പുതിയൊരുത്തി വന്നുകേറിയാല്‍ പിന്നെ പറഞ്ഞിട്ട് കാര്യമുണ്ടോ ? രണ്ടു മല ചേര്‍ന്നാലും … മറ്റേത് ചെരില്ലന്നല്ലേ ”

പുറകോട്ടോടുന്ന ഘടികാരങ്ങള്‍
രചന: Sebin Boss J

” ചേട്ടാ …ഈ കോലത്തെ ശങ്കരേട്ടന്റെ വീടെവിടെയാ ?”ദാമോദരന്റെ ചായപ്പീടികയുടെ വരാന്തയില്‍ ഇരുന്നിരുന്നവര്‍ ആകാംഷയോടെ വഴി ചോദിക്കാന്‍ നിര്‍ത്തിയ പിക്കപ്പിന്റെ ചുറ്റും കൂടി . ഒന്നുരണ്ടുപേര്‍ പിക്കപ്പിന്

മുകളിലേക്ക് എത്തിനോക്കി . ഷീറ്റുകൊണ്ട് മൂടിയതിനാല്‍ അവര്‍ക്ക് ഉള്ളിലെന്താന്നു കാണാനാവാതെ നിരാശരാകേണ്ടി വന്നു .

” നിങ്ങള് രാജേഷിന്റെ കല്യാണത്തിന് സദ്യ ഒരുക്കിയവരല്ലേ ? ഇപ്പളിതെങ്ങോട്ടാ ? കോലോത്തെന്നാ വിശേഷം ? ” ചായക്കടക്കാരന്‍ ദാമോദരന്‍ പിക്കപ്പിന് മുകളിലെഴുതിയ പേര് വായിച്ചുനോക്കിയ ശേഷം പുറത്തേക്കെത്തി നോക്കി ചോദിച്ചു .

” രാജേഷിന്റെയാണ്ട് വല്ലോമാണോ ? ഹേയ് .. കഴിഞ്ഞ കര്‍ക്കടകത്തില്‍ അല്ലെ അവന്‍ മരിച്ചേ .. ഞാന്‍ ശെരിക്കോര്‍ക്കുന്നുണ്ട്. അന്ന് നല്ല മഴ ആയതുകൊണ്ട് ചിത പോലും കത്തിക്കാന്‍ പാടുപെട്ടു . ”

പത്രം മടക്കിവെച്ചു ശാന്തി നാരായണന്‍ പറഞ്ഞു .” പിന്നെയന്താ കോലോത്ത് വിശേഷം ? സദ്യക്കുള്ള വകകള്‍ ആണെന്ന് തോന്നുന്നല്ലോ ?”

” അതെ … ഒരു കല്യാണമുറപ്പിക്കല്‍. ” പിക്കപ്പിലിരുന്ന കൊമ്പന്‍ മീശക്കാരന്‍ പറഞ്ഞതും ചായക്കടക്കുള്ളില്‍ ഇരുന്നവരും പുറത്തേക്ക് വന്നു പിക്കപ്പിന് ചുറ്റും കൂടി .

” എഹ് ..ആർക്ക് ? ആർക്കാ കല്യാണം . രാജേഷ് ഒറ്റ മോനല്ലേ ? ഇനീപ്പോ ശങ്കരേട്ടനാരിക്കുമോ ? ആരിക്കും, കല്യാണിയമ്മ മരിച്ചിട്ട് ആറേഴുവർഷം ആയില്ലേ ? ”

” അത് ശെരിയാ .. ഇന്നത്തെ കാലത്ത് പത്തമ്പത്തിയഞ്ചോക്കെ ഒരു വയസ്സാണോ ? ശങ്കരേട്ടനിപ്പോഴും നല്ല ആരോഗ്യമുണ്ട് . പിന്നെ ഇട്ടുമൂടാനുള്ള സ്വത്തും . അന്യം നിന്ന് പോകണ്ടല്ലോ …”

” അത് തന്നെ .. ശങ്കരേട്ടനിതു നേരത്തെ ആലോചിക്കാമായിരുന്നു !!””അപ്പോഴാ പെങ്കൊച്ചിന്റെ കാര്യം കട്ടപ്പൊകയായി. പുതിയൊരുത്തി വന്നുകേറിയാല്‍ പിന്നെ പറഞ്ഞിട്ട് കാര്യമുണ്ടോ ? രണ്ടു മല ചേര്‍ന്നാലും … മറ്റേത് ചെരില്ലന്നല്ലേ ”

