങ്കിലും ചെയ്യാം “അടുത്ത ദിവസം മുതൽ കാർത്തിക് തമീമിനൊപ്പം കൂടി… എളുപ്പത്തിൽ പണികൾ പഠിച്ചു.. ആളുകളെ ഡീൽ ചെയ്യാൻ പഠിച്ചു…
അപ്രതീക്ഷിതമായി കൊച്ചിയിൽ വന്ന കാർത്തിക്കിന്റെ കുടുംബം ഷോപ്പിൽ വന്നു.. ഓർഡർ എടുക്കാൻ വന്ന അവനെ കണ്ടു അച്ഛൻ ആളുകളുടെ മുന്നിൽ ഇട്ടു കളിയാക്കി.പക്ഷെ കാർത്തിക തളർന്നില്ല..
തന്നെ വേണ്ടന്നു പറഞ്ഞു പോയവൾ ഭർത്താവുമായി വന്നു….. അവൾ പോവാൻ നേരം ടിപ്പു നൽകിയ പണവും നോക്കി ഒരു രാത്രി മുഴുവൻ അവൻ കരഞ്ഞിരുന്നു.
പക്ഷെ അപ്പോഴും അവൻ തളർന്നില്ല… ശ്രമങ്ങൾ തുടർന്ന് കൊണ്ടേ ഇരുന്നു..അങ്ങനിരിക്കെ അപ്രതീക്ഷിതമായി കാർത്തികിന് ബൈക്കപകടം ഉണ്ടായി… അച്ഛനെ വിളിച്ചെങ്കിലും അവനെന്റെ മകൻ അല്ലെന്നും പറഞ്ഞു അയ്യാൾ ഫോൺ കട്ട് ചെയ്ത്.. അമ്മയെയും അനിയത്തിയേയും വിട്ടില്ല.
ഹോസ്പിറ്റലിൽ തികയാതെ വന്ന പണത്തിനു അനിയത്തിയുടെ ആകെ ഉണ്ടായിരുന്ന സ്വർണ്ണവും വിറ്റു തമീം ബില്ലടച്ചു.. അവനെ ഹോസ്പിറ്റലിലും റൂമിലും തമീം തന്നെ നോക്കി…
കടയുടെ മുതലാളി തന്നെ കാർത്തികിനോട് പറഞ്ഞു” ഇങ്ങനൊരു കൂട്ടുകാരനെ കിട്ടാൻ നീ പുണ്യം ചെയ്യണം ”
കർത്തികിന്റെ മലവും മൂത്രവും പോലും കോരിയത് തമീം ആയിരുന്നു… ഒടുവിൽ അവൻ നടന്നു തുടങ്ങി… കാർത്തിക്കിന്റെ മനസ്സിൽ അപ്പോഴും ഒന്നേ ഉണ്ടായിരുന്നുള്ളു.. സിനിമ.. അവനു പ്രചോദനമായി തമീം മോട്ടിവേഷണൽ ബുക്കുകൾ വാങ്ങി കൊടുത്തു കൊണ്ടേ ഇരുന്നു.
ഒരിക്കൽ കടയിൽ വന്ന പ്രമുഖ ഡയറക്ടറുമായി തമീം പരിചയപ്പെട്ടു… അങ്ങനെ കാർത്തിക്കിന്റെ കാര്യം അവതരിപ്പിച്ചു.. കാർത്തിക് അദ്ദേഹത്തെ പോയി കണ്ടു… അദ്ദേഹത്തിന് കഥ
ഇഷ്ട്ടപെട്ടു.. അങ്ങനെ കാർത്തിക് അദേഹത്തിന്റെ അടുത്ത സിനിമയുടെ തിരക്കഥാ കൃത്തും ക്രീയേറ്റീവ് ഡയറക്ടറും ആയി… പിന്നീടങ്ങോടു കാർത്തിക്കിന്റെ സമയം ആയിരുന്നു.