”അതുശെരിയാ .. ആ പെണ്ണുംമ്പുള്ള രാജേഷിന്റെ കല്യാണത്തിന് മുന്നേ തട്ടിപ്പോയത് ആ പെങ്കൊച്ചിന്റെ ഭാഗ്യമായിരുന്നെന്നു കൂട്ടിക്കോ . ഇത്രേം വെടക്കൊരു സ്ത്രീ . ഒരു മനുഷ്യര്‍ക്കൊരു സഹായോം ചെയ്യില്ലാത്ത , അറുത്ത കൈയ്ക്കുപ്പ് തെക്കാത്തൊരു പെണ്ണുംമ്പുള്ള ”

”” അത് അങ്ങേരും കണക്കാ .. ശങ്കരന്‍ . പാവം രാജേഷ്‌ ..നല്ലൊരു കൊച്ചനായിരുന്നു. ആ മനുഷ്യപ്പറ്റുള്ളവരെ ദൈവം വഴിക്കില്ലല്ലോ അധികനാള്‍ ”

”എന്നാലും നമ്മളോടുന്നും ഒരുവാക്ക് പറഞ്ഞില്ലല്ലോ . രാവിലേം കൂടെ വന്നു ചായേം കുടിച്ചുപോയ മനുഷ്യനാ ”ചായക്കടക്കാരന് സങ്കടം .

”ആ … അതൊക്കെയങ്ങനാ ദാമോദരാ . അണ്ടിയോടടുക്കുമ്പോഴല്ലേ മാങ്ങേടെ പുളിയറിയൂ ? നമ്മളെങ്ങാനും വല്ലോം പറഞ്ഞു മുടക്കുവോന്നോർത്താരിക്കും ..ആ ..അവനായി അവന്റെ പാടായി . വരാമ്പോകുന്ന പെണ്ണുമ്പുള്ളേടെ ഗതികേടെന്നോർത്താൽ മതി .

ഒരു പുൽച്ചെടി പോലും പറിക്കാൻ സമ്മതിക്കേലാത്ത നാറിയാ അവൻ ശങ്കരന്‍ . പണിയെടുത്തവൾടെ നടുവൊടിയും ”
തലേന്ന് അഴിച്ചു വിട്ട പശു പച്ചക്കറി തോട്ടത്തില്‍ കയറി ചെടികളൊക്കെ തിന്നതിന് ശകാരം കേട്ട ഗോവിന്ദൻ ശങ്കരേട്ടനെ പ്രാകി.

” എന്നതാണേലും കോലോത്തു വരെ ഒന്ന് പോയി അന്വേഷിച്ചിട്ട് വരാം . രാജേഷിന്റെ കല്യാണം വേണ്ടാന്ന് ജാതകം നോക്കി പറഞ്ഞതാ ഞാൻ . അവളും അവനും ഒരു പോരുത്തോം ഇല്ലാരുന്നു . ഏഹ് !!

പറഞ്ഞാൽ കേൾക്കണ്ടേ ? ഇതൊക്കെ വെറും അന്ധ വിശ്വാസം ആണെന്ന് പറഞ്ഞു അതിന് കൂട്ട് നില്‍ക്കുന്നൊരു തന്തയും . എന്നിട്ടെന്തായി ? ഒരു വർഷം തികച്ചൊ ചെക്കൻ ? ”’

ശാന്തിയും സ്ഥലത്തെ ജ്യോൽസ്യനുമായ നാരായണന്‍ ചായ ഗ്ലാസ് മേശപ്പുറത്തു വെച്ചിട്ടിറങ്ങിയപ്പോൾ ചായക്കടയിലിരുന്ന ഭൂരിഭാഗവും പുറകെ കൂടി .

” ദൈവകോപം !! അത് വരുത്തിവെക്കാൻ എളുപ്പാ . എന്തൊക്കെ പ്രതിവിധികൾ ചെയ്താലാ അതീന്നൊന്നൂരി പോരാൻ പറ്റാ ” നാരായണന്‍ നടക്കുന്ന വഴി കൂടെയുള്ളോരോട് പറഞ്ഞുകൊണ്ടിരുന്നു

മലർക്കെ തുറന്നിട്ടിരിക്കുകയാണെങ്കിലും കോലോത്തെ പടിപ്പുരയുടെ മുന്നിൽ ചെന്നപ്പോൾ നാരായണനും പരിവാരങ്ങളുമൊന്ന് ശങ്കിച്ചു

ശങ്കരന്‍ തമ്പി പട്ടാളത്തിൽ നിന്ന് റിട്ടയർ ചെയ്തയാളാണ് . കൃഷിയും വായനകളുമൊക്കെയായി മിക്കപ്പോഴും വീട്ടിൽ തന്നെയാണ് . വായനശാലയിലും ചായപ്പീടികയിലും ദിവസേന സന്ദർശനം നടത്തും . മറ്റുള്ളവരെ പോലെ പരദൂഷണക്കമ്മിറ്റികൾക്കൊക്കെ നിൽക്കാതെ വന്ന കാര്യം നടത്തി വീടണയും .

രാഷ്ട്രീയ – മത പരിപാടികള്‍ക്ക് അല്ലാതെന്തു ആഖോഷം ഉണ്ടേലും അദ്ദേഹം മുൻപന്തിയിൽ ഉണ്ടാകും . അതിനായി തന്നെ സമീപിക്കുന്നോരോടൊക്കെ മുഖം

നോക്കാതെ നോ എന്ന് പറയാറുണ്ട് ശങ്കരേട്ടന്‍ . അതുകൊണ്ട്തന്നെ ഒരു ഭയം കലര്‍ന്ന ബഹുമാനം ആയിരുന്നു ശങ്കരേട്ടന് നാട്ടില്‍ .

”വാടാ .. നമ്മള് കക്കാനും മോട്ടിക്കാനുമോന്നുമല്ലല്ലോ പോകുന്നെ ?” നാരായണന്‍ കൂടെയുള്ളവരെ വിളിച്ചുകൊണ്ടു അകത്തേക്ക് നടന്നു .

ചെത്തി മിനുക്കി പുല്ല് വെച്ചുപിടിപ്പിച്ച മനോഹരമായ നടപ്പാതയുടെ ഇരുവശത്തും പൂത്തുനില്‍ക്കുന്ന പൂക്കള്‍

അകലെ പോര്‍ച്ചില്‍ തന്നെ ശങ്കരേട്ടന്റെ പഴയ അംബാസിഡര്‍ കാര്‍ ഗാംഭീര്യത്തോടെ കിടക്കുന്നു

” എന്താ എല്ലാരും കൂടെ ?”അടുക്കളയുടെ വശത്ത് ഗാംഭീര്യമുള്ള ശബ്ദം മുഴങ്ങിയപ്പോള്‍ എല്ലാവരും ഒരടി പുറകോട്ടു വലിഞ്ഞു” അല്ല … ഇവിടെ … കല്യാണം … ”’ നാരായണന്‍ നിന്ന് വിക്കി

” കല്യാണമല്ല … ഉറപ്പീരാ . അതിനു നിന്നെ ജാതകം നോക്കാനോ തീയതി കുറിപ്പിക്കാനോ വിളിച്ചില്ലല്ലോ നാരായണാ …ഒരെണ്ണം നോക്കിയിട്ടെന്തായി ?”
ശങ്കരേട്ടന്‍ അവരുടെ കൂടെ ഉമ്മറത്തേക്ക് നടന്നിട്ട് ഭിത്തിയിലെ രാജേഷിന്റെ പൂമാലയിട്ട ഫോട്ടോയിലേക്ക് നോക്കി .

” ഞാന്‍ അന്നേ പറഞ്ഞതല്ലേ അത് ചേരില്ലാന്നു”നാരായണന്‍ തന്റെ ഭാഗം ക്ലിയറാക്കി .

”അതിനുള്ള പോംവഴി ചെയ്യാന്നും പറഞ്ഞെത്ര രൂപയാ നീ വാങ്ങിച്ച് എടുത്തത്‌ . നീ പറഞ്ഞ നാളില്‍ തന്നെയാ കല്യാണോം നടത്തിയേ. മനുഷ്യര്‍ടെ കാശും പണവും വാങ്ങാനുള്ളൊരു ഏര്‍പ്പാട് ” ശങ്കരേട്ടന്‍ പറഞ്ഞപ്പോള്‍ നാരായണന്‍ പുറകോട്ടു വലിഞ്ഞു .