എന്നാൽ തമീമിനെ അവൻ മറന്നു… നമ്പർ മാറിയപ്പോൾ തമീമിന് കൊടുക്കാൻ മറന്നു… പെങ്ങൾ കാൻസർ ബാധിച്ചു മരിച്ചപ്പോഴും ചികിത്സക്കായി ബുദ്ധിമുട്ടിയപ്പോഴും പലപ്പോഴും കാർത്തികിനെ കാണാൻ ശ്രമിച്ചെങ്കിലും തമീമിന് അതിനു കഴിഞ്ഞില്ല….
അവന്റെ ഇന്റർവ്യൂകൾ തമീം ഉത്സാഹത്തോടെ കണ്ടു.. എവിടെങ്കിലും തന്നെ പറ്റി പറയും എന്ന് വിചാരിച്ചു… പക്ഷെ ഉണ്ടായില്ല.. എല്ലാത്തിലും അവന്റെ വീട്ടുകാർ ഉണ്ടായിരുന്നു… പ്രസിദ്ധി ആയപ്പോൾ അവർ കൂടെ കൂടി.
അങ്ങനെ ഇരിക്കെ തമീം ഹോട്ടൽ മാറി. ഒരുനാൾ ടേബിൾ തുടച്ചു കൊണ്ടിരിക്കുമ്പോൾ കാർത്തിക്കും കുടുംബവും വന്നു.. സന്തോഷത്തോടെ അവൻ കാർത്തിക്കിനെ നോക്കിയെങ്കിലും അവൻ തമീമിനെ കണ്ട ഭാവം വെച്ചില്ല…
തമീം ഓഡർ എടുക്കാൻ ചെന്നു.. അപ്പോഴും കാർത്തിക് അവനെ പരിചയം കാണിച്ചില്ല..
എല്ലാവർക്കും എന്താ വേണ്ടതെന്നു ചോദിച്ചു മനസ്സിലാക്കി അവൻ തമീമിന്റെ മുഖത്ത് നോക്കി തന്നെ ഓർഡർ കൊടുത്തു…
ഭക്ഷണം എടുത്തുകൊണ്ടു വന്നപ്പോ തമീമിന്റെ ഉള്ളൂ പിടച്ചു…. അവനു സങ്കടം സഹിക്ക വയ്യാതായി… കൈകൾ വിറച്ചു… അടുത്തെത്തിയതും ട്രെ വിറച്ചു കറിയുടെ ചാർ കുറച്ചു കർത്തികിന്റെ അച്ഛന്റെ ഷൂസിൽ വീണു..
തമീം സോറി പറയും മുൻപ് കർത്തികിന്റെ അടി തമീമിന്റെ കരണത്തു വീണിരുന്നു…ആളുകൾ എല്ലാം അത് നോക്കിക്കൊണ്ടു നിന്നു… തമീമിന്റെ കണ്ണുകൾ നിറഞ്ഞു…
” ആ ഷൂസിന്റെ വില എത്രയാന്നു അറിയുവോ നിനക്ക്? “” നിന്റെ ജീവന്റെ വില അറിയുമായിരുന്നെങ്കിൽ നീ എന്നെ തല്ലില്ലായിരുന്നു കാർത്തി… അതും മുഖത്ത്
തമീം മനസ്സിൽ പറഞ്ഞുതമീം തുണി എടുത്തു അയ്യാളുടെ കാലു തുടച്ചു…..അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു….നിറ കണ്ണുകളോടെ അവൻ അവിടെ നിന്നും എഴുന്നേറ്റു അടുക്കളയിലേക്കു നടന്നു
അപ്പോൾ ഷോപ്പിലെ ടീവിയിൽ മെർസലിന്റെ ഓഡിയോ ലോഞ്ച് നടക്കുന്നുണ്ടായിരുന്നു… വിജയ് സംസാരിക്കുന്നു…
അദ്ദേഹം ഇങ്ങനെ പറഞ്ഞു :ടു തിങ്സ് വിൽ ഡിഫൈൻ യൂ ന്നു സൊല്ലുവാങ്കെ ,
” Your determination when you have nothing & Your attitude when you have everything ”