”അതല്ല ശങ്കരാ .. കൊലോത്തെന്തെലും വിശേഷം ഉണ്ടേല്‍ അത് ഞങ്ങളൂടെ കൂടെ ആഘോഷമല്ലേ . അങ്ങനെല്ലേ ഞങ്ങള്‍ ശങ്കരനെ കാണുന്നെ .. അപ്പോള്‍ ഒരു കല്യാണം എന്ന് കേട്ടറിഞ്ഞപ്പോള്‍ ഞങ്ങളോട് പറഞ്ഞില്ലല്ലോ എന്നൊരു വിഷമം ” ചായക്കടക്കാരന്‍ ദാമോദരന്‍ ഇടയില്‍ കയറി സംസാരിച്ചപ്പോള്‍ നാരായണനൊരു രക്ഷയായി .

”’ഞാമ്പറഞ്ഞില്ലേ ദാമോദരാ ..കല്യാണമല്ല…ഉറപ്പീരാ . കല്യാണമാണേല്‍
നിങ്ങളെ വിളിക്കാതിരിക്കുമോ ? ” ശങ്കരേട്ടന്‍ ചെറുചിരിയോടെ പറഞ്ഞപ്പോൾ എല്ലാവർക്കും ശ്വാസം നേരെ വീണു തെല്ല് ധൈര്യമായി .

” അത് ഞങ്ങൾക്ക് അറിയാവുന്നതല്ലേ ? അല്ലാ …പെണ്ണെവിടുന്നാ ശങ്കരേട്ടാ ..?”
ശങ്കരേട്ടനോടുള്ള അടുപ്പം കാണിക്കാനായി ചായക്കടക്കാരന്‍ ദാമോദരന്‍ മുന്നോട്ടുകേറി നിന്ന് ചോദിച്ചു

” പെണ്ണിവിടെ തന്നെ ഉള്ളതാ ..എന്റെ മരുമോള് ശാലിനി. ചെറുക്കന്‍ ടൌണില്‍ ബിസിനസ്സാ ”

”ഏഹ് !! ഇതെന്നാ പരിപാടിയാ ? അവള്‍ക്കാണോ കല്യാണം . രാജേഷിന്റെ ആണ്ടു പോലും കഴിഞ്ഞിട്ടില്ലല്ലോ !! ഞങ്ങളോര്‍ത്തു ശങ്കരേട്ടനായിരിക്കുമെന്ന്”

നാരായണന്റെ വായിൽ നിന്നത് വീണതും ചുറ്റും പിറുപിറുക്കൽ ആയി .”അപ്പൊ ആണ്ടുകഴിഞ്ഞാൽ അവൾക്ക് കല്യാണം കഴിക്കാം അല്ലെ ?” ശങ്കരന്റെ നോട്ടം അവർക്ക് നേരെ നീണ്ടു .

”’ അത് ..പിന്നെ … ”” അവള്‍ടെ കല്യാണം കഴിഞ്ഞതല്ലേ ശങ്കരേട്ടാ .. കേട്യോന്‍ മരിച്ചിട്ടോരാണ്ട് പോലും തികയുന്നേനു മുന്നേ !! അവള്‍ക്കിതെന്തോന്നിന്റെ സൂക്കേടാ ? അല്ലാ ..നിങ്ങളെ പറഞ്ഞാല്‍ മതിയല്ലോ . അത് കേട്ട് താളത്തിന് തുള്ളാന്‍ ശങ്കരേട്ടനും ”’

” അത് തന്നെ …നമ്മടെ തെക്കേലെ മധുവിന്റെ മകൾടെ കെട്യോൻ കെട്ടിന്റെ പിറ്റേന്ന് തന്നെ മരിച്ചതല്ലേ ? എന്നിട്ടുമവൾ വേറെ കല്യാണമൊന്നും നോക്കിയില്ലല്ലോ .. അവക്ക് വയസിപ്പോ നാപ്പതാകുവാ ‘ ഗോവിന്ദൻ മരണവും വിധവത്വവും നാട്ടുനടപ്പ് ആണെന്നോണം പറഞ്ഞു .

” അതവളുടെ പിടിപ്പുകേട് എന്നെ ഞാൻ പറയൂ . അല്ലെങ്കിൽ അവൾക്ക് എന്തേലും ശാരീരിക മാനസിക പ്രശ്നങ്ങളോ മറ്റോ ഉണ്ടാവണം . എന്റെ മോനെ ആശ്രയിച്ചു കൂടെ ഇറങ്ങിവന്നവളാ ശാലിനി .അവളുടെ കാര്യത്തിൽ ഞാന്‍ ഒരു പിതാവെന്ന നിലയില്‍ തീരുമാനമെടുക്കും

” അവളും ഇതിനും സമ്മതിച്ചോ ?””സമ്മതിക്കാതെ?…. സ്വന്തം താല്പര്യങ്ങൾ മറ്റുള്ളോരുടെ തലയിൽ അടിച്ചേൽപ്പിക്കാൻ ഇത് നിന്റെയൊക്കെ വീടല്ല . ഇവിടെ മൂന്ന് ജീവനുകൾ ഉണ്ടായിരുന്നു . മൂന്നു പേർക്കും അവരവരുടെ ഇഷ്ടങ്ങൾ പ്രകടിപ്പിക്കാനും

പറയാനുമുള്ള സ്വാതന്ത്ര്യവും ഉണ്ടായിരുന്നു .എന്റെ മകൻ പോയി . എന്ന് വെച്ച് അവന്റെ കെട്ടിയോൾ ജീവിതാന്ത്യം ദാമ്പത്യജീവിതമില്ലാതെ സമൂഹത്തില്‍ നിന്നോറ്റപ്പെട്ടു ജീവിക്കണോ ?”

”അല്ല .. മധൂന്റെ മോള് … ” ഗോവിന്ദൻ തല ചൊറിഞ്ഞു /”മധൂന്റെ മോള് .. നിങ്ങളാരേലും അവൾക്ക് കല്യാണം ആലോചിച്ചോടാ .. അവൾടെ അപ്പനോട് അവക്കൊരു ആലോചന വേണ്ടേയെന്നു ചോദിച്ചോ ? കെട്ടിയോൻ മരിച്ചാൽ ആജീവനാന്തം പെണ്ണുങ്ങള്‍ വിധവയായി

ജീവിതം തീർക്കണമെന്നാണോ നിങ്ങൾ പറയുന്നത് ? നീയൊക്കെ ഇപ്പോളിങ്ങോട്ടു വന്നത് എനിക്കാണ് കല്യാണം എന്നോർത്തൊണ്ടല്ലേ ? ഈ പ്രായത്തിൽ എനിക്ക് കല്യാണം കഴിക്കാമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ ,

ജീവിതത്തിലേക്ക് കാലെടുത്തു വെക്കും മുന്നേ വിധവയായി തീർന്ന ആ പെണ്ണിനില്ലേ ആശകളും മോഹങ്ങളും . ””’അല്ലാ ..ശങ്കരേട്ടാ ..രാജേഷ്‌ മരിച്ചിട്ടൊരു ആണ്ട് പോലും തികയാതെ ?”

”’ ”’ പിന്നെ ..ആണ്ടും സംക്രാന്തിയും … എന്റെ മകനാ മരിച്ച രാജേഷ്‌ ..എനിക്കില്ലാത്ത വിഷമം നിങ്ങള്‍ക്കെന്തിനാ ? ഞാന്‍ തന്നെയാ കല്യാണം ആലോചിച്ചതും അവളെ നിര്‍ബന്ധിച്ചതും . ആണ്ടും വാവുമൊക്കെ കഴിഞ്ഞു കല്യാണം ആലോചിക്കാൻ

നിന്നാൽ അന്നേരം നല്ല ചെറുക്കനെ കിട്ടിയില്ലെങ്കിലോ ? ശരത് … എന്റെ ഫ്രണ്ടിന്റെ മോനാ . എനിക്കറിയാവുന്ന പയ്യൻ ..””എന്നാലും നിങ്ങളിങ്ങനെ ഒറ്റക്ക് … നിക്കുമ്പോ ?”

”ഒറ്റക്ക് നിക്കുമ്പോ ? എടാ സ്വന്തം മക്കളെ പോലും ആശ്രയിക്കരുത് ആവതുണ്ടെങ്കിൽ . നമുക്കെന്ന് എന്തേലും ഉണ്ടേല്‍ അതും കൊണ്ട് സന്തോഷമായി കഴിയണം .അതല്ലാതെ പത്തുമാസം ചുമന്ന കഥയും വിയർപ്പൊഴുക്കി ചോര നീരാക്കി വളർത്തി വലുതാക്കിയ കഥയും

പറഞ്ഞോണ്ട് അവകാശം ചോദിച്ചു ചെല്ലാന്‍ നമുക്കൊക്കെ എന്താണ് അവകാശം . മക്കളെ വളര്‍ത്തുന്നതൊക്കെ ഓരോരുത്തരുടെയും ഉത്തരവാദിത്വമല്ലേ ? എന്റച്ഛന് പന്ത്രണ്ടു പേരാ .അന്നൊക്കെ തിന്നാനും കുടിക്കാനും വല്ലോം കിട്ടിയാൽ തന്നെ മഹാഭാഗ്യമായിരുന്നു .

കാലത്തെഴുന്നേറ്റു പണിക്ക് പോയി പാതിരാത്രി തിരിച്ചുവരുന്ന അച്ഛനെ കാണുന്നത് വരെ അപൂര്‍വമായിരുന്നു .അച്ഛന്‍ അമ്മേടെ കയ്യിൽ എന്തേലും കുറച്ചുകൊടുക്കും . ബാക്കി അങ്ങേരുടെ ചിലവിന് ..നല്ലോണം കുടിയും വലിയുമൊക്കെ ഉണ്ടായിരുന്നു .

അവസാന കാലത്ത് നോക്കീത് ഞാന്‍ തന്നെയാ . ആയ കാലത്ത് കുടിച്ചു നശിപ്പിച്ചു , മിച്ചം വെച്ചില്ലന്നോന്നും ഞാന്‍ കുറ്റപ്പെടുത്തിയില്ല . .കാരണം എല്ലാവരും മനുഷ്യരാണ് ഉത്തരവാദിത്വങ്ങള്‍ പോലെ തന്നെ എല്ലാവര്‍ക്കും അവരുടെതായ ഇഷ്ടങ്ങളുണ്ട് , വ്യക്ത്വതിമുണ്ട് . ജനിച്ചു വളര്‍ന്നു , കാളയെ പോലെ

പണിയെടുത്തു , രോഗവും കഷ്ടതയും അനുഭവിച്ചു മരിക്കുന്നതിനിടയില്‍ സ്വന്തം ഇഷ്ടങ്ങള്‍ നോക്കുന്നതില്‍ എന്താണ് തെറ്റ് . തനിക്ക് കിട്ടാത്തത് മറ്റുള്ളവര്‍ക്ക് കിട്ടുമ്പോള്‍ അതില്‍ കണ്ണുകടി പൂണ്ടു കുറ്റപ്പെടുത്താതെ തങ്ങള്‍ക്ക് പറ്റുന്ന സഹായങ്ങള്‍ മറ്റുള്ളവര്‍ക്ക് ചെയ്തു ജീവിക്കാന്‍ നോക്ക് … ”

” എന്നാലും നാട്ടു നടപ്പ് വെച്ച്….ആളുകള്‍ ഒക്കെ വല്ലോം പറയത്തില്ലേ ? ” ഗോവിന്ദന് സംശയം തീരുന്നുണ്ടയിരുന്നില്ല .

” നാട്ടുനടപ്പ് … ബ്ഭൂ … പണ്ട് സതി ഉണ്ടായിരുന്നു . ഇന്നത് നിര്‍ത്തിയെങ്കിലും അതിന്റെ മറ്റൊരു പതിപ്പാണ്‌ നാട്ടുകാരുടെയും ബന്ധുക്കളുടെയും വിധവകള്‍ മക്കളെയും വീട്ടുകാരെയും നോക്കി ശിഷ്ടകാലം കഴിക്കണമെന്നുള്ള ഇങ്ങനത്തെ ചിന്താഗതി .

ഏത് പ്രായത്തില്‍ വിധവയായാലും അവള്‍ വിവാഹം കഴിക്കണമെന്ന് തന്നെയാണ് എന്റെ അഭിപ്രായം . അവള്‍ മരിക്കുവോളം സന്തോഷത്തോടെ ജീവിക്കണം . ഇഷ്ടമുള്ള വസ്ത്രങ്ങളണിഞ്ഞും , ഇഷ്ടമുള്ള ആഹാരങ്ങള്‍ കഴിച്ചും, ഈ സമൂഹത്തിലോരാളായി പാറിപ്പറന്നു

നടക്കണം. എന്റെ മരുമോള്‍ ..എന്റെ മോള്‍ തന്നെയാണ് . എന്റെ മകനോടുള്ള ഇഷ്ടവും എന്നെ നോക്കാനുള്ള കടമയും പറഞ്ഞുകൊണ്ട് അവളുടെ ജീവിതം നശിപ്പിക്കാനെനിക്കിഷ്ടമില്ല . അത് ഞാനവളെ പറഞ്ഞു ബോധ്യപ്പെടുത്ത

.അതിനോടവള്‍ യോജിച്ചു . അല്ലാതെ പറക്കും മുന്നേ വിധവയായ ആ കുട്ടിയെ ഈ തുറുങ്കില്‍ അടക്കണോ ജീവിതകാലം മുഴുവന്‍?.”

”” അച്ഛനോ അമ്മയോ കൂടപ്പിറപ്പുകളോ ഉണ്ടാവില്ല ഒന്ന് വീണാല്‍ താങ്ങി നിര്‍ത്താന്‍ … വിഷമങ്ങളില്‍ ഒന്നാശ്വസിപ്പിക്കാന്‍ .. ആണ്ടു തികയുന്നേന് മുന്നേ കല്യാണം ഉറപ്പിച്ചെന്നു പറഞ്ഞു മൂക്കത്ത് വിരല് വെക്കുന്ന നിങ്ങള്‍ നോക്കുമോ അവളെ ?

ഒന്ന് സഹതപിക്കും … മൂന്നിന്റന്ന് ചൂളം വിളിക്കും . കണ്ണിറുക്കും. അന്യന്റെ ജീവിതത്തിലേക്ക് കണ്ണ് പായിക്കുന്ന ചെറ്റകള്‍ …ബ്ഭൂ ….” ശങ്കരന്‍ രോക്ഷത്തോടെ ആട്ടിയപ്പോള്‍ വന്നവര്‍ പിരിഞ്ഞുപോകാനുള്ള വട്ടം തുടങ്ങി .

”’ ഇന്നീ കല്യാണം ഉറപ്പിച്ചൊരു തീയതി നിശ്ചയിച്ചാല്‍ എല്ലാരേം ഞാന്‍ വിളിക്കും .മനസുണ്ടേല്‍ വന്നു സംബന്ധിച്ച് വധൂവരന്മാരെ ആശീര്‍വദിച്ചിട്ടു പോകുക . കല്യാണം കൂടി മൂക്കറ്റം ഭക്ഷണോം കഴിച്ചു പല്ലിടകുത്തിക്കൊണ്ട് അയ്യേ എന്ന്

വെക്കാനാരും ഇങ്ങോട്ട് വരണ്ട ..”’ ശങ്കരന്‍ പറയുന്നതിനും മുന്‍പേ നാരായണനും കൂട്ടരും പടി താണ്ടിയിരുന്നു .” രാജേഷിന്റെ കല്യാണത്തിന്റത്ര സദ്യ പോര അല്ലെ ഗോവിന്ദാ ?”

” ഹേയ് .. ഒട്ടും ശെരിയായില്ല . അതെങ്ങനാ .. അവന്‍ മുകളില്‍ ഇരുന്നിതെല്ലാം കണ്ടു വിഷമിക്കുന്നുണ്ടാവും … പാവം പയ്യന്‍ ..അവന്റെ ശാപമാ ”
പിറ്റേ മാസം ശാലിനിയുടെ വിവാഹ സദ്യ കഴിച്ചു കൈ കഴുകുമ്പോള്‍ ഗോവിന്ദനും ദാമോദരനും പരസ്പരം പറഞ്ഞു .

 

Leave a Reply

Your email address will not be published. Required fields are marked